Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 15

aksharathalukal sayaanam namukai mathram

” പറഞ്ഞതൊക്കെ മനസിലായോ .. “

നിവ മിണ്ടാതെ നിൽക്കുന്നത് കണ്ട് മയി ആവർത്തിച്ചു ചോദിച്ചു ..

നിവ മയിയെ രൂക്ഷമായി നോക്കി ..

” എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം … നിന്റെ തീരുമാനം പോലിരിക്കും ബാക്കി കാര്യങ്ങൾ ….”

” നിങ്ങളുടെ കോൾസ് എടുത്താൽ പോരേ … എടുക്കാം …… ” നിവ രോഷത്തോടെ പറഞ്ഞു …

” വെറുതെ എടുത്താൽ പോരാ… വിളിക്കുന്നത് വീഡിയോ കോൾ ആണെങ്കിൽ അതെടുക്കണം … അന്നത്തെപ്പോലെ റിസോർട്ടിലോ ബീച്ചിലോ ഒക്കെയാണെങ്കിൽ നിന്റെ അവിടുത്തെ പൊറുതി അവസാനിപ്പിക്കും ഞാൻ …..

” ഛെ ………” കൈയ്യിലിരുന്ന ചീർപ് അവൾ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു ..

” നിങ്ങൾ ജയിച്ചൂന്ന് കരുതണ്ട .. ഒരു ദിവസം നിങ്ങളുടെ മുന്നിൽ ഞാൻ നിവർന്ന് നിന്ന് സംസാരിക്കും .. നോക്കിക്കോ ….” നിവ പകയോടെ പറഞ്ഞു …

മയി അതിനു പുഞ്ചിരിക്കുക മാത്രം ചെയ്തു …..

* * * * * * * * * * * * * * *

നിവയെ ബസ് കയറ്റി വിടുന്നത് നിഷിനായിരുന്നു … മയിയും അവർക്കൊപ്പമുണ്ടായിരുന്നു …

നിവയുടെ ബാഗ് ഡിക്കിയിലെടുത്തു വച്ച് ഡിക്കിയടച്ചു … നവീൻ ഹോസ്പിറ്റലിലായിരുന്നു .. അമ്മയോടും അച്ഛനോടും അപ്പൂസിനോടും ഹരിതയോടും അവൾ യാത്ര പറഞ്ഞു കാറിലേക്ക് കയറി …

നിഷിനൊപ്പം ഫ്രണ്ടിൽ മയിയും….

ഇടയ്ക്ക് കാർ നിർത്തി , നിവയ്ക്ക് മിനറൽ വാട്ടറും , സ്നാക്സും വാങ്ങിക്കൊടുത്തു .. അവളത് ഹാന്റ് ബാഗിൽ വച്ചു ..

ബസ്സ്റ്റേഷനിൽ എത്തിയ ശേഷം , കാറിന്റെ ഡിക്കിയിൽ നിന്ന് ബാഗെടുത്തു , നിവയെയും കൂട്ടി ബസിനടുത്തേക്ക് ചെന്നു …

ടിക്കറ്റ് ചെക്ക് ചെയ്ത ശേഷം , നിവയെ സീറ്റിൽ കൊണ്ടിരുത്തി അവർ യാത്ര പറഞ്ഞിറങ്ങി .. എങ്കിലും ബസ് പോകുന്നത് വരെ അവർ കാത്തു നിന്നു ..

ശേഷം , കാറെടുത്ത് നഗരത്തിന്റെ തിരക്കിലേക്കിറങ്ങി ..

മയി ചിന്തിച്ചത് നിവയെ കുറിച്ചാണ് .. അപകടത്തിലേക്കാണ് അവളുടെ പോക്ക് .. അവളെ രക്ഷിച്ചെടുക്കേണ്ട കടമ തനിക്കുണ്ട് ..

” നമുക്ക് എന്തെങ്കിലും കഴിച്ചാലോ …? ” നിഷിൻ ചോദിച്ചു …

അവൾ എതിർത്തില്ല …

നഗരത്തിലെ പേരെടുത്ത റസ്റ്റൊറന്റിന്റെ പാർക്കിംഗ് ഏരിയായിലേക്ക് നിഷിന്റെ കാർ കടന്നു ചെന്ന് നിന്നു …

തൊപ്പി വച്ച് , ഡോറിനരികിൽ നിന്ന മനുഷ്യൻ അവരെ അകത്തേക്ക് വെൽക്കം ചെയ്തു …

സെക്കൻറ് ഫ്ലോറിലെ ഫാമിലി ഹട്ടിലാണ് അവർ ഇരുന്നത് …

” നിവ എന്താ ഫാഷൻ ഡിസൈനിംഗ് തിരഞ്ഞെടുത്തത് ….?” വെയ്റ്റർ വന്ന് ഓർഡർ എടുത്തു പോയിക്കഴിഞ്ഞപ്പോൾ മയി ചോദിച്ചു …

സംസാരിക്കാൻ എന്തെങ്കിലുമൊന്ന് തുറന്നു കിട്ടാൻ കാത്തിരിക്കുകയായിരുന്നു നിഷിനും …

” അവൾ പെട്ടന്നെടുത്തൊരു തീരുമാനമായിരുന്നു .. എൻജിനിയറിംഗിന് പോകാനിരുന്നതാ .. അവളുടെ ക്ലോസ് ഫ്രണ്ട്സ് ഇതാ ചെയ്യുന്നേന്ന് പറഞ്ഞ് വീടെടുത്ത് തല തിരിച്ചു വച്ചു .. വീട്ടിൽ ആർക്കും ഇൻട്രസ്റ്റ് ഉണ്ടായിട്ടല്ല … അവളുടെ ഇഷ്ടം നടക്കട്ടെ എന്ന് വച്ചു … “

മയി തല കുലുക്കി …

” അത് നല്ലൊരു ഫീൽഡാണ് .. കുറച്ച് ടാലന്റ്സ് വേണം .. ക്രിയേറ്റീവ് ആകണം … എങ്കിലേ പിടിച്ചു നിൽക്കാൻ പറ്റൂ ….”

” അവൾ കോൺഫിഡന്റ് ആണെന്നാ പറച്ചിൽ …..” നിഷിൻ പറഞ്ഞു …

” അവളുടെ കോളേജിലേക്ക് അടുത്തെങ്ങാനും പോയിരുന്നോ ….” മയി ചോദിച്ചു …

” ഞാൻ പോയില്ല .. അച്ഛൻ ഇടയ്ക്ക് പോയിരുന്നു … എന്തേ ..”

” ഇടയ്ക്ക് ഹോസ്റ്റലിലും കോളേജിലുമൊക്കെ വിസിറ്റ് ചെയ്യുന്നത് നല്ലതാ … പുറത്ത് തനിയെ നിന്ന് പഠിക്കുന്ന കുട്ടിയല്ലേ …..”

” അവളങ്ങനെ വേണ്ടാത്ത പണിയ്ക്കൊന്നും പോകില്ല … വീട്ടിൽ ഉള്ളതേയുള്ളു … പുറത്ത് സൈലന്റാണ് ….. എന്നും അമ്മയുടെ ശബ്ദം കേൾക്കാതെ ഉറങ്ങില്ല അവൾ … ” നിഷിൻ പറഞ്ഞപ്പോൾ മയിക്ക് അത്ഭുതമൊന്നും തോന്നിയില്ല …

വാവയെ എത്രമാത്രം കൊഞ്ചിച്ചും ലാളിച്ചുമാണ് അവർ വച്ചിരിക്കുന്നതെന്ന് അവൾ കണ്ടതാണ് … അത്ര തന്നെ വിശ്വാസവുമാണ് അവളെ … അവൾ വളർന്നു പോയി എന്നവർക്ക് ഇന്നും തോന്നിയിട്ടില്ല …

അവളാ വീടിന് ഒരു കണ്ണീരാകരുതേയെന്ന് അവൾ ആഗ്രഹിച്ചു … രാജശേഖറിന് മകളെന്നാൽ ജീവനാണ് …

വെയ്റ്റർ ഫുഡ് കൊണ്ട് വന്ന് , ഇരുവർക്കുമായി സെർവ് ചെയ്തു കൊടുത്തു ..

” അത് പോട്ടെ നമ്മുടെ കാര്യം പറ …. എന്നാ സത്യം തെളിയിക്കുന്നത് …. ?” മയി ചോദിച്ചു …

നിഷിൻ അവളെ നിസഹായനായി നോക്കി …

” എന്നെങ്കിലും തെളിയിക്കാം എന്ന് പറഞ്ഞാൽ പോരാ … ഒരു ഡെഡ് ലൈൻ വേണം … അതുവരെ നിങ്ങൾക്ക് ടൈമുണ്ടാവും … അതിനുള്ളിൽ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ ഞാൻ നിങ്ങളുടെ ലൈഫിൽ നിന്ന് പോകും .. എനിക്ക് എന്റെ ലൈഫ് സ്പോയിൽ ചെയ്യാൻ കഴിയില്ല …. ” മയി തറപ്പിച്ച് പറഞ്ഞു …

നിഷിന്റെ മുഖം കുനിഞ്ഞു …

” മയീ … ഞാൻ സത്യം പറയാം .. വെറുമൊരു ഊമക്കത്ത് വച്ച് ഞാനെവിടെ പോയി സത്യം തെളിയിക്കാനാ .. നീ തന്ന കത്തിലെ സീൽ നോക്കി , അത് കോഴിക്കോട് , പുല്ലാളൂർ എന്ന സ്ഥലത്ത് നിന്നാണ് … അവിടെ അന്വേഷിച്ചു .. പക്ഷെ പ്രത്യേകിച്ച് കാര്യമൊന്നുമില്ല … ദിവസം എത്രയോ കത്തുകൾ അവിടെ നിന്ന് പോകുന്നുണ്ട് …..” അവൻ തുറന്നു പറഞ്ഞു ..

” കത്ത് ഫേക്കാണെന്ന് തെളിയിച്ചില്ലെങ്കിലും , അതിലുള്ള കാര്യങ്ങൾ സത്യമല്ല എന്ന് തെളിയിച്ചാൽ മതി …..” മയി പറഞ്ഞു …

” എനിക്ക് അങ്ങനെയൊരു റിലേഷൻ ഇല്ല എന്ന് ഞാൻ പറഞ്ഞിട്ടും താൻ വിശ്വസിക്കുന്നില്ലല്ലോ .. ഇല്ലാത്ത ഒന്നിന് എന്ത് തെളിവാ കാണിക്കാനുണ്ടാവുക .. ഉള്ള കാര്യങ്ങൾക്കല്ലെ തെളിവുണ്ടാകൂ … “

” ശരി … നമ്മൾ ഒന്നിച്ചു ജീവിച്ചു തുടങ്ങുമ്പോൾ ഒരു സ്ത്രീ കുഞ്ഞിനെയും കൊണ്ട് കയറി വന്നാൽ ഞാനെന്ത് ചെയ്യണം …? “

” തനിക്കെന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം … “

” അത് പൊള്ളയായ വാക്കാണ് .. എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാത്രേ … നിങ്ങളെ തല്ലാനോ കൊല്ലാനോ ഒന്നും ഞാൻ മുതിരില്ലാന്ന് നിങ്ങൾക്കുമറിയാം … “

” അതിലും വലിയ ആയുധം നിനക്കുണ്ടല്ലോ മയി … നീയൊരു ജേർണലിസ്റ്റാണ് .. ഭാര്യയായ ജേർണലിസ്റ്റ് വിചാരിച്ചാൽ തീരാവുന്നതേയുള്ളു നിഷിൻ രാജശേഖർ IAS .. “

” എന്റെ കരിയർ ഞാൻ പ്രതികാരം തീർക്കാൻ ഉപയോഗിക്കില്ല … ഒരിക്കലും .. “

നിഷിൻ മിണ്ടാതിരുന്നു …

” ശരി …. സമ്മതിച്ചു … നിങ്ങൾ ഈ കാര്യത്തിൽ പെർഫെക്ട് ആണ് … പക്ഷെ എനിക്ക് വിശ്വാസക്കുറവുണ്ട് … കാരണം മറ്റൊരു പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ജീവിതം ഞാൻ നശിപ്പിച്ചു എന്നൊരു കുറ്റബോധം എനിക്കുണ്ടാവാതിരിക്കാൻ , ആ കത്തിന്റെ പിന്നാലെ ഞാനൊന്നു പോയി നോക്കട്ടെ ….?”

നിഷിൻ അവളെ നോക്കി …

” ഭർത്താവിന്റെ പൂർവ്വ ചരിത്രം അന്വേഷിക്കുന്നത് അത്ര നല്ല കാര്യമല്ല .. അറിയാം …. പക്ഷെ ഇവിടെ മറു വശത്ത് നിസഹായയായ സ്ത്രീയും കുഞ്ഞും .. അതാണെന്റെ കൺസേൺ … അത് സത്യമായാൽ ഞാൻ കാരണം നശിക്കുന്നത് അവരുടെ ഭാവിയാണ് .. അതെനിക്ക് അംഗീകരിക്കാൻ കഴിയില്ല … സോ നിങ്ങളുടെ പൂർണ സമ്മതവും സഹായവും ഉണ്ടെങ്കിൽ ഞാനാ കത്തിന്റെ പിന്നാലെ ഒന്ന് പോയി നോക്കും … മറു വശത്ത് , അങ്ങനെ രണ്ട് വ്യക്തികൾ ഇല്ല എന്ന് തെളിഞ്ഞാൽ മറ്റൊന്നും എനിക്ക് പ്രശ്നമല്ല … സമ്മതമാണോ ….?” മയിയുടെ കണ്ണുകൾ നിഷിന്റെ കണ്ണിൽ തറഞ്ഞു നിന്നു …

അവൻ അൽപ നേരം മിണ്ടാതെയിരുന്നു …

” സമ്മതം …..” ഭക്ഷണം കഴിക്കുന്ന മയിയെ നോക്കി അവൻ പറഞ്ഞു ..

” ആലോചിച്ചു മതി … ഞാൻ ചോദിച്ചത് സമ്മതം മാത്രമല്ല … സഹായം കൂടിയാണ് ….” അവൾ ഓർമിപ്പിച്ചു …

” ഓർമയുണ്ട് …. ഇതിനു വേണ്ടി തനിക്ക് എന്നോട് എന്ത് വേണമെങ്കിലും ചോദിക്കാം .. തന്നെക്കാൾ കൂടുതൽ എന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് എന്റെ ആവശ്യമാണ് … തനിക്കയച്ച കത്ത് ഒരു സൂചന മാത്രമായാണ് ഞാൻ കാണുന്നത് … നാളെ ചിലപ്പോ എനിക്ക് വേണ്ടപ്പെട്ട പലർക്കും ഇത് പോലെയൊരു കത്ത് അവർ അയച്ചേക്കും … എന്റെ കരിയർ തന്നെ സ്പോയിൽ ചെയ്യാൻ പറ്റുന്നത്ര ബ്ലാസ്റ്റിംഗ് എഫക്ട് ഉള്ള ബോംബ് ആണ് … ഒരു പക്ഷെ അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ താനെങ്കിലും എന്റെ കൂടെ ഉണ്ടാകുമല്ലൊ …”

” നിഷിൻ നിരപരാധിയാണെങ്കിൽ ഞാൻ കൂടെയുണ്ടാകും …. അല്ലെങ്കിൽ ഞാനാ സ്ത്രീയ്ക്കൊപ്പം നിൽക്കും …..”

” മതി … തന്റെ ഈ വാക്ക് മതി … “

ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവർ , വീട്ടിലേക്ക് തിരിച്ചു …

” ഈ ആദർശ് സത്യമൂർത്തി എന്ന ബിസിനസ് മാഗ്നറ്റുമായി നിഷിനെന്താ ബന്ധം …. ?” കാറിലിരുന്ന് മയി ചോദിച്ചു ..

” അന്വേഷണത്തിന്റെ ഭാഗമാണോ …? “

” അല്ല … അറിയാനുള്ള കൗതുകം … “

” ജേർണലിസ്റ്റിന്റെ കൗതുകം എനിക്ക് മനസിലാകും ….” അവൻ ചിരിച്ചു ..

” പറയാൻ ബുദ്ധിമുട്ടുണ്ടോ ….?”

” താൻ കരുതുന്ന പോലെ അവിശുദ്ധ ബന്ധമൊന്നുമല്ല .. അവന്റെ ബിസിനസിലൊന്നും എനിക്ക് യാതൊരു പങ്കുമില്ല … അവനെന്റെ ക്ലാസ്മേറ്റായിരുന്നു ….. യൂണിവേർസിറ്റി കോളേജിൽ ഞങ്ങളൊരേ ബാച്ചായിരുന്നു .. കോളേജിലെ ഫുഡ്ബോൾ ടീമിലും ഒരുമിച്ചുണ്ടായിരുന്നു .. അവന്റെ ഫാമിലി ചെന്നൈലാണ് … സോ അവന്റെ വീക്കെന്റുകൾ എന്റെ വീട്ടിലായിരുന്നു .. നാട്ടിൽ പോകുന്നത് ഓണം , ക്രിസ്തുമസ് വെക്കേഷന് മാത്രമായിരുന്നു .. “

” ഓ …. അങ്ങനെ ….”

* * * * * * * * * * * * *

രാത്രി ….

നിഷിൻ ഫോണിൽ സംസാരിച്ചിരിക്കുമ്പോൾ മയി റൂമിൽ വന്നു .. യെല്ലോ സ്ലീവ്ലെസ് ബനിയനും ത്രീ ഫോർത്തുമായിരുന്നു അവളുടെ വേഷം …

അവൻ സംസാരിച്ചു കഴിയട്ടെ എന്ന് കരുതി , ഒരു ചെയർ വലിച്ചിട്ട് കാലിന്മേൽ കാൽ കയറ്റി വച്ച് മയി ഇരുന്നു …

അവൻ പെട്ടന്ന് തന്നെ കോൾ അവസാനിപ്പിച്ചു മയിയെ നോക്കി …

നീണ്ട സിൽക്ക് മുടിയിഴകൾ മയിയുടെ നെഞ്ചിലേക്ക് വീണു കിടപ്പുണ്ടായിരുന്നു .. ആ കാഴ്ച നിഷിനെ എവിടെയോ കൊണ്ടെത്തിച്ചു …

അവളുടെ വെളുത്ത കണംങ്കാലിലേക്കും , മാറിടത്തിലേക്കും ഇടറി വീണ കണ്ണുകളെ നിയന്ത്രിക്കാൻ അവൻ പാട് പെട്ടു …

” അന്വേഷണത്തിന്റെ ഭാഗമായി എനിക്ക് ചില ഡീറ്റെയിൽസ് വേണം … ” മയി മുഖവുരയില്ലാതെ പറഞ്ഞു ..

” എന്ത് ഡീറ്റെയിൽസ് ..?”

” നിഷിന്റെ കൂടെ കോളേജിലുണ്ടായിരുന്ന ഫ്രണ്ട്സിന്റെ മുഴുവൻ പേരും , അവരുടെ ഇപ്പോഴത്തെ ഐഡന്റിറ്റിയും .. ബോത്ത് മെയിൽ ആൻഡ് ഫീമെയിയിൽ ..fb ലോ ഇൻസ്റ്റയിലോ ഒക്കെ എല്ലാവരും ഉണ്ടാകും .. കിട്ടുന്ന എല്ലാവരുടേയും വേണം … “

നിഷിന്റെ മുഖത്ത് ഒരു വല്ലായ്മയുണ്ടായി ..

” പേടിക്കണ്ട .. വല്ല ക്യാംപസ് ലവും ഉണ്ടായിരുന്നെങ്കിൽ , അതൊന്നും എനിക്ക് പ്രശ്നമല്ല … ഒന്നല്ല ഒരായിരം എണ്ണം ഉണ്ടായിരുന്നൂന്നറിഞ്ഞാലും ഐ ഡോണ്ട് കെയർ … “

” തരാം … പക്ഷെ പെട്ടന്ന് പറഞ്ഞാൽ , സോഷ്യൽ മീഡിയയിലൊന്നും എല്ലാവരും ഇല്ല … “

” ഉള്ളവരുടെ മതി ….”

” തരാം …. നാളെയോ മറ്റന്നാളോ …”

” നാളെ … നാളെ രാത്രിക്ക് മുന്നേ തരണം … “

” ശരി ……”

” ദെൻ ഗുഡ് നൈറ്റ് ……”

” താനെവിടെയാ കിടക്കുന്നേ …. “

” വാവേടെ റൂമിൽ … ഇന്നവളില്ലാത്തത് കൊണ്ട് ബോറടിക്കും …. സാരമില്ല … ” പറഞ്ഞിട്ട് അവൾ എഴുന്നേറ്റ് ഡോറിന് നേരെ നടന്നു ….

നിഷിൻ അവൾ പോകുന്നത് നോക്കിയിരുന്നു …..

( തുടരും )

അമൃത അജയൻ

അമ്മൂട്ടി ..

 

അമൃത അയന്റെ മറ്റു നോവലുകൾ

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!