മയി ചെറുപുഞ്ചിരിയോടെ നിവയെ തന്നെ നോക്കി നിന്നു …
നിവയും അവളെ തുറിച്ച് നോക്കി … അവളുടെ ശ്വാസഗതി ഉയർന്നു താഴ്ന്നു …
” എത്ര കാലം നീയി വീട്ടുകാരെ പറ്റിക്കും ….?” മയി ചോദിച്ചു …
” ഞാനാരെയും പറ്റിക്കുന്നില്ല … എന്റെ ലവറാ അത് … സമയാകുമ്പോ എന്റെ അച്ഛനോടും ഏട്ടന്മാരോടും പറയാൻ എനിക്കറിയാം .. പറ്റിക്കുന്നത് നിങ്ങളാ … എന്റെ പാവം ഏട്ടനെ ….”
” നിന്റെ ഏട്ടനെ ഞാൻ പറ്റിച്ചെന്നോ …? ” മയിയുടെ മുഖം ചുവന്നു ..
” കൂടുതൽ പതിവൃത ചമയല്ലേ … ഞാൻ അന്ന് കണ്ടതാ … നിങ്ങളവിടെ പ്രാർത്ഥിക്കാൻ വന്നതൊന്നുമല്ലല്ലോ .. അതും രാത്രി വേറൊരുത്തന്റെ റൂമിൽ … ” അവൾ പോരാളിയെപ്പോലെ നിന്നു ..
മയിയെ എങ്ങനെയും ഒതുക്കണം എന്നായിരുന്നു അവളുടെ ചിന്ത ….
” ഡീ ….” മയി അവളുടെ മുഖത്തിന് നേരെ വിരൽ ചൂണ്ടി ….
” എന്റെ സ്ഥാനത്ത് വേറാരെങ്കിലുമായിരുന്നെങ്കിൽ നിന്റെ കവിളത്ത് ഇപ്പോ പാട് വീണേനേ… ഞാനത് ചെയ്യാത്തത് , തല്ലുന്നത് കേമത്തമല്ല മറിച്ച് കുറ്റകൃത്യം ആയതു കൊണ്ടാ .. എന്റെ ശരികളിൽ തല്ലിപ്പഠിപ്പിക്കൽ ഇല്ലാത്തത് കൊണ്ട് .. “
നിവയുടെ കണ്ണുകൾ ആളിക്കത്തി …
” നിങ്ങളൊന്ന് തല്ലി നോക്കെന്നെ .. വാ …. തല്ല് ….” നിവ അവളുടെ മുന്നിൽ നിന്ന് വിറച്ചു …
” നിർത്തടി നിന്റെ ഷോ ഓഫ് … നീ എന്താ കരുതിയേ … എല്ലാവരും നിന്നെപ്പോലെയാണെന്നോ … ഒരാണും പെണ്ണും ഒരു റൂമിൽ ഇരുന്നാൽ അതിന് നീ കാണുന്ന അർത്ഥമേ ഉള്ളെന്നോ … എന്തായാലും ഞാനെന്തിന് അവിടെ വന്നു എന്ന് നിന്നോട് പറയാൻ തത്ക്കാലം എനിക്ക് സൗകര്യമില്ല .. നിന്റെ തോന്നൽ അങ്ങനെ തന്നെ ഇരിക്കട്ടെ .. നീ ചെല്ല് , നിന്റെ അച്ഛനേം അമ്മയേം ഏട്ടൻമാരെയും ഒക്കെ വിളിച്ച് പറയ് ,എന്നെ അവിടെ കണ്ട കാര്യം .. സത്യാവസ്ഥയറിയാൻ യോഗ്യതയുള്ള ആരെങ്കിലും ഈ വീട്ടിലുണ്ടെങ്കിൽ അവരോട് മാത്രം ഞാൻ പറഞ്ഞോളാം .. ചെല്ലടി .. എടീ ചെല്ലാൻ ….” മയി നിവയെ വാതിലിനു നേർക്ക് ഉന്തി ..
നിവ അവിടെ തന്നെ തറഞ്ഞു നിന്നു ..
” എന്താടി പോകുന്നില്ലേ നീ പറയാൻ .. എന്നാ ഞാൻ തന്നെ പറയാം … വാ എന്റെ കൂടെ ……” മയി നിവയുടെ കൈ പിടിച്ച് വലിച്ചു ….
” എന്നെ വിട് …….” നിവ കുതറി….
” പറ്റില്ല …. ഈ സംശംയം അങ്ങ് തീരട്ടെ … വാ ഇങ്ങോട്ട് …” മയി അവളുടെ പിടി വിട്ടില്ല ….
” വേണ്ട … പ്ലീസ് ….എന്നെ വിടാൻ …….” നിവ പിന്നിലേക്ക് ബലം പ്രയോഗിച്ചു …
മയി ഒന്ന് നിന്നു … നിവയുടെ കൈയിലുള്ള പിടി അയച്ചു … പിന്നെ അവളുടെ അടുത്ത് വന്ന് നിന്നു …
” എനിക്കറിയാം നീ വരില്ലെന്ന് … വന്നാൽ ഞാനല്ല … നീയാ പെടാൻ പോകുന്നതെന്ന് നിനക്ക് നല്ല ബോധ്യമുണ്ട് …..” മയി അവളെ ചുഴിഞ്ഞ് നോക്കി …
നിവ മുഖം കുനിച്ചു കളഞ്ഞു ….
” നോക്ക് … നിന്റെ ശത്രുവാകാനല്ല ഞാൻ വന്നത് … എവിടെ എങ്ങനെ , ആർക്കൊപ്പം ജീവിക്കണം എന്നൊക്കെ നിന്റെ ചോയ്സ് ആണ് … അതിലൊരു ശരികേടുമില്ല … പക്ഷെ ആ രാത്രി നിന്റെ കരച്ചിൽ കേട്ട് ഞാനിറങ്ങി വന്നത് നിനക്കോർമയുണ്ടോ … ഓർത്തെടുക്കാൻ ബുദ്ധിമുട്ടായിരിക്കും .. കാരണം നീ നോർമൽ അല്ലായിരുന്നു .. നിന്റെ ആ പോക്ക് ശരിയല്ല … ആ പോക്ക് നിന്റെ ലൈഫ് സെക്യൂർ ആക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട് … “
” എന്നെയോർത്ത് നിങ്ങൾ സങ്കടപ്പെടണ്ട… എന്റെ ജീവിതം തകർന്നു പോയാൽ ഞാൻ സഹിച്ചു ……” നിവ വീറോടെ പറഞ്ഞു ..
” നിന്റെ വീട്ടുകാരോ ….?”
നിവ മിണ്ടിയില്ല ..
” തത്ക്കാലം ഞാനും ഈ വീട്ടിലെ അംഗമാണ് … അവരുടെ വിഷമം എന്നെയും ബാധിക്കും .. “
” നിങ്ങളെന്നെയോർത്തു വിഷമിക്കണ്ട .. എന്റെ വീട്ടുകാരെയും .. ഞാൻ ജനിച്ചപ്പോ മുതൽ കാണുന്നതാ ഇവിടെയുള്ളവരെ ….”
” എന്നിട്ടെന്തെ , ബാംഗ്ലൂർ വിശേഷങ്ങൾ അവരോട് പങ്കു വയ്ക്കാൻ ഭയം …..”
നിവയ്ക്ക് ഉത്തരം മുട്ടി …..
” സമ്മതിച്ചു … നിന്നെയോർത്തു ഞാൻ വിഷമിക്കില്ല … പക്ഷെ ഒരു കാര്യം , ഇനിയങ്ങോട്ടു ഞാൻ പറയുന്നത് നീ അനുസരിച്ചില്ലെങ്കിൽ ഇവിടെയുള്ളവർ എല്ലാം അറിയും ….”
” എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ പോവാണോ …..?” നിവയുടെ കണ്ണ് ചുവന്നു …
” അങ്ങനെയെങ്കിൽ അങ്ങനെ … ചോദിച്ചതിന് ഉത്തരം പറ ……” മയിക്ക് വിടാൻ ഭാവമില്ലായിരുന്നു …
” സമ്മതമല്ല … നീ ചെന്ന് പറഞ്ഞു നോക്ക് … അപ്പോ കാണാം ….”
ഒരു റിബലിനെപ്പോലെ നിൽക്കുന്ന നിവയെ മയി വീക്ഷിക്കുകയായിരുന്നു …
” വെറുതെ പറച്ചിലല്ല …… ദാ ഇത് കൂടി കാണിക്കും ….” മയി കൈയ്യിലിരുന്ന ഫോണിൽ എന്തോ സെർച്ച് ചെയ്തിട്ട് അവളുടെ നേർക്ക് പിടിച്ചു കൊടുത്തു …
സ്ക്രീനിലേക്ക് നോക്കിയ നിവ വിളറി വെളുത്തു …
പോണ്ടിനടുത്ത് ബെഞ്ചമിനൊപ്പം ലിപ്പ് ലോക്ക് ചെയ്യുന്ന അവളുടെ വീഡിയോ …
” നിന്റെ വീഡിയോ നീയറിയാതെ പിടിച്ചതാണെന്ന് തെറ്റിദ്ധരിക്കരുത് … ഞങ്ങളുടെ പ്രോഗ്രാമിന് വേണ്ടി , അവിടുത്തെ നോർമൽ ജനസഞ്ചാരം , പിന്നെ ദാ നീ നിൽക്കുന്നതിന്റെ പിന്നിലുള്ള ഈ സ്റ്റാച്യൂ ഒക്കെ പല ആങ്കിളിൽ എടുത്തു വരികയായിരുന്നു … അതിനിടയിൽ അറിയാതെ പെട്ടതാ നീയും … എഡിറ്റിംഗിൽ ഞങ്ങളിതൊക്കെ കളഞ്ഞിട്ടു തന്നെയാ ടെലികാസ്റ്റ് ചെയ്തത് … പക്ഷെ നീയെന്റെ നാത്തൂനാകാൻ പോകുന്ന കുട്ടിയാന്നറിഞ്ഞപ്പോ , ഞാനിതിന്റെ നെഗറ്റീവ് ഉൾപ്പെടെ ക്യാമറാ മാന്റെ അടുത്തു നിന്ന് വാങ്ങി .. സാധാരണ ആരും തരില്ല … അവരുടെ എത്തിക്സിനും എതിരാ … നീയെന്റെ ബന്ധുവാകാൻ പോകുന്നതു കൊണ്ടും , അവനും വളർന്നു വരുന്ന ഒരു മകളുള്ളതു കൊണ്ടും ഇതെനിക്ക് തന്നു .. ” അരുണിനെ ഓർത്തപ്പോൾ മയിക്ക് വിഷമം തോന്നി …
” എന്ന് വച്ച് ഞാനിത് നശിപ്പിച്ചു കളഞ്ഞിട്ടൊന്നുമില്ല .. കൈയിൽ തന്നെയുണ്ട് … ഇത് കാണിച്ചു തന്നെയാവും ഞാൻ പറയാൻ പോകുന്നത് നിന്റെ വീട്ടുകാരോട് നിന്റെ വിശേഷങ്ങൾ …”
ഇത്തവണ നിവയുടെ പ്രതിരോധം അയഞ്ഞു…. ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തില്ലെങ്കിൽ പ്രശ്‌നമാകുമെന്ന് അവൾക്കുറപ്പായി …
” എനിക്ക് പറ്റുന്നതാണെങ്കിൽ അനുസരിക്കാം …..” ഗതികേട് കൊണ്ട് സമ്മതിച്ചതാണെന്ന് ആ പറച്ചിലിൽ വ്യക്തമായിരുന്നു …
” ആനയെ എടുത്ത് പൊക്കാനോ മല മറിക്കാനോ ഒന്നുമല്ല ഞാൻ പറയാൻ പോകുന്നത് … നിനക്ക് ചെയ്യാൻ കഴിയുന്ന സിംപിളായ കാര്യങ്ങളെ ഞാൻ പറയൂ … അത് ചെയ്താൽ മതി …..”
നിവ മിണ്ടാതെ നിന്നു ….
” ആദ്യത്തെ ആവശ്യം ഇതാണ് … നീ ഇന്ന് ബാംഗ്ലൂർക്ക് പോകുന്നില്ല .. സൺഡേ വൈകിട്ട് പോയാൽ മതി ……”
നിവയ്ക്ക് വിറച്ചു വന്നു …
” ഇതൊക്കെ എന്റെ പേർസണൽ കാര്യങ്ങളാ .. ഇതിലൊന്നും നിങ്ങൾ ഇടപെടണ്ട .. എനിക്ക് പോയേ പറ്റൂ … നോട്സ് എഴുതാനുണ്ട് … ” അവൾ പ്രതിരോധിച്ചു …
” ശരി നീ പൊയ്ക്കോ … ചെയ്യേണ്ടത് എന്താണെന്ന് എനിക്കറിയാം ….” അവൾ ഡോറിനടുത്തേക്ക് നടന്നു …
” നിക്ക് …. ” നിവയുടെ ശബ്ദം മയി കേട്ടു …
അവൾ ഊറി ചിരിച്ചു … പിന്നെ തിരിഞ്ഞു നിന്നു ….
” ഇന്നത്തേക്ക് മാത്രം … പക്ഷെ ഇനി ഞാൻ സമ്മതിക്കില്ല ഇതൊന്നും ….”
” അത് നമുക്ക് അപ്പോൾ നോക്കാം … ഇപ്പോ നീ താഴേക്ക് വാ … ചൂടോടെ ഈ സന്തോഷ വാർത്ത നമുക്ക് എല്ലാവരോടും പറയാം … എന്നിട്ട് നമുക്ക് ഒന്ന് കറങ്ങാൻ പോകാം … “
” കറങ്ങാനോ …. എവിടെ ….” അവൾക്ക് ദേഷ്യം വന്നു …
” എനിക്ക് ചെറിയൊരു ഷോപ്പിങ്ങ് ഉണ്ട് .. പിന്നെ എന്റെ ഫ്രണ്ടിനെ നിന്റെ ഏട്ടന്റെ ഹോസ്പിറ്റലിൽ പോയി കാണണം ….”
” ഞാനെങ്ങോട്ടുമില്ല .. നിങ്ങൾ ഏട്ടനെ കൂട്ടി പോയാൽ മതി … “
” ഏട്ടൻ തന്നെയാ കൊണ്ട് പോകുന്നേ ..കൂടെ നീയും വരുന്നു …. അത്രേയുള്ളു…… “
” ഇതെന്തൊരു കഷ്ടാ …..” അവൾക്ക് സഹികെട്ടു ….
” എന്നാ വേണ്ട … ഞാനെല്ലാം എല്ലാരോടും പറയാം … പ്രശ്നം തീരുമല്ലോ ….” മയി നിസാരമായി തോൾ വെട്ടിച്ചു ..
” ഞാൻ വരാം …… ” അവൾ പല്ല് കടിച്ച് പിടിച്ചു പറഞ്ഞു …..
” ഗുഡ് … എന്നാ വാ …..”
ഡോർ തുറന്ന് മയിയും പിന്നാലെ നിവയും ഇറങ്ങി …
മയി പെട്ടന്ന് നിവയെ ചേർത്തു പിടിച്ചു …
ലിവിംഗ് റൂമിൽ എന്തോ ജോലിയിലായിരുന്ന വീണ കണ്ടത് മയിക്കൊപ്പം വരുന്ന നിവയെ ആയിരുന്നു …
വീണയ്ക്ക് അതിശയം തോന്നി .. മയിയോട് പിണങ്ങി നടന്ന നിവയാണ് … ഇപ്പോ തൊട്ടുരുമ്മി ഇറങ്ങി വരുന്നത് …
” അമ്മേ …വാവാച്ചി ഇന്ന് ബാംഗ്ലൂരിൽ പോകുന്നില്ല .. സൺഡേയേ പോകുന്നുള്ളു … അല്ലെ. “
അങ്ങോട്ടു വന്ന ഹരിതയും അത് കേട്ടു …
നിവ മെല്ലെ തലയാട്ടി ..
നിവയുടെ മാറ്റം അവൾക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല ….
” ഞാൻ പറഞ്ഞില്ലേടി വീണേ ,ഇതൊക്കെ ഇവളുടെ നമ്പറായിരുന്നു … ഇപ്പോ അവരൊന്നായി … നമ്മൾ ഔട്ടും ….” പിന്നിൽ നിന്ന് രാജശേഖർ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും ശരിയാണെന്ന അർത്ഥത്തിൽ നിവയെ നോക്കി …
ഹരിതക്ക് നിവയുടെ നിൽപ്പിൽ ചെറിയ സംശയം തോന്നി .. എങ്കിലും അവളൊന്നും പറഞ്ഞില്ല ….
” വാവാച്ചി പോയി റെഡിയായി വാ …….”
” നിങ്ങളെവിടെ പോകുന്നു … ?” വീണ ചോദിച്ചു …
” എനിക്ക് ഷോപ്പിംഗ് ഉണ്ടമ്മേ … ഒന്ന് രണ്ട് അത്യാവശ്യ സാധനങ്ങൾ വാങ്ങാനുണ്ട് … പിന്നെ നവീണേട്ടന്റെ ഹോസ്പിറ്റലിൽ ഉള്ള എന്റെ ഫ്രണ്ടിനേയും കാണണം …..”
” എന്നാ വൈകണ്ട മോളെ .. നിങ്ങളിറങ്ങാൻ നോക്ക് .. ” രാജശേഖർ പറഞ്ഞു …
” ഹരിതേടത്തി നവീണേട്ടനെ ഒന്ന് വിളിച്ച് പറഞ്ഞേക്കണെ ഞങ്ങൾ ചെല്ലുന്നുണ്ടെന്ന് …”
” ആ ഞാൻ പറയാം … എന്നാലും അവിടെ എത്തുമ്പോ നിങ്ങൾ ഒന്ന് വിളിച്ചേക്ക് …. പിന്നെ അവിടെ അടുത്താ ചെറ്യമ്മേടെ വീട് .. അമ്മേടെ അനുജത്തി .. അവിടെയൊന്ന് കേറിയേക്ക് … അതിനടുത്ത ഫ്ലാറ്റിലാ എന്റെ ബ്രദറും താമസിക്കുന്നേ … അവിടെക്കൂടി കയറിയേക്ക് … നിങ്ങൾക്ക് രണ്ടാൾക്കും ലീവ് കുറവല്ലേ .. പോകുന്നിടത്തൊക്കെയുള്ള ബന്ധുവീടുകൾ കൂടി കവർ ചെയ്തു ..ഇല്ലെ പിന്നെ പരാതിയാകും എങ്ങോട്ടും ചെന്നില്ലാന്ന് ….” ഹരിത പറഞ്ഞു ..
” അത് ശരിയാ … നിങ്ങളവിടെയൊക്കെ കയറിയിട്ട് വന്നാൽ മതി … ” വീണയും അനുകൂലിച്ചു …
” വാവ പോയി റെഡിയായി വാ … അപ്പോഴേക്കും ഞങ്ങളിറങ്ങാം ……. അപ്പൂച്ച് വരുന്നുണ്ടോ ….” ടോയി സൈക്കിൾ ഉരുട്ടുന്ന അപ്സരയോട് മയി ചോദിച്ചു ..
അവൾ തന്റെ പളുങ്കു ഗോട്ടികൾ പോലുള്ള കണ്ണുകൾ വിടർത്തി മയിയെ നോക്കി ചിരിച്ചു ..
” അയ്യോ വേണ്ട… ഹോസ്പിറ്റലിൽ വച്ച് ഏട്ടനെ കണ്ടാൽ പിന്നെ തിരിച്ച് കൊണ്ടുവരാൻ പറ്റില്ല …..” ഹരിത മുന്നറിയിപ്പ് കൊടുത്തു …
മയി അവളെ നോക്കി കണ്ണടച്ചു കാട്ടി …
മയി ചെന്ന് നോക്കുമ്പോൾ നിഷിൻ നല്ല ഉറക്കമായിരുന്നു …
അവൾ അവനെ തട്ടി വിളിച്ചു ..
” ഒന്നെഴുന്നേറ്റെ … “
” എന്താ……..” ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തിൽ അവൻ ചൂടായി …
” ഒന്ന് പുറത്തു പോണം … “
” ആ പൊയ്ക്കോ ….” പറഞ്ഞിട്ട് അവൻ കിടന്നു …
” അയ്യട … നിങ്ങളുടെ അനുവാദം ചോദിക്കാനല്ല വന്നത് … കൊണ്ട് പോകാൻ പറയാനാ … പറ്റില്ലെങ്കിൽ പറ ..ഞാൻ അച്ഛനോട് പറഞ്ഞോളാം ….”
നിഷിൻ അവളെ തറപ്പിച്ച് നോക്കി .. പിന്നെ എഴുന്നേറ്റു ….
* * * * * * *
കാറിൽ നിഷിനൊപ്പം ആണ് മയി ഇരുന്നത് .. പിന്നിൽ നിവയും …
നിവ ഇത്ര പെട്ടന്ന് എങ്ങനെ മാറിയെന്ന് നിഷിന് മനസിലായില്ല …
എന്നാലും അവൾ സൈലന്റായി ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചു … സാധാരണ വാ തോരാതെ ചിലയ്ക്കുന്നതാണ് ….
ഇടയ്ക്കിടക്ക് നിഷിൻ ടിഷ്യൂ പേപ്പർ എടുത്ത് മുഖം തുടയ്ക്കുന്നതും , മൂക്ക് പിടിക്കുന്നതും മയി ശ്രദ്ധിച്ചു ..
അവരാദ്യം ട്രിവാൻട്രം മാളിലേക്കാണ് പോയത് … അവിടുന്ന് മയിക്ക് ആവശ്യമുള്ളതൊക്കെ എടുത്തു …
നിവയ്ക്ക് ഡ്രസ് വാങ്ങിക്കൊടുത്തു … അപ്സരക്കും വാങ്ങി മയിയുടെ വക ഫ്രോക്ക് …
പിന്നെ അവർ കഫേയിൽ പോയി ഫുഡ് കഴിച്ചു … ശേഷം ഹോസ്പിറ്റലിൽ പോയി അരുണിനെയും , ഹരിത പറഞ്ഞത് പോലെ ബന്ധുക്കളുടെ വീട്ടിലും കയറി …
* * * * * * * * * *
രാത്രി …!
” നിങ്ങൾ ബെഡിൽ കിടന്നോ …..”
നിഷിൻ ബെഡ്ഷീറ്റും പില്ലോയും എടുക്കുന്ന കണ്ടപ്പോൾ മയി പറഞ്ഞു …
” വേണ്ട .. താൻ നിലത്ത് കിടക്കണ്ട .. നല്ല തണുപ്പാ .. കോൾഡ് പിടിക്കും ….” അവൻ കരുതലോടെ പറഞ്ഞു …
” എന്റെ പട്ടി കിടക്കും നിലത്ത് .. ഞാൻ വേറെ സ്ഥലം കണ്ടിട്ടുണ്ട് … “
” എവിടെ … ?”
” അതൊക്കെയുണ്ട് … പേടിക്കണ്ട … തത്ക്കാലം ആരും അറിയില്ല …. “
പറഞ്ഞിട്ട് അവൾ പുറത്തേക്കിറങ്ങി ഡോർ അടച്ചു …
നിഷിൻ ഒന്നും മിണ്ടാനാകാതെ അവൾ പോയത് നോക്കിയിരുന്നു ….
മയി ചെന്ന് നിവയുടെ റൂമിന്റെ ഡോർ ഹാന്റിൽ പിടിച്ചു … ഡോർ ലോക്ക് ചെയ്തിട്ടില്ലായിരുന്നു …
” ഇത്തവണത്തേക്ക് ക്ഷമിക്ക് … പ്ലീസ് .. ഞാൻ കാലു പിടിക്കാം ….” നിവ ആരോടോ ശബ്ദം താഴ്ത്തി സംസാരിക്കുന്നത് അകത്തേക്ക് കയറിയ മയി കേട്ടു …
ഡോർ തുറക്കുന്ന ശബ്ദം കേട്ട് നിവ തിരിഞ്ഞു നോക്കി .. മയിയെ കണ്ട് അവൾ അമ്പരന്നു ….
പെട്ടന്ന് അവൾ ഫോൺ ഒതുക്കി പിടിച്ചു ..
അവളുടെ കണ്ണിലെ നനവ് മയി ശ്രദ്ധിച്ചു …
” എന്താ … ” നിവ ചോദിച്ചു ..
” ഇനി മുതൽ ഞാനിവിടെയാ കിടക്കുന്നത് .. “
( തുടരും )
അമൃത അജയൻ
അമ്മൂട്ടി
അമൃത അയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission