മഴ – പാർട്ട്‌ 23

9405 Views

mazha aksharathalukal novel

അമ്മായി………………………
ഋഷി അവരെ വിളിച്ചു.

അപ്പോഴേക്കും മനു ഓടി ഋഷിയുടെ പിറകിൽ ഒളിച്ചു.
പിറകെ ഓടി വന്ന അവർ കുനിഞ്ഞു ചൂലെടുത്തു.

ഇങ്ങോട്ട് മാറി നിക്കട എരണംകെട്ടവനെ നിന്നെ ഞാനിന്ന് ശരിയാക്കും ആ പെണ്ണിനെ അടിച്ചോണ്ട് വരാനായിരുന്നല്ലേ നീ വീട്ടിൽ പോലും വരാതെ ഓഫീസ് ഫ്ലാറ്റ് എന്നൊക്കെ പറഞ്ഞു നടന്നത്.

അയ്യോ അമ്മാ ഞാനൊന്ന് പറയട്ടെ…….

നീയൊന്നും പറയണ്ട നിന്റെ മുട്ടുകാൽ ഞാനിന്ന് തല്ലിയൊടിക്കും അസത്തെ….
മോനെ ഋഷി മാറി നിന്നെ എന്റെ മുന്നിൽ നിന്ന്.

പൊന്നല്ലേടാ മാറല്ലേ മാറിയാൽ പിന്നെ നിനക്ക് എന്നെ ജീവനോടെ കാണാൻ പറ്റില്ല.
ഋഷിയുടെ ഷർട്ടിൽ പിടിച്ചു കൊണ്ട് മനു അപേക്ഷിച്ചു.

നോ വേ മോനെ തനിയെ വരുത്തി വെച്ചതല്ലേ അനുഭവിച്ചോ……….

പുലിയുടെ മുന്നിൽ മാൻപേടയെ നിർത്തുന്നത് പോലെ മനുവിനെ ഗംഗയ്ക്ക് മുന്നിൽ നിർത്തിയിട്ട് ഋഷി അകത്തേക്ക് പോയി.

അമ്മേ….. വേണ്ട……..
പറഞ്ഞു തീരുന്നതിനു മുന്നേ മനുവിന്റെ കാലിൽ ചൂല് കൊണ്ടുള്ള ആദ്യ പ്രഹരം ഏറ്റിരുന്നു.

സിക്സർ…….
വരാന്തയിൽ നിന്ന ഋതു അലറിവിളിച്ചു കൂവി.

അമ്മേ……….
മനു നിന്നിടത്തുനിന്ന് ചാടി തുള്ളി.

അടുത്ത അടിയിൽ നിന്ന് രക്ഷപ്പെടാൻ തിരിഞ്ഞോടിയ മനുവിന്റെ നടുപ്പുറം നോക്കി ഗംഗ ചൂലെറിഞ്ഞു.

അയ്യോ……..
ഓടുന്നതിനിടയിൽ ചൂലിനെറി കൊണ്ടവൻ വീണ്ടും ചാടി.

അവൻ ജീവനും കൊണ്ടോടി.
ചൂലുമായി ഗംഗ പുറകെ ഓടി.
ഇടയ്ക്കിടയ്ക്ക് ഓരോ അടിയും അവന്റെ പുറത്ത് വീണ് കൊണ്ടിരുന്നു. അതിനനുസരിച്ചവന്റെ നിലവിളിയും ഉയർന്നു കേട്ടു.

ഋതു ക്രിക്കറ്റ് മാച്ച് കാണുന്ന ലാഘവത്തിൽ ലേയ്സും കഴിച്ചു വരാന്തയിൽ നിന്ന് ഇതൊക്കെ ആസ്വദിച്ചു.

മനു ഓടി തളർന്നിട്ടും ഗംഗ തളർന്നില്ല.
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല എന്നത് ശരിയാണെന്നവന് ഏറെക്കുറെ ബോധ്യമായി.

ഗതികെട്ട് മനു മുറ്റത്തു നിന്ന മാവിൽ വലിഞ്ഞു കയറി അതിലിരുന്ന് പട്ടി കിതയ്ക്കുന്നത് പോലെ കിതച്ചു.
പോരാളി ഭദ്ര കാളിയേക്കാൾ കഷ്ടത്തിൽ താഴെ നിന്നുറഞ്ഞു തുള്ളി.

ഡാ നീയിങ്ങോട്ടിറങ്ങി വരുന്നുണ്ടോ?????
ഗംഗ അവനെ നോക്കി അലറി.

ചത്താലും വരത്തില്ല എന്നെ തല്ലാനല്ലേ?????
നിങ്ങൾക്ക് നാണമില്ലേ അമ്മാ ഇത്രയും വളർന്ന എന്നെ ഓടിച്ചിട്ട് തല്ലാൻ????

പെണ്ണിനെ അടിച്ചോണ്ട് രാത്രിക്ക് രാത്രി ഓടിയ നിന്നെ ഞാൻ പൂവിട്ടു പൂജിക്കാടാ……………..
പോരാളി വിടാൻ ഭാവമില്ല.

എന്റെ പൊന്നമ്മാ ഞാനവളെ പ്രേമിച്ചു എന്നത് സത്യാ അത് വീട്ടിൽ പറഞ്ഞു സമ്മതം വാങ്ങി കെട്ടാനായിരുന്നു എന്റെ പ്ലാൻ പക്ഷെ അതിനിടയിൽ ആ സാമദ്രോഹി വീട്ടിൽ നിന്നിറങ്ങി പോരും എന്ന് ഞാൻ കരുതിയോ??????

മിണ്ടരുത് നീ നിന്റെ ന്യായീകരണമൊന്നും എനിക്ക് കേൾകണ്ട
മര്യാദക്കിങ്ങോട്ടിറങ്ങി വാടാ……………

ഇല്ല ഇവിടെ ഇരുന്നു വെള്ളം കിട്ടാതെ ചത്താലും ഞാനിറങ്ങി വരത്തില്ല എനിക്ക് വയ്യ അമ്മയുടെ കൈ കൊണ്ട് ചവാൻ.

നീ ഇറങ്ങി വന്നില്ലെങ്കിൽ കല്ലിനെറിഞ്ഞിടും ഞാൻ………..

അമ്മാ……………..
മനു ദയനീയമായി വിളിച്ചു.

അവനിറങ്ങാൻ കൂട്ടാക്കുന്നില്ല എന്ന് കണ്ടതും ഗംഗ മുറ്റത്തു നിന്നൊരു കല്ലെടുത്തു.

അയ്യോ അമ്മാ എറിയല്ലേ ഇനി അതുകൂടി താങ്ങാൻ എനിക്ക് വയ്യാ ഞാനിറങ്ങി വരാം.
അവൻ ഒരുവിധം മരത്തിന് മുകളിൽ നിന്നിറങ്ങി.

നിലത്തിറങ്ങിയ അവനെ ഗംഗ ഒരു ദയയുമില്ലാതെ പട്ടിയെ തല്ലുന്നത് പോലെ തല്ലി.
മനു എല്ലാം ഏറ്റുവാങ്ങി.

അവസാനം ഗംഗയെ വിശ്വൻ പിടിച്ചു മാറ്റിയപ്പോഴാണ് മനുവിന് ഒരാശ്വാസം കിട്ടിയത്.

മതി ഗംഗേ ഇനി അവനെ തല്ലണ്ട അവനൊരബദ്ധം പറ്റി അങ്ങനെ കരുതിയാൽ മതി.
വിശ്വൻ അവരോടു പറഞ്ഞു.

അബദ്ധോ ഇതാണോ അബദ്ധം?????
നല്ല തല്ല് കിട്ടാത്തതിന്റെ കുറവാണിത് മാറി നിൽക്കേട്ടാ ഇവനെ കാണുമ്പോൾ എനിക്ക് കൈ തരിച്ചു കേറുന്നുണ്ട്.

ചിറ്റപ്പാ മതിയെന്ന് പറ ഇനി തല്ലിയാൽ ഞാൻ ചത്തു പോവും.
മനു വിശ്വന്റെ കയ്യിൽ പിടിച്ചു കെഞ്ചി.

ഗംഗേ മതി നിർത്ത് ഇനി എന്റെ മോനെ തല്ലണ്ട.
മനുവിന്റെ അച്ഛനായ ദേവൻ ഇടപെട്ടു.

അതോടെ ഗംഗ ചൂലും താഴെയിട്ട് അകത്തേക്ക് പോയി. പുറകെ ബാക്കിയുള്ളവരും അവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.

മനു തല്ല് കൊണ്ടവശനായി മാവിന് ചുവട്ടിൽ കിടന്നു.

രണ്ടോലക്കീറോ വെള്ള തുണിയോ എടുത്തോളൂ എന്നെ മൂടാൻ………….

എങ്ങനെ ഉണ്ടായിരുന്നു മോനെ തല്ല്?????
ഋഷി അവനെ നോക്കി ചോദിച്ചു.

വളരെ നല്ലതായിരുന്നു. ദോഷം പറയരുതല്ലോ അമ്മക്ക് നല്ല ഉന്നമാ അതുകൊണ്ട് ഒറ്റ അടി പോലും മിസ്സായില്ല എല്ലാം കറക്റ്റായിട്ട് എന്റെ ദേഹത്ത് തന്നെ കൊണ്ടു.
പോരാത്തതിന് ഒടുക്കത്തെ സ്റ്റാമിനയും ഈ ഓട്ടം അമ്മ ഒളിമ്പിക്സിൽ ഓടിയിരുന്നെങ്കിൽ ഒരു ഗോൾഡ് മെഡൽ നമ്മുടെ വീട്ടിൽ ഇരുന്നേനെ.

അത് കേട്ട് ഋഷി ചിരിച്ചു.

അല്ല ചിഞ്ചു കേസിൽ വൈഷ്‌ണവിയുടെ കയ്യിൽ നിന്ന് പാരിതോഷികം ഒന്നും കിട്ടിയില്ലേ????
ഋഷി ആകമാനം അവനെ നോക്കി ചോദിച്ചു.

അയ്യോ ഓർമ്മിപ്പിക്കല്ലേ പൊന്നെ…….
അവൻ ചെവിയിൽ കൈ വെച്ചു പറഞ്ഞു.

ഏ ഇതെന്താടാ നിന്റെ ചെവി ചുവന്നു തക്കാളി പഴം പോലെ ഇരിക്കുന്നത്.
അവന്റെ ചെവിയിൽ പിടിച്ചു ഋഷി ചോദിച്ചു.

പിടി വിടെടാ നാറി ഇതാ വടയക്ഷി ചിഞ്ചുവിന്റെ വീട്ടിലെ മതില് ചാടി എന്ന് പറഞ്ഞു കടിച്ചു പറിച്ചതാ……….
ചിഞ്ചുവിന്റെ വീട്ടിലെ പട്ടി പോലും എന്നെ ഇങ്ങനെ കടിച്ചിട്ടില്ല.

ഹഹഹ… എന്തായാലും നിന്റെ ഒരു യോഗമേ ഭാര്യയുടെയും അമ്മയുടെയും കയ്യിൽ നിന്ന് ഡെയിലി ഇതുപോലെ സ്നേഹസമ്മാനങ്ങൾ കിട്ടുമല്ലോ????
ഋഷി അവനെ ആക്കി പറഞ്ഞു.

എന്റെ ജീവിതം കോഞ്ഞാട്ടയായി.
ഇതിനെല്ലാം കാരണം ആ ഋതു ഒറ്റൊരുത്തിയാ എന്റെ കഞ്ഞിയിൽ പാറ്റയിട്ടിട്ട് അവൾ അവിടെ ഇരുന്നു ലെയ്സ് തിന്നുന്നുണ്ട് വിടില്ല ഞാനവളെ.

കലി തുള്ളി അവൻ അകത്തേക്ക് പോവാൻ തിരിഞ്ഞു.

അനിയാ നിൽ…………..
ഋഷി അവനെ പുറകിൽ നിന്ന് വിളിച്ചു.

എന്താടാ??????
അവൻ ഋഷിക്ക് നേരെ തിരിഞ്ഞു.

മോനെ എടുത്തു ചാടിയിട്ട് കാര്യമില്ല ഇപ്പൊ ചിഞ്ചുവിന്റെ കാര്യം മാത്രേ വൈഷ്ണവി അറിഞ്ഞിട്ടുള്ളൂ ബാക്കി മഞ്ജുവിന്റെയും മിന്നുവിന്റെയും മാളുവിന്റെയും ഒക്കെ കാര്യം അറിഞ്ഞാലുണ്ടല്ലോ പിന്നെ നിന്റെ ഈ ആറടി ഒന്നരഇഞ്ച് ശരീരത്തിൽ അവൾ കേറി താണ്ഡവമാടും കൂടെ അമ്മായിയും പിന്നെ നിന്റെ കാര്യം പോക്കാ അതുകൊണ്ട് ഒരു പൊടിക്ക് അടങ്ങുന്നത് നല്ലതാ.

ഋഷിയുടെ വാക്കുകൾ കേട്ട് മനു അവനെ ദയനീയമായി നോക്കി. പിന്നെ നല്ല കുട്ടിയായി അകത്തേക്ക് കയറി പുറകെ ഋഷിയും.

 

—————————————————————

 

മനുവിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ എല്ലാവരും കൂടി ചർച്ച നടത്തി.
ആദ്യം ഗംഗ കടുംപിടുത്തം പിടിച്ചെങ്കിലും വൈഷ്ണവിയുടെ കണ്ണീരിന് മുന്നിൽ ഗംഗ ഫ്ലാറ്റ്.
പിന്നെ സമാധാനിപ്പിക്കലായി കെട്ടിപിടുത്തമായി ഉമ്മ വെക്കലായി അവസാനം അമ്മായിയമ്മയും മരുമകളും ഒരു കയ്യായി തല്ല് മുഴുവൻ കൊണ്ട പാവം മനു പുറത്തുമായി.

അങ്ങനെ മനുവിന്റെയും വൈഷ്ണവിയുടെയും കല്യാണം തല്ക്കാലം രജിസ്റ്റർ ചെയ്യാനും പിന്നീട് ഗംഭീരമായി ബാംഗ്ലൂർ വെച്ച് നടത്താനും തീരുമാനിച്ചു.
വൈഷ്ണവിയുടെ വീട്ടിൽ നിന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടായാലോ എന്ന് പേടിച്ചാണ് തല്ക്കാലം കല്യാണം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. വിശ്വന്റെ ഒരു ഫ്രണ്ട് വഴി വിവാഹം പിറ്റേ ദിവസം തന്നെ രജിസ്റ്റർ ചെയ്യാൻ തീരുമാനമായി. ഫ്രണ്ട് രജിസ്റ്റർ ഓഫീസിൽ വർക്ക്‌ ചെയ്യുന്നത് കൊണ്ട് തന്നെ കുറച്ചു കാശ് ചിലവാക്കി വേറെ
ഫോർമാലിറ്റീസൊന്നും കൂടാതെ തന്നെ നടക്കും എന്ന ധാരണയിലെത്തി.

 

 

 

—————————————————————-

 

 

തല്ല് കൊണ്ട മനുവിന്റെ ദേഹത്ത് ചൂട് പിടിച്ചു കൊടുക്കുകയായിരുന്നു ലക്ഷമി.

ഋതു ആർക്ക് അടുത്ത പാര പണിയാം എന്ന അഗാധമായ ആലോചനയിലാണ്.

വൈഷ്‌ണവിയും ഗംഗയും മനുവിന് ചൂട് പിടിക്കുന്നതും നോക്കിയിരുന്നു.

എന്നാലും എന്റെ മോളെ ബാംഗ്ലൂർ നല്ല ഒന്നാന്തരം ചെക്കന്മാരുണ്ടായിട്ടും നിനക്കീ കാട്ടുകോഴിയെ മാത്രേ പ്രേമിക്കാൻ കിട്ടിയുള്ളോ?????
വൈഷ്ണവിയെ നോക്കി ഗംഗ ചോദിച്ചു.

അമ്മാ………………….
മനുവിന്റെ സ്വരം ഉയർന്നു.

എന്താടാ???????
ഗംഗ തിരികെ ദേഷ്യത്തിൽ ചോദിച്ചു.

അടുത്ത ഒരു തല്ല് കൂടി വാങ്ങാനുള്ള ശേഷി ഇല്ലാത്തത് കൊണ്ട് മനു ഒന്നുമില്ലെന്ന് തലയാട്ടി.

ഇതിലും വലിയൊരബദ്ധം മോൾക്കിനി ഈ ആയുസ്സിൽ പാറ്റാനില്ല.
ഗംഗ വീണ്ടും പറഞ്ഞു.

ഇത് തന്നെയാ അമ്മയുടെ കാര്യത്തിൽ അച്ഛനും പറയാറ്.
മനു തിരികെ ഗോളടിച്ചു.

പ്ഫാ…………….
ഒരൊറ്റ ആട്ടായിരുന്നു മറുപടി.

ആട്ടിന്റെ എഫക്ട് ആയി സോഫയിൽ കിടന്ന മനു താഴേക്ക് വീണു.
ഗംഗ ദേഷ്യത്തിൽ അവന്റെ അടുത്ത് വന്നു ലക്ഷ്മിയുടെ കയ്യിലെ ഹോട്ട് ബാഗ് വാങ്ങി മനുവിന്റെ പുറത്ത് അമർത്തി.

അമ്മേ പൊള്ളിയെ…………..

ചാടി എഴുന്നേറ്റവൻ അകത്തേക്കോടി.
അവന്റെ ഓട്ടം കണ്ടു ഋതു തലകുത്തി ചിരിക്കാൻ തുടങ്ങി.

 

 

—————————————————————-

 

 

പിറ്റേന്ന് തന്നെ എല്ലാവരും കൂടി വിവാഹം രജിസ്റ്റർ ചെയ്യാനായി എല്ലാവരും കൂടി ഓഫീസിലേക്ക് പോയി.

ഒരു ഡാർക്ക്‌ ഗ്രീൻ കളർ സെറ്റ് സാരി ആയിരുന്നു വൈഷ്ണവിയുടെ വേഷം. ആ വേഷത്തിൽ അവളെ കണ്ട മനു വായും തുറന്ന് നോക്കി നിന്നുപോയി. അവസാനം ഋഷി വന്നു താടിക്കൊരു കൊട്ട് കൊടുത്തപ്പോഴാണ് അവൻ അവളിൽ നിന്ന് കണ്ണെടുത്തത്.
അവളുടെ സാരിക്ക് മാച്ചിങ് ആയ മുണ്ടും ഷർട്ടും ആയിരുന്നു മനുവും ധരിച്ചത്.

രജിസ്റ്റർ ഓഫീസിൽ വെച്ച് മനു വൈഷ്ണവിയുടെ കഴുത്തിൽ താലി ചാർത്തി അവളെ സ്വന്തമാക്കി.
എല്ലാം കഴിഞ്ഞ് നല്ലൊരു റെസ്റ്റോറന്റിൽ ഒരു അടിപൊളി സദ്യയും കഴിച്ചാണ് അവർ വീട്ടിൽ എത്തിയത്.

