Skip to content

ഈ തണലിൽ ഇത്തിരി നേരം – 5

ee-thanalil-ithiri-neram

“ഋതിക!” അരുൺ വിളിച്ചു.. അവളത് കേട്ടതേയില്ല, അഭിറാം അവളെ ചെറുതായൊന്നു തട്ടി, അവൾ ഞെട്ടലിൽ അഭിറാമിനെ നോക്കി,..

“നീയെന്താ സ്വപ്നലോകത്താണോ അരുൺ വിളിച്ചത് കേട്ടില്ലേ? ”

“അയാം സോറി, ഞാൻ പെട്ടന്ന് !”

അരുണിന്റെ ഉത്കണ്ഠയേറിയ മുഖം അവളിൽ നിരാശ സൃഷ്ടിച്ചു,. ആ മുഖത്തേക്ക് നോക്കാൻ പോലും തനിക്ക് ത്രാണി നഷ്ടപ്പെട്ടിരിക്കുന്നു,.

“ഇറങ്ങട്ടേടോ,… ” അവൻ അനുവാദം ചോദിച്ചു,..

“മ്മ് !” ചങ്ക് പിളരുന്നവേദന മറച്ചവൾ തലയാട്ടി,..

“ബൈ !” മനസെന്തോ അവളെവിട്ട് പോരാൻ മടിക്കുന്നു,. നാല് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ അവൾ തന്റെ നല്ലപാതിയായി തനിക്കൊപ്പമുണ്ടാകും,..

“ബൈ !” ഒരു വേദന അവളുടെ തൊണ്ടയിൽ തടഞ്ഞു നിന്നു,..

അവൻ പുഞ്ചിരിയോടെ കാറിൽ കയറി,..

“അപ്പോ അളിയാ,.. സീ യൂ ഓൺ സൺ‌ഡേ !”

ശ്രേയ അരുണിനൊരു ഹൈ ഫൈ കൊടുത്തു,.

“എന്നാ ഗുഡ് നൈറ്റ് !” തന്റെ സഹോദരങ്ങളെ നോക്കിയാണവൻ അത് പറഞ്ഞതെങ്കിലും അത് തനിക്കുള്ളതാണെന്ന് അവൾക്ക് തോന്നി,..

അരുണിന്റെ കാർ ഗേറ്റ് കടന്നുപോകുന്നത് വരെയും അവളവിടെത്തന്നെ നിന്നു,..

അരുൺ തന്നെ സ്നേഹിക്കുന്നുണ്ട്, എന്നാൽ താനോ, തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി അവനെ,.. അവൾക്ക് തന്നോട് തന്നെ വെറുപ്പ് തോന്നി,. അവൾ തിടുക്കത്തിൽ അകത്തേക്ക് നടന്നു,.

“മോളൊന്ന് നിന്നേ !”

അഭിയേട്ടനാണ്,..

“എന്താ നിന്റെ ഉദ്ദേശം? ”

“എന്താ ഏട്ടാ? ”

“എനിക്കൊന്നും അറിയില്ല എന്ന രീതിയിൽ നീ വെറുതെ അഭിനയിക്കാൻ നിൽക്കണ്ട,… ”

“ഏട്ടൻ പറയണത് ” അവൾ കാര്യം മനസിലാവാതെ അഭിറാമിനെ നോക്കി,..

“നിങ്ങൾ അകത്ത് പോ,.. ” അത് ശ്രേയയ്ക്കും ശ്വേതയ്ക്കുമുള്ള ഓർഡർ ആയിരുന്നു,.. ഋതികയെ ദയനീയമായി ഒന്ന് നോക്കിയ ശേഷം അവർ അകത്തേക്ക് പോയി,..

ഏട്ടൻ എന്താണ് ഉദ്ദേശിക്കുന്നത്,.. ആൽബിയെക്കുറിച്ച് ചോദിക്കാനാണോ?

“ഋതിക,…” വഴക്ക് കൂടിയാൽ പോലും ഇന്നേവരെ ഏട്ടൻ തന്റെ പേര് വിളിച്ചിട്ടില്ല, ഋതുവെന്നേ വിളിക്കാറുള്ളു,. പക്ഷേ ഇതിപ്പോ, ഏട്ടന് താനത്ര അന്യയായിപ്പോയോ?

“കല്യാണത്തിന് അവൻ വരുവോ, നിന്റെ കാമുകൻ? ”

ഋതിക ഞെട്ടിപ്പോയി,..

“കല്യാണമണ്ഡപം വരെ കാര്യങ്ങളെത്തിച്ച് ഞങ്ങളെയും അപമാനിച്ച് അവനൊപ്പം ഇറങ്ങിപ്പോവാനാണ് നിന്റെ ഉദ്ദേശമെങ്കിൽ കൊന്നുകളയും ഞാൻ !” അഭിറാമിന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ ശരവർഷങ്ങളായി പെയ്തിറങ്ങി,..

കണ്ണുനീർ തുള്ളികൾ ധാരയായി പ്രവഹിച്ചു,..

“ഏട്ടാ ഞാൻ അങ്ങനൊന്നും,… ” അവൾ പൊട്ടിക്കരഞ്ഞു,.. അവന്റെ മനസ്സ് തെല്ലൊന്നുലഞ്ഞു,.. അവൻ പതിയെ തണുത്തു,.

“നോക്ക്, ഞങ്ങൾക്ക് വേണ്ടിയാണ് നിന്റെയീ ത്യാഗമെങ്കിൽ, വേണ്ട, വെറുതെ ആ ചെറുപ്പക്കാരന്റെ ജീവിതം കൂടി തകർക്കണ്ട… ഞാൻ ആദ്യമേ പറഞ്ഞു, നിനക്ക് നിന്റെ കാമുകനാണ് വലുതെങ്കിൽ അങ്ങനെ,. സമയം ഇനിയും വൈകിയിട്ടില്ല !”

അറിയാം ഏട്ടാ,. കാമുകൻ അല്ലെങ്കിൽ വീട്ടുകാർ, ഏതൊരു പെൺകുട്ടിയും നേരിടേണ്ടി വരുന്ന ഏറ്റവും ക്രൂഷ്യൽ ആയ സിറ്റുവേഷൻ,. തിരഞ്ഞെടുപ്പ് ഞാൻ നടത്തിക്കഴിഞ്ഞു,.. അരുണിന്റെ കാര്യത്തിൽ തനിക്ക് ദുഃഖമുണ്ട്, പിന്നെ ആൽബിയുടെ കാര്യത്തിലും,. ആദ്യത്തെ ദുഃഖം നേരിടണെങ്കിൽ, രണ്ടാമത്തെ ദുഃഖം താൻ കണ്ടില്ലെന്ന് നടിച്ചേ പറ്റൂ,

“അരുണിന് ഞാൻ നല്ലൊരു ഭാര്യയായിരിക്കും ഏട്ടാ !” അതും പറഞ്ഞവൾ അകത്തേക്ക് പോയി, എത്ര കാലത്തേക്ക് സ്വന്തം മനസാക്ഷിയെ തനിക്ക് വഞ്ചിക്കാൻ കഴിയുമെന്നറിയില്ല, എങ്കിലും ചെയ്തേ പറ്റൂ പ്രിയപ്പെട്ടവർക്ക് വേണ്ടി,..

അഭിറാമിന് തന്റെ സഹോദരിയുടെ വാക്കുകളിൽ അത്ര വിശ്വാസം വന്നില്ല, അവളെന്തോ തെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അവന്റെ ഉൾമനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു,

***********

ഓരോ ദിവസം കഴിയും തോറും അവൾക്ക് കുറ്റബോധം എറിയേറി വന്നു, താൻ തെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മനസ്സ് ആവർത്തിച്ച് പറയുന്നു,. ഇല്ല തനിക്കരുണിനെ ചതിക്കാനാവില്ല,. എല്ലാം തുറന്നുപറയണം, എല്ലാം അമ്മയുടെ സന്തോഷത്തിന് വേണ്ടിയാണീകല്യാണത്തിന് സമ്മതിച്ചതെന്ന്,..തന്റെ വീട്ടുകാരുടെ നന്മയ്ക്കു വേണ്ടിയാണെന്ന്,.. അത് മറച്ചുവെച്ച് താൻ അരുണിന്റെ താലിയേറ്റുവാങ്ങിയാൽ ചിലപ്പോൾ തനിക്ക്പോലും പിന്നെ തന്നോട് പൊറുക്കാനായില്ലെന്ന് വരും,..

ഋതിക അരുണിന്റെ നമ്പർ എടുത്തു, കോൾ ബട്ടണിൽ അമർത്താൻ അവൾക്ക് എന്നിട്ടും ധൈര്യം വന്നില്ല,..

എല്ലാമറിഞ്ഞ് അവൻ തന്നെയുപേക്ഷിച്ചാൽ,.. ഇതുവരെ താൻ സഹിച്ചതെല്ലാം വെറുതെയായിപ്പോകും,.. ഒരുപക്ഷേ താനിനിയും ഇത് മറച്ചുവെച്ചാൽ നാളെ തങ്ങളുടെ വിവാഹം നടന്നേക്കും,. പക്ഷേ താൻ രണ്ടു പുരുഷന്മാരുടെ ജീവിതമാണ് തകർക്കാൻ പോകുന്നത്,..

അരുൺ, അരുണെല്ലാം അറിഞ്ഞേ പറ്റു, പിന്മാറുകയാണെങ്കിൽ പിന്മാറിക്കോട്ടെ, അതാണ് നല്ലത്, അരുണിനെക്കൂടി താൻ ചതിച്ചെന്നറിഞ്ഞാൽ അമ്മയ്ക്കത് ഒട്ടും താങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല,..

അവൾ രണ്ടും കല്പ്പിച്ചു അവന്റെ നമ്പർ ഡയൽ ചെയ്തു,..

*********

വീട്ടിൽ ഡെക്കറേഷൻ പണിയുടെ മേൽനോട്ടത്തിലായിരുന്നു അരുൺ,…

“ഏട്ടാ ദേ ഏട്ടത്തി !”

നിയ ഫോൺ ഉയർത്തിക്കാണിച്ചു,.. അരുൺ അവളോട് ഫോൺ അവിടേക്ക് കൊണ്ടുവരാൻ പറയുന്നു,..

“ഇപ്പോ കൊടുക്കാട്ടോ !”

ഋതികയുടെ ചങ്കിടിപ്പ് കൂടിക്കൂടി വന്നു,.. എല്ലാം തുറന്നു പറയാനുള്ള ധൈര്യം നീയെനിക്ക് തരണേ ഭഗവാനെ,.

“ഹലോ !”

അരുണിന്റെ ശബ്ദം കേട്ടതും അവൾക്ക് തൻറെ നാവ് തളരുന്നത്പോലെ തോന്നി,.

“ഋതിക ഈസ്‌ എനിതിങ് അർജന്റ്? ”

“നോ !” അവൾ പെട്ടന്ന് പറഞ്ഞു,.. അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു,..

“പിന്നെ? ”

“അത് !” അവൾ പറയാനായിതുടങ്ങിയതും കോൾ കട്ട്‌ ആയി,..

അവൾ ഒരിക്കൽ കൂടി തിരിച്ചു വിളിച്ചപ്പോൾ സ്വിച്ച് ഓഫ്‌ എന്ന് പറഞ്ഞു,..

“ശേ, ചാർജ് തീർന്നല്ലോ,.. നീയിതൊന്ന് കൊണ്ടോയി കുത്തിയിട്, പിന്നെ ഋതുവിനെ വിളിച്ചു ചോദിക്ക് എന്തെങ്കിലും അർജെന്റ് ആണോന്ന്, അല്ലെങ്കിൽ ഞാൻ പിന്നെ വിളിക്കാന്ന് പറ,.. ”

ഓ ആയിക്കോട്ടെ, അവനെ നോക്കിയൊരു കള്ളച്ചിരി ചിരിച്ചിട്ട് നിയ അകത്തേക്ക് പോയി,..

*********

ഈശ്വരാ എന്തായിത്, തനിക്കെന്താ അവനോട് പറയാൻ കഴിയാതെ പോയത്?അവൾ വീണ്ടും ഡയൽ ചെയ്തു..

സ്വിച്ച് ഓഫ് ആണല്ലോ,..

ഋതികയുടെ ഫോൺ റിംഗ് ചെയ്തു,. അരുണായിരിക്കുമെന്ന പ്രതീക്ഷയിൽ അവൾ ഫോണിൽ നോക്കി,

നിയയാണ്,. അവൾക്കൊരു നിരാശ തോന്നി, ഇനിയിപ്പോൾ വിളിക്കുന്നത് അരുൺ ആണെങ്കിലോ? അവൾ കോൾ അറ്റൻഡ് ചെയ്തു,..

“അതേ കല്യാണപ്പെണ്ണേ, ചെക്കന്റെ ഫോൺ ചാർജ് തീർന്നതോണ്ടാട്ടോ സ്വിച്ച്ഓഫ്‌ ആയിപ്പോയത്,.. ”

അപ്പോൾ അതാണ് കാര്യം, എന്ത് ചെയ്യണം അരുണിന് ഫോൺ കൊടുക്കാമോ എന്ന് ചോദിക്കണോ?

“ആളിവിടെ നല്ല തിരക്ക് പണിയിലാ, ഫോൺ കൊടുക്കണോ? !”

“ഹേയ് വേണ്ട,.. ”

“എന്നാ പിന്നെ വിളിച്ചോളാന്ന് അറിയിച്ചിട്ടുണ്ട് !”

“മ്മ് !”

“എന്നിട്ടവിടെ കല്യാണഒരുക്കങ്ങൾ എവിടെവരെയായി? ”

“നടന്നോണ്ടിരിക്കുന്നു !”

നിയയെ ആരോ വിളിക്കുന്ന ശബ്ദം അവൾ കേട്ടു,..

“ആ ദാ വരുന്നു അമ്മായി !” അവൾ ഉറക്കെ വിളിച്ചു പറയുന്നു,..

“ഏടത്തി,. എന്നെ വിളിക്കുന്നുണ്ട്,.. ഞാനെന്നാൽ ഫോൺ വെക്കട്ടെ,.. നാളെ കാണാട്ടോ,.. ”

“മ്മ് !”

നിയ ഫോൺ വെച്ചു പോയതും ഋതികയ്ക്ക് തന്റെ കുറ്റബോധം ഇരട്ടിയായി,..

“എന്താ ഇനി ചെയ്യാ? ”

അവൾക്ക് യാതൊരു രൂപവും കിട്ടിയില്ല,..

ബന്ധുക്കളുടെ തിരക്കുകൾ എറിയേറി വന്നു, പലരും പരിചയമില്ലാത്തവർ, ബന്ധുജനങ്ങൾക്കിടയിൽ പെട്ട് നട്ടം തിരിയുമ്പോഴാണ് അരുണിന്റെ കോൾ വന്നത്,..

എന്ത് ചെയ്യും? ഇങ്ങനൊരു സാഹചര്യത്തിൽ താൻ എങ്ങനെ അവനോടെല്ലാം തുറന്ന് പറയും?

അവൾ കോൾ കട്ട്‌ ചെയ്തു,… മെസ്സേജ് അയക്കാമെന്ന് കരുതിയതാണ്, അപ്പോഴേക്കും ആരോ വന്നവളുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിച്ചു,.

“അല്ല കല്യാണപ്പെണ്ണ് ഇവിടിരിക്കുവാണോ,.. ഇങ്ങ് എണീറ്റു വന്നേ !”

ആ പ്രതീക്ഷയും പോയി,.. എന്താ ദൈവമേ ഇങ്ങനൊരു വിധി? അവളുടെ കണ്ണുകൾ നിറഞ്ഞു,..

