ചെമ്മൺ പാതയിലൂടെ പൊടി പറത്തിക്കൊണ്ട് ശ്രീയുടെ ഡ്യൂക്ക് വരുന്നത് കണ്ടപ്പോൾ തന്നെ ലക്ഷ്മിയുടെ ഹൃദയമിടിപ്പ് കൂടി .
ഇല്ല ഇനി പിന്നോട്ടില്ല.
ഇന്നെങ്കിലും തന്റെ ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിൽ ഹൃദയംപൊട്ടി മരിക്കും.
ശ്രീ മാത്രമല്ല അവന്റെ കൂട്ടുകാരൻ കൂടിയുണ്ട് എന്തും വരട്ടെ എന്ന് കരുതി ബൈക്കിനു കൈകാണിച്ചു.
ബൈക്ക് കുറച്ചു മുന്നോട്ട് നീക്കി നിർത്തി ഒരുവശം ചരിഞ്ഞു കൊണ്ട് ശ്രീഹരി ഗാംഭീര്യത്തോടെ ചോദിച്ചു.
“എന്താ ?”
ആ നോട്ടം അവളുടെ ഹൃദയത്തിലേക്കാണ് തറച്ചത്.
” അതുപിന്നെ ……”
അവൾ വിയർക്കാൻ തുടങ്ങി.
ലക്ഷ്മിക്ക് വാക്കുകൾ പുറത്തേക്കു വന്നില്ല
“നിൻറെ ബ്ബ ബ്ബ ബ്ബ കേൾക്കാനല്ല ഞാൻ വണ്ടി നിർത്തിയത് ,കാര്യം പറയെടീ”
അവൻ ക്ഷോഭത്തോടെ പറഞ്ഞു.
എനിക്ക് ശ്രീയേട്ടനെ ഇഷ്ടമാണ് ഒരുപാട് . അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
അത് കേട്ട് ശ്രീ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.
” കേട്ടോടാ മഹീ ഇവൾക്ക് എന്നോട് പ്രേമമാണെന്ന് ”
അവന്റെ പരിഹാസം നിറഞ്ഞ ചിരി കണ്ടപ്പോൾ കൂട്ടുക്കാരനും ഒരു വഷളൻ ചിരിയുണ്ടായി.
നാട്ടിൽ വേറെ ആണുങ്ങളെയൊന്നും കിട്ടിയില്ലേ പെണ്ണേ നിനക്ക് പ്രേമിക്കാൻ ? കാമുകിയുള്ള ഇവനെ തന്നെ വേണോ ?
ഞാനും ഈ നാട്ടുക്കാരൻ തന്നെയാ മഹി അവളെ ആകെയൊന്ന് ഉഴിഞ്ഞു കൊണ്ട് ചോദിച്ചു….
”മഹി വിട്ടുകള പാവം പ്രേമം തലയ്ക്ക് പിടിച്ച് വന്നതല്ലേ ? എന്തായാലും ഇങ്ങോട്ട് വന്ന സ്ഥിതിക്ക് ഞാനും ഇവളെ പ്രേമിച്ചാലോ ഞാൻ റെഡിയാ . എന്റെ മനസ്സ് ഞാനേതായാലും വേറൊരാൾക്ക് കൊടുത്തു ബാക്കിയുള്ളത് ഈ ശരീരം മാത്രം അത് മതിയോ ?
ഇന്ന് രാത്രി തന്നെ നിന്നെ ഞാൻ സ്നേഹിക്കാം.. വേണമെങ്കിൽ ഇവനെയും കൂട്ടാം എത്രയാ നിന്റെ റേറ്റ് എന്നു മാത്രം പറഞ്ഞാൽ മതി നീ വിളിക്കുന്ന സ്ഥലത്ത് ഞാനെത്താം.
ശ്രീയേട്ടാ …… നിർത്ത് അവൾ ആക്രോശിച്ചു..
ഇത്രയും തരം താണ രീതിയിൽ എങ്ങനെ നിങ്ങൾക്ക് പറയാൻ കഴിയുന്നു. മനസ്സിൽ തോന്നിയ ഇഷ്ടം തുറന്ന് പറഞ്ഞതിനാണോ ഇങ്ങനെയൊക്കെ? ”
അവൾ നിന്നു വിതുമ്പി
“പിന്നെ ? ചിറക്കൽ ശ്രീഹരിയെ പ്രേമിക്കാൻ മാത്രം എന്തു യോഗ്യതയാടീ നിനക്കുള്ളത്? നീയെന്തു കരുതി നിന്നെ ഇഷ്ടമാണെന്ന് പറയുമ്പോൾ ഞാൻ സമ്മതം മൂളി നിന്നെ കെട്ടിലമ്മയായി വാഴിക്കുമെന്നോ ?