വീട്ടിൽ എത്തിയത് മുതൽ കോഴി മുട്ടയിടാൻ നടക്കുന്നത് പോലെ മനു വൈഷ്ണവിയുടെ പരിസരത്ത് ചുറ്റി പറ്റി നടന്നു അവസാനം ഗംഗ ചട്ടകം എടുത്തപ്പോൾ അവനാ ഉദ്യമം ഉപേക്ഷിച്ചു.

രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മനുവിന്റെ കണ്ണ് വൈഷ്ണവിയിലായിരുന്നു.
അവൻ പതിയെ ടേബിളിനടിയിലൂടെ കാല് നീട്ടി അവളുടെ കാലിൽ തോണ്ടി.
അവളിൽ നിന്ന് പ്രതികരണം ഒന്നുമില്ലാതായപ്പോൾ അവൻ അവളുടെ കാലിൽ അവന്റെ കാല് കൊണ്ട് തഴുകി.
എന്നാൽ വൈഷ്ണവി ഇതൊന്നും അറിയാത്തതു പോലെ ഇരുന്നു ഭക്ഷണം കഴിക്കുന്ന തിരക്കിലാണ്.

ഒന്നും അറിയാത്തതു പോലെ ഇരിക്കുവാണല്ലേ കൊച്ചു ഗള്ളി ശരിയാക്കി തരാം ഞാൻ……..
മനസ്സിൽ പറഞ്ഞു കൊണ്ടവൻ അവളുടെ കാലിൽ വീണ്ടും തഴുകി.
തഴുകി തഴുകി അവന്റെ കാൽ മേലോട്ട് ചലിച്ചപ്പോൾ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ദേവൻ ചാടി എഴുന്നേറ്റു.

പ്ഫാ നാറി കുറേ നേരമായല്ലോ നിന്റെ സൂക്കേട് തുടങ്ങിയിട്ട്.
കുറച്ചു നേരം കൂടി കഴിഞ്ഞിരുന്നെങ്കിൽ എന്റെ ദേവീ……………..
അയാൾ എഴുന്നേറ്റു കൈ കഴുകാൻ പോയി.

കാൽ മാറിപ്പോയി എന്നവനപ്പോഴാണ് മനസ്സിലായത്.
എല്ലാവരും അവനെ നോക്കി ആക്കി ചിരിച്ചു.
വൈഷ്ണവി അവനെ നോക്കി കണ്ണുരുട്ടി എഴുന്നേറ്റു പോയി.

എന്തൊരു ആക്രാന്തമാടെ???????
ഋഷി അവനെ കളിയാക്കി അകത്തേക്ക് പോയി.

എന്തോ പോയ അണ്ണനെ പോലെ അവനിരുന്നു.

 

 

—————————————————————-

 

 

ഭക്ഷണം കഴിഞ്ഞു ഒരു കാൾ വന്ന് മനു പുറത്തേക്ക് പോയി.
തിരികെ കിടക്കാനായി അവൻ വൈഷ്‌ണവിയുടെ മുറിയിലേക്ക് നടന്നു.
വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് അവനോന്ന് നിന്നു.

ഇത്ര വേഗം ഇവൾ ഉറങ്ങാൻ കിടന്നോ??
നിന്നെ ഇന്ന് ഞാൻ ഉറക്കി താരാടി കള്ളി.
വിച്ചൂ…… മോളെ വിച്ചൂ…………

അവൻ കതകിൽ തട്ടി അവളെ വിളിച്ചു.

എന്നാൽ വാതിൽ തുറന്ന ഗംഗയെ കണ്ടവൻ അമ്പരന്നു.

എന്താടാ ഉറങ്ങാറായില്ലേ??????
ഗംഗ കോട്ടുവാ ഇട്ടുകൊണ്ട് ചോദിച്ചു.

അല്ല അമ്മയെന്താ ഇവിടെ????
അവൻ തിരിച്ചു ചോദിച്ചു.

ഞാനിവിടെയാ കിടക്കുന്നത്…….

അപ്പൊ വൈഷ്ണവി?????

അവളെന്റെ കൂടെ കിടക്കും.

അയ്യേ അമ്മ എന്താ ഈ പറയുന്നത് ഇന്ന് ഞങ്ങളുടെ ഫസ്റ്റ്നൈറ്റല്ലേ????
അമ്മ പോയി അച്ഛന്റെ കൂടെ കിടന്നോ.

എന്റെ മോൻ ഫസ്റ്റ്നൈറ്റ് ആഘോഷിക്കാൻ വന്നതാണല്ലേ????
ഇടുപ്പിൽ കൈ കുത്തി നിന്നവർ അവനോട് ചോദിച്ചു.

ശൊ ഈ അമ്മയുടെ ഒരു കാര്യം എനിക്ക് നാണം വരുന്നു.
അവൻ നഖം കടിച്ച് കാല് കൊണ്ട് നിലത്ത് കളം വരച്ചു കാണിച്ചു.

പ്ഫാ……………
ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം നാലാളറിഞ്ഞു നിങ്ങളുടെ കെട്ട് നടത്തുന്നത് വരെ അവളെന്റെ കൂടെയാ കിടക്കാൻ പോവുന്നത്. അതുവരെ അവളുടെ പരിസരത്തെങ്ങാനും നിന്നെ കണ്ടാൽ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും.

അമ്മേ………….

പോടാ പോയി തൂങ്കെടാ…………..

അവർ വാതിൽവന് മുന്നിൽ കൊട്ടിയടച്ചു.

മോഹഭംഗ മനസ്സിലെ
ശാപ പങ്കില നടകളിൽ……………..

മനുവിന്റെ ചെവിയിലപ്പോൾ ഈ പാട്ട് മുഴങ്ങി കേട്ടു.

സ്ഥിരം ഫോൺ വിളിക്കിടെ മനുവിന്റെ കാര്യം ശ്രീയോട് പറയുകയായിരുന്നു ഋഷി.

എന്നാലും ഋഷിയേട്ടാ പാവം മനുവേട്ടനെ ഇങ്ങനെ തല്ലണമായിരിന്നോ???????

