എംബിഎ ചെയ്യാനായി ബാംഗ്ലൂർ കോളേജിൽ അഡ്മിഷൻ എടുക്കുന്ന സമയത്താണ് പപ്പ ഹിമാലയൻ വാങ്ങി തരുന്നത്.
പണ്ടേ യാത്രകളോട് കമ്പം ആയിരുന്നു.
അതുകൊണ്ട് തന്നെ വണ്ടി പ്രാന്തും ഉണ്ടായിരുന്നു. പിന്നെ ഫോട്ടോഗ്രഫിയോടും ഇഷ്ട്ടം ഉണ്ടായിരുന്നു.
അങ്ങനെ ഒരു യാത്രയിലാണ് നന്ദുനെ ആദ്യമായി കാണുന്നത്.
അവന്റെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു.
ഒരു ട്രിപ്പ് കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു.
മാനം കാർമേഘങ്ങൾ കൊണ്ട് മൂടി കിടന്നു.
റോഡിൽ വണ്ടികൾ ബ്ലോക്ക് ആയി കിടക്കുന്നത് കണ്ട് ഋഷി ബ്രേക്ക് ചെയ്തു.
ചേട്ടാ എന്താ ഇവിടെ ബ്ലോക്ക്?????
അടുത്ത് കണ്ട കടയിൽ നിന്ന ആളോട് ഋഷി ചോദിച്ചു.
മോനെ അതവിടെ ഒരാക്സിഡന്റ് ആയതാ. ഓട്ടോയും ലോറിയും തമ്മിൽ ഇടിച്ചതാ. അപകടം പറ്റിയവരെ ആംബുലൻസിൽ കൊണ്ട് പോയിട്ടുണ്ട് പക്ഷെ ഈ ബ്ലോക്ക് മാറാൻ സമയം എടുക്കും.
ഓഹ് ഇവിടുന്ന് ഹൈവേയിൽ കയറാൻ വേറെ ഷോട്ട് കട്ട് വല്ലതും ഉണ്ടോ ചേട്ടാ???
അത് മോനെ ഇവിടുന്ന് ഒരു 100 മീറ്റർ പുറകിലേക്ക് പോയാൽ ലെഫ്റ്റിലോട്ട് ഒരു റോഡുണ്ട് അതിലൂടെ പോയാൽ മതി.
താങ്ക്സ് ചേട്ടാ.
അയാളോട് ഒന്ന് ചിരിച്ചിട്ടു അവൻ വണ്ടി തിരിച്ചു.
കുറച്ചു പോയപ്പോൾ തന്നെ കണ്ടു അയാൾ പറഞ്ഞു കൊടുത്ത റോഡ്.
റോഡിന് ഇരുവശങ്ങളിലും മരങ്ങൾ തിങ്ങി നിന്നിരുന്നു. ഇരുണ്ട അന്തരീക്ഷം. തണുപ്പ് ശരീരത്തെ പൊതിഞ്ഞു. ജാക്കറ്റ് ഇട്ടിട്ട് പോലും അവൻ തണുപ്പ് കൊണ്ട് വിറച്ചു.
എങ്കിലും അവനാ യാത്ര ഒരുപാടിഷ്ട്ടപെട്ടു.
ഉരുണ്ടു കൂടിയ കാർമേഘങ്ങൾ പെയ്യാൻ തുടങ്ങി. ഭൂമിയെ നനച്ചു കൊണ്ട് മഴ പെയ്തിറങ്ങി.
മഴയെ വക വെയ്ക്കാതെ അവന്റെ വണ്ടി മുന്നോട്ട് കുതിച്ചു. എങ്കിലും മഴയുടെ കാഠിന്യം മൂലം അവൻ ഒരൊഴിഞ്ഞ ഭാഗത്ത് വണ്ടി ഒതുക്കി.
മഴ നനയാതിരിക്കാൻ അവൻ അടുത്ത് കണ്ട അടഞ്ഞു കിടന്ന ഒരു കട വരാന്തയിലേക്ക് കയറി നിന്നു.
ശ്ശെ ആകെ നനഞ്ഞു.
ദേശ്യത്തിൽ പറഞ്ഞു കൊണ്ട് ഋഷി തലയിലെ വെള്ളം തട്ടി കളയാൻ തുടങ്ങി.
പെട്ടെന്നാണ് ഒരു പെൺകുട്ടി ഓടി വന്നാ വരാന്തയിലേക്ക് കയറിയത്.
അവൾ ഋഷിയുടെ അരികിലായി നിന്നു.
അവന്റെ കണ്ണുകൾ അവളിലേക്ക് പതിഞ്ഞു.
ഒരു ബ്ലൂ കളർ ബലൂൺ ടോപ്പും പീച്ച് കളർ മിഡിയും ആയിരുന്നു അവളുടെ വേഷം.
തോളിന് കുറച്ചു താഴേക്ക് കിടക്കുന്ന മുടിയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
അവളുടെ കുഞ്ഞു മുഖത്ത് വെള്ളത്തുള്ളികൾ പറ്റിപിടിച്ചിരുന്നു.
വിടർന്ന കണ്ണിലെ കരിമഷി പടർന്നിരുന്നു.
അവളെ കാൺകെ അവന്റെ ഹൃദയം ഇന്നോളം അറിയാത്ത താളത്തിൽ മിടിക്കാൻ തുടങ്ങി.
എന്തോ ഒന്ന് അവളിലേക്ക് അടുപ്പിക്കുന്നത് പോലെ.
കണ്ണുകൾ ഇടതടവില്ലാതെ അവളിലേക്ക് പാറി വീണുകൊണ്ടിരുന്നു.
അവനറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
എന്നാൽ അവളിതൊന്നും അറിയാതെ തന്റെ കൈകളാൽ മഴത്തുള്ളികളെ തട്ടി തെറിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു.
അവളുടെ കുസൃതി ചിരിയിൽ ലയിച്ചവൻ നിന്നു.
മഴ തോർന്നതൊന്നും അവനറിഞ്ഞില്ല.
ഡീ ശ്രീക്കുട്ടി നീ ഇവിടെ മഴയത്തു കളിച്ചു നിൽക്കുവാണോ??? വേഗം വാ അഭിയേട്ടൻ അന്വേഷിക്കുന്നുണ്ട്.
പെട്ടെന്നാണ് അങ്ങോട്ട് അവളുടെ തന്നെ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി ഓടി വന്നു പറഞ്ഞത്.
ദേവി ഇന്നെന്നെ ഏട്ടൻ ശരിയാക്കും.
തലയിൽ കൈ വെച്ചവൾ പറഞ്ഞുകൊണ്ട് ആ കുട്ടിയെയും വലിച്ചുകൊണ്ടോടി.
അവൾ പോയിക്കഴിഞ്ഞാണ് അവന് ശരിക്കും ബോധം വന്നത്.
അവളെങ്ങോട്ടാ പോയത്???
ഇനി എങ്ങനെ അവളെ കാണും??? ശ്ശെ
ഋഷി മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു.
ഋഷി നീയെന്ത് വായിനോക്കി നിന്നതാ അവളോട് ഒന്ന് മിണ്ടുക പോലും ചെയ്തില്ലല്ലോ????
അറ്റ്ലീസ്റ്റ് പേരെങ്കിലും ചോദിക്കണ്ടേ????
അല്ല ആ പെങ്കൊച്ചവളെ വിളിച്ച പേരെന്തായിരുന്നു????
യെസ് ശ്രീക്കുട്ടി.
ഇനി ഞാനവളെ എങ്ങനെ കണ്ടുപിടിക്കും????
അവന്റെ ചിന്തകൾ കാടുകയറി.
ഇന്നേവരെ ഒരു പെൺകുട്ടിയോട് പോലും ഇങ്ങനൊരു ഫീലിംഗ്സ് തോന്നിയിട്ടില്ല.
എത്ര പെട്ടെന്നാണ് അവൾ തന്റെ മനസ്സിൽ ഇടം പിടിച്ചത്. ഇനി ഒന്ന് കാണുമോ എന്നുപോലും ഉറപ്പില്ലാത്ത ഒരുവൾ തന്റെ ഹൃദയം കീഴടക്കിയത്.
അവന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു.
ഓരോന്നാലോച്ചിച്ചു നിൽക്കുമ്പോഴാണ് ഫോൺ റിങ് ചെയ്യുന്നത്.
അവൻ ഫോണെടുത്തു നോക്കി വിശ്വൻ ആയിരുന്നു അത് അവൻ വേഗം ഫോൺ അറ്റൻഡ് ചെയ്തു.
എന്താ പപ്പാ???
എന്റെ പൊന്ന് മോൻ ട്രിപ്പിങ് എന്നും പറഞ്ഞു ഇവിടെ നിന്നിറങ്ങിയിട്ട് എത്ര ദിവസമായി എന്ന് വല്ല വിചാരമുണ്ടോ???
മറുപടിയായി ഋഷി ചിരിച്ചു.
ചിരിക്കണ്ട നിന്റെ അമ്മയിവിടെ നിന്നെ കാണാഞ്ഞിട്ട് വിഷമിച്ചിരിക്കുവാ ഒരുവിധം സമാധാനിപ്പിചിരുത്തിയിരിക്കുവാ.
നീയിങ്ങോട്ട് വേഗം വരാൻ നോക്ക്.
അല്ലെങ്കിൽ എനിക്ക് സമാധാനം തരില്ല.
ആഹ് പപ്പാ ഞാൻ അങ്ങോട്ട് വരുവാ.
ശരി എന്നാ.
ഫോൺ കട്ട് ചെയ്തിട്ടവൻ കുറച്ചു നേരം അവൾ പോയ വഴിയേ നോക്കി നിരാശയോടെ വണ്ടിയിൽ കയറി മുന്നോട്ട് പോയി.
—————————————————————-
എവിടെ ആയിരുന്നു ഋഷികുട്ടാ നീ ഞാൻ എത്രമാത്രം വിഷമിച്ചെന്നോ പോയ ഒരു പോക്കാ എന്ന് വരും എന്നൊന്നും പറയില്ല ഒന്നും വേണ്ട നിനക്കൊന്ന് വിളിച്ചു കൂടെ????
ചെന്ന് കയറിയപ്പോഴേ ലക്ഷ്മി പരാതി കെട്ടഴിച്ചു.
ഓഹ് സോറി എന്റെ ലക്ഷ്മികുട്ടി ഫോണിൽ ചാർജ് തീർന്നു പോയി പിന്നെ ഒരു കടയിൽ കയറി ചാർജ് ചെയ്തു കഴിഞ്ഞാണ് പോന്നത്.
അവനവരുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു.
വേണ്ട വേണ്ട എപ്പോഴും കാണും നിനക്കിതുപോലെ കുറെ ന്യായീകരണങ്ങൾ.
അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു.
അയ്യോ എന്റെ അമ്മക്കുട്ടി ഇനി ഞാൻ ഇതാവർത്തിക്കില്ല പ്രോമിസ്.
രണ്ടു കയ്യും അവന്റെ തന്നെ ചെവിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അത് കണ്ടവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
എനിക്ക് വിശക്കുന്നു വല്ലതും കഴിക്കാൻ താ അമ്മ ഉണ്ടാക്കുന്ന സ്വാദിഷ്ട്ടമായ ഭക്ഷണം കഴിച്ചിട്ടെത്ര ദിവസായി.
നീ പോയി ഫ്രഷ് ആയിട്ട് വാ ഞാൻ കഴിക്കാൻ എടുത്തു വെക്കാം.
ഞാനിപ്പോ കുളിച്ചു വരാം.
അവരുടെ കവിളിൽ ഒരുമ്മയും കൊടുത്തവൻ മുകളിലേക്കോടി.
തെമ്മാടി.
അവരവന്റെ പോക്ക് നോക്കി ചിരിയോടെ പറഞ്ഞു.
—————————————————————-
രാത്രി കിടക്കുമ്പോൾ അവന്റെ മനസ്സിൽ അവളുടെ മുഖം തെളിഞ്ഞു നിന്നു.
ഹൃദയതാളം മുറുകി. പേരറിയാത്ത ഏതോ ഒരു വികാരം മനസ്സിൽ നിറഞ്ഞു. ഇന്നോളം അനുഭവിക്കാത്ത സുഖമുള്ള ഒരനുഭൂതി.
ചുറ്റും കാണുന്ന കാഴ്ചകൾക്ക് പുതു വർണ്ണങ്ങൾ.
പുറത്ത് മഴ പെയ്യുന്ന സ്വരം കാതിൽ പതിച്ചപ്പോൾ അവൻ ബാൽക്കണിയിലേക്ക് നടന്നു.
മഴയെ അവൻ കൗതുകത്തോടെ നോക്കി നിന്നു. ഇന്നോളം കാണാത്തൊരു ഭാവം ആണ് മഴയ്ക്കെന്നവന് തോന്നി പോയി.
കണ്ണുകളടച്ചവനാ മഴയിലേക്കിറങ്ങി നിന്നു. തന്നിലേക്ക് പെയ്യറത്തിറങ്ങുന്ന മഴയേക്കാൾ കുളിർമ്മ അവളുടെ ഓർമ്മകൾക്കുണ്ടായിരുന്നു.
ഒരു നോക്കവളെ കാണാൻ ഹൃദയം തുടിച്ചു.
———————————————————–
മടിയിൽ എന്തോ ഭാരം തോന്നി വായിച്ചിരുന്ന ബുക്ക് മാറ്റി നോക്കിയ ലക്ഷ്മി കാണുന്നത് കണ്ണടച്ച് കിടക്കുന്ന ഋഷിയേയാണ്.
അവർ പതിയെ അവന്റെ മുടിയിലൂടെ വിരലുകളോടിച്ചു.
ഋഷി നീ കുളിച്ചോ????
ഇല്ല
പിന്നെങ്ങനെ മുടി നനഞ്ഞു???
മഴ നനഞ്ഞു.
ഒറ്റക്കണ്ണ് തുറന്നവൻ പറഞ്ഞു.
മഴയോ??? ഇതെന്തായിപ്പോ പുതിയ ശീലങ്ങൾ??? മ്മ്മ്…….
ഒന്നുല്ല ചുമ്മാ ഒന്ന് നനയാൻ തോന്നി നനഞ്ഞു.
മ്മ്മ്
അമ്മാ……….
എന്താടാ????
ഋതുകുട്ടൻ ഇല്ലാഞ്ഞിട്ട് എന്തോപോലെ അവളെ എന്തിനാ അമ്മാവന്റെ കൂടെ പറഞ്ഞു വിട്ടത്????
അത് കേട്ടവരവനെ ഒന്ന് കൂർപ്പിച്ചു നോക്കി.
എന്താ ഇങ്ങനെ നോക്കുന്നത്????
അല്ല മോനെ എന്താ നിനക്ക് പറ്റിയയത്?? ഇതിന് മുന്നേയും ഋതു അവിടെ പോയി നിന്നിട്ടുണ്ടല്ലോ അന്നൊന്നുമില്ലാത്ത പ്രശ്നം എന്താ ഇന്ന്????
ഒന്നുല്ല.
ഇല്ല എന്തോ ഉണ്ട് പതിവില്ലാത്തൊരു മഴ നനയലും മടിയിൽ കിടപ്പും മിസ്സിങ്ങും എന്താ കാര്യം പറ.
അവൻ പതിയെ എല്ലാം അവരോട് പറഞ്ഞു.
അപ്പൊ അതാണ് കാര്യം. ഇപ്പൊ അമ്മക്ക് പിടികിട്ടി മോന്റെ അസുഖം.
അസുഖമോ??? ഇവനെന്തായിപ്പോ അസുഖം???
അങ്ങോട്ട് വന്ന വിശ്വൻ അവരോടു ചോദിച്ചു.
നമ്മുടെ മോനെ പ്രേമപ്പനി പിടിച്ചു.
പ്രേമപ്പനിയൊ???
അയാൾ സംശയത്തോടെ അവനെ നോക്കി.
അവനപ്പോഴും കണ്ണുകളടച്ചു കിടക്കുകയാണ്. ഒരു ചെറു ചിരി അപ്പോഴും മുഖത്തുണ്ട്.
ആന്നെ നിങ്ങളിവിടെയിരിക്ക് ഞാനെല്ലാം പറഞ്ഞു തരാം.
അവരയാളെ പിടിച്ചിരുത്തി എല്ലാം പറഞ്ഞു കൊടുത്തു.
അമ്പട കേമാ എന്നാലും നിനക്കിങ്ങനെ ഉള്ള വികാരങ്ങളുണ്ടായിരുന്നോ???
അയാളവനെ കളിയാക്കി.
അതെന്താ എനിക്കിങ്ങനെ ഉള്ള വികാരങ്ങളൊന്നും വരാൻ പാടില്ലേ??
അങ്ങനെ അല്ല എന്നാലും ഇനിയാ കുട്ടിയേ എങ്ങനെ കണ്ടുപിടിക്കും???
വിശ്വൻ ചോദിച്ചു.
അറിയില്ല.
എന്നാലും നിനക്കിങ്ങനെ ഒരിഷ്ടം തോന്നിയിട്ട് ആ കൊച്ചിന്റെ പേരല്ലാതെ ഒന്നും അറിയാൻ പറ്റിയില്ലല്ലോ???
വിശ്വന്റെ വാക്കുകൾ കെട്ടവന്റെ മുഖം വാടി.
ഹാ നീയിങ്ങനെ വിഷമിക്കാതെ മോനെ അവൾ നിനക്കുള്ളതാണെങ്കിൽ നിന്റെ അടുത്ത് തന്നെ എത്തി ചേരും. അമ്മയ്ക്കുറപ്പുണ്ട് അവളെ നീ കണ്ടെത്തുമെന്ന് എന്നിട്ടീ വീട്ടിലെ മരുമകളായിട്ടവൾ വരും.
ലക്ഷ്മിയുടെ വാക്കുകൾ കേട്ടവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു.
ദേ ദേ അവന്റെ ചിരി കണ്ടോ ലക്ഷ്മി.
ഇങ്ങനെ ഒരു ഭാവത്തിലെന്റെ മോനെ കാണാനുള്ള ഭാഗ്യം നീ തന്നല്ലോ എന്റെ ദേവി.
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ലക്ഷ്മിയും കൂടെ ചിരിച്ചു.
മതി മതി കിളവനും കിളവിയും കൂടി എന്നെ കളിയാക്കുന്നത്.
ആരാടാ കിളവനും കിളവിയും ഞങ്ങൾക്കിപ്പോഴും മധുരപ്പതിനേഴാ അല്ലേടി???
അയാളവരെ ചുറ്റി പിടിച്ചോണ്ട് പറഞ്ഞു.
എന്നെ വിട് മനുഷ്യാ.
അവർ കുതറി മാറി.
ഞാനിത്തിരി സ്നേഹിച്ചതല്ലേടി
ഓഹ് പിന്നെ ഒരു സ്നേഹം കല്യാണം കഴിഞ്ഞു കെട്ടിക്കാറായ രണ്ടു മക്കളായി ഇപ്പോഴും നിന്റച്ഛന്റെ ഒലിപ്പിക്കലിന് മാത്രം ഒരു കുറവുമില്ല.
എന്റെ സ്നേഹം വിശാലമാണ് ഇന്നുവരെ അതിൽ ഞാനൊരു പിശുക്ക് കാണിച്ചിട്ടുണ്ടോടി ???
മതി മതി ഞാൻ ഇവിടെ നിക്കുന്നതാ പ്രശ്നം ഞാനങ്ങു പോയേക്കാം അത് കഴിഞ്ഞു വാരിയും കോരിയും നിങ്ങള് സ്നേഹിച്ചോ. പിന്നെ വയസാം കാലത്ത് ഈ റൊമാൻസ് അല്പം കുറക്കാം കേട്ടോ അല്ലെങ്കിൽ ഇവിടെ അംഗസംഖ്യ കൂടും.
ഡാ……….
വിശ്വൻ അവനെ തല്ലാനായി കയ്യുയർത്തിയപ്പോഴേ അവനോടി.
അതുകണ്ടോരു ചിരിയോടെ അയാൾ വാതിലടച്ചു.
റൂമിൽ എത്തി ബെഡിലേക്ക് വീഴുമ്പോൾ അവന്റെ മനസ്സ് മുഴുവൻ ശ്രീക്കുട്ടി ആയിരുന്നു.
എങ്ങനെയും അവളെ കണ്ടെത്തണമെന്നവൻ ഉറപ്പിച്ചു.
നാളെ തന്നെ അവളെ കണ്ട സ്ഥലത്തേക്ക് പോണമെന്നു മനസ്സിലുറപ്പിചവൻ കിടന്നു.
ഇതേസമയം തന്നെയോർത്തൊരാൾ ഉറങ്ങാതെ കിടക്കുന്നതറിയാതെ ശ്രീക്കുട്ടി അപ്പൊ തന്റെ മുറിയിൽ സുഖനിദ്രയിലായിരുന്നു.
രാവിലെ തന്നെ ഋഷി എഴുനേറ്റു റെഡി ആയി റൂമിന് പുറത്തേക്കിറങ്ങി.
ഋഷി നീയിത് രാവിലെ തന്നെ എങ്ങോട്ടാ???
ഹാളിൽ പത്രം വായിച്ചു കൊണ്ടിരുന്ന വിശ്വൻ അവനെ കണ്ടു ചോദിച്ചു.
ഞാനൊരാളെ കാണാൻ പോകുവാ.
ആ കുട്ടിയെ കാണാനല്ലേ പോവുന്നത്???
അതിനവൻ ഒന്നിളിച്ചു കാണിച്ചു.
അസ്ഥിക്ക് പിടിച്ചല്ലേ?????
ഏറെക്കുറെ
ചിരിച്ചു കൊണ്ടവൻ പറഞ്ഞു.
മ്മ്മ് മ്മ് വാ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം.
രണ്ടുപേരും ചിരിയോടെ ഡൈനിങ്ങ് ടേബിളിലേക്കിരുന്നു.
അല്ല ഋഷി നീയെങ്ങോട്ടാ???
കാപ്പി എടുത്തു വെക്കുന്നതിനിടയിൽ ലക്ഷ്‌മി ചോദിച്ചു.
അവൻ രാവിലെ തന്നെ നിന്റെ മരുമകളെ തപ്പി പോകുവാ.
വിശ്വൻ ചിരിയോടെ പറഞ്ഞു.
ദേ പപ്പാ കളിയാക്കരുത് I am really serious.
ഒന്ന് ചുമ്മാതിരുന്നേ വിശ്വേട്ടാ.
നീ പോയിട്ട് വാ മോനെ.
അവർ വാത്സല്യത്തോടെ പറഞ്ഞു.
എവിടെ ഉണ്ടെടാ ഇതുപോലെ മക്കളുടെ പ്രേമത്തിന് ഇതുപോലെ സപ്പോർട്ട് നിക്കുന്ന ഒരമ്മ.
ഋഷി ചിരിയോടെ ഭക്ഷണം കഴിച്ചിറങ്ങി.
ബൈക്കിൽ പോവുമ്പോഴെല്ലാം അവൻ വളരെ സന്തോഷത്തിലായിരുന്നു.
അവളെ കാണാനായി മനസ്സ് തുടിച്ചു.
അവളെ കണ്ട സ്ഥലത്തേക്കവൻ കുതിച്ചു.
പോകുന്നവഴിയെല്ലാം അവൻ കണ്ണുകളാൽ പരതി.
അവർ നിന്ന കടവരാന്തയിലും അവൾ പോയ വഴിയിലും തുടങ്ങി ആ ഗ്രാമം മുഴുവൻ അവൻ അരിച്ചു പെറുക്കി എവിടെയും അവളെ കണ്ടെത്താൻ കഴിഞ്ഞില്ല.
അവന് നിരാശയും സങ്കടവും തോന്നി.
തിരികെ വീട്ടിലേക്ക് തിരിച്ചു.
വീട്ടിലേക്ക് കയറിയ ഉടൻ ഹെൽമെറ്റ് എടുത്തവനെറിഞ്ഞു.
എന്താടാ??? എന്തുപറ്റി????
അവന്റെ പെരുമാറ്റം കണ്ട വിശ്വൻ ചോദിച്ചു.
അവളെ കണ്ടില്ല. ഞാനവിടെ മുഴുവൻ തിരഞ്ഞു എങ്ങും കണ്ടില്ല.
അവന്റെ സ്വരത്തിൽ നിരാശയും ദേഷ്യവും കലർന്നിരുന്നു.
അത് കണ്ടയാൾ ഒന്ന് പുഞ്ചിരിച്ചു.
പതിയെ അവന്റെ തോളിലൂടെ കയ്യിട്ടു ചേർന്നിരുന്നു.
മോനെ ഋഷി നീ ഇപ്പോഴേ ഇങ്ങനെ ദേഷ്യം കാണിക്കല്ലേ. ആ കുട്ടിയെ കാണാൻ പറ്റില്ല എന്നങ്ങോട്ട് ഉറപ്പിക്കാൻ വരട്ടെ നിന്റെ മുന്നിൽ ദൈവം അവളെ കൊണ്ടു വന്നു നിർത്തിയത് വെറുതെ ആവില്ല. അവൾ നിനക്ക് വിധിച്ചതാണെങ്കിൽ നിനക്ക് അവളെ കിട്ടും നീ കുറച്ചു വെയിറ്റ് ചെയ്യ്.
നിനക്കറിയോ നിന്റെ അമ്മയെ ഞാൻ പ്രണയിച്ചിരുന്ന സമയത്തു എന്നും നിന്റെ അമ്മയുടെ വീടിന് പുറകിൽ ചെന്ന് നിന്നവളെ നോക്കുമായിരുന്നു.
എന്നെ കാണാനായി അവളും മുറിയുടെ ജനലിനടുത്ത് വന്നു നിക്കും.
പെട്ടെന്നൊരു ദിവസം അവളെ കാണാതായി അവളെ മാത്രമല്ല അവളുടെ വീട്ടിൽ ആരും തന്നെ ഇല്ലായിരുന്നു. വീട് പൂട്ടി എങ്ങോട്ടോ പോയിരുന്നു.
എങ്ങോട്ട് പോയെന്നറിയാതെ ഞാൻ വിഷമിച്ചു.
പിറ്റേന്നും ഞാൻ പോയി അന്നും വീട് അടച്ചിട്ടിരുന്നു.
അടുത്തുള്ള വീട്ടിൽ തിരക്കാമെന്ന് കരുതിയാലും എന്ത് പറഞ്ഞു തിരക്കും?? ആരാണെന്ന് പറയും???
അങ്ങനെ 5 ദിവസം കടന്നു പോയി എന്നിട്ടും അവളെ കാണാതെ വന്നപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. അന്ന് നിന്റെ ഈ അവസ്ഥ തന്നെയായിരുന്നു എനിക്കും. അവസാനം രണ്ടും കല്പ്പിച്ചു ഞാൻ അടുത്ത വീട്ടിൽ അന്വേഷിച്ചു.
അവിടെ നിന്നാണ് അറിയുന്നത് അവളുടെ അമ്മയുടെ അച്ഛൻ മരിച്ചു പോയത് കൊണ്ട് അവരെല്ലാം അമ്മവീട്ടിലേക്ക് പോയെന്ന്.
രണ്ടു ദിവസം കൂടി ഞാൻ കാത്തു എന്നിട്ടും കാണാതിരുന്നപ്പോൾ ശ്വാസംമുട്ടുന്നത് പോലെ തോന്നി. പിന്നെ ഒന്നും നോക്കിയില്ല അമ്മവീട്ടിലേക്ക് വെച്ച് പിടിച്ചു. അവിടെ ചെന്ന് ഒരു കണക്കിന് വീട് കണ്ടുപിടിച്ചു.
വീട് കണ്ടെത്തി കഴിഞ്ഞു അതിലും വലിയ പ്രശ്നം അവളെ കണ്ടുപിടിക്കുന്നതായി. പിന്നെ ഒരുകണക്കിന് വീടിന്റെ പിന്നാമ്പുറം വഴി ഞാൻ അവളെ കണ്ടു.
അന്നവളെ കണ്ട ആ സമയം ഉണ്ടല്ലോ ലോകത്തിന്നേ വരെ അത്രയും സന്തോഷം ഞാൻ വേറെ അനുഭവിച്ചിട്ടില്ല.
അയാൾ ആ സുഖമുള്ള ഓർമ്മകളിൽ ഒന്ന് ചിരിച്ചു.
അത് കണ്ട അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.
നീ അവളെ കണ്ടില്ല എന്ന് പറഞ്ഞു വിഷമിച്ചിരിക്കരുത് ഉറപ്പായിട്ടും നിനക്കവളെ കണ്ടെത്താൻ കഴിയും. ചിലപ്പോൾ അവിടെ അല്ല അവളുടെ വീടെങ്കിലോ അവിടെ എന്തെങ്കിലും ആവശ്യത്തിന് വന്നതായിരിക്കും.
നീ നിരാശപ്പെടരുത് നിനക്കവളെ കിട്ടും ഞാനാ പറയുന്നത്. ഇവിടെ ഇങ്ങനെ ഇരിക്കാതെ പോയി ഋതുവിനെ കൂട്ടികൊണ്ട് വാ ചെല്ല്.
ഋഷി പതിയെ ചിരിച്ചു പുറത്തേക്കിറങ്ങി.
—————————————————————-
പപ്പേ അമ്മേ…… ദേ ഞാനെത്തി………..
ഋഷിയുടെ കൂടെ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ ഋതു ഉച്ചത്തിൽ പറഞ്ഞു.
ഓഹ് ഒന്ന് പതുക്കെ കാറെടി.
ഋഷി ദേഷ്യപ്പെട്ടു.
നീ പോടാ.
അവൾ കൊഞ്ഞനം കുത്തി.
ഡീ…………
അവൻ തല്ലാനായി കയ്യോങ്ങിയപ്പോൾ അവളകത്തേക്കോടി.
അമ്മേ……. കൂയ്……….
ഓഹ് നീ എന്താടി മീൻ വിൽക്കാൻ പോകുന്നോ ഇങ്ങനെ കിടന്നു കൂവാൻ???
ലക്ഷ്മി ദേഷ്യപെട്ടു.
ഞാൻ രണ്ടു ദിവസം കഴിഞ്ഞല്ലേ തിരിച്ചെത്തിയത് അപ്പൊ ഈ വീടൊക്കെ ഒന്ന് കുലുങ്ങട്ടന്നേ.
ഇങ്ങനെ പോയാൽ ഈ വീട് വല്ല ഭ്രാന്താശുപത്രി ആക്കേണ്ടി വരും.
ഋഷി പറഞ്ഞു.
നീ പോടാ മാക്രി.
നീ പോടീ താടകേ
നീ പോടാ ഈനാംപേച്ചി
പോടീ മരപ്പട്ടി.
ഒന്ന് നിർത്തുന്നുണ്ടോ. വന്നു കയറിയില്ല അപ്പൊ തന്നെ യുദ്ധത്തിന് നിക്കുവാ.
ഡാ ഋഷി കാള പോലെ വളർന്നല്ലോ നാണമില്ലേ ഇങ്ങനെ ചന്ത പിള്ളേരെ കൂട്ട് തല്ല് കൂടാൻ.
നീ പോയി നാളെ പോകാനുള്ളതൊക്കെ പാക്ക് ചെയ്യാൻ നോക്ക് ചെല്ല്.
അവരവനെ നോക്കി പറഞ്ഞു.
അവനെ വഴക്ക് പറയുന്നത് കണ്ട് വാ പൊത്തി ചിരിക്കുന്ന ഋതുവിനെ നോക്കി കണ്ണുരുട്ടിയിട്ടവൻ അകത്തേക്ക് പോയി.
ഇനി നിന്നോട് പ്രേത്യേകം പറയണോ ഇതെല്ലാമെടുത്തോണ്ട് പോടീ അകത്തേക്ക്.
ലക്ഷ്മിയുടെ അടുത്ത ചാട്ടത്തിന് കൊണ്ട് വന്നതെല്ലാം പെറുക്കി അവളകത്തേക്കോടി.
കീരിയും പാമ്പും പോലെയുള്ള രണ്ടെണ്ണവും എന്റെ വയറ്റിൽ തന്നെ വന്നു തന്നെ പിറന്നല്ലോ ദൈവമേ
നെടുവീർപ്പിട്ടവർ അടുക്കളയിലേക്ക് നടന്നു.
പാക്കിങ് എല്ലാം തീർന്നോടാ???
ഋഷിയുടെ മുറിയിലേക്ക് കയറികൊണ്ട് വിശ്വൻ ചോദിച്ചു.
കഴിഞ്ഞു പപ്പാ.
നിന്റെ അമ്മ അവിടെ എന്തൊക്കെയൊ ഉണ്ടാക്കുന്നുണ്ട് കൊണ്ടുപോവാൻ.
ഓഹ് ഈ അമ്മ. ഞാൻ നേരത്തെ തന്നെ പറഞ്ഞതാ ഒന്നും വേണ്ടാന്ന്.
ഹാ പോട്ടെടാ നീയിനി കൊണ്ടു പോയില്ലെങ്കിൽ പിന്നെ അതുമതി കണ്ണ് നിറക്കാൻ നിന്നെ ബാംഗ്ലൂർ വിടാൻ തന്നെ അവൾക്ക് താല്പര്യമില്ല. ഇവിടെ എവിടെ എങ്കിലും എംബിഎക്ക് അഡ്മിഷൻ എടുത്താൽ പോരെയെന്നെന്നോട് ഇന്നലെ കൂടി ചോദിച്ചതേ ഉള്ളൂ.
അത് കേട്ടവൻ ചിരിച്ചു.
പിന്നെ അവിടെ നമ്മുടെ ഫ്ലാറ്റ് എല്ലാം ക്ലീൻ ആക്കി ഇട്ടിട്ടുണ്ട്. പിന്നെ നാളെ മുതൽ അവിടെ നമ്മുടെ ജാനു വരും. അവള് ഫുഡിന്റെ കാര്യം ഒക്കെ നോക്കിക്കോളും.
രാവിലെ വന്നെല്ലാം ഉണ്ടാക്കിയിട്ട് അവള് പൊക്കോളും.
പിന്നെ മനു അടുത്ത ആഴ്ചയേ എത്തൂ അതുവരെ നീ ഫ്ലാറ്റിൽ ഒറ്റക്കായിരിക്കും.
ആഹ് അവനെന്നെ വിളിച്ചിരുന്നു. അവൻ വരുന്നത് വരെ അല്ലെ അത് ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം.
എന്നാൽ ശരി എല്ലാം കഴിഞ്ഞു താഴേക്കിറങ്ങിക്കോ.
ഇറങ്ങാൻ വരട്ടെ ഇതെല്ലാം അങ്ങോട്ട് വെച്ചേ.
ഒരു വലിയ കവറിൽ നിറയെ സാധനങ്ങളുമായി ലക്ഷ്മി അങ്ങോട്ട് കയറി.
ഇതെന്താമ്മേ ഒരു കട നടത്താൻ പറ്റിയ സാധനങ്ങളുണ്ടല്ലോ???
ഋഷി അവരെ കളിയാക്കി.
നിനക്ക് വേണ്ടി കഷ്ട്ടപെട്ടുണ്ടാക്കിയതാ നിനക്ക് വേണ്ടെങ്കിൽ ഞാൻ നിർബന്ധിക്കുന്നില്ല.
അവർ കണ്ണ് നിറച്ചു.
അയ്യേ ഇതെന്താ എന്റെ ലക്ഷ്മികുട്ടി ഈ കണ്ണെന്തിനാ നിറക്കുന്നത് ഞാൻ ഇതെല്ലാം കൊണ്ട് പോവാതിരിക്കുമോ ഇതൊക്കെ എന്റെ അമ്മക്കുട്ടി കഷ്ട്ടപെട്ടെനിക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ ഇതെല്ലാം കൊണ്ടേ അമ്മയുടെ ഋഷി കുട്ടൻ പോവൂ പോരെ?
ഇനി എന്റെ അമ്മക്കുട്ടി ഒന്ന് ചിരിച്ചേ???
അവന്റെ സംസാരം കേട്ടവർ കണ്ണുതുടച്ചു ചിരിച്ചു.
വാ ഞാൻ കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്.
എന്നാ വാ ഇന്നെന്റെ അമ്മ തന്നെ എനിക്ക് വാരി തരണം സമ്മതിച്ചോ???
സമ്മതിച്ചു വാ.
എന്നാ പോവാം.
അവനവരുടെ തോളിലൂടെ ചുറ്റി പിടിച്ചു കൊണ്ട് താഴേക്ക് പോയി.
ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ ഋതു അവിടെ ഇരിപ്പുണ്ടായിരുന്നു.
ഋഷിക്ക് ലക്ഷ്മി വാരി കൊടുക്കുന്നത് കണ്ടു കുശുമ്പ് മൂത്ത് ഋതു വിശ്വന്റെ കയ്യിൽ നിന്ന് വാങ്ങി കഴിക്കാൻ തുടങ്ങി. അത് കണ്ടു ഋഷിയും വിശ്വന്റെ അടുത്ത് നിന്ന് കഴിച്ചു. പിന്നെ രണ്ടുപേരും കൂടി തല്ലായി അവസാനം ഒരുവിധം ലക്ഷ്മി രണ്ടിനെയും വഴക്ക് പറഞ്ഞു ഓടിച്ചു.
രാത്രി കിടക്കുമ്പോൾ അവന്റെ മനസ്സിൽ നിറയെ ശ്രീക്കുട്ടി ആയിരുന്നു. എങ്ങനെ അവളെ കണ്ടെത്തും എന്നറിയാതെ അവന്റെ മനസ്സ് വിങ്ങി.
അവസാനം അച്ഛൻ പറഞ്ഞത് പോലെ തനിക്കുള്ളതാണെങ്കിൽ അവളെ തന്റെ മുന്നിൽ ദൈവം കൊണ്ടുവന്ന് നിർത്തും എന്ന് സമാധാനിച്ചു കണ്ണുകളടച്ചു.
————————————————————-
രാവിലത്തേ ഫ്ലൈറ്റിന് പോവാനായി വീട്ടിൽ നിന്നിറങ്ങാൻ തയ്യാറെടുക്കുകയാണ് ഋഷി.
ഋഷി അവിടെ എത്തി കഴിഞ്ഞു വിളിക്കണം അതുപോലെ ആരോഗ്യം ശ്രദ്ധിക്കണം. ഇവിടുത്തെ പോലെ കുഴപ്പങ്ങൾ ഉണ്ടാക്കാൻ നിക്കരുത്. അടുത്താഴ്ച മനു വരും അവനുമായി വഴക്ക് കൂടരുത് അതുപോലെ രാത്രി വൈകി കറങ്ങി നടക്കരുത്. എന്നും വിളിക്കണം. പിന്നെ….
എന്റമ്മേ ഇതെത്രാമത്തെ പ്രാവശ്യാ എന്നോട് പറയുന്നത് ഞാൻ സൂക്ഷിച്ചോളാം അതുപോലെ മുടങ്ങാതെ വിളിക്കാം എന്റെ അമ്മക്കുട്ടിയെ പോരെ????
മ്മ്മ് ശരി ശരി വേഗം ഇറങ്ങാൻ നോക്ക് അല്ലെങ്കിൽ ഫ്ലൈറ്റ് മിസ്സ് ആവും.
അവൻ അവരെ കെട്ടിപിടിച്ചു ഇരു കവിളിലും മുത്തി.
തിരിച്ചവർ അവന്റെ നെറ്റിൽ ചുംബിച്ചു.
അവൻ പതിയെ വിശ്വനെ കെട്ടിപിടിച്ചു.
പോയിട്ട് വാ.
അയാൾ അവന്റെ പുറത്ത് തട്ടി പറഞ്ഞു.
അതുകഴിഞ്ഞാണ് കുറച്ചു മാറി നിക്കുന്ന ഋതുവിന്റെ അടുത്തേക്കവൻ ചെന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഡീ കുരുട്ടെ ഞാൻ പോകുവാ ഇനി ഒറ്റയ്ക്ക് സ്വസ്ഥമായി നിനക്ക് കൊച്ചുടീവി കാണാം. സന്തോഷമായില്ലേ????
അവൻ പറഞ്ഞു തീർന്നതും അവളവനെ കെട്ടിപിടിച്ചു കരഞ്ഞു.
നീ പോവണ്ട ഏട്ടാ എനിക്ക് നീയില്ലാതെ പറ്റില്ല…
അവൾ ഏങ്ങലടിച്ചു.
അയ്യേ എന്റെ കുട്ടൻ കരയുവാണോ ഞാൻ പെട്ടന്ന് തന്നെ ഇങ്ങ് വരില്ലേ കണ്ണൊക്കെ തുടച്ചേ.
അവൻ പതിയെ അവളെ അടർത്തി മാറ്റി കണ്ണുകൾ തുടച്ചു കൊടുത്തു.
ഞാൻ വരുമ്പോൾ നിനക്കെന്ത് കൊണ്ടുവരണം????
അത് കേട്ടതും അവൾ പതിയെ ഇട്ടിരുന്ന പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു പേപ്പർ എടുത്തു കൊടുത്തു.
ഈ ലിസ്റ്റിൽ ഉള്ളതൊക്കെ വാങ്ങി കൊണ്ടുവന്നാൽ മതി.
അത് കേട്ടവൻ ചിരിച്ചു.
അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
തിരിച്ചവൾ അവന്റെ രണ്ടു കവിളിലും ഉമ്മ കൊടുത്തു.
എല്ലാവരോടും യാത്ര പറഞ്ഞവൻ വണ്ടിയിലേക്ക് കയറി.
അവനെ കൊണ്ടുവിടാൻ കൃഷ്ണൻ ആയിരുന്നു വന്നത്.
കാർ ഗേറ്റ് കടക്കുന്നത് വരെ അവരവവിടെ നിന്നു.
—————————————————————-
ബാംഗ്ലൂരെ ഫ്ലാറ്റിൽ എത്തിയ ഉടൻ ഋഷി വീട്ടിലേക്കു വിളിച്ചു.
എല്ലാവരോടും സംസാരിച്ചു കഴിഞ്ഞവൻ അവന്റെ സാധനങ്ങളെല്ലാം തന്റെ മുറിയിൽ അടുക്കി വെച്ചു.
മൂന്നു മുറിയും ഒരു ഹാളും കിച്ചണും അടങ്ങുന്നതായിരുന്നു ആ ഫ്ലാറ്റ്.
അവനെ കൂടാതെ അവന്റെ അമ്മാവന്റെ മകനായ മനു കൂടി ഉണ്ട് ഫ്ലാറ്റിൽ. മനുവും അവന്റെ കൂടെ എംബിഎ ചെയ്യാനുണ്ട്. പക്ഷെ ആളിപ്പൊ ലണ്ടനിലാണ് അതുകൊണ്ട് തന്നെ വരുമ്പോൾ ഒരാഴ്ച്ച കഴിയും.
ഋഷി അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ ആഹാരം ഉണ്ടാക്കി വെച്ചിട്ടുണ്ട്. അവിടെ ജോലിക്ക് വിശ്വൻ ഏൽപ്പിച്ച ജാനു ആണ് അതൊക്കെ ഒരുക്കിയതെന്നവന് മനസ്സിലായി.
ഫ്രഷായി ഫുഡ് ഒക്കെ കഴിച്ചവൻ കിടന്നുറങ്ങി.
————————————————————
രാവിലെ ഫോൺ റിങ് ചെയ്‌യുന്നത് കേട്ടാണവൻ എഴുന്നേൽക്കുന്നത്.
8:00 AM
ഫോണിലേക്ക് നോക്കിയപ്പോഴാണ് സമയം കാണുന്നത്.
ദൈവമേ ഞാനിത്രയും നേരം കിടന്നോ????
അവൻ വേഗം എഴുന്നേറ്റു റെഡി ആയി വന്നു.
വീട്ടിൽ നിന്ന് വിളിച്ചപ്പോൾ എടുക്കാത്തത് കൊണ്ട് തന്നെ തിരിച്ചു വിളിച്ചു കൊണ്ടവൻ റൂമിൽ നിന്നിറങ്ങി.
ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്ന ഫുഡ് കണ്ടപ്പോൾ അവന് മനസ്സിലായി ജാനു വന്നു ഫുഡ് ഉണ്ടാക്കി വെച്ചിട്ട് പോയെന്ന്.
അവരുടെ കയ്യിൽ സ്പെയർ കീ ഉള്ളത് കൊണ്ടാണ് അവർ അവനെ ശല്യം ചെയ്യാതിരുന്നതെന്നവൻ ഓർത്തു.
അവൻ വേഗം തന്നെ ഫുഡ് കഴിച്ചിറങ്ങി.
കോളേജിൽ ചെന്ന് ക്ലാസ്സ് കണ്ടുപിടിച്ചവൻ ഒരു സീറ്റിൽ ഇരുന്നു.
അടുത്താരോ വന്നിരിക്കുന്നത് പോലെ തോന്നിയവൻ നോക്കി.
അപ്പോഴാണ് തന്റെ അരികിൽ ഇരിക്കുന്ന ഒരു നുണക്കുഴിക്കാരനെ അവൻ കാണുന്നത്.
Helo I am Abhijith Shivanandan.
ഷേക്ക് ഹാൻഡിനായി കൈ നീട്ടി കൊണ്ടവൻ പറഞ്ഞു.
I am Rishidev Viswanadhan.
അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഋഷി മറുപടി കൊടുത്തു.
തുടരും…………………………
ഋഷിയും അഭിയും തമ്മിലുള്ള ബന്ധം ഇപ്പൊ മനസ്സിലായി കാണുമല്ലോ അല്ലെ? 😁
കുറച്ചുപേര് നേരത്തെ തന്നെ കണ്ടുപിടിച്ചിരുന്നു 😉
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
😉😉😉😉😉😁😁😁😁😘😘😘😘😘🙃🙃🙃അവര് friends ആണല്ലോ……… ഊഹിച്ചത് തെറ്റില്ല്യ😂…… അതേയ് 2partsഇടോ😄
2; parts venamttooo
Waiting for the next part 🥰🥰💖
Super story 🥰🥰 daily 2 parts ittude
അടിപൊളി ഇപ്പോയ ഒന്നു ലൈൻ ആയി വായിക്കാൻ പറ്റിയത് ൻ