Skip to content

ശ്രീലക്ഷ്മി – പാർട്ട്‌ 2

sreelakshmi-novel

“അഴകത്ത് മാധവൻ ”

ആ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ

മോള് കേട്ടിരിക്കും
അഴകത്ത് ടെക്സ്റ്റൈൽസ് ,ജ്വല്ലറി, ഹോസ്പിറ്റൽ എന്നു വേണ്ട പല സ്ഥാപനങ്ങളും ആ പേരിലുണ്ട് … എല്ലാത്തിന്റെയും അമരത്ത് ആ പേരുണ്ട് മാധവൻ . അതിലുപരി ചിറയ്ക്കൽ ശ്രീദേവിയുടെ ഭർത്താവ് ”
“ശ്രീഹരിയുടെ അപ്പച്ചി ശ്രീദേവി ” അവൾക്ക് വിശ്വസിക്കാനായില്ല..

“അയ്യാൾക്ക് അറിയില്ലേ അമ്മേ ഞാൻ മകളാണെന്ന്. ”

“ഇല്ല . അറിയിച്ചിട്ടില്ല
നിന്നെയും കൊണ്ട് ഞാൻ നാട്ടിലേക്ക് വരുമ്പോഴേക്കും അയ്യാൾ ശ്രീദേവിയെ വിവാഹം കഴിച്ചിരുന്നു. ”

“ഒരിക്കൽപ്പോലും അമ്മ അയ്യാളെ കാണാൻ ശ്രമിച്ചില്ലേ ?ഇത്രയും നാള് ഒരു പിഴച്ചവൾ എന്ന പേരിൽ എന്തിന് ജീവിച്ചു.. ഒരു കുടുംബ ജീവിതം പോലും വേണ്ടാതെ എനിക്ക് വേണ്ടി കൊന്നുകളയാമായിരുന്നില്ലേ അല്ലെങ്കിൽ എവിടെയെങ്കിലും …..”

“നിന്നെ പൊന്നുപോലെ നോക്കാമെന്ന് നിന്റെ അമ്മയ്ക്ക് ഞാൻ കൊടുത്ത വാക്കാണ്. സമയമാകുമ്പോൾ എല്ലാം എല്ലാവർക്കു മുമ്പിലും തെളിയും കാലം അത് തെളിയിക്കും. അതുവരെ കാത്തിരിക്ക് മോളേ.”

“കാത്തിരിക്കാം എത്ര നാൾ വേണമെങ്കിലും .അത് അയ്യാളുടെ മകളായി ജീവിക്കാനുള്ള കൊതി കൊണ്ടല്ല …. ഈ നാട്ടുകാർക്ക് മുമ്പിൽ എനിക്കും അച്ഛനുണ്ടെന്ന് വിളിച്ചു പറയണം. പിന്നെ എന്റെ ഈ അമ്മ പിഴച്ചവളല്ലെന്നും..

ഒരു കരച്ചിലോടെ ലതികയുടെ മാറിലേക്കവൾ വീണു ….
എന്തു പറഞ്ഞവളെ ആശ്വസിപ്പിക്കണം എന്നറിയാതെ ഏറെ നേരം അവളെ തഴുകി ആ അമ്മ നിന്നു .

“നേരം എത്രയായെന്നറിയോ ലച്ചൂ നിനക്ക്? നാളെ കോളേജിൽ പോകണ്ടേ? മോള് ചെന്ന് കുളിച്ച് എന്തെങ്കിലും കഴിക്കാൻ നോക്ക്”

“നമ്മുക്ക് ഒരുമിച്ച് കഴിക്കാം അമ്മേ” അതും പറഞ്ഞവൾ കുളിക്കാൻ പോയി

ഭക്ഷണം ചൂടാക്കുമ്പോൾ ലതിക പഴയ കാര്യങ്ങൾ ഓർത്തു.

രാധയ്ക്ക് കൊടുത്ത വാക്കു പാലിക്കണം.

മനസ്സിൽ നിന്ന് ഒരു ഭാരം ഇറക്കി വെച്ച പോലെ തോന്നി ലതികയ്ക്ക്…
ലച്ചുവിനോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ ഒരു ആശ്വാസം.

പക്ഷേ അവളെ മാധവന്റെ മുന്നിൽ എത്തിക്കും വരെ തനിക്കൊരു വിശ്രമമില്ല.

ദേഹത്ത് വെള്ളം വീഴുമ്പോൾ ലക്ഷ്മിയുടെ മനസ്സ് നിറയെ ശ്രീഹരിയായിരുന്നു…

തന്തയില്ലാത്തവൾ എന്ന് ആക്ഷേപിച്ചവന്റെ മുന്നിൽ നിന്ന് പറയണം എന്റെ അച്ഛൻ തന്റെ അപ്പച്ചിയുടെ ഭർത്താവ് ആണെന്ന് .

ശ്രീയെ തനിക്ക് ഒരിക്കലും സ്വന്തമാക്കാൻ ആവില്ല .എന്നാലും എവിടെയോ ഒരു നീറ്റൽ ,ഒരുപാട് ഇഷ്ടപ്പെട്ടതാണ് ശ്രീഹരിയെ എന്നിട്ട്….

അവരൊക്കെ വലിയ ആളുകളാണ്. ഒരു പക്ഷേ തന്റെ അമ്മയ്ക്ക് പറ്റിയ ചതി തനിക്കും പറ്റിയാൽ ?

വേണ്ട ഒന്നും വേണ്ട എല്ലാം കഴുകി കളയണം മനസ്സും ശരീരവും വൃത്തിയാക്കണം. ഇനി മുതൽ അമ്മയ്ക്ക് വേണ്ടി ജീവിക്കണം.

ഭക്ഷണം കഴിച്ചു അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ മാധവന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു..എന്നോ കണ്ടിരുന്നു ആ മുഖം പക്ഷേ ഓർമ്മയിൽ വരുന്നില്ല..

വല്ലപ്പോഴും മാത്രമേ മാധവൻ ചിറക്കൽ തറവാട്ടിലേക്ക് വന്നിട്ടുള്ളൂ … ഭാര്യ വീട്ടിൽ നിൽക്കുന്നത് അയ്യാൾക്ക് കുറച്ചിലാണെന്നും പറഞ്ഞ് വന്നാൽ അന്നു തന്നെ പോകുമായിരുന്നു..

ഉറക്കം വരാത്ത രാത്രിയായിരുന്നു ലക്ഷ്മിക്കന്ന് ..

ഇടയ്ക്കെപ്പോഴോ ഉറങ്ങിയപ്പോൾ സുന്ദരമായ ഒരു സ്വപ്നം അവൾ കണ്ടു. അരയന്നങ്ങൾ നീന്തി തുടിക്കുന്ന ഒരു മനോഹരമായ പൊയ്ക .

അതിൽ അങ്ങിങ്ങായി ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു. പൂക്കളിലെ തേൻ നുകരാനായി വണ്ടുകൾ പാറി നടക്കുന്നു.

അതിനടുത്ത് ആമ്പൽപ്പൂ പിടിച്ച് അവൾ ഇരിക്കുന്നു .
പൊയ്കക്കപ്പുറം ഒരു വള്ളി കുടിലിൽ തന്നെയും നോക്കിക്കൊണ്ട് ചുണ്ടിൽ തേനൂറും പുഞ്ചിരിയാൽ ശ്രീഹരി.

അവനെ ചുംബിക്കുവാൻ അവളുടെ ചുണ്ടുകൾ വെമ്പൽ കൊണ്ടു..
നടക്കുകയല്ല ഓടുകയായിരുന്നവൾ

ഓടിയോടി ആ കാലുകൾ തളർന്നു… എത്ര ശ്രമിച്ചിട്ടും അവനരുകിലെത്താൻ അവൾക്കായില്ല.

കാലുകൾ കുഴയുന്നു… അന്തരീക്ഷമാകെ മാറി മറിഞ്ഞു …. മാനമാകെ ഇരുണ്ടു. മഴത്തുള്ളികൾ മുഖത്തേക്ക് പതിച്ചു.
പൊയ്കയിലെ അരയന്നങ്ങൾ കൊക്കുരുമ്മി കൊണ്ട് എങ്ങോ പോയ് മറഞ്ഞു..

ശ്രീ അപ്പോഴും പുഞ്ചിരിച്ചു കൊണ്ട് അവിടെ നിൽപ്പുണ്ട്… പ്രണയത്താൽ മായാജാലം തീർത്ത് …… അവളുടെ ശരീരമാകെ കുളിരുകൊണ്ട് …

നനുത്ത മഴ …… പെയ്തിറങ്ങി ….. അവളാകെ നനഞ്ഞു …. ആ ഹൃദയം അവനായ് തുടിച്ചു… വിറയ്ക്കുന്ന ചുണ്ടുകളോടെ അവന്റെ സ്പർശനത്തിനായവൾ കൊതിച്ചു…

തളർന്ന കാലുകളാൽ അവനരു കിലെത്താനാവാതെ അവൾ താഴേക്ക് വീണു ….പെട്ടെന്നാണ് ഒരു കര സ്പർശം അവളറിഞ്ഞത് ….

വീണത് അവന്റെ കൈയിലേക്ക് …..

നനുത്ത കൈയ്യാൽ അവളുടെ മുഖം അവന്റെ മുഖത്തോടടുപ്പിച്ചു…

കൊക്കുരുമ്മിയ അരയന്നങ്ങളെ പോലെ മധു നുകരുവാനെത്തിയ വണ്ടിനെ പോലെ അവർ പരസ്പരം ചുംബിക്കുവാൻ പോയതും ആരോ അവളെ അവനിൽ നിന്നും വേർപ്പെടുത്തി.. മുഖം വ്യക്തമാകാത്ത അയ്യാൾ അവളെയും വലിച്ചിഴച്ച് ആ പൊയ്കയിലേക്ക് ഇറങ്ങി…

ശ്രീഹരിയുടെ മുഖത്തപ്പോൾ നിരാശ കലർന്ന ക്രൂര ഭാവമായിരുന്നു…

ശ്രീയേട്ടാ ….. അവൾ ഉറക്കെ കരഞ്ഞു..

“എന്താ മോളേ ? എന്താനാ നീ നിലവിളിച്ചത് ”

അമ്മയുടെ സ്വരം കേട്ടപ്പോഴാണ് അതെല്ലാം വെറും സ്വപ്നമായിരുന്നെന്ന് അവൾക്ക് മനസ്സിലായത് ..

സ്വപ്നത്തിൽ പോലും ശ്രീയെ സ്വന്തമാക്കാനാവിയില്ല എന്നവൾക്ക് മനസ്സിലായി ….

“ആരാ മോളേ ശ്രീ ?”

അത് ഞാനൊരു സ്വപ്നം കണ്ടതാണമ്മേ . ഇന്നലെ വായിച്ച ബുക്കിലെ നായകന്റെ പേരാണ് ”
അവളൊരു കള്ളം പറഞ്ഞു.. ആദ്യമായി അമ്മയോട് പറഞ്ഞ കള്ളം.

അത് വിശ്വസിക്കാൻ ലതികയ്ക്കായില്ല…
പക്ഷേ കൂടുതലൊന്നും ചോദിക്കാൻ അവർ മുതിർന്നില്ല.

പിറ്റേന്ന് കോളേജിലേക്ക് പോകും മുമ്പായി കുറച്ചു കാര്യങ്ങൾ ലതിക അവളോട് പറഞ്ഞു.

“മോള് തെറ്റൊന്നും ചെയ്യില്ലാന്ന് ഈ അമ്മയ്ക്ക് അറിയാം എന്നാലും നിൻറെ അമ്മയ്ക്ക് പറ്റിയത് പോലെ നിനക്ക് ഒരിക്കലും സംഭവിക്കരുത് ”

” അമ്മയ്ക്കെന്നെ വിശ്വസിക്കാം ഒരിക്കലും ഞാൻ തെറ്റിലേക്ക് പോകില്ല. ”

അതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു..

അമ്മയോട് യാത്ര പറഞ്ഞ് കോളേജിലേക്ക് പുറപ്പെട്ടു..

വഴിയരുകിൽ ശ്രീയുടെ ബൈക്ക് കണ്ടപ്പോൾ തന്നെ അവളുടെ വേഗത കുറഞ്ഞു.. തലേ ദിവസത്തെ സംഭവങ്ങൾ മുന്നിൽ തെളിഞ്ഞു വന്നു..

ശ്രീയെ അവിടെയെങ്ങും കണ്ടില്ല അവൾ തന്റെ നടത്തത്തിന്റെ വേഗത കൂട്ടി ..അവന്റെ മുന്നിൽ ചെന്ന് പെടല്ലേ എന്നു കരുതിയാണ് നടന്നത് പക്ഷേ തൊട്ടടുത്ത മരത്തിൽ ചാരി ആർക്കോ ഫോൺ ചെയ്തു കൊണ്ടിരുന്ന അവനെ കണ്ടപ്പോൾ തിരിച്ച് വീട്ടിലേക്ക് തന്നെ പോയാലോ എന്നവൾ ചിന്തിക്കാതിരുന്നില്ല..

“നിൽക്കെടി അവിടെ ”

അവൾ പേടിച്ചു. കാലുകൾ അനങ്ങുന്നില്ല.

“ആരെ വളയ്ക്കാനാടി ഒരുങ്ങിക്കെട്ടി രാവിലെ തന്നെ പോകുന്നേ?”

“ഞാൻ ആരെ വളച്ചാലും നിങ്ങൾക്കെന്താ ?ആദ്യമായിട്ടാ ഒരാളോട് ഇഷ്ടം തോന്നുന്നത്.
അത് ഇങ്ങനെ ആയിപ്പോയി ഇഷ്ടമില്ലെങ്കിൽ വേണ്ട ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കാൻ വരുന്നില്ല

എങ്ങനെയോ അത്രയും പറഞ്ഞ് അവൾ വേഗത്തിൽ നടന്നു.

ശ്രീഹരി ചുറ്റും നോക്കി ഇല്ല ആരും കേട്ടിട്ടില്ല.

“പൂച്ചയെ പോലിരുന്നവൾ ഇന്ന് പുലിയായിരിക്കുന്നു. ഇങ്ങനെ വിട്ടാൽ പറ്റില്ല. ”

അവൻ വണ്ടിയെടുത്ത് അവൾക്കു മുന്നിലായി നിർത്തി.

“ഡീ , നീ വല്ലാതെ നെഗളിക്കുകയൊന്നും വേണ്ട എത്രയായാലും നീ തന്തയില്ലാത്തവർ അല്ലേ ”

” അച്ഛനില്ലാതെ ഒരു കുട്ടി ജനിക്കില്ലാന്ന് ഇത്ര നാളായിട്ടും നിങ്ങൾക്ക് അറിയില്ലേ ? അതു പോലും അറിയാതെയാണോ എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നത് ?”

“പിന്നെ എനിക്കച്ഛനുണ്ടോ എന്ന് ശ്രീയേട്ടന് സംശയമുണ്ടെങ്കിൽ ആ സംശയം തീർക്കേണ്ടത് ഞാനല്ല പോയി നിങ്ങളുടെ അമ്മാവനോട് ചോദിക്ക് അഴകത്ത് മാധവനോട് ”

അവളുടെ സർവ്വ നിയന്ത്രണങ്ങളും വിട്ടിരുന്നു.

“ദേ എന്റെ അമ്മാവനെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ നോക്കിയാലുണ്ടല്ലോ അടിച്ചു നിന്റെ മോന്ത ഞാൻ തകർക്കും കേട്ടോടി ” ശ്രീ പല്ലു ഞെരിച്ചു കൊണ്ട് പറഞ്ഞു.

“അല്ല നിങ്ങൾ എന്തു കണ്ടിട്ടാ ഇത്ര രോഷം കൊള്ളുന്നത്. കാശുള്ളതിന്റെ അഹങ്കാരം ആയിരിക്കും. ഇന്നലെ പറഞ്ഞല്ലോ യോഗ്യതയെ പറ്റി , പറയാൻ ചിറക്കൽ ശ്രീധരൻ എന്നുള്ള ഒരാൾ ഉള്ളതുകൊണ്ടല്ലേ നിങ്ങൾക്കിത്രയ്ക്ക് അഹങ്കാരം അതില്ലാത്തവരുടെ വേദന നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ല പണത്തിന്റെ ഹുങ്ക് ” അവൾക്ക് പുച്ഛം തോന്നി.

“അതേടി പണത്തിൻറെ ഹുങ്ക് തന്നെയാണ് പണത്തിന് പണം തന്നെ വേണം ”

“പണം മാത്രം പോരല്ലോ സൗന്ദര്യവും കുറച്ച് വേണ്ടേ ആ കാര്യത്തിൽ നിങ്ങൾക്കെന്റെ ഏഴയലത്തുകൂടി പോകാനുള്ള യോഗ്യതയുണ്ടോ ?
എന്നോ മനസ്സിൽ ഈ രൂപം കയറിപ്പറ്റി അതിപ്പോൾ തെറ്റാണെന്ന് മനസ്സിലായി. ” അതും പറഞ്ഞ് ലച്ചു നടന്നകന്നു.

ലച്ചുവിന്റെ വാക്കുകൾ അവന്റെ ഹൃദയത്തിൽ തട്ടി.. കണ്ണാടിയിൽ മുഖം നോക്കി ….. മുഖം വല്ലാതെ ഇരുണ്ടിരിക്കുന്നു.. തന്റെ അരുകിൽ അവളൊരു തുമ്പപ്പൂ തന്നെ …
താൻ തേച്ചതും തന്നെ തേച്ചതുമായ ഒരു പാട് പെൺകുട്ടികൾ ഉണ്ട് അവരേക്കാളും സൗന്ദര്യത്തിലും സ്വഭാവത്തിലും മുൻപന്തിയിലാണ് ലക്ഷ്മി.. അച്ഛൻ ആരാണെന്നതറിയാത്തത് ഒഴിച്ചാൽ തന്നേക്കാൾ ഒരു പടി മുൻപിൽ …

എന്നാലും അവളെന്തിനാണ് മാധവനമ്മാവനെ കുറിച്ച് പറഞ്ഞത്.

“എന്തായാലും അവൾ പറഞ്ഞതിൽ എന്തെങ്കിലും ഉണ്ടോ എന്നറിയണം ” അവൻ ചിന്തിച്ചു.
”എന്തിനാണ് ഇന്നും അവളോട് ദേഷ്യപെട്ടതെന്ന് അവനു മനസ്സിലായില്ല.. ഇഷ്ടം കൂടുമ്പോൾ ദേഷ്യവും കൂടുമായിരിക്കും

കീർത്തി കാരണം ഇന്നലത്തെ ഒരു ദിവസം പോയി .കുടിച്ച് ബോധമില്ലാതെയാണ് വീട്ടിലേക്ക് എത്തിയത് ബാലയുള്ളതു കൊണ്ട് അമ്മയറിയാതെ വീട്ടിലേക്ക് കയറാൻ പറ്റി..

എൻറെ എല്ലാ കള്ളത്തരങ്ങൾക്കും കൂട്ടുനിൽക്കുന്നത് അനിയത്തിയായ ശ്രീബാലയാണ്. അവളോട് ലക്ഷ്മിയെ പറ്റി എന്തൊക്കെയോ പറഞ്ഞിരുന്നു.

ഒന്നും ഓർമ്മയില്ല..

“എന്നാലും ഇവർക്കിത്ര അഹങ്കാരമോ? ഒരാണിനോട് തന്റേടത്തോടെ ഇഷ്ടമാണെന്നു പറയാൻ … അതും എന്നോട് ”

“അവളെ കുറിച്ച് മാത്രമാണ് ഇന്നലെ മുതൽ ചിന്തിച്ചത്. രാത്രി സ്വപ്നത്തിലും അവളായിരുന്നു…
കീർത്തി തേച്ചതിന്റെ ദേഷ്യത്തിൽ വരുമ്പോൾ ആണ് ഇവൾ ഇടയിൽ കയറിയത്… പെട്ടെന്നുള്ള ദേഷ്യത്തിലാണ് അങ്ങനെയൊക്കെ പറഞ്ഞത്. ”

അവൻ ലക്ഷ്മിയെ നോക്കി..

“മുട്ടറ്റം വീണു കിടക്കുന്ന മുടി വിടർത്തിയിട്ടിരിക്കുന്നു…”

തനി നാടൻ പെൺകുട്ടി… താൻ കണ്ടതിൽ വെച്ച് ഏറ്റവും സൗന്ദര്യം ലക്ഷ്മിക്കാണ്…

കുപ്പയിലെ മാണിക്യം ആണവൾ …..
അല്ല ഒരു കൊച്ചു കാന്താരി തന്നെ . ഒരിക്കൽ മനസ്സിൽ ആരുമറിയാതെ കൊണ്ടു നടന്നതാണ്.. പിന്നീടെപ്പോഴോ പണത്തിന്റെ കൊഴുപ്പിൽ അവളെ മറന്നു മറ്റു പലർക്കും പിന്നാലെ പോയി

ശ്രീഹരിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു…

ലക്ഷ്മി നടക്കുകയില്ല ഓടുകയാണ് ചെയ്തത് .

ബസ്റ്റോപ്പിൽ എത്തിയതും വിഷ്ണുമായ ബസ് വന്നതും ഒപ്പമായിരുന്നു .
തിരക്കുള്ള ബസ്സ് ആയതുകൊണ്ട് തന്നെ ഒരു വിധമാണ് കയറിപ്പറ്റിയത്.
ബാഗ് സീറ്റിലിരിക്കുന്ന ഒരു ചേച്ചിയെ ഏല്പ്പിച്ചു .

ബാഗ് കണ്ടാൽ മതി ആ കണ്ടക്ടർക്ക് ദേഷ്യം വരാൻ .

പഠിക്കുന്ന കുട്ടികളെ കണ്ടാൽ അയ്യാൾക്കലർജിയാണ്.

അയ്യാളുടെ ഔദാര്യത്തിൽ പോകുന്ന പോലെയാ നോട്ടം കണ്ടാൽ ..

അങ്ങേരും ഇതു പോലെ തന്നെയല്ലേ പഠിക്കാൻ പോയിട്ടുണ്ടാവുക.. ചിലപ്പോൾ ഇല്ലായിരിക്കും… അതുകൊണ്ടായിരിക്കും ഇത്രയ്ക്ക് ദേഷ്യം.

എത്ര ഒതുങ്ങി നിന്നാലും ശരീരത്തിൽ ഉരസി മാത്രമേ അയ്യാൾ പോകുള്ളൂ വൃത്തികെട്ടവൻ

“‘ടിക്കറ്റ് ടിക്കറ്റ് ”

നല്ല പരിചയമുള്ള ശബ്ദം .

കിരണേട്ടൻ

ഭാഗ്യം പഴയ കണ്ടക്ടർ ഇന്നിറങ്ങി..

കിരണേട്ടൻ ഉള്ള ദിവസം ആശ്വാസമാണ്. ഒരിക്കൽ പോലും ഞങ്ങളെ വഴക്കു പറഞ്ഞിട്ടില്ല.
എത്ര തിരക്കുള്ള സമയമായാലും ഞങ്ങളെ മുൻപോട്ടു നീക്കി നിർത്തും

ആരോ പിന്നിൽ നിന്നും തോണ്ടിയപ്പോഴാണ് തിരിഞ്ഞു നോക്കിയത്. തന്റെ കൂട്ടുകാരി കാവ്യ.

അവളെ നോക്കി ഒന്ന് ചിരിച്ചു.

“എന്താടീ നിന്റെ മുഖം വീർത്തിയിരിക്കുന്നത് ”

“ഒന്നുമില്ല ”

“ഇന്നലെ നിന്റെ ശ്രീയേട്ടനെ കണ്ടോ ? എന്തു പറഞ്ഞു ?”

“എല്ലാം പറയാം കാവ്യേ കോളേജിലെത്തെട്ടെ ”

അവൾ ഓർത്തു.

ഇന്നലെ എത്ര ധൈര്യത്തിലാ ഇഷ്ടമാണെന്ന് പറഞ്ഞത് എന്നിട്ട് എന്താ സംഭവിച്ചത്.

ഒരിക്കലും കരുതിയില്ല തന്നെ കൊണ്ട് ഇങ്ങനെയൊക്കെ പറയാൻ സാധിക്കുമെന്ന് . മുഖത്ത് നോക്കി സൗന്ദര്യമില്ലാത്തവനെന്ന് പറഞ്ഞപ്പോൾ ആ മുഖം വിളറിയത് കണ്ടു.

ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനെയൊരു പ്രതികരണം.

ഇരുനിറം ആണെങ്കിലും ഒരു “ടൊവിനോ ” തന്നെയാണ് ശ്രീ.

അപ്പോഴത്തെ ദേഷ്യത്തിലാണ് അങ്ങനെയൊക്കെ പറഞ്ഞത് വിഷമം ആയിട്ടുണ്ടാകും.

“ഹലോ സ്വപ്നം കണ്ടുനിൽക്കാണോ ?

കിരണേട്ടന്റെ ശബ്ദമാണ് തന്നെ ചിന്തയിൽ നിന്നുണർത്തിയത്.

“ടിക്കറ്റ് ”

ഒരു ചമ്മിയ ചിരിയോടെ കൈയിലുള്ള ചില്ലറ കൊടുത്തു.

പൈസയും വാങ്ങി കിരണേട്ടൻ അടുത്ത സീറ്റിലെ ചേച്ചിയെ ഇടംകണ്ണിട്ടു നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് പോയി . ആ ചേച്ചിയും പുഞ്ചിരിക്കുന്നത് കണ്ടു കുറച്ചു നാളായി രണ്ടു പേരുടേയും കണ്ണുകൾ കൊണ്ടുള്ള നാടകം. അഴകത്ത് ടെക്സ്റ്റൈലിലെ സെയിൽ സ് ഗേളാണ് ആ ചേച്ചി പേര് രേണു. വിടർന്ന കണ്ണുകളുള്ള എപ്പോഴും പുഞ്ചിരിക്കുന്ന നല്ല സുന്ദരി. കിരണേട്ടന് നന്നായി ചേരും

ഇഷ്ടമാണെങ്കിൽ ഇവർക്ക് തുറന്നുപറഞ്ഞു കൂടെ . ഒരു പെണ്ണായ താൻ വരെ ഇഷ്ടം പറഞ്ഞിരിക്കുന്നു എന്നിട്ടും കിരണേട്ടൻ ഇപ്പോഴും ആ ചേച്ചിയെ നോക്കി വെള്ളമിറക്കി നടക്കുന്നു.

” ഇത്രയ്ക്ക് സ്വപ്നം കാണാൻ ഇന്നലെയെന്തോ നടന്നിട്ടുണ്ടല്ലോ ലച്ചൂ “കാവ്യ സ്വകാര്യമായി പറഞ്ഞു.

നടന്നതു മുഴുവൻ തന്റെ ജീവിതം ഇത് മാറ്റിമറിച്ചതാണെന്ന് അവളോട് പറയണമെന്നുണ്ടായിരുന്നു .

പക്ഷേ പുറത്തേക്ക് നോക്കിയപ്പോൾ കണ്ടത് അഴകത്ത് ജ്വല്ലറിയുടെ ബോർഡായിരുന്നു. ദേഷ്യവും സങ്കടവും എല്ലാം ഉള്ളിൽ നിറഞ്ഞു .

അറിയാതെ കണ്ണുനിറഞ്ഞു . ഒരിക്കലും കണ്ടിട്ടില്ലാത്ത അമ്മയുടെ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു. വിഫലമായ ശ്രമം.ഒരു ഫോട്ടോ പോലും അമ്മയുടെ ഇല്ല .

ബസ്സിൽ നിന്നിറങ്ങി നടക്കുമ്പോൾ എല്ലാം പറഞ്ഞു അച്ഛൻ ആരാണെന്ന് ഒഴിച്ച് .

അവൾക്ക് എല്ലാം അത്ഭുതമായിരുന്നു.

“മിണ്ടാ പൂച്ചയായിരുന്നിട്ട് ഒരാണിനെ ചെന്ന് അങ്ങോട്ട് പ്രൊപോസ് ചെയ്തല്ലോ ലച്ചൂ ”

അവൾ കളിയാക്കി കൊണ്ട് പറഞ്ഞു.

“ഒന്നും വേണ്ടിയിരുന്നില്ല. അർഹതയില്ലാത്തത് ആഗ്രഹിക്കാൻ പാടില്ലായിരുന്നു .
ഇനി ഇതെങ്ങാനും ശ്രീബാല അറിഞ്ഞാൽ ? അല്ലെങ്കിൽ തന്നെ അവൾക്കെന്നോട് പുച്ഛമാണ് . ”

” പിന്നെ ! അവളോട് പോകാൻ പറ അവളുടെ ഏട്ടനാണെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ നീ ഇഷ്ടപ്പെട്ടത് ”

“എന്നാലും ”

“ഒരെന്നാലും ഇല്ല . അവളിങ്ങോട്ട് ചൊറിയാൻ വന്നാൽ മറുപടി ഞാൻ കൊടുത്തോളാം. ആ ശ്യാമിനെ അവൾക്കൊരു നോട്ടമുണ്ടായിരുന്നു. അവന് നിന്നോടാ താൽപര്യമെന്ന് പറഞ്ഞപ്പോൾ തുടങ്ങിയതാ നിന്നോടുള്ള അസൂയ. അവനു വേണ്ടി അവൾ കളിച്ചതൊന്നും മറന്നിട്ടില്ലല്ലോ ”

“വേണ്ടടീ സത്യം പറഞ്ഞാൽ അവരുടെ കടയാ അമ്മ വാടകയ്ക്ക് എടുത്തിട്ടുള്ളത് ..പിന്നെ അവരുടെ വീട്ടിലെ ഡ്രെസൊക്കെ അമ്മയാ തയ്ക്കുന്നത് അതില്ലാതായാൽ ”

” ശരി ഞാനായിട്ട് നിങ്ങളുടെ വരുമാനം കളയുന്നില്ല ”

ഓരോന്ന് പറഞ്ഞ് ക്ലാസ്സിൽ എത്തിയത് അറിഞ്ഞില്ല.

ശ്യാം ക്ലാസ്സിൽ ഉണ്ട് എന്തോ കാര്യമായി എഴുതുന്നുണ്ടായിരുന്നു. കോളേജിലെ അറിയപ്പെടുന്ന കവിയാണവൻ. ഒരുപാട് കവിതകൾ അവനിൽ നിന്നും പിറവിയെടുത്തിട്ടുണ്ട്.
തന്നെ കണ്ടപ്പോൾ ആ മുഖത്ത് നിരാശയുടെ നിഴലാട്ടം. അവനോട് പുഞ്ചിരിക്കുവാൻ ശ്രമിച്ചത് വിഫലമായി.

ശ്രീബാലയും ഗ്യാങ്ങും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്.

തന്നെ കണ്ടപ്പോൾ അവൾ പറഞ്ഞു

“കേട്ടോടി ഇത് ഇവിടെ ചിലർക്ക് എന്റെ ഏട്ടനോട് പ്രേമം ”

“അതാരാടീ ഞങ്ങൾ അറിയാത്ത ഒരു ഒരു പ്രേമരോഗി ഈ ക്ലാസിൽ ”

” അതൊക്കെയുണ്ട് മോളേ വിശ്വാമിത്രന്റെ തപസ്സിളക്കാൻ വന്ന രംഭ . പക്ഷേ ഇത്തവണ തപസ്സിളക്കാൻ പറ്റില്ല. ഇതേ ശ്രീഹരിയാ , ചിറയ്ക്കൽ ശ്രീധരന്റെ മകൻ ഈ ശ്രീബാലയുടെ ഏട്ടൻ ശ്രീഹരി..”

അതും പറഞ്ഞു എല്ലാവരുംകൂടി ആർത്തുചിരിച്ചു.

”ഈശ്വരാ പേടിച്ചത് പോലെ തന്നെ സംഭവിച്ചു. എല്ലാം ഇവളറിഞ്ഞിരിക്കുന്നു ”

കാവ്യയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. പക്ഷേ എന്നെ ഓർത്താണവൾ ക്ഷമിച്ചത്.

അന്ന് ക്ലാസിൽ ശ്രദ്ധിക്കാനേ കഴിഞ്ഞില്ല..

ഉച്ചയ്ക്ക് ശേഷം CSS ആയതു കൊണ്ട് രക്ഷപ്പെട്ടു..

കോളേജ് ചാപ്പലിനു മുൻ വശമായിരുന്നു ഞങ്ങൾക്ക് വൃത്തിയാക്കാൻ കിട്ടിയത്.

ചാപ്പലിൽ കയറി മനസ്സുരുകി പ്രാർത്ഥിച്ചു..

എന്നെങ്കിലും ഒരിക്കൽ തന്റെ അച്ഛൻ വരുമെന്നും ആ മുഖത്തു നോക്കി അച്ഛാ എന്നു വിളിക്കണമെന്നും ഉണ്ടായിരുന്നു. ഇപ്പോൾ അതൊരിക്കലും ആഗ്രഹിക്കുന്നില്ല.

” കാണണം ഒരിക്കൽ അഴകത്ത് മാധവനെ എന്നിട്ട് ചോദിക്കണം എന്തിനാ എന്റെ അമ്മയെ സ്നേഹിച്ച് വഞ്ചിച്ചതെന്ന് . ”

എല്ലാം നിഷേധിക്കുമായിരിക്കും ആട്ടിപ്പായിച്ചേക്കും എന്നാലും പിൻമാറില്ല. ഒരാളുടെ മുമ്പിലെങ്കിലും തെളിയിക്കണം തനിക്കൊരു അച്ഛനുണ്ടെന്നും അത് അയ്യാളുടെ അമ്മാവനാണെന്നും.

” എന്റെ ഏട്ടനെ കിട്ടാനുള്ള പ്രാർത്ഥനയാണെങ്കിൽ ആ വെള്ളമങ്ങ് വാങ്ങി വെച്ചേക്ക് മോളേ നീയൊരു നൂറു ജന്മം തപസ്സിരുന്നാലും കിട്ടാൻ പോണില്ല ഉള്ള നേരം കൊണ്ട് ഈ പുല്ലൊക്കെ പറിച്ച് പഠിക്കാൻ നോക്ക് ഭാവിയിൽ വേലക്കാരിക്ക് ഒരു ചാൻസുണ്ടെങ്കിൽ വിളിക്കാലോ ”

ശ്രീബാല അതു പറഞ്ഞപ്പോൾ ഉള്ളിൽ സങ്കടം തികട്ടിവന്നു പെട്ടെന്നുതന്നെ ചാപ്പലിന് പുറത്തേക്ക് നടന്നു.

ശ്രീബാലയും പുറത്തേയ്ക്ക് വരുന്നുണ്ട്…

” ശ്രീബാല ഒന്നു നിന്നേ . നീ അത്രയ്ക്കങ്ങോട്ട് പുച്ഛിക്കൊന്നും വേണ്ട. അതിനുമാത്രം മാത്രം എന്താ നിന്റെ ഏട്ടനുള്ളത് കാണാൻ കുറച്ച് ഭംഗിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അത് പോട്ടെ ഒരു ജോലിയെങ്കിലും . കാർന്നന്മാർ സമ്പാദിച്ചതു കൊണ്ട് ജീവിച്ചു പോകാം .അതുകണ്ട് കുറേ രംഭമാർ പിറകെ ചെന്നിട്ടും ഉണ്ടാകും അതാണല്ലോ ഓരോ അവളുമാരും മാസാമാസം തേച്ച് മടക്കിയിട്ട് പോകുന്നത്..”

ഉള്ളിലെ ദേഷ്യം മുഴുവൻ പറഞ്ഞു തീർത്തപ്പോൾ മനസ്സിനൊരു ഉന്മേഷം തോന്നി.

” എടീ നിന്നെ ഞാൻ .. “ശ്രീ ബാല തന്റെ കൈയ്യിൽ പിടിച്ചു.

“ഒന്നു പോടീ, വേണ്ടാന്നു വെയ്ക്കുന്തോറും നീയെന്റെ തലയിൽ കയറി ഊഞ്ഞാലാടാൻ നോക്കി. നീയെന്നെ വേലക്കാരിയാക്കാൻ ക്ഷണിച്ചതല്ലേ എന്നാ കേട്ടോ വേലക്കാരിയായിട്ടല്ല വീട്ടുകാരിയായിട്ട് തന്നെ നിന്റെ വീട്ടിലേക്ക് ഞാൻ വന്നു കേറും നിന്നെ കൊണ്ട് ഏടത്തീ എന്നു വിളിപ്പിച്ചില്ലെങ്കിൽ എന്റെ പേര് നിന്റെ പട്ടിയ്ക്കിട്ടോ”

അവളുടെ കൈ തട്ടി മാറ്റി കൊണ്ടതു പറഞ്ഞപ്പോൾ അവളുടെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.

” ഇതു കലക്കി ലച്ചൂ ”

കാവ്യ കൈയടിച്ചു കൊണ്ട് പറഞ്ഞു.

പലർക്കും അതിഷ്ടപ്പെട്ടെന്ന് അവരുടെയു മുഖ ഭാവം കണ്ടാലറിയാം .. കുറച്ച് അഹങ്കാരമുള്ള കൂട്ടത്തിലാണ് ശ്രീ ബാല.

“ഈ ചലഞ്ച് നമുക്ക് ഏറ്റെടുക്കാം അല്ലേ ശ്രീബാല ” ആൺകുട്ടികളാണ്

“നമ്മുക്ക് നോക്കാം , നിന്നേക്കാൾ സുന്ദരിയായ ഒരാളെ തന്നെ ഞാനെന്റെ ഏട്ടനായി കൊണ്ടുവരും അഥവാ ഏട്ടൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞാൽ അന്നീ ബാല തോൽവി സമ്മതിക്കും ഇതെന്റെ വാക്ക് ..”

അതും പറഞ്ഞവൾ ചാടിത്തുള്ളി പോയി..കൂടെ അവളുടെ പരിവാരങ്ങളും.

“ഇപ്പോഴാണ് മോളെ നീ ശരിക്കും ലക്ഷ്മി ആയത് .അവൾക്കൊരു എല്ല് കൂടുതലായിരുന്നു അതേതായാലും ഒടിഞ്ഞു കിട്ടി. ”
കാവ്യയ്ക്ക് സന്തോഷമായി.

ഒരു പഞ്ചിന് പറഞ്ഞതാണെങ്കിലും ഒന്നും വേണ്ടിയിരുന്നില്ല എന്ന് ലക്ഷ്മിക്ക് തോന്നി.

“ഇനി ഇതിന്റെ പേരിൽ എന്തൊക്കെ കോലാഹലങ്ങളാണ് ഉണ്ടാവുക എന്റെ പയ്യൂർക്കാവിലമ്മേ….”

അവൾ കണ്ണുകളടച്ചു പ്രാർത്ഥിച്ചു… പക്ഷേ മനസ്സിൽ തെളിഞ്ഞത് ഒരു മുഖം മാത്രം ശ്രീഹരി..

(തുടരും )

അനീഷ സുധീഷ്

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ശ്രീലക്ഷ്മി – പാർട്ട്‌ 2”

  1. കൊള്ളാം കേട്ടോ. പക്ഷേ നായകന് തുടക്കത്തിലേ ഒരു നെഗറ്റീവ് ടച്

Leave a Reply

Don`t copy text!