അമ്മായിയുടെ സ്വഭാവത്തിന് തല്ലിൽ ഒതുക്കിയത് നന്നായി ഞാൻ വിചാരിച്ചത് വെട്ടിക്കത്തി എടുത്തു വെട്ടുമെന്നാ.
ഋഷി ചിരിയോടെ പറഞ്ഞു.

അത്രക്ക് ഹൊറിബിൾ ആണോ അമ്മായി????????

നിനക്കറിയാത്തത് കൊണ്ടാ അമ്മായിക്ക് വെട്ടൊന്ന് മുറി രണ്ടു സ്വഭാവമാ ഏതാണ്ട് സ്നേഹിച്ചാൽ നക്കി കൊല്ലും അല്ലെങ്കിൽ ഞെക്കി കൊല്ലും എന്ന ടൈപ്പ്. അമ്മാവൻ പോലും ഒരു കയ്യകലത്തിലാ നിൽക്കുന്നത് അപ്പൊ ഊഹിക്കാമല്ലോ??????
മാടമ്പള്ളിയിലെ ആ ചിത്തരോഗി അമ്മായിയുടെ ഉള്ളിൽ ഇപ്പോഴും ഉണ്ടന്നാണ് എന്റെ ബലമായ സംശയം.

ഋഷി പറയുന്നത് കേട്ട് അവൾ ചിരിച്ചു.

അപ്പൊ അമ്മായി ഒരു നാഗവല്ലി ആണല്ലേ??????

ഏറെക്കുറെ……… ഇനി രാമനാഥനെ പോയി തപ്പേണ്ടി വരുമോ എന്നാണ് എന്റെ ഇപ്പോഴത്തെ പേടി.

ഹഹഹ അല്ല എന്നിട്ട് മനുവേട്ടൻ എന്തേ?????

ഇന്ന് ഫസ്റ്റ് നൈറ്റ് ആഘോഷിക്കും എന്ന് പറഞ്ഞു പാട്ടൊക്കെ പാടി പോയിട്ടുണ്ട്. എന്താവുമോ എന്തോ?????

പെട്ടെന്നാണ് വാതിലിൽ ആരോ മുട്ടുന്ന സ്വരം കേൾക്കുന്നത്.

നന്ദൂ ഒരു മിനിറ്റ് വാതിലിൽ ആരോ മുട്ടുന്നുണ്ട് ഞാനൊന്ന് നോക്കട്ടെ.

ആഹ്……………..

ഋഷി വാതിൽ തുറന്നതും മുറന്നിലതാ മനു വിത്ത്‌ ക്ലോസപ്പ് ചിരി.

മ്മ്മ്മ് എന്താ????

ഞാനിന്നിവിടെയാ.

എന്തോ???????? എങ്ങനെ??????

അത് പിന്നെ എനിക്ക് നിന്റെ കൂടെ കിടക്കാൻ ഭയങ്കര ആഗ്രഹം.
മനു നിഷ്കു മട്ടിൽ പറഞ്ഞു.

അല്ല അപ്പൊ ഫസ്റ്റ് നൈറ്റ് ആഘോഷിക്കുന്നില്ലേ?????

അത് എപ്പോ വേണേലും ആഘോഷിക്കാമല്ലോ??

അല്ലാതെ അമ്മായി ചവിട്ടി പുറത്താക്കിയിട്ടല്ലല്ലേ?????

ഈൗ……….

എന്തൊക്കെ ആയിരുന്നു ഇന്ന് ഫസ്റ്റ് നൈറ്റ് മറ്റന്നാൾ ഹണി മൂൺ പിന്നെ ഏതോ പാട്ട് പാടിയിരുന്നല്ലോ എന്താത്??? ആഹ് കിട്ടി………..
തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിൻ്റെ
തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ………
അല്ലെ???????
എന്നിട്ടെന്തേ മുടക്കിയില്ലേ????????

ശവത്തിൽ കുത്തല്ലേ മോനെ …….
മനു ദയനീയമായി പറഞ്ഞു.

മ്മ്മ്മ് ശരി നിന്ന് കാല് കഴക്കണ്ട കേറി കിടന്നോ.

താങ്കു മുത്തേ.

മനു അകത്തേക്ക് കയറി കട്ടിലിലേക്ക് വീണു.

അത് കണ്ട് ഋഷി ചിരിയോടെ ഫോൺ ചെവിയിലേക്ക് വെച്ചു.

നന്ദൂ……………

മനുവേട്ടനെ അമ്മായി ചവിട്ടി പുറത്താക്കിയല്ലേ??????

നീ കേട്ടല്ലേ???? ഇപ്പൊ എന്റെ മുറിയിൽ വന്നു കിടപ്പുണ്ട്.

ആരാടാ??????
മനു ആമ തല പുറത്തേക്കിടുന്നത് പോലെ പുതപ്പിനുള്ളിൽ നിന്ന് തല പുറത്തിട്ടുകൊണ്ട് ചോദിച്ചു.

നന്ദുവാ……..

ഇങ്ങോട്ട് തന്നെ ഞാനൊന്ന് സംസാരിക്കട്ടെ……….
അവൻ ഋഷിയുടെ കയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചു.

നന്ദൂട്ടി………….

ഡാ……………….
ഋഷി ദേഷ്യത്തിൽ അവനെ വിളിച്ചു.

അയ്യോ സോറി സോറി ശ്രീക്കുട്ടി….. ഓക്കേ……..

മ്മ്മ്മ്
ഋഷി കനപ്പിച്ചൊന്നു മൂളി.

ശ്രീക്കുട്ടിയേ………

എന്തോ…….

സുഖല്ലേ??????

ഓഹ് സുഖം.

മനുവേട്ടനോ?????

പരമസുഖം.

Wishing you happiness, love, and joy on your wedding day.”
ശ്രീ അവനെ വിഷ് ചെയ്തു.

ഓഹ് എന്ത് ഹാപ്പിനെസ്സ് എന്ത് ജോയ്.
എന്റെ എല്ലാ ജോയും എന്റെ മാതാശ്രീ നശിപ്പിച്ചില്ലേ??????
സ്വന്തം മകന്റെ ഫസ്റ്റ് നൈറ്റിന് മരുമകളുടെ കൂടെ പോയി കിടന്നിട്ട് മകനെ ഗെറ്റ് ഔട്ട്‌ അടിച്ചിരിക്കുന്നു…… ഇതുപോലെ വെറൈറ്റി അമ്മമാരേ വേറെ എവിടെ കിട്ടും?????
കല്യാണം കഴിഞ്ഞിട്ടും സ്വന്തം ഭാര്യയുടെ കൂടെ കഴിയാൻ അമ്മയുടെ അനുവാദം കിട്ടാത്ത എന്നേക്കാൾ ഗതികെട്ടവനായി വേറെ ആരുണ്ട് ദൈവമേ????????

മനുവിന്റെ ആത്മഗതം കേട്ട് ഋഷിയും ശ്രീയും ഒരുപോലെ ചിരിച്ചു പോയി.

ആ ചിരിക്ക് നീയൊക്കെ രണ്ടും നല്ലോണം ചിരിക്ക്. നിനക്കൊക്കെ ചിരി എന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും എല്ലാം ടൈറ്റാനിക് പോലെ വെള്ളത്തിൽ മുങ്ങി പോയില്ലേ???????
ഈ അമ്മ ഇങ്ങനെ തുടങ്ങിയാൽ ഞാനിങ്ങനെ കന്യകനായി മൂത്ത് നരച്ചു നിന്നുപോവത്തെ ഉള്ളു.

പാവം മനുവിന്റെ രോദനം കേട്ട് ഋഷിയും ശ്രീയും തലകുത്തി കിടന്നു ചിരിക്കാൻ തുടങ്ങി.

ശ്രീയും ഋഷിയും കൂടി അവനെ കളിയാക്കി കൊന്നു.
അവസാനം ഉറക്കം വന്നപ്പോൾ ഫോൺ വെച്ച് മൂന്നുപേരും മയക്കത്തിലേക്ക് വീണു.

 

 

—————————————————————

 

പിറ്റേന്ന് മുതൽ മനു വൈഷ്‌ണവിയെ ഒറ്റയ്ക്ക് കിട്ടാൻ അവളുടെ പരിസരത്ത് കറങ്ങി നടക്കാൻ തുടങ്ങി.
അടുക്കളയിൽ കയറി ഇറങ്ങി 10 ലിറ്റർ വെള്ളം ആള് അകത്താക്കി എന്നിട്ടും നോ രക്ഷ. മനു വൈഷ്ണവിയുടെ ഒരു മീറ്റർ അകലത്തിൽ എത്തുമ്പോൾ തന്നെ ഋതു ഗംഗയെ വിളിച്ചോണ്ട് വരും.
ശങ്കരൻ തമ്പിയെ കണ്ട നാഗവല്ലിയെ പോലെ ഗംഗ അവനെ നോക്കും. ഓൺ ദി സ്പോട്ടിൽ മനു അതിർത്തി വിടും.

അവസാനം തളർന്ന് മനു ഹാളിലെ സോഫയിൽ ചെന്നിരുന്നു.

🎶എന്ത് വിധിയിത്…
വല്ലാത്ത ചതിയിത്…
ഓർക്കാപ്പുറത്തെൻ്റെ
പിന്നീന്നൊരടിയിത്…
എന്ത് വിധിയിത്…
വല്ലാത്ത ചതിയിത്…
ഓർക്കാപ്പുറത്തെൻ്റെ
പിന്നീന്നൊരടിയിത്…
ആ.. മൊത്തമിരുട്ടാണ്…
അതിനകത്തിരിപ്പാണ്…
കത്തണ വെയിലത്തും…
കണ്ണ് കാണാതിരിപ്പാണ്…
മൊത്തമിരുട്ടാണ്…
അതിനകത്തിരിപ്പാണ്…
കത്തണ വെയിലത്തും…
കണ്ണ് കാണാതിരിപ്പാണ്…
ആഅ… ആഅ… ആ 🎶

പാട്ട് കേട്ട് മനു തലയുയർത്തി നോക്കി.

ഈ വൃത്തികെട്ട ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ???????

നോക്കിയപ്പോൾ അതാ സോഫയിൽ കാലിന്മേൽ കാൽ കേറ്റി വെച്ച് പാട്ട് പാടുന്ന ഋതു.

അവൻ അവളെ കലിപ്പിച്ചു നോക്കി.
അത് കണ്ടവൾ അവനെ പുച്ഛിച്ച് വീണ്ടും പാടാൻ തുടങ്ങി.

🎶 ആ.. മൊത്തമിരുട്ടാണ്…
അതിനകത്തിരിപ്പാണ്…
കത്തണ വെയിലത്തും…
കണ്ണ് കാണാതിരിപ്പാണ് 🎶

ഓരോരുത്തരുടെ വിധി നോക്കണേ…… ഇതിനെ ഒക്കെയാണ് ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്നൊക്കെ പറയുന്നത്……….
ഋതു വീണ്ടും മനുവിനെ ചൊറിഞ്ഞു.

മനു അവളെ നോക്കി പല്ല് കടിച്ചു.

ശബ്ദം കേട്ടവൾ ചുറ്റും നോക്കി.

ആരാ അരിമുറുക്ക് കടിച്ചു പൊട്ടിക്കുന്നത്???????

നോക്കി നോക്കി അവളുടെ നോട്ടം മനുവിൽ ചെന്നെത്തി.

ഓഹ് മനുവേട്ടൻ പല്ലിന്റെ ബലം ടെസ്റ്റ്‌ ചെയ്യുവായിരുന്നോ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.

അത് കേട്ടവൻ വീണ്ടും പല്ലിറുമി അവളെ നോക്കി.
പക്ഷെ ഋതുവിന് അതുകണ്ട് ചോട്ടാമുംബൈ സിനിമയിലെ ബിജുകുട്ടൻ ചേട്ടന്റെ പല്ല് കടിച്ചുള്ള എക്സ്പ്രെഷനാണ് ഓർമ്മ വന്നത്.
രണ്ടും ഏകദേശം ഒരുപോലെ ആയിരുന്നു. അവൾ സോഫയിൽ കിടന്നു ചിരിക്കാൻ തുടങ്ങി.

ഹഹഹഹഹഹ……….. അയ്യോ………..
അമ്മേ…… എനിക്കിനി ചിരിക്കാൻ വയ്യേ……………..
അവൾ വയറിൽ കൈ വെച്ച് പറഞ്ഞു.

മനു അത് കണ്ട് വീണ്ടും പല്ല് കടിച്ചു.

അത് കണ്ട് ഋതു വീണ്ടും ചിരി തുടങ്ങി.
അവസാനം ചിരിച്ച് വയർ വേദനിക്കാൻ തുടങ്ങിയപ്പോൾ അവൾ ഒരുവിധം ചിരിയടക്കി.