കല്യാണം ചെറിയ രീതിയിൽ ആണെങ്കിലും കല്യാണത്തലേന്നത്തെ ആഘോഷങ്ങൾക്ക് യാതൊരു കുറവുമില്ലായിരുന്നു, എല്ലാവരുടെയും ആഗ്രഹം പോലെ, മെഹന്ദി ഹൽദി ഫങ്ക്ഷനെല്ലാം അവൾ നിന്നു കൊടുത്തു,…

ശ്രീയുടെ വക സോഷ്യൽ മീഡിയയിൽ അത് വൈറൽ ആയിക്കൊണ്ടിരുന്നു,. പുറമേ ചിരിക്കുമ്പോഴും എല്ലാവരും ടെൻഷനിൽ ആയിരുന്നു,.. കല്യാണം മുടക്കാൻ ആൽബി എത്തുമോ എന്ന ഭയം,.

************
“ആ നീയിങ്ങനെ കുടിച്ച് ബോധമില്ലാതെ ഇരുന്നോ, നാളെയാ അവളുടെ കല്ല്യാണം !”

രാകേഷ് പറഞ്ഞു,.. ആൽബിയുടെ മുഖത്ത് നഷ്ടബോധം കലർന്ന ഒരു ചിരി വിരിഞ്ഞു,.

“ആടാ, നീയിരുന്ന് ചിരിക്ക്,. നിന്നെക്കൊണ്ട് എന്തിനെങ്കിലും കൊള്ളുവോടാ? ”

അതിനും ആൽബി പ്രതികരിച്ചില്ല, അവന്റെ ശാന്തമായ ഭാവം ഹരീഷിനും അത്ഭുതമായിത്തോന്നി,. ആർത്തലച്ചു പെയ്യാനുള്ള പെരുമഴയ്ക്ക് മുൻപേയുള്ള നിശ്ശബ്ദതയായേ അവനാ മൗനത്തെ തോന്നിയുള്ളൂ,.

“നീ വല്ല കഞ്ചാവും അടിച്ചിട്ടുണ്ടോ? ഒരു വികാരവും ഇല്ലാതെ ഈ ഇരിപ്പിരിക്കുന്നത് കൊണ്ട് ചോദിച്ചതാ !”

അവന്റെ പുഞ്ചിരിക്കുന്ന ചുണ്ടുകളും നിറഞ്ഞമിഴികളും തമ്മിലുള്ള ബന്ധം വായിച്ചെടുക്കാനാവാതെ ഇരുകൂട്ടുകാരും പരസ്പരം നോക്കി,.

രാകേഷ് ഫോണിൽ പരതിക്കൊണ്ടിരിക്കെയാണ്, ഋതികയുടെ അക്കൗണ്ടിൽ ശ്രേയ പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് കാണുന്നത്,.

“ദേ നിന്റെ ഋതു ഫോട്ടോസ് ഒക്കെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് , വല്ല കുറ്റബോധവും ഉണ്ടോന്ന് നോക്കിയേ അവൾക്ക്? ”

രാകേഷ് കാണിച്ചു കൊടുത്ത ഫോട്ടോസിലൂടെ അവൻ വിരലോടിച്ചു,.. അവളുടെ കണ്ണുകളിൽ സന്തോഷവും നഷ്ടബോധവുമെല്ലാം ഉണ്ട്,.

“നീ നന്നായി ജീവിക്ക്,. എന്നും ഈ ചിരി നിന്റെ മുഖത്തുണ്ടാവണം,.. അതെനിക്ക് കാണണം !”

“ഇവന് പ്രേമവും പ്രേമനൈരാശ്യവും മൂത്ത് വട്ടായിപ്പോയതാടാ !”

അവരുടെ തമാശയ്ക്ക് ചിരിക്കാൻ ഹരീഷിനായില്ല,. ആൽബി ആ ഫോട്ടോയും നെഞ്ചോട് ചേർത്ത് കട്ടിലിലേക്ക് ഇരുന്നു,.

“ഐ വിൽ മിസ്സ്‌ യൂ !”

**********

“മോള് പോയിക്കിടന്നോ, നാളെ നേരത്തെ എണീക്കണ്ടതല്ലേ? ”

മാലിനി അമ്മായിയുടെ കാലങ്ങൾ കൂടിയുള്ള മോളേ വിളിയിൽ പഴയസ്നേഹത്തിന്റെ ആഴമനുഭവിക്കാൻ അവൾക്ക് കഴിഞ്ഞില്ല,.. ഈ സ്നേഹപ്രകടനമൊക്കെ മറ്റുള്ളവരെകാണിക്കാനാണ് ഉള്ളിന്റെ ഉള്ളിൽ അവർക്കെല്ലാം തന്നോട് വെറുപ്പാണ്,..

“ശ്വേത, നീ ശ്രീയെ കൂട്ടി ഋതുവിനൊപ്പം കിടന്നോളു, ”

താൻ ആൽബിക്കൊപ്പം ഇറങ്ങിപ്പോകുമോ എന്ന് ഭയന്നിട്ടാകും,…

“പിന്നെ വർത്തമാനം പറഞ്ഞിരിക്കരുത് നാളെ നേരത്തെ എണീക്കണം !”

“ശരി അമ്മേ !”

അനിയത്തിമാർക്കൊപ്പം റൂമിലേക്ക് കരയുമ്പോൾ താനിപ്പോ കരയുമെന്ന് അവൾക്ക് തോന്നി,..

“ചേച്ചി,… ” ശ്വേതയുടെ ആ വിളിയിൽ അവൾ തകർന്നുപോയി,.. അവളുടെ മാറോടുചേർന്നവൾ നിശബ്ദമായി കരഞ്ഞു.

“പോട്ടെ, ചേച്ചി എല്ലാം വിധിയാ !”

“ആ വിധി എത്ര ക്രൂരമാണ് മോളേ? ആർക്കും വേണ്ടാത്തവളായി ഞാൻ മാറിയില്ലേ? ”

“അങ്ങനൊന്നും പറയല്ലേ ചേച്ചി, എല്ലാം ചേച്ചീടെ തോന്നലാ ഞങ്ങൾക്ക് വേണം ചേച്ചിയെ !” ശ്രേയയും വന്നു കൂടിച്ചേർന്നു,..

മൂന്ന് സഹോദരിമാരും ഒരുമിച്ച് കരഞ്ഞു,. ഇനിയീ വീട്ടിൽ ഇവർക്കൊപ്പം ഇങ്ങനെ, ഇത് തന്റെ അവസാനത്തെ രാത്രിയാണ്, ഇനി വഴക്കടിക്കാനും, തമാശ പറഞ്ഞു ചിരിക്കാനും, പരസ്പരം പാര വെയ്ക്കാനും ചേർത്ത്പിടിച്ചാശ്വസിപ്പിക്കാനും ഇനി താൻ തപസ്സിരിക്കേണ്ടി വരും,..

“ഇനിയെന്നാ ചേച്ചി ഇതുപോലെ,.. ”

ഋതികയ്ക്ക് മേൽ കാലെടുത്ത് വെച്ചുകൊണ്ട് ശ്രേയ ചോദിച്ചു,…

“അറിയില്ല മോളെ !”

കറങ്ങുന്ന ഫാനിൽ നിന്നും കണ്ണെടുക്കാതെ അവൾ ഉത്തരം പറഞ്ഞു,..

ശ്രേയ അവളെ ചുറ്റിപ്പിടിച്ചു, ശ്വേത തന്റെ സങ്കടം ഉള്ളിലൊതുക്കി,..

“ഞാനേ നാളെ നിങ്ങടെ കൂടെ വരട്ടെ അരുണേട്ടന്റെ വീട്ടിലേക്ക്? ”

അരുൺ എന്ന പേര് കേട്ടതും ഋതിക വീണ്ടും അപ്സെറ്റ് ആയി,..

“എന്തിനാ? ” ശ്വേത ചോദിച്ചു,..

“എന്നിട്ട് എനിക്കിവരുടെ നടുക്ക് കിടക്കണം !”

“ആ ബെസ്റ്റ്,.. കിടത്തീതും, അരുണേട്ടൻ നിന്നെ തൂക്കിയെടുത്ത് വെളിയിലെറിയും !” ഋതികയുടെ മുഖം മങ്ങിയത് കണ്ട ശ്വേതയ്ക്ക് താനതത്ര ആവേശത്തിൽ പറയരുതായിരുന്നെന്ന് തോന്നി,..

“ഞാനെന്താ വല്ല, പൂച്ചക്കുഞ്ഞും പട്ടിക്കുഞ്ഞുമൊക്കെയാണോ തൂക്കിയെടുത്ത് പുറത്ത് കളയാൻ !”

“എന്റെ ദൈവമേ ഇതിനും മാത്രം ചളി നിന്റെ തലച്ചോറിൽ എവിടെയിരിക്കുന്നു?”

ശ്വേത ശ്രേയയെ നോക്കി ചോദിച്ചു,..

“നീ പോടി !”

“രണ്ടെണ്ണവും കൂടെയെന്നെ ചവിട്ടി മെതിക്കുവോ? ”

“ഹേയ് ഇല്ലാട്ടോ !”

രണ്ടുപേരും കൂടെ അവളെ അമർത്തി ചുംബിച്ചു,..

“ഡി, കുഞ്ഞേച്ചി,.. വല്യേച്ചിയെ കുറച്ചെങ്കിലും ബാക്കി വെക്കണേ, നാളെ അരുണളിയന് എക്സ്ചേഞ്ച് ചെയ്യാനുള്ളതാ !”

രണ്ടുപേരും പറഞ്ഞുപറഞ്ഞ് അവസാനമെത്തുന്നത് അരുണിലേക്കാണ്,.. അരുണിന് നല്ലൊരു ഭാര്യയായിരിക്കാൻ തന്നെക്കൊണ്ട് കഴിയുമോ? ആൽബി,.. അവന്റെ അവസ്ഥ ഇപ്പോ എന്തായിരിക്കും? ”

*******

അരുൺ തന്റെ മുറിയിലേക്ക് നോക്കി,.. എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വന്നിട്ടുണ്ട്,. നാളെമുതൽ ഈ മുറിക്ക് മറ്റൊരാവകാശി കൂടി വരും,..

“ദാ അരുണേട്ടാ,.. അരുണേട്ടൻ പറഞ്ഞത് !”

ശരത്ത് ഒരു കവർ അവന് നേരെ നീട്ടി,..

“റെഡിയായോ? ”

“മ്മ് തുറന്നു നോക്ക് !”

അതൊരു പെയിന്റിംഗ് ആയിരുന്നു, അരുണും ഋതികയും ഒരുമിച്ചെടുത്ത സെൽഫി,… കണ്ടതും അവന്റെ മനസ്സ് നിറഞ്ഞു, .

“അടിപൊളിയാടാ !”

അവൻ ശരത്തിനെ ഹഗ് ചെയ്തു,…

“താങ്ക് യൂ താങ്ക് യൂ !”

അവൻ അഭിമാനത്തോടെ തലയുയർത്തി,…

“പിന്നെ ഇതെവിടെയാ വെക്കേണ്ടത്? ”

അരുൺ റൂമിനു ചുറ്റും നോക്കി,..

“ഉം,. ദാ അവിടെ !” അവൻ സ്ഥലം ചൂണ്ടിക്കാണിച്ചു,…

“അവൾ വരുമ്പോഴേ കാണേണ്ടത് ഇതായിരിക്കണം !” അവന്റെ കണ്ണുകൾ തിളങ്ങി,..

“ഓ ആയിക്കോട്ടെ,… അല്ല പിന്നെ എനിതിങ് റൊമാന്റിക് ആയി പ്ലാൻ ചെയ്യുന്നുണ്ടോ? ”

“പിന്നില്ലാതെ? ”

“എന്താ?

“അതൊന്നും പിള്ളേരറിയണ്ട,. അതൊക്കെ എടത്തിക്കുള്ള സർപ്രൈസ്,.. മോനിപ്പോ പോയി ചാച്ചിക്കോ,.. ”

“എന്നെ ഉറക്കാൻ വിട്ടിട്ട് ചേട്ടനെന്താ പരിപാടി? ”

“എടാ നീയിങ്ങനെയൊരു സംശയരോഗിയായിപ്പോയല്ലോ !”

“എന്റെ ഏട്ടാ, ഏടത്തിയെ വിളിക്കാനും മറ്റും ആണൊന്നാ ഉദ്ദേശിച്ചത്,.. ഏട്ടൻ വെറുതെ തെറ്റിദ്ധരിച്ചു !”

“ഞാൻ എന്ത് ധരിച്ചൂന്നാ? ”

“ഹേയ് ഒന്നൂല്ല,. എനിക്കേ ഒരുപാട് പണിയുണ്ട്, ചേട്ടൻ കിടന്നുറങ്ങ്,. നാളെ എന്തായാലും ഉറങ്ങാൻ പറ്റൂല്ലല്ലോ !”

“അതെന്താ? ”

“അല്ല നാളെ നിങ്ങടെ ഫസ്റ്റ് നൈറ്റ് അല്ലേ? ”

“നീയേ, വേഗം സ്ഥലം വിട്ടേ, കൊച്ചുകുട്ടികൾക്ക് പറയാൻ കണ്ട കാര്യങ്ങൾ,.. ”

“കൊച്ചു കുട്ടിയോ? എനിക്ക് 21 കഴിഞ്ഞു,.. ”

“ഞാൻ അമ്മായിയോട് പറഞ്ഞേക്കാട്ടോ !”

“എന്ത്? ”

“നീ 21 കഴിഞ്ഞതിന്റെ സൂചന തന്ന കാര്യം !”

“എന്നെ പൊന്ന് അരുണേട്ടാ, വിട്ടേക്ക്,.. ജീവിച്ചു പൊക്കോട്ടെ,.. ” ശരത് കൈകൂപ്പിക്കൊണ്ട് പുറത്തേക്കിറങ്ങിപ്പോയി,.. അരുൺ പുഞ്ചിരിയോടെ കതക് കുറ്റിയിട്ടു,..

അവൻ ഫോണെടുത്തു ലോക്ക് തുറന്നു, അരുണും ഋതികയും ഒരുമിച്ച് മാളിൽ വച്ചെടുത്ത ഫോട്ടോ ആയിരുന്നു വാൾ പേപ്പർ,..

“വിളിക്കണോ? ഹേയ് വേണ്ട,.. ഉറങ്ങിക്കാണും,.. ഗുഡ് നൈറ്റ് !”

അവൻ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു,

“നമ്മള് ഒടുക്കത്തെ മാച്ച് ആലെ? മെയ്ഡ് ഫോർ ഈച്ച് അദർ !” അവന്റെ അധരങ്ങൾ അവളുടെ ഫോട്ടോയിൽ അമർന്നു,…

**********

“താനെന്താ ഇന്നലെ രാത്രി ഉറങ്ങിയില്ലേ? കണ്ണൊക്കെ വീർത്തിരിക്കുന്നു ” ബ്യൂട്ടീഷൻ ചോദിച്ചു,..

കരയരുതെന്ന് എത്ര ആഗ്രഹിച്ചതാണ്, പക്ഷേ കയ്യീന്ന് പോയി,…

“പോയി മുഖം നന്നായിട്ട് കഴുകിയിട്ട് വാ !”

“മ്മ് !”

കണ്ണാടിയിൽ കണ്ട തന്റെ രൂപത്തിന് ഒരുപാട് മാറ്റങ്ങളുണ്ട്, കണ്ണും മുഖവും വീർത്തിരിക്കുന്നു, ഉറങ്ങിയെഴുന്നേറ്റ പോലെ,.. കുളിച്ചെന്ന് പോലും തോന്നുന്നില്ല,.. അമ്മയോ അമ്മായിയോ കണ്ടാൽ,…

“ചേച്ചി മേക്കപ്പ് വാട്ടർ പ്രൂഫ് അല്ലേ? ” ശ്രേയ ചോദിച്ചു,..

“അതേ, എന്താ ചോദിച്ചേ? ”

“അല്ല, ചങ്കത്തടിച്ചു കരയുമ്പോൾ ഇളകിപ്പോവരുതല്ലോ അതോണ്ട് പറഞ്ഞതാ !”

ശ്രേയയുടെ തമാശയ്ക്ക് ശ്വേത അവളെയൊന്ന് നോക്കിപ്പേടിപ്പിച്ചു,… എന്നാൽ അതുകൊണ്ടൊന്നും ശ്രേയ തളർന്നില്ല,…

“ചേച്ചി, പിന്നെ സിമ്പിൾ മേക്കപ്പ് മതീട്ടോ, അരുണേട്ടനും അതാ ഇഷ്ടം !”

അരുൺ തന്നെ പെണ്ണുകാണാൻ വന്നത് മുതൽ തുടങ്ങിയതാണ് ശ്രേയയുടെ ഈ പൊക്കിയടി,.. തനിക്കിട്ട് എങ്ങനെ കൊള്ളിക്കണമെന്ന് അവൾക്ക് നന്നായി അറിയാം,..

വിവാഹത്തിന് മുൻപ് അരുണുമായി സംസാരിക്കാൻ അവസരം കിട്ടിയാൽ മതിയായിരുന്നു,. ഇല്ലെങ്കിൽ തനിക്ക് മനസമാധാനം കിട്ടില്ല,…

*********

“ഏടത്തി സെലക്ട്‌ ചെയ്തതാലേ? ” ശരത്ത് ചോദിച്ചു,..

“മ്മ് !” അരുൺ ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ടൊന്നു മൂളി,.

“നന്നായി ചേരുന്നുണ്ട് !”

“താങ്ക്യൂ,.. ” അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു,..

“ഇതിലിപ്പോ എന്ത് സെലെക്ഷനാ? വെള്ളഷർട്ടും മുണ്ടും അല്ലേ? എല്ലാ ഹിന്ദു കല്യാണങ്ങൾക്കും ഇതൊക്കെത്തന്നെയാ !” അരുണിന്റെ ഷർട്ടിന്റെ ചുളിവ് നേരെയാക്കിക്കൊണ്ട് കരുണ പറഞ്ഞു,…

“നീയിപ്പോഴേ നാത്തൂൻപോരിന്റെ വട്ടം കൂട്ടാതെ അപ്പുറത്തേക്ക് ചെന്നേ, നിന്റെ രണ്ടു മക്കളേം കൊണ്ട് കെട്ടിയവൻ നന്നായി കഷ്ടപ്പെടുന്നുണ്ട് !” അശോകൻ അത് പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് ചിരി വിരിഞ്ഞു,..

“ആ കുറച്ചു കഷ്ടപ്പെടട്ടെ, എന്നും ഞാനല്ലേ കഷ്ടപ്പെടുന്നത്,… ”

കരുണയ്ക്ക് കാര്യമായെന്തോ പറ്റിയിട്ടുണ്ടെന്ന് അരുണിന് തോന്നി,. ചിലപ്പോൾ കെട്ടിയവൻ ലീവിന് വന്നപ്പോൾ ഒറ്റയ്ക്ക് കിട്ടാത്തതിന്റെ പരിഭവമാകും,..

***********

ഒരുങ്ങിയിറങ്ങിവന്ന ഋതികയെ എല്ലാവരും കണ്ണെടുക്കാതെ നോക്കി നിന്നു,..

ഗോൾഡൻ കളർ കരയുള്ള സെറ്റ് സാരിയും, ഗോൾഡൻ ബ്ലൗസും അവൾക്ക് നന്നായിചേരുന്നുണ്ടായിരുന്നു, കാതുകളിൽ രണ്ടു വലിയ ജിമിക്കികമ്മലുകൾ, അതേ പാറ്റേണിലുള്ള നെക്ക്ലേസ്, ഒരു വലിയ മാല,. ഇരുകൈകളും നിറയെ വളകൾ,. ചുരുക്കിപറഞ്ഞാൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കാൻ അവൾക്ക് കഴിയുമായിരുന്നു,.

“നല്ല ഭംഗിയുണ്ടല്ലേ അഭിയേട്ടാ? ” ലയ അഭിറാമിനോടായി പറഞ്ഞു,. നാത്തൂന്റെ വിവാഹം കൂടാനായി ലീവ് എടുത്തെത്തിയതായിരുന്നു ലയ,..

“മ്മ് !” അവന്റെ മുഖത്തപ്പോഴും ദുഃഖം ബാക്കിയായിരുന്നു,..

“നിങ്ങളിങ്ങനെ മുഖം വീർപ്പിക്കല്ലേ, ആളുകളെന്ത് കരുതും,.. കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല,.. ”

അങ്ങനെത്തന്നെ ആശ്വസിക്കാമെന്നവൻ മനസ്സിനെപറഞ്ഞു പഠിപ്പിച്ചു,.

ശ്രേയയും, ശ്വേതയും, പ്രിയയും സെറ്റും മുണ്ടും കടും പച്ച നിറത്തിലുള്ള സിൽക്ക്ബ്ലൗസും ആയിരുന്നു വേഷം, ബാക്കി അടുത്ത ബന്ധത്തിലെ സ്ത്രീകളെല്ലാം സെറ്റ്സാരിയും പച്ച ബ്ലൗസും,..

“യൂണിഫോം അടിപൊളി ആയിട്ടില്ലേ? ” ശ്രേയ ചോദിച്ചു,..

“ഓ അടിപൊളി !” മറുപടിയും കിട്ടി,.. കരുണേച്ചിയും, നിയ ചേച്ചിയും ഇത് തന്നെയാവും, എല്ലാവർക്കും ഒരുമിച്ചാണെടുത്തത്,..

“ദക്ഷിണ കൊടുക്കാനുള്ളവർ വരൂ !”

ആദ്യം ചന്ദ്രശേഖരനാണ് അവൾ ദക്ഷിണ കൊടുത്തത്, അദ്ദേഹം അവളെ മനസ്സ് നിറഞ്ഞനുഗ്രഹിച്ചു,.. പിന്നെ ഓരോരുത്തർക്കായി ദക്ഷിണ നൽകി,..

അവസാനം അമ്മയ്ക്കാണ്,.. “എന്നെ വെറുക്കല്ലേ അമ്മേ !” ശ്രീദേവിയുടെ കാലുകളിൽ തൊട്ടവൾ മാപ്പ് ചോദിച്ചു,..

അവരുടെ മിഴികൾ നിറഞ്ഞിരുന്നു, സന്തോഷം കൊണ്ടാണോ, സങ്കടം കൊണ്ടാണോ, അതോ തന്നോടുള്ള പരിഭവം കൊണ്ടാണോ,…

“ചേച്ചി മേക്കപ്പ് വാട്ടർ പ്രൂഫ് ആണെന്നും പറഞ്ഞ് അധികം കരയാൻ നിക്കണ്ടാട്ടോ,. ” ശ്രേയയുടെ കൗണ്ടർ എല്ലാവർക്കും ഒരാശ്വാസമായിരുന്നു,

ശ്രീദേവി അവളുടെ നെറുകിൽ ചുംബിച്ചു

“ദീർഘസുമംഗലി ഭവ !” തന്നെ തലോടിയ അമ്മയുടെ കൈകൾ അവളുടെ മനസ്സിൽ മഞ്ഞുപെയ്യിച്ചു,…

“ഇറങ്ങാം !”

ചന്ദ്രശേഖരൻ പറഞ്ഞു,… അവളുടെ ഉള്ളിൽ അസാധാരണമായൊരു ഭയം കുടിയേറി വന്നു,.

***—-***

“ആൽബി,…” ഹരീഷ് അവനെ തട്ടിവിളിച്ചു,.

ആൽബിയുടെ കെട്ടു വിട്ടിരുന്നില്ല,..

“ഡാ, ഒന്നെണീറ്റെ, ഇതൊന്ന് നോക്കിക്കേ !”

“എന്തോന്നാടാ? “ഹരീഷിനെയും അവൻ നീട്ടിപ്പിടിച്ച പത്രത്തിലേക്കും നോക്കി ഉറക്കച്ചടവോടെ ആൽബി ചോദിച്ചു,..

“നീയിതൊന്ന് നോക്ക്, നിന്റെ ഋതുവിനെ ആരാ കെട്ടാൻ പോണതെന്നറിയാവോ? ”

ഹോ, ഇന്നാണോ അവളുടെ കല്ല്യാണം? തനിക്കെങ്ങനെ ഇതുപോലെ ബോധം കെട്ടുറങ്ങാൻ കഴിഞ്ഞു… ഇന്നലെ അടിച്ചതിന്റെ കെട്ട് ഇതുവരെ വിട്ടിട്ടില്ല,.. തല പൊട്ടിപ്പോകുന്നു,.. ആ അവളെ ആരെങ്കിലും കെട്ടട്ടെ, തന്നെ വേണ്ടെന്ന് പറഞ്ഞുപോയവളല്ലേ,. അങ്ങനെ വിശ്വസിക്കാൻ ആണ് തനിക്കിഷ്ടം, എട്ടൊമ്പത് വർഷത്തെ പ്രണയം അവൾക്ക് മറക്കാമെങ്കിൽ തനിക്കും അവളെ മറക്കാൻ കഴിയും, അൽപ്പം സമയമെടുത്താണെങ്കിലും,…

“നീയെന്താ ആൽബി ആലോചിക്കുന്നേ? ”

“എന്ത്? അവളാരെക്കെട്ടിയാലും എനിക്കൊന്നുമില്ല,..”

അവൻ എഴുന്നേറ്റ് മുണ്ട് മുറുക്കിയുടുത്തു ബാത്റൂമിലേക്ക് നടന്നു,…

“എടാ അരുണാടാ അവളെക്കെട്ടുന്നത് !”

“ഏത് അരുൺ? ”

“അരുൺ അശോക് !”

ആൽബി പിടിച്ചു കെട്ടിയത്പോലെ നിന്നു,…

(തുടരും )

അനുശ്രീ ചന്ദ്രൻ

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ

പാരിജാതം പൂക്കുമ്പോൾ

അവിക

ഹൃദയസഖി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!