പതിവ് പോലെ രാവിലെ നേരത്തെ തന്നെ ശീതൾ ഉണർന്നു.
ഇന്ന് തന്റെ കല്യാണമാണ്.
നെടുവീർപ്പിട്ട് കൊണ്ടവൾ അടുത്ത് കിടന്ന പൊന്നുമോളെ നോക്കി. ചുണ്ടിൽ ഒരിളം പുഞ്ചിരിയുമായി നിഷ്കളങ്കമായി കിടന്നുറങ്ങുന്ന കുഞ്ഞിനെ കുറച്ചു നേരം നോക്കിയിരുന്നു. പിന്നെ കുനിഞ്ഞവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് വീഴാതിരിക്കാൻ ഇരു വശങ്ങളിലും തലയണ വെച്ചവൾ ബാത്‌റൂമിലേക്ക് കയറി.
കുളിച്ചു തലയിൽ ടവൽ ചുറ്റി ബാത്‌റൂമിൽ നിന്നിറങ്ങി അവൾ ബെഡിലേക്ക് നോക്കി. അവിടെ പൊന്നു മോളെ കാണാതെ അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി.
എന്റെ ശീതൾ നീയിങ്ങനെ വെപ്രാളപ്പെട്ട് നോക്കണ്ട കുഞ്ഞിനെ അപ്പ കൊണ്ടുപോയി അവളെ അപ്പ തന്നെ ഒരുക്കിക്കോളും.
വാതിൽ പടിക്കൽ നിന്ന് ശ്രീ അവളോട് പറഞ്ഞു.
അത് കേട്ടപ്പോഴാണ് അവൾക്ക് ആശ്വാസം വന്നത്.
അല്ല നീയിങ്ങനെ നിൽക്കാതെ വന്നിരിക്ക് നിന്നെ ഒരുക്കിയിട്ട് വേണം ഞങ്ങൾക്കൊരുങ്ങാൻ.
ആമി അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.
അതിന് നിങ്ങൾ പോയി ഒരുങ്ങിക്കോ ഞാൻ തനിയെ റെഡി ആയിക്കോളാം.
ശീതൾ അവരോടായി പറഞ്ഞു.
അത് നടപ്പില്ല മോളെ ഇന്ന് നിന്റെ കല്യാണാ അതുകൊണ്ട് മോളൊന്നും മിണ്ടാതെ ഇരുന്നു തന്നാൽ മതി നിന്നെ സുന്ദരി ആക്കുന്ന കാര്യം ഞങ്ങളേറ്റെടുത്ത് കഴിഞ്ഞു അതുകൊണ്ട് നോ ഒബ്ജെക്ഷൻ.
ശ്രീ പറഞ്ഞു നിർത്തി.
പിന്നെ അവളൊന്നും എതിർക്കാൻ നിന്നില്ല.
ആമിയും ശ്രീയും കൂടി അവളുടെ മുടി ആദ്യം ഹെയർ ഡ്രൈയർ ഉപയോഗിച്ച് ഉണക്കി ശേഷം അവളെ ഭംഗിയായി സാരി ഉടുപ്പിച്ചു.
മുടി മെടഞ്ഞിട്ട് മുല്ലപൂവ് ചൂടി.
കണ്ണെഴുതി പൊട്ട് തൊട്ടു.
ആഭരണങ്ങൾ അണിയിച്ച് മിതമായി ഒരുക്കി കണ്ണാടിക്ക് മുന്നിൽ അവളെ നിർത്തി.
കണ്ണാടിയിലൂടെ സ്വന്തം പ്രതിരൂപം കണ്ടവൾ വിശ്വസിക്കാനാവാതെ നോക്കി. അത്രക്ക് സുന്ദരി ആയിരുന്നു അവൾ.
എന്റെ ആമി നീയൊന്ന് നോക്കിയേ എന്ത് മൊഞ്ചാ ഈ പെണ്ണിന് ഈ കണക്കിന് നമ്മളെങ്ങനെ ഒരുങ്ങിയാലും ആരെങ്കിലും നമ്മളെ നോക്കുവോ????
അതേ ശ്രീക്കുട്ടി മൂന്നു നമ്മുടെ പൊന്നു മോളുടെ അമ്മയാണ് ഇവളെന്ന് ആരെങ്കിലും പറയുവോ????
ആമിയും ശ്രീയുടെ വാക്കുകളോട് യോജിച്ചു.
ഒന്ന് പോയെ വെറുതെ എന്നെ കളിയാക്കാതെ.
ശീതൾ പരിഭവിച്ചു.
എന്റെ പെണ്ണേ തമാശ പറഞ്ഞതല്ല സത്യായിട്ടും നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്.
ശ്രീ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.
കൊള്ളാം നിങ്ങളിവിടെ സംസാരിച്ചു നിൽക്കുവാണോ പോയി റെഡി ആവ് പിള്ളേരെ രാഹുകാലത്തിന് മുന്നേ ഇവിടുന്ന് പുറപ്പെടണം.
ജാനകി അവരെ വഴക്ക് പറഞ്ഞു കൊണ്ട് അങ്ങോട്ട് വന്നു.
ശീതളിനെ കണ്ട് ഒരുനിമിഷം അവർ അങ്ങനെ നിന്നുപോയി.
പിന്നെ പതിയെ അവൾക്കടുത്തേക്ക് നടന്നു. കണ്ണിൽ നിന്ന് കണ്മഷി എടുത്ത് അവളുടെ ചെവിക്ക് പുറകിലായി കുത്തി.
എന്റെ മോൾക്ക് കണ്ണ് തട്ടാതിരിക്കാനാ അത്രക്ക് സുന്ദരി ആയിട്ടുണ്ട് മോള്.
ജാനകി അവളുടെ കവിളിൽ തലോടി പറഞ്ഞു.
മറുപടിയായി അവളൊന്ന് പുഞ്ചിരിച്ചു.
ഇപ്പൊ വിശ്വാസമായില്ലേ ഞങ്ങൾ ഇത് പറഞ്ഞിട്ട് വിശ്വസിക്കുന്നില്ലായിരുന്നു അമ്മേ……..
ശ്രീ അവരോടായി പറഞ്ഞു.
അത് പിന്നെ എന്റെ മോൾക്ക് ഞാൻ പറഞ്ഞാലേ വിശ്വാസം ആകൂ അല്ലെ????
ജാനകി ചിരിയോടെ പറഞ്ഞു.
ഓഹ് ഒരമ്മയും മോളും വന്നിരിക്കുന്നു.
കുശുമ്പ് കാണിച്ചവൾ അവിടെ നിന്ന് പോയി.
അത് കണ്ട് ശീതളും ജാനകിയും ഒരുപോലെ ചിരിച്ചു.
ജാനകി ശീതളിനെയും താഴേക്ക് കൂട്ടികൊണ്ട് പോന്നു. എല്ലാവരും അവളെ കണ്ട് മനസ്സ് നിറഞ്ഞ് ചിരിച്ചു.
പൊന്നുമോൾ പുത്തനുടുപ്പും ഇട്ട് മുല്ലപ്പൂവും ചൂടി സന്തോഷത്തിൽ ഓടി നടന്നു.
ക്ഷേത്രത്തിലേക്ക് പുറപ്പെടും മുൻപ് അവൾ എല്ലാരുടെയും കാലിൽ വീണ് അനുഗ്രഹം വാങ്ങി.
അഭിയുടെ അടുത്തെത്തിയപ്പോൾ അവളെ കാലിൽ വീഴാൻ സമ്മതിക്കാതെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു.
ശ്രീയും ആമിയും വേഗം ഒരുങ്ങി വന്നു.
രാഹുകാലത്തിനു മുന്നേ അവർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
അഭിയും ശ്രീയും ആമിയും ശീതളും പൊന്നുമോളും ഒരു കാറിലും.
മുതിർന്നവർ മറ്റൊരു കാറിലുമായി ക്ഷേത്രത്തിലേക്ക് തിരിച്ചു.
കാറിലിരിക്കുമ്പോൾ മുതൽ ശീതളിന്റെ ഹൃദയം പെരുമ്പറ കൊട്ടി.
ക്ഷേത്രത്തിൽ എത്തി അകത്തേക്ക് നടക്കുമ്പോൾ കാലിന് വിറയൽ ബാധിച്ചത് പോലെ തോന്നി.
അവളുടെ അവസ്ഥ കണ്ട് ശ്രീയും ആമിയും അവളെ സമാധാനിപ്പിച്ചു. ശരണിനും അമ്മയ്ക്കും ഒപ്പം ഋഷിയുടെയും നിരഞ്ജന്റെയും ഐഷുവിന്റെയും വീട്ടിൽ നിന്ന് എല്ലാവരും എത്തിയിരുന്നു. ശ്രീയേയും ആമിയേയും കണ്ട് ഐഷുവും ഋതുവും അവർക്കരികിലേക്ക് എത്തി. ഐഷു ഒരു പിങ്ക് ആൻഡ് ഗ്രീൻ കോമ്പിനേഷൻ സാരി ആയിരുന്നു ഉടുത്തത് ഋതു ഒരു ക്രീം ആൻഡ് യെല്ലോ കോമ്പിനേഷൻ പട്ടുപാവാടയും.
ശീതളിനെ കണ്ട ശരണിന്റെ മുഖം നിലാവ് ഉദിച്ചത് പോലെ തിളങ്ങി.
അതുപോലെ തന്നെ ആയിരുന്നു ഋഷിയുടെയും നിരഞ്ജന്റെയും അഭിയുടെയും അവസ്ഥ അങ്ങനെ തന്നെ ആയിരുന്നു.
ഋഷി ശ്രീയെ കണ്ണിമ വെട്ടാതെ നോക്കി. അവളെ ഇപ്പൊ തന്നെ കെട്ടി വീട്ടിൽ കൊണ്ടുപോയാലോ എന്ന് വരെ ചെക്കൻ ചിന്തിച്ചു. പിന്നെ ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യും എന്നത് കൊണ്ട് മാത്രം ആത്മനിയന്ത്രണം പാലിച്ചു.
മനുവും വീട്ടുകാരും അവരുടെ കല്യാണം ഉടനെ നടത്താനായി ബാംഗ്ലൂർ പോയിരുന്നു. അതുകൊണ്ട് അവരാരും എത്തിയിരുന്നില്ല.
ശീതൾ അകത്ത് കയറി തൊഴുതു കൂട്ടത്തിൽ പെൺപടയും. മുന്നോട്ടുള്ള ജീവിതം സന്തോഷം നിറഞ്ഞതാവാനും എല്ലാം മറന്ന് ശരണിനെ സ്നേഹിക്കാനും കഴിയണേ എന്നവൾ ഉള്ളുരുകി പ്രാത്ഥിച്ചു.
മുഹൂർത്തത്തിന് സമയം ആയപ്പോൾ ശരണും മറ്റുള്ളവരും എത്തി.
ശരൺ തന്റെ പ്രാണനെ താലി ചാർത്തി സ്വന്തമാക്കി. കണ്ണുകൾ അടച്ചു കൈ കൂപ്പി അവൾ അത് സ്വീകരിച്ചു. അവളുടെ സീമന്തരേഖ അവൻ ചുവപ്പിച്ചു. പരസ്പരം ഹാരം അണിയിച്ചു. പൊന്നുമോൾ ശരണിന്റെ അമ്മയുടെ കയ്യിൽ ഇരുന്നു കൗതുകത്തോടെ ഇതെല്ലാം നോക്കിക്കണ്ടു. ഒന്നും മനസ്സിലായില്ല എങ്കിലും എന്തിനോ വേണ്ടി അവൾ സന്തോഷത്തോടെ കൈയടിച്ചു.
നിറഞ്ഞ സന്തോഷത്തോടെ ശരൺ ദേവിയുടെ മുന്നിൽ കൈകൂപ്പി.
ചടങ്ങുകൾ കഴിഞ്ഞപ്പോൾ തന്നെ ശരൺ പൊന്നുമോളെ കയ്യിലേക്ക് വാങ്ങി. അവൾ സന്തോഷത്തോടെ അവന്റെ കഴുത്തിലൂടെ കൈ ചുറ്റി അവന്റെ കയ്യിലിരുന്നു.
പിന്നെ അങ്ങോട്ട് സെൽഫി എടുപ്പിന്റെ മേളമായിരുന്നു. എല്ലാവരും ഫോട്ടോക്ക് പോസ് ചെയ്തു മടുത്തിട്ടും ഋതു അടങ്ങിയില്ല അവൾ ശ്രീയേയും ആമിയേയും ഐഷുവിനെയും വിടാതെ കൂടെ നിർത്തി ഫോട്ടോ എടുപ്പിച്ചു.
അവസാനം വിശ്വൻ വന്നാണ് അവരെ എല്ലാം രക്ഷിച്ചത്.
കല്യാണം ശരണിന്റെയും ശീതളിന്റെയും ആയിരുന്നെങ്കിലും ഋഷിക്കും നിരഞ്ജനും അഭിക്കും അവരുടെ പെണ്ണുങ്ങളോട് സൊള്ളാൻ വീണ് കിട്ടിയ ഗോൾഡൻ ചാൻസ് ആയിരുന്നു. അവരത് മാക്സിമം വിനിയോഗിച്ചു.
ക്ഷേത്രത്തിൽ നിന്ന് എല്ലാവരും നേരെ തറവാട്ടിലേക്കാണ് പോയത്. കാരണം ഗൃഹപ്രവേശനത്തിനുള്ള സമയം കുറച്ചു താമസിച്ചാണ് അതുകൊണ്ട് തറവാട്ടിൽ ചെന്ന് ഊണ് കഴിഞ്ഞിട്ടേ ശരണിന്റെ വീട്ടിലേക്ക് ഇറങ്ങൂ. കല്യാണം പ്രമാണിച്ച് തറവാട്ടിൽ ഒരു ഗംഭീര സദ്യ തന്നെ ഒരുക്കിയിരുന്നു.
ശരണിന്റെ കാറിലായിരുന്നു ശീതളും പൊന്നുമോളും കയറിയത്.
പകരം അവർ വന്ന കാറിൽ ആൺപടകളും പെൺപടകളും കയറി.
പാട്ടും ചിരിയും കണ്ണിൽ കണ്ണിൽ നോക്കി കഥപറച്ചിലുകളുമായി അവർ തറവാട്ടിലേക്ക് തിരിച്ചു.
—————————————————————-
തൂശനിലയിൽ ഊണ് വിളമ്പി. സാമ്പാര്‍, അവിയല്‍, തോരന്‍, കാളന്‍, ഓലന്‍, പച്ചടി, കിച്ചടി, പരിപ്പ്, എരിശ്ശേരി, അച്ചാർ, രസം തുടങ്ങിയ വിഭവങ്ങൾ ഇലയിൽ സ്ഥാനം പിടിച്ചു.
കൂടാതെ മൂന്നു കൂട്ടം പായസങ്ങളും അണിനിരന്നു അടപ്രഥമൻ, പാലട, പാൽപായസം.
പൊന്നുമോളെ തങ്ങളുടെ നടുവിൽ ഇരുത്തി ശരൺ അവൾക്ക് കഴിക്കാനുള്ള വിധം പറഞ്ഞു കൊടുത്തു. അവൻ കഴിക്കുന്നത് പോലെ നോക്കി അവളും ഇലയിൽ കഴിച്ചു. അവളുടെ പ്രവർത്തിയെല്ലാം നിറഞ്ഞ ചിരിയോടെ എല്ലാവരും നോക്കിയിരുന്നു. ശീതൾ ഇടം കണ്ണിട്ട് ഇടയ്ക്കിടെ അവനെ നോക്കികൊണ്ടിരുന്നു.
പപ്പടവും പഴവും പായസത്തിനൊപ്പം കൂടി കുഴച്ചു കുഞ്ഞു കൈ കൊണ്ട് വാരി കഴിച്ച് തലയാട്ടി ചിരിക്കുന്ന പൊന്നുവിനെ ശരൺ ചിരിയോടെ നോക്കി. കഴിച്ചു കഴിഞ്ഞ അവളുടെ കൈയും വായും മുഖവും എല്ലാം കഴുകിച്ചതും അവൻ തന്നെ ആയിരുന്നു.
ഇതെല്ലാം നിറഞ്ഞ മനസ്സോടെ ശീതൾ നോക്കിക്കണ്ടു.
തറവാട്ടിൽ നിന്ന് ശരണിന്റെ വീട്ടിലേക്കവൾ പുറപ്പെടുമ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. കുറച്ചു നാളുകൾ കൊണ്ട് തന്നെ അവളും കുഞ്ഞും അത്രമേൽ ആ വീട്ടിൽ എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു.
പൊന്നുമോളെ എല്ലാവരും കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. അവളും തിരികെ എല്ലാവർക്കും സ്നേഹ ചുംബനങ്ങൾ നൽകി. അവൾ യാത്ര പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞവൾ കാറിലേക്ക് കയറി. കാർ പടി കടന്നു പോവുന്നതും നോക്കി നിറകണ്ണുകളോടെ എല്ലാവരും നിന്നു.
—————————————————————-
കാറിൽ ഇരിക്കുമ്പോൾ ശീതളിന്റെ മനസ്സിൽ സങ്കടം വന്നു മൂടി. തന്റെയും മകളുടെയും അനാഥത്വം മാറ്റിയത് അവരായിരുന്നു. പൊന്നുമോൾ അല്ലാതെ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ ഉണ്ടായിരുന്നതും അവരായിരുന്നു. എല്ലാവരെയും വിട്ട് പോന്നപ്പോൾ നെഞ്ച് വിങ്ങി. തറവാട്ടിൽ കഴിഞ്ഞ സുന്ദരനിമിഷങ്ങൾ ഓർത്തവൾ കണ്ണുകൾ അടച്ചു സീറ്റിലേക്ക് ചാഞ്ഞു. അവളുടെ മനോവിഷമം മനസ്സിലാക്കി ശരൺ അവളുടെ കയ്യിൽ മുറുകെ പിടിക്കുമ്പോഴും മറുകയ്യിൽ പൊന്നുമോൾ സുരക്ഷിതമായിരുന്നു.
—————————————————————
കണ്ണുകൾ അടച്ച് കിടന്നപ്പോൾ എപ്പോഴാ മയങ്ങി പോയി. വീടെത്തിയപ്പോൾ ശരൺ അവളെ തട്ടി വിളിക്കുമ്പോഴാണ് മയക്കത്തിൽ നിന്നുണർന്നത്.
പഴമകൾ തങ്ങി നിൽക്കുന്ന ഒരു വീടായിരുന്നു അവന്റെത്. വൃത്തിയായി കിടക്കുന്ന പരിസരവും മുറ്റത്തു നിൽക്കുന്ന ചെടികളും നോക്കി അവൾ നിന്നു. അവസാനം വീടിന് സൈഡിലായി പൂത്തു നിൽക്കുന്ന ചെമ്പകത്തിലേക്ക് അവളുടെ കണ്ണുകൾ ചെന്നെത്തി. വിടർന്ന കണ്ണുകളോടെ അവളാ മരത്തെ നോക്കി നിന്നു. ശരൺ വന്നു തട്ടി വിളിക്കുമ്പോഴാണ് മുന്നിൽ നിലവിളക്കുമായി നിൽക്കുന്ന അമ്മയെ ശ്രദ്ധിക്കുന്നത്. അവൾ വിളക്കിനായി കൈ നീട്ടി. അമ്മ കൊടുത്ത നിലവിളക്കുമായി വലത് കാൽ വെച്ചവൾ അകത്തേക്ക് കയറി. അവളുടെ ഒപ്പം പൊന്നുമോളെ എടുത്തു കൊണ്ട് ശരണും കയറി. പൂജാമുറിയിൽ നിലവിളക്ക് വെച്ചവൾ കണ്ണുകളടച്ചു പ്രാർത്ഥിച്ചു കൂടെ ശരണും അവരെ നോക്കി പൊന്നുമോളും അതുപോലെ കൈകൂപ്പി പ്രാർത്ഥിച്ചു.
പ്രാർത്ഥന ഒക്കെ കഴിഞ്ഞു പൂജാമുറിയിൽ നിന്നിറങ്ങിയപ്പോൾ ശരണിന്റെ അമ്മ അവരെ കാത്തു നിൽപ്പുണ്ടായിരുന്നു.
രാവിലെ മുതൽ സാരിയും ചുറ്റി നിന്ന് മോള് വിഷമിച്ചിട്ടുണ്ടാവും അല്ലെ.
മോൾ വാ ഞാൻ നിങ്ങളുടെ മുറി കാണിച്ചു തരാം മോളൊന്ന് ഫ്രഷായി വരുമ്പോഴേക്കും ഈ ക്ഷീണവും മടുപ്പും എല്ലാം മാറും വാ……….
അമ്മ അവളെയും വിളിച്ചു ശരണിന്റെ മുറിയിലേക്ക് പോയി.
ഇതാണ് മുറി ദേ ആ കാണുന്ന അലമാരയിൽ മോൾക്ക് വേണ്ട ഡ്രസ്സും മറ്റും ഉണ്ട് മോൾ പോയി ഫ്രഷായിക്കോ. അപ്പോഴേക്കും ഞാൻ കുഞ്ഞിനെ ഒന്ന് ദേഹം കഴുകിച്ചെടുക്കാം.
ശരിയമ്മേ.
ചിരിയോടെ അവൾ തലയാട്ടി.
അമ്മ താഴെക്ക് പോയതും അവൾ മുറിയാകെ കണ്ണോടിച്ചു. നല്ല വൃത്തിയോടെ അവൻ മുറി സൂക്ഷിച്ചിട്ടുണ്ട്. അവൾ അലമാര തുറന്നു. അവൾക്കുള്ളതും കുഞ്ഞിനുള്ളതും ആയി ഒരുപാട് ഡ്രസ്സുകൾ അതിൽ ഉണ്ടായിരുന്നു. അവൾക്കായി ഒരുപാട് സാരികളും ചുരിദാറുകളും ആയിരുന്നു ഉണ്ടായിരുന്നത് പൊന്നുമോൾക്ക് ഒരുപാട് തരത്തിലുള്ള ഡ്രസ്സുകൾ ഉണ്ടായിരുന്നു. എല്ലാം ഒന്ന് നോക്കി ഒരു മഞ്ഞ സാരി എടുത്ത് ബാത്‌റൂമിലേക്ക് കയറി.
————————————————————–
അവൾ ഫ്രഷായി താഴേക്ക് വന്നപ്പോൾ കണ്ടു ഹാളിൽ ഇരുന്നു സംസാരിക്കുന്ന ശരണിനെയും കുഞ്ഞിനേയും അമ്മയെയും. കുഞ്ഞിന്റെ ഡ്രസ്സൊക്കെ മാറ്റിയിട്ടുണ്ട് ഒരു വൈറ്റ് കുഞ്ഞു ഫ്രോക്കാണ് ആളുടെ ഇപ്പോഴത്തെ വേഷം.
മോളെന്താ അവിടെ നിന്നത് ഇവിടെ വന്നിരിക്ക്.
അമ്മ അവളെ വിളിച്ചു.
അപ്പോഴാണ് ശരൺ അവളെ കാണുന്നത്. അവൻ അവളെ നോക്കി ചിരിച്ചു. തിരികെ അവനൊരു ചിരി സമ്മാനിച്ചവൾ അമ്മയുടെ അരികിലായി ഇരുന്നു.
കുഞ്ഞ് ഒരു ടെഡി ബിയറുമായി നല്ല കളിയാണ്.
അങ്കിൾ……………
പൊന്നു ശരണിനെ വിളിച്ചവന്റെ മടിയിൽ ഇരുന്നു.
അങ്കിളല്ല അച്ഛൻ………
അമ്മ അവളെ തിരുത്തി.
പൊന്നുമോൾ ഒന്നും മനസ്സിലാവാതെ എല്ലാവരെയും മാറി മാറി നോക്കി.
അവൾ ശരണിന്റെ മടിയിൽ നിന്നിറങ്ങി ശീതളിന്റെ അടുത്തേക്ക് നടന്നു.
അമ്മേ………….. ഇതാണോ മോൾടെ അച്ഛൻ???????
അവൾ ശീതളിനോടായി ചോദിച്ചു.
അതേല്ലോ അമ്മ പറഞ്ഞു തന്നിട്ടില്ലേ മോൾക്ക് ഉടുപ്പും ചോക്ലേറ്റും ഒക്കെ വാങ്ങി തന്ന് മോളെയും അമ്മയെയും ബീച്ചിലൊക്കെ കൊണ്ടുപോയി ചുറ്റികാണിക്കാൻ എന്റെ മോളൂട്ടിയുടെ അച്ഛൻ വരുമെന്ന് ആ അച്ഛനാണിത്.
ശീതൾ അവളോടായി പറഞ്ഞു കൊടുത്തു.
അവൾ ശീതളിനെയും ശരണിനെയും മാറി മാറി നോക്കി.
പിന്നെ ശരണിന്റെ അടുത്തേക്ക് നടന്നു.
അങ്കിളാണോ എന്റെ അച്ഛൻ?????
അവൾ അവനോടായി ചോദിച്ചു.
അവൻ കുഞ്ഞിനെ മടിയിൽ എടുത്തു വെച്ചു.
അതേല്ലോ ഞാനാണ് പൊന്നുമോൾടെ അച്ഛൻ. വിളിച്ചേ എന്റെ മോള് അച്ഛന്നൊന്ന് വിളിച്ചേ.
അവളുടെ കവിളിൽ പിടിച്ചവൻ പറഞ്ഞു.
അവൾ ശരണിനെ നോക്കിയിരുന്നു.
അച്ഛാന്ന് വിളിക്ക് മോളെ ??????
ശീതൾ വീണ്ടും അവളോടായി പറഞ്ഞു.
കുഞ്ഞിന്റെ വായിൽ നിന്ന് അച്ഛാന്നുള്ള വിളി കേൾക്കാൻ ശരൺ ആകാംഷയോടെ അവളെ നോക്കി.
പൊന്നുമോൾ അവനെ നോക്കി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല.
അവൾ വിളിക്കാതെ ആയപ്പോൾ നിരാശയോടെ അവനിരുന്നു.
അത് കണ്ട് ശീതളിനും വിഷമം തോന്നി.
സാരമില്ലെടാ അവൾ കുഞ്ഞല്ലേ പെട്ടെന്ന് അച്ഛാന്നൊക്കെ വിളിക്കാൻ പറഞ്ഞാൽ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. പോട്ടെ നീയിങ്ങനെ വിഷമിച്ചിരിക്കാതെ പോയി ഒന്ന് കുളിച്ചിട്ട് വാ ചെല്ല്…….
അമ്മ അവനെ മുറിയിലേക്ക് പറഞ്ഞു വിട്ടു.
അവൻ എഴുന്നേറ്റു പോവുന്നതും നോക്കി ശീതളിരുന്നു.
മോളിങ്ങനെ വിഷമിക്കാതെ ഇത്രയും നാൾ അങ്കിൾ എന്ന് വിളിച്ചു നടന്നിട്ട് പെട്ടെന്ന് അത് അച്ഛനാണ് അങ്ങനെ വിളിക്കണം എന്ന് പറഞ്ഞാൽ അവൾക്ക് സാധിച്ചില്ലെന്ന് വരാം.
അവൾ കുഞ്ഞല്ലേ തിരിച്ചറിവ് പോലുമില്ലാത്ത പ്രായമാണ് ഇവിടെ പക്വത കാണിക്കേണ്ടത് നമ്മളല്ലേ??????? അവൾ സാവധാനം എല്ലാം മനസ്സിക്കിക്കോളും അത് വരെ അവൾക്ക് സമയം കൊടുക്ക്.
അമ്മ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
മറുപടിയായി അവളൊരു വിളറിയ പുഞ്ചിരി സമ്മാനിച്ചു.
ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ അത്താഴം എന്തെങ്കിലും ഒരുക്കണ്ടേ ഇന്ന് കല്യാണ തിരക്ക് കാരണം ഒന്നിനും കഴിഞ്ഞില്ല.
അവർ എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
ഞാനും വരാമ്മേ ഒറ്റക്ക് ചെയ്യണ്ട.
ശീതൾ അവരുടെ കൂടെ എഴുന്നേറ്റു.
വേണ്ട മോളെ ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം നീ കൂടി വന്നാൽ കുഞ്ഞ് ഒറ്റയ്ക്കായിപോവും.
അവളെ തടഞ്ഞു കൊണ്ടവർ പറഞ്ഞു.
അത് കുഴപ്പമില്ലമ്മേ അവൾ ഒറ്റയ്ക്കിരുന്നു കളിച്ചോളും മോൾക്കതൊക്കെ ശീലമാ.
എന്നാലും??????
എങ്കിൽ കുഞ്ഞിനെ ഞാൻ മുറിയിൽ കൊണ്ടുപോയി ഇരുത്താം അവിടെ ആവുമ്പോൾ പേടിക്കണ്ടല്ലോ ഏട്ടനിപ്പോ കുളിച്ചിട്ട് ഇറങ്ങുമല്ലോ??????
അവൾ ശരണിനെ ഏട്ടാന്ന് വിളിച്ചത് കേട്ട് അമ്മ അവളെ അതിശയത്തോടെ നോക്കി.
അവൾക്കപ്പോഴാണ് ബോധം വന്നത് അവൾ ചമ്മലോടെ നിന്നു.
ചമ്മണ്ട ഭർത്താവിനെ ഭാര്യ അങ്ങനെ തന്നെയാണ് വിളിക്കേണ്ടത്.
അവൾ ഒന്ന് ചിരിച്ചു. പിന്നെ അവിടെ നിന്നില്ല കുഞ്ഞിനെ എടുത്തു മുറിയിലേക്ക് നടന്നു. കട്ടിലിൽ ഇരുത്തിയിട്ട് പോവാൻ മനസ്സ് വന്നില്ല അവൾ കുഞ്ഞിനെ താഴെ ഇരുത്തി കളിപ്പാട്ടങ്ങൾ കയ്യിൽ വെച്ച് കൊടുത്തു.
അമ്മ ഇപ്പൊ തന്നെ വരാട്ടോ എന്റെ മോൾക്ക് ഭക്ഷണം കഴിക്കണ്ടേ അതുകൊണ്ട് അമ്മ ഭക്ഷണവുമായി വരുന്നത് വരെ കുറുമ്പൊന്നും കാട്ടാതെ ഇവിടെ തന്നെ ഇരിന്നോണം കെട്ടോ????
ശീതൾ അവളോടായി പറഞ്ഞു. എല്ലാം മനസ്സിലായത് പോലെ അവൾ അനുസരണയോടെ തലയാട്ടി.
അവൾ കുഞ്ഞിനൊരുമ്മയും കൊടുത്ത് അടുക്കളയിലേക്ക് നടന്നു.
—————————————————————-
ശരൺ കുളി കഴിഞ്ഞ് മുറിയിലേക്ക് കയറിയപ്പോൾ കണ്ടു താഴെ ഇരുന്നു കളിപ്പാട്ടങ്ങളോട് മൽപ്പിടുത്തം നടത്തുന്ന പൊന്നു മോളെ.
അവൻ വാത്സല്യത്തോടെ അവളെ നോക്കി.
എന്നാണ് മോളെ നീയെന്നെ അച്ഛാന്ന് വിളിക്കുന്നത്?????
വിഷമത്തോടെ മനസ്സിൽ പറഞ്ഞു.
തല നല്ലവണ്ണം തുവർത്തി അവൻ ടവൽ കസേരയിൽ വിരിച്ചിട്ട് ഒരു ബനിയൻ എടുത്തിട്ട് കുഞ്ഞിന്റെ അടുത്തായി ഇരുന്നു.
അവൾ അപ്പോഴും കളിപ്പാട്ടങ്ങളുടെ ലോകത്തായിരുന്നു. അവൻ കുഞ്ഞിനെ ശല്യപ്പെടുത്താതെ അവളെ തന്നെ നോക്കിയിരുന്നു.
എന്തൊക്കെയോ ചിന്തകൾ മനസ്സിൽ കടന്നു പോയി.
പൊന്നുമോളുടെ കയ്യിൽ തട്ടിയുള്ള വിളിയാണ് അവനെ സ്വബോധത്തിൽ എത്തിച്ചത്.
എന്താ മോളെ ????????
അവൻ ഞെട്ടി അവളോടായി ചോദിച്ചു.
അച്ഛക്ക് എന്നോട് പിണക്കാണോ?????
എന്താ പറഞ്ഞേ?????
വിശ്വാസം വരാതെ അവൻ ചോദിച്ചു.
അച്ഛ എന്നോട് എന്താ മിണ്ടാത്തെ????
ചുണ്ട് പിളർത്തി അവൾ ചോദിച്ചു.
എന്നെ എന്താ വിളിച്ചേ??????
അച്ഛാന്ന്…………….
ഒന്നൂടി…… ഒന്നൂടി വിളിച്ചേ…………….
അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അച്ഛാ…………………
പൊന്നു അവനെ വിളിച്ചു തീർന്നതും അവൻ അവളെ വാരിയെടുത്ത് ചുംബനങ്ങളാൽ മൂടി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അയ്യേ അച്ഛ കരയാ……. ചീത്ത കുട്ടികളാ കരയുന്നത്……….
അത് പറഞ്ഞവൾ അവന്റെ കണ്ണുനീർ അവളുടെ കുഞ്ഞി കൈകളാൽ തുടച്ചു മാറ്റി അവന്റെ ഇരുകവിളിലും മുത്തി.
ഇതെല്ലാം കണ്ട് കൊണ്ട് വാതിൽ പടിയിൽ നിന്ന ശീതളിന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
—————————————————————-
പൊന്നു മോൾ പോയതിൽ പിന്നെ തറവാട് ആകെ ഉറങ്ങിയത് പോലെ ആയിരുന്നു. കുഞ്ഞു കൊലുസ്സും കുലുക്കി അവിടെ എല്ലാം ഓടി നടന്ന അവൾ ഇല്ലാതെ വന്നപ്പോൾ മൊത്തത്തിൽ ഒരു ശൂന്യത. ആരും ഒരുഷാറില്ലാതെ ഇരുന്നു.
പൊന്നു മോളുടെ കുറവ് ഏറ്റവും ബാധിച്ചത് ശ്രീയേയും ആമിയേയും അഭിയേയും ആയിരുന്നു. അവൾ വന്നത് മുതൽ അവളെ നോക്കുന്ന ഡ്യൂട്ടി അവർക്കായിരുന്നു. കുഞ്ഞിന് പിറകെ മൂന്നു പേരും നടക്കും. പൊന്നുമോൾ ഉണ്ടായിരുന്ന നാളുകളിൽ അഭി നേരെ ചൊവ്വേ ഓഫീസിൽ പോലും പോവാറില്ലായിരുന്നു. അതിന്റെ പേരിൽ മുത്തശ്ശന്റെയും അച്ഛന്റെയും വായിൽ നിന്ന് കണക്കിന് കേൾക്കാറുമുണ്ടായിരുന്നു പക്ഷെ അവനതൊന്നും പുത്തരിയല്ല എല്ലാ വഴക്കും കേട്ട് കഴിഞ്ഞു പൊന്നുമോളുടെ കൂടെ കളിക്കും. അവന്റെ നെഞ്ചിൽ കിടന്നേ അവൾ ഉറങ്ങാറുള്ളൂ. അതുപോലെ ശ്രീയും ആമിയും വേണം ഊട്ടാൻ. ഇതെല്ലാം അവരെ സങ്കടത്തിലാഴ്ത്തി.
വിവാഹത്തിന് വന്ന എല്ലാവരും തിരികെ പോയിരുന്നു. എന്തോ ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യാനുള്ളത് കൊണ്ട് ഋഷി മാത്രം തിരികെ പോയില്ല.
കുഞ്ഞ് പോയ വിഷമത്തിൽ റൂമിൽ ഇരിക്കുകയായിരുന്നു ശ്രീ. വിരസത സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ പുറത്തേക്കിറങ്ങി.
മുറ്റത്തെ മാവിൻ ചുവട്ടിൽ പോയിരുന്നു. ഒരു മന്ദമാരുതൻ അവളെ തഴുകി കടന്നു പോയി. സൂര്യൻ യാത്ര പറഞ്ഞു പോവാൻ ഇനി അധികനേരമില്ല. സൂര്യകിരണങ്ങൾ ഏറ്റ് അവളുടെ മൂക്കിൻ തുമ്പിലെ വെള്ളക്കൽ മൂക്കുത്തി ശോഭയോടെ തിളങ്ങി. പ്രകൃതിയിലേക്ക് നോക്കി അവൾ അങ്ങനെ ഇരുന്നു.
എന്താണ് എന്റെ നന്ദൂട്ടി ഒറ്റയ്ക്കിരിക്കുന്നത്?????
ഋഷി അവളുടെ അടുത്തായി ഇരുന്നുകൊണ്ട് പറഞ്ഞു.
ഒന്നുല്ല ഋഷിയേട്ടാ……..
ഒന്നുല്ലേ???????
മ്മ്മ്ഹ………..
ഒന്നുമില്ലെന്ന് തലയാട്ടി അവൾ ഋഷിയുടെ തോളിലേക്ക് ചാഞ്ഞു.
അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.
നന്ദൂ…………
മ്മ്മ്മ്………..
പൊന്നുമോൾ പോയതല്ലേ നിന്റെ ഈ വിഷമത്തിന് കാരണം??????
മ്മ്മ്മ്.
അവൾ മൂളി.
എന്റെ നന്ദൂട്ടി ശീതളിന്റെയും കുഞ്ഞിന്റെയും നല്ല ഭാവിക്ക് വേണ്ടിയല്ലേ ഇങ്ങനെ ഒരു പറിച്ചുനടൽ. അതിനിങ്ങനെ വിഷമിക്കുവാണോ വേണ്ടത്???? നമുക്ക് എപ്പോ വേണമെങ്കിലും കുഞ്ഞിനെ പോയി കാണാവുന്നതേ ഉള്ളൂ.
അതൊക്കെ അറിയാം പക്ഷെ ഇത്രയും നാൾ അവളിവിടെ ഒക്കെ ഓടി നടന്നതല്ലേ ഞാനും ആമിയും ആയിരുന്നു അവളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അതൊക്കെ ഓർത്തപ്പോൾ ഒരു വിഷമം.
അതാണോ വിഷമം അതൊക്കെ പെട്ടെന്ന് മാറില്ലേ. ഇനി അതും അല്ലെങ്കിൽ ഈ വിഷമം മാറ്റാൻ എന്റെ കയ്യിൽ ഒരു ഐഡിയ ഉണ്ട്.
ഋഷി കുസൃതിയോടെ അവളോട് പറഞ്ഞു.
എന്ത് ഐഡിയ???
അതേ ഒരു കുഞ്ഞു നന്ദുവോ ഋഷിയോ ദേ ഇവിടെ വരുമ്പോൾ നിനക്കീ വിഷമം എല്ലാം മാറിക്കോളും.
അവളുടെ വയറിൽ കൈ വെച്ചവൻ പറഞ്ഞു.
അവൻ പറയുന്നത് കേട്ടതും അവൾ അവന്റെ കൈ തട്ടി മാറ്റി എഴുന്നേറ്റു.
ഛീ…….. ഒന്ന് പോയെ ഋഷിയേട്ടാ ഒന്ന് പറഞ്ഞാൽ രണ്ടാമത്തത്തിന് സംസാരം അവിടെ കൊണ്ടുപോയി നിർത്തിക്കോണം.
കല്യാണം കഴിഞ്ഞാൽ പിന്നെ കുട്ടികൾ ഉണ്ടാവില്ലേ????? പിന്നെ വിഷമം കണ്ടിട്ട് നല്ലൊരു സൊല്യൂഷൻ പറഞ്ഞതല്ലേ???
അയ്യോ എനിക്കൊരു വിഷമവും ഇല്ലേ ഇനി ഋഷിയേട്ടനായിട്ട് ഒരു വിഷമവും ഉണ്ടാക്കാതിരുന്നാൽ മതിയേ.
കൈകൂപ്പി അത്രയും പറഞ്ഞവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി.
അവളുടെ പോക്ക് നോക്കി ഒരു ചിരിയോടെ അവൻ നിന്നു.
—————————————————————-
പൊന്നുമോൾക്കിപ്പോൾ ശീതളിനെ വേണ്ട അച്ഛാ അച്ഛാന്ന് വിളിച്ച് ശരണിന്റെ പുറകെ ആണിപ്പോൾ. അച്ഛാ എന്നാ പാർക്കിൽ കൊണ്ടുപോണെ???
എനിക്ക് ചോക്ലേറ്റ് വാങ്ങി തരുവോ????
ഉടുപ്പ് വാങ്ങിതരുവോ?????? എന്നൊക്കെ ചോദിച്ചു ശരണിനെ ബുദ്ധിമുട്ടിക്കലാണ് ആളുടെ പണി.
ശരണാകട്ടെ ക്ഷമയോടും വാത്സല്യത്തോടും കൂടി അവൾക്ക് ഉത്തരങ്ങൾ പറഞ്ഞു കൊടുക്കുന്നുമുണ്ട്.
ഇതിനിടയിൽ അഭിയും ശ്രീയും ആമിയും അവരെ വിളിച്ചു സംസാരിച്ചു. വീഡിയോ കാൾ ചെയ്തപ്പോൾ അവർക്ക് തന്റെ അച്ഛനെ ഗമയോടെ കാണിച്ചു കൊടുക്കുകയും കുസൃതി ചിരിയോടെ അവിടെ വന്നപ്പോൾ മുതലുള്ള വിശേഷങ്ങൾ വാ തോരാതെ പറയുകയും ചെയ്തു.
അവളുടെ കളിചിരികൾ കണ്ടപ്പോഴാണ് മൂന്നുപേർക്കും സമാധാനമായത്.
രാത്രി പൊന്നുമോൾക്ക് ഭക്ഷണം കൊടുത്തതും താരാട്ട് പാടി ഉറക്കിയതും എല്ലാം അവൻ തന്നെ ആയിരുന്നു. ശീതൾ ഇതെല്ലാം കൺകുളിർക്കെ കണ്ടു നിന്നു.
രാത്രി കിടക്കാൻ മുറിയിലേക്ക് എങ്ങനെ പോവും എന്ന് കരുതി ശീതൾ നിൽക്കുമ്പോഴാണ് അമ്മ ഒരു ഗ്ലാസ് പാൽ അവളെ ഏൽപ്പിക്കുന്നത്.
അവൾ പകച്ചവരുടെ മുഖത്തേക്ക് നോക്കി.
മോളെ എനിക്കറിയാം നിനക്കത്ര പെട്ടെന്നൊന്നും ശരണിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് പിന്നെ ഇതൊക്കെ ഓരോ ചടങ്ങുകൾ അല്ലെ. മോളിതും കൊണ്ട് ചെന്ന് കിടന്നോ ചെല്ല്.
അമ്മ പറയുന്നത് കേട്ട് അവൾ ഒരു നിമിഷം അങ്ങനെ തന്നെ നിന്നുപോയി. പിന്നെ ഒരു ദീർഘനിശ്വാസം എടുത്തവൾ മുറിയിലേക്ക് നടന്നു.
അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ പൊന്നുമോളെ നെഞ്ചിൽ കിടത്തി ബെഡിൽ കിടക്കുകയായിരുന്നു.
അവൾ എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പരുങ്ങി.
അവൾ നിൽക്കുന്നത് കണ്ട് ശരൺ പതിയെ പൊന്നുമോളെ കട്ടിലിൽ കിടത്തി എഴുന്നേറ്റു.
ഇതെന്താടൊ അവിടെ നിന്ന് കളഞ്ഞത് അകത്തേക്ക് വാടോ.
അവൻ അവളെ വിളിച്ചു.
അവൾ മടിച്ചു നിന്നു.
ഹാ ഇങ്ങോട്ട് വാടോ ഞാൻ തന്നെ ഒന്നും ചെയ്യാൻ പോണില്ല.
അവൻ വീണ്ടും പറഞ്ഞു.
അൽപ്പം മടിച്ചു നിന്നെങ്കിലും അവൾ അകത്തേക്ക് കയറി.
ഇതെന്താ പാലോ അമ്മ തന്ന് വിട്ടതായിരിക്കുമല്ലേ????
മ്മ്മ്മ്.
അവൾ തലയാട്ടി.
സാരമില്ല താനത് കുടിച്ചോ.
വേണ്ട.
കുടിക്കടോ.
ഞാൻ……. ഞാൻ പാല് കുടിക്കാറില്ല.
എന്നാൽ ഇങ്ങ് തന്നേക്ക് ഞാൻ കുടിച്ചോളാം.
അവൻ പറഞ്ഞതും അവൾ പാല് അവന്റെ നേരെ നീട്ടി. അവൻ പാല് മുഴുവൻ കുടിച്ച് ഗ്ലാസ് ടേബിളിൽ വെച്ചു.
ഇനി കിടന്നോ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.
കട്ടിലിൽ നിന്നൊരു തലയണയും ബേഡ്ഷീറ്റും എടുത്തുകൊണ്ടവൻ പറഞ്ഞു.
എവിടെ പോവുന്നു?????
അവൾ സംശയത്തോടെ ചോദിച്ചു.
ഞാനാ സെറ്റിയിൽ കിടന്നോളാം നീയും മോളും കട്ടിലിൽ കിടന്നോ.
ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞവൻ തിരിഞ്ഞു.
അത് കേട്ടവൾ വേഗം അവന്റെ കയ്യിൽ പിടിച്ചു.
അവൻ ഞെട്ടി തിരിഞ്ഞവളുടെ കയ്യിലേക്കും മുഖത്തേക്കും നോക്കി.
അത് കണ്ടവൾ വേഗം കയ്യിൽ നിന്ന് വിട്ടു.
അത്….. അതുപിന്നെ ഇവിടെ കിടക്കാൻ സ്ഥലമുണ്ടല്ലോ പിന്നെന്തിനാ മാറി കിടക്കുന്നത്??????
അത് വേണ്ട തനിക്കതൊരു ബുദ്ധിമുട്ടാവും.
അവൻ തിരികെ മറുപടി കൊടുത്തു.
എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല ഇവിടെ കിടന്നോളൂ.
ഏ………….
ഇവിടെ കിടക്കുന്നത് കൊണ്ട് എനിക്കൊരു ബുദ്ധിമുട്ടുമില്ല ഇനി സെറ്റിയിൽ കിടന്നാലേ ഉറക്കം വരൂ എന്നുണ്ടെങ്കിൽ അവിടെ കിടന്നോ.
അത്രയും പറഞ്ഞവൾ കട്ടിലിൽ പോയി കിടന്നു.
അവളുടെ പ്രവർത്തി കണ്ടവൻ ചിരിയോടെ അവളെ നോക്കി പിന്നെ ലൈറ്റ് ഓഫ് ചെയ്തു ബെഡ്ലാമ്പ് ഓണാക്കി അവളുടെ എതിരെ വന്നു കിടന്നു.
എത്രയോ നാൾ താനാഗ്രഹിച്ച സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ഇന്ന് തന്റെ ജീവനും ജീവന്റെ പാതിയും തന്നോടൊപ്പമുണ്ട് ഒരു ചെറുചിരിയോടെ മതിയാകുവോളം കുഞ്ഞിനേയും അവളെയും നോക്കി കിടന്നു.
അവരെ നോക്കി കിടന്നെപ്പോഴോ അവൻ മയക്കത്തിലേക്ക് വീണു.
തുടരും………………………..
✒️ ആർദ്ര അമ്മു
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Nice
ഒരു ബോർ ഇല്ലാതെ വായിക്കാൻ പറ്റുന്നു
വെരി ഗുഡ്