അവനെ നോക്കിയപ്പോൾ ആൾ കലിപ്പിൽ അവളെ നോക്കിയിരിപ്പാണ്.

എത്ര കളിയാക്കിയാലും അവൻ തിരിച്ചൊന്നും ചെയ്യില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അവൾ അവന്റെ അരികിൽ ചെന്നിരുന്നു വീണ്ടും അവനെ ചൊറിഞ്ഞു.

നിനക്ക് ദേഷ്യം വരുന്നുണ്ടോടാ?????? പറയെടാ……….. നിനക്കെന്നെ തല്ലാൻ തോന്നുന്നുണ്ടോടാ തല്ലെടാ…….. ഒന്ന് തല്ലി നോക്കെടാ………..

അത് കേട്ടവൻ അവളെ കലിപ്പിൽ നോക്കി ചവിട്ടി കുലുക്കി അകത്തേക്ക് പോയി.

അവൾ അവൻ പോയ വഴിയേ നോക്കി ഒരാളുടെ മനസമാധാനം കളഞ്ഞ ആത്മനിർവൃതിയിൽ ഇരുന്നു.

 

 

—————————————————————-

 

 

ദിവസങ്ങൾ അതിവേഗം ഓടി മറഞ്ഞു. ഇതിനിടയിൽ ശരണിന്റെ അമ്മ ശീതളിനെയും പൊന്നു മോളെയും കാണാൻ ശരണിന്റെ കൂടെ തറവാട്ടിൽ എത്തി. ശീതളിനെയും കുഞ്ഞിനേയും അവർ അത്യധികം സ്നേഹത്തോടും വാത്സല്യത്തോടെയും നോക്കി. അവർ ഒരു പാവം സാധു സ്ത്രീയാണെന്ന് എല്ലാവർക്കും മനസ്സിലായി.
കുറച്ചു നേരം കൊണ്ട് തന്നെ അവർ അവൾക്ക് അമ്മായിയമ്മ എന്നതിലുപരി നല്ലൊരു അമ്മയായും പൊന്നുമോൾക്കൊരു അച്ഛമ്മയായും മാറി. തറവാട്ടിൽ എത്തിയത് മുതൽ പൊന്നു മോൾ അച്ഛമ്മേ അച്ഛമ്മേ എന്ന് വിളിച്ചു അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു.

 

പിറ്റേന്ന് തന്നെ തറവാട്ടിൽ നിന്നെല്ലാവരും കൂടി വിവാഹത്തിന് ഡ്രസ്സ്‌ എടുക്കാൻ പോയി.
ശീതളിന് വിവാഹത്തിന്റെ കാര്യത്തിൽ ആദ്യം തോന്നിയ ഇഷ്ടക്കേടോ ബുദ്ധിമുട്ടോ ഒന്നുമില്ല എങ്കിലും പൂർണ്ണമായി ശരണിനെ അംഗീകരിക്കാൻ അവൾക്കായിട്ടില്ല. മനസ്സിലെ മുറിവുണങ്ങാൻ അവൾക്ക് സമയം ആവശ്യമായിരുന്നു.

ശീതളിനും കുഞ്ഞിനും ഡ്രസ്സ്‌ സെലക്ട്‌ ചെയതത് ആമിയും ശ്രീയും കൂടി ആയിരുന്നു.
ശീതളിനായി ഒരു മയിൽ‌പീലി കളർ സെറ്റ് സാരിയാണ് അവർ തിരഞ്ഞെടുത്തത്. പൊന്നു മോൾക്കായി റെഡ് ആൻഡ് ഗ്രീൻ കളർ കോമ്പിനേഷൻ വരുന്ന പാട്ടുപാവാട എടുത്തു.
ശീതളിന് സാരി സെലക്ട്‌ ചെയ്തു കഴിഞ്ഞപ്പോൾ തന്നെ അതിന് മാച്ചിങ് ആയ ഡ്രസ്സ്‌ എടുക്കാൻ ശ്രീ അതിന്റെ ഒരു ഫോട്ടോ ശരണിന്റെ ഫോണിലേക്കു അയച്ചു കൊടുത്തു.

ഇവർ ശീതളിനും പൊന്നുവിനും ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്ന സമയം കൊണ്ട് തറവാട്ടിലെ ബാക്കിയുള്ളവർ അവരവർക്കായുള്ള ഡ്രസ്സ്‌ എടുത്തു കഴിഞ്ഞിരുന്നു.
ബാക്കിയുള്ളത് ആമിയും ശ്രീയുമായിരുന്നു അവർ അവർക്കായി ഡ്രസ്സെടുക്കാനായി ദാവണി സെക്ഷനിലേക്ക് പോവാൻ തയ്യാറായി.
എന്നാൽ അമ്മമാർ അതിന് സമ്മതിക്കാതെ അവരെ സാരി സെക്ഷനിലേക്ക് കൊണ്ടുപോയി.
ശ്രീക്ക് ഒരു റെഡ് ആൻഡ് റോയൽ ബ്ലൂ കളർ കോമ്പിനേഷൻ സാരിയും ആമിക്ക് ഒരു മാമ്പഴമഞ്ഞ നിറത്തിലുള്ള സാരിയും അമ്മമാർ തന്നെ സെലക്ട്‌ ചെയ്തു.

ഡ്രസ്സ്‌ എടുത്തു കഴിഞ്ഞപ്പോൾ തന്നെ ഉച്ചയായി. പിന്നെ ഒരു റെസ്റ്റോറന്റിൽ കയറി ഫുഡ്‌ കഴിച്ച് ജ്വല്ലറിയിലേക്ക് പോയി.
ശീതളിന്റെ സാരിക്ക് ചേരുന്ന സിമ്പിൾ ആഭരണങ്ങളായിരുന്നു അവൾക്കായി ശ്രീയും ആമിയും സെലക്ട്‌ ചെയ്തത്.
എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ ഒരു നേരമായിരുന്നു. ക്ഷീണം കാരണം ഒന്ന് കിടക്കാൻ എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.

 

 

—————————————————————-

 

 

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി. ശരൺ എന്നും പൊന്നുമോളെ വിളിച്ചു സംസാരിക്കും പക്ഷെ ഒരിക്കൽ പോലും ശീതളിനോട് സംസാരിക്കാൻ അവൻ ശ്രമിക്കാറില്ല. അവളൊട്ട് മിണ്ടാനും പോവില്ല എങ്കിലും പൊന്നുവിനോട് സംസാരിക്കുന്നത് അവൾ കേൾക്കാറുണ്ട്. ശരണിനോട് സംസാരിക്കുന്ന പൊന്നുമോളുടെ കണ്ണിലെ തിളക്കവും ചുണ്ടിലെ ചിരിയും നോക്കി മതിയാകുവോളം ഇരിക്കും.
പൊന്നു മോളിലൂടെ അവളുടെ മനസ്സ് ശരണിലേക്ക് അടുക്കുന്നുണ്ടായിരുന്നു.

 

നാളെയാണ് കല്യാണം.
പക്ഷെ ലളിതമായി നടത്തുന്നത് കൊണ്ട് തന്നെ തറവാട്ടിൽ അധികം ബഹളങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. അതിൽ ഏറ്റവും സന്തോഷം പൊന്നുമോൾക്കായിരുന്നു നാളെ അമ്മയുടെ വിവാഹം ആണെന്നൊന്നും അറിയാതെ അവൾ സന്തോഷത്തോടെ തറവാട്ടിൽ ഓടി കളിച്ചു നടന്നു.
അവളുടെ കുറുമ്പുകളും കുസൃതികളും ആസ്വദിച്ച് ശ്രീയും ആമിയും അഭിയും അവളുടെ പിറകെ തന്നെ ഉണ്ടായിരുന്നു.

രാത്രി എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് അവരവരുടെ മുറികളിലേക്ക് പോയി.
നാളെ നേരത്തെ തന്നെ എഴുന്നേൽക്കണം എന്ന് അമ്മമാർ എല്ലാവർക്കും നിർദേശം കൊടുത്തു.

 

മുറിയിൽ ചെന്ന് പൊന്നുമോൾ ഉറങ്ങിയിട്ടും ശീതളിന് ഉറങ്ങാൻ സാധിച്ചില്ല. നാളത്തെ ദിവസത്തെ കുറിച്ചോർത്തവൾ കിടന്നു.

നാളെ തന്റെ ജീവിതത്തിലേക്ക് പുതിയൊരാൾ കടന്നു വരാൻ പോവുന്നു.
തന്റെ ജീവന്റെ പാതി.
കഴുത്തിലെ താലിക്കും സീമന്തരേഖയിലെ ചുവപ്പിനും അവകാശി.
തനിക്കവനെ സ്നേഹിക്കാൻ കഴിയോ???????
കഴിയണം കുറച്ചു സമയം എടുത്തിട്ടാണെങ്കിലും അതിന് കഴിഞ്ഞേ മതിയാവൂ. തന്റെ കുഞ്ഞിന് ഒരച്ഛന്റെ സ്നേഹവും വാത്സല്യവും പകർന്നു നൽകുന്ന അവനെ എത്രനാൾ അകറ്റി നിർത്താനാവും??????
ആ കണ്ണിലെ പ്രണയത്തെ എത്രനാൾ കണ്ടില്ലെന്ന് നടിക്കാനാവും???????
ഒരു പ്രാവശ്യം അറിയാതെ ആണെങ്കിലും ആ ഹൃദയം തകർത്തത് ഞാൻ തന്നെയാണ്. അതിന് പകരമായി ജീവിതകാലം മുഴുവൻ സ്നേഹിക്കണം.
പക്ഷെ ഉടനെ അതിനൊന്നും കഴിയില്ല സാവധാനം ഹൃദയത്തിൽ പ്രതിഷ്ഠിക്കണം ആ മനുഷ്യനെ.

മനസ്സിൽ പലവിധ കണക്കുകൂട്ടലുകളോടെ അവൾ കണ്ണുകൾ അടച്ചു.

 

ഇതേസമയം അകലെ മറ്റൊരാൾ ഉറക്കമില്ലാതെ ആകാശത്തേക്കും നോക്കി കിടക്കുകയായിരുന്നു.

നാളെ തന്റെ പതിയായി തന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച തന്റെ പ്രാണനായവൾ വന്നുചേരും. തന്റെ ജീവിതത്തിലെ പുതിയ അവകാശി.
അതുപോലെ നെഞ്ചിലെ ചൂടേറ്റുറങ്ങാൻ കണ്ട മാത്രയിൽ മനസ്സിൽ കയറിയ തന്നിലെ പിതൃവാത്സല്യം ഉണർത്തിയ കുട്ടി കുറുമ്പി ഉണ്ടാവും.

കുഞ്ഞിന്റെ കളിചിരികളും കുറുമ്പുകളും ഓർമ്മയിലെത്തി. ഒരു ചെറു ചിരി ചുണ്ടിൽ സ്ഥാനം പിടിച്ചു.
അതിനോടൊപ്പം ശീതളിന്റെ മുഖവും മികവോടെ മനസ്സിൽ തെളിഞ്ഞു.

എനിക്കറിയാം ശീതൾ പെട്ടന്ന് എന്നെ അംഗീകരിക്കാൻ നിനക്ക് സാധിക്കില്ലെന്ന്. കാത്തിരിക്കാൻ ഞാൻ തയ്യാറാണ് പെണ്ണേ നിന്റെ മനസ്സിന്റെ ഏതെങ്കിലും ഒരു കോണിൽ ചെറിയൊരു സ്ഥാനമെങ്കിലും നീ തരുന്നത് വരെ ഞാൻ കാത്തിരിക്കും.
നിന്റെ വിങ്ങുന്ന മനസ്സിന് ആശ്വാസമേകാൻ ഇനി ഞാനുണ്ട് നിന്നെ താങ്ങാൻ കരങ്ങളായി നിനക്ക് ചായാൻ ചുമലായി നിന്റെ ശ്രോതാവായി
നിന്റെ മുറിവേറ്റ മനസ്സിന് ഔഷധമായി എല്ലാം ഇനി ഞാനുണ്ട്.
നീ എന്നെ തിരികെ സ്നേഹിക്കുന്നത് വരെ ഞാൻ കാത്തിരിക്കും.
ഈ കാത്തിരിപ്പും സുഖമുള്ള ഒരനുഭൂതിയാണ്.

മനസ്സിൽ മൊഴിഞ്ഞു കൊണ്ടവൻ നക്ഷത്രങ്ങളാൽ അലംകൃതമായ മാനത്തേക്ക് നോക്കി കിടന്നു.

 

 

തുടരും……………………………

 

✒️ ആർദ്ര അമ്മു

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

1 thought on “മഴ – പാർട്ട്‌ 23”

Leave a Reply