തന്തയാരെന്നറിയാത്ത നിന്നെയൊക്കെ ആര് കെട്ടാനാ ?
“ശ്രീയേട്ടാ എപ്പോഴൊക്കെയോ ഈ മുഖം എന്റെ മനസ്സിൽ പതിഞ്ഞു പോയി അർഹതയില്ലെന്നറിയാം എന്നാലും മനസ്സിലുള്ള സ്നേഹം നിങ്ങളെ അറിയിക്കാതെയിരുന്നാൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന അപരാധമായിരിക്കും…”
“അച്ഛനില്ലാതെയാണ് ഞാൻ വളർന്നത് പക്ഷേ എനിക്കും ഒരു അച്ഛനുണ്ട്. അതാരാണെന്ന് എനിക്കറിയില്ല. അറിയാൻ ഞാൻ ശ്രമിക്കും..”
അവൾ മിഴികൾ ദൂരേക്ക് പായിച്ചുകൊണ്ട് പറഞ്ഞു.
“ആദ്യം നീ നിന്റെ തന്തയെ കണ്ടുപിടിക്ക് നിന്റെ തള്ള പറഞ്ഞു തന്ന സൂത്രം ആയിരിക്കും ഏതെങ്കിലും പുളിങ്കൊമ്പിൽ ചെന്ന് പിടിക്കാൻ അത് ഈ ശ്രീഹരിയുടെ അടുത്ത് ചെലവാകില്ല..നിന്റെ പൂതി തീർക്കാനാണെങ്കിൽ ഞാൻ വരാം ഇപ്പോൾ നിന്ന് വിയർക്കാതെ മോള് ചെല്ലാൻ നോക്ക് പ്രേമിക്കാൻ വന്നേക്കുന്നു ത്ഫൂ …..”
അവൻ നീട്ടിയൊന്ന് തുപ്പി കൊണ്ട് ബൈക്ക് സ്റ്റാർട്ടാക്കി പോയി..
“എന്നാലും ശ്രീ ആ കൊച്ചിനോട് ഇങ്ങനെയൊന്നും പറയണ്ടായിരുന്നു. നിന്നെ തേച്ചിട്ട് പോയ കീർത്തിയേക്കാളും ഭംഗിയുണ്ട് അവളെ കാണാൻ ശരിക്കും ഒരു ഗ്രാമീണ പെൺകുട്ടി. പേരു പോലെ തന്നെ ലക്ഷ്മിയാണവൾ മഹാലക്ഷ്മി ……”
“എന്നാ പിന്നെ നീ കെട്ടിക്കോടാ അവളെ . തന്തയാരെന്നറിയാത്ത ……”പറയാൻ വന്ന വാക്ക് പാതിയിൽ അവൻ വിഴുങ്ങി
“കണ്ണാടിയിലൂടെ നോക്കിയപ്പോൾ അവൾ അവിടെ തന്നെ നിൽക്കുന്നുണ്ട്. ദാവണി തുമ്പ് ഒരു കൈയ്യാൽ പിടിച്ച് മറു കയ്യാൽ മുഖം തുടച്ച് കാറ്റത്ത് പറക്കുന്ന മുടിയിഴകളുമായി ഒരു ദേവതയെ പോലെ ….. മനസ്സിൽ ഒരു നുറുങ്ങുവെട്ടം വന്നെങ്കിലും അവനത് പുറത്തു കാട്ടിയില്ല..
“നാശം ഇന്നത്തെ മൂഡ് പോയി ” വീട്ടിലേക്കുള്ള വഴിയിലേക്ക് പോകാതെ വണ്ടി അവൻ അടുത്തുള്ള ബാറിലേക്ക് തിരിച്ചു…
ബാറിലെത്തി ഒരു കുപ്പി ബിയറടിച്ചപ്പോഴേക്കും ശ്രീ വീലായി കഴിഞ്ഞിരുന്നു..
