മയി അവളെ തന്നെ നോക്കി നിന്നു … മയി നിൽക്കുന്നത് നിവ ശ്രദ്ധിച്ചിരുന്നില്ല … വസ്ത്രങ്ങൾ നിലത്തേക്ക് വലിച്ചിട്ടിട്ട് അവൾ ബാഗടച്ച് എഴുന്നേറ്റു …..
” ഞാനൊന്നുറങ്ങട്ടെ അമ്മേ .. നല്ല ക്ഷീണോണ്ട് … “
” പോയി ഫ്രഷ് ആയി വാ … ഫുഡ് കഴിച്ചിട്ട് കിടന്നുറങ്ങിക്കോ ….” വീണ പറഞ്ഞു ..
” അമ്മേ …..” അവൾ ചിണുങ്ങി …
” വാവേ ……….” വീണ താക്കീതു പോലെ വിളിച്ചു …
” വരാം ….” അവൾ അമ്മയെ നോക്കി കവിൾ വീർപ്പിച്ചു .. .
വീണയുടെ കവിളത്ത് ഒരുമ്മ കൊടുത്തിട്ട് തിരിഞ്ഞതും , സ്റ്റെയറിനടുത്ത് അവളെ തന്നെ നോക്കി ചെറുചിരിയോടെ നിൽക്കുന്ന മയിയെ കണ്ടു …
നിവ ആദ്യമൊന്ന് ഞെട്ടി .. പിന്നെ അവൾ കണ്ണു കൂർപ്പിച്ച് മയിയെ നോക്കി ..
” നീ പോയിക്കഴിഞ്ഞാൽ ഈ വീട്ടിലെല്ലാവരും സൈലന്റ്റാ വാവേ ….. അപ്പൂസ് പോലും ….” മയി ചിരിച്ചു കൊണ്ട് അവൾക്കടുത്തേക്ക് വന്നു …
നിവ ചിരിച്ചെന്ന് വരുത്തി നിന്നു .. വീണയുള്ളതിനാൽ അവൾക്ക് മുഖം കറുപ്പിക്കാനും കഴിയില്ലായിരുന്നു …
അപ്പോഴേക്കും ഹരിത അപ്പൂസിനെയും കൊണ്ട് താഴേക്കിറങ്ങി വന്നു … നിവയെ കണ്ടതും അവൾ ഹരിതയുടെ കൈയിൽ നിന്ന് ഊർന്ന് താഴെയിറങ്ങി ..
” റ്റേറ്റീമ്മാ ………..” അവൾ ആർത്തു ചിരിച്ചു കൊണ്ട് ഓടി വന്നു നിവയെ കെട്ടിപ്പിടിച്ചു ..
നിവ ബാഗ് താഴെയിറക്കി വച്ച് അവളെയെടുത്തു ..
” ചേച്ചീമ്മേടെ മുത്തേ .. ചുന്ദരീ …. ” നിവ പാട്ട് പാടുന്നത് പോലെ അവളെ വിളിച്ചു …
” ആപ്പൂച്ചിന് ടോക്കി ….” അവൾ കുഞ്ഞിക്കൈ നീട്ടീപ്പിടിച്ചു …
വീണയും ഹരിതയും അത് കണ്ട് പൊട്ടിച്ചിരിച്ചു … മയിക്ക് മാത്രം അതെന്താണെന്ന് മനസിലായില്ല .. അപ്പൂസിന്റെ ഭാഷയൊക്കെ മയി പഠിച്ചു വരുന്നതേയുണ്ടായിരുന്നുള്ളു …
നിവ അവളെ നോക്കി ഊറിച്ചിരിച്ചു .. പിന്നെ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ചോക്ക്ളേറ്റ്സ് എടുത്തു കൈയ്യിൽ പിടിച്ചിട്ട് അവളെ നോക്കി …
അപ്പോഴേക്കും കാര്യം മനസിലായത് പോലെ അവൾ നിവയുടെ കവിളിൽ കുഞ്ഞി ചുണ്ടുകൾ വിടർത്തി ഉമ്മ കൊടുത്തു …
” പോരാ ….. ചോക്ലേറ്റുമ്മ തരണം …..”
അവൾ ഒരുമ്മ കൂടി കൊടുത്തു …
” പോരാ …… ഐസ്ക്രീം ഉമ്മ തരണം … “
അവളൊരുമ്മ കൂടി കൊടുത്തു …
” അങ്ങ് കൊടുക്ക് വാവേ … പാവം എന്റെ കുഞ്ഞിനെ കൊതിപ്പിക്കാതെ … ” വീണ പറഞ്ഞു ..
” അങ്ങനൊന്നും കൊടുക്കില്ലവൾക്ക് … അല്ലേടി കള്ളി …..” പറഞ്ഞു കൊണ്ട് നിവ ബാഗുമെടുത്ത് അപ്പൂസിനെയും കൊണ്ട് മുകളിലേക്ക് നടന്നു …
കുറേ കഴിഞ്ഞ് അവൾ അപ്പൂസുമായി താഴെ വന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു … അപ്പൂസിനെ വീണയെ ഏൽപ്പിച്ചിട്ട് അവൾ ഉറങ്ങാനായി പോയി …
വീണ നിവ വാരിയിട്ട വസ്ത്രങ്ങൾ എടുത്ത് വാഷിംഗ് മെഷീനിൽ കൊണ്ടിട്ടു ..
* * * * * * * * *
മയിക്ക് ഓഫീസിൽ ഒന്ന് രണ്ട് എമർജൻസി ഉണ്ടായിരുന്നത് കൊണ്ട് , പോയിട്ട് ഉച്ചയായപ്പോൾ തിരിച്ചു വന്നു .. അപ്പോഴും നിവ എഴുന്നേറ്റിരുന്നില്ല …
മയി റൂമിൽ പോയി ഡ്രസ് മാറിയിട്ട് നിവയുടെ റൂമിൽ ചെന്ന് മുട്ടി വിളിച്ചു … കുറേ സമയം കാത്തു നിന്നിട്ടാണ് നിവ കതക് തുറന്നത് … അവൾ ഉറക്കപിച്ചിലായിരുന്നു ….
” എന്താ ….?” അവൾ ദേഷ്യപ്പെട്ടു …
” മതി ഉറങ്ങിയത് …. എണീറ്റ് വാ …”
” എപ്പോ ഉറങ്ങണം എഴുന്നേൽക്കണം എന്നൊക്കെ എനിക്കറിയാം … നിങ്ങളാരാ ഇതൊക്കെ ചോദിക്കാൻ .. ” അവൾ മയിയുടെ നേർക്ക് പോരിന് തയ്യാറായി …
” നിന്നോട് തർക്കിക്കാൻ വന്നതൊന്നുമല്ല .. മാറ് ഞാനകത്ത് കയറട്ടെ ….”
” ഇവിടെ പറ്റില്ല … നിങ്ങളൊരുത്തി കാരണം എനിക്കോരോന്നു നഷ്ടപ്പെടുവാ .. മേലിൽ എന്റെ ജീവിതത്തിൽ ഇടപെട്ട് പോകരുത് ….” അവളുടെ കണ്ണിൽ തീയുണ്ടായിരുന്നു …
മയി അവളെ സൂക്ഷിച്ച് നോക്കി … എന്നിട്ട് അവൾ പാതിയടച്ച് പിടിച്ചു നിന്ന ഡോർ ഒറ്റത്തള്ളിന് തുറന്നു അകത്തു കയറി …
നിവ വേച്ചു വീഴാൻ പോയി ..
മയി വേഗം ഡോറടച്ചു ….
” ഏട്ടനിവിടെ ഇല്ലല്ലോ .. നിങ്ങൾക്ക് ആ റൂമിൽ തന്നെ ഇരുന്നാൽ പോരെ …..” നിവ ചൊടിച്ചു …
” അതിന് നിന്റെ ഏട്ടൻ ഉള്ളത് കൊണ്ടാ ഞാനിവിടെ വന്നു കിടന്നതെന്ന് ആരു പറഞ്ഞു ….?” മയി റൂമിലാകമാനം കണ്ണോടിച്ച് എന്തോ തിരഞ്ഞുകൊണ്ട് ചോദിച്ചു …
” എന്താ ഇങ്ങനെ നോക്കുന്നേ …. ” അവൾ നോക്കുന്നത് കണ്ട് നിവ ചോദിച്ചു …
” നിന്റെ ബാഗെവിടെ ….?”
നിവയുടെ കണ്ണൊന്നു പിടഞ്ഞു …
” എന്റെ ബാഗ് എന്തിനാ നിങ്ങൾക്ക് .. അതിൽ നിധിയൊന്നും ഇരിപ്പില്ല … “
” നിധിയുണ്ടോ ഇല്ലയോന്നൊക്കെ നോക്കിയാലല്ലേ അറിയാൻ കഴിയൂ ….” മയിയുടെ കണ്ണുകൾ കബോർഡിന് മുകളിൽ പതിഞ്ഞു …
അവൾ അതിനു ചുറ്റും കറങ്ങി നോക്കിയപ്പോൾ , ഒരു വശത്തു കൂടി നീണ്ടു കിടക്കുന്ന നീല സ്ട്രാപ് കണ്ടു … അത് നിവയുടെ ബാഗിന്റെതാണെന്ന് മയി ഊഹിച്ചു … പെട്ടന്ന് ആരുടെയും കണ്ണിൽ പെടാത്ത രീതിയിൽ വച്ചിരിക്കുകയാണ് ആ ബാഗ് …
മയി ആ സ്ട്രാപ്പിൽ പിടിച്ചു വലിച്ചെങ്കിലും എടുക്കാൻ കഴിഞ്ഞില്ല …
” ആ ചെയറെടുത്തിട്ട് വാ ……” മയി നിവയെ നോക്കി പറഞ്ഞു …
അവൾ മിണ്ടാതെ നിന്നതേയുള്ളു ..
വെറുതെ പറഞ്ഞാൽ കേൾക്കില്ലന്ന് മയിക്ക് അറിയാം .. അവളെ അനുസരിപ്പിക്കാനും തനിക്കറിയാം … തത്ക്കാലം കടും പിടുത്തം വേണ്ടന്ന് വച്ച് , മയി തന്നെ പോയി ആ ചെയർ എടുത്തിട്ട് വന്നു…
കബോർഡിനടുത്തേക്ക് അത് നീക്കിയിട്ട് അവൾ തന്നെ കയറി ബാഗെടുത്തു ….
ചെയറിൽ നിന്നിറങ്ങി വന്ന് അവൾ ബെഡിൽ ഇരുന്നു … പിന്നെ അവൾ ബാഗ് പരിശോധിക്കാൻ തുടങ്ങി ..
അവളുടെ കുറച്ച് മേക്കപ്പ് ഐറ്റംസും ക്രീമും ആണ് ആദ്യം കിട്ടിയത് …
ഇടക്കിടക്ക് മയി നിവയെ നോക്കുന്നുണ്ടായിരുന്നു …
ശേഷം അവൾ വലിയ അറയുടെ സിബ് തുറന്നു … അതിനുള്ളിൽ നിന്ന് ഒരു മിനറൽ വാട്ടർ ബോട്ടിലും രണ്ട് കോള കാനും കിട്ടി …
മയി ആദ്യം മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്നു മണത്തു നോക്കി .. പിന്നെ ഒരൽപം കൈയ്യിലൊഴിച്ച് ഉരച്ചു നോക്കി …
ശേഷം ബോട്ടിൽ അടച്ചു വച്ചു .. കോള കാൻ തുറന്നു നോക്കി …. അത് തുറന്നപ്പോൾ തന്നെ മയിക്ക് തല പെരുത്തു …
അവൾ നിവയെ രൂക്ഷമായി നോക്കി …
” എന്താടി ഇത് …? “
” കോള …..” കടുപ്പിച്ചാണ് പറഞ്ഞതെങ്കിലും അവൾക്ക് എന്തോ ഒരു ഭയം തോന്നി ..
” കോളയിലെന്താന്നാ ചോദിച്ചത് …..”
” എനിക്കറിയില്ല …..” അവൾ എടുത്തടിച്ചത് പോലെ പറഞ്ഞു …
” നിനക്കറിയില്ലെങ്കിൽ നിന്റെ മൂത്ത ഏട്ടനെ വിളിക്കാം … ഡോക്ടർക്ക് എന്തായാലും അറിയാൻ കഴിയും … ” മയി പറഞ്ഞു കൊണ്ട് കോള കാനുമായി എഴുന്നേറ്റു …
” എന്റെ ഫ്രണ്ട് ഗിഫ്റ്റ് ചെയ്തതാ …. ” നിവ പെട്ടന്ന് മയിയുടെ മുന്നിൽ കയറി നിന്നു …
മയി അവളെ സൂക്ഷിച്ച് നോക്കി ..
” ബോയി ഫ്രണ്ടോ ഗേൾ ഫ്രണ്ടോ …..?”
നവ മിണ്ടിയില്ല …
” അന്ന് ഞാൻ , ഹോട്ടലിൽ വച്ച് കണ്ട അവൻ തന്നതാണോ … ഇത് …? “
” ങും …….” അവൾ മൂളി …
” അപ്പോ എനിക്കൂഹിക്കാം എന്താണെന്ന് … നിന്നെയിങ്ങനെ ഡ്രഗ്സ് തന്ന് നശിപ്പിക്കുന്നവനാണോ നിന്റെ കാമുകൻ … കെട്ടിപ്പിടിക്കുവോ ഉമ്മ വയ്ക്കുവോ സിനിമയ്ക്ക് പോവോ ഒക്കെ ചെയ്യുന്ന പോലാണോ ഈ ഡ്രഗ്സ് … നിനക്ക് ബോധമില്ലെ … അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ കുടുംബത്ത് ജനിച്ച നിനക്ക് ലോക പരിചയം തീരെ ഇല്ലാതെയൊന്നും ഇല്ലല്ലോ .. നാട്ടിൻ പുറത്തെ അഞ്ചാം ക്ലാസിലെ കുഞ്ഞുങ്ങൾക്കറിയാമല്ലോ ഇതിന്റെ ദോഷം ….”
” ഇതങ്ങനത്തെ വലിയ സാധനം ഒന്നുമല്ല .. ചില റെയർ കോളയിലും വൈനിലും ഒക്കെ ചേർക്കുന്നതാ … അതിന്റെ ടേസ്റ്റ് കിട്ടാൻ വേണ്ടിയാ ഇതിൽ ചേർത്തിരിക്കുന്നേ … ഡ്രഗ്സിന്റെ ഇഫക്ട് ഒന്നും ഇല്ല .. ” അവൾ പറഞ്ഞു …
” ഓഹോ …. ഹതു ശരി … മോളാരെയാ ഫൂളാക്കാൻ നോക്കുന്നേ … എന്നെയാണോ …? ” മയി ചോദിച്ചു …
” ഞാൻ സത്യമാ പറഞ്ഞത് ….”
” എന്താ അതിന്റെ പേര് ….?”
” പേര് …….” അവളൊന്നാലോചിച്ചു …
” പേര് എനിക്ക് ഓർമയില്ല …. “
” പിന്നെയാരാ പറഞ്ഞു തന്നത് ഇത് വൈനിൽ ചേർക്കുന്നതാണെന്ന് ….?”
അവൾ മിണ്ടിയില്ല …
” അവനാണോ …..”
” ങും …….”
മയി പുച്ഛത്തോടെ ചിരിച്ചു …
” നിന്നെയവൻ വഞ്ചിക്കുകയാ .. നുണ പറഞ്ഞ് ഡ്രഗ്സാണ് നിനക്ക് തരുന്നത് … “
” നിങ്ങളുടെ മനസിലിരിപ്പ് എനിക്കറിയാം … എന്നെയും ബെമിയെയും പിരിക്കണം .. അതിന് നിങ്ങൾ എന്ത് നുണയും പറയും ….” അവൾ മയിയുടെ നേരെ കണ്ണ് കൂർപ്പിച്ചു …
” ഞാനല്ല .. എന്റെ മുന്നിൽ നിന്ന് നീയാ കല്ലുവച്ച നുണ പറയുന്നത് …..” മയി അവളോട് രൂക്ഷമായി പറഞ്ഞു …
” ബെമി ചതിക്കില്ല … എനിക്കുറപ്പുണ്ട് ….”
” നിവാ … ഇത് ഡ്രഗ്സാണെന്ന് അറിയാതെയാണ് നീ കുടിക്കുന്നതെങ്കിൽ നിനക്ക് തെറ്റി … ഇത് ഡ്രഗ്സാണ് … നിനക്കവൻ തരുന്നത് ഡ്രഗ്സാണ്… നീയാലോചിച്ച് നോക്ക് , അവനെന്തിന് നിനക്കീ ഡ്രഗ്സ് തരുന്നു … അറിഞ്ഞു കൊണ്ട് നുണ പറഞ്ഞു രക്ഷപ്പെടാനാണെങ്കിൽ നിവാ നീ നിഴലിനോടാണ് യുദ്ധം ചെയ്യുന്നത് …. “
” ഇത് ഡ്രഗ്സല്ല …..”
അവളോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മയിക്ക് മനസിലായി …
” ഇനി എത്ര നാളുണ്ട് നിന്റെ കോഴ്സ് ….?”
” ഇനി രണ്ടര വർഷം …..”
മയി ഒന്നാലോചിച്ചു ..
” ഈ അക്കാഡമിക് ഇയർ തീരാൻ ഇനി കഷ്ടിച്ച് അഞ്ച് മാസം … അല്ലെ ..?”
” ങും …..”
” എന്നാൽ ഇനി നീ ബാംഗ്ലൂരിൽ പോകണ്ട … ഈ വർഷം അങ്ങ് പോട്ടെ .. അടുത്ത വർഷം കേരളത്തിൽ ചേർന്ന് പഠിക്കാം …..”
നിവ ആദ്യമൊന്ന് അന്ധാളിച്ചു … പിന്നെ അവളുടെ ഭാവം മാറി ….
” നീയാരാ ഇതൊക്കെ പറയാൻ … നീയാരാന്ന് …. ഏത് കോഴ്സ് പഠിക്കണം , എവിടെ പഠിക്കണം എന്നൊക്കെ ഞാനാ തീരുമാനിക്കുന്നേ .. ഹെന്റെ അച്ഛനും അമ്മയും എനിക്ക് തന്ന സ്വാതന്ത്ര്യമാണത് … അത് വേണ്ടന്ന് പറയാൻ നീയെന്റെ ആരാ .. എന്റെ ഏട്ടന് പോലും നിന്നെ വേണ്ട … പിന്നെ നീയെന്തിനാടീ ഇവിടെ കെട്ടിക്കിടക്കുന്നേ … ഉളുപ്പുണ്ടെങ്കിൽ ഇവിടുന്നിറങ്ങിപ്പോ …. ” നിവ കലിതുള്ളി വിറച്ചു ….
മയി അവളെ തന്നെ നോക്കി നിന്നു … അവൾ പറഞ്ഞ ചില വാക്കുകളെങ്കിലും മയിയുടെ നെഞ്ചിൽ തന്നെയായിരുന്നു തറച്ചത് … കിച്ചയെ കാണുന്ന കണ്ണിലേ നിവയെ താൻ കണ്ടിട്ടുള്ളു .. അവൾക്ക് കൊടുക്കാത്ത ഒരു സ്ഥാനം കൂടി നിവയ്ക്ക് നൽകിയിട്ടുണ്ട് … ഒരു മകളുടെ …
തന്നെ മനസിലാക്കാതെയാണെങ്കിലും അവൾ കോരിയിട്ട വാക്കുകൾ കൂരമ്പുകളായിരുന്നു …
എത്ര തടുത്തിട്ടും അറിയാതെയൊരുതുള്ളി മയിയുടെ കണ്ണിൽ പൊടിഞ്ഞു …
( തുടരും )
അമൃത അജയൻ
അമ്മൂട്ടി
അമൃത അയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission