Skip to content

ശ്രീലക്ഷ്മി – പാർട്ട്‌ 3

sreelakshmi-novel

അവൾ കണ്ണുകളടച്ച് പ്രാർത്ഥിച്ചു.. പക്ഷേ മനസ്സിൽ തെളിഞ്ഞത് ഒരു മുഖം മാത്രം ശ്രീഹരി.

കോളേജ് വിട്ട് വരും വഴി അമ്മയുടെ അടുത്ത് കയറി അതെന്നും പതിവുള്ളതാണ് .ബാലേട്ടന്റെ കടയിൽ നിന്നും ചൂട് ചായയും പഴംപൊരിയും കഴിച്ച് മടങ്ങാറുള്ളൂ. പതിവുപോലെ അന്നും അമ്മ ചായ വാങ്ങി തന്നു .

ഞാനത് ആസ്വദിച്ചു കഴിക്കുമ്പോഴാണ് തയ്ക്കാനുള്ള തുണിയുമായി സീത ചേച്ചി വന്നത് .

“ആര് സീതയോ? കുറച്ചായല്ലോ കണ്ടിട്ട്? മനോജ് എന്നാ വരുന്നേ?” അമ്മ കുശലാന്വേഷണം തുടങ്ങി.

അവൻ അടുത്ത് തന്നെ വരും .ഇവൾക്ക് കല്യാണപ്രായം ആയില്ലേ ? ഇനിയും ഇങ്ങനെ നിർത്തണോ ? സീതേച്ചി എന്നെയൊന്ന് നോക്കിയിട്ട് അമ്മയോടായി പറഞ്ഞു.

ഞാൻ അമ്മയെ നോക്കി .

“അവളുടെ പഠിപ്പ് കഴിയട്ടെ സീതേ, ഒരു ജോലിയൊക്കെ ആയിട്ടെ അവളെ കെട്ടിക്കുന്നുള്ളൂ. സ്വന്തം കാലിൽ നിന്നില്ലെങ്കിൽ എന്തിനുമേതിനും ഭർത്താവിനെ ആശ്രയിക്കേണ്ടി വരില്ലേ .”

എൻറെ അമ്മ എന്നെ എത്ര മനസ്സിലാക്കിയിരിക്കുന്നു .അമ്മയുടെ ജീവിതമാക്കാം ഇങ്ങനെയൊക്കെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

” പെൺകുട്ടികളെ അധികം ഇങ്ങനെ നിർത്തുന്നു നല്ലതല്ല എപ്പോഴാ വേണ്ടാധീനം തോന്നുന്നേ എന്നു പറയാൻ പറ്റില്ലാ ”

“എന്റെ ചേച്ചി ,എന്നെ വേഗം കെട്ടിക്കണമെന്ന് ചേച്ചിയ്ക്കെന്താ ഇത്ര നിർബന്ധം ആരെങ്കിലും ബ്രോക്കർ പണി ഏൽപ്പിച്ചിട്ടുണ്ടോ ?”

” അത് പിന്നെ ” അവർ നിന്ന് പരുങ്ങി

“അങ്ങനെ വരട്ടെ ആരാ കക്ഷി നല്ലതാണെങ്കിൽ നമുക്ക് ആലോചിക്കാം കെട്ടുകഴിഞ്ഞു പഠിക്കാമല്ലോ അല്ലേ അമ്മ ? ഞാനതു പറയുമ്പോൾ അമ്മയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

“മോളു പറഞ്ഞതാണ് ശരി. മോൾക്ക് നല്ലോണം ചേരും പേര് വിനോദ് . നമ്മുടെ വിഷ്ണുമായ ബസ്സിലെ കണ്ടക്ടറാ മോളെ ബസിൽ വച്ച് ഒരു പാട് കണ്ടിട്ടുണ്ടെന്ന് ”

അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് കിടുങ്ങി .രാവിലെ പോകുന്ന ബസ്സിലെ കണ്ടക്ടർ

“അയ്യാളോ വേറെ ആരേം കിട്ടിയില്ലേ ചേച്ചിക്ക്?

“മോളറിയോ അയ്യാളെ ”

“ഞാൻ സ്ഥിരം പോകുന്ന ബസിലെ കണ്ടക്ടർ ആണമ്മേ ഒരു വഷളൻ ”

എന്താ മോളെ അവന് കുഴപ്പം ? അന്തസ്സായി കുടുംബം നോക്കുന്നില്ലേ പിന്നെ ഒന്ന് കെട്ടിയത് , ആ കുട്ടി ആണെങ്കിൽ ചത്തും പോയി ഒരു കൊച്ചു ഉള്ളതോ അതിന്റെ അമ്മ വീട്ടിലും. നിനക്ക് ഒരു ബാധ്യതയും ഉണ്ടാവില്ല.പിന്നെ ആണുങ്ങൾ ആകുമ്പോൾ കുറച്ചൊക്കെ കുടിച്ചെന്നിരിക്കും ഇപ്പോഴത്തെ കാലത്ത് ആരാ കുടിക്കാത്തതായുള്ളത്.?

“സ്വന്തം ഭാര്യയെ തല്ലി കൊന്നു കെട്ടിത്തൂക്കിയ ആളെ തന്നെ വേണോ എനിക്ക് പെണ്ണാലോചിക്കാൻ ? അതിനു മാത്രം എന്ത് തെറ്റാണ് ചേച്ചിയോട് ഞങ്ങൾ ചെയ്തിട്ടുള്ളത് ?”

തമാശയ്ക്കാണ് ചെക്കനെ കുറിച്ച് ചോദിച്ചതെങ്കിലും ആളാരാണെന്ന് അറിഞ്ഞപ്പോൾ ഉള്ളിൽ പേടിയും ദേഷ്യവും വന്നു.

“അതൊക്കെ നാട്ടുകാർ വെറുതെ പറയുന്നതാ മോളേ” സീതേച്ചി അയ്യാളെ ന്യായീകരിക്കാൻ ശ്രമിച്ചു.

“എന്റെ മോൾ കേട്ടാതെ നിന്നാലും അങ്ങനെ ഒരുത്തന്റെ കൂടെ ഞാൻ അയക്കില്ല. ഈ കാര്യം പറഞ്ഞത് സീത ഇനിയിവിടെ വരരുത് ”
” നിങ്ങൾക്കും ഉണ്ടല്ലോ കുറ്റവും കുറവും .പേരിനു പോലും ഒരു അച്ഛനില്ലാത്തവൾ ആണല്ലോ ലക്ഷ്മി . അപ്പോൾ പിന്നെ ഇതങ്ങ് നടത്തുന്നതല്ലേ ശരി.” സീതേച്ചി വിടാൻ ഉദ്ദേശമില്ല.

” എന്റെ മോൾക്ക് അച്ഛൻ ഇല്ല അത് വിചാരിച്ച് ഒരു കൊലപാതകിക്ക് കെട്ടിച്ചു കൊടുക്കും എന്നും ആരും സ്വപ്നം കാണേണ്ട സമയമാകുമ്പോൾ ഞങ്ങളെ മനസ്സിലാക്കുന്ന ഒരാൾ വരും. അന്നേ കെട്ടിക്കുന്നുള്ളൂ അഥവാ അങ്ങനെ ഒരാൾ വന്നില്ലെങ്കിൽ എന്റെ മോളുടെ വിധിയാണെന്നു കരുതി ഞാൻ സമാധാനിച്ചു കൊള്ളാം.”

“എന്നാലും ഒന്നൂടെ ആലോചിച്ച് ”

” ഒന്നും ആലോചിക്കാനില്ല ചേച്ചി പോകാൻ നോക്ക്”

കാര്യം നടക്കില്ലെന്ന് മനസ്സിലായപ്പോൾ സീതേച്ചി പോയി.

” ഇനി തയ്ക്കുന്നത് ഒന്നും ശരിയാവില്ല മോളെ ഞാനും വരുന്നുണ്ട് നിന്റെ കൂടെ നമുക്കൊരുമിച്ചു പോകാം . ഈ കടയൊന്ന് അടയ്ക്കട്ട ”

അമ്മയുടെ മനസ്സിൽ ആധി കയറിയെന്ന് തോന്നുന്നു. എന്തെങ്കിലും വിഷമം വന്നാൽ പിന്നെ അമ്മയ്ക്ക് തയ്ക്കാനാവില്ല .

ഞങ്ങൾ വീട്ടിലേക്ക് നടന്നു. നടക്കുന്ന വഴി എന്റെ കണ്ണുകൾ ചുറ്റും പരതി ശ്രീയേട്ടനെഅവിടെയെങ്ങും കണ്ടില്ല. മനസ്സിൽ എന്തോ ഒരു വിഷമം എത്ര മറക്കാൻ ശ്രമിച്ചാലും ആ മുഖം മനസ്സിന്നു പോകുന്നില്ല..കുറച്ചുദൂരം ചെന്നപ്പോൾ ആണ് ശ്രീയേട്ടൻ വരുന്നത് കണ്ടത്.
എന്റെ നെഞ്ചിടിപ്പ് കൂടി ശ്രീയേട്ടൻ അമ്മയോട് എല്ലാം പറഞ്ഞാൽ പിന്നെ അമ്മയുടെ പ്രതികരണം എന്താണെന്ന് പറയാൻ പറ്റില്ല.
അല്ലെങ്കിൽ തന്നെ ഇന്നലെ തൊട്ട് ഒരു മൂകമായ അവസ്ഥയാണ് വീട്ടിൽ . ഇനി ഇതും കൂടി അറിഞ്ഞാൽ . ഓർക്കും തോറും പേടി കൂടി..

ശ്രീയേട്ടന്റെ ബൈക്ക് മുന്നിൽ കൊണ്ട് നിർത്തിയപ്പോൾ ശരിക്കും പേടിച്ചു. നെഞ്ചിൽ ശിങ്കാരിമേളം തകർത്താടുന്നുണ്ടായിരുന്നു.

എന്റെ പേടി കണ്ടിട്ടെന്നോണം ആ മുഖത്തൊരു പുഞ്ചിരി തെളിയുന്നുണ്ടായിരുന്നു..

“ഞാൻ അങ്ങോട്ട് വരുവായിരുന്നു. ചേച്ചിയിന്ന് നേരത്തേ കടയടച്ചോ?”

” ഇന്നു വേഗം പോന്നു. വീട്ടിൽ ഇവൾ ഒറ്റയ്ക്കല്ലേ . എത്ര പെട്ടന്നാ ഇരുട്ടാകുന്നത്. മോള് ഒറ്റയ്ക്കാണെന്ന ചിന്ത വരുമ്പോൾ അവിടെ ഇരുന്ന് തയ്ക്കാനും പറ്റുന്നില്ല. എനിക്ക് പറ്റിയത് എന്റെ മോൾക്ക് പറ്റരുതല്ലോ ” ശബ്ദമിടറി കൊണ്ടാണ് അമ്മയത് പറഞ്ഞത്..

എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു അത് കേട്ടപ്പോൾ .

അതു കേട്ടപ്പോൾ ശ്രീയേട്ടന്റെ മുഖം മാറി.

” ഞാൻ ബാലേടെ ഡ്രെസ്സ് തയ്ച്ചോന്നറിയാൻ വരുവായിരുന്നു. ”

“നാളെ വൈകീട്ട് തരാം മോനേ”

“അതുമതി, സൗകര്യം പോലെ തന്നാൽ മതി ”

ശരിയെന്നും പറഞ്ഞ് അമ്മ നടന്നപ്പോൾ മനസിനൊരു ആശ്വാസം.

കുറച്ച് നടന്നപ്പോൾ ചുമ്മാ ഒന്നു തിരിഞ്ഞു നോക്കിയതാ മീശയും പിരിച്ച് ഞങ്ങൾ പോകുന്നതും നോക്കി നിൽക്കുന്ന ശ്രീയേട്ടൻ .

“ഇനി അങ്ങേർക്ക് പ്രേമം തുടങ്ങിയോ ? മനസ്സിൽ ഒരു ലഡു പൊട്ടി..ഏയ് അങ്ങനെയാവാൻ വഴിയില്ല. ഇന്നലെ അത്രമാത്രം വഴക്കു പറഞ്ഞിട്ട് രാവിലെ കണ്ടപ്പോൾ പോലും വെട്ടു പോത്തിനെ പോലെ നിന്നയാൾക്ക് എന്തായാലും പ്രേമം തോന്നാൻ വഴിയില്ല. ഒരു പക്ഷേ ചില ആണുങ്ങളെ പോലെ തന്റെ ശരീരത്തോടുള്ള ആസക്തിയായിരിക്കാം.

യാന്ത്രികമായാണ് അന്നത്തെ ദിവസവും കടന്നുപോയത്. രാത്രിയിൽ അമ്മ ഉറങ്ങാതെ തിരിഞ്ഞും മറഞ്ഞും കിടക്കുന്നുണ്ടായിരുന്നു. എല്ലാം ഒന്നു ശാന്തമാകണം. മനസ്സും ശരിയല്ല.

പിറ്റേന്ന് രാവിലെ തന്നെ അമ്പലത്തിൽ പോകാൻ റെഡിയായി.

ദേവിയോട് എല്ലാം പറഞ്ഞ് പ്രാർത്ഥിക്കണം. എല്ലാം മറന്ന് പഠനത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പഠിച്ച് ഒരു ജോലിയായിൽ അമ്മയ്ക്കും ഒരു സഹായമാകും.

എനിക്കുവേണ്ടി വേണ്ടി കഷ്ടപ്പെട്ട അമ്മയെ ഒരിക്കലും വിഷമിപ്പിക്കാൻ പാടില്ല.

ഉള്ളു തുറന്ന് പ്രാർത്ഥിച്ചപ്പോൾ എന്തോ മനസിനൊരു ശാന്തത കൈവന്നു. അമ്പലത്തിൽ ആളുകൾ കുറവായിരുന്നു. കോളേജിൽ പോകേണ്ടതു കൊണ്ട് വേഗം തൊഴുതിറങ്ങി.

അമ്പലത്തിൽ നിന്നും തിരിച്ചു വരും വഴിയാണ് അയാളെകണ്ടത്.

വിനോദ് !

അയ്യാളെ ശ്രദ്ധിക്കാതെ കടന്നു പോകാൻ ശ്രമിച്ചപ്പോഴാണ് അയാൾ മുന്നിലേക്ക് വന്ന് നിന്നത്.

മദ്യത്തിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്കടിച്ചു..

“എന്താടി നിനക്ക് എന്നെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ലാത്തെ ? ഈ
വിനോദ് ഒരു കാര്യം വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിട്ട് തിരിച്ചുപോകൂ . ”

ആ വഴിയിൽ ആരും ഉണ്ടായിരുന്നില്ല എനിക്കാകെ പേടി തോന്നി.

“ന്റെ ദേവീ കാത്തോണേ “മനസ്സിൽ പ്രാർത്ഥിച്ചു.

“മുന്നിൽ നിന്നും മാറ് എനിക്ക് പോകണം ”

“നീ അങ്ങനെ അങ്ങ് പോയാലോ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് പോയാൽ മതി. ”
അയ്യാൾ വിടുന്ന ലക്ഷ്ണമില്ല.

“എനിക്ക് നിങ്ങളെ ഇഷ്ടമല്ല. ഒരു കൊലപാതകിയെ സ്നേഹിക്കുന്നതിലും ഭേദം വല്ല ആറ്റിലോ കുളത്തിലോ ചാടി മരിക്കുന്നതാണ്. ”

“എന്നാൽ മോള് മരിക്കാൻ തയ്യാറായിക്കോ ,ഒരു ദിവസമെങ്കിൽ ഒരു ദിവസം നിന്നെ എന്റെ ഭാര്യയാക്കിയിട്ടേ എനിക്കിനി വിശ്രമമുള്ളൂ കേട്ടോടി”

പെട്ടെന്നാണ് ഒരു ബൈക്കിന്റെ ശബ്ദം കേട്ടത് അത് ശ്രീയേട്ടന്റെ ബൈക്കിന്റെ ശബ്ദമാണ്. ആ ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി .ദേവി എന്റെ പ്രാർത്ഥന നീ കേട്ടല്ലോ?

വിനോദിന്റെ പേശികൾ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.

എന്റെ പേടി കുറഞ്ഞു. പക്ഷേ ശ്രീയേട്ടൻ ഞങ്ങളെ ശ്രദ്ധിക്കാതെ കടന്നുപോയി.ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു .

വിനോദ് കുറച്ചുകൂടി മുന്നോട്ടു നീങ്ങി നിന്നു .

“എന്താടി നീയൊന്നും മിണ്ടാത്തെ ? നിനക്കെനെ ഇഷ്ടപ്പെടാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ ”

അതും പറഞ്ഞ് അയ്യാളെന്നെ അയാളിലേക്കടുപ്പിച്ചു..

അകറ്റി മാറ്റാൻ ശ്രമിച്ചിട്ടും ആ ബലിഷ്ഠമായ കൈകൾ എന്നെ വരിഞ്ഞു മുറുകുന്നുണ്ടായിരുന്നു.

എന്റെ ജീവിതം ഇവിടെ തീരുകയാണ്. കണ്ണുകളടച്ചു.
അയ്യാളുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു.

ഒന്നുറക്കെ കരയാൻ പോലും എനിക്കായില്ല. എന്റെ നാവുകൾ കുഴഞ്ഞു പോയി. ചെവികളിൽ ചൂളം വിളികൾ കേട്ടു.

പെട്ടെന്ന് പിന്നിൽ നിന്നൊരു ചവിട്ടേറ്റ് വിനോദ് താഴെ വീണു. ഞാൻ സൈഡിലേക്കും. കാൽ ചെന്ന് അടിച്ചത് ഒരു കല്ലിൽ .

“ശ്രീയേട്ടൻ !!”

എനിക്ക് വിശ്വസിക്കാനായില്ല പിന്നെ അവിടെ കണ്ട കാഴ്ച പൊടി പാറുന്നതായിരുന്നു. എന്തോ ഭാഗ്യത്തിന് ആ സമയം അവിടെ ആളുകൾ ഇല്ലായിരുന്നു.

ഇനിയും തല്ലിയാൽ അയ്യാൾ ചത്തുപോകും എന്നു മനസ്സിലായപ്പോൾ ശ്രീയേട്ടനെ തടഞ്ഞു.

കണ്ണിൽ എരിയുന്ന പകയോടെയാണ് അയ്യാൾ അവിടെ നിന്നും പോയത്.

“ആരാടീ അവൻ ” ശ്രീ ദേഷ്യത്തോടെ ചോദിച്ചു.

” അതു വിനോദ് ഞാൻ സ്ഥിരം പോകുന്ന ബസിലെ കണ്ടക്ടറാണ്.

എന്നെ കെട്ടണമെന്ന് പറഞ്ഞുകൊണ്ട് വന്നതാ”

“അവനാണോ അതോ നീയോ കെട്ടാൽ പറഞ്ഞത്? കാണുന്നവരോടൊക്കെ ഇഷ്ടമാണെന്ന് പറയലാണല്ലോ നിന്റെ പണി . ”

“അങ്ങനെ വഴിയിൽ കാണുന്നോരോടൊന്നും ഞാനെന്റെ ഇഷ്ടം പറഞ്ഞിട്ടില്ല.. പ്രേമിച്ചിട്ടും ഇല്ല അതിനു ഞാൻ ശ്രീഹരിയല്ല. “പെട്ടന്നുള്ള ദേഷ്യത്തിലാണങ്ങനെ പറഞ്ഞത്.

” അതേടീ ഞാൻ പലരോടും പറയും പലരേയും കൂടെ കിടത്തും ഇതൊക്കെ അറിഞ്ഞിട്ട് തന്നെയാണല്ലോ ഇന്നലെ നീയും നിന്റെ ഇഷ്ടം പറഞ്ഞത്. ഇഷ്ടമെന്നൊക്കെ പറയുന്നത് കുട്ടിക്കളിയല്ല നിന്നെ പോലെയുള്ളവർക്ക് തട്ടി കളിക്കാൻ ”

“നിങ്ങൾ പലരുടെയും കൂടെ പോയാലും അതൊന്നും ശ്വാശ്വതമല്ലാന്ന് എനിക്കറിയാം. ഒരു പെണ്ണിനെയും ചതിക്കാനും നിങ്ങൾക്കാവില്ല അതിനു മാത്രം ദുഷ്ട മനസ്സ് ശ്രീയേട്ടനില്ലാന്ന് ഈ മുഖം കണ്ടാൽ അറിയാം. മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് കേട്ടിട്ടില്ലേ?” ആ കണ്ണുകളിൽ നോക്കി തന്നെയാണവൾ പറഞ്ഞത്.

” തന്നെ കുറിച്ച് എല്ലാം ഇവൾ മനസ്സിലാക്കിയിട്ടുണ്ട് ശ്രീഹരി മനസ്സിലോർത്തു. താൻ മൂലം ഒരു പെണ്ണിന്റെയും കണ്ണീര് വീഴില്ലെന്ന് അമ്മയ്ക്ക് വാക്കു കൊടുത്തിട്ടുണ്ട് .. ഒന്നുരണ്ട് തേപ്പ് കിട്ടിയിട്ടുണ്ടെങ്കിലും ഒരിക്കലും ഒരു പെണ്ണും താൻ കാരണം കരഞ്ഞിട്ടില്ല. എല്ലാം വെറും ടൈം പാസ് മാത്രം.

ആരൊക്കെയോ ഞങ്ങളെ ശ്രദ്ധിച്ചു കടന്നുപോയി.

“ശ്രീയേട്ടൻ പൊയ്ക്കോ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. എന്റെ കൂടെ നിന്ന് ഒരു ചീത്തപ്പേര് കേൾപ്പിക്കണ്ട. ”

വീട്ടിലേക്ക് നടന്നു. നടക്കാൻ ഒരു ബുദ്ധിമുട്ട് കാലുളുക്കിയിട്ടുണ്ട്.
ശ്രീയേട്ടൻ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കിയില്ല. നോക്കാനുള്ള ശക്തിയില്ലായിരുന്നു.

അനുസരണയില്ലാത്ത കണ്ണുനീർ കവിൾത്തടം നനച്ചു കൊണ്ടിരുന്നു.

കോളേജിൽ പോകാൻ തന്നെ പേടിയായി. അയ്യാൾ അവിടെയും വന്നാൽ ? ആരും രക്ഷിക്കാനില്ല.
തനിക്കൊരു അച്ഛനോ ഏട്ടനോ ഉണ്ടായിരുന്നെങ്കിൽ ?

“ലക്ഷ്മീ ”

പിന്നിൽ നിന്നുള്ള ശ്രീയേട്ടന്റെ വിളി കേട്ട് നിന്നു ”

“എന്റെ അമ്മാവനാണോ നിന്റെ അച്ഛൻ?

മറുപടി പറഞ്ഞില്ല. നിറഞ്ഞൊഴുകുന്ന കണ്ണുനീർ ദാവണി തുമ്പിനാൽ തുടച്ചു.

” അത് സത്യമാണെങ്കിൽ നിന്നെ അദ്ദേഹത്തിന്റെ മകളായി ഞാൻ വാഴിക്കും. അതല്ലയെങ്കിൽ
നിന്റെ മരണം എന്റെ കൈ കൊണ്ടായിരിക്കും..”

എന്നെ ഇഷ്ടമല്ലെങ്കിലും ആ വാക്കുകൾ എനിക്കൊരു കുളിർ മഴയായി തോന്നി.

“സ്വന്തം അച്ഛനാരാണെന്ന് ഒരിക്കലും ഒരമ്മയും മകളോട് കള്ളം പറയില്ല. അദ്ദേഹത്തിന്റെ മകളായി ജീവിക്കണമെന്നുള്ള കൊതിയൊന്നും എനിക്കില്ല. എന്നെ അംഗീകരിക്കുകയും വേണ്ട പക്ഷേ എനിക്കറിയണം സ്നേഹം നടിച്ച് എന്തിനാ എന്റെ അമ്മയെ ചതിച്ചതെന്ന് ? അത് മാത്രം അറിഞ്ഞാൽ മതി. അറിഞ്ഞു കൊണ്ടാണോ അതോ സാഹചര്യം കൊണ്ട് സംഭവിച്ചതാണോ എന്ന് ”

” നീ വണ്ടിയിൽ കയറ് ഞാൻ കൊണ്ടാക്കാം “അവൾക്ക് വിശ്വസിക്കാൻ പറ്റിയില്ല.

” കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ ഇങ്ങോട്ട് കേറടി പുല്ലേ . പോയിട്ട് പണിയുള്ളതാ ”

” വേണ്ട ഞാൻ നടന്നു പൊയ്ക്കോളാം ”

“കണ്ടവന്മാര് വന്ന് കേറിപ്പിടിച്ചപ്പോൾ നീ ആസ്വദിച്ച് നിൽപ്പുണ്ടായിരുന്നല്ലോ
എന്നിട്ട് എന്റെ ബൈക്കിൽ കേറാൻ നിനക്ക് മടി ”

അതു കേട്ടപ്പോൾ കണ്ണുകൾ വീണ്ടും നിറഞ്ഞു .

“നിന്നു മോങ്ങാതെ കയറാൻ നോക്ക് ഞാൻ വീട്ടിൽ കൊണ്ടാക്കാം .ഈ കാലും വെച്ച് നടക്കണ്ട പിന്നെ വഴിയിൽ വച്ച് അവനെങ്ങാനും വന്നാൽ ? എപ്പോഴും ഞാനുണ്ടായെന്ന് വരില്ല. സ്വന്തം ചാരിത്രം സൂക്ഷിക്കാൻ കഴിയാതെ കരഞ്ഞിട്ട് കാര്യമില്ല. അമ്മയ്ക്ക് പറ്റിയ അനുഭവം അറിയാമല്ലോ? ഒരു കാര്യം കൂടി നിന്നോടുള്ള പ്രേമം മൂലമാണ് കൊണ്ടാക്കുന്നതെന്ന് കരുതണ്ട. ലതികേച്ചിയെ മാത്രം ഓർത്തിട്ടാ കേട്ടോടീ വെള്ള പാറ്റേ”

” വെള്ള പാറ്റ നിന്റെ കെട്ട്യോൾ “ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു..

ഭഗവതി എന്തെങ്കിലും മൊഴിഞ്ഞോ ?”

ഇല്ലെന്ന് കണ്ണടച്ചു കൊണ്ട് പറഞ്ഞു.
ഇങ്ങേർക്ക് ഇത്രയും ചെവിയോ?

” മടിച്ചു മടിച്ചാണ് വണ്ടിയിൽ കയറിയത്. ആദ്യമായിട്ടാണ് ഒരു ബൈക്കിൽ കയറുന്നത് .

അതിന്റെ ഒരു പേടി എനിക്കുണ്ടായിരുന്നു .

ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ശ്രീയേട്ടനൊപ്പം കെട്ടിപ്പിടിച്ച് ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രയ്ക്കായ്.

ഒരകലം പാലിച്ചാണ് ഞാൻ ഇരുന്നത്. എവിടെ പിടിക്കണം എന്ന് അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ വണ്ടി എടുത്തതും വീഴാൻ പോയതും ഒരുമിച്ചായിരുന്നു.

വീഴാൻ പോയപ്പോൾ പിടിച്ചത് ശ്രീയേട്ടന്റെ ഷർട്ടിൽ. പെട്ടെന്ന് വണ്ടി നിർത്തി.

“പിടിക്കാതെ ആണോടീ വണ്ടിയിൽ ഇരിക്കുന്നേ ” കലിപ്പിലാണത് ചോദിച്ചത്.

” എനിക്കീ വണ്ടിയിൽ കയറി ശീലമില്ല. ആദ്യമായിട്ടാണ് ബൈക്കിൽ കയറുന്നത് . ബൈക്കിൽ കൊണ്ടുനടക്കാൻ എനിക്ക് അച്ഛനും ആങ്ങളമാരും ഒന്നുമില്ലല്ലോ. ശ്രീയേട്ടൻ പോയ്ക്കോ നടക്കാനുള്ള ദൂരമല്ലേയുള്ളൂ ഞാൻ നടന്നു പൊയ്ക്കോണ്ട്. ”

” എന്നാ കെട്ടിലമ്മ നടന്നു പോയാൽ മതി സഹായിക്കാമെന്ന് കരുതിയപ്പോൾ അവൾക്ക് പിടിച്ചില്ല. ഇന്ന് ആരെയാണോ ദൈവമേ കണി കണ്ടത് ” അതും പറഞ്ഞു ശ്രീഹരി വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് പോയി.

“ശ്ശെ വേണ്ടായിരുന്നു. നല്ലൊരു ചാൻസ് നഷ്ടപ്പെടുത്തി. ” മുന്നോട്ട് പതിയെ നടക്കാൻ നോക്കി. കാലിനു വേദനയുണ്ട്.

ഒരു ഹോണടി കേട്ടാണ് നോക്കിയത്. ശ്രീയേട്ടൻ തിരിച്ചു വരുന്നു.

വണ്ടി വളച്ചു തന്റെ മുന്നിലായി നിർത്തി.

“കേറെടി ” അധികാരത്തോടെയുള്ള ആ വിളി കേട്ട് ഞാൻ സ്തംഭിച്ചു.

ഒന്നും നോക്കിയില്ല ബൈക്കിലേക്ക് ചാടിക്കയറി. ഇത്തവണ മുറുകെ പിടിച്ചിട്ട് തന്നെയാണ് ഇരുന്നത്.

തന്നെ അമ്പരിപ്പിച്ചു കൊണ്ട് ശ്രീയേട്ടൻ വലത്തേ കയ്യാൽ തന്റെ കൈ പിടിച്ച് ശ്രീയേട്ടന്റെ വയറിനോട് ചേർത്തു വെച്ചു.

പറഞ്ഞറിയിക്കാത്ത ഒരു തരം വികാരം ആ സമയത്തുണ്ടായി.
ശ്രീയേട്ടനെ ചുറ്റിപ്പിടിച്ചു തന്റെ മുഖം ആ പുറത്തേക്കു അമർത്തിയപ്പോൾ
മഞ്ഞൾ കുറിയാലും കണ്ണുനീരാലും പുറം കുതിർന്നിരുന്നു

ആ സമയം തന്റെ കൈത്തലം ആ ചുണ്ടോട് ചേർത്തിരുന്നു ശ്രീയേട്ടൻ

ശരിക്കും സ്വർഗത്തിൽ എത്തിയ ഒരു പ്രതീതി ആയിരുന്നു ആ നിമിഷം .
ഞാൻ ശ്രീയേട്ടനോട് കൂടുതൽ ചേർന്നിരുന്നു

വീടിനടുത്തുള്ള ഇടവഴിയിൽ എത്തിയപ്പോൾ ആണ് പരിസര ബോധം വന്നത്.

“ഇറങ്ങുന്നില്ലേ, “അവൻ മെല്ലെ ചോദിച്ചു.വണ്ടിയിൽ നിന്നും പതുക്കെ ഇറങ്ങി. ഉള്ളിലൊരു ഭയം.

തങ്ങളുടെ യാത്ര എത്ര പേർ കണ്ടിരിക്കും.

അടുത്തുള്ള വീട്ടിലെ ശാരദേച്ചി അർത്ഥം വെച്ച് നോക്കി കൊണ്ട് പോയി.

കുടുംബശ്രീയിലെ ഈ ആഴ്ചയിലെ വിഷയം ഞാൻ ആകും .തള്ള വേലി ചാടിയാൽ മകൾ മതിൽ ചാടും അവർക്ക് പറഞ്ഞു ചിരിക്കാൻ ഒരു വിഷയമായി.

ഇടവഴിയിലൂടെ ഓടിവരുന്ന സ്കൂൾ കുട്ടികൾ ഞങ്ങളെ കണ്ട് ചിരിച്ചു കൊണ്ടു പോയി.

എനിക്കാകെ വിഷമമായി. ഇനി നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും ? അമ്മ ഇതറിഞ്ഞാൽ?

തന്റെ മുഖം വാടിയത് കണ്ടിട്ടാണെന്ന് തോന്നുന്നു ശ്രീയേട്ടൻ പറഞ്ഞു.

“താൻ ഒന്നു കൊണ്ടും പേടിക്കണ്ട . പരദൂഷണക്കാരെ പേടിച്ചാൽ ജീവിക്കാൻ ഒക്കില്ല. ”

കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞവൾ വീണ്ടും അവനെ നോക്കി.

ആ നോട്ടത്തിൽ എന്തൊക്കെയോ അവൾ പ്രതീക്ഷിച്ചു.

പോകാനൊരുങ്ങിയ അവളുടെ കൈ പിടിച്ചു ശ്രീഹരിയുടെ അരികിലേക്ക് ചേർത്ത് നിർത്തി.

“പെട്ടെന്നുള്ള അവന്റെ പ്രതികരണത്തിൽ അവൾ പകച്ചു.
ചുറ്റും നോക്കി ഭാഗ്യം ആരുമില്ല.

” അങ്ങനെയങ്ങ് പോയാലോ ? ഒരു തെമ്മാടിയിൽ നിന്ന് രക്ഷിച്ചതിന്റെ കൂലിയായിട്ട് എന്തെങ്കിലും തന്നിട്ട് പോയാൽ മതി. ” അവൻ കള്ള ചിരിയാൽ പറഞ്ഞു.

“എന്താ വേണ്ടത് ?”

“എന്തു ചോദിച്ചാലും തരുമോ ?”

” തരാം ”

“എന്തും”

“തരാമെന്നല്ലേ പറഞ്ഞത് ”

” നിന്നെ തന്നെ ചോദിച്ചാലോ ”

“ഞാൻ തരും ”

” ശരിക്കും ആലോചിച്ചിട്ട് തന്നെയാണോ ? നിന്നെ നശിപ്പിച്ച് ഞാൻ കടന്നു കളഞ്ഞാലോ ? ശ്രീഹരി അല്പം ഗൗരവത്തിൽ ചോദിച്ചു

“നിങ്ങളെക്കൊണ്ട് അതിനാവില്ല . അത്രയ്ക്ക് ദുഷ്ടനാവാൻ കഴിയോ ശ്രീയേട്ടന്?

” എന്നെ അത്രയ്ക്ക് വിശ്വാസമാണോ നിനക്ക് ”

“എന്റെ അമ്മയോളം വിശ്വാസമാണ് എനിക്ക് നിങ്ങളെ . ഇന്നല്ല എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ ഞാൻ നിങ്ങളെ വിശ്വസിച്ചിരുന്നു ആരാധിച്ചിരുന്നു. ”

ആ വാക്കുകളിലെ പൊരുൾ അവളുടെ ധൈര്യം അവന് മനസ്സിലായി.

” അമ്മയ്ക്ക് പറ്റിയ ചതി മകൾക്കും സംഭവിച്ചാലോ ? നീ എന്തു ചെയ്യും ?

“അമ്മയല്ല ഞാൻ ,നല്ല അച്ഛനു പിറന്നതല്ലെങ്കിലും നല്ലൊരു അമ്മയുടെ വയറ്റിൽ പിറന്നവളാണ്. പിന്നെ പണ്ടത്തെ കാലമൊന്നും അല്ല . കൊച്ചിനെ പ്രസവിച്ച് ചിറയ്ക്കൽ തറവാട്ടിലോട്ട് ഒരു വരവുണ്ട്. കൊച്ചിന്റെ തന്തയാരാണെന്ന് കണ്ടെത്താൻ ഒരു ബുദ്ധിമുട്ടും ഇല്ല.DNA ടെസ്റ്റുകൾ സുഖമായി നടന്നുകൊണ്ടിരിക്കുന്ന കാലമാണു ട്ടോ” കുസൃതിയാൽ ഇടംകണ്ണിട്ടു കൊണ്ട് പറഞ്ഞു.

“അത്രയ്ക്ക് ധൈര്യമുണ്ടോ നിനക്ക് ? എന്നാലതൊന്ന് കാണണല്ലോ”

അവൻ അവളുടെ ഇടുപ്പിൽ കൈ അമർത്തി മുഖം തന്നിലേക്ക് അടുപ്പിച്ച് ആ ചുണ്ടുകൾ കവർന്നു.

ശരീരമാകെ കോരിത്തരിക്കുന്നതു പോലെയവൾക്ക് തോന്നി. നനുത്ത ഒരു സ്പർശം പോലെ ഒരു നിമിഷം അവൾ ആ ചുംബനത്തെ ആസ്വദിച്ചു.

എന്തോ ഒരു ഉൾവിളിയാൽ അവളവനെ തട്ടി മാറ്റി. ശരീരമാകെ ഒരു വിറയൽ ചുറ്റിലും നോക്കി ആരുമില്ല കിളികളുടെ കളകളാരവം മാത്രം.

അവളുടെ പേടി കണ്ടപ്പോൾ അവന് ചിരി വന്നു.

” ഞാൻ പോണു ” അവൾ എങ്ങോ നോക്കി പറഞ്ഞു.

“ഒരു ഉമ്മ തന്നപ്പോഴേക്കും ധൈര്യമൊക്കെ ചോർന്നുപോയോ ?”

അവൾ മറുപടി പറഞ്ഞില്ല… മുഖം താഴ്ത്തി നിന്നു. അവളുടെ മുഖമാകെ ചുവന്നുതുടുത്തിരുന്നു.

“ഒരുമ്മ കിട്ടിയപ്പോഴേക്കും മുഖമാകെ ചുവന്നുതുടുത്തല്ലോ ഇക്കണക്കിന് പോയാൽ നമ്മുടെ കല്യാണം കഴിഞ്ഞാൽ കെട്ടിയത് ചെമ്പരത്തിപൂവിനെ ആണെന്ന് നാട്ടുകാർ പറയുമല്ലോ ഈശ്വരാ ”

അവന്റെ അർത്ഥം വെച്ചുള്ള വാക്കുകൾ കേട്ടപ്പോൾ ലക്ഷ്മിയുടെ മുഖം നാണത്താൽ കുതിർന്നു.

“ഞാൻ പോണു, ” അവൾ തിരിഞ്ഞു നടന്നു

” ഈ വയ്യാത്ത കാലും വെച്ച് ഇനി കോളേജിലോട്ടൊന്നും പോകണ്ട. ”

“ഇന്ന് പോകാതിരിക്കാൻ പറ്റില്ല ക്ലാസ്സ് ടെസ്റ്റ് ഉള്ളതാ ” അവൾ പറഞ്ഞു.

ഈ വയ്യാത്ത കാലും വെച്ച് ഇന്ന് നീ കോളേജിൽ പോയാൽ നിന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും കേട്ടോടി വെള്ള പാറ്റ”

“ഉം”

അനുസരണയോടെ അവൾ മൂളി

അവൻ പോകാനൊരുങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു.

“പിന്നേ, ഒരു കൂട്ടം പറഞ്ഞാൽ ദേഷ്യപ്പെടോ ?”

“എന്താ ?”

” ഒരു ജോലിക്ക് ശ്രമിച്ചൂടെ ?എന്നും അച്ഛന്റെ തണലിൽ തന്നെ നിന്നാൽ മതിയോ ?”

” എനിക്കെന്തിനാ ജോലി . ഒരു നാലു തലമുറയ്ക്ക് കഴിയാനുള്ളത് ഞങ്ങൾക്കുണ്ട്. ”

അത് നിങ്ങടെ അച്ഛൻ ചിറയ്ക്കൽ ശ്രീധരൻ സമ്പാധിച്ചത് പിന്നെ പാരമ്പര്യമായി കിട്ടിയതും. ഞാൻ കെട്ടുന്ന ആള് സ്വന്തം കാലിൽ നിൽക്കുന്നവനായിരിക്കണം. അല്ലാതെ സ്വന്തം അച്ഛന്റെ മുന്നിലായാലും കൈ നീട്ടി നിൽക്കേണ്ടി വരുന്നവനായിരിക്കരുത്. അല്ലെങ്കിലും നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല നിങ്ങളുടെ അച്ഛനെ പറഞ്ഞാൽ മതിയല്ലോ പോത്ത് പോലെ വളർന്നിട്ടും ഒരു ജോലിക്കും വിടാതെ . ഒന്നില്ലെങ്കിലും സ്വന്തം സ്ഥാപനത്തിലെ കാര്യമെങ്കിലും നോക്കി നടത്തിക്കൂടെ”

“എന്റെ അച്ഛനെ പറയുന്നോടീ വെള്ള പാറ്റേ” അവൻ ദേഷ്യത്താൽ വണ്ടി അവളുടെ അടുത്തേക്ക് അടുപ്പിച്ചു.

“സ്വന്തം അച്ഛനെ പറഞ്ഞപ്പോൾ ദേഷ്യം വന്നല്ലേ. അപ്പോൾ എനിക്കോ? തന്തയില്ലാത്തവൾ എന്നു പരസ്യമായി വിളിച്ചപ്പോൾ എന്റെ അവസ്ഥ ശ്രീയേട്ടൻ മനസ്സിലാക്കി യോ ? ഓർമ്മ വെച്ച നാൾ മുഴുവൻ കേൾക്കുന്നതാ ആ വിളി ”

അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു.

” ലച്ചൂ , അപ്പോഴങ്ങനെ പറഞ്ഞതിൽ നീ ക്ഷമിക്ക്. വേണമെങ്കിൽ എന്നെ അങ്ങനെ വിളിച്ചോ? രണ്ടടിയും തന്നോ എന്നാലും എന്നോട് ദേഷ്യം മാത്രം തോന്നരുത്. ”
അവൻ ക്ഷമാപണത്തിൽ പറഞ്ഞു..

“എനിക്ക്‌ ദേഷ്യമൊന്നും ഇല്ല. എന്നെ അങ്ങനെ വിളിച്ചതു കൊണ്ട് പതിനെട്ട് വർഷമായി ഞാൻ തേടുന്ന ചോദ്യത്തിന് ഉത്തരം കിട്ടി ”

“നീ വിഷമിക്കണ്ട ആ ഉത്തരത്തിന് നൂറ് മാർക്ക് ഞാൻ നിനക്ക് വാങ്ങി തരും. ആദ്യം ഈ കണ്ണുതുടച്ച് ഒന്ന് ചിരിക്ക് അതു കണ്ടിട്ട് വേണം ചേട്ടന് പോവാൻ ”

അവൾക്ക് പുഞ്ചിരിവന്നു.
ആരോ ഇടവഴിയിലൂടെ വരുന്നുണ്ടായിരുന്നു.

പിന്നെ കാണാമെന്ന് പറഞ്ഞ് ശ്രീ വേഗം തിരിച്ചു പോയി.

വീട്ടിലെത്തിയപ്പോൾ ലതിക അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

വേച്ചുവേച്ചുള്ള അവളുടെ നടത്തം കണ്ടപ്പോൾ ലതിക ഒന്നു പകച്ചു.

എല്ലാം അവൾ അമ്മയോട് പറഞ്ഞു. ഒരു കാര്യം മാത്രം ഒഴിച്ച് .

” അല്ലെങ്കിലും ശ്രീഹരി നല്ല കുട്ടിയാ. അവിടത്തെ ദേവകി ചേച്ചിയുടെ എല്ലാ സ്വഭാവവും അവനുണ്ട്. കുറച്ച് കുടിയൊക്കെ ഉണ്ട് അല്ലെങ്കിലും അച്ഛന്റെ സ്വഭാവം ഇല്ലാത്ത മക്കളുണ്ടാവോ ?”

അവളുടെ കാലിൽ കുഴമ്പിട്ട് ലതിക തടവി കൊടുത്തു.
അവർ ശ്രീയെ നല്ലോണം പുകഴ്ത്തുന്നുണ്ടായിരുന്നു.

അതൊക്കെ കേട്ട് കോരിത്തരിച്ചാണ് ലക്ഷ്മിയിരുന്നത്.

അന്നവൾ കോളേജിൽ പോയില്ല..
അമ്മയും അവൾക്ക് കൂട്ടിനിരുന്നു.

ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോൾ അവൾ മുറ്റത്തേക്കിറങ്ങി നോക്കും അത് ശ്രീഹരിയാണോയെന്ന് .പക്ഷേ അതു വെറും തോന്നലായിരുന്നുവെന്ന് തോന്നുമ്പോൾ ഹൃദയത്തിലൊരു വേദന തോന്നി.

ഓരോ ചിന്തകളും ആ സമയം അവളുടെ ഉള്ളിലൂടെ പോയി.

“ശരിക്കും ശ്രീയേട്ടന് തന്നെ ഇഷ്ടമാണോ അതോ അന്ന് പറഞ്ഞ പോലെ വെറും ശരീരത്തോടുള്ള ആസക്തിയോ ? ഒറ്റ ദിവസം കൊണ്ട് ഒരാൾക്ക് പ്രണയം തോന്നോ? പ്രണയം നടിച്ച് ചതിക്കാനാണ് ഭാവമെങ്കിൽ ? എങ്ങനെ വിശ്വസിക്കും? കുറച്ച് അകലം പാലിക്കുന്നത് നല്ലതാണ്.

ആ ദിവസം വിരസമായി തോന്നിയവൾക്ക്.

കോളേജിൽ പോകാതെ വീട്ടിൽ തന്നെ ഇരുന്നപ്പോൾ ഒരു സുഖവുമില്ല. പഠിക്കാനിരുന്നപ്പോൾ ശ്രീയുടെ മുഖം മാത്രമായിരുന്നു മനസ്സിൽ . അവനെ ഓർക്കുന്തോറും സുഖമുള്ള ഒരു തരിപ്പ് ശരീരത്തിനാകെ അനുഭവപ്പെട്ടു…

നാളെ കോളേജിൽ എന്തായാലും പോകണം പക്ഷേ പോകുന്ന ബസ്സിൽ വിനോദ് ഉണ്ടെങ്കിൽ ?അവിടെത്തന്നെ ആരു രക്ഷിക്കും ഓർക്കുമ്പോൾ ഒരു പേടി. കിരണേട്ടൻ തന്നെ കണ്ടക്ടറായി ഉണ്ടായാൽ മതിയായിരുന്നു.

ഈ സമയം ചിറയ്ക്കൽ തറവാട്ടിൽ ഒരു യുദ്ധത്തിനുള്ള കാഹളം മുഴങ്ങി കൊണ്ടിരിക്കുകയായിരുന്നു .

തന്റെ കയ്യിലിരുന്ന ബാഗ് റൂമിൽ കിടക്കുകയായിരുന്ന ശ്രീഹരിയുടെ ദേഹത്തേക്ക് വലിച്ചെറിഞ്ഞ്‌ ശ്രീബാല ഒരു ഭദ്രകാളി പോലെ നിന്നു .

അവൻ ഞെട്ടി എഴുന്നേറ്റു.

“എന്താ ബാലേ നിനക്ക് ഇന്നെന്താ നേരത്തേ വിട്ടോ ?

“എനിക്ക് എന്താണെന്ന് ഞാൻ പറഞ്ഞുതരാം രാവിലെ ഏട്ടന്റെ കൂടെ ബൈക്കിൽ ആരായിരുന്നു ?

“ഈശ്വരാ ലക്ഷ്മിയെ കൊണ്ടു ബൈക്കിൽ വന്നത് ഇവൾ എങ്ങാനും …..?” അവൻ മനസ്സിൽ ഓർത്തു.

“ആരായിരുന്നെന്നാ ചോദിച്ചത് ? വേഗം പറഞ്ഞോ അതോ ഞാനമ്മയെ വിളിക്കണോ ?

അവൾ രണ്ടും കൽപ്പിച്ചായിരുന്നു.

“അത് അത് പിന്നെ മഹി … മഹിയെ നിനക്കറിയില്ലേ ?” അവൻ നിന്നു പരുങ്ങി

” മഹിയേട്ടൻ എന്നുമുതലാ ദാവണി ചുറ്റി നടക്കാൻ തുടങ്ങിയത്?”

അവളോട് ഒന്നും മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി.

” മോളെ ഞാൻ നിന്നോട് എല്ലാം പറയാൻ വരുവായിരുന്നു.
അത് ലക്ഷ്മി ആയിരുന്നു രാവിലെ ഒരു പ്രശ്നം ആ കുട്ടിക്ക് നടക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഞാനാണ് വീട്ടിലെത്തിച്ചത് ”

“എന്തു പ്രശ്നം ”

അവൻ എല്ലാം അവളോട് പറഞ്ഞു. എന്നാലും ഏട്ടൻ എന്നെ ഇങ്ങനെ ചതിക്കുമെന്ന് വിചാരിച്ചില്ല കഴിഞ്ഞ ദിവസം എന്തൊക്കെയാ അവിടെ വന്ന് പറഞ്ഞത് ? ലക്ഷ്മി അതാണ് ലക്ഷ്മി ഇതാണ് അച്ഛൻ ഇല്ലാത്തവളാണ് . തന്റേടിയാണ് ഇങ്ങോട്ട് കേറി പ്രൊപ്പോസ് ചെയ്തു എന്നിട്ടെന്തേ ഒറ്റ ദിവസം കൊണ്ട് മൂക്കും കുത്തി വീണല്ലോ?”

“അത് ഞാൻ വെള്ളമടിച്ചതിന്റെ പുറത്തു പറഞ്ഞതല്ലേ”

“ഏട്ടന്റെ കുടി കൂടുന്നുണ്ട് ഞാൻ അച്ഛനോട് പറയണോ ”

“എന്റെപൊന്നു മോളെ ചതിക്കല്ലേ നിന്റെ ഏത് ആഗ്രഹം വേണമെങ്കിലും ഞാൻ സാധിച്ചു തരാം.”

“എന്നാലേ ഒരു അയ്യായിരം രൂപ ഇങ്ങോട്ട് എടുക്ക്. ”

“അയ്യായിരോ രണ്ടായിരം പോരെ ”

“പോരല്ലോ അയ്യായിരം തന്നെ വേണം ”

” നിനക്കെന്തിനാ ഇത്രേം പൈസ ?”

” അതു ഏട്ടനറിയേണ്ട ” പറ്റില്ലെങ്കിൽ പറഞ്ഞോ ഞാൻ അച്ഛന്റെ കയ്യിൽനിന്നും വാങ്ങിച്ചോളാം പിന്നെ അച്ഛൻ വല്ലതും ചോദിച്ചാൽ ഏട്ടൻ തന്നെ മറുപടി പറയേണ്ടിവരും ”

അവൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. വേറെ നിവൃത്തിയില്ലാതെ ശ്രീഹരി പേഴ്സിൽ നിന്ന് പൈസ എടുത്തു കൊടുത്തു .

“എന്നാലും ഏട്ടാ ഒരു സംശയം ഒറ്റദിവസംകൊണ്ട് നിനക്കെങ്ങനെ അവളോട് ഇഷ്ടം തോന്നി?”

” നീ കരുതും പോലെ ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ച ഇഷ്ടമല്ല എനിക്കവളോട് അതിന് വർഷങ്ങളുടെ കണക്ക് പറയാനുണ്ട്.

“ഏട്ടനെന്താ പറഞ്ഞു വരുന്നത്.?” അവൾ സംശയത്തോടെ അവനെ നോക്കി

വർഷങ്ങൾക്കു മുമ്പേ ഞാനവളെ പ്രണയിച്ചിരുന്നു. ശ്രീഹരി ഒരുവളെ കെട്ടുന്നുണ്ടെങ്കിൽ അത് ലക്ഷ്മിയെ മാത്രമായിരിക്കും.

“എന്നിട്ടാണോ പല പെണ്ണുങ്ങളെയും കൊണ്ട് ചുറ്റി നടന്നത് കീർത്തി, ഹിമ സൂസൻ ,പിന്നെ ഒരു പൂച്ചക്കണ്ണി ഉണ്ടായിരുന്നല്ലോ എന്താ അവളുടെ പേര് ……

അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു.

“മായ ” അവൻ ഒരു ചിരിയോടു കൂടി പറഞ്ഞു..

“കള്ള കാമുകാ എന്നെ പറ്റിക്കാൻ നോക്കണ്ടാ വർഷങ്ങളുടെ പ്രണയമാണ് പോലും. അച്ഛനും അമ്മയും നിങ്ങൾക്ക് അറിഞ്ഞിട്ട പേരുതന്നെയാ നിങ്ങൾ ശ്രീഹരിയല്ല സ്ത്രീഹരിയാ . ”

“നിന്നെ എന്തു പറഞ്ഞു വിശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല. എന്റെയുള്ളിന്റെ ഉള്ളിൽ അവളുണ്ടായിരുന്നു. കാലം വരുത്തിയ മാറ്റത്തിൽ അവളുടെ ഓർമ്മകൾ മാറാല പിടിച്ചു പോയി ഞാനൊരിക്കലും പൊടി തട്ടി എടുത്തില്ല അതാണ് സത്യം ”

അവന്റെ മുഖം കണ്ടപ്പോൾ തന്നെ ശ്രീബാലയ്ക്ക് മനസ്സിലായി ഏട്ടന്റെ പ്രണയത്തിന്റെ തീവ്രത .

അവളവന്റെ അടുത്ത് ചെന്നിരുന്നു. ആത്മാർത്ഥമായ പ്രണയം എന്റെ ഏട്ടന് ?വിശ്വസിക്കാനാവുന്നില്ല.

“നിനക്ക് ഓർമ്മയുണ്ടോ ബാലേ ഞാൻ പത്തിൽ പഠിക്കുമ്പോൾ എന്റെ ക്ലാസ്സിലെ മനോജുമായി ത തല്ലു ഉണ്ടാക്കിയതിന് അച്ഛനെന്നെ തൂണിൽ കെട്ടിയിട്ട് അടിച്ചത്. അന്ന് തല്ലുണ്ടാക്കിയത് എന്തിനാണെന്ന് ഞാൻ ആരോടും പറഞ്ഞിരുന്നില്ല.

“ഞാനത് ഓർക്കുന്നു ഞാനന്ന് നാലാം ക്ലാസ്സിൽ പഠിക്കാണ് ”

“നീയും ലച്ചുവും നാലാം ക്ലാസ്സിൽ . അന്ന് ടോയ്ലറ്റിൽ പോയ ലച്ചുവിനെ മനോജ് കടന്നു പിടിച്ചു. ക്ലാസ്സ് കഴിഞ്ഞ സമയമായതു കൊണ്ട് ആരും അവിടെ ഉണ്ടായിരുന്നില്ല.
ഞാൻ മാത്രമേ അതു കണ്ടുള്ളൂ. പ്രായത്തിൽ കവിഞ്ഞ അവളുടെ ശരീരത്തെ ഒരു മൃഗത്തിന്റെ സ്വഭാവത്തോടെ അവൻ ഉടയ്ക്കുവാൻ ശ്രമിച്ചപ്പോൾ ഉറക്കെ കരയാനാകാതെ പേടിച്ചരണ്ട ആ മാൻ മിഴിയിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾ എന്റെ ഹൃദയത്തിലേക്കാണ് വീണത്. പിന്നെ ഒന്നും നോക്കിയില്ല അവനെ പിടിച്ച് ചുമരിനോട് ചേർത്ത് നിർത്തി കൈ തരിപ്പ് തീർക്കും വരെ ഇടിച്ചു.

വായിൽ നിന്നും ഇറ്റുവീണ ചോര തുപ്പി കൊണ്ട് അവന്റെ ഒരു വൃത്തിക്കെട്ട ചിരിയാൽ പറഞ്ഞു … “രണ്ടു കൊണ്ടാലെന്താ കാണാനുള്ള തൊക്കെ കണ്ടില്ലേ ”

അപ്പോഴാണ് ലക്ഷ്മിയെ ശ്രദ്ധിച്ചത്. കുടുക്കു പൊട്ടിയ കുപ്പായം ചേർത്തു പിടിച്ചവൾ കരയുന്നു. അവളെ ടോയ്ലറ്റിനുള്ളിലാക്കി കുമാരേട്ടന്റെ കടയിൽ നിന്നും പിന്നു വാങ്ങി കൊടുത്തു. ആരും ഒന്നും അറിയണ്ട അറിഞ്ഞാൽ നിനക്കാണ് നാണക്കേട് എന്നും പറഞ്ഞു ഞാൻ പോന്നു. പേടിച്ചിട്ടാണെന്ന് തോന്നുന്നു അവൾ പക്ഷേ ആരോടും ഒന്നും പറഞ്ഞില്ല. ”

സംഭവം കഴിഞ്ഞ് ഒരാഴ്ചയോളം ലച്ചു ക്ലാസിലേക്ക് വന്നില്ല. പിന്നീട് കണ്ടപ്പോഴൊക്കെ അവൾ എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയായിരുന്നു. കാണുമ്പോൾ ഒക്കെ ആ കണ്ണുകളിൽ ഭീതി നിറഞ്ഞിരുന്നു .. അതു കാണുമ്പോൾ എനിക്കവളോട് ഒരു സഹതാപം ആയിരുന്നു. പിന്നീട് എപ്പോഴോ അത് പ്രണയത്തിലേക്ക് വഴിവെച്ചു. ”

“പക്ഷേ പത്ത് കഴിഞ്ഞ് ഏട്ടൻ അവളെ കണ്ടിട്ടില്ലല്ലോ ഏട്ടൻ പിന്നെ അമ്മ വീട്ടിൽ നിന്നല്ലേ പഠിച്ചത് എന്നിട്ടും അവളെ മറന്നില്ലല്ലോ ”

മീശ മുളക്കാത്ത പ്രായത്തിൽ തോന്നിയതാണെങ്കിലും ആമുഖം മനസ്സിൽ നിന്നും പോയില്ല .നാട്ടിലേക്ക് വരുമ്പോഴൊക്കെ അവളെ കാണുവാൻ ശ്രമിച്ചിരുന്നു . അവളെ കാണാൻ വേണ്ടി മാത്രമാണ് നിന്റെ ചുരിദാർ തയ്ക്കാൻ ഞാൻ അവളുടെ അമ്മയുടെ കടയിലേക്ക് പോകുന്നത്. ”

“വെറുതെയല്ല മാസാമാസം എനിക്ക് ചുരിദാർ വാങ്ങി തരുന്നത് .അത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ കാമുകിയെ കാണാൻ ഉള്ള കൊതി കൊണ്ടാണല്ലേ ”

അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു.

എന്റെ പെങ്ങളൂട്ടി ദേഷ്യപ്പെടൊന്നും വേണ്ട. അവൾ എന്നും നിനക്ക് നല്ലൊരു ഏട്ടത്തിയമ്മ ആയിരിക്കും. നിന്റെ വിവാഹം കഴിഞ്ഞിട്ടേ ഞാനവളെ കെട്ടുന്നുള്ളൂ. നീ പോയി വല്ലതും കഴിക്ക് .. അതും പറഞ്ഞു ശ്രീഹരി ചുണ്ടിലൂറുന്ന മന്ദസ്മിതവുമായി തലയിണ കെട്ടിപിടിച്ച് കിടന്നു.

(തുടരും )

അനീഷ സുധീഷ്.

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ശ്രീലക്ഷ്മി – പാർട്ട്‌ 3”

  1. Super 👌നായകൻ പോസിറ്റീവ് ആയല്ലോ. നല്ല തന്റേടവും. ഒരു ദിവസം രണ്ട് പാർട്ട്‌ ഇടാൻ ശ്രമിക്കു….

Leave a Reply

Don`t copy text!