“ബിയർ കുടിച്ച് പറ്റാകുന്ന ലോകത്തിലെ ആദ്യത്തെയാള് നീയാ ശ്രീ ” മഹി കളിയാക്കി
” എന്നാലും അവളൊരു പെണ്ണല്ലെടാ ഇങ്ങോട്ട് കയറി ഇഷ്ടാന്നൊക്കെ പറയാമോ ? ”
എന്റെ ശ്രീ അതൊക്കെ പണ്ട് കാലത്ത് . ഇന്ന് ബീവറേജിന്റെ ക്യൂവിൽ വരെ പെണ്ണുങ്ങളെ കാണാം. അവൾക്കിഷ്ടം തോന്നി അത് നിന്നോട് പറഞ്ഞു. അതിലെന്താണിത്ര തെറ്റ്?”
” ഞാനല്ലേ അവളോട് അങ്ങോട്ട് പറയേണ്ടത് ഒരു പാട് നാളായിട്ട് മനസ്സിൽ കൊണ്ടു നടക്കുന്നതാ അവളെ ” അവൻ ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് വീണ്ടും ബിയർ പകർന്നു.
“എന്നിട്ടാണോ അവളോട് വേണ്ടാധീനം പറഞ്ഞത്. അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ നിനക്കത് അവളോട് പറയാമായിരുന്നില്ലേ ” മഹി ബിയർ ഗ്ലാസ്സ് ഒറ്റവലിക്ക് കുടിച്ചു കൊണ്ട് പറഞ്ഞു
” അതൊന്നും ശരിയാവില്ലെടാ . ഒന്നാമത് കീർത്തിയോടുള്ള ദേഷ്യത്തോട് വരുകയായിരുന്നു. എന്റെ കൈയ്യിലെ കാശ് കൊണ്ട് തിന്നിട്ട് ഇപ്പോ അവള് കല്യാണം ക്ഷണിക്കാൻ വന്നിരിക്കുന്നു. അതിന്റെ ഇടയിലാ ലക്ഷ്മി കയറി വന്നത് കീർത്തിയോടുള്ള ദേഷ്യം മുഴുവൻ അവളോട് തീർത്തു ”
” അല്ലാ ശ്രീ നീ കുറച്ച് മുമ്പ് എന്താ പറഞ്ഞേ ഒരു പാട് നാളായി ലക്ഷ്മിയെ മനസ്സിൽ കൊണ്ടു നടക്കാണെന്നോ ? നീ ഇതുവരെ ഒന്നു സൂചിപ്പിച്ചു പോലും ഇല്ലല്ലോ?”
“അതൊരു പാട് കാലം മുമ്പുള്ള ഒരു സംഭവം തൊട്ട് മനസ്സിൽ പതിഞ്ഞതാ . ” അത് ഞാൻ വഴിയെ പറയാം ഇപ്പോ നീയൊരു ബിയർ കൂടി പറ മഹീ ”
” ഇനി വേണ്ട, ഇപ്പോൾ തന്നെ നീ ഓവറാ ”
” അത് നിനക്ക് തോന്നുന്നതാ അത്ര പെട്ടെന്നൊന്നും ഈ ശ്രീ വീലാവില്ല ” അതു പറയുമ്പോൾ അവന്റെ നാക്കു കുഴഞ്ഞിരുന്നു.
” എന്നാലും നീ പറഞ്ഞത് ഇത്തിരി കൂടി പോയി. പാവം കൊച്ച് ഈ നാട്ടിൽ നല്ല അടക്കം ഒതുക്കം ഉള്ളത് അവൾക്ക് മാത്രമേയുള്ളൂ. ”
“അവളെന്റെ പെണ്ണാടാ, എത്രയൊക്കെ ഒഴിവാക്കിയാലും കറങ്ങി തിരിഞ്ഞ് എന്റെ ജീവിതത്തിലേക്ക് തന്നെ എത്തും ” ശ്രീ അടുത്ത കുപ്പിയും കാലിയാക്കി. അവന്റെ ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞു.. മനസ്സിൽ ആ മുഖം തെളിഞ്ഞു വന്നു. പേടിച്ച പേടമാൻ പോലെ, കണ്ണു നിറഞ്ഞു ഇട്ടിരുന്ന യൂണിഫോം മുറുകെ ചേർത്തുപിടിച്ചു നിൽക്കുന്ന ആ മുഖം നന്ദിയോ ആരാധനയോ സ്നേഹമോ എന്താണന്ന് ആ മുഖം തന്നോട് പറഞ്ഞത് ?…
ഈ സമയം ദേഷ്യവും സങ്കടവും കൊണ്ട് ഉള്ളു നീറുകയായിരുന്നു ലക്ഷ്മിക്കപ്പോൾ . അറിവു വെച്ച നാൾ മുതൽ കേൾക്കുകയാ തന്തയില്ലാത്തവൾ എന്ന വിളി … അച്ഛനില്ലാതെ ഒരാളും ഭൂമിയിലേക്ക് വരില്ലല്ലോ.
ഒരുപാട് ചോദിച്ചു അപ്പോഴൊക്കെ അമ്മ ഒഴിഞ്ഞുമാറി. ഇനി അത് സമ്മതിച്ചു കൂടാ.
എന്തായാലും ഇന്ന് ഒരു തീരുമാനത്തിൽ എത്തണം.
ഇനിയും ഇങ്ങനെ നാണംകെട്ട് ജീവിക്കാൻ വയ്യ.അച്ഛൻ ആരാണെന്ന് ഇനിയെങ്കിലും അറിയണം.
പെണ്ണായി പിറന്നതു കൊണ്ട് ആഗ്രഹങ്ങൾ ഒന്നും പാടില്ല എന്നുണ്ടോ ?
ആദ്യമായ് ഒരാളോട് ഇഷ്ടം തോന്നുന്നത്. പലരും ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ വന്നിട്ടുണ്ട് പക്ഷേ അതെല്ലാം തന്റെ ശരീരം നോക്കിയാണെന്നറിഞ്ഞപ്പോൾ നിരസിച്ചു.
നാട്ടുകാർക്കിടയിൽ ഞാനൊരു പിഴച്ചളുടെ മോളാണല്ലോ.
അങ്ങനെ ഒരോന്ന് ചിന്തിച്ച് വീടെത്തിയത് അവൾ അറിഞ്ഞില്ല..
തന്റെ റൂമിൽ കയറി ഒരു പാട് കരഞ്ഞു. അപ്പോഴും ശ്രീയുടെ പരിഹാസം നിറഞ്ഞ ചിരി മനസിലേക്ക് വന്നു …
സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ.. തനിക്കൊരു
അച്ഛനുണ്ടായിരുന്നെങ്കിൽ വെറുതെയവൾ ആശിച്ചു..
ഓരോന്നാലോചിച്ച് സന്ധ്യയായത് ലക്ഷ്മി അറിഞ്ഞില്ല…
“സന്ധ്യയ്ക്ക് വിളക്ക് കൊളുത്താനും ഈ കുട്ടി മറന്നോ ” എന്നും ചോദിചു കൊണ്ടാണ് ലതിക വീട്ടിലേക്ക് കയറിയത്..
ലക്ഷ്മിയുടെ അമ്മ, ലതിക ഒരു തയ്യൽ കട നടത്തുകയാണ്.. ഒരു കുറവും വരുത്താതെയാണ് അവളെ നോക്കുന്നത്.
റൂമിൽ കിടക്കുന്ന ലക്ഷ്മിയെ കണ്ടപ്പോൾ ലതിക ഒന്നു പകച്ചു.
“ലച്ചൂട്ടേ എന്താ പറ്റ്യേ എൻറെ മോൾക്ക് ? ഈ നേരത്ത് ഇങ്ങനെ കിടക്കാൻ” അവർ അവളുടെ നെറ്റിയിൽ തലോടി
“തൊട്ടു പോകരുത് എന്നെ എന്റെ അച്ഛൻ ആരാണെന്ന് പറയാതെ ഇനി എന്നെ തൊടരുത് ….”
അവൾ ദേഷ്യം കൊണ്ട് വിറച്ചു.
“മോളേ ഞാൻ , അത് മാത്രം എന്നോട് ചോദിക്കരുത്. ”
“ഇല്ല ചോദിക്കുന്നില്ല എല്ലാം മൂടിക്കെട്ടി ഉള്ളിൽ വെച്ചോ ഈ മകളെ ഇനി ജീവനോടെ കാണണമെങ്കിൽ എന്റെ അച്ഛനാരാണെന്ന് ഇന്നറിയണം. ”
അവളുടെ തീരുമാനം ഉറച്ചതായിരുന്നു.
“ഇനിയും നാട്ടുകാരുടെ മുമ്പിൽ നാണം കെട്ട് ജീവിക്കാൻ വയ്യ..”
എന്തു മറുപടി പറയണമെന്നറിയാതെ ലതിക വിതുമ്പി ….
മകൾക്കു മുമ്പിൽ ശിരസ്സു കുനിച്ചിരിക്കാനേ അവർക്കായുള്ളൂ
എന്താ അമ്മയൊന്നും മിണ്ടാത്തത്.? അങ്ങനെ ഒരാൾ ഇല്ലേ? അതോ പല മുഖങ്ങൾക്കിടയിൽ നിന്നും ആ മുഖം മാത്രം ഓർത്തെടുക്കാൻ പറ്റുന്നില്ലേ ?”
“ലക്ഷ്മീ നീയെന്താ പറഞ്ഞേ?” ലതികയുടെ നിയന്ത്രണം വിട്ടു
“രോഷം കൊണ്ടിട്ട് കാര്യമില്ലമ്മേ, എന്റെ അച്ഛനാരാണെന്ന് അറിയാനുള്ള അവകാശം എനിക്കുണ്ട്. അത് നിങ്ങളുടെ നാവിൽ നിന്നും എനിക്ക് കേൾക്കണം. ”
“നിനക്കറിയണമല്ലേ എന്നാ കേട്ടോ നിനക്ക് അച്ഛനുണ്ട് പക്ഷേ നിന്റെ അമ്മ ഞാനല്ല..
നിന്നെ പ്രസവിച്ചത് ഞാനല്ല..ഞാൻ വെറും വളർത്തമ്മ മാത്രം. ”
അതൊരു ഷോക്കായിരുന്നു ലക്ഷ്മിക്ക് .
“ഞാനിതൊന്നും വിശ്വസിക്കില്ല..
എന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമൊന്നും നടക്കില്ല ” പൊട്ടിത്തെറിച്ചു കൊണ്ടാണ് ലക്ഷ്മിയത് പറഞ്ഞത്.
ഇത്രയും നാൾ അമ്മയെന്ന് വിളിച്ചത് സ്വന്തം അമ്മയല്ലെന്നറിഞ്ഞപ്പോൾ അവളിലെ സങ്കടം മുഴുവൻ കണ്ണുനീരായ് പെയ്തിറങ്ങി
“അല്ല മോളേ, ഞാൻ നിന്റെ അമ്മയല്ല.നീ എന്നോട് ചോദിക്കാറില്ലേ എന്താ നിനക്ക് എന്റെ ഛായ ഇല്ലാത്തതെന്ന് ?”
“അന്നൊക്കെ അമ്മ പറയാറുണ്ടല്ലോ എനിക്കെന്റെ അച്ഛന്റെ ഛായയാണെന്ന് … ”
“ശരിയാണ്… അന്നങ്ങനെയൊരു കള്ളം പറയേണ്ടി വന്നു. എന്നാൽ നിനക്ക് നിന്റെ അമ്മയുടെ ഛായയാണ്. രാധയുടെ ”
“രാധ….?”
“അതെ രാധ നിന്റെ പെറ്റമ്മ .. സുന്ദരിയായിരുന്നവൾ അതീവ സുന്ദരി കണ്ണനെ സ്നേഹിച്ച രാധയെപ്പോലെ തന്നെ. ”
“കണ്ണൻ രാധയെ കൈവിട്ട പോലെ തന്നെ നിന്റെ അച്ഛനും അവളെ കൈവിട്ടു. പക്ഷേ അപ്പോഴേക്കും നീ അവളുടെ ഉദരത്തിൽ വളർന്നിരുന്നു.
”
“എന്നിട്ട്? ”
ലക്ഷ്മിക്ക് തന്റെ അമ്മയെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ തോന്നി..
ലതിക തന്റെ പൂർവ്വ കാല ചരിത്രം പറഞ്ഞു തുടങ്ങി…
**************************
വീട്ടിലെ ദാരിദ്ര്യം മൂലമാണ് തെങ്കാശിയിലെ നെയ്തു ശാലയിൽ ഞാൻ ജോലിക്ക് ചേർന്നത്.
അവിടെ വെച്ചാണ് രാധയെ ഞാനാദ്യമായി കാണുന്നത്.
ഒരു പാവം കുട്ടി ആദ്യം കണ്ടപ്പോൾ തന്നെ എന്തോ ഒരു പ്രത്യേകത അവളിൽ തോന്നിയിരുന്നു.
ആരോടും മിണ്ടാതെ എപ്പോഴും ദുഃഖഭാവത്തോടെ .
പതുക്കെ പതുക്കെ അവളെന്നോട് ഇടപെഴുകി തുടങ്ങി.
അച്ഛനും അമ്മയും ബാല്യത്തിൽ നഷ്ടപെട്ട രാധ അമ്മാവന്റെ വീട്ടിലാണ് നിന്നിരുന്നത്.
ദുരിതപൂർണ്ണമായൊരു ജീവിതമായിരുന്നു രാധയ്ക്കവിടെ …
അങ്ങനെയിരിക്കെയാണ് തെങ്കാശിയിലെ നെയ്തു ശാലയിലേക്ക് ആളെ എടുക്കുന്നു എന്ന് അറിയാൻ കഴിഞ്ഞത്.
പൊതുവേ കാശിനോട് ആർത്തി പൂണ്ട അമ്മായി അവളെ ഇങ്ങോട്ട് അയക്കുകയായിരുന്നു.
കിട്ടുന്നതു മുഴുവൻ അമ്മായിക്ക് അയച്ചു കൊടുക്കണമായിരുന്നു..
ദീപാവലിക്ക് മാത്രമേ കമ്പനിയിൽ നിന്ന് ലീവ് അനുവധിക്കുകയുള്ളൂ.
ഒരിക്കൽ ……
“രാധേ പുതിയ മാനേജർ വന്നിട്ടുണ്ട് .. മലയാളിയാ, മാധവനെന്നാ പേര്. സിനിമാ നടൻ ശങ്കറിനെ പോലെ ഒരു സുന്ദരൻ … ” ലതിക പുതിയ വാർത്തയുമായാണ് രാധയുടെ മുന്നിലെത്തിയത്…
“ആരു വെന്നാലും നമ്മുക്കെന്താ ലതീ ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടിയാൽ മതി..”
രാധ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
“എന്തായാലും ആ തമിഴൻ സെൽവൻ പോയത് നന്നായി. അയ്യാളുടെ ഒരു നോട്ടവും ചിരിയും അറിയാതെ എന്ന മട്ടിലുള്ള തൊടലും കാണുമ്പോൾ തന്നെ ഓക്കാനം വരും..”
“എല്ലാ ആണുങ്ങളും ഒരു പോലെയാ ലതീ സെൽവ്വനും അമ്മാവനും എല്ലാവരും , പെണ്ണിനെ കാണുമ്പോൾ മകളെന്നോ ഭാര്യയെന്നോ സഹോദരിയെന്നോ നോട്ടമില്ലാതെ ”
അതു പറയുമ്പോൾ രാധയുടെ ശബ്ദമിടറി കണ്ണു നിറഞ്ഞു കവിഞ്ഞു..
“എന്താ രാധേ ഇത് ? നീയാ കണ്ണു തുടയ്ക്ക് ആരെങ്കിലും കണ്ടാൽ . നെയ്തു തീർത്ത സാരികൾ മടക്കുന്നത് നിർത്തി ലതിക അവളെ ആശ്വസിപ്പിച്ചു. ”
“എന്റെ ജീവിതം മാത്രമെന്താ ലതി ഇങ്ങനെ? ആർക്കും വേണ്ടാതെ എന്തിന് മരണത്തിനും പോലും എന്നെ വേണ്ട ”
അവൾ തേങ്ങി കരഞ്ഞു.
എന്തു പറഞ്ഞ് അവളെ ആശ്വസിപ്പിക്കണമെന്നറിയാതെ ലതിക നിന്നു..
” രണ്ടു പേരും പണിയൊന്നും ചെയ്യാതെ സംസാരിച്ചു നിൽക്കാണല്ലേ?”
ഗാംഭീരത്തോടെയുള്ള ശംബ്ദം കേട്ട് അവർ ഞെട്ടി…
പുതിയ മാനേജർ !
“അത് സാറേ ഞങ്ങൾ …..”
വാക്കുകൾ കിട്ടാതെ ലതിക നിന്നു..
“ഉം .. വേഗം പണിതീർക്കാൻ നോക്ക്”
. അയ്യാൾ ഒന്നു മന്ദഹസിച്ചിട്ട് അവിടെ നിന്നും പോയി.
അവർക്കത് അത്ഭുതമായിരുന്നു പഴയ ആളായിരുന്നെങ്കിൽ കേട്ടാലറയ്ക്കുന്ന വാക്കുകളായിരിക്കും പറയുക മാത്രമല്ല ശമ്പളത്തിൽ നിന്ന് കുറയ്ക്കുകയും ചെയ്യും.
എന്തോ അയ്യാളുടെ ആ പ്രതികരണം രാധയ്ക്കും ഇഷ്ടപ്പെട്ടു..
നെയ്തു ശാല പിന്നീടവർക്കൊരു സ്വർഗ്ഗം തന്നെയായിരുന്നു മാനേജരുടെ സൗമ്യമായ പെരുമാറ്റം ഇടപഴകുന്ന രീതി അവരെ പോലെ തന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ടു..
ദുരിതങ്ങളിൽ നിന്നും ദാരിദ്രത്തിൽ നിന്നും രക്ഷപ്പെട്ടോടി വന്നവരാണ് അവരിൽ കൂടുതൽ പേരും കൂടുതലും തമിഴരാണെങ്കിലും ഭാഷ ഭേതമില്ലാതെ ഒരുമിച്ചാണ് അവർ നിന്നിരുന്നത്.
മാധവൻ വന്നതോടെ നെയ്തുശാല നല്ലരീതിയിൽ പോകാൻ തുടങ്ങി. പണിക്കാർക്ക് അതിനനുസരിച്ച് ശമ്പളവും കൂട്ടി. അതുകൊണ്ട് തന്നെ എല്ലാവർക്കും മാധവനെ നല്ല മതിപ്പായിരുന്നു.
ഇതിനിടയിലാണ് നെയ്തുശാലയുടെ മുതലാളി മരിച്ചത്. മുതലാളിയുടെ മകന് നെയ്തു ശാല ഏറ്റെടുക്കാൻ തയ്യാറല്ലായിരുന്നു..
നിസ്സാര വിലയിൽ മാധവൻ കമ്പനി ഏറ്റെടുത്തു..
ജോലിക്കാരുടെ ഏതാവശ്യത്തിനും മുതലാളി എന്നതിലുപരി ഒരു സുഹൃത്തെന്നപോലെ മാധവനും ഉണ്ടായിരുന്നു..
ഇതിനിടയിൽ രാധയോട് മാധവന് ഒരു ഇഷ്ടം തോന്നി..
ആദ്യമൊക്കെ രാധയ്ക്ക് ഇഷ്ടം തോന്നിയില്ലെങ്കിലും പിന്നീട് എപ്പോഴൊക്കെയോ അവളും അയ്യാളെ ഇഷ്ടപ്പെട്ടു തുടങ്ങി..
എങ്കിലും ഒരകലം അവൾ എപ്പോഴും പാലിച്ചിരുന്നു.
തീരാ ദുഃഖത്തിനിടയിൽ മാധവൻ അവൾക്കൊരു കുളിർക്കാറ്റായി…
എന്തിനും ഏതിനും താങ്ങും തണലുമായി അയ്യാൾ അവൾക്കരുകിൽ ഉണ്ടായിരുന്നു..
കുറച്ചു നാൾ അങ്ങനെ മുമ്പോട്ട് പോയി …
രാധയ്ക്കയ്യാളോട് കടുത്ത പ്രേമമായി …
ഒരിക്കലും പിരിയാൻ പറ്റാത്തത്രയും അവർ അടുത്തു.അകലങ്ങൾ അടുത്തടുത്തു വന്നു.
ഒരു ദിവസം രാധയും മാധവനുണ്ണിയും കെട്ടിപ്പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ലതികയ്ക്ക് നിയന്ത്രണം വിട്ടു..
രാധയെ ഒരുപാട് വഴക്കു പറഞ്ഞു ഇനിയൊരിക്കലും ഇങ്ങനെയൊന്നും ഉണ്ടാകരുതെന്ന് അവൾ ശക്തമായി പറഞ്ഞു..
മാധവനെ കിട്ടാത്തതിലുള്ള അസൂയ കൊണ്ടാണ് ലതിക ഇങ്ങനെ തന്നോട് പെരുമാറിയതെന്ന് രാധ ഉറപ്പിച്ചു.
“അത് ഞങ്ങളുടെ സൗഹ്യദത്തിൽ വിള്ളൽ വീഴ്ത്തി…”
ലതിക ഒന്നു നിർത്തി…. അവരുടെ തല താഴ്ന്നു.. കണ്ണുനീർ സാരി തലപ്പുക്കൊണ്ട് തുടച്ചു.
“എന്റെ അമ്മയ്ക്കും അച്ഛനും പിന്നീടെന്തു സംഭവിച്ചു.. പറയൂ അമ്മേ ” ലച്ചു ലതികയുടെ മുഖമുയർത്തി കൊണ്ട് ചോദിച്ചു.
ലതിക ലച്ചുവിനെ നോക്കി.
ആ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം കണ്ടു.
സ്വന്തം അച്ഛനും അമ്മയും ആരാണെന്ന് അറിയാനുള്ള ഒരു മകളുടെ ജിജ്ഞാസ…
ആ വർഷം കുംഭ മാസത്തിലെ പയ്യൂർക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിൽ ആനയിടഞ്ഞു..
ആനയുടെ ആക്രമത്തിൽ എന്റെ അച്ഛൻ മരിച്ചു. അതുകൊണ്ട് എനിക്ക് നാട്ടിലേക്ക് പോരേണ്ടിവന്നു പിന്നെ മൂന്നാഴ്ചയ്ക്ക് ശേഷമാണ് ഞാൻ തിരിച്ച് തെങ്കാശിയിലെത്തിയത്…
പക്ഷേ ഞാനെത്തിയപ്പോഴേക്കും അരുതാത്തത് സംഭവിച്ചിരുന്നു”
ഞാനൊന്നും അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോഴേക്കും ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ അവളുടെ ഉദരത്തിൽ നീ വളർന്നിരുന്നു..
മാധവനെ പിന്നീട് കാണാതായപ്പോഴാണ് രാധയ്ക്ക് ചതി പറ്റിയ കാര്യം ഞങ്ങളറിഞ്ഞത്.
കമ്പനി വേറൊരാൾക്ക് വിറ്റ് അയ്യാ ളവിടെ നിന്നും മുങ്ങി..
അയ്യാൾ കണ്ട അനുഭവിച്ച പല സ്ത്രീകളിൽ ഒരുവൾ മാത്രമായിരുന്നു രാധയും.
തോറ്റുകൊടുക്കാൻ രാധ തയ്യാറായിരുന്നില്ല .
നിന്നെ പ്രസവിച്ചതിനു ശേഷം അയ്യാളെ ഏൽപ്പിക്കണമെന്ന് അവൾക്ക് വാശിയായിരുന്നു…
പക്ഷേ ആ ആഗ്രഹം നിറവേറും മുമ്പേ നിന്നെ പ്രസവിച്ച് ഈ കൈകളിലേൽപ്പിച്ച് അവൾ യാത്രയായി…
“എന്റെ അമ്മ …. ലക്ഷ്മി ലതികയെ കെട്ടിപ്പിടിച്ച് കരഞ്ഞു..
“കരയാതെ മോളേ നിന്റെ അച്ഛനെ അന്വേഷിക്കാത്ത സ്ഥലമില്ല.
” ചോര കുഞ്ഞിനെ കൊണ്ട് നാട്ടിലെത്തിയ എന്നെ വീട്ടുകാർ കൈയൊഴിഞ്ഞു. അല്ലെങ്കിലും അവരെ കുറ്റം പറയാൻ പറ്റില്ല. അവിവാഹിതയായ മകൾ ഒരു കുഞ്ഞിനെ കൊണ്ട് വന്നാൽ എന്താകും സ്ഥിതി നാട്ടുകാർക്ക് മുന്നിൽ ഞാനൊരു പിഴച്ചവളായി ”
“ശരിയാണ് ഞാൻ പിഴച്ചവളാണ് എന്റെ കൂട്ടുകാരിക്ക് വേണ്ടി എന്റെയീ പൊന്നു മോൾക്ക് വേണ്ടി ”
അവർ അവളെ കെട്ടിപ്പിടിച്ചു വിതുമ്പിക്കരഞ്ഞു..
എന്റെ അമ്മയെ ചതിച്ചിട്ട് കടന്നു കളഞ്ഞവൻ ആരാണ്? എന്നെ അനാഥയാക്കി അമ്മയെ പിഴച്ചവളാക്കി … ആരാണമ്മേ ആ ദുഷ്ടൻ ? അവളുടെ കണ്ണിൽ അഗ്നി പടർന്നു.. കോപത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ
“അഴകത്ത് മാധവൻ ”
ലതിക വെറുപ്പോടെ പറഞ്ഞു..
(തുടരും.)
(അഴകത്ത് മാധവൻ ആരാണെന്നും ശ്രീഹരി ലച്ചുവിനെ പ്രണയിക്കുമോ എന്നും അറിയേണ്ടേ ? പ്രണയാർദമായ നിമിഷങ്ങൾക്കായി കാത്തിരിക്കൂ )
അനീഷ സുധീഷ്
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Thudakkam thanne suspence anallo super
തുടക്കം തന്നെ ആകാംക്ഷയുളവാക്കുന്നതാണല്ലോ.💓💓💓💓💞💞💞💞💕💞💞💕💕💕💕💕💕💕💕💕💕💕അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.