Skip to content

ഭദ്ര – പാർട്ട്‌ 12

aksharathalukal novel

കാറിന്റെ മുൻ സീറ്റിലായിരുന്നു ശങ്കരൻ….. പുറകിൽ ദത്തനും ഹരിയും……

കാർ കാളിയാർമഠത്തിന് മുന്നിൽ  എത്താറായി…… ശങ്കരൻ തിരിഞ്ഞു ദത്തനെ ഒന്നു നോക്കി…….

“വണ്ടിയിവിടെ നിർത്താം…….”

ഗോപി ഒന്നു സംശയിച്ചു….. തലേന്നത്തെ സംഭവം അത്ര പെട്ടെന്ന് മനസ്സിൽ നിന്നും മാഞ്ഞു പോകുന്നതല്ല……

ശങ്കരൻ ഗോപിയെ നോക്കി നിർത്താൻ തലയാട്ടി…….

ഡോർ തുറന്നു ദത്തൻ പുറത്തിറങ്ങി കൂടെ ശങ്കരനും……. ഇരുവരും കാളിയാർമഠം നോക്കി നിന്നു……. പതിയെ ഡോർ തുറന്നു ഹരിയും പുറത്തിറങ്ങി……..

ദൂരെ മുളങ്കാടുകൾക്കു നടുവിലായി ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു ഇല്ലം……. കണ്ടാൽ അറിയാം ആൾ താമസം ഈ ഇടക്കൊന്നും ഉണ്ടായ മട്ടില്ല…..

ഹരി ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി…….ദത്തൻ ഹരിക്ക് നേരെ തിരിഞ്ഞു……

“നമ്മുടെ യാത്രയുടെ ഉദ്ദേശം എന്താന്നറിയോ ഹരിക്ക്……. ”

“പൂജക്കായി…….. ”

“പൂജ മാത്രമല്ല……. മറ്റു ചിലതുടെ ഉണ്ട്…..എല്ലാത്തിന്റെയും തുടക്കം ദാ ആ കാണുന്ന തറവാട്ടിൽ നിന്നാണ്…… അച്ഛനെയോ അമ്മയെയ്യോ കണ്ട ഓർമ നിനക്കില്ല……. ”

ഒന്നു നിർത്തിയശേഷം വീണ്ടും തുടർന്നു…….

“നിന്റെയും എന്റെയും നഷ്ടങ്ങൾ തുടങ്ങിയതും ഇവിടെ നിന്നാണ്………. ”

ഹരിയുടെ നെറ്റിയിൽ ചുളിവുകൾ വീണു…… അവൻ രണ്ടടി മുന്നോട്ടു നടന്നു……. ഒരുപാട് ചോദ്യങ്ങൾ മനസ്സിലൂടെ പോയി……. പലതവണ ചോദിച്ചിട്ടുണ്ട് പറഞ്ഞിട്ടില്ല ആരും….. ഒന്നും…….

ദത്തൻ ഹരിയുടെ തോളിൽ കൈ വെച്ചു…..

“ഹരീ…… ”

അവൻ തിരിഞ്ഞു കാറിലേക്ക് നടന്നു…….കണ്ണുകൾ കലങ്ങിയിരുന്നു……. ശങ്കരൻ ദത്തനെ നോക്കി….. ഇരുവരും കാറിൽ കയറി……..

കാർ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു……..

പുറത്തെ കാഴ്ചകൾ മുന്നോട്ടു പാഞ്ഞെങ്കിലും ദത്തന്റെ കണ്ണുകളിൽ കാഴ്ചകൾ  പിന്നിലേക്ക് പോയി…….. കാലങ്ങൾ പിന്നിലേക്ക്……..

കണ്ണുകളടച്ചു പിന്നിലേക്ക് ചാഞ്ഞിരുന്നു  ദത്തൻ പറയാൻ തുടങ്ങി…….

 

 

മന്ത്ര തന്ത്ര വിദ്യകളിൽ കേമന്മാരായിരുന്നു ചെമ്പകശ്ശേരി  തറവാട്ടുകാർ ……പ്രശ്നങ്ങളുമായി തങ്ങളുടെയടുക്കൽ  വന്നിരുന്നവരെ ഒരിക്കലും  നിരാശരാക്കിയിട്ടില്ല…….

ബാധ ഒഴിപ്പിക്കലും നാട്ടു ചികിത്സയും എല്ലാം സമം ചേർന്നുള്ള മുറകളാണ് അവർ ചെയ്തിരുന്നത്……

ക്ഷുദ്ര കർമങ്ങളെ എതിർത്തു നിന്നിരുന്നതിനാൽത്തന്നെ ശത്രുക്കൾക്കും ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല…….

ചില അവസരങ്ങളിൽ അവർ പരസ്പരം നേരിട്ട് കൊമ്പ് കോർക്കുകയും ചെയ്യാറുണ്ട്…… എന്നാൽ വിജയം എല്ലായ്‌പ്പോഴും സത്യത്തിന്റെ ഭാഗത്തു നിന്നു…….

 

 

ഒരു കാലത്ത് ചെമ്പകശ്ശേരി തറവാട്ടിൽ പെൺകുട്ടികൾ ജനിക്കാതായി…….ഒരു പെൺകുഞ്ഞുണ്ടാകാൻ എല്ലാവരും കാത്തിരുന്നു……..ദേവിപ്രീതി കുറഞ്ഞു വരുന്നു എന്നാണ്  പ്രശ്നത്തിൽ തെളിഞ്ഞത് ……..

അന്നത്തെ അവകാശിയായ ദേവനാരായണൻ  ദേവിയെ പ്രീതിപ്പെടുത്തി പ്രത്യക്ഷപ്പെടുത്തി…….

സംതൃപ്തയായ ദേവി  ദേവനാരായണന്‌ ദൈവികാംശത്തോടെ  ഒരു പെണ്കുഞ്ഞു ജനിക്കുമെന്നു വരം കൊടുത്തു……കൂട്ടത്തിൽ ഉഗ്രമന്ത്രങ്ങൾ അടങ്ങിയ താളിയോലക്കെട്ടുകളും നൽകി അനുഗ്രഹിച്ചു…….

അന്ന് ദേവി നൽകിയ താളിയോലകൾ ഒരു രഹസ്യ അറയിൽ വെച്ചു……. കരി നാഗത്തെ കാവലാക്കി…….. ദേവിയെ കുടിയിരുത്തി മാന്ത്രിക വിദ്യകൾ ദേവനാരായണൻ ഹൃദിസ്ഥമാക്കി……. നാൾക്കുനാൾ ചെമ്പകശ്ശേരി തറവാടിന്റെ പേരും യശസ്സും കൂടി  വന്നു……

വൈകാതെ അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവർ വരെ ചെമ്പകശ്ശേരി തറവാട്ടിലേക്കെത്തി……..

തൊട്ടടുത്തുള്ള ഗ്രാമത്തിൽ തന്നായിരുന്നു കാളിയാർ മഠവും…… ക്ഷുദ്രകർമങ്ങളിൽ പ്രഗത്ഭരായിരുന്നവർ……. കാശിനുവേണ്ടി അവരെന്തും  ചെയ്തുപോന്നിരുന്നു……..

മനുഷ്യ കുരുതി നടത്തി അവർ സിദ്ധികൾ വർധിപ്പിച്ചു……..പിന്നെ പിന്നെ ചെമ്പകശ്ശേരി തറവാടിന്റെ മുന്നിൽ  തോറ്റുപോയ കാളിയാർ മഠത്തിലേക്ക് ആരും ചെല്ലാതായി…….

കാളിയാർ മഠത്തിന്റെ അധിപനായ നരേന്ദ്രന് അതിൽ നിന്നുണ്ടായ പകയും അസൂയയും നാൾക്കുനാൾ വർധിച്ചു വന്നു…….കാളിയാർമഠം കണ്ടത്തിൽവെച്ചേറ്റവും ക്രൂരനും ദുഷ്ടനുമായ കർമ്മിയുമായിരുന്നു നരേന്ദ്രൻ……..

ദേവനാരായണനെ തകർക്കാൻ കാലവും സന്ദർഭവും നോക്കി ഇരുന്നു നരേന്ദ്രൻ…..

വൈകാതെ ദേവനാരായണന്‌ ഭാര്യ  ലക്ഷ്മിയിൽ ഒരു പെണ്കുഞ്ഞു ജനിച്ചു…..അവർ ഗൗരിയെന്നു കുഞ്ഞിന് പേരിട്ടു……ഒരു രാജകുമാരിയെപ്പോലെ അവളെ എല്ലാരും ലാളിച്ചു വളർത്തി……

അവൾക്കു അഞ്ചു  വയസ്സുതികഞ്ഞപ്പോൾ പിൻകഴുത്തിലായി ഒരു ചന്ദ്രക്കല പ്രത്യക്ഷമായി…….ശത്രുക്കളുടെ മുന്നിൽ പെടാതെ അവളെ തറവാട്ടിൽ ഗുരുക്കന്മാരെ വരുത്തി വിദ്യ അഭ്യസിപ്പിക്കാൻ തുടങ്ങി………

നരേന്ദ്രന്റെ ക്ഷുദ്ര പ്രയോഗങ്ങൾ കൂടി വന്നു……. ദേവശക്തികൾ ക്ഷയിച്ചു നിൽക്കുന്ന അത്യപൂർവമായി വരുന്ന അമാവാസിയിൽ നരേന്ദ്രൻ ദേവനാരായണന് നേരെ  ആഞ്ഞടിച്ചു….. ഒരു പരിധിവരെ ദേവനാരായണൻ പൊരുതി നിന്നു…….

അതിൽ ഇരു കൂട്ടർക്കും നാശനഷ്ടങ്ങൾ ഉണ്ടായി……ഒടുവിൽ നരേന്ദ്രനെ തോല്പിക്കാൻ അതേ നാണയം തന്നെ പ്രയോഗിക്കേണ്ടി വന്നു ദേവനാരായണന്‌……കണക്കു കൂട്ടൽ ശകലം പിഴച്ച നരേന്ദ്രന് പരാജിതനാകേണ്ടി വന്നു…..

ആദ്യമായും അവസാനമായും ക്ഷുദ്രപ്രയോഗം നടത്തി……. അവസാന വിജയം ദേവനാരായണനെ തേടി എത്തി……

 

എന്നാൽ…….

 

താളിയോലകൾ  അടങ്ങിയ അറ ദേവനാരായണന്‌ മുന്നിൽ അടക്കപ്പെട്ടു……..പ്രശ്നങ്ങളിൽ ഒന്നും തെളിയാതായി…….തറവാട്ടിൽ അനിഷ്ടങ്ങൾ കണ്ടു തുടങ്ങി……. പൂജകൾ ഫലവത്താകാതായി……..

പല ദുർ  മരണങ്ങളും തറവാട്ടിൽ സംഭവിച്ചു തുടങ്ങി……. ചെമ്പകശ്ശേരി തറവാടിന്റെ നാശമായിരുന്നു പിന്നീടങ്ങോട്ട്…….. ആരും അങ്ങോട്ടേക്ക് സഹായത്തിനായി വരാതായി……….

 

നാട്ടിൽ പ്രശ്നങ്ങൾ കൂടി വന്നു…… രാത്രി കാലങ്ങളിൽ പുറത്തിറങ്ങി നടക്കാൻ പറ്റാതായി……. ദുർമന്ത്രവാദികൾ പൂണ്ടുവിളയാടി…….. പെൺകുട്ടികൾ പകൽ സമയം പോലും പുറത്തിറങ്ങാൻ ഭയപ്പെട്ടു…….

കന്യകമാരായ പെൺകുട്ടികളും പിഞ്ചു കുഞ്ഞുങ്ങളും അപ്രത്യക്ഷമായികൊണ്ടിരുന്നു…….. ദിവസങ്ങൾ കഴിയുമ്പോൾ ഏതേലും വയലോരങ്ങളിൽ ചേതനയറ്റ അവരുടെ മൃതദേഹങ്ങൾ കണ്ടു കിട്ടി……..

നിവർത്തികേട്‌ കൊണ്ട് എല്ലാവരും നരേന്ദ്രനെ സമീപിച്ചു തുടങ്ങി……  തുടങ്ങി……പ്രശ്നങ്ങളും പരിഹാരങ്ങളും അവിടെ തന്നെ…….

ദുഷ്ടജന്തുക്കളെ വിട്ടു വഴിപോക്കരെ ഉപദ്രവിച്ചും…… അവരിൽ ബുദ്ധിഭ്രമം സൃഷ്ടിച്ചും ഹരം കണ്ടെത്തി നരേന്ദ്രൻ.. ……..

പകൽ സമയത്തു സഹായിച്ചും രാത്രികാലങ്ങളിൽ ഉപദ്രവിച്ചും നരേന്ദ്രൻ പണം വാരിക്കൂട്ടി……..

പെൺകുട്ടികൾ രാത്രി കാലങ്ങളിൽ അവർപോലുമറിയാതെ നരേന്ദ്രനടുക്കൽ എത്തി…… ചോദിക്കാൻ ചെന്നവരൊന്നും പിന്നീടുള്ള പുലർകാലങ്ങൾ കാണാൻ ഉണ്ടായില്ല……..

എല്ലാം കണ്ടു മനം മടുത്തു ദേഹത്യാഗത്തിനൊരുങ്ങി ദേവനാരായണൻ…….ഹോമകുണ്ഡത്തിലേക്കു നടന്നിറങ്ങിയ ദേവനാരായണന്‌ മുന്നിൽ ദേവി പ്രത്യക്ഷപെട്ടു…….

ദേവിയുടെ കാൽകൽവീണ ദേവനാരായണനെ ദേവി ഓർമിപ്പിച്ചു……ക്ഷുദ്ര പ്രയോഗങ്ങളിലൂടെ ദേവനാരായണന് തന്റെ സിദ്ധി നഷ്ടപ്പെട്ടിരിക്കുന്നു…….. കൂടെ നിന്നിരുന്ന ദേവകളൊക്കെ പിൻതിരിഞ്ഞു നില്കുന്നു……

ദേവീചൈതന്യമുള്ള ഗൗരി വിളക്ക് വെച്ചു അറ തുറക്കുക……. മന്ത്രങ്ങൾ അവളെ ഹൃദിസ്ഥമാക്കിക്കുക…….ശത്രുക്കളെ ഇല്ലാതാക്കാൻ അവൾക്കേ കഴിയൂ……. അവളിലൂടെയേ ഇനി ഒരു തിരിച്ചു വരവുള്ളു……..

പിന്നെയൊട്ടും താമസിച്ചില്ല ഗൗരിയെ പുതിയവകാശിയായി ഇരുത്തി…….കുറച്ചകലെയായി ഉള്ള തന്റെ ഉറ്റ സുഹൃത്തും മന്ത്രവാദത്തിൽ നിപുണനുമായ മനക്കൽ തറവാട്ടിലെ അച്യുതക്കുറുപ്പിനെ ഏല്പിച്ചു…….തന്റെ മാന്ത്രിക ശക്തിയാൽ ഗൗരിയെ നരേന്ദ്രന്റെ കണ്ണിൽനിന്നും മായ്ച്ചു നിർത്തി അച്യുതക്കുറുപ്പ്………

താളിയോലകൾ ഉള്ള അറ ഗൗരിക്ക് മുന്നിൽ തുറക്കപ്പെട്ടു……… അതിൽ ചുറ്റികിടന്ന കുഞ്ഞു നാഗം പത്തി ഉയർത്തി ആടിയ  ശേഷം ഇഴഞ്ഞിറങ്ങി തൊട്ടടുത്തായി നിന്ന ആൽമര ചില്ലകളിലൊന്നിൽ തൂങ്ങി കിടന്നു………..

വിളക്ക് കത്തിച്ചു പീഠത്തിലിരുന്നു അച്യുതക്കുറുപ്പ് ഗൗരിക്ക് മന്ത്രങ്ങൾ ഉരുവിട്ട് കൊടുത്തു……..

 

നാളുകൾ കടന്നുപോയി…….. ഇതിനിടയിൽ ദേവനാരായണന്‌ രണ്ടാമതൊരു പെണ്കുഞ്ഞു കൂടി പിറന്നു…… അവളെ സേതുമതിയെന്നു പേരിട്ടു…….ചേച്ചിയുടെ കൂടെ കുഞ്ഞ് സേതുവും പഠനമാരംഭിച്ചു……..

പതുക്കെ പതുക്കെ മന്ത്രവിദ്യകൾ അവൾക്കു വഴങ്ങി തുടങ്ങി………ദേവീ പ്രീതിയാൽ നിറഞ്ഞു നിന്നു ഗൗരിയുടെ കർമങ്ങൾ……… ഗൗരിയുടെ പേരിൽ ചെമ്പകശ്ശേരി അറിയാൻ തുടങ്ങി…… ആളുകൾ ചെമ്പകശ്ശേരി തറവാട്ടിലേക്കൊഴുകി…….

 

ഇത്രയും നാൾ താനിത് അറിയാതെപോയതിൽ തന്നോട് തന്നെ പുച്ഛം തോന്നി നരേന്ദ്രന് ……. സഹിക്കാൻ പറ്റുമായിരുന്നില്ല…….. ഒരു പെണ്ണിന് മുന്നിലാണ് ഈ പരാജയം…….

മന്ത്രങ്ങളിലൂടെ നടക്കില്ല തന്ത്രങ്ങളാണ് വേണ്ടതെന്ന തിരിച്ചറിവിൽ പുതിയ ചതി മെനഞ്ഞു തുടങ്ങി നരേന്ദ്രൻ……..

വിധി പ്രകാരം ചെമ്പകശ്ശേരി  തറവാട്ടിലെ ദേവി ചൈതന്യമുള്ള പെൺകുട്ടിക്ക് മാത്രമേ ആ താളിയോലകൾ സ്പർശിക്കാൻ ആകൂ……

കരിനാഗം കാവലിരിക്കുന്ന താളിയോലകൾ സ്വന്തമാക്കുക അത്ര എളുപ്പമല്ല……. അവ സ്വന്തമാക്കിയാൽ തന്നെ ആർക്കും തോല്പിക്കാൻ പറ്റില്ല…..അജയ്യനായി തീരും താൻ എന്നു നരേന്ദ്രൻ തിരിച്ചറിഞ്ഞു……

മുന്നിലിരുന്ന ഉരുളിയിലെ അരളിപ്പൂക്കൾ നീക്കി നോക്കി നരേന്ദ്രൻ

അതിൽ ഗൗരിയുടെ പ്രതിബിംബം തെളിഞ്ഞു വന്നു……. നരേന്ദ്രന്റെ കണ്ണുകൾ വിടർന്നു……. താനിന്നുവരെ കണ്ടതിലും അനുഭവിച്ചതിലും ഉള്ള പെണ്ണുങ്ങളെ കുറിച്ചോർത്തു അറപ്പു തോന്നി…….. ഇങ്ങനൊരു പെണ്ണിനെ ആദ്യമായി കാണുകയാണ്……..ലക്ഷണമൊത്ത പെണ്ണ്…….

 

അരക്കൊപ്പം കുളത്തിലെ വെള്ളം തേവിക്കളിക്കുകയാണ് ഗൗരി…… ചുറ്റിനും താമരപ്പൂക്കൾ  ഇളംകാറ്റിൽ ആടികളിക്കുന്നുണ്ട്…….. അവൾക്കു നേരെ വെള്ളം തെറിപ്പിക്കുന്ന മറ്റൊരു പെൺകുട്ടി…… അവളും ഒട്ടും മോശമല്ല……..

മുകളിലേക്കു ഉയർത്തിക്കെട്ടിയ മുടിയിഴകളിൽ നിന്ന് ചിലതൊക്കെ കഴുത്തിലേക്കിറങ്ങി നില്കുന്നു……. വെണ്ണപോലുള്ള പിൻകഴുത്തിൽ തെളിഞ്ഞു നിന്ന ചന്ദ്രക്കലയിൽ നരേന്ദ്രന്റെ കണ്ണുകൾ ഉടക്കി നിന്നു……..

“ഗൗര്യേച്ചി വാ……. പോകാം…….. ”

“നീ കേറിക്കോ ഞാൻ വരാം…… ”

“താമസിച്ചാൽ അമ്മ വഴക്കുപറഞ്ഞെന്നെ കണ്ണുപൊട്ടിക്കും…….. ”

“നീ കേൾക്കണ്ട ഞാൻ കേട്ടോളാം……. ”

“അതിന് ചേച്ചിയെ ആരും ഒന്നും പറഞില്ലലോ……. ദേവിയല്ലേ…….. ”

കുറുമ്പ് പറഞ്ഞപ്പോൾ സേതുവിന്റെ മൂക്ക് കൂർത്തു വന്നു……അത്‌ കണ്ടു ഗൗരിക്ക് ചിരി വന്നു……

“നമുക്ക് കുറച്ചൂടെ കഴിഞ്ഞ് പോകാം സേതുട്ടി…….എന്തു രസമാ ഇങ്ങനെ വെള്ളത്തിൽ പൊന്തി കിടക്കാൻ……ശരീരത്തിലെ ഭാരമെല്ലാം ഇല്ലാണ്ടായപോലെ…….. ”

“ചിലനേരം ഈ ചേച്ചിക്ക് വട്ട…….. പ്രതേകിച്ചു ഈ കുളത്തിലിറങ്ങിയാൽ……..പിന്നേ……..  ”

“ദേ സേതൂട്ടി വേണ്ടാ……. ങ്ങാ……. ”

പറയാൻ വന്നത് സമ്മതിക്കാതെ സേതുന്റെ വായടപ്പിച്ചു ഗൗരി….. ഒന്നു ചിരിച്ചിട്ട് വെള്ളത്തിൽ മുങ്ങി പൊങ്ങി……

സേതു പതിയെ പടവുകളിലേക്കു നീന്തി…..

ഒരു മത്സ്യത്തിന്റെ മെയ്‌വഴക്കത്തോടെ മുന്നോട്ടു നീന്തി ഗൗരി  താമരപ്പൂക്കൾക്കടുത്തെത്തി……. അതില്നിന്നൊരു പൂവിറുത്തവൾ കവിളോട് ചേർത്തുവെച്ചു……. അപ്പോഴാണ് ഗൗരിയുടെ മുഖം വെക്തമായി കാണുന്നത്………

വീതിയുള്ള നെറ്റി…… ഭംഗിയുള്ള പുരികത്തിനു നടുവിലായി പടർന്നു കിടക്കുന്ന ചുമന്ന പൊട്ട്…… വിടർന്ന   കണ്ണുകൾ….. മുന്തിരി പോലുള്ള കൃഷ്ണമണികൾ….. കണ്മഷി പടർന്നിരുന്നാലും അതിനുമൊരു പ്രതേകം ഭംഗി…….നീണ്ട നാസികക്ക് താഴെ നനുത്ത സ്വർണ രോമങ്ങൾ……. താമരപ്പൂവിന്റെ നിറമുള്ള അധരം…..മേൽചുണ്ടിനു മുകളിലായി കറുത്ത പുള്ളി അവളിലെ സൗന്ദര്യത്തെ എടുത്തുകാട്ടി…….

ഓടി ചെന്നു കോരി എടുക്കാൻ തോന്നി നരേന്ദ്രന്…….. മനസ്സുടൻ വിലങ്ങിട്ടു…….. അരുത്………ആവേശം ചിലപ്പോൾ നല്ലതിനാവില്ല……..ഇനിയൊരു പരാജയം ഉണ്ടായിക്കൂടാ

“ഇത്രയും നാൾ താളിയോല മാത്രമായിരുന്നു ലക്ഷ്യം…….. ഇപ്പോൾ ഒന്നു കൂടി…….ഗൗരി…….. ദേവി തന്നെയാണവൾ……… വിട്ടുകൊടുക്കില്ലാർക്കും സ്വന്തമാക്കാൻ……. നരേന്ദ്രനുള്ളതാണതും……….അവൾ മാത്രമല്ല…….. പടവുകളിലേക്കു കയറുന്ന സേതുമതിയുടെ ദേഹത്തും നരേന്ദ്രന്റെ കാമ കണ്ണുകൾ കൊരുത്തു നിന്നു…… ”

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഭദ്ര – പാർട്ട്‌ 12”

Leave a Reply

Don`t copy text!