നിവയുടെ കണ്ണ് തള്ളി …
” ഇവിടെ കിടക്കണ്ട .. എനിക്കിഷ്ടമല്ല ആരും എന്റെ കൂടെ കിടക്കുന്നേ …. ” അവൾ പ്രതിരോധിക്കാൻ ശ്രമിച്ചു ..
” ഓഹോ .. എന്നാൽ ഇനി ശീലമായിക്കോളും … ” മയി പറഞ്ഞു കൊണ്ട് ഡോർ ലോക്ക് ചെയ്ത് കീ എടുത്തു …
” ഇങ്ങോട്ട് വരുന്നുന്ന് ഏട്ടനോട് പറഞ്ഞോ ? ” നിവ ചോദിച്ചു ..
മയി നിവയെ അടിമുടി ഒന്നു നോക്കി ..
” നിന്റെ ചോദ്യത്തിന്റെ പൊരുൾ എനിക്ക് മനസിലായി … കല്ല്യാണത്തിന്റെ പിറ്റേ രാത്രി , ഭർത്താവിനെ വിട്ട് ഭർത്താവിന്റെ അനുജത്തിയുടെ മുറിയിൽ കിടക്കാൻ വന്നതെന്തിനാന്ന് …. ” മയി ചുണ്ടു കോട്ടി ചിരിച്ചു .
” ഹ്മ് …. തത്ക്കാലം മോളത് അറിയണ്ട … പിന്നെ , ഞാനിവിടെയാ കിടക്കുന്നതെന്ന് ഈ വീട്ടിൽ ഞാനും നീയുമല്ലാതെ മറ്റൊരാളും അറിയരുത് … അല്ല നീ പറഞ്ഞാലും അതുകൊണ്ടുള്ള പ്രശ്നം എനിക്കല്ല .. നിന്റെ ഏട്ടനാ ……” അവൾ എന്തെങ്കിലും കൊനഷ്ട് ചിന്തിക്കും മുൻപേ മയി അതിന് തടയിട്ടുകൊണ്ട് പറഞ്ഞു …
പെട്ടന്ന് നിവയുടെ ഫോൺ ശബ്ദിച്ചു … അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു … മയി അത് സശ്രദ്ധം വീക്ഷിച്ചു ..
നിവ കോൾ കട്ട് ചെയ്തു കളഞ്ഞു … പിന്നാലെ വീണ്ടും ഫോൺ ശബ്ദിച്ചു …
” അതെടുക്ക് …….” അവൾ കോൾ കട്ട് ചെയ്യും മുൻപേ മയി പറഞ്ഞു ..
അവൾ മയിയെ ഒന്ന് നോക്കി … പിന്നെ കാൾ ബട്ടൺ അമർത്തി കാതോടു ചേർത്തു …
അവൾ അങ്ങോട്ട് ഒന്നും സംസാരിച്ചില്ല ..
” ഞാൻ വയ്ക്കുവാ … ഇവിടെ എല്ലാരും ഉണ്ട് ……” അത്രയും പറഞ്ഞ് ആ കാൾ അവൾ കട്ട് ചെയ്തു …
മയി അതേക്കുറിച്ച് കൂടുതലൊന്നും ചോദിച്ചില്ല …
നിവ ഫോണുമായി ബെഡിലേക്ക് കയറിയതും മയി പിടിച്ചു നിർത്തി …
” നിൽക്ക് ….. ഒരു കാര്യം പറയട്ടെ ….?”
” ഇനിയെന്താ ….?..” നിവയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു …
” ഇന്ന് ഹോസ്പിറ്റലിൽ വച്ച് കണ്ട ആളെ നിനക്ക് പരിചയമുണ്ടോ …? ” മയി ചോദിച്ചു …
നിവ മൗനമായി … പിന്നെ ഉവ്വെന്ന് തലയാട്ടി ..
” ആ കൂടെയുണ്ടായിരുന്നത് ആരാന്നറിയോ …?
അവൾ അതിനും തലയാട്ടി
” ആരാ …..?”
” ഭാര്യ , മോള് …”
” കഴിഞ്ഞ ഒന്നര മാസമായി അവൻ നിന്റെ ഏട്ടന്റെ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിലാണ് .. ആര് പറഞ്ഞിട്ടാന്നറിയോ …? ഞാൻ പറഞ്ഞിട്ട് … എന്നാലാവുന്ന സാമ്പത്തിക സഹായവും ചെയ്യുന്നുണ്ട് … അതെല്ലാം ഈ വീട്ടിലുള്ളവർക്കും അറിയാം .. ആ രാത്രി ആക്‌സിഡന്റ് ഉണ്ടാകുമ്പോഴും ഞങ്ങളൊന്നിച്ചായിരുന്നു … എന്നിട്ടും ഇവിടെയാരും സംശയിക്കാത്തതെന്താന്ന് നിനക്കറിയോ …? ” മയി ചോദിച്ചു …
നിവ മിണ്ടിയില്ല …….
” അവർക്ക് നിന്നേക്കാൾ വിവരമുള്ളത് കൊണ്ട് .. കാണുന്നതെല്ലാം മഞ്ഞയല്ലാത്തത് കൊണ്ട് … “
നിവയുടെ മുഖം ചുവന്നു ..
” കിടക്ക് ………” മയി അവളെ നോക്കി പറഞ്ഞു …
ഉറങ്ങാൻ കിടക്കുമ്പോൾ നിവയുടെ ചിന്ത പല വഴിക്ക് സഞ്ചരിച്ചു …
ഏട്ടനും ഇവരും തമ്മിൽ എന്താണ് പ്രശ്നം …?
എന്തോ ഉണ്ട് … അല്ലാതെ ഒരിക്കലും അവർ തന്റെ കൂടെ വന്ന് കിടക്കില്ല … എന്തായാലും അതത്ര ചെറിയ പ്രശ്നവും അല്ല ..
അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ , അത് കണ്ടു പിടിക്കണം …
അത് ഒന്ന് ഊതി വീർപ്പിച്ചാൽ , ഏട്ടൻ തന്നെ ഇവരെ ചവിട്ടി പുറത്താക്കും ….
തത്ക്കാലം ഇവരുടെ കൈയ്യിലെ ചട്ടുകമായി നിൽക്കുന്നതാണ് ബുദ്ധി …
* * * * * * * * * *
പിറ്റേന്ന് ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് , അപ്സരയെ സൈക്കിളിൽ ഇരുത്തി ഉരുട്ടി കളിപ്പിച്ചു നിൽക്കുമ്പോൾ ഒരു കാർ ഗേറ്റ് കടന്നു വന്നു …
മയി അപ്പൂസിന്റെ സൈക്കിൾ പിടിച്ചു നിർത്തിയിട്ട് നിവർന്നു നോക്കി …
കാറിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി … മയിയെ കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു …
അവൻ അവളെ പിന്നെയും പിന്നെയും നോക്കി …
മയിക്കെന്തോ വല്ലായ്മ തോന്നി .. അവൾ കുനിഞ് അപ്പൂസിനെ സൈക്കിളിൽ നിന്നെടുത്തു …
” ആരാ …..” അവൾ ചോദിച്ചു ..
” നിഷിന്റെ വൈഫല്ലേ ….? ” ആഗതൻ ചോദിച്ചു …
” അതേ …. “
” അവനില്ലേ …… ?”
” ഉണ്ട് ……..”
” ഞാൻ നിഷിന്റെ ഫ്രണ്ടാണ് … ആദർശ് ….”
” കയറി വരൂ …….” അവൾ ക്ഷണിച്ചു …
” ആഹാ …. ഇതാരാ … ആദർശോ……. വാ ….. അമ്മേ … ദേ ആരാ വന്നേന്ന് നോക്കിയേ ….” അങ്ങോട്ട് വന്ന ഹരിത ആഹ്ലാദത്തോടെ അവനെ ക്ഷണിച്ചിട്ട് അകത്തേക്ക് നോക്കി വിളിച്ചു …
അവൻ ഈ വീട്ടുകാരുമായി നല്ല അടുപ്പമുണ്ടെന്ന് ഹരിതയുടെ പെരുമാറ്റത്തിൽ നിന്ന് മയിക്ക് മനസിലായി ..
ആദർശ് ചിരിച്ചു കൊണ്ട് കയറിച്ചെന്നു … പെട്ടന്ന് എന്തോ ഓർത്ത പോലെ തിരികെ ഇറങ്ങി , കാർ തുറന്ന് എന്തോ എടുത്തു കൊണ്ട് തിരിച്ചു വന്നു …
അപ്പോഴേക്കും വീണയും രാജശേഖറും അങ്ങോട്ടു വന്നു …
” ആദർശ് …. കയറി വാ മോനേ …… ” രാജശേഖർ ക്ഷണിച്ചു …
അവൻ നേരെ വന്ന് , മയിയുടെ കൈയിലിരുന്ന അപ്സരയുടെ കൈയ്യിൽ പിടിച്ചു …
” അപ്പൂസേ … മറന്നോ അങ്കിളിനെ ….” അവൾ നാണിച്ചു ചിരിച്ചു ..
കൈയിലിരുന്ന ചോക്ലേറ്റ് ബോക്സ് അവൻ അവൾക്ക് നീട്ടി ….
അവൾ മയിയെ നോക്കിയിട്ട് , മെല്ലെ കൈ നീട്ടി വാങ്ങി …
അവൻ എടുക്കാൻ നോക്കിയെങ്കിലും അവൾ പോയില്ല …
” മറന്നു പോയി .. ഇനി കുറച്ച് കഴിയുമ്പോ ഇണങ്ങും…….” വീണ ചിരിച്ചു കൊണ്ട് പറഞ്ഞു …
അപ്പൂസിനോട് സംസാരിക്കുമ്പോഴും അവൻ ഇടം കണ്ണിട്ട് മയിയെ നോക്കുന്നുണ്ടായിരുന്നു … അവൾക്കെന്തോ അസ്വസ്ഥത തോന്നി ..
” നിഷിൻ എവിടെ ………” അവൻ ഹാളിലേക്ക് പ്രവേശിച്ചു കൊണ്ട് ചോദിച്ചു …
” മുകളിലുണ്ട് … ലീവാണെങ്കിലും ഏത് സമയവും ഫോൺ കോൾസാ ….” വീണ പറഞ്ഞു ….
” മോളെ .. കിച്ചൂനെ വിളിക്ക് ….” രാജശേഖർ പറഞ്ഞു …
മയി അപ്പൂസിനെ ഹരിതയുടെ കൈയിൽ കൊടുത്തിട്ട് മുകളിലേക്ക് കയറിപ്പോയി …
മിനിറ്റുകൾ കഴിഞ്ഞപ്പോൾ അവൾ നിഷിനുമായി തിരികെ വന്നു …
” ഹലോ …. അളിയാ ……” ആദർശ് ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് വന്നു … ഇരുവരും പരസ്പരം ആശ്ലേഷിച്ചു …
നിഷിന്റെ ഏറ്റവും അടുത്ത സുഹൃത്താണയാൾ എന്ന് മയിക്ക് മനസിലായി … പക്ഷെ മുൻപ് ഒരിക്കലും നിഷിനൊപ്പം കണ്ടിട്ടില്ല ..
നിഷിൻ ആദർശുമായി സംസാരിക്കാനിരുന്നു …
” ശ്ശെടാ …. നീയാദ്യം എന്നെ പരിചയപ്പെടുത്തിക്കൊടുക്ക് … നിന്റെ ഭാര്യക്ക് …..”
നിഷിൻ പെട്ടന്നോർത്ത പോലെ മയിയെ അടുത്തേക്ക് വിളിച്ചു …
” മീറ്റ് മൈ ഫ്രണ്ട് Mr . ആദർശ് …. ആദർശ് സത്യമൂർത്തി …..” കൂടുതൽ വിവരങ്ങൾ അവൻ പറഞ്ഞില്ല …
ആ പേര് കേട്ടതും മയിയുടെ തലച്ചോറിലെവിടെയോ ഒരു കൊളളിയാൻ മിന്നി ….
” ആദർശ് … ലഞ്ച് കഴിഞ്ഞിട്ടേ പോകാവൂ ….” ഹരിത പറഞ്ഞു
” അത്രേയുള്ളു ഏട്ടത്തി …..” അവൻ പറഞ്ഞു …
മയി അപ്പോഴും ആ പേര് ഓർമയിൽ ചികയുകയായിരുന്നു … ആദർശ് സത്യമൂർത്തി …
* * * * * * * * * * * * *
ലഞ്ചിനു ശേഷം , മുകളിൽ മട്ടുപ്പാവിൽ ആദർശ് നിഷിനെയും കൂട്ടി പോയി ….
അവിടെ എത്തിയതും , അവൻ പെട്ടന്ന് കടന്നു വന്ന വഴികൾ ഒന്ന് കൂടി നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തി …
” നീ എന്താ നോക്കുന്നേ …. ” നിഷിൻ ചോദിച്ചു …
” എടാ ഇത് ആ പെണ്ണല്ലേ ,നീ എറണാകുളത്തായിരുന്നപ്പോൾ ആ പ്രസ് മീറ്റിൽ വന്ന പെണ്ണ് … റെവന്യൂ മന്ത്രി മൂസാഫിർ പുന്നക്കാടനുമായുള്ള പ്രശ്നത്തിൽ … “
നിഷിൻ ഗൂഢമായി ചിരിച്ചു …
” ഷിറ്റ് …. ഒരു ജേർണലിസ്റ്റിനെ മാര്യേജ് ചെയ്യുന്നു എന്ന് കേട്ടപ്പോഴേ നിനക്കിതെന്തു പറ്റിയെന്ന് ഞാനോർത്തതാ .. … നിനക്ക് പറ്റിയത് നിന്നെപ്പോലെ ഒരു ഐഎഎസോ , ഡോക്ടറോ , കോളേജ് പ്രഫസറോ ആയിരുന്നു .. ഇതിപ്പോ … അതും ഇവൾ … ആ കേസിൽ നിന്നെ ക്യാമറയുടെ മുന്നിലിട്ട് വെള്ളം കുടിപ്പിച്ചത് ഇവൾ മാത്രമല്ലേടാ … ആ നാറി മന്ത്രിയുടെ പക്ഷം പിടിച്ച് , റിപ്പോർട്ടുകൾ തയ്യാറാക്കി ടെലികാസ്റ്റ് ചെയ്തതും ഇവൾ മാത്രമല്ലേ … നീ കുറച്ചെങ്കിലും പ്രതിരോധത്തിലായത് ഇവളൊരുത്തി കാരണമല്ലേ … ഭരണപക്ഷ രാഷ്ട്രിയ അനുയായികൾ ഇവളുടെ റിപ്പോർട്ടുകൾ പൊക്കിപ്പിടിച്ചാ നിന്നെ പ്രതിരോധിച്ചത് . . അതെല്ലാം മറന്നിട്ടാണോ നീ ഇവളെ കെട്ടി നിന്റെ അന്തപുരത്തിൽ കൊണ്ടിരുത്തിയത് ….? കാശ് കൊടുത്തു കടിക്കുന്ന നായയെ വാങ്ങിയെന്ന് കേട്ടിട്ടേയുള്ളു .. ഇപ്പോ കണ്ടു .. “
” ബട്ട് ഐ ലവ് ഹെർ …….. ” നേർത്തൊരു പുഞ്ചിരി നിഷിന്റെ ചുണ്ടിൽ തത്തിക്കളിച്ചു …
ആ സമയം മയി ഫോണെടുത്ത് ഗൂഗിളിൽ സെർച്ച് ചെയ്യുകയായിരുന്നു ആദർശ് സത്യമൂർത്തി എന്ന പേര് …
വിരൽ തുമ്പിൽ തെളിഞ്ഞു വന്നത് റീക്ക് എന്ന മൈക്രോസോഫ്റ്റ് കമ്പനി ഉടമ ആദർശ് സത്യമൂർത്തിയുടെ ചിത്രമാണ് … സൗത്തിന്ത്യയിലെ വൺ ഓഫ് ദ ബെസ്റ്റ് ബിസിനസ് മാഗ്നറ്റ് …
അവളുടെ നെറ്റിയിൽ ചുളിവുകൾ വീണു …
* * * * * * * * * * * * * * * * *
ഞായറാഴ്ച ….
വൈകിട്ടോടെ നിവ പോകുവാൻ റെഡിയായി … ഇനിയേതായാലും ഒരു മാസം കഴിയാതെ നാട്ടിലേക്ക് വരില്ലെന്ന് അവൾ മനസിലുറപ്പിച്ചു …
മയി വരുമ്പോൾ അവസാന വട്ട മേക്കപ്പിലായിരുന്ന നിവ.. മയി ഡോറടച്ചു …
നിവയുടെ കണ്ണുകളിൽ ഒളിച്ചിരുന്ന പുച്ഛം മയിക്ക് മനസിലായി …
” അപ്പോ പോകാൻ പോവാ ല്ലേ ……”
” അതേ ….” നിവയുടെ പോയ നാവ് തിരികെ വന്നു എന്ന് ആ മറുപടിയിൽ നിന്ന് മയിക്ക് വ്യക്തമായി …
” അപ്പോ ഇനി മുതൽ ഈ റൂമിൽ ഞാൻ തനിച്ച് ……”
” ഇവിടെയോ … ഇവിടെ പറ്റില്ല … ഈ റൂം ഞാൻ ലോക്ക് ചെയ്തോണ്ട് പോകും …… “
” അതെന്തിനാ ലോക്ക് ചെയ്തോണ്ടു പോകുന്നേ …. “
”ഞാനിവിടെ ഇല്ലല്ലോ .. പിന്നെന്തിനാ വെറുതെ തുറന്നിടുന്നേ …. “
” ശരി … ഇനി മുതൽ ലോക്ക് ചെയ്ത്കൊണ്ട് പോകണ്ട … ആ കീ എന്നെ ഏൽപ്പിച്ചേക്ക് …..”
”ദേ … രണ്ട് ദിവസം താഴ്ന്ന് തന്നു എന്ന് വച്ച് , എന്റെ തലയിൽ കയറിയിരുന്നു നിരങ്ങാൻ വരല്ലേ …..” അവൾ മയിയുടെ നേർക്ക് കയർത്തു …
” നീ ആരെ കണ്ടിട്ടാ , ഇപ്പോ ഇങ്ങനെ തിളയ്ക്കുന്നേ … അങ്ങ് ബാംഗ്ലൂര് പോകുന്നതിന്റെ തിളപ്പാണോ … അവിടെ പോയാൽ രെക്ഷപ്പെട്ടു എന്നാണോ വിചാരം ….?” മയി ചോദിച്ചു ..
നിവ ചുണ്ടു കോട്ടി ..
” എന്നാൽ ഞാൻ പറയുന്നത് കേട്ടോ … ഇന്ന് മുതൽ ഞാൻ വീഡിയോ കോൾ ചെയ്യുമ്പോഴെല്ലാം നീ ഫോണെടുത്തോണം … വീഡിയോ കോൾ എന്നല്ല ഏത് കോളായാലും എടുത്തോണം … ചിലപ്പോ അഞ്ചോ പത്തോ തവണ ഞാൻ വിളിക്കും … ചിലപ്പോ നീ പഠിക്കുമ്പോ ലൈവ് ഓണാക്കി വയ്ക്കാൻ പറയും … എന്ത് പറഞ്ഞാലും അതനുസരിച്ചോണം …..”
നിവ മയിയെ തുറിച്ച് നോക്കി ….
” തീർന്നില്ല , വെള്ളിയാഴ്ച വൈകിട്ട് , ഞാൻ ബുക്ക് ചെയ്യുന്ന ബസിൽ , അല്ലെങ്കിൽ ട്രയിനിൽ നീ നാട്ടിലേക്ക് വന്നോണം … ഏതാ ബുക്ക് ചെയ്തേക്കുന്നേന്ന് ഞാൻ ഈവനിംഗ് പറയും .. നീ തേർസ്ഡേ തന്നെ എല്ലാം പാക്ക് ചെയ്തു വച്ചോണം .. ഇതിലേതെങ്കിലും തെറ്റിച്ചാൽ , അടുത്ത മണിക്കൂറുകളിൽ നിന്റെ ഏട്ടന്മാരും അച്ഛനും അമ്മയും എല്ലാം ബാംഗ്ലൂരിലുണ്ടാകും ……. പറഞ്ഞത് വാവയ്ക്ക് മനസിലാകുന്നുണ്ടോ …? ” മയിയുടെ ശബ്ദം ഉറച്ചതും ദൃഢവുമായിരുന്നു …..
( തുടരും )
അമൃത അജയൻ
അമ്മൂട്ടി
അമൃത അയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission