Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 20

aksharathalukal sayaanam namukai mathram

മയി പെട്ടന്ന് , നിയന്ത്രണം വീണ്ടെടുത്തു …

” നിവാ ….. നീ ഒച്ചയെടുക്കണ്ട .. ” മയി താക്കീത് പോലെ പറഞ്ഞു …

” ഞാനൊച്ചയെടുക്കും .. ഇതെന്റെ വീടാ …. “

” എങ്കിൽ പിന്നെ ഇവിടെയുള്ളവരെക്കൂടി ഇങ്ങോട്ടു വിളിപ്പിച്ചിട്ട് സംസാരിക്കാം … ” മയി രൂക്ഷമായി പറഞ്ഞു ..

അത് കേട്ടതും നിവയൊന്നടങ്ങി …

” വാവേ …. നീ ചെന്ന് പെട്ടിരിക്കുന്ന കുരുക്കിന്റെ ആഴം നിനക്കറിയില്ല .. നടുക്കടലിൽ പെട്ടിട്ട് കൈകാലിട്ടടിച്ചിട്ട് കാര്യമില്ല … രക്ഷപ്പെടാൻ ഒരു വള്ളമെങ്കിലും ഉള്ളിടത്താണ് നീയിപ്പോ … പിന്നീട് ചിലപ്പോ എനിക്ക് പോലും ഒന്നും ചെയ്യാൻ കഴിയില്ല …. “

” നിങ്ങളൊന്നും ചെയ്യണ്ട … ഞാൻ കുറച്ച് വെള്ളം കുടിച്ച് മരിക്കുന്നെങ്കിൽ അങ്ങനെയാകട്ടെ … “

” തർക്കിക്കുന്ന അത്ര എളുപ്പമായിരിക്കില്ല , യഥാർത്ഥ്യം ഫേസ് ചെയ്യുമ്പോൾ .. “

” ഞാൻ ഫേസ് ചെയ്തോളാംന്ന് പറഞ്ഞല്ലോ …. നിങ്ങൾ നിങ്ങടെ പാട് നോക്കിപ്പോ … ” നിവ മയിയുടെ നേരെ കൈകൂപ്പി …

” അതങ്ങനെ നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ … ഇനി ഏതായാലും നിന്റെ ഇഷ്ടത്തിന് വിടാൻ ഉദ്ദേശമില്ല … ഇപ്പോഴാണെങ്കിൽ നിന്നെയാരും കുറ്റപ്പെടുത്തില്ല .. ഇതിന്റെ പേരിൽ നിന്നെയാരും ക്രൂശിക്കില്ല .. നിനക്ക് ഒരു തെറ്റ് പറ്റി എന്ന് കരുതി എല്ലാവരും ക്ഷമിക്കും .. ഞാനുണ്ടാവും നിനക്കൊപ്പം നിൽക്കാൻ … ” മയി പറഞ്ഞു ….

” നിങ്ങളിപ്പോ വീട്ടിൽ പറയണ്ട .. സമയമാകുമ്പോ എനിക്കറിയാം അച്ഛനോടും അമ്മയോടും പറയാൻ … അത് വരെ കോലിട്ടിളക്കാതെ ഒന്ന് നിന്നാൽ മതി … ഞാൻ എങ്ങനേലും ജീവിച്ചോട്ടെ .. ” നിവ അക്ഷമയോടെ പറഞ്ഞു ..

” ഇതാണോ നീ കണ്ട ജീവിതം … ” മയി പുച്ഛിച്ചു …. “

അവളോട് കൂടുതൽ തർക്കിച്ചിട്ട് കാര്യമില്ലെന്ന് മയിക്കറിയാമായിരുന്നു …

” ഞാൻ പറഞ്ഞ കാര്യം മറക്കണ്ട .. ഇതോടു കൂടി നിന്റെ ബാംഗ്ലൂർ പഠനം നിർത്തിക്കോണം .. വീട്ടിൽ ഞാൻ സംസാരിച്ചോളാം … ഈ വർഷം പേട്ടെ .. നെക്സ്റ്റ് ഇയർ പുതിയ കോളേജിൽ ചേർന്നു പഠിക്കാം ….”

” നിങ്ങളോട് …. ഞാൻ ….”

” നിർത്ത് … ഇനി സംസാരിക്കണ്ട .. അറിയാല്ലോ … എന്തെങ്കിലും ഉടായിപ്പ് കാണിക്കാനാ പ്ലാൻ എങ്കിൽ എന്റെ കൈയിലുള്ള സംഗതി കൂടി ഞാൻ കാണിച്ചു കൊടുക്കും എല്ലാവർക്കും … ” മയി അവളുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞിട്ട് മുറി വിട്ടിറങ്ങി …

നിവ തറഞ്ഞു നിന്നു …

അവളുടെ ഉള്ളു വിറച്ചു … അവരിന്നെല്ലാം വീട്ടിലറിയിച്ചാൽ തന്റെ പഠനം തന്നെ അവസാനിപ്പിക്കും ……

അവൾ ആലോചിച്ചു നിന്നിട്ട് ഫോണെടുത്ത് ബെഞ്ചമിനെ വിളിച്ചു …

* * * * * * * * * * * * *

മയി ആ സമയം നിഷിനെ ഫോൺ ചെയ്യുകയായിരുന്നു …

ഒരു തവണ ഫുൾ റിംഗ് ചെയ്ത് നിന്നു … അൽപം കഴിഞ്ഞ് വിളിക്കാമെന്ന് കരുതി , അവൾ ഫോൺ ടേബിളിലേക്ക് വച്ചതും , ഫോൺ റിംഗ് ചെയ്തു ..

കോൾ നോക്കിയപ്പോൾ നിഷിനായിരുന്നു .. അവൾ വേഗം കോളെടുത്തു …

” നിഷിൻ എവിടെയാ ….?”

” ഞാനൊരു മീറ്റിംഗ് കഴിഞ്ഞ് , ഇറങ്ങാൻ തുടങ്ങുകയാ …. “

” നിഷിൻ ഇന്ന് ഇങ്ങോട്ട് പോര് … ഒരത്യാവശ്യ കാര്യമുണ്ട് … “

” എന്താ കാര്യം …? “

” അത് വന്നിട്ട് പറയാം .. “

” എനിക്ക് നാളെയും ചില എൻഗേജ്മെൻസ് ഉണ്ടായിരുന്നു “

” നാളെ സൺഡേയല്ലേ ..”

” അതെ … അത്ര ഒഫീഷ്യൽ അല്ല .. “

” നിഷിൻ , ഇന്ന് ഒരു ദിവസം എന്തായാലും ഇവിടെ എത്തണം .. വേണമെങ്കിൽ രാവിലെ പൊയ്ക്കോ ….” മയി നിർബന്ധിച്ചു പറഞ്ഞു …

” എന്താടോ കാര്യം .. താൻ ടെൻഷനടിപ്പിക്കാതെ കാര്യം പറ … “

” ടെൻഷനാകാൻ ഒന്നൂല്ല … ഇത് ഫോണിൽ പറയേണ്ട കാര്യമല്ല .. അത് കൊണ്ടാ …..”

” ശരി …. പക്ഷെ രാത്രിയാകും … ഇന്ന് തന്നെ രണ്ട് ഒഫീഷ്യൽ കാര്യങ്ങൾ കൂടി കഴിഞ്ഞിട്ടേ എത്താൻ കഴിയൂ …”

” ഒരു പാട് ലേറ്റ് ആകാതെ വന്നാൽ മതി …. “

” OK …. താൻ ഫുഡ് കഴിച്ചോ …? “

” ങും ….” അവൾ മൂളി ..

അവൻ ഭക്ഷണം കഴിച്ചോ എന്നൊന്നും അവൾ തിരക്കാൻ പോയില്ല …

അവൾ ഫോൺ കട്ട് ചെയ്ത് ടേബിളിലേക്ക് വച്ചു ….

ആ സമയം , ആ റൂമിന് പുറത്ത് ഒരാൾ അതെല്ലാം കേൾക്കുന്നുണ്ടായിരുന്നു …

* * * * * * * * * * * * * * * * * * *

” ആകെ കുഴപ്പമായി ബെമീ , നീ പറഞ്ഞ പോലെ ഞാനവരോട് , ഇനിയൊന്നും ആവർത്തിക്കില്ലെന്ന് കാല് പിടിച്ചു പറയാൻ പോയതാ … പക്ഷെ അവരെന്റെ ഏട്ടനെ വിളിച്ചു വരുത്തുവാ … ഞാൻ കേട്ടു …..” നിവ പരിഭ്രമത്തോടെ പറഞ്ഞു …

” ഇവർക്കെന്താടി നിന്നോട് ഇത്രേം കലിപ്പ് … ” അവൻ നിവയെ ചൂടാക്കി …

” എനിക്കറിയില്ല ബെമീ …. ഞാനൊന്ന് ചോദിച്ചോട്ടെ …?” നിവയുടെ ശബ്ദത്തിൽ ആശങ്കയുണ്ടായിരുന്നു …

” എന്താണ് ….?”

” നീ പറഞ്ഞത് സത്യമാണോ .. ആ കോളയിൽ റെയർ വൈനിലും മദ്യത്തിലുമെല്ലാം ചേർക്കുന്ന കണ്ടന്റാണെന്ന് പറഞ്ഞത് .. “

” അതിലെന്താ ഇത്രക്ക് സംശയം … ഞാൻ പറഞ്ഞതാണല്ലോ നിന്നോട് …”

” അതേ… പക്ഷെ അവർ പറയുന്നത് അത് ഡ്രഗ്സ് ആണെന്നാ … “

” നിനക്കവളാണോ ഞാനാണോ വലുത് … എന്നയാണോ അവളെയാണോ വിശ്വാസം ….”

” നിന്നെ …. പക്ഷെ ബെമീ .. നിനക്കറിയാല്ലോ എന്റെ മൂത്ത ഏട്ടൻ ഡോക്ടറാണ് … എങ്ങാനും അത് ഡ്രഗ്‌സായാൽ ഏട്ടൻ കണ്ടു പിടിക്കില്ലെ … എനിക്ക് പേടി അതാ …”

” ങും … ഒരു കാര്യം ചെയ്യ് , നിന്റെ സമാധാനത്തിന് നീയാ കോള ഫ്ലഷിൽ ഒഴിച്ച് കളഞ്ഞേക്ക് ….”

” ഇല്ല ബെമീ … ആ കോള അവർ കൊണ്ട് പോയി … അവരുടെ കൈയ്യിലാ ….”

” ഓ ഷിറ്റ് …. “

കുറേ സമയത്തേക്ക് അവന്റെ ശബ്ദമൊന്നും അവൾ കേട്ടില്ല …

” ബെമീ ……” അവൻ മിണ്ടാതിരിക്കുന്നത് കണ്ട് അവൾ വിളിച്ചു …

” നിന്നെയും കൊണ്ട് വല്ല പോലീസ്റ്റേഷനിലും പോകുമോ നിന്റെ ഏട്ടനും ഏട്ടത്തിയും … “

” പോലീസ് സ്‌റ്റേഷനിലോ … എന്തിന് ..?”

അവൾ നെറ്റി ചുളിച്ചു …

” അതല്ലേ ഇപ്പോഴത്തെ ട്രെന്റ് … കൂടെ നിന്ന് സുഖിച്ചിട്ട് അവസാനം , വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പറയില്ലേ …. “

” നീയെന്താ ബെമീ ഇങ്ങനെ പറയുന്നേ .. ശരിക്കും നീയെന്നെ കെട്ടാം എന്ന് പറഞ്ഞിട്ടല്ലേ ഞാൻ നിന്നെ എല്ലാറ്റിനും സമ്മതിച്ചത് .. “

” അതേ … പക്ഷെ നീയും അതുപോലെങ്ങാനും ചെയ്യുമോന്നാ എന്റെ പേടി … “

” ബെമി എന്നെ പീഡിപ്പിച്ചു ന്നോ …? “

” അതെ ….”

” ഞാനൊരിക്കലും അങ്ങനെ പറയില്ല … ” അവൾ പറഞ്ഞു …

” നീ ഇങ്ങനെയൊക്കെ പറയുന്ന കേട്ട് എനിക്ക് പേടി തോന്നുന്നുണ്ട് .. ബെമീ നീയെന്നെ കൈവിടല്ലേടാ … നീയില്ലാതെ പറ്റില്ല എനിക്ക് … ” അവളുടെ തൊണ്ടയിടറി …

” ഞാനുണ്ടാവും എപ്പോഴും ..?”

” പക്ഷെ എങ്ങനെ .. ഇന്നെന്നെ എല്ലാരും കൂടി ടോർച്ചർ ചെയ്താൽ ഞാൻ ബെമിയുടെ കാര്യം വീട്ടിൽ തുറന്നു പറയും … “

” അയ്യോ ഇപ്പോഴേയോ … അത് വേണ്ട .. എന്റെ പപ്പയെ ഒന്നറിയിക്കുക പോലും ചെയ്യാതെ പറഞ്ഞാൽ പപ്പക്ക് ദേഷ്യം വരും പിന്നെ ഒരിക്കലും പപ്പ നിന്നെ എനിക്ക് വിവാഹം ചെയ്തു തരില്ല …..” അവൻ അവളെ തടഞ്ഞു ..

” പിന്നെ ഞാനെന്താ ചെയ്യേണ്ടത് … ? അവൾ നിസഹായതയോടെ ചോദിച്ചു ..

” നീ ഞാൻ പറയുന്നത് പോലെ ചെയ്യണം … അതിനുള്ള മിടുക്ക് നിനക്കുണ്ടെങ്കിൽ നീ രക്ഷപ്പെട്ടു … “

” എന്താ ….?” അവൾ പ്രതീക്ഷയോടെ കാതോർത്തു ..

അവൻ ചില ഐഡിയകൾ അവൾക്ക് ഉപദേശിച്ച് കൊടുത്തു ….

* * * * * * * *

നിവ വന്ന് നോക്കുമ്പോൾ മയി , ലാപ്പിൽ എന്തോ ചെയ്യുകയായിരുന്നു .. അവൾ ചുണ്ടു കടിച്ചു …

പിന്നെ രണ്ടും കൽപ്പിച്ച് അകത്തു കയറി …

അവൾ മുരടനക്കി …

” ങും എന്താണ് … ?” മയി ലാപ്പിൽ തന്നെ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു …

” ഞാൻ ബെമിയോട് നേരത്തെ പറഞ്ഞാരുന്നു , എന്റെ ബംഗ്ലൂർ പഠിത്തം നിർത്തുവാന്ന് … കോളയിൽ ഡ്രഗ്സാന്ന് നിങ്ങൾ പറഞ്ഞൂന്നും പറഞ്ഞു ….. ” അവൾ മുഖം കുനിച്ച് പറഞ്ഞു …

മയി നിവയെ പാളി നോക്കി … പെട്ടന്നുള്ള നിവയുടെ പെരുമാറ്റം മയിക്ക് സംശയമുളവാക്കി .. എങ്കിലും അവളത് പുറത്തു കാണിച്ചില്ല …

മയി ഒന്നും മിണ്ടാത്തത് കണ്ട് , നിവ മയിയെ നോക്കി …

” പറഞ്ഞോ …..” മയി ലാപ്പിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു …

” ഇപ്പോ ഞാൻ വിളിച്ചിട്ട് അവൻ ഫോണെടുക്കുന്നില്ല … ഫോണൊന്നു തന്നാൽ അവനെ വിളിച്ചിട്ട് തരാം ….” അവൾ പറഞ്ഞു …

മയി അവളെ ഒന്ന് നോക്കിയിട്ട് ഫോണെടുത്ത് നീട്ടി …

അവൾ ഫോൺ കൈയ്യിൽ വാങ്ങി ..

” ലോക്ക് ആണ് ….” അവൾ മയിയോട് പറഞ്ഞു ..

മയി ഫോൺ വാങ്ങി പാസ് വേർഡ് ടൈപ്പ് ചെയ്തു കൊടുത്തു ..

നിവ നമ്പർ ഡയൽ ചെയ്തു … ഫോൺ കാതോട് ചേർത്തു കാത്തു നിന്നെങ്കിലും ആരും അറ്റൻഡ് ചെയ്തില്ല …

” അയ്യോ ഇത് പിന്നേം ലോക്ക് ആയി … ” നിവ ഫോൺ മയിയുടെ നേരെ നീട്ടി …

മയി ഫോൺ വാങ്ങി ലോക്ക് മാറ്റി കൊടുത്തു …

നിവ ഒന്ന് കൂടി കാൾ ചെയ്തു എങ്കിലും അവൻ ഫോണെടുത്തില്ല …

അവൾ ഒന്നും പറയാതെ മുറി വിട്ടിറങ്ങിപ്പോകുന്നത് നോക്കി മയി ഇരുന്നു …

നിവ വന്നപാടെ നോട്ട് പാടിൽ ഒരു നമ്പർ എഴുതി വച്ച് പലയാവർത്തി നോക്കി ഉറപ്പിച്ചു ..

പിന്നെ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു ..

ഇടയ്ക്കവൾ മയി കാണാത്ത വിധത്തിൽ , ആ റൂമിൽ പോയി നോക്കി തിരികെ വന്നു ..

സമയം നീണ്ടു പൊയ്ക്കൊണ്ടിരുന്നു ..

ഇടയ്ക്കെപ്പോഴോ നിവ വന്ന് നോക്കിയപ്പോൾ മയി ഇരുന്നിടം ശൂന്യം …

അവൾ കൈയിലിരുന്ന പേപ്പർ മുറുക്കി പിടിച്ചു … പിന്നെ ശബ്ദമുണ്ടാക്കാതെ റൂമിനകത്തേക്ക് നോക്കി ..

ബാത്ത് റൂം അടഞ്ഞു കിടക്കുന്നതും , വെള്ളം വീഴുന്ന ശബ്ദവും നിവ കേട്ടു ..

ലാപ്‌ ടോപ്പ് ക്ലോസ് ചെയ്തു വച്ചിട്ടുണ്ട് .. അപ്പോൾ ഉടനെ മയി ഇറങ്ങാൻ സാത്യതയില്ലെന്ന് അവൾ കണക്കുകൂട്ടി ..

പിന്നെ രണ്ടും കൽപ്പിച്ച് റൂമിൽ കയറി … അവൾ ചുറ്റും നോക്കി … മയിയുടെ ഫോൺ , ലാപ് ടോപ്പിനടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു .. അവളത് കൈയിലെടുത്തു .. ഫോൺ ഓണാക്കി … കൈയിലിരുന്ന പേപ്പറിൽ നോക്കി പാസ്വേർഡ് ടൈപ്പ് ചെയ്‌തു …

ഫോൺ ലോക്ക് മാറി …

നിവ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു … ഇടയ്ക്കിടക്ക് അവൾ ബാത്ത് റൂമിന് നേർക്ക് പാളി നോക്കി …

വേഗം ഗാലറി തുറന്ന് വീഡിയോസ് തപ്പി ..

ഒരു പാട് വീഡിയോസ് ഗാലറിയിലുണ്ടായിരുന്നു .. ഇങ്ങനെ നോക്കിയാൽ കണ്ടെത്താൻ കഴിയില്ലെന്ന് നിവയ്ക്ക് ഉറപ്പായി .. അവൾ വേഗം സെറ്റിംഗ്സിൽ നിന്ന് റീസന്റ്ലി പ്ലെയ്ഡ് സെലക്ട് ചെയ്തു .. അത് സ്ക്രോൾ ചെയ്ത് , കഴിഞ്ഞ ആഴ്ചയിലെ ഡേറ്റ് കണ്ടു പിടിച്ചു .. അതിൽ നിന്ന് ആ വീഡിയോ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല .. അപ്പോൾ തന്നെ ആ വീഡിയോ സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്തു ..

പിന്നീട ഫയൽസ് എടുത്ത് , അവിടെ നിന്നും വീഡിയോ നോക്കിയെടുത്ത് ഡിലീറ്റ് ചെയ്തു .. ശേഷം ഫോൺ ഓഫ് ചെയ്ത് യഥാ സ്ഥാനത്ത് വച്ചു …

ബാത്ത് റൂമിൽ അപ്പോൾ വെള്ള വീഴുന്ന ഒച്ച കേൾക്കാമായിരുന്നു ..

നിവ റൂമിനകം മുഴുവൻ നോക്കി … ഷെൽഫിന്റെ സൈഡിൽ , രണ്ട് കോളാ കാനുകളും ഭദ്രമായി വച്ചിരിക്കുന്നത് നിവ കണ്ടു …

അവൾ അത് രണ്ടും കൈയ്യിൽ എടുത്തു .. വേഗം പുറത്തിറങ്ങി , മറ്റൊരു ബാത്ത് റൂമിൽ കയറി രണ്ട് കാനിലുണ്ടായിരുന്നതും ഫ്ലഷിലേക്കൊഴിച്ചു .. ശേഷം സ്റ്റാൻഡിലിരുന്ന ഡെറ്റോൾ കാനിലേക്കൊഴിച്ച് കഴുകി കളഞ്ഞു … പിന്നാലെ ലോഷൻ കൂടി അതിലേക്കൊഴിച്ച് കഴുകി …

ശേഷം രണ്ട് കാനും അവൾ പഴയ സ്ഥലത്ത് കൊണ്ടു പോയി വച്ചു …

ഒന്നു നെടുവീർപ്പിട്ടിട്ട് , അവൾ ബാത്ത് റൂമിന് നേർക്ക് നോക്കി പുച്ഛിച്ച് ചിരിച്ചു …

മയി … നിനക്ക് തെറ്റി .. നീ നോവിച്ചത് ഈ വീട്ടിലെ പൊന്നോമനയെ ആണെന്ന് ഇന്ന് നിനക്ക് മനസിലാകും …

പക മുറ്റിയ ചിരിയോടെ അവൾ മുറി വിട്ടിറങ്ങി തന്റെ റൂമിലേക്ക് നടന്നു …

ആ സമയം , താഴെ നിഷിന്റെ സ്റ്റേറ്റ് കാർ ഗേറ്റ് കടന്നു വന്ന് മുറ്റത്ത് നിന്നു …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ സായാഹ്നം നമുക്കായി മാത്രം – 20”

  1. ആര്യലക്ഷ്മി കാശിനാഥൻ

    നിവയുടെ അഹങ്കാരത്തിന് next partil നല്ലൊരു തിരിച്ചടി പ്രതീക്ഷിക്കുന്നു…. .. 🙂

Leave a Reply

Don`t copy text!