Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 21

aksharathalukal sayaanam namukai mathram

നിവ വേഗം തന്റെ റൂമിലേക്ക് പോയി , ഡോർ ലോക്ക് ചെയ്ത് ഇരുന്നു …

താഴെ നിഷിൻ വന്ന വിവരം ആദ്യം അറിഞ്ഞത് രാജശേഖറാണ് …

അദ്ദേഹം സന്തോഷത്തോടെ മകന് ഡോർ തുറന്നു കൊടുത്തു ..

” ഈയാഴ്ച വിരലുണ്ടാവില്ലെന്ന് പറഞ്ഞിട്ട് …? ” ഹാളിലേക്ക് വന്നു കൊണ്ട് വീണ ചോദിച്ചു ..

” എന്തോ അത്യാവശ്യമുണ്ടെന്ന് മയി വിളിച്ചു പറഞ്ഞു …. ” നിഷിൻ നെറ്റി ചുളിച്ച് എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു …

രാജശേഖറും വീണയും പരസ്പരം നോക്കി …

” ഇവിടെന്ത് അത്യാവശ്യം …. ” വീണ കൈമലർത്തി …

” പിള്ളേർക്ക് എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും … അതൊക്കെ നിനക്കറിയാമോ ….. മോൻ ചെല്ല് .. മയി റൂമിലുണ്ടാവും ….” രാജശേഖർ ചിരിച്ചു കൊണ്ട് പറഞ്ഞു …

നിഷിന് ഒരു ചമ്മൽ തോന്നാതിരുന്നില്ല …

അവൻ വേഗം മുകളിലേക്ക് പോയി …

രാജശേഖർ , മകൻ പോകുന്നതു നോക്കി ചിരിച്ചു കൊണ്ട് സോഫയിൽ പോയിരുന്നു ..

നിഷിൻ ചെല്ലുമ്പോൾ മയി കുളിച്ചിട്ട് മുടി വിതിർത്തിട്ട് നിൽക്കുകയായിരുന്നു ..

മനം മയക്കുന്നൊരു ഗന്ധം അവിടമാകെ നിറഞ്ഞു നിന്നു …

മയി അവളുടെ ദുർമുഖമൊന്നും കാണിച്ചില്ല …

” എന്താടോ , താൻ അത്യാവശ്യമാണെന്ന് പറഞ്ഞത് …? ” അവൻ വന്ന് ബെഡിൽ ഇരുന്നു കൊണ്ട് അവളെ നോക്കി …

” നിഷിൻ പോയൊരു ടീയൊക്കെ കുടിച്ചിട്ട് വാ ….. എന്നിട്ട് പറയാം … “

” ഞാൻ വരുന്ന വഴിക്ക് കുടിച്ചതാ … താനിങ്ങനെ സസ്പെൻസിടാതെ കാര്യം പറയ് .. “

” ഇതെന്തിനാ ടെൻഷൻ …? ” അവൾ അവനെ നോക്കി നെറ്റി ചുളിച്ചു …

” അല്ല , താൻ എന്റെ കാര്യങ്ങൾ അന്വേഷണത്തിലല്ലേ … അതിന്റെ റിസൾട്ടായോ ….?” നിഷിൻ വളച്ചു കെടില്ലാതെ ചോദിച്ചു ..

” ഏയ് .. അതൊന്നുമല്ല … അപ്പോ അതിന്റെ റിസൾട്ട് വരുമ്പോ നിഷിന് പരിഭ്രമിക്കാനുണ്ട് ….. അല്ലെ …? ” മയി ഒന്നിരുത്തി ചോദിച്ചു …

അവന്റെ മുഖം വിളറി …

” അതല്ല … തനിക്ക് കിട്ടുന്ന സോർസ് കറക്ട് അല്ലെങ്കിൽ ….”

” അത് പേടിക്കണ്ട … എനിക്ക് കിട്ടുന്ന കാര്യങ്ങൾ ഞാൻ നൂറാവർത്തി ഉറപ്പിച്ചിട്ടേ പറയാറുള്ളു …….” മയി പറഞ്ഞു …

നിഷിൻ മിണ്ടാതിരുന്നു .. മയി അത് പറഞ്ഞപ്പോൾ നിഷിൻ ഓർത്തത് , മുസാഫിർ പുന്നക്കാടനുമായുള്ള പ്രശ്നം വന്നപ്പോൾ അവൾ തനിക്കെതിരെ നിന്നതാണ് ..

” നിഷിൻ , ഞാൻ വിളിച്ചത് നമ്മുടെ കാര്യം ചർച്ച ചെയ്യാനല്ല … വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് … നിഷിൻ സംയമനത്തോടെ കേൾക്കണം .. ഈ വീട്ടിലെ എല്ലാവരെയും കാര്യം പറഞ്ഞ് മനസിലാക്കുകയും വേണം ….” അവളുടെ ശബ്ദം ഉറച്ചതായിരുന്നു ..

മയി ഒരു ചെയർ വലിച്ചിട്ട് നിഷിന്റെ മുന്നിലിരുന്നു …

നിവയെ ബാംഗ്ലൂരിൽ വച്ച് കണ്ടതു മുതൽ ഇങ്ങോട്ടുള്ള എല്ലാ കാര്യങ്ങളും അവൾ വിശദമായി അവനോട് പറഞ്ഞു …

* * * * * * * * * * * * *

നിവ മുറിയ്ക്കകത്ത് ടെൻഷനടിച്ച് ഇരിക്കുകയായിരുന്നു …

നിഷിൻ വന്നത് അവളറിഞ്ഞിരുന്നു … ഇത്രേം സമയമായിട്ടും ആരും വന്ന് അവളെ വിളിച്ചില്ല …

മയി ഒന്നും പറഞ്ഞില്ലേ … അതോ പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ലേ … അവൾ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു …

* * * * * * * * * * *

താഴെ കേട്ടതൊന്നും വിശ്വസിക്കാനാകാതെ വീണയും രാജശേഖറും സ്തംബ്ധരായി ഇരിക്കുകയായിരുന്നു …

ഹരിതയും മയിയും വീണയുടെ ഇരു വശത്തും നിന്നു …

നവീൻ ഹാളിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു …

” നീയവളെ വിളിക്ക് കിച്ചു … ഇത്രേം നാൾ ഞങ്ങളെയൊക്കെ ചതിച്ച് , അവളിത്രയൊക്കെ കാട്ടിക്കൂട്ടിയിട്ട് … ” വീണ പൊട്ടിക്കരഞ്ഞു ..

” നമ്മുടെ മോളെപ്പോഴാ രാജേട്ടാ ഇത്രേം വളർന്നു പോയത് …? ” വീണയുടെ ഹൃദയം തകർന്നുള്ള ചോദ്യം രാജശേഖറിന്റെ മാത്രമല്ല നവീന്റെയും നിഷിന്റെയും ഹൃദയം കീറി മുറിച്ചു …

രാജശേഖർ അപമാന ഭാരത്തോടെ തല താഴ്ത്തി … താനെന്നും അഹങ്കരിച്ചിട്ടുള്ളത് തന്റെ മക്കളെയോർത്താണ് .. നവീന്റെയും നിഷിന്റെയും കാര്യത്തിൽ അതിൽ തെറ്റായിട്ടൊന്നും സംഭവിച്ചില്ല .. രണ്ട് പേരും മിടുക്കന്മാരായിട്ട് പഠിച്ചു , ജോലി വാങ്ങി , നല്ല രണ്ടു കുടുംബങ്ങളിൽ നിന്ന് തന്റെയും വീണയുടെയും അനുവാദത്തോടെ യോഗ്യതയുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടു വന്നു .. പക്ഷെ തന്റെ പ്രിയപ്പെട്ട മകൾ … ഓർത്തപ്പോൾ അയാളുടെ നെഞ്ച് പൊട്ടി …

” അമ്മേ , മയി പറഞ്ഞതാ ശരി .. നമ്മളിപ്പോ അവളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത് .. ചേർത്തു നിർത്തണം … കുറ്റപ്പെടുത്തിയാൽ നമുക്ക് അവളെ നഷ്ടപ്പെടുകയേ ഉള്ളു …..” ഹരിത വീണയുടെ അരികിലിരുന്ന് പറഞ്ഞു …

” ഞാനവളെ വിളിച്ചിട്ടു വരാം … അമ്മയവളോട് ദേഷ്യപ്പെടരുത് … ” നിഷിൻ ഒരിക്കൽക്കൂടി വീണയെ ഓർമിപ്പിച്ചു …

പിന്നെ പടി കയറി മുകളിലേക്ക് പോയി … അടഞ്ഞു കിടന്ന നിവയുടെ റൂമിന്റെ വാതിലിൽ അവൻ മുട്ടിവിളിച്ചു …

പ്രതിരോധിക്കാൻ തയ്യാറായി തന്നെയായിരുന്നു നിവയുടെ നിൽപ്പ് …

അവൾ നെഞ്ചിൽ കൈവച്ച് , ശ്വാസം നീട്ടിയെടുത്തു കൊണ്ട് ചെന്ന് ഡോർ തുറന്നു ….

നിഷിന് അവളുടെ മുഖം കണ്ടപ്പോൾ സഹിച്ചില്ല .. ബാംഗ്ലൂരിൽ പോകാൻ അവൾ വാശി പിടിച്ചപ്പോൾ ഏറ്റവും കൂടുതൽ അവൾക്ക് സപ്പോർട്ടു കൊടുത്തത് താനാണ് .. ഒടുവിൽ …

” നീയൊന്ന് താഴേക്ക് വാ ……” അവൻ ശബ്ദം മയപ്പെടുത്തി വിളിച്ചു …

നിവ അവനെ പാളി നോക്കി .. പിന്നെ കൂടെ ചെന്നു …

ഹാളിൽ എല്ലാവരും അവളെ പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു …

നിവയെ കണ്ടതും , വീണയുടെ നിയന്ത്രണം വിട്ടു …

” നീയിങ്ങു വാ … നീയെന്തൊക്കെ നുണകളാടി എന്നോടും ഈ പാവം മനുഷ്യനോടും പറഞ്ഞു വിശ്വസിപ്പിച്ചത് …” അലറിക്കൊണ്ട് വീണ ചാടി എഴുന്നേറ്റു …

ഹരിതയും മയിയും കൂടി വീണയെ അവിടെ പിടിച്ചു നിർത്തി …

നിവ റിബലിനെ പോലെ മുഖം കടുപ്പിച്ച് ഇറങ്ങി വന്നു .. ഇടയ്ക്ക് അവൾ മയിയെ ചെറഞ്ഞ് നോക്കി …

നിഷിൻ നിവയെ , ഹാളിന് നടുവിലേക്ക് കൊണ്ടു വന്നു … അവളെ ഒരു പ്രതിയെപ്പോലെ എല്ലാവരുടേയും മുന്നിൽ നിർത്താതെ നിഷിൻ അവളുടെ അരികിൽ തന്നെ നിന്നു …

” വാവേ …. നിന്നെക്കുറിച്ച് , ലോകത്ത് ഒരച്ഛനമ്മമാരും സഹോദരന്മാരും കേൾക്കാൻ ആഗ്രഹിക്കാത്ത തരത്തിലുള്ള ചില കാര്യങ്ങൾ ഞങ്ങൾക്ക് കേൾക്കേണ്ടി വന്നു … നിനക്ക് എന്താ അതിനെ കുറിച്ച് പറയാനുള്ളത് …” നവീനാണ് തുടക്കമിട്ടത് …

” കേട്ടത് എന്താണെന്ന് അറിയാതെ എനിക്കെന്ത് പറയാൻ പറ്റും .. എന്നെക്കുറിച്ച് എന്റെ ശത്രുക്കൾക്ക് എന്ത് നുണയും പറഞ്ഞു പരത്താം …..” അവൾ മയിയെ പകയോടെ നോക്കിക്കൊണ്ട് പറഞ്ഞു …

” ശത്രുക്കളോ ….. ഈ വീട്ടിലാരാ നിനക്ക് ശത്രു ….?” നിഷിൻ അവളെ നോക്കി …

” ഏട്ടന്റെ ഭാര്യ … അവരാ ശത്രു .. ആദ്യം മുതൽക്കെ അവർക്കെന്നെ ഇഷ്ടം അല്ല …..” അവൾ വിറച്ചു കൊണ്ട് നിഷിനെ നോക്കി ….

നിഷിൻ മയിയെ നോക്കി …. അവൾ ഭാവവ്യത്യാസമേതുമില്ലാതെ നിന്നു …

” അവൾക്കെന്തിനാ നിന്നോട് ശത്രുത ….?” നിഷിൻ ചോദിച്ചു …

” അവരെ ഏട്ടൻ മാരി ചെയ്തത് എനിക്ക് ഇഷ്ടമല്ലായിരുന്നുന്ന് ഇവിടെ വന്നപ്പോ തന്നെ അവരറിഞ്ഞു … അന്ന് അവരെന്നോട് പറഞ്ഞതാ , ഇതിനുള്ളത് നിനക്ക് ഞാൻ തരുമെന്ന് ….” അവൾ മുൻകൂട്ടി പ്ലാൻ ചെയ്ത കല്ലുവച്ച നുണയുടെ ആദ്യ കെട്ടഴിച്ചു …

എല്ലാവരും പരസ്പരം നോക്കി …

” ഇന്ന് ഉച്ചയ്ക്ക് , അവരെന്നോട് പറഞ്ഞു , എന്റെ പഠിത്തം നിർത്തൂന്ന് … എന്നെ ജീവിക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു … ” അവൾ കരച്ചിലാരംഭിച്ചു …

അവളോടി രാജശേഖറിന്റെ മുന്നിലേക്ക് ചെന്നു ..

” അച്ഛാ … സത്യാണച്ഛാ … ഇവരെന്നോട് പകരം വീട്ടൂന്ന് പറഞ്ഞു .. ഇവര് പറയുന്നതൊന്നും വിശ്വസിക്കല്ലെ അച്ഛാ … ” അവൾ രാജശേഖറിനെ കെട്ടിപ്പിടിച്ചു കരച്ചിലാരംഭിച്ചു …

നിഷിനും നവീനും പരസ്പരം നോക്കി …

” അച്ഛാ ….. അച്ഛാ അവരെന്തെങ്കിലും നുണ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് തെളിവ് ചോദിയ്ക്കച്ഛാ … ചോദിയ്ക്കച്ഛാ …. ” അവൾ രാജശേഖറിനെ പിടിച്ചു കുലുക്കി …

എല്ലാവരുടെയും നോട്ടം മയിക്കു നേരെ നീളുന്നത് അവൾ കണ്ടു …

അവൾക്ക് ആവേശമായി …

അവൾ മയിയുടെ മുന്നിൽ ചെന്ന് പകയോടെ നോക്കി ..

” കാണിക്കെടി തെളിവ് , കാണിക്ക് നീ .. ഞാൻ ചെയ്തൂന്ന് നീയെന്റെ അച്ഛനേം അമ്മേം ഏട്ടന്മാരേം പറഞ്ഞു വിശ്വസിപ്പിച്ച തെളിവ് കാണിക്കെടി……. ” അവൾ മയിയുടെ മുന്നിൽ നിന്ന് അലറി …

അടുത്ത നിമിഷം നിവയുടെ കവിളു പുകച്ചു കൊണ്ട് ഒരടി വീണു …

നിവയ്ക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുന്നേ അടുത്ത അടിയും വീണു ….

തൊട്ടു മുന്നിൽ വീണയെ നിവ കണ്ടു …

ഒരിക്കലും തന്നെയൊന്നു നുള്ളി പോലും നോവിച്ചിട്ടില്ലാത്ത അമ്മ …

” ഞാൻ കണ്ടത് പോരേടി … ഇനി … അതൊക്കെ ഈ പാവം മനുഷ്യനേം നിന്റെ ഏട്ടന്മാരേം കൂടി കാണിക്കണോ …..” വീണ അവളെ പിടിച്ചുലച്ചു …

” അമ്മേ … വേണ്ട .. തല്ലരുത് … ” മയി വീണയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു …

” വിടടീ …. ഞാൻ പത്തു മാസം ചുമന്ന് പെറ്റതാ ഇവളെ … കൊന്ന് കളയാനും എനിക്കവകാശം ഉണ്ട് … “

” ഇല്ല … ശാസിക്കേണ്ട സമയത്ത് ശരിയും തെറ്റും പറഞ്ഞു കൊടുത്ത് വളർത്തണമായിരുന്നു .. അവളെ തല്ലാനോ കൊല്ലാനോ അല്ല ഞാനിത് ഇവിടെ പറഞ്ഞത് .. അവളെ സുരക്ഷിതയാക്കാനാ ….. അവളെ കൊല്ലാനൊന്നും ആർക്കും അവകാശമില്ല … അമ്മയായാലും …” മയി നിവയുടെയും വീണയുടെയും ഇടയിൽ കയറി നിന്നു ….

ഹരിത വീണയെ പിടിച്ചു മാറ്റി …..

മയി നിവയുടെ നേരെ തിരിഞ്ഞു …

” വാവേ … നീയെന്താ കരുതിയത് .. എന്റെ ഫോണിലെ രണ്ട് വീഡിയോ ഡിലീറ്റ് ചെയ്താൽ നീ രക്ഷപ്പെട്ടുവെന്നോ … നിന്നോട് ഞാനന്നേ പറഞ്ഞതല്ലേ .. അരുണിന്റെ അടുത്തുന്ന് അതിന്റെ നെഗറ്റീവ്സ് ഉൾപ്പെടെ മുഴുവൻ ഭൂട്ടേജും ഞാൻ വാങ്ങിയെന്ന് .. അത് നിന്നോട് പക തീർക്കാനല്ല .. നിന്നെ സംരക്ഷിക്കാനാ .. ചാനലുകാർക്ക് ചില സമയത്ത് കൗമാരത്തിന്റെ വികൃതികൾ എന്ന് ടൈറ്റിലും കൊടുത്ത് ഓരോന്ന് ചെയ്യാൻ തോന്നിയാൽ , പുതിയ വീഡിയോസ് ഒന്നും കിട്ടിയില്ലേൽ മുന്നേ ഉള്ള നല്ലത് നോക്കി എടുത്ത് ചാമ്പും … അക്കൂട്ടത്തിൽ ഒരിക്കലും അത് പെട്ടു പോകാതിരിക്കാനാ ഞാനാ നെഗറ്റീവ്സ് വാങ്ങിയത് .. നിനക്ക് വിശ്വാസമില്ലെങ്കിൽ ഞാൻ കാണിച്ചു തരാം ….” മയി അവളെ നോക്കി ..

അവൾ കരഞ്ഞു തുടങ്ങിയിരുന്നു … അമ്മയാദ്യമായി തല്ലിയതിന്റെ നൊമ്പരം ശരീരത്തിലും മനസിലും ഏറ്റു കഴിഞ്ഞിരുന്നു നിവയുടെ …

അവൾ , കരഞ്ഞുകൊണ്ട് ശ്വാസം വലിച്ചു വിട്ടു … അവൾ കിതക്കുകയായിരുന്നു …

അവൾക്ക് മയിയെ കൊല്ലാൻ തോന്നി …

” നീ ചരിച്ചു കളഞ്ഞ കോളയിൽ ഡ്രഗ്സായിരുന്നു .. ഇത് ഞാൻ പറഞ്ഞതല്ല … നിന്റെ ഏട്ടൻ തന്നെ പറഞ്ഞതാ .. ഞാനതിൽ നിന്ന് , കുറച്ചെടുത്ത് നിന്റെ ഏട്ടനെ ഏൽപ്പിച്ചിരുന്നു ടെസ്റ്റ് ചെയ്യാൻ .. അതിന്റെ ബാക്കിയാ നീ ചരിച്ചു കളഞ്ഞത് …. ചോദിച്ചു നോക്ക് നിന്റെ ഏട്ടനോട് ” മയി നവീണിനെ നോക്കി പറഞ്ഞു …

നിവ നിലത്തേക്ക് നോക്കി നിന്നു കിതച്ചതല്ലാതെ മുഖമുയർത്തി നോക്കിയില്ല …

” നിവാ …. നിനക്കാരാ ഈ ഡ്രഗ്സൊക്കെ തന്നത് …..?” നവീൺ മുന്നിലേക്ക് വന്നു ..

അവൾ മിണ്ടിയില്ല …

” വാവേ ചോദിച്ചത് കേട്ടില്ലേ …..?” നവീണിന്റെ ഒച്ച ഉയർന്നു ….

അവൾ മിണ്ടിയില്ല …

” ആരാടി ഈ ബെഞ്ചമിൻ ….?” നിഷിനായിരുന്നു ചോദിച്ചത് …

നിവയൊന്ന് ഞെട്ടി … അവൾ മുഖമുയർത്തി ഏട്ടനെ നോക്കി …

” നോക്കി ദഹിപ്പിക്കാതെ പറ വാവേ ……” നിഷിന്റെ സ്വരം മാറി …

” എന്റെ കഴുത്തിൽ താലികെട്ടാൻ പോകുന്ന പുരുഷൻ …….” നിവ പല്ല് ഞെരിച്ച് , പകയോടെ എല്ലാവരെയും നോക്കി പറഞ്ഞു …

അവൾ പൊരുതാനുറച്ചു കഴിഞ്ഞിരുന്നു ….

അവളിലെ ഭാവമാറ്റം എല്ലാവരെയും അമ്പരപ്പെടുത്തി ….

അടുത്ത നിമിഷം ഹാളിലെ സോഫയുടെ മീതേക്ക് , വെട്ടിയിട്ട തടി പോലെ രാജശേഖർ വീണു …

പ്രകൃതിയിൽ എങ്ങോ മൗനമായ ഇരുട്ടിനെ ഭേദിച്ച് കൂമന്റെ ഒച്ച കേൾക്കാമായിരുന്നു …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ സായാഹ്നം നമുക്കായി മാത്രം – 21”

Leave a Reply

Don`t copy text!