Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 57 (അവസാന ഭാഗം)

aksharathalukal sayaanam namukai mathram

വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ , മയിയുടെ മടിയിൽ തല വച്ച് നിവ കിടന്നു … അവൾ ബെഞ്ചമിനെ കുറിച്ചോർത്തു …

എവിടെയോ തണുത്തുറഞ്ഞ് അവന്റെ ശരീരം കിടപ്പുണ്ടാകും … എത്ര വിദഗ്ധമായി അവൻ തന്നെ പറ്റിച്ചു … താൻ കൊടുത്ത ആത്മാർത്ഥ സ്നേഹത്തിന് അവൻ തിരിച്ചു തന്നത് … അവനെ വിശ്വസിച്ചായിരുന്നു കൂടെ യാത്ര ചെയ്തതും വാങ്ങിത്തന്ന ഭക്ഷണങ്ങൾ കഴിച്ചതും വീട്ടുകാരോട് കള്ളം പറഞ്ഞതുമെല്ലാം ….

നിവയുടെ നേത്രങ്ങൾ ജലാശയങ്ങളായി ..

മടിയിൽ നനവറിഞ്ഞപ്പോൾ മയി അവളുടെ ശിരസിൽ തലോടി …

കരയട്ടെ ….. ഇനിയുമെന്തെങ്കിലും ആ മനസിലവശേഷിക്കുന്നുണ്ടെങ്കിൽ അതുമീ രാത്രിയോടെ തീരട്ടെ … അവൾ കാറിന്റെ ചില്ലിലൂടെ ഇരുട്ടിലേക്ക് മിഴിയയച്ചിരുന്നു …

* * * * * * * * * *

തിരിച്ചെത്തിയ എല്ലാവരും ക്ഷീണത്തിലായിരുന്നു …. അത് കൊണ്ട് തന്നെ എല്ലാവരും വേഗം കിടക്കാനായി പോയിരുന്നു …. രാജശേഖർ മാത്രം മതിയാവാതെ പിന്നെയും പിന്നെയും റിജിന്റെയും ബെഞ്ചമിന്റെയും മരണവാർത്ത ടിവിയിൽ തിരിച്ചും മറിച്ചും ചാനലുകൾ മാറ്റി കണ്ടു കൊണ്ടിരുന്നു …

മയി ഒരു ബോട്ടിൽ തണുത്ത വെള്ളമെടുക്കാൻ കിച്ചണിലേക്ക് വന്നു .. ഫ്രിഡ്ജ് തുറന്ന് വെള്ളമെടുക്കുന്നതിനിടയിൽ പിന്നിൽ വസ്ത്രമുലയുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി …

വീണയായിരുന്നു അത് ……..

ചഞ്ചലിന്റെ വിഷയം വന്നപ്പോൾ വീണയും മയിയും തമ്മിലുണ്ടായ ചെറിയൊരു മുഷിച്ചിൽ അപ്പോഴും ഒരു കരടുപോലെ അവർക്കിടയിലുണ്ടായിരുന്നു …

മയി നോക്കിയപ്പോൾ വീണ ഒരു പരുങ്ങലോടെ നിന്നു …

” എന്താമ്മേ …..?” മയി പരിഭവം കാട്ടാറില്ലെങ്കിലും വീണ പലപ്പോഴും അവളെ അവഗണിച്ചിരുന്നു …

വീണ മറുപടിയൊന്നും പറയില്ലെന്നാണ് മയി കരുതിയത് … പക്ഷെ അവളുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ഇത്തവണ വീണയുടെ കണ്ണുകൾ നിറഞ്ഞു പോയി …

മയി വല്ലാതെയായി ..

” അമ്മയെന്തിനാ കരയുന്നേ …..?” ഫ്രിഡ്ജടച്ചിട്ട് അവൾ വീണയുടെ അടുത്ത് വന്ന് നിന്നു ..

അൽപസമയം അവരൊന്നും പറയാതെ നിന്നു … എന്താണ് അവളോട് പറയേണ്ടതെന്ന് വീണയ്ക്കും അറിയില്ലായിരുന്നു… വലിയ പോറലുകളില്ലാതെ തന്റെ കുടുംബം ഭദ്രമാക്കി വച്ചിരിക്കുന്നത് അവളുടെ മിടുക്കാണ് … തന്റെ പൊന്നു മകളെ മരണത്തിന് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയതും അവളാണ് …. എത്ര ജന്മങ്ങളാണ് താനവളോട് കടപ്പെട്ടിരിക്കേണ്ടത് ..

” എന്നോട് ക്ഷമിക്ക് കുട്ടി …. എന്റെ അറിവില്ലായ്മ കൊണ്ട് നിന്നോട് എന്തൊക്കെയോ ഞാൻ പറഞ്ഞു പോയി … പ്രവർത്തിച്ചു ….” വീണ പറഞ്ഞു തീരും മുൻപേ മയി അവരുടെ വായ പൊത്തി …

” അമ്മയെന്തിനാ എന്നോട് ക്ഷമ പറയുന്നേ .. . എന്നെയിപ്പോഴും വേറൊരാളായി കാണുന്നോണ്ട അമ്മയിങ്ങനെയൊക്കെ പറയുന്നേ … സത്യത്തിൽ ഞാനാ സോറി പറയണ്ടേ .. അന്നമ്മയോടെന്തോ വേണ്ടാത്തത് പറഞ്ഞത് ഞാനാ … നിഷിനെ കുറിച്ച് അങ്ങനെയൊക്കെ കേട്ടപ്പോൾ അന്നത്തെ എന്റെ മാനസികാവസ്ഥ അതായിപ്പോയി … അമ്മയെനിക്ക് മാപ്പ് താ ….” വിങ്ങലോടെ അവൾ തറയിൽ മുട്ടുകുത്തിയിരുന്ന് വീണയുടെ വയറിൽ മുഖം ചേർത്തു കെട്ടിപ്പിടിച്ചു …

വീണയവളെ അടക്കിപ്പിടിച്ചു ..

” ഇല്ലടാ … മോളെയും അമ്മ വേറിട്ട് കണ്ടിട്ടില്ല .. അത് നിങ്ങടെ അച്ഛന് നന്നായിട്ടറിയാം … ” വീണ അവളുടെ ശിരസിൽ തലോടി ..

* * * * * * *

” ഹാപ്പി കപ്പിൾസിന് ഉറങ്ങാൻ ഉദ്ദേശമില്ലേ … അച്ഛാ ഉറക്കളക്കല്ലേ …..” വാർത്ത കാണുന്ന രാജശേഖറിന്റെയരികിൽ ചെന്ന് വീണയുമിരുന്നപ്പോൾ മയി ഓർമിപ്പിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു ചോദിച്ചു …

” ഇന്നിത്തിരി ഉറക്കളച്ചു എന്ന് വച്ച് അച്ഛന് ഒന്നും സംഭവിക്കില്ല മോളെ … അച്ഛനിന്ന് വളരെ ഹാപ്പിയാ …. ” രാജശേഖർ അഹ്ലാദത്തോടെ പറഞ്ഞു …

” ശരി ശരി …. അമ്മേ അധികനേരം ഇരുന്നേക്കല്ലേ … മാക്സിമം ഫിഫ്റ്റീൻ മിനിറ്റ്സ് … ബാക്കിയൊക്കെ നാളെ കണ്ടാൽ മതി ……” മയി നിർദ്ദേശിച്ചു …

രാജശേഖർ അതംഗീകരിക്കുന്ന മട്ടിൽ തമ്പുയർത്തി കാട്ടി …

മയി മുകളിലേക്ക് കയറിപ്പോകുന്നത് നോക്കിയിരുന്നു വീണ .. അവൾ കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ ,അവർ മിഴി തുടച്ചു …

രാജശേഖർ വീണയെ ചേർത്തു പിടിച്ചു ..

” നന്നായി , അവളോടുള്ള പരിഭവം പറഞ്ഞു തീർത്തത് … ഞാനങ്ങോട്ടു വന്നതാ .. നിങ്ങൾ തമ്മിൽ സംസാരിക്കുന്നത് കണ്ടപ്പോ ഇടയ്ക്ക് കയറാൻ തോന്നിയില്ല .. മിടുക്കിയാ അവൾ … കിച്ചുവിന്റേം നമ്മുടേം ഭാഗ്യം .. “

” ശരിയാ രാജേട്ടാ … രാജേട്ടനും മക്കളും എന്റെയോരോ ഭാഗങ്ങളാണ് … അരെയും നഷ്ടപ്പെടുത്താതെ അവളല്ലേ തിരിച്ചു തന്നത് … ഈ ജന്മം തീരുവോ രാജേട്ടാ എനിക്കവളോടുള്ള കടപ്പാട് .. ” വീണ രാജശേഖറിന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു …. അയാൾ ഭാര്യയെ മൃദുവായി തലോടി …

* * * * * * * *

” എന്താടോ ജേർണലിസ്റ്റേ … വലിയ ആലോചനയിലാണല്ലോ … ആർക്കിട്ട് പണിയാനുള്ള പ്ലാനാ ….” ഒരു പില്ലോ മയിയുടെ മടിയിലേക്ക് എറിഞ്ഞു കൊടുത്തുകൊണ്ട് , ബെഡിലേക്ക് കയറി അവളുടെ വയറോട് ചേർന്നു കിടന്നു നിഷിൻ കുസൃതിയോടെ ചോദിച്ചു …

” പോ ………” മയി മുഖം വീർപ്പിച്ചു കൊണ്ട് അവന്റെ മൂക്കിൽ പിടിച്ച് വലിച്ചു ..

അവൻ അവളുടെ മൃദുലമായ കരം കവർന്നെടുത്ത് വിരലുകളിൽ ചുംബിച്ചു .. .

” അമ്മയെന്നോട് സംസാരിച്ചു …..” അവന്റെ താടിയിലെ ചെറിയ വെട്ടിൽ വിരലുഴിഞ്ഞു കൊണ്ട് അവൾ പറഞ്ഞു ..

” ഇപ്പോ സമാധാനമായോ …..?” അവൻ ചോദിച്ചു ….

” ങും ……….” അവൾ സന്തോഷത്തോടെ മൂളി ..

അവളവന്റെ മൂക്കിലും ചുണ്ടിലും താടിയിലുമെല്ലാം വിരൽ കൊണ്ടുരസിക്കൊണ്ടിരുന്നു ….

” എന്നാലും അമ്മയ്ക്ക് ഹരിതേടിത്തയോടാ സ്നേഹം കൂടുതൽ ….” അവളുടെ കണ്ണുകളിൽ ചെറിയൊരസൂയ നാമ്പിട്ടു ….

നിഷിൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് അവളോട് ചേർന്നിരുന്നു … അവളവന്റെ നെഞ്ചിലേക്ക് കുറുകിച്ചേർന്നു …

” ഇടയ്ക്കിടയ്ക്ക് എന്റെ മോള് അപ്പൂസിനെക്കാൾ ചെറിയ കുട്ടിയാകും … ” മയിയുടെ നെറ്റിയിൽ മുകർന്നു കൊണ്ട് അവൻ പറഞ്ഞു …

” അങ്ങനെയൊന്നുമില്ലടോ .. അമ്മയ്ക്കെല്ലാവരോടും സ്‌നേഹം തന്നെയാ … പക്ഷെ പ്രകടിപ്പിക്കാനറിയില്ല …. പിന്നെ ഹരിതേടത്തിക്ക് കുറച്ച് ഫ്രീഡം കൂടുതലുണ്ട് അമ്മയോട് … അതിനു കാരണം മൂത്ത മരുമകളാന്നുള്ള വേർതിരിവൊന്നുമല്ല … അമ്മയില്ലാത്ത കുട്ടിയല്ലേ ഹരിതേടത്തി .. അച്ഛനാണെങ്കിൽ വിദേശത്ത് .. ബോർഡിംഗിലും ഹരിഷേട്ടന്റെ കൂടെയുമൊക്കെയായിരുന്നു ഏട്ടത്തീടെ ലൈഫ് … ആ സെന്റിമെൻസാ വർക്കൗട്ടായത് … ഇവിടെ വരുമ്പോ അതിന്റെയൊക്കെ ഒരുപാട് പക്വതക്കുറവ് ഏട്ടത്തിക്കുണ്ടായിരുന്നു .. വാവയെപ്പോലെ തന്നെയാ അമ്മ ഹരിതേടത്തിയേം കൊണ്ടു നടന്നത് … ഏട്ടൻ നൈറ്റ് ഡ്യൂട്ടിക്ക് പോകുമ്പോ ഏട്ടത്തിക്ക് പേടിയാ തനിയെ കിടക്കാൻ .. കൂട്ട് അമ്മയായിരുന്നു .. അപ്പൂസ് ജനിക്കുന്ന വരെയും അതേതാണ്ട് അങ്ങനെയൊക്കെ തന്നെയായിരുന്നു .. “

” അങ്ങനാണെങ്കിൽ എനിക്കച്ഛനില്ലല്ലോ …? ” അവൾ ചോദിച്ചു ..

” അതു കൊണ്ട് അച്ഛനാരോടാ ഇവിടെ കൂടുതലടുപ്പം … തന്നെയും വാവയേയുമല്ലാതെ ഞങ്ങളെയാരെയെങ്കിലും വിളിച്ചിരുത്തി തലയിൽ തലോടുന്നതോ , മോനെ മോളെ എന്നൊക്കെ വിളിച്ച് പിന്നാലെ നടക്കുന്നതോ താൻ കണ്ടിട്ടുട്ടോ .. ഹരിതേടത്തിയെയെങ്കിലും …….”

മയി വിസ്മയിച്ചു … അവൾ ശരിയാണല്ലോ എന്നർത്ഥത്തിൽ നിഷിനെ നോക്കി ..

” കണ്ടിട്ടുണ്ടോ ….?” നിഷിൻ വീണ്ടും ചോദിച്ചു ..

” ഇല്ല ……….” ഇത്തവണ മയിയുടെ മുഖത്ത് വിവിധ ഭാവങ്ങൾ മിന്നി …

ശരിയാണ് … വന്നു കയറിയ അന്നു മുതൽ ഒരു നിഴലുപോലെ അച്ഛൻ തന്നെ കെയർ ചെയ്തിട്ടുണ്ട് .. അത് ആദ്യ ദിവസം മുതൽ താൻ അനുഭവിച്ചു തുടങ്ങിയതാണ് … പതിനാല് വയസിൽ തനിക്ക് നഷ്ടപ്പെട്ടു പോയ അച്ഛനെ തിരികെ കിട്ടിയെന്ന് എത്രയോ വട്ടം എന്നോട് തന്നെ ഞാൻ പറഞ്ഞിരിക്കുന്നു …

” അതിനർത്ഥം അച്ഛന് വേറാരോടും സ്നേഹമില്ലെന്നാണോ …? ” അവളുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങളെ ഒപ്പിയെടുത്തു കൊണ്ട് അവൻ ചോദിച്ചു …

” ഏയ് ….. അങ്ങനെയല്ല …” അവൾ സമ്മതിച്ചു …

” അത്രേയുള്ളെടോ … അവർക്ക് രണ്ടാൾക്കും മക്കളെന്നോ മരുമക്കളെന്നോ വേർതിരിവൊന്നുമില്ല … “

” ഞാനങ്ങനെ പരാതിയൊന്നും പറഞ്ഞതല്ല നിഷിൻ .. വെറുതെ ഒരു കുശുമ്പ് പറഞ്ഞതാ ….” അവൾ തെളിഞ്ഞു ചിരിച്ചു …

” നിന്നെ ഞാൻ സ്നേഹിക്കാടോ മനസ് തുറന്ന് … യാതൊരു പിശുക്കും കാട്ടാതെ … ” നിഷിൻ അവളെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച് കവിളിൽ ചുംബിച്ചു … മയിയുടെ കൈകൾ അവനെയും ചുറ്റിപ്പിടിച്ചു ,തേന്മാവിൽ മുല്ലവള്ളിയെന്ന പോലെ …

* * * * * * * * * *

കാറും കോളുമവസാനിച്ച മറ്റൊരു ദിനം …

” നീയിവിടെ കളിച്ചു നടക്കുവാണോ … ഞങ്ങടെ കൂടെ വരുന്നില്ലേ ….?” കൈമുട്ടിന്റെ ഭാഗത്ത് ബനിയന്റെ സ്ലീവിൽ ഞൊറികളിട്ടു കൊണ്ട് മുറ്റത്തേക്കിറങ്ങി വന്ന നിഷിൻ ചോദിച്ചു …

അപ്പൂസിന്റെ പിന്നാലെ ഓടി നടക്കുന്ന നിവ ചിരിച്ചു കൊണ്ട് ഓട്ടം നിർത്തി …

” ഞാൻ റെഡിയാ കിച്ചുവേട്ടാ … നോക്കിയേ ..ഹരിതേടത്തി ഓഫീസിൽ പോയി തുടങ്ങിയേ പിന്നെ ഇവൾടെ കുറുമ്പ് ഡബിളായിട്ടിണ്ട് … ഏട്ടൻ നിക്ക് ഗിഫ്റ്റ് ചെയ്ത പുതിയ വാച്ചാ അവളാ വളപോലെ ഇട്ടോണ്ടോടുന്നേ .. അതൊന്നു വാങ്ങി താ … ” നിവ പരാതിപ്പെട്ടു ..

” അപ്പൂസേ …. ” നിഷിൽ സ്നേഹത്തോടെ വിളിച്ചപ്പോൾ അവൾ ഓടിയടുത്തു വന്നു …

അവനവളെ വാരിയെടുത്തു കൈയിൽ വച്ചു …

” ആ വാച്ചിങ്ങ് ചെറ്യച്ഛന് തന്നേ … ദേ കാറിൽ പോകുമ്പോ സമയം നോക്കണ്ടേ … ” അവൻ കൈനീട്ടി …

അവളൊന്നാലോചിച്ചു … ചെറ്യച്ഛൻ ചോദിച്ചാൽ കൊടുക്കുന്നതിൽ തെറ്റില്ലെന്ന് അവൾക്ക് തോന്നി …

” കുന്നാന്റിക്ക് കൊക്കണ്ടറ്റോ ……..” നിബന്ധനയോടെ വാച്ച് അവൾ നിഷിനു നീട്ടി …

” ഇല്ല … കൊടുക്കില്ല …….”

നിവ ഊറിച്ചിരിച്ചു കൊണ്ട് അത് നോക്കി നിന്നു …

” അവളെയിങ്ങ് തന്നിട്ട് നിങ്ങൾ പൊയ്ക്കോ … ഇല്ലെങ്കിൽ ഫ്ലൈറ്റ് പോകും … ” രാജശേഖർ അങ്ങോട്ടു വന്നു , അപ്പൂസിനെ കൈ നീട്ടി വാങ്ങി …

” ഏടപ്പോവാ കുന്നാന്റി ……..” അപ്പൂസിനും കൂടെപ്പോകണമെന്ന് തോന്നി ..

” അയ്യോ … ചെറ്യച്ഛനും കുഞ്ഞാന്റീം ഹോസ്പിറ്റലിൽ പോവാ … സൂചി വെച്ചാൻ … അപ്പൂച്ച് പോണ്ടാട്ടോ … മ്മക്ക് പാർക്കിൽ പോവാം …. ” രാജശേഖർ അവളെ ആശ്വസിപ്പിച്ചു …

നിഷിനും നിവയും കാറിലേക്ക് കയറി … അവർ ഗേറ്റ് കടന്ന് പോയപ്പോൾ അപ്പൂസ് ടാറ്റ പറഞ്ഞു …

” അറ്ററ്റാ …. നമുക്ക് പാർക്കിപ്പോവാം … “

” പിന്നെന്താ … അച്ഛമ്മേക്കൂടി വിളിക്ക് …”

” പിന്നേ … അച്ഛച്ഛനും കൊച്ചു മോളും കൂടിയങ്ങ് പോയാൽ മതി … ഞാനെന്റെ പിള്ളേര് വരുമ്പോ കഴിക്കാൻ കൊടുക്കാൻ എന്തേലുമൊണ്ടാക്കട്ടെ …… ഹരിതേം മയിയുമാണെങ്കിൽ ഓഫീസിൽ നിന്ന് വരുന്നതേ അമ്മാ വിശക്കുന്നേന്നും പറഞ്ഞാ …” കേട്ടുകൊണ്ടു വന്ന വീണ പറഞ്ഞിട്ട് , ചിരിച്ചു കൊണ്ട് കിച്ചണിലേക്ക് നടന്നു …

” നമുക്ക് പോവാട്ടോ … ഉടുപ്പൊക്കെയിട്ടിട്ട് .. ” രാജശേഖർ അവളെയും കൊണ്ട് റൂമിലേക്ക് നടന്നു …

അപ്പൂസ് തലകുലുക്കി …

* ** ** ** * * *

മയിയെ ഓഫീസിനു മുന്നിൽ നിന്ന് പിക്ക് ചെയ്തു കൊണ്ടാണ് നിഷിനും നിവയും എയർപോർട്ടിലേക്ക് പോയത് ..

കിച്ചയിന്നാണ് സ്റ്റേറ്റ്സിനു പോകുന്നത് …. അവളെ യാത്രയയ്ക്കാനുള്ള യാത്രയിലാണ് അവർ …

” ഏട്ടാ , നാളെ മുതലാ എൻട്രൻസിന് അപ്ലേ ചെയ്യാനുള്ളത് .. നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട് ….” നിവ ഫോണിൽ നോക്കിയിട്ട് മുന്നിലേക്ക് നോക്കി പറഞ്ഞു …

മയിയും നിഷിനും പരസ്പരം നോക്കി …

” നീയത് തീരുമാനിച്ചോ മോളെ … എൻജിനിയറിംഗിന് പോകാൻ … ഫാഷൻ ഡിസൈനിംഗ് വേണ്ടാന്നു വച്ചോ … ?” മയി തിരിഞ്ഞു നോക്കി …

” തീരുമാനിച്ചു എട്ടത്തി … ഞാൻ പഠിച്ചും തുടങ്ങിയല്ലോ … അല്ലേലും അന്നൊക്കെ എൻജിനിയറിംഗിന് പോകാനാരുന്നു എന്റെ പ്ലാൻ … ഇടയ്ക്കെപ്പോഴോ അത് മാറി … ” അവളുടെ വാക്കുകളിൽ ഒരു നൊമ്പരം കടന്നു വന്നു …

” നിനക്ക് പൂർണമനസുണ്ടെന്നറിഞ്ഞാൽ മതി ….” നിഷിൻ ഡ്രൈവിംഗിനിടയിൽ പറഞ്ഞു …

” ഉണ്ട് ഏട്ടാ … എന്റെ ഡിസിഷനാ …..”

” എന്നാ പിന്നെ അതിനുള്ള കാര്യങ്ങൾ ചെയ്യാം നിഷിൻ ….” മയിയും അവളെ പിന്തുണച്ചു ….

നിഷിന്റെ കാർ ശംഘുമുഖം റോഡിലേക്ക് തിരിഞ്ഞു എയർപോർട്ട് കവാടത്തിലേക്ക് ഒഴുകി …

* * * * * * * * *

ഡിസംബറിന്റെ മഞ്ഞും തണുപ്പും മൂടിയ സായാഹ്നം …. കാറിൽ നിഷിന്റെ ദേഹത്തോട് ഒട്ടിയിരുന്നിട്ടും മയിക്ക് തണുത്തു വിറച്ചു …

” മതിയെടാ … ഇന്ന് നമുക്കിവിടെ കൂടാം … എനിക്ക് വിശക്കുന്നുണ്ട് ….” അവളവനോട് കുറുകിയിരുന്നു …

” ബിൻസാർ എത്തി … ഇന്നെന്തായാലും റെസ്റ്റ് … നാളെ ഇവിടെ ഫുൾ കറങ്ങി , ബാക്കി യാത്ര …….”

” ഓക്കെ മൈ സ്വീറ്റ് ബേബി …..” അവൾ ചിരിച്ചു …

തിരക്കുകളോടെല്ലാം അവധി പറഞ്ഞ് , അവരൊരു നോർത്തിന്ത്യൻ യാത്രയിലായിരുന്നു .. ഒരു മാസത്തെ മധുവിധു യാത്ര ….

ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിലേക്ക് കാർ കയറ്റി നിർത്തി , അന്നത്തെ യാത്രയവസാനിപ്പിച്ചു …

റൂമിലെത്തി , ഭക്ഷണം കഴിച്ച് ഫ്രഷായിട്ട് മയി ബാൽക്കണിയിലേക്കിറങ്ങി നിന്നു … ദൂരെ ബിൻസാർ താഴ്വാരം മഞ്ഞിന്റെ കമ്പളം പുതച്ചു ഒരു യുവതിയെപ്പോലെ കാണപ്പെട്ടു … സായാഹ്നത്തിന്റെ നേർത്ത പാളികൾ മാത്രമേ അവളുടെ മാറിലിപ്പോൾ അവശേഷിക്കുന്നുള്ളു .. ഏതാനും നിമിഷങ്ങൾക്കകം അവൾ രാത്രിയുടെ കാമുകിയായി മാറും …

അങ്ങിങ്ങ് മഞ്ഞ വെളിച്ചങ്ങൾ കുഞ്ഞിക്കണ്ണു വിടർത്തി …

” ഹണിമൂണിന് വന്നിട്ട് നീ ഒറ്റയ്ക്ക് കാഴ്ച കാണുവാണോ ……” നിഷിൻ പിന്നിലൂടെ വന്ന് അവളെ കെട്ടിപ്പിടിച്ചു …

മയി അവനിലേക്ക് അമർന്നു നിന്നു … പിൻകഴുത്തിൽ അവന്റെ ചുംബനമേറ്റപ്പോൾ ദേഹത്തേക്കരിച്ചിറങ്ങിയ തണുപ്പിലേക്ക് ഒരു നേർത്ത ചുടുകാറ്റിന്റെ തലോടൽ പോലെ അവൾ പുളകിതയായി …

അവൾ തിരിഞ്ഞ് അവനഭിമുഖം നിന്നു …

അവളുടെ മുഖത്ത് തെളിഞ്ഞ അരുണാഭ അവനെ വികാര വിവശനാക്കി ..

” ഇതെന്തിനാ ഈ കരടി രോമം ഇട്ടിരിക്കുന്നേ … ” അവളെയും കൊണ്ട് റൂമിലേക്ക് നടക്കുമ്പോൾ , അവളുടെ സ്വെറ്ററിൽ പിടിച്ച് വലിച്ച് അവൻ ചോദിച്ചു …

” എനിക്ക് തണുക്കും ….” അവൾ കൊഞ്ചി ..

” അതിനല്ലേ ഞാൻ …..” പറയുന്നതിനിടയിൽ അതിന്റെ സിബ് അവൻ വലിച്ചൂരി..

” പോടാ കുരങ്ങാ ….” നിഷിനെ ഇടിക്കാൻ തുടങ്ങിയ അവളെയും കൊണ്ട് ബെഡിലേക്കവൻ മറിഞ്ഞു വീണു ….

അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ തോളിൽ കടിച്ചു ….. പ്രണയാതുരമായ ലാളനങ്ങളിൽ അവളൊരു പൂച്ച കുഞ്ഞിനെപ്പോലെ അവനെ പറ്റിച്ചേർന്നു കിടന്നു …

ഒരു പുതപ്പിനുള്ളിലേക്ക് അവർ കുറുകിച്ചേരുമ്പോൾ , അവളുടെ പാതിയടഞ്ഞ മിഴികളിലേക്ക് അവന്റെ വേർപ്പു തുള്ളികൾ ഒഴുകിയിറങ്ങി ബിൻസാറിന്റെ കൊടും തണുപ്പിനെയും തോൽപ്പിച്ചു കൊണ്ട് …..

ആ സായാഹ്നം ബിൻസാർ താഴ്വാരത്തോട് യാത്ര ചോദിച്ചു …. രാത്രി മെല്ലെയണഞ്ഞു … മഞ്ഞിൻ പാളികൾക്കിടയിൽ പ്രണയക്കുരുവികൾ കൊക്കുരുമ്മിയിരുന്നു … പൂക്കൾ മഞ്ഞിന്റെ ലാളനമേറ്റ് മെല്ലെ കൺ തുറന്നു മറ്റൊരു സുരഭില രാത്രിയിലേക്ക് ….

* അങ്ങനെ മ്മടെ കഥ ഇവിടെ തീരാണ് ട്ടോ … പ്രദീപ് , ചന്ദന ഇവരൊക്കെ ഈ കഥയിലെ അഥിതികൾ മാത്രമാണ് … അവരുടെ ജീവിതം കൂടി എഴുതുക എന്ന ഉദ്ദേശം ഇല്ലായിരുന്നു ..അത് കൊണ്ട് തന്നെ വിട്ടതാണ് ..

* ആദർശ് … രാജ്യദ്രോഹക്കുറ്റം നേരിടുന്നവനാണ് … ശിക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണ് … എല്ലാ കുറ്റവാളികളെയും ശിക്ഷിക്കേണ്ടത് നിയമ വ്യവസ്ഥയാണ് … അവർ നോക്കുകുത്തിയാകാതിരിക്കട്ടെ .. നീതി കിട്ടാതെ അലയുന്ന അനേകം പെൺകുട്ടികൾക്ക് നീതി കിട്ടുന്ന നാളിലെ എന്റെ നായികക്കും നീതി കിട്ടു …

* അപ്പോൾ പിന്നെ റിജിൻ , ബെഞ്ചമിൻ എന്തിനു കൊന്നു എന്ന് ചോദിച്ചാൽ എന്റെ സമാധാനത്തിന് .. ആ ഡാൻസ് പെർഫോമൻസ് പ്ലസ് ഇവന്മാരുടെ മരണം ഞാൻ വളരെ മുൻപ് പ്ലാൻ ചെയ്തതാണ് … അതങ്ങനെ തന്നെ എഴുതിയില്ലേൽ എനിക്ക് സമാധാനം കിട്ടില്ല …

* കഴിഞ്ഞ പാർട്ടും ഈ പാർട്ടും മാത്രമേ ഇനി റിപ്ലേ തന്നു തീർക്കാനുള്ളു .. ബാക്കിയെല്ലാം തന്നു തീർത്തു … ഇതും ഇന്നും നാളെയുമായി തന്നു തീർക്കാം .. സുക്കറണ്ണൻ ബ്ലോക്കാപ്പീസിൽ കയറ്റിയില്ലെങ്കിൽ …

* നിങ്ങളെയെല്ലാം ഒരു പാട് ബുദ്ധിമുട്ടിച്ചു എന്നറിയാം .. മുൻപ് എല്ലാ കഥകളും കൃത്യമായി എല്ലാ ദിവസവും പോസ്റ്റിയിരുന്നതാണ് .. ഇത്തവണ അറിയാമല്ലോ .. ലോക് ഡൗണിന് മുൻപ് തുടങ്ങിയ കഥയാണ് … ആദ്യം കൃത്യമായി പോസ്റ്റ് ചെയ്തിരുന്നതുമാണ് .. പക്ഷെ നമ്മുടെ പ്രത്യേക സാഹചര്യം എന്റെ അക്കാഡമിക് കാര്യങ്ങളെ പുതിയൊരു ലെവലിൽ എത്തിച്ചു .. അതുമായി പൊരുത്തപ്പെട്ട് , കൂടെ കഥ എഴുത്തും ആരോഗ്യ പ്രശ്നങ്ങളും .. അതാണ് ഇങ്ങനെ വൈകിയത് .. എഴുത്ത് അല്ല എന്റെ തൊഴിൽ … ഇതെന്റെ പാഷനാണ് .. ഇനിയൊരിക്കലും ഈ തെറ്റ് ആവർത്തിക്കില്ല … ബുദ്ധിമുട്ട് തോന്നിയവരോടെല്ലാം ഹൃദയത്തിൽ തൊട്ട് മാപ്പ് ചോദിക്കുന്നു ..

* എഴുതി തീർന്ന ഒരു കഥയുണ്ട് … അത് പോസ്റ്റികഴിഞ്ഞാൽ പിന്നെ വരാം എപ്പോഴെങ്കിലും തുടർച്ചയായി ഇടാൻ പറ്റുമ്പോൾ .. എന്നാലും എന്റെ ടൈം ലൈൻ ഒന്ന് നോക്കിക്കോളു ഇടയ്ക് .. ചിലപ്പോൾ ന്യൂ സ്‌റ്റോറി വന്നേക്കാം ..

അപ്പോ പിന്നെ അമ്മൂട്ടി യാത്രയാകട്ടെ … എല്ലാവരും മാസ്ക് ഒക്കെ ഉപയോഗിച്ച് അകലം പാലിച്ച് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുക ….

മയിയും നിഷിനും നോർത്തിന്ത്യ കറങ്ങി ഹണിമൂൺ ആഘോഷിക്കട്ടെ .. ഞാൻ കട്ടുറുമ്പാകുന്നില്ല .. ബിൻസാറിനെ വർണിച്ചതിൽ തെറ്റുണ്ടാകും .. മ്യാമിയോടൊന്നും തോന്നല്ലേ മക്കളെ … കേരളത്തിനപ്പുറം കണ്ടിട്ടില്ലാത്ത മണ്ടൂസിന്റെ വിഡ്ഢിത്തമായി കരുതിയാൽ മതി ……..

അപ്പോ ശരി …. കൊറോണ ബാക്കി വച്ചാൽ വീണ്ടും കാണാം …  അഭിപ്രായങ്ങൾ അറിയിക്കാൻ മറക്കല്ലേ .. 

കഥയവസാനിച്ചു

സസ്നേഹം

അമൃത അജയൻ .

അമ്മൂട്ടി ..

 

അമൃത അയന്റെ മറ്റു നോവലുകൾ

4.5/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ഈ സായാഹ്നം നമുക്കായി മാത്രം – 57 (അവസാന ഭാഗം)”

  1. നല്ല ഒരു കഥയായിരുന്നു. തീർന്നപ്പോ ഒരു വിഷമം. ഇന്ന് പെൺകുട്ടികൾ നേരിടുന്ന പ്രോബ്ലെംസ്, അതിന്റെ എല്ലാ ഫീലോടും കൂടി. ചില പാർട്ടുകൾ വായിച്ചപ്പോൾ കണ്ണ് നനഞ്ഞു. ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു

  2. കഥ സൂപ്പര്‍ ആയിരുന്നു…അടിപൊളിയായി നോവൽ അവസാനിപ്പിച്ചു.. ഒരുപാട് ഇഷ്ടമായി. എഴുതി കഴിഞ്ഞ നോവൽ ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു .

  3. ആര്യലക്ഷ്മി കാശിനാഥൻ

    😊നല്ലൊരു കഥയായിരുന്നു.. ചാരത്തിൽ നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ അവൾ പറന്നുയുർന്നു…
    എഴുത്ത് തുടരണം.. അമ്മൂ…… stay safe……dr…….take care….concentrate your study.☺☺☺☺problems വരുമ്പോൾ ചെലോര് തിരിഞ്ഞോടും ചെലോര് അത് തരണം ചെയ്യാൻ ശ്രമിക്കും ചെലോര് സ്വന്തം ജീവിതത്തിന്ന് റ്റാറ്റാ പറയും പക്ഷെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ ഒരാൾ തെറ്റ് തിരുത്താൻ ഒരു അവസരം അത് ലഭിച്ചാൽ ഒരു പക്ഷേ നമ്മൾ എന്നും വായിക്കുന്ന ആത്മഹത്യ വാർത്തയിൽ ഒരുഅയവ് വന്നേക്കാം….

    situationന് യോജിച്ച comment അല്ലായിരിക്കാം പക്ഷെ ഇത് type ചെയ്തപ്പോൾ വിരൽതുമ്പിൽ ഓടിവന്നതാണ്😊😊😊😊 മ്യാമിയോടൊന്നും തോന്നല്ലേ മക്കളെ 🙏🙏🙏🙏🙏🙏

Leave a Reply

Don`t copy text!