“അരുൺ അശോക് !”അവന്റെ ഓർമകളിലൂടെ ആ പേര് ഒന്ന് പാളിപ്പോയി,..
“നീയിത് നോക്ക് !” ഹരീഷ് അവന് നേരെ പത്രം നീട്ടിപ്പിടിച്ചു,..
ആ മുഖം അവന്റെ ഓർമകളിൽ ഒരായിരം വിസ്ഫോടനങ്ങൾ സൃഷ്ടിച്ചു,..
ഒരുകാലത്ത് തന്റെ പ്രിയപ്പെട്ട സുഹൃത്തും, പിന്നെ തന്റെ ശത്രുവും ആയിത്തീർന്ന സഹപാഠി,.. അരുൺ അശോക്,..
“ഈ കല്ല്യാണം അത് നടക്കാൻ ഞാൻ അനുവദിക്കില്ല !” അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി
“എടാ 10.15 നാണ് മുഹൂർത്തം, ഇപ്പോൾ തന്നെ 10 മണി ആവാനായി,. ഇനി നമ്മൾ എപ്പോ എത്താനാ? ”
“അതൊന്നും എനിക്കറിയണ്ട, ഈ വിവാഹം നടക്കരുത്, നടക്കാൻ പാടില്ല !” അവന്റെ ശബ്ദം ഉറച്ചതായിരുന്നു…
**********
അധികം വെയിലും മഴയുമില്ലാതെ ശാന്തസുന്ദരമായ അന്തരീക്ഷം,.. കൃഷ്ണഭക്തിഗാനങ്ങൾ സ്‌പീക്കറിലൂടെ മുഴങ്ങിക്കേൾക്കാം,..
അരുണിന്റെ കാറാണ് ആദ്യമെത്തിയത്,. അല്പനേരത്തിന് ശേഷം ഋതികയുടെ കാറും,..
ബാക്ക് സീറ്റിൽ നിന്നും ശ്രേയ ആണ് ആദ്യമിറങ്ങിയത്.. അവൾ ഇറങ്ങിയതും അരുണിനെ കൈയുയർത്തിക്കാണിച്ചു… അവനും, ചേച്ചി കാറിൽ ഉണ്ടെന്ന് അവൾ ആംഗ്യം കാണിച്ചു,..
“ഏട്ടാ ആ കുട്ടി കൊള്ളാലോ !”
“ഏത് കുട്ടി? ”
“ദോ ആ കാറിൽ നിന്നിറങ്ങിയ കുട്ട്യേ, ഏട്ടനെ ഹായ് കാണിച്ച കുട്ടി !”
“വായി നോക്കാനാണോ ഉദ്ദേശം? ”
“അങ്ങനല്ല, ഇന്നലെ ഏട്ടൻ പറഞ്ഞില്ലാരുന്നോ ഒരു കാര്യം,.”
“എന്ത് കാര്യം,..”
“21 വയസായതിന്റെ കാര്യം,.. ”
“ഓ,.. ഞാൻ പറയാം സുജമ്മായി !” അരുൺ വിളിച്ചു,..
അരുണിന്റെ അമ്മയുടെ അനുജത്തിയാണ് സുജ, അതായത് ശരത്തിന്റെ അമ്മ,.
“എന്താ അരുണേ? ”
“അത് പിന്നെ,. ”
“ഒന്നൂല്ല അമ്മേ !”
“എന്താടാ? ”
“ഒന്നൂല്ലാന്നു പറഞ്ഞില്ലേ,.. ഏട്ടനിങ്ങ് വന്നേ,.. ”
അവൻ അരുണിന്റെ കൈ പിടിച്ചു മാറി നിന്നു,.
“ഇത്രയും പ്രതീക്ഷിച്ചില്ല !”
“എങ്കിൽ പ്രതീക്ഷിക്കണം,.. എന്റെ പെങ്ങളാ അവൾ, അപ്പോ നിന്റെ ആരായി വരും? പെങ്ങളായിത്തന്നെ വരും,.. അപ്പോൾ സഹോദരി !”
ശരത്തിന്റെ മുഖം മങ്ങി,..
“മോളോട് ഇറങ്ങിക്കോളാൻ പറയൂ,. മുഹൂർത്തത്തിന് സമയമായി !”
“ആ ചന്ദ്രേട്ടാ !”
മാലിനി ഗ്ലാസിൽ മുട്ടി, ഋതിക പതിയെ ഗ്ലാസ് താഴ്ത്തി,.. കാണാമെന്ന പ്രതീക്ഷയിൽ അരുൺ എത്തിനോക്കിയെങ്കിലും മാലിനി അവളെ മറഞ്ഞു നിന്നതിനാൽ അവന് കാണാനായില്ല,.
“ഇറങ്ങിക്കോ മോളേ,… ”
അവൾ ഡോർ തുറന്ന് ഇറങ്ങിയതും ഫോട്ടോഗ്രാഫേഴ്സ് തിരക്ക് കൂട്ടി,..
“ശ്ശേ നശിപ്പിച്ചു, ഇവിടെ ഞാൻ കുന്തം പോലെ നിന്നിട്ടും ആർക്കും എന്റെ ഫോട്ടോയോ വീഡിയോയോ എടുക്കണ്ട !”
“അസൂയപ്പെട്ടിട്ട് കാര്യമില്ല ഏട്ടാ, സൗന്ദര്യമില്ലാത്തവരെ സമൂഹം അംഗീകരിക്കില്ല,..”
” ആ ബെസ്റ്റ്,. നിന്നെയും ശ്രീയെയും ഒരു നുകത്തിൽ കെട്ടാം, കട്ടച്ചളിയടിക്കാൻ നിങ്ങളെക്കാൾ ബെസ്റ്റ് ആളുകൾ വേറെയില്ല !”
“ഓഹോ,.. എനിക്കവളെ വേണ്ടായേ ! പെങ്ങളല്ലേ പെങ്ങൾ,. ദോ അങ്ങോട്ടേക്കൊന്നു നോക്കിക്കേ, ഒരു മാലാഖ സ്ലോ മോഷനിൽ നടന്നു വരുന്നപോലെ ഇല്ലേ? ”
അരുണും അവിടേക്ക് നോക്കി,.. ഋതിക തനിക്കരികിലേക്ക് നടന്നു വരുന്നു,..
അവൾ അതീവസുന്ദരിയായിട്ടുണ്ട്,.. ശരിക്കും മാലാഖപോലെ,..
“സെറ്റ് സാരിയുടുത്ത ഒരു കൂട്ടം മലയാളി മാലാഖമാർ ”
ഹോ,. ഇവനാ ഫ്ലോ അങ്ങ് കളഞ്ഞു,..
“എന്തോന്നാടാ?”
“ഹേയ് ഒന്നൂല്ല, ഒരു മയത്തിലൊക്കെ നോക്ക് !”
“എന്റെ പെണ്ണ്, ഒരു 10 മിനിറ്റ് കൂടികഴിഞ്ഞാൽ എന്റെ ഭാര്യ,.. എനിക്ക് ധൈര്യമായിനോക്കാം !”
“വീട്ടിൽ പോയി ഇഷ്ടം പോലെ നോക്കാലോ, ഇപ്പോ ഇങ്ങനെ നോക്കിയാൽ നാളെ വല്ല ട്രോൾ പേജിലും കാണാം വായും പൊളിച്ചിരിക്കുന്ന ഫോട്ടോസും വീഡിയോസുമെല്ലാം !”
ശേ, ചെക്കൻ മൂഡ് കളഞ്ഞു,. ഇനി വെറുതെ അവൾക്ക് ചീത്തപ്പേരാവണ്ട, ഇനിയെന്നും നോക്കിയിരിക്കാനുള്ളതല്ലേ !
ഋതിക അരുണിന്റെ മുഖത്തേക്ക് നോക്കി,. അവൻ പുഞ്ചിരിയോടെ അടിപൊളി ആയിട്ടുണ്ടെന്ന് ആംഗ്യം കാണിച്ചു,..
അവളുടെ ഉള്ളൊന്നു പിടഞ്ഞു, പാവം അരുൺ,. അവൻ ഒരുപാട് പ്രതീക്ഷയിലാണ്, ഒന്നും തുറന്ന് പറഞ്ഞില്ലെങ്കിൽ അതൊരുപക്ഷേ, ഈ തിരക്കിനിടയ്ക്ക് അരുണിനോട് താനെങ്ങനെ സംസാരിക്കാനാണ്,. ഒന്നും അറിയിക്കേണ്ട എന്ന് തന്നെയാണോ നിന്റെ തീരുമാനം കൃഷ്ണാ ?
പെട്ടന്ന് അമ്പലത്തിൽ മണിനാദം മുഴങ്ങി,..
“വരനെയും വധുവിനെയും വിളിച്ചോളൂ..”
******–******
“എടാ ഇതിനിത്ര സ്പീഡേ ഉള്ളോ? ”
ആൽബി പുറകിലിരുന്ന ഹരീഷിനോട് ചോദിച്ചു,.
“ഇപ്പോൾതന്നെ നീ ഓവർ സ്പീഡിലാ പോണത്,.. ”
“എടാ പത്തേകാലാവൻ ഇനി അഞ്ചു മിനിറ്റ് കൂടിയേ ഉള്ളു, നമ്മൾ എത്തുമായിരിക്കും അല്ലേ? ”
“മ്മ് !” ഹരീഷ് വാച്ചിൽ നോക്കി,.
********
അമ്പലത്തിന്റെ ഇരു നടകളിലും അഭിറാം ആളെ നിർത്തിയിരുന്നു,..
“അവൻ വരാൻ സാധ്യതയുണ്ട്, ഈ കല്ല്യാണം മുടങ്ങാൻ പാടില്ല !”
“നീ ടെൻഷനടിക്കണ്ട,.. ഞങ്ങളവനെ ഉള്ളിലേക്ക് കടത്തില്ല !” മധുപാൽ പറഞ്ഞു,. മാലിനിയുടെ ആങ്ങളയാണ് മധുപാൽ, വെട്ടൊന്ന് മുറി രണ്ട് സ്വഭാവം,.
“ഇതൊന്നും ചടങ്ങുകളെ ഒരു രീതിയിലും ബാധിക്കരുത്,.. ”
“ഇല്ല അഭി,.. നീ പൊയ്ക്കോ,.. ഞങ്ങളെ മറികടന്ന് അവൻ ഉള്ളിലേക്ക് കേറില്ല !” അയാൾ ഉറപ്പിച്ചു പറഞ്ഞു,.
അഭിറാം ക്ഷേത്രത്തിനുള്ളിലേക്ക് നടന്നു,.
അവൻ എത്തിയപ്പോഴേക്കും ചടങ്ങുകൾ ആരംഭിച്ചിരുന്നു,.
“അഭിയേട്ടനിത് എവിടായിരുന്നു? ” ലയ ചോദിച്ചു,.
“ഞാൻ ഇവിടുണ്ടായിരുന്നല്ലോ !” അവൻ ഒന്നും അറിയാത്തതുപോലെ നിന്നു,.
മന്ത്രോച്ചാരണങ്ങൾ ഉയരുന്നതിനനുസരിച്ച് അവളുടെ ഹൃദയമിടിപ്പും കൂടിക്കൂടി വന്നു, അരുണിന്റെ പുഞ്ചിരിക്കുന്ന മുഖം അവളിൽ കുറ്റബോധത്തിന്റെ ആഴം കൂട്ടി,..
******
“എടാ,.. നമുക്ക് അവന്മാരെക്കൂടെ വിളിക്കാമായിരുന്നു,… ” ബൈക്ക് നിർത്തുമ്പോൾ ഹരീഷ് പറഞ്ഞു, ചുറ്റും കല്യാണവണ്ടികളാണ്,.
“എന്തിന്, അവരിനി ഇപ്പോ എത്താനാ, 3 മിനിറ്റ് കൂടിയേ ഉള്ളു, നീ വേഗം വാ !”
അവൻ അമ്പലത്തിനുള്ളിലേക്ക് നടന്നു,..
“കൊച്ചേട്ടാ വരവ് കണ്ടിട്ട് അവന്മാരാണെന്ന് തോന്നുന്നു,.. ”
“മ്മ്, മനസിലായ ഭാവം കാണിക്കണ്ട !”
ആൽബി അകത്തേക്ക് കടക്കാനായി ചെരിപ്പൂരി,..
“എങ്ങോട്ടാ, ” മധുപാൽ അൽപ്പം കനത്തിൽ ചോദിച്ചു,..
“അകത്തേക്ക് !”
“എന്തിന്, പ്രാർത്ഥിക്കാൻ !” ആൽബി പറഞ്ഞു,.
“ക്രിസ്ത്യാനിയായ നിനക്കെന്താ അമ്പലത്തിൽ കാര്യം? ”
ഹോ, കൊന്ത, ചേട്ടന്മാരോട് തർക്കിക്കാനുള്ള സമയമില്ല,..
“ചേട്ടാ ഞങ്ങടെ ഫ്രണ്ടിന്റെ കല്യാണവാ,.. കാണാൻ പോകുവാ,.. ” ഹരീഷ് പറഞ്ഞു,..
“ഇവിടെ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് അറിഞ്ഞൂടെ,.. ”
ആൽബി വാച്ചിൽ നോക്കി, രണ്ടു മിനിറ്റ് തികച്ചില്ല,..
“എന്നാ എനിക്ക് പോവാലോ !” ഹരീഷ് കേറാൻ തുടങ്ങിയതും അവന് ആദ്യ പ്രഹരമേറ്റു,..
“പിടിച്ചോണ്ട് വാടാ രണ്ടെണ്ണത്തിനെയും !”
ചുറ്റും കൂടി നിന്നവരെ നേരിടാൻ അവർക്ക് കഴിഞ്ഞില്ല, ക്ഷേത്ര മതിലിനപ്പുറത്തേക്ക് അവർ വലിച്ചിഴക്കപ്പെട്ടു .
“ചേട്ടാ, നിങ്ങളെന്തിനാ വെറുതെ ഞങ്ങളെപ്പിടിച്ച് തല്ലണെ? ”
“നീയല്ലേടാ ആൽബി, ഞങ്ങടെ കൊച്ചിന്റെ കല്ല്യാണം മുടക്കാൻ വന്നാൽ അറിയില്ലെന്ന് വിചാരിച്ചോ,..
അടുത്ത നിമിഷം മധുപാലിന്റെ ചവിട്ടേറ്റ് ആൽബി നിലത്തേക്ക് വീണു,…
കെട്ടിമേളങ്ങൾ മുഴങ്ങി,.. അരുണിന്റെ താലി അവളുടെ നെഞ്ചോട് ചേർന്നു,.. ഋതിക മിഴികൾ ഇറുക്കിയടച്ചു,.. അവന്റെ കൈകളിൽ അവളുടെ മിഴിനീർ തുള്ളികൾ ഇറ്റു വീണു,..
കണ്ണീർച്ചൂടിൽ അവനൊന്നു പതറി,. അപ്പോഴേക്കും മൂന്നാമത്തെ കെട്ടും മുറുകിയിരുന്നു,..
“അയാം സോറി ആൽബി !” അവൾക്ക് പൊട്ടിക്കരയണമെന്നുണ്ടായിരുന്നു, എങ്കിലും എല്ലാ വേദനയും അവൾ ഉള്ളിലൊതുക്കി, തൊട്ട് ഒരു മതിലിനപ്പുറം അവൻ ചവിട്ടിമെതിക്കപ്പെടുകയാണെന്ന് അറിയാതെ,..
“ഇനി ഈ തുളസിമാല വധു ആദ്യം വരനും, ശേഷം വരൻ വധുവിനും അണിയിക്കുക !”
അരുണിന്റെ കഴുത്തിൽ തുളസിഹാരമണിയിക്കുമ്പോൾ എത്രയൊക്കെ നിയന്ത്രിച്ചിട്ടും അവളുടെ മിഴികൾ ഈറനണിഞ്ഞു,. .
സന്തോഷം കൊണ്ടാണോ, സങ്കടം കൊണ്ടാണോ അവൾ കരയുന്നതെന്ന് മനസിലായില്ലെങ്കിലും തന്റെ സ്ഥാനത്ത് ഒരിക്കലെങ്കിലും അവളുടെ മനസ്സ് ആൽബിക്ക് വേണ്ടി ആഗ്രഹിച്ചുകാണണം എന്നവന് തോന്നി,.
“ഇനി പൂമാല ഇട്ടുകൊള്ളൂ,..”
അവൾ നിർവികാരയായി അതും അനുസരിച്ചു,.
പൊട്ടിയൊലിച്ച ശരീരഭാഗങ്ങളിൽ നിന്നും ആൽബിയുടെ രക്തത്തുള്ളികൾ നിലത്തേക്ക് ഇറ്റു വീണു,. അവന് തന്റെ കാഴ്ചകൾ മങ്ങുന്നത് പോലെ തോന്നി,..
ഋതികയുടെ സീമന്തരേഖയിൽ തെളിഞ്ഞു നിന്ന സിന്ദൂരത്തിന്റെ അവകാശിയായി അപ്പോഴേക്കും അരുണും മാറിയിരുന്നു,..
“ഇനി മൂന്ന് തവണ അഗ്നിയെ വലം വെച്ചു കൊള്ളൂ !”
ഇനിയുള്ള ഏഴുജന്മങ്ങളിലും എനിക്ക് കൂട്ടായി നീയുണ്ടാകണമെന്ന് പ്രാർത്ഥിച്ച് ഋതികയുടെ കൈവിരലുകളിൽ വിരൽ കോർത്ത് അരുൺ മുന്നോട്ടേക്ക് നടന്നു,..
അവന് പിന്നാലെ അവളും,..
“ഇവനെ വലിച്ചു വണ്ടിയിൽ ഇടെടാ !”
ആരൊക്കെയോ ചേർന്നവനെ വലിച്ചിഴച്ചു, ബോധം മറയുന്ന അവസാനനിമിഷത്തിലും അവൻ ഋതുവെന്ന് ഉരുവിടുന്നുണ്ടായിരുന്നു,…
അഭിറാം എങ്ങോ പോവാൻ തുനിഞ്ഞതും ലയ പിടിച്ചു നിർത്തി,..
“എങ്ങോട്ടാ അഭിയേട്ടാ, ഇനിയും ചടങ്ങുകൾ ബാക്കിയില്ലേ? ”
“ഞാനിപ്പോ വരാം !”
“എന്തെങ്കിലും പ്രശ്നമുണ്ടോ അഭിയേട്ടാ? ”
“ഹേയ് ഒന്നൂല്ല !” അഭിറാം അവളുടെ കൈ വിടുവിച്ച് പുറത്തേക്ക് നടന്നു,..
“എന്താ മോളേ? ” മാലിനി കാര്യമന്വേഷിച്ചു,..
“ഹേയ് ഒന്നൂല്ല അമ്മായി,.. ”
ഭർത്താവിന്റെ പോക്ക് അത്ര പന്തിയായി അവൾക്ക് തോന്നിയില്ല,…
“വിവാഹം മംഗളമായിരിക്കുന്നു.”
ശ്രീദേവി കൈകൾ കൂപ്പി ദൈവത്തിന് നന്ദി പറഞ്ഞു,..
“രണ്ടാളും കരണവന്മാരോട് അനുഗ്രഹം വാങ്ങി പ്രാർത്ഥിച്ചോളുക !”
പൂജാരിക്ക് ദക്ഷിണ നൽകിയ ശേഷം,. ഇരുവരും മാതാപിതാക്കളുടെ കാലുകളിൽ തൊട്ട് അനുഗ്രഹം വാങ്ങി,..
“അഭി എവിടെ? ” ശ്രീദേവി അന്വേഷിച്ചു,…
“ഇവിടുണ്ടായിരുന്നു അമ്മേ, ഇപ്പോ പുറത്തേക്ക് ഇറങ്ങിയതാ !”
“അല്ലെങ്കിലും ആവശ്യസമയത്ത് അവനെ കാണാൻ കിട്ടൂല്ലല്ലോ !”
കൃഷ്ണവിഗ്രഹത്തിനു മുൻപിൽ കൈകൂപ്പി നിൽക്കുമ്പോൾ അവൾ ആൽബിയെ മനസ്സിലോർത്തു,..
മനസെന്തോ വല്ലാതെ കലുഷിതമാവുന്നു, അവനെ കത്തെന്തോ അപകടം പതിയിരിക്കും പോലൊരു തോന്നൽ, ഈശ്വരാ അവനൊരാപത്തും കൂടാതെ കാത്തു രക്ഷിക്കണേ ഭഗവാനെ എന്നവൾ മനസ്സുരുകി പ്രാർത്ഥിച്ചു,.
*******
“അയ്യോ, ഇതെന്തിനാ ഇവരെ ഇങ്ങനെ അടിച്ചത്,.. ” അവരുടെ കോലം കണ്ട അഭിറാം ഞെട്ടലിൽ ചോദിച്ചു,..
“അത് പിന്നെ,. കൊച്ചിന്റെ കല്ല്യാണം മുടക്കാൻ നോക്കുന്നവനെ പിന്നെ? ചടങ്ങുകളൊക്കെ കഴിഞ്ഞോ? ”
“എല്ലാം ശുഭമായിത്തന്നെ നടന്നു !”
പാതി ബോധത്തിലും ആൽബിയുടെ മുഖത്ത് നഷ്ടബോധം പ്രകടമായി,..
“ഇവരെ വല്ല ഹോസ്പിറ്റലിലും എത്തിച്ചേക്ക്,.. ”
“ആ അത് ഞങ്ങള് നോക്കിക്കോളാം, നീ അങ്ങോട്ട് പൊയ്ക്കോ !”
“ഇനിയെന്റെ പെങ്ങളുടെ ജീവിതത്തിൽ ഒരു നിഴലായെങ്കിലും നീ വന്നെന്നറിഞ്ഞാൽ,.. ഇതായിരിക്കില്ല മറുപടി, കൊന്നുകളയും ഞാൻ !”
അതും പറഞ്ഞ് അഭിറാം തിരിഞ്ഞു നടന്നു,. ആൽബിയുടെ ചോരപൊട്ടിയൊഴുകുന്ന ചുണ്ടുകളിൽ ഒരു ചിരി വിരിഞ്ഞു,.
********
“നീയെന്നെ കുറേ പരീക്ഷിച്ചെങ്കിലും കൃഷ് ബ്രോ, ഒടുവിൽ ഞാൻ ആഗ്രഹിച്ച പെണ്ണിനെത്തന്നെ എനിക്ക് നേടിതന്നല്ലോ,.. ഇനി ഇവളുടെ സ്നേഹത്തിന് പാത്രമാകാനുള്ള ഭാഗ്യം കൂടി എനിക്ക് നീ നൽകേണമേ !”
അരുൺ കണ്ണുതുറന്ന് വിഗ്രഹത്തിലേക്ക് നോക്കി, പിന്നെ അവളെയും,. അവളിപ്പോഴും ഭയങ്കര പ്രാർത്ഥനയിലാണ്,..
“കൃഷ്ണാ,.. അരുണിന്റെ നല്ല ഭാര്യയാവാൻ എനിക്ക് കഴിയേണമേ,.. ആൽബിക്ക് നല്ലൊരു ജീവിതം നീ നൽകേണമേ !”
ഇവളുടെ പ്രാർത്ഥനകളിൽ ഞാനുണ്ടാവുമോ എന്തോ,. എങ്കിലും ഇവളെയിങ്ങനെ നോക്കി നിൽക്കാൻ കഴിയുക എന്നുള്ളതുമൊരു ഭാഗ്യം തന്നെയാണ്, അവൻ മനസ്സിലോർത്തു,..
അടുത്തത് ഫോട്ടോ സെഷൻ ആയിരുന്നു,.. ഫോട്ടോഗ്രാഫേഴ്സ് പറയുംപോലെ കുറച്ചു സ്നാപ്സ് എടുത്തപ്പോഴേക്കും ഋതികയ്ക്കത് അരോചകമായിത്തോന്നി,..
“എന്താ കല്യാണപ്പെണ്ണേ ഒരു സന്തോഷവുമില്ലാത്തെ? ഒന്ന് ചിരിച്ചേ,.. ”
“ആ ഇനി മതിമതി,.. ഫോട്ടോഷൂട്ട് പിന്നെയാവാം, 12 മണിക്കുള്ളിൽ ഗൃഹപ്രവേശം നടത്തണം,.. ബാക്കി വീട്ടിൽ ചെന്നിട്ട് !”
ഋതികയിൽ ഒരു പിടച്ചിൽ ഉണ്ടായി,. തനിക്ക് യാത്ര പറയാനുള്ള സമയമാണ്, തന്റെ കുടുംബത്തോട്,. നടക്കാനുള്ള ശക്തി കാലുകൾക്ക് നഷ്ടപ്പെടുമ്പോലെ തോന്നി അവൾക്ക്,..
പടിയിറങ്ങാൻ നേരം അവൻ അവൾക്ക് നേരെ കൈ നീട്ടി,. താനാ കൈപിടിച്ചില്ലെങ്കിൽ? അരുണിനെ അപമാനിക്കാൻ വയ്യ,..
അവളവന്റെ കൈകൾക്ക് മീതെ കൈകൾ ചേർത്തു,..
“കറന്റ് അടിക്കുന്നുണ്ടോ ഏട്ടാ? ”
ഈശ്വരാ ഇങ്ങനെ തളർത്തുന്ന ഒരു അനിയനെ ആണല്ലോ നീയെനിക്ക് തന്നത്, എന്തായാലും കസിൻ ആയത് നന്നായി ഇല്ലായിരുന്നേൽ ദിവസവും ഇവന്റെ ചളി കേട്ട് വട്ടായിപ്പോയേനെ അരുൺ മനസ്സിലോർത്തു,.
ആൽബിയെയും ഹരീഷിനെയും കയറ്റിയ വണ്ടി മുന്നോട്ടേക്കെടുത്തു,. ദൂരെ നിന്ന് ആൽബി കണ്ടു, അവ്യക്തമെങ്കിലും അരുണിനൊപ്പം ചേർന്ന് നടന്നു വരുന്ന ഋതികയെ,…
കാറിൽ കേറാൻ നേരം എത്രയൊക്കെ അടക്കി വെയ്ക്കാൻ ശ്രമിച്ചിട്ടും കണ്ണുനീർ പുറത്തേക്കൊഴുകി,.. അവൾ ഏട്ടനെ നോക്കി,.. അവനവളെ ചേർത്ത് പിടിച്ചു നെറുകിൽ ചുംബിച്ചു.. ഏട്ടന്റെ ചങ്ക് വല്ലാതെ മിടിക്കുന്നുണ്ട്, തന്നെ അറിയിക്കാത്തതായി എന്തോ ഉണ്ടാ മനസ്സിൽ,.
“നന്നായിരിക്ക് !” അവൻ പറഞ്ഞു,. ആ കണ്ണുകളിൽ കുറ്റബോധമുണ്ട്,. അവൾ വിരസമായി പുഞ്ചിരിച്ചു, ശേഷം ഓരോരുത്തരോടായി യാത്ര പറഞ്ഞു
“ഇപ്പോ മേക്കപ്പ് വാട്ടർ പ്രൂഫ് മതിയെന്ന് ഞാൻ പറഞ്ഞേന്റെ റീസൺ മനസിലായില്ലേ? ” കണ്ണീരിനിടയിലും ശ്രേയ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു,..
അരുൺ ശരത്തിനെ നോക്കി,..
“തങ്കച്ചി !” ശരത് ചടപ്പോടെ പറഞ്ഞു,.. അരുണിന് ചിരിപൊട്ടിയെങ്കിലും സിറ്റുവേഷൻ ഓർത്തവൻ സംയമനം പാലിച്ചു,..
“മോള് അരുണിനെയും വീട്ടുകാരെയും ഒരിക്കലും വിഷമിപ്പിക്കരുത്ട്ടോ ! ശ്രീദേവി അവളെ ചേർത്ത് പിടിച്ചു നെറുകിൽ ചുംബിച്ചു,..
ഋതിക ശ്രീദേവിയുടെ നെഞ്ചോട് ചേർന്ന് പൊട്ടിക്കരഞ്ഞു,.. ആ രംഗം എല്ലാവരിലും വേദന പടർത്തി,..
“ദേ അളിയാ എന്റെ ചേച്ചിയെ മര്യാദക്ക് നോക്കിക്കോണം,.. കരയിപ്പിക്കരുത് ” ശ്രേയയുടെ ഉണ്ടക്കണ്ണുകൾ നിറഞ്ഞിരുന്നു,…
“ഹേയ്,.. ഇല്ലടോ !” അവൻ അവളുടെ കവിളിൽ തട്ടി,..
“നോക്കൂല്ലന്നോ അതോ കരയിപ്പിക്കില്ലെന്നോ? ”
“കരയിപ്പിക്കില്ലെന്ന് !”
“എന്നാൽ പിന്നെ വണ്ടിയിൽ കേറിക്കോ !” അശോകന്റെ നിർദേശമെത്തി,..
“അരുൺ മോളെ വിളിക്ക് !”
“വാ ഋതിക!” അവൻ വിളിച്ചു,.
ഒരു കൊച്ചുകുട്ടിയെപ്പോലെയവൾ അമ്മയുടെ കൈ പിടിച്ചു തേങ്ങിക്കരഞ്ഞു,.
“അല്ല ഋതു , നീ ബാംഗ്ലൂർ തന്നെയല്ലേ പഠിച്ചത്? അന്നും വീട്ടുകാരെ വിട്ടല്ലേ നിന്നത്, ഇതൊക്കെ സർവ്വസാദാരണമല്ലെ?
കരുണ അൽപ്പം കടുപ്പത്തിലാണ് പറഞ്ഞത്, കാരണം ഇതൊക്കെക്കണ്ട് അവളുടെ ക്ഷമ നശിച്ചിരുന്നു,. അരുൺ അവളെ കടുപ്പിച്ചൊന്ന് നോക്കി,.. പിന്നെ ശാന്തമായി ഋതികയെയും,.
“വാടോ !”
അവൾ കണ്ണുതുടച്ചു,. ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞു,. അവനവൾക്ക് ഡോർ തുറന്നു കൊടുത്തു,..
മനസില്ലാമനസോടെ അവൾ കാറിൽ കയറി,. അരുണും യാത്ര പറഞ്ഞുകൊണ്ട് അവൾക്കൊപ്പം പുറകിൽ കേറി,.
ശരത്താണ് ഡ്രൈവർക്കൊപ്പം ഫ്രണ്ടിൽ കയറിയത്,..
അവൾ പിന്നെ പുറത്തേക്കെ നോക്കിയില്ല,. നിർവികാരയായി മുഖം കുനിച്ചിരുന്നു,.. പതിയെ കാർ മുന്നോട്ടേക്കെടുത്തു,.. കണ്ണുനീർ തുള്ളികൾ അവളുടെ മടിയിലേക്ക് ഇറ്റുവീണു,..
അരുൺ അവളുടെ കൈകൾക്ക് മേൽ കൈ വെച്ചതും അവൾ ഞെട്ടലിൽ കൈ വലിച്ചു,..
***********
“ഇതിന് പിന്നിൽ അവനാ !”
മുറിവുകൾ ക്‌ളീൻ ചെയ്യുന്ന വേദനകൾക്കിടയിൽ ആൽബി പറഞ്ഞു,..
“അതെങ്ങനെയാ ആൽബി ഉറപ്പിക്കുവാ? നമ്മളെ തല്ലിയവരെല്ലാം അവളുടെ റിലേറ്റീവ്സ് ആണെന്നല്ലേ പറഞ്ഞത്? ”
“ആണെന്നല്ലേ പറഞ്ഞത്, ഉറപ്പില്ലാലോ? ”
ഹരീഷ് തല താഴ്ത്തി,..
“അവന്മാരെക്കൂടി വിളിച്ചാൽ മതിയായിരുന്നു !” ഹരീഷിന്റെ ശബ്ദത്തിൽ നിസഹായത പ്രതിധ്വനിച്ചു,.
“നിനക്കിപ്പോ എന്റെ കൂടെ വന്നത് മണ്ടത്തരമായെന്ന് തോന്നുന്നുണ്ടോ? ”
“എടാ അങ്ങനല്ല !”
“ഹോസ്പിറ്റൽ ബില്ല് ഞാൻ കൊടുത്തോളാം പോരേ?”
ആൽബിയോട് ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് അവന് തോന്നി,…
************
“അയാം സോറി അരുൺ !” അവൾ പെട്ടന്ന് പറഞ്ഞു,.
“ഹേയ് എന്താടോ ഇത്, കരുണ പറഞ്ഞത് താൻ സീരിയസ് ആയി എടുക്കണ്ടാട്ടൊ, ഇടയ്ക്കവൾ അങ്ങനെയാ !”
“രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ജിത്തുഏട്ടൻ പോവൂല്ലോ, ചിലപ്പോൾ അതിന്റെ വിഷമം കൊണ്ടാവും, ഏട്ടത്തി ഡോണ്ട് വറി !” ശരത്ത് പറഞ്ഞു,.
അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു,..
“എനി വേ, അയാം ശരത്ത്, ഏട്ടന്റെ അമ്മായീടെ മോനാ !”
അവൻ ഷേക്ക്‌ഹാൻഡിനായി കൈ നീട്ടി,.. അവൾ അവന് കൈ കൊടുത്തു,..
“ഏട്ടത്തിക്ക് എന്ത് വിഷമമുണ്ടേലും ഒറ്റ കോൾ വിളിച്ചാൽ മതി, ഞാൻ ബാംഗ്ലൂർ നിന്ന് പറന്നിങ്ങ് വരും !”
“നീയാരാ സൂപ്പർമാനോ പറന്നു വരാൻ,… ”
“അല്ല സ്പൈഡർമാൻ,.. എന്ത് ചളിയാണേട്ടാ ഹോ !”
ഋതികയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു,..
ഹോ ചെക്കൻ പ്രതികാരം ചെയ്തതാണ്, സാരല്ല്യ എന്നെ തളർത്തിയപ്പോഴാണേലും അവളൊന്ന് ചിരിച്ചു കണ്ടല്ലോ,..
“ശരത്ത് ബാംഗ്ലൂരിൽ എന്താ ചെയ്യണത്? ”
“ഞാൻ പഠിക്കുവാ, മെക്കാനിക്കൽ എൻജിനീയറിങ് ! ഫൈനൽ ഇയർ !”
“ഓക്കെ, അവിടെ ഹോസ്റ്റലിൽ ആണോ? … ”
“അല്ല ഫ്രണ്ട്സിനൊപ്പം റൂമെടുത്ത് !”
അപ്പോൾ അവരായി അവരുടെ ലോകമായി, ഏത് നേരത്താണോ ദൈവമേ ചെക്കനെപ്പിടിച്ച് വണ്ടിയിൽ കേറ്റാൻ തോന്നിയത്,.. അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു,..
ശരത്തിന് ഏറെക്കുറെ കാര്യങ്ങൾ മനസിലായി,..
“ഏട്ടത്തി നമുക്ക് വീട്ടിൽ ചെന്ന് വിശദമായി പരിചയപ്പെടാം, പാവം ഏട്ടൻ പോസ്റ്റടിച്ചിരിക്കണ കണ്ടില്ലേ !”
ഋതിക അരുണിനെ നോക്കി, താൻ കൈ വലിച്ചത് അവന് വിഷമമായിട്ടുണ്ട്,. എന്ത് ചെയ്യും താൻ,. അരുൺ തന്റെ ഭർത്താവാണ് തന്നിൽ പൂർണ്ണഅവകാശമുള്ളവൻ,. താൻ അഡ്ജസ്റ്റ് ചെയ്തേ മതിയാവൂ,.
പുറത്തെന്തോ കൊണ്ട് കയറുന്ന വേദന,.. പിന്നെന്തോ ആണ്…
“അരുൺ ഈ പിന്നൊന്ന് അഴിച്ചു തരാവോ? ” അവൾ ചോദിച്ചു,.
അവൻ ഞെട്ടിപ്പോയി,. ഇവിടെ വെച്ച് ഇവരുടെ മുൻപിൽ വെച്ച്,..
“എന്തോ കൊണ്ട് കേറുന്നു അരുൺ !”
“എവിടെ? ”
“ഷോൾഡറിൽ, സാരി പിൻ ചെയ്തോടത്ത് !”
അവൻ ഒന്ന് മടിച്ചു,..
“ഞങ്ങളാരും നോക്കുന്നില്ല,. ഏട്ടൻ അഴിച്ചു കൊടുത്തോ !”
എന്തോന്നെടേ ഇത് എന്ന് ആലോചിച്ചു അവൻ അവളുടെ മുല്ലപ്പൂ പതിയെ മാറ്റി,.. ശരിയാണ് പിന്നഴിഞ്ഞു കൊണ്ട് കേറി ചോര വരുന്നുണ്ട്,..
അവൻ അത് അഴിച്ചെടുത്തതും ഋതികഒന്ന് പുളഞ്ഞു,..
“ചെറുതായിട്ട് മുറിവുണ്ട്,.. ചോര വരുന്നുണ്ട് !”
ചോരയെന്ന് കേട്ടതും അവളുടെ മുഖം ഭയചകിതമാവുന്നത് അവൻ ശ്രദ്ധിച്ചു,..
കക്ഷിക്കപ്പോ ചോര പേടിയാണ്
“ഒരു മിനിറ്റ് !”
അരുൺ അവളുടെ മുറിവിൽ ചുണ്ടുകളമർത്തി, അവൾ ഞെട്ടിപ്പോയി,.. ശരത്ത് വായും പൊളിച്ചിരുന്നു,..
“ഞങ്ങളിറങ്ങി തരണോ ഏട്ടാ? ”
“നീയല്ലേ നോക്കില്ലെന്ന് പറഞ്ഞത്, പിന്നെന്തിനാ നോക്കിയത്? ” അത്രയും നേരം സൈലന്റ് ആയിരുന്ന ഡ്രൈവറും വാ തുറന്നു,..
“ആ അങ്ങനെ ചോദിക്ക് ചേട്ടാ !” അരുണിന് ഒരാശ്വാസമായി,.
അവൻ ഒരിക്കൽ കൂടി അധരങ്ങൾ അമർത്തിയതും അവൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു,. അവന്റെ ഉമിനീർ അവളുടെ ചുമലിൽ പടർന്നു,. ശരീരത്തിൽ എവിടെയൊക്കെയോ ഒരു വൈബ്രേഷൻ അനുഭവപ്പെടുന്നത് അവളറിഞ്ഞു,.
അരുണും സമാന അവസ്ഥയിൽ തന്നെ ആയിരുന്നു,. ഇനിയും പിന്മാറിയില്ലെങ്കിൽ തനിക്ക് ചിലപ്പോൾ തന്റെ കണ്ട്രോൾ വിട്ടു പോകും, പിന്നെ അവർ വണ്ടിയിൽ നിന്നും ഇറങ്ങിത്തരേണ്ടി വരും,.. തനിക്കൊട്ടും കണ്ട്രോൾ ഇല്ലെന്നവൾ കരുതില്ലേ?
“കുഴപ്പമില്ല,.. ഇനി പെട്ടന്നുണങ്ങിക്കോളും !”
“മ്മ് !” ശരത്ത് അമർത്തി മൂളി,..
“എന്തോന്നാടാ? ”
“ഒന്നൂല്ലേ? പിന്നെ ആ സാരി അങ്ങനെ അഴിഞ്ഞു കിടന്നാൽ വീട്ടുകാരൊക്കെ എന്ത് വിചാരിക്കും? ”
അവൾക്കും അത് ശരിയാണെന്ന് തോന്നി,..
“ശരിയാ അരുൺ,.. ”
“എന്നാ പിന്നെ മുറിവിൽ തട്ടാതെ കുത്തിത്തരാം !”
അവൻ ഞൊറി പിടിച്ചു, കുറച്ചു കൂടെ ഇറക്കിക്കുത്തി,.. അവന്റെ കരസ്പർശമേക്കുമ്പോഴെല്ലാം തന്റെ ഫീലിങ്‌സിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട്,.. അതൊരുകണക്കിന് ഗുണമാണ്,. ഇനിയിപ്പോ താൻ സ്വയം മാറേണ്ട സ്ഥിതിക്ക്,..
“എന്താടോ താൻ ആലോചിക്കണത്? ”
“ഹേയ് ഒന്നൂല്ല !”
അരുണിന്റെ ആ വലിയ വീടിന്റെ ഗേറ്റ് കടന്ന് വണ്ടി അകത്തേക്ക് പ്രവേശിച്ചു,.. കാര്യമായിട്ട് ആളുകളൊന്നുമില്ല, അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രം, റിസപ്ഷൻ നാളെയാണ്,. അത്കൊണ്ട് ഇന്ന് വീട്ടിൽ നിന്നാരും വിരുന്നിന് ഇങ്ങോട്ടേക്ക് വരലുണ്ടാവില്ല,.. നാളെയാവും,..
അവളുടെ ചങ്കിടിപ്പിന്റെ ആഴം കൂടി,. പുതിയൊരു വീട്ടിലേക്ക് താൻ വലതുകാൽ വെച്ച് കേറാൻ പോകുന്നു,..
“ടെൻഷനാവണ്ടട്ടോ !”
അവൾ ഇല്ലെന്ന് തലയാട്ടി,..
“ആ ഏട്ടാ ഇറങ്ങിക്കോ !”
“മ്മ് ! ഋതിക!”
ഇരുവരുടെയും കണ്ണുകൾ ഒരു നിമിഷം ഇടഞ്ഞു,.
“ദേ കണ്ണും കണ്ണും നോക്കാൻ ഇഷ്ടം പോലെ ടൈം ഉണ്ടേ !”
ഋതിക തന്റെ നോട്ടം പിൻവലിച്ചു,..
അരുൺ പതിയെ അവളുടെ കൈകൾക്കിടയിൽ നിന്നും കൈ അയച്ചു,..
തനെപ്പോഴാണ് അരുണിന്റെ കൈകളിൽ പിടിച്ചത്?
“സോറി !” അരുൺ അവളെ നോക്കി പുഞ്ചിരിച്ചു,..
“വെൽക്കം ഹോം !”
അവൾ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി,.. ഗ്ലാസ് ഡോറിൽ ആരോ മുട്ടി,.. നിയയാണ്,..
“ഇറങ്ങിവാ നാത്തൂനേ !”
“വാടോ !”
അരുണും ഡോർ തുറന്ന് പുറത്തേക്കിറങ്ങി,.. നിയ ഋതികയ്ക്കായി ഡോർ തുറന്നു കൊടുത്തു,.. അവൾ പതിയെ ഇറങ്ങി,..
അവരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തയ്യാറായിരുന്നു,..
ശാരദ നൽകിയ നിലവിളക്കുമായി അവൾ വലതുകാൽ വെച്ച് പടികൾ കയറി താൻ മൂലം ഈ കുടുംബത്തിനൊരു ദോഷവും ഉണ്ടാവരുതേയെന്ന് പ്രാർത്ഥിച്ചുകൊണ്ട്,..
************
ചടങ്ങുകൾക്ക് ശേഷം നിയ അവളെ മുറിയിലേക്ക് കൂട്ടി,.
“ഇതല്ല,.. മേലെയാണ് ട്ടോ എട്ടത്തീടെ മുറി, അവിടേക്ക് രാത്രിയിലേ തൽക്കാലം പ്രവേശനമുള്ളൂ എന്നാ ഏട്ടൻ അറിയിച്ചത്, അതോണ്ട് തൽക്കാലം ഏട്ടത്തിക്ക് ഇവിടെ റസ്റ്റ് എടുക്കാം !”
നിയ പറഞ്ഞു,..
ഒറ്റ നോട്ടത്തിൽ തന്നെ അതവളുടെ മുറിയാണെന്ന് മനസിലായി, നിയയുടെ പല ഭാവത്തിലുള്ള ഫോട്ടോസ് അവിടെ ഫ്രെയിം ചെയ്തു വെച്ചിരുന്നു,..
പരിചയപ്പെടലുകളും ഫോട്ടോ സെഷനും ഒക്കെയായി അവൾ നന്നേ ക്ഷീണിച്ചിരുന്നു,..
“ഏടത്തി ഫ്രഷ് ആയിക്കോളൂ,.. ”
“ഡ്രസ്സ് ഇതാ,.. രാത്രിയിലേക്ക് വേറെ ഡ്രസ്സ് ഉണ്ട്,… ” അവൾ ഒരു ചുരിദാർ അവൾക്ക് നേരെ നീട്ടി
ഋതിക സാരിയുടെ പിന്നുകൾ അഴിക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു ,..
“ഞാൻ ഹെൽപ്പ് ചെയ്യണോ? ”
“ബുദ്ധിമുട്ടാവില്ലെങ്കിൽ മതി,.. ”
“എന്ത് ബുദ്ധിമുട്ട്,.. ആദ്യം ഈ ഓർണമെന്റ്സ് ഒക്കെ അഴിക്കാം,.. ”
ഋതിക ഓരോരോ ആഭരണങ്ങളായി അഴിച്ചു,..
“ഇതൊക്കെ ബോക്സിൽ ആക്കി ഏടത്തീടെ അലമാരയിൽ വെക്കാം !”
“അത് കുഴപ്പമില്ല, അമ്മേടെ കയ്യിൽ കൊടുത്താൽ മതി,.. ”
“ഹേയ് അമ്മ അങ്ങനത്തെ ഓൾഡ് ജനറേഷൻ അമ്മായിയമ്മയൊന്നുമല്ലട്ടോ,. ഭയങ്കര പാവവാ !”
നിയ ചിരിച്ചുകൊണ്ട് പറഞ്ഞു,..
ഋതികയുടെ തലമുടിയിലെ പിന്നുകൾ ഓരോന്നായി അവൾ അഴിച്ചുകൊടുത്തു,..
“ഇപ്പോഴാ ഏടത്തി ശരിക്കും സുന്ദരി ആയത്,. നമുക്കൊരു സെൽഫി എടുത്താലോ !”
“മ്,.. ” അവൾ തലയാട്ടി,..
അവൾ നിയയ്‌ക്കൊപ്പം ചേർന്നു നിന്നു,.
“നമുക്ക് ഏട്ടനെക്കൂടി വിളിച്ചാലോ !”
അവളുടെ മുഖമൊന്നു മങ്ങി,.
” എന്തേ വേണ്ടേ? ”
“കുഴപ്പമില്ല,.. ”
“എന്നാൽ ഒരു മിനിട്ട്,.. ഞാൻ ഇപ്പോ വരാം,. ”
നിയ വാതിൽ ചാരി പുറത്തേക്കിറങ്ങി,..
ഋതിക കണ്ണാടിയിലെ തന്റെ രൂപത്തെ നോക്കി,.. കഴുത്തിലവൻ കെട്ടിയ താലി, നെറുകിൽ അവൻ ചാർത്തിയ സിന്ദൂരം,.. താൻ അരുണിന്റേതായി മാറിയേ പറ്റൂ,.. അവൾ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു,.
“എന്തോന്നാടി? !”
തന്നെ പിടിച്ചു വലിച്ചുകൊണ്ട് വരുന്ന നിയയോട് അരുൺ ചോദിച്ചു,..
“ദേ ഇങ്ങ് വന്നൊന്ന് നോക്ക്,. ഒരു ടിക് ടോക് ചെയ്യാനുള്ള എല്ലാ സ്കോപ്പും ഇവിടെയില്ലേ?
ടിക് ടോക്കോ? പെണ്ണ് സെൽഫി മാറി ടിക് ടോക്കിൽ പിടിച്ചോ?
“നോക്ക് ഏട്ടാ, ഏടത്തിയെ ഒന്ന് നോക്കി നോക്ക് !”
നിയ പതിയെ വാതിൽ തുറന്നതും ഋതിക തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു,..
“കാവിലെ ഭഗവതി കണ്മുന്നിൽ വന്നു നിൽക്കുന്ന പോലില്ലേ? ”
നിയ ചോദിച്ചു, അരുണവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്, രണ്ടുപേർക്കും ഇതെന്താണ് പറ്റിയതെന്ന അർത്ഥത്തിൽ ഋതിക ഇരുവർക്കുമരികിലേക്ക് നടന്നു,..
“പറയ് ചെയ്താലോ? ”
“എന്ത് ചെയ്യണ കാര്യവാ? ”
“ടിക് ടോക് !” നിയ ആവേശത്തിൽ പറഞ്ഞു,..
“എനിക്കതിന് ടിക് ടോക് ഒന്നുമില്ല !”അരുൺ പറഞ്ഞു,.
“പക്ഷേ എനിക്കുണ്ടല്ലോ,.. “നിയ അപ്പോൾ തന്നെ ടിക് ടോക് ഓപ്പൺ ചെയ്തിരുന്നു,..
“ഞാൻ ടിക് ടോക് ഒന്നും ചെയ്താൽ ശരിയാവൂല്ല !”
“ഏടത്തി ഒഴിഞ്ഞുമാറണ്ട, ഞാൻ കണ്ടിട്ടുണ്ട് ശ്വേതയുടെ അക്കൗണ്ടിൽ, ശ്രീക്കൊപ്പം !”
“എടോ അതൊക്കെ വെറുതെ അവരുടെ കൂടെ ജസ്റ്റ് ഫൺ !”
“ഇവിടെയും അത് മതി,.. പ്ലീസ് !”
ഒടുവിൽ അവളുടെ നിർബന്ധത്തിന് വഴങ്ങി ആറാം തമ്പുരാനിലെ മാസ്സ് ഡയലോഗ് സീൻ ഇരുവരും ടിക് ടോകിലൂടെ റീക്രിയേറ്റ് ചെയ്തു,…
“ഏട്ടാ,.. അടിപൊളി, സൂപ്പർബ് ഇത് എന്തായാലും വൈറലാകും,.. ”
അപ്പോഴേക്കും അരുണിന്റെ ഫോൺ റിംഗ് ചെയ്തു,..
“ദേ സത്യം !”
“ശ്വേതയാ !” ഋതികയുടെ കണ്ണുകൾ വിടർന്നു,..
“ഹലോ പറയ് !”
“ഞാൻ ശ്രീയാ,. ഒന്ന് ഓൺലൈനിൽ വാ ”
“ഓ ആയിക്കോട്ടെ !” അവൻ കട്ട് ചെയ്തു നെറ്റ് ഓൺ ചെയ്തു,..
“വീഡിയോകോൾ ചെയ്യാന്ന് !ദാ,.. ഹലോ ഹായ്, ”
“ഹലോ, ചേച്ചി എവിടെ? ”
“ഓ അപ്പോ ചേച്ചിയെ മാത്രം കണ്ടാൽ മതി നമ്മളെയൊന്നും വേണ്ടാല്ലേ? ”
“രണ്ടാളേം കാണണം !”
“അങ്ങനാണേൽ ഓക്കേ.. ദോ തന്റെ ചേച്ചി,. ഇവിടെ ഒരു കുഴപ്പവുമില്ല !”
അരുണവളെപ്പിടിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി,. അവളിൽ ഒരു ഞെട്ടലുണ്ടായി, ശ്വേതയ്ക്കത് പെട്ടന്ന് മനസിലായി,..
അവൾക്ക് ബുദ്ധിമുട്ട് തോന്നിയെങ്കിലും അവളാ പിടി അയക്കാൻ മുൻകൈ എടുത്തില്ല,.
അവനോടൊപ്പം സന്തോഷമായി താനിരിക്കാനാണ് വീട്ടുകാർ ആഗ്രഹിക്കുന്നത്, അവരുടെ പ്രതീക്ഷകൾക്ക് താനായി മങ്ങലേൽപ്പിക്കുന്നത് ശരിയല്ല,..
എങ്കിലും അരുൺ തന്നോട് വല്ലാതെ അടുക്കാനായി ശ്രമിക്കുന്നില്ലേ എന്നൊരുസംശയം അവളെ പിടികൂടാതിരുന്നില്ല,.
ആ ഫോൺ വിളിയും ഒരു കരച്ചിലിലാണ് അവസാനിച്ചത്,..
“നാളെ, എല്ലാവരും ഇങ്ങോട്ട് വരും, നാലാം വിരുന്നിനു നമ്മൾ അങ്ങോട്ടും പോകും,.. പിന്നെ താനെന്തിനാ കരയണേ, ”
അവൾ മിഴികൾ തുടച്ചു,..
“ഈയൊരു രാത്രി എനിക്കൊപ്പം ഒന്ന് അഡ്ജസ്റ്റ് ചെയ്യടോ, പ്ലീസ്,.. ” അവളുടെ മിഴിനീർ തുള്ളികളെ അവന്റെ അധരം ഒപ്പിയെടുത്തു,..
അവൻ തന്നെ ചുംബിച്ചിരിക്കുന്നു, അരുണിന്റെ ആദ്യചുംബനം,..
“ഏട്ടാ,.. കള്ളാ,.. ഇത് ഫൗൾ ആണേ !”
“എന്ത് ഫൗൾ? ഞാനെന്റെ ഭാര്യയ്ക്ക് ഒരുമ്മ കൊടുത്തു അതിൽ ഇപ്പോ എന്താ തെറ്റ്? ”
“എന്നാലും !”
“അപ്പോ ഫ്രഷ് ആയിക്കോ,.. നമുക്ക് രാത്രി കാണാം !”
അവളുടെ ഉള്ളിൽ ഒരു ഭയം രൂപപ്പെട്ടു വന്നു,.
(തുടരും )
അനുശ്രീ ചന്ദ്രൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission