ഈ സായാഹ്നം നമുക്കായി മാത്രം – 53

1710 Views

aksharathalukal sayaanam namukai mathram

” ദിയാ …. ഈ വീഡിയോയെ കുറിച്ചുള്ള സ്റ്റോറി നമ്മുടെ വൈറൽ വീഡിയോ സെക്ഷനിൽ ടെലികാസ്റ്റ് ചെയ്യണം .. കഴിയുമെങ്കിൽ എഡിറ്ററോട് സംസാരിച്ച് ഒരു ന്യൂസ് ബൈറ്റ് ആയിട്ടും … ” മയി ആവേശത്തോടെ പറഞ്ഞു ..

” ന്യൂസിനുള്ള സ്കോപ്പുണ്ടല്ലോ മാം .. അത്രേം വിവാദമായതല്ലേ … “

” ങും ………. “

മണിക്കൂറുകൾക്കുള്ളിൽ നിവയുടെ ലൈവ് വീഡിയോ വൈറലായി .. കേരളത്തിലെ വിവിധ വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും സാമൂഹിക പ്രവർത്തകരും ആദ്യമേ തന്നെ നിവയ്ക്ക് ആശംസകളും പരിപൂർണ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തി … അവർക്കു പിന്നാലെ സെലിബ്രിറ്റികളും രാഷ്ട്രിയ പ്രമുഖരും സാഹിത്യ സാംസ്കാരിക രംഗങ്ങളിലുള്ളവരും അവളുടെ വീഡിയോ പങ്കുവച്ച് പിന്തുണച്ചു …

ഓഫീസിലിരുന്നാണ് നിഷിൻ ആ വീഡിയോ കണ്ടത് .. ആനന്ദാശ്രുക്കൾ അവന്റെ കാഴ്ചയെ മറച്ചു …

ആ നിമിഷം അവന് മയിയെ വിളിക്കണമെന്ന് തോന്നി .. എല്ലാ ക്രെഡിറ്റും അവൾക്കവകാശപ്പെട്ടതാണ് … തന്റെ കുഞ്ഞനുജത്തി അണയാൻ പോകുന്ന തിരിനാളമാണെന്ന് മുൻകൂട്ടി കണ്ട് , വീണ്ടുമൊരുയർത്തെഴുന്നേൽപ്പിനുള്ള ഇന്ധനം നിറച്ചു വച്ചതും , പൊലിഞ്ഞു പോയിടത്ത് നിന്ന് ഊതിയൂതി കനലുണ്ടാക്കിയതും പുതിയൊരു നാളത്തിന് ബാല്യം കൊടുത്തതും അവളുടെ മാത്രം മിടുക്കാണ് ..

അവളില്ലായിരുന്നുവെങ്കിൽ തന്റെ കുടുംബത്തിന്റെയവസ്ഥ ഇന്നെന്താകുമായിരുന്നു … പ്രശ്നങ്ങൾക്കു നടുവിൽ ആരെയെല്ലാം തനിക്ക് നഷ്ടപ്പെടുത്തേണ്ടി വരുമായിരുന്നു .. അച്ഛൻ , അനുജത്തി , ചിലപ്പോൾ താൻ തന്നെയും …

ജീവിതത്തിൽ താൻ നേടിയ ഏറ്റവും വലിയ സമ്പാദ്യം അവളാണെന്ന് അവന്റെ മനസ് വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ടിരുന്നു ..

” മയീ …….” കാതോരം ചേർന്നിരുന്ന ഫോണിന്റെ മറുവശത്ത് അവളുടെ ശബ്ദം കേട്ടപ്പോൾ നിഷിൻ വിളിച്ചു ..

” ങും ……….” അവൾ മൂളി …

അവർക്കിടയിൽ മൗനം നിറഞ്ഞു .. ആ മൗനത്തിലും അവർ പരസ്പരം എന്തെല്ലാമോ പങ്കുവച്ചു ..

” അതൊക്കെ അവൾ സ്വയം പറഞ്ഞതാ നിഷിൻ .. പതിനെട്ടാം തീയതിയിലെ പ്രോഗ്രാം ഈ ലോകത്തോട് നീ തന്നെ വിളിച്ചു പറയണമെന്ന് ഞാനവളോട് പറഞ്ഞിരുന്നു .. അത്രയേ ഞാൻ പറഞ്ഞുള്ളു .. ” അവളൊന്നു നിർത്തി ..

” നമുക്കിനി സമാധാനിക്കാം നിഷിൻ .. അവളെ ഇനിയൊരിക്കലും നമുക്ക് നഷ്ടപ്പെടില്ല … എനിക്കുറപ്പുണ്ട് ….” അവളിൽ നിന്നൊരു വിതുമ്പലുയർന്നു …

അവളുടെ സന്തോഷവും ആത്മവിശ്വാസവും ആ വാക്കുകളിൽ നിന്ന് അവൻ തൊട്ടറിഞ്ഞു ..

” ഞാനിന്ന് വരണോ ..?”

” വേണ്ട …. സെവന്റീന്ത്ന് എത്തിയാൽ മതി .. ബാക്കി ഇവിടുത്തെ കാര്യങ്ങളൊക്കെ ഞാനും നവീണേട്ടനും ഹരിതേടത്തിയും കൂടി നോക്കിക്കോളാം .. “

ഫോൺ കട്ട് ചെയ്തിട്ട് , മയി ഫെയ്സ് ബുക്ക് തുറന്ന് അവളുടെ വീഡിയോക്ക് വരുന്ന റെസ്പോൺസുകളിലൂടെ കണ്ണോടിച്ചു ..

അതിനിടയിൽ തന്നെ നിരവധി ഫോൺ കോളുകൾ അവളെ തേടി വന്നു .. നിവയ്ക്കുള്ള ആശംസകളും വാഗ്ദാനങ്ങളുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു ..

എല്ലാവരുടെയും പിന്തുണയും സാനിദ്ധ്യവും മാത്രം ഉണ്ടായാൽ മതിയെന്ന് അവൾ പറഞ്ഞു .. നിവയ്ക്കുവേണ്ടി പേര് കേട്ട ഓഡിറ്റോറിയങ്ങൾ നൽകാൻ തയ്യാറായി വിളിച്ചവരെയും അവൾ സ്നേഹപൂർവ്വം മടക്കി …

* * * * * * * * * * * * * *

വൈകുന്നേരം മയി വരുന്നതും കാത്ത് നിവ ബാൽക്കണിയിൽ തന്നെയുണ്ടായിരുന്നു .. ഗേറ്റിൽ മയിയുടെ തല കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു ..

രണ്ട് ബിഗ് ഷോപ്പർ നിറയെ സാധനങ്ങൾ മയി കിച്ചൺ സ്ലാബിൽ കൊണ്ടുവച്ചു ..

” ഇതൊക്കെയെന്താ ….?” ഹരിത ചിരിച്ചു കൊണ്ടുവന്നു ഒരു ബിഗ് ഷോപ്പർ തുറന്നു നോക്കിക്കൊണ്ട് ചോദിച്ചു ..

” ബേക്കറിയിലും സൂപ്പർ മാർക്കറ്റിലും കയറി കുറച്ച് സാധനങ്ങൾ പർച്ചേസ് ചെയ്തു .. ഈ മാസം ഷോപ്പിംഗൊന്നും നടന്നില്ലല്ലോ .. ഇനിയിപ്പോ ഗസ്റ്റൊക്കെയുണ്ടാവാൻ ചാൻസുണ്ട് … “

” അത് നന്നായി …ഷോപ്പിംഗിന് പോകുന്ന കാര്യം ഞാൻ നിന്നോട് പറയാനിരിക്കുവാരുന്നു .. “

” ഇതിപ്പോ കാര്യായിട്ടൊന്നുല്ല .. കുറച്ചു സ്നാക്സും അത്യാവശ്യം ചില സാധനങ്ങളുമേയുള്ളു .. ബാക്കി നമുക്കൊരു ലിസ്റ്റുണ്ടാക്കി നാളെത്തന്നെ പോയേക്കാം … അല്ലെങ്കിൽ പിന്നെ അത് നടക്കില്ല .. “

” ങും … നീ പോയി ഫ്രഷായിട്ട് വാ .. ഞാൻ ചായയെടുക്കാം ….”

” അപ്പൂസെവിടെ …? അപ്പൂസിന് ചോക്ലേറ്റുണ്ട് …..”

” വവേടടുത്തുണ്ട് …. ആൾക്കു പുതിയൊരു ആവശ്യം തുടങ്ങീട്ടുണ്ട് ….” ഹരിതയുടെ മുഖത്ത് വാത്സല്യം നിറഞ്ഞു ..

” ങും .. എന്താ …”

” ഡാൻസ് പഠിക്കണമെന്ന് .. കുഞ്ഞാന്റീടെ കൂടെ ….”

” ആഹാ … എന്നാപ്പിന്നെ വൈകിപ്പിക്കണ്ട .. അവളും തുടങ്ങട്ടെ .. മൂന്നു വയസായില്ലേ .. പാട്ടും ഡാൻസുമൊക്കെ പഠിച്ചു തുടങ്ങാൻ പറ്റിയ പ്രായം അതാണെന്ന ഞാൻ കേട്ടിട്ടുള്ളത് .. ഞാനിന്റർവ്യൂ ചെയ്തിട്ടുള്ള ഒട്ടുമിക്ക കലാകാരന്മാരും കലാകാരികളും പറയുന്നത് , അവരീ പ്രായത്തിലെ തുടങ്ങീട്ടുണ്ടെന്നാ …..” മയി അപ്പൂസിന്റെ ആവശ്യം ഗൗരവമായി തന്നെ പരിഗണിച്ചു ..

” ങും …….. ഇനിയിപ്പോ അരങ്ങേറ്റത്തിന് കുഞ്ഞാന്റീടെ കൂടെ സ്റ്റേജിൽ കയറി കളിയ്ക്കണമെന്ന് മാത്രം പറയാതിരുന്നാൽ മതിയാരുന്നു … ” ഹരിത ചിരിച്ചു … മയിയും അവളുടെ ചിരിയിൽ പങ്കുചേർന്നു ..

” അപ്പൂസേ ………… ” മയി ഉറക്കെ വിളിച്ചു കൊണ്ട് മുകളിലേക്ക് കയറിച്ചെന്നു .. സ്റ്റെയറിന് മുകളിൽ രണ്ടു കൈകളും മാറിൽ പിണച്ചുകെട്ടി താഴേക്ക് നോക്കിക്കൊണ്ട് നിവ നിൽപ്പുണ്ടായിരുന്നു .. തൊട്ടരികിൽ നിവയെ അനുകരിച്ച് കൊണ്ട് അപ്പൂസും ..

നിവയെ കണ്ടതും മയിയുടെ ഹൃദയം ആർദ്രമായി .. ..

” എത്ര നേരായി വന്നിട്ട് .. ഇങ്ങോട്ട് കയറി വരാനെന്താ ഇത്രേം താമസം .. നോക്കി നിന്ന് വേരിറങ്ങി …….” നിവ കപട ഗൗരവത്തിൽ പറഞ്ഞു …

” അയ്യോടി .. നിനക്കെന്താ വാദമാണോ .. താഴേക്കിറങ്ങി വരാൻ മേലേ … ? ” മയിയും ഗൗരവം നടിച്ചു …

നിവ ചുണ്ടുകൂർപ്പിച്ചു നിന്നു .. നിവയുടെ അടുത്തെത്തി , ആ മുഖത്തേക്ക് നോക്കിയതും മയിക്കു പിടിച്ചു നിൽക്കാനായില്ല .. അവളെ ചേർത്തണച്ചു , മുറുകെ പുണർന്നു നെറ്റിയിലും മുഖത്തും തുരുതുരെ ഉമ്മവച്ചു …. നിവയും മയിയെ കെട്ടിപ്പിടിച്ചു തോളിലേക്ക് തല ചായ്ച്ചു .. മയിയവളുടെ ശിരസിൽ തലോടി ..

* * * * * * * *

മയി വസ്ത്രം മാറി വരുമ്പോഴേക്കും ഹരിത ഒര് കപ്പ് ചായയും , പ്ലേറ്റിൽ കുറച്ചു പഴംപൊരിയുമായി കയറി വന്നു ..

” ഏടത്തി ഇങ്ങോട്ട് കൊണ്ടുവന്നോ .. അച്ഛൻ കാണണ്ട … ബെഡ് റൂമിൽ ഭക്ഷണം കൊടുക്കുന്ന പതിവൊന്നും ഈ വീട്ടിലില്ലെന്ന് , വന്നതിന്റെ പിറ്റേ ദിവസം തന്നെ അച്ഛനെന്നെ ഉപദേശിച്ചതാ .. കൺസിഡറേഷൻ സുഖമില്ലാതായാൽ മാത്രമാണ് ….” മയി ചിരിച്ചു ..

“ഓ ഈ ചായ കുടിക്കാൻ വേണ്ടി ഇനി കിച്ചണിൽ കയറേണ്ട ആവശ്യമൊന്നുമില്ല .. ഞങ്ങളൊക്കെ കുടിച്ചതാ .. ഇത് നിനക്കുള്ളതാ ” ഹരിത അതെല്ലാം ഹാളിലെ ടീപ്പോയിൽ കൊണ്ടുവച്ചു കൊണ്ടു പറഞ്ഞു ..

” പഴം പൊരി എന്റേം അപ്പൂസിന്റേം കോട്ട കഴിഞ്ഞിട്ടില്ല കേട്ടോ …..” നിവ വിളിച്ചു പറഞ്ഞു ..

” ഒണ്ടെടി … വന്നെടുത്ത് കഴിച്ചോ ……” ഹരിത പറഞ്ഞു ..

മയിയും ഹരിതയും സോഫയിലിരുന്നു .. പിന്നാലെ നിവയും അപ്പൂസും വന്നു ഓരോ പഴം പൊരിയെടുത്തു ..

” അച്ഛനുമമ്മേം ഇവിടെയില്ല .. അമ്പലത്തിൽ പോയേക്കുവാ ….” ഹരിത പറഞ്ഞു …

” അയ്യോ .. എങ്ങനെയാ പോയേ .. അച്ഛനാണോ ഡ്രൈവ് ചെയ്യുന്നേ .. ട്രാവൽ ചെയ്യണ്ടാന്നല്ലേ പറഞ്ഞേക്കുന്നേ … ” മയിക്ക് ടെൻഷനായി …

” കണ്ണേട്ടനെ വിളിച്ച് പറഞ്ഞപ്പോ ഒരു ഡ്രൈവറെ അയച്ചു .. ഏട്ടൻ പറഞ്ഞത് പോകുന്നേൽ പോയിട്ട് വരട്ടേന്നാ .. ഞാൻ പോയാൽ ഇവളിവിടെ ഒറ്റയ്ക്കാകും .. അതാ പിന്നെ ..” ഹരിത വിശദീകരിച്ചു ..

മയിക്ക് ആശങ്ക തോന്നി …

” ഹരിതേടത്തീടെ പഴംപൊരി കിടുവാ ….” നിവ രണ്ട് വിരൽ മടക്കി മുഖത്ത് ഒരു പ്രത്യേക ഭാവം വരുത്തി പറഞ്ഞു …

” ഈ മാസം കൂടിയേ കാണു … അടുത്ത മാസം മുതൽ ഞാൻ ജോലിക്ക് പോയി തുടങ്ങും … ” ഹരിത ചിരിയോടെ നിവയെ നോക്കി …

” ആണോ … എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ ……” മയി പരിഭവിച്ചു ..

” കൺഫേം ആയില്ല മയി … അതാ പറയാതിരുന്നെ .. മോളെ പ്രഗ്നന്റായപ്പോൾ റിസൈൻ ചെയ്തതാ .. ഇപ്പോ ടെക്നോപാർക്കിൽ തന്നെ വേറൊരു കമ്പനിയിൽ ഏറെക്കുറെ റെഡിയായിട്ടുണ്ട് … നെക്സ്റ്റ് മന്ത് ജോയിൻ ചെയ്യാമെന്ന് വിചാരിക്കുവാ … “

” അപ്പോ ഇവളെ എന്ത് ചെയ്യും ….” നിവ അപ്പൂസിനെ തോണ്ടി ..

” നീയുണ്ടല്ലോ .. പിന്നെ അച്ഛനും അമ്മേം ഉണ്ട് .. ഇനിയിപ്പോ പ്ലേ സ്കൂളിൽ കൂടി പോയി തുടങ്ങിയാ കുഴപ്പമില്ലല്ലോ .. “

” അതേ … ഹരിതേടത്തി സമാധാനായിട്ട് പൊയ്ക്കോ .. അവളിവിടെ ഹാപ്പിയായിട്ട് നിന്നോളും ……… ” മയി ഹരിതയെ പിന്തുണച്ചു ….

* * * * * * * * * * * *

രാത്രി ……

നിവയും മയിയും റൂമിലിരുന്ന് വീഡിയോയുടെ കമന്റ്സ് നോക്കുവാരുന്നു … ഇടയ്ക്കെങ്കിലും ചിലർ മോശം കമന്റുകൾ ഇടുകയും , അവരുടെ പിതാമഹന്മാരെ സ്മരിച്ചു കൊണ്ട് മറുപടിയുമായി മറ്റുചിലർ കമന്റുകളുടുകയുമൊക്കെ ചെയ്തിട്ടുണ്ട് .. ചിലർക്കെതിരെ വൻ പ്രതിഷേധങ്ങളും ഒരു ഭാഗത്ത് നടന്നു … അത്തരം സംഭവ വികാസങ്ങളൊക്കെ അപ്പോഴാണ് അവരുടെ ശ്രദ്ധയിൽ പെട്ടത് … .

” സാരമില്ല ….. എല്ലായിടത്തുമുണ്ടാകും ഇങ്ങനെ ചിലർ ……. നീയതൊന്നും ശ്രദ്ധിക്കണ്ട .. ” മയി അവളെ ആശ്വസിപ്പിച്ചു …..

ആ സമയത്ത് മയിയുടെ ഫോണിലേക്കൊരു കോൾ വന്നു … പ്രദീപിന്റേത് …..

അവൾ പുഞ്ചിരിയോടെ കോളെടുത്തു …

” പ്രദീപ് …………….”

” ആദ്യം തന്നെ നിവക്കുട്ടിക്കൊരു ആൾ ദ ബെസ്റ്റ് പറഞ്ഞേക്ക് എന്റെ വക …..” അവൻ മുഖവുരയില്ലാതെ പറഞ്ഞു …

” നീ നേരിട്ട് തന്നെ പറഞ്ഞോ … ” മയി ചിരിച്ചു കൊണ്ട് ഫോൺ നിവയ്ക്ക് കൊടുത്തു …….

” ആരാ …..” അവൾ ആംഗ്യത്തിൽ ചോദിച്ചു …

” പ്രദീപ് …….” മയി പതിയെ പറഞ്ഞു …

അവൾക്കവനോട് സംസാരിക്കാൻ മടി തോന്നിയെങ്കിലും , മയി ഫോൺ അവളുടെ കൈയ്യിൽ പിടിപ്പിച്ചു കഴിഞ്ഞിരുന്നു ..

അവൾ ശങ്കയോടെ പ്രദീപിനോട് ഹലോ പറഞ്ഞു …

മയി അവൾ സംസാരിക്കുന്നത് നോക്കിയിരുന്നു ….

നിവ തിരിച്ച് ഫോൺ കൊടുത്തപ്പോൾ , മയിയത് കാതോട് ചേർത്തു .. പക്ഷെ മറുവശത്ത് കോൾ കട്ടായിരുന്നു …

” കട്ട് ചെയ്തോ …….” അവൾ ആത്മഗതം പറഞ്ഞു …

” ഉവ്വ് .. ആ ചേട്ടനെ ആരോ വിളിച്ചു … ഒരു ലേഡിയാ … ഞാൻ ഫോണിൽ കൂടി കേട്ടു …. “

മയി ഒന്നും മിണ്ടിയില്ല …

” ആരാത് …. അമ്മയോ സിസ്റ്ററോ ആവും ല്ലേ …….?” നിവ ചോദിച്ചു …

” നോ ….. അവന്റെ വൈഫ് ……”

” മാരീഡ് ആരുന്നോ ……. അന്ന് കണ്ടപ്പോ അങ്ങനെ തോന്നിയേയില്ല …” അവൾ വിസ്മയിച്ചു …

മയി വെറുതേ ചിരിച്ചു ..

” ലവ് മാര്യേജ് ആരുന്നോ …. ഇത്ര നേർത്തെ …..?” നിവയ്ക്ക് വിടാൻ ഭാവമില്ലായിരുന്നു …

മയി അവളെയൊന്ന് നോക്കി … എന്തുകൊണ്ടോ അവളുടെ മനസിനൊരസ്വസ്ഥത തോന്നി …

” ഏട്ടത്തി എന്താ മിണ്ടാതിരിക്കുന്നേ …..” നിവ മയിയെ ഉഴിഞ്ഞു നോക്കി …

” ഒന്നുമില്ലെടി …. ഞാനിങ്ങനെ അരങ്ങേറ്റത്തെക്കുറിച്ചൊക്കെ ഓർത്തിരുന്നതാ …..” അവൾ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു …

നിവ അവളെ തന്നെ നോക്കിയിരുന്നു …

” ഞാൻ ചോദിച്ചതിന് ഏട്ടത്തി മറുപടി പറഞ്ഞില്ലല്ലോ ….?” അവൾ ഓർമിപ്പിച്ചു …

മയി നെറ്റി ചുളിച്ച് നോക്കി ….

” ആ ചേട്ടന്റെ ലവ് മാര്യേജ് ആരുന്നോന്ന് ….” നിവ ആവർത്തിച്ച് ചോദിച്ചു …

നിവയുടെ ചോദ്യം മയിയെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു ….

” അല്ല ….. അതൊരബദ്ധം പറ്റിയതാ ” അവളുടെ ചോദ്യങ്ങൾ അവസാനിപ്പിക്കാൻ ആ സംഭവം തുറന്നു പറയുന്നതാണ് നല്ലതെന്ന് മയിക്ക് തോന്നി ..

” അബദ്ധമോ … കല്ല്യാണമോ ……?” നിവ വാ പൊളിച്ചു …

” ങും ………. ” അവൾ മൂളി …

” അതെങ്ങനെ …..?”

മയി നെടുവീർപ്പയച്ചു … ബെഡിൽ നിന്നിറങ്ങി അവൾ ജനാലക്കരികിൽ ചെന്നു നിന്നു പുറത്തേക്ക് മിഴിയയച്ചു … മുറ്റത്ത് ഇരുൾ കനത്തു നിന്നു ..

” നിമിഷ .. അവന്റെ വൈഫ് … ഞങ്ങളുടെ കോളേജിൽ തന്നെ സോഷ്യോളജി ഡിപ്പാർട്ട്മെന്റിലായിരുന്നു പഠിച്ചത് .. പോലീസ് കമ്മിഷ്ണർ ജോൺ പോളിന്റെ സിസ്റ്റർ .. പ്രദീപുമായിട്ട് അവൾ നല്ല സൗഹൃദത്തിലായിരുന്നു … ഇടയ്ക്കെപ്പോഴോ അവളൊരു പയ്യനുമായി പ്രണയത്തിലായി .. ദീപക് .. അവനാകട്ടെ പ്രദീപിന്റെ പഴയ സ്കൂൾമേറ്റ് .. മന്ത്രിയായിരുന്ന രഘുകുമാറിന്റെ മകൻ .. നഗരത്തിലെ പ്രമുഖ എഞ്ചിനിയറിംഗ് കോളേജിലെ സ്റ്റുഡന്റ് .. നിമിഷയുടെയും ദീപകിന്റെയും പ്രണയത്തിനിടയിൽ ഒരു സുഹൃത്തായി പ്രദീപുണ്ടായിരുന്നു .. അവർക്കിടയിൽ അവളവനെ വലിച്ചിട്ടിരുന്നു എന്ന് പറയുന്നതാവും ശരി .. പ്രദീപും നിമിഷയും , ഈ ദീപക്കും പാസ് ഔട്ട് ആയത് ഒരേ വർഷമാണ് .. ഗ്രാജ്വാഷൻ കഴിഞ്ഞ് ഏകദേശം ആറുമാസത്തിനകം തന്നെ നിമിഷയും ദീപക്കും വിവാഹം കഴിക്കാൻ തീരുമാനിച്ചു .. രണ്ട് മതമായത് കൊണ്ട് എന്തായാലും വീട്ടിൽ സമ്മതിക്കില്ല എന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു .. പ്രദീപ് ആ സമയത്ത് , ഞാൻ വർക്കു ചെയ്യുന്ന ചാനലിൽ ട്രെയിനിങ്ങിനായി പ്രവേശിച്ചു . .. ഒരു ജേർണലിസ്റ്റിനെ എപ്പോഴും ഭ്രമിപ്പിക്കുന്ന വാക്കാണ് എസ്ക്ലൂസീവ് .. അവനും അതിനു പിന്നാലെയായിരുന്നു .. ആ സമയത്താണ് നിമിഷ വിളിച്ചിട്ട് ദീപക്കും അവളും വിവാഹം ചെയ്യാൻ പോകുന്ന വിവരം അറിയിച്ചത് .. സഹായവും ചോദിച്ചു .. കൊച്ചിയിൽ വച്ച് വിവാഹം .. അത് കഴിഞ്ഞാലുടൻ ചെന്നൈലേക്ക് പോകാനായിരുന്നു പ്ലാൻ .. നിമിഷയെ ഇവിടുന്ന് കൊച്ചിയിലെത്തിക്കണം , പിറ്റേന്ന് ആ വിവാഹം നടക്കുന്നത് വരെ കൂടെ വേണം .. അവർ സ്ഥലം വിട്ടു കഴിഞ്ഞാൽ ആ വാർത്ത അവനു കിട്ടുന്ന ഒരു ബൈറ്റ് . .. രഘുകുമാർ അന്ന് മന്ത്രിയാണല്ലോ … മന്ത്രി രഘുകുമാറിന്റെ മകനും പോലീസ് കമ്മീഷ്ണർ ജോൺ പോളിന്റെ സഹോദരിയും വിവാഹിതരായി … ഇതാണ് നിമിഷ പ്രദീപിന്റെ മുന്നിൽ വച്ച ആവശ്യം …..” മയി ഒന്ന് നിർത്തിയിട്ട് നിവയെ നോക്കി …

അവൾ ആകാംഷയോടെ മയി പറയുന്നത് കേട്ടിരിക്കുകയായിരുന്നു …

” എന്നിട്ട് ……?” അവൾ മയിയുടെ അടുത്തേക്ക് വന്നു …

” ഒരു വൈകുന്നേരം പ്രദീപ് നിമിഷയെയും കൂട്ടി കൊച്ചിയിലേക്ക് പോയി … അവിടെ ഒരു ഹോട്ടലിൽ ദീപക് താമസം ഒക്കെ അറേഞ്ച് ചെയ്തിരുന്നു … രാത്രിയോടെ ദീപക്കും കൊച്ചിയിലെത്തുമെന്നാണ് അറിയിച്ചിരുന്നത് … ഇവർ രണ്ടാളും ഹോട്ടലിലെത്തി .. റൂമിൽ ദീപക്കിന്റെ വരവും കാത്തിരുന്നു .. രാത്രിയായി .. ദീപക് വന്നില്ല … പകരം വന്നത് പോലീസ് … ഹോട്ടലിന് പുറത്ത് കുറേ മഞ്ഞ പത്രക്കാരും … “

” രണ്ടു പേരെയും സ്റ്റേഷനിൽ കൊണ്ടുപോയി … പോലീസ് കമ്മീഷ്ണറുടെ സഹോദരിയെയാണ് കൊണ്ടു വന്നിരിക്കുന്നത് .. അവർ മേലുദ്യോഗസ്ഥനോട് കൂറു കാട്ടി… ലോക്കപ്പിലിടാതെ, നാറ്റിക്കാതെ രക്ഷപ്പെടുത്തണമല്ലോ .. ജോൺ പോൾ വന്നു … പക്ഷെ ചതിച്ചത് അവരൊന്നുമല്ല … നിമിഷയാ … അവൾ പറഞ്ഞു , അവൾ പ്രദീപിനൊപ്പമാണ് വന്നതെന്ന് … സത്യം തെളിയിക്കാനുള്ള പ്രദീപിന്റെ ശ്രമങ്ങളൊന്നും വിലപ്പോയില്ല .. അവൻ നിസഹായനായിരുന്നു … അവളുടെ വാക്കിനായിരുന്നു വില … അത് കേൾക്കാൻ ഒരു പാട് പേരുണ്ടായിരുന്നു .. പുറത്ത് മാധ്യമങ്ങളും അവളുടെ വാക്കിനായി കാത്ത് നിൽപ്പുണ്ടായിരുന്നു … പിറ്റേന്ന് പകൽ , ജോൺ പോളും പോലീസുകാരും പ്രദീപിന്റെ അമ്മയെ വിളിച്ചു വരുത്തി .. ആ സാധു അമ്മയ്ക്കും മകനെ രെക്ഷപ്പെടുത്താൻ ഒന്നും ചെയ്യാനില്ലായിരുന്നു .. ആ പകൽ തന്നെ ആ വിവാഹവും നടന്നു …. ഒറ്റ രാത്രിയും പകലും കൊണ്ട് അവനൊന്നുമല്ലാതായി .. ” പറഞ്ഞവസാനിപ്പിക്കുമ്പോൾ മയിയുടെ ഹൃദയത്തിൽ നിന്ന് ചോര ചാലിട്ടു ..

മറക്കാൻ ശ്രമിക്കുന്ന കുറേയോർമ്മകൾ …

” അയ്യോ … അതെന്തിനാ ആ ചേച്ചി നുണ പറഞ്ഞത് …? “

” അതൊരു ചതിയായിരുന്നു … ഒരിക്കൽ അവളുടെ പ്രണയാഭ്യർത്ഥന നിരസിച്ച പ്രദീപിനുള്ള ചതി … ദീപക് ആ രാത്രി , അവൾക്ക് ഫോണിൽ വിവാഹ മംഗളാശംസകൾ അർപ്പിച്ചു ദുബായിലേക്കുള്ള ഫ്ലയ്റ്റിന് വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു … “

” ഹൊ …. കഷ്ടായിപ്പോയി … പാവം ചേട്ടൻ … ” നിവയുടെ മുഖത്ത് സങ്കടം നിഴലിച്ചു ….

” നീ പോയി കിടന്നോ … വെളുപ്പിന് എഴുന്നേറ്റ് പ്രാക്ടീസ് ചെയ്യാനുള്ളതല്ലേ … ” മയി തിരിഞ്ഞ് അവളുടെ നെറുകിൽ മെല്ലെ തലോടി …

” ഏട്ടത്തി കിടക്കുന്നില്ലേ …? “

” ഞാൻ വരാം …. നീ കിടന്നോ ……”

” ഓക്കെ …. ” അവൾ കൈവിടർത്തി കാട്ടിക്കൊണ്ട് ബെഡിലേക്ക് കയറിക്കിടന്നു ..

മയി ജനൽ കമ്പിയിൽ മുഖം ചേർത്തു കൂരിരുട്ടിലേക്ക് നോക്കി നിന്നു .. എവിടെയോ ഓർമകൾ അവളെ കുത്തിനോവിച്ചു … മറക്കാൻ ശ്രമിച്ചിട്ടും പ്രദീപ് ഇപ്പോഴും തന്റെ വിങ്ങുന്ന ഓർമയായി മാറുന്നു .. ആ നൊമ്പരത്തിന് തിളക്കം കൂടുന്നുവോ ….? നിഷിനെ പ്രണയിച്ചു തുടങ്ങിയിട്ടും പ്രദീപ് തന്നിലിപ്പോഴും അവശേഷിക്കുന്നുവോ …. അവളുടെ വിരലുകൾ ജനാലയിൽ മുറുകി ..

എന്നോ രാത്രിമഴയുടെ മൂളലുകളിൽ അലിഞ്ഞു പോയ തന്റെ നിലവിളികൾ വീണ്ടുമുയരുന്നുവോ …?

അരുതെന്ന് മനസ് വിലക്കുന്നിടത്ത് നിന്ന് താൻ പിന്നെയും പിന്നെയും തോൽക്കുകയാണോ … ഓർമകളുടെ തീപ്പൊള്ളലേറ്റ് അവളൊന്നു പുളഞ്ഞു പോയി ….

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply