ഈ സായാഹ്നം നമുക്കായി മാത്രം – 24

7733 Views

aksharathalukal sayaanam namukai mathram

ആദർശ് സത്യമൂർത്തി …

റിസപ്ഷനിൽ എന്തോ ചോദിച്ച ശേഷം അവൻ ലിഫ്റ്റിന് നേർക്ക് നടക്കുന്നത് മയി നോക്കി നിന്നു .. ആദർശ് ലിഫ്റ്റിൽ കയറി പോയി കഴിഞ്ഞപ്പോൾ മയി ലിഫ്റ്റിനു അടുത്തേക്ക് ചെന്നു നിന്നു .. അടുത്ത ലിഫ്റ്റിൽ അവൾ കയറി ഫിഫ്ത് ഫ്ലോറിലിറങ്ങി .. അവിടെയാണ് അവരുടെ റൂം ..

അവൾ ഇറങ്ങി ഇടനാഴി തിരിഞ്ഞതും പെട്ടന്ന് ആദർശ് അവൾക്ക് മുന്നിലേക്ക് കയറി നിന്നു …

” ഹായ് ദയാമയി ……” ആദർശ് മനോഹരമായി പുഞ്ചിരിച്ചു ..

മയി ഒന്ന് ഞെട്ടിയെങ്കിലും അത് പുറത്ത് കാട്ടാതെ ചിരിക്കാൻ ശ്രമിച്ചു ..

ഇവൻ താൻ വരാൻ വേണ്ടി ഇവിടെ കാത്ത് നിന്നോ …? അവൾക്ക് സംശയമായി ..

” ഇയാളെന്താ താഴെ വച്ച് എന്നെ കണ്ടിട്ട് വന്ന് മിണ്ടാതെ , മാറി നിന്നു കളഞ്ഞത് ….”

മയി വല്ലാതെയായി ..

” സോറി .. ഞാൻ ശ്രദ്ധിച്ചിരുന്നില്ല …. “

” അത് കള്ളം … ഞാൻ കണ്ടു , ഞാനാ ലിഫ്റ്റിൽ കയറി വരുന്നത് വരെ താനവിടെ നോക്കി നിന്നത് …” ആദർശിന്റെ കണ്ണുകളിൽ ഒരു കൗശലച്ചിരി മുളച്ചു …

” ആദർശ് വരൂ … 504 ആണ് റൂം നമ്പർ ….” മയിക്ക് അവനുമായി ആ സംഭാഷണം തുടരാൻ താത്പര്യമില്ലായിരുന്നു ….

” നിക്ക് ……”

അവൾ അവനെ കടന്ന് മുന്നിലേക്ക് നടക്കാൻ തുടങ്ങിയതും ,ആദൾശ് കൈ അവളുടെ മുന്നിലേക്ക് നീട്ടിപ്പിടിച്ചു തടഞ്ഞു …

മയി ഞെട്ടിത്തരിച്ചു … അവൾ അവന്റെ നീട്ടിപ്പിടിച്ച കൈയിലേക്കും ആ മുഖത്തേക്കും തുറിച്ചു നോക്കി …

” എന്താ ഇത് …..” അവൾ കല്ലിച്ച ശബ്ദത്തിൽ ചോദിച്ചു ..

” ഓ … സോറി … ” അവൻ ഒരു വഴിപാട് പോലെ പറഞ്ഞു കൊണ്ട് കൈ പിൻവലിച്ചു …

തന്റെ നേരെ അവനിത്രയും സ്വാതന്ത്യം കാണിച്ചത് എന്തടിസ്ഥാനത്തിലെന്ന് മയിക്ക് മനസിലായില്ല …

” ഫോക്കസ് ഐ യുടെ റിപ്പോർട്ടർ , ന്യൂസ് സെൻറർ , പ്രോഗ്രാം കോർഡിനേറ്റർ .. അല്ലെ ….?” ആദർശ് മയിയെ നോക്കി ചോദിച്ചു …

മയിയുടെ കണ്ണുകൾ കുറുകി ..

” തന്നെ കുറിച്ച് ഞാൻ അന്വേഷിച്ചു … “

” എന്തിന് …? ” ആദർശ് പറഞ്ഞതും അവൾ എടുത്തടിച്ച പോലെ ചോദിച്ചു …

” നിഷിൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് .. അവനൊരു ജേർണലിസ്റ്റിനെ വിവാഹം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ എന്തോ ഒരു കൗതുകം … തനിക്കെന്താ ഇത്രക്ക് പ്രത്യേകത എന്നൊരു സംശയം … മുൻപ് കോളേജിൽ അവന്റെ പിന്നാലെ ഒരുപാട് പെണ്ണുങ്ങൾ നടന്നതാണെ … പക്ഷെ അന്നൊന്നും അവർക്കാർക്കും അവൻ പിടികൊടുത്തിട്ടില്ല …. “

മയി മിണ്ടാതെ നിന്നു …

” എനിവേ…. അങ്കിളിനിപ്പോ എങ്ങനെയുണ്ട് ….”

” ഐസിയുവിലാണ് … ഐസിയു താഴെയാണ് … സെക്കന്റ് ഫ്ലോറിൽ .. റൂമിൽ മറ്റുള്ളവരാണ് ….”

” എനിക്ക് മറ്റുള്ളവരെ കണ്ടാൽ മതി … ” പറഞ്ഞിട്ട് അവൻ പെട്ടന്ന് നടന്നു ..

റൂം നമ്പർ 504 നു മുന്നിൽ ചെന്നിട്ട് ആദർശ് തിരിഞ്ഞ് മയിയെ നോക്കി … ശേഷം അവൻ കൈകൊണ്ട് ഡോറിൽ കൊട്ടി …

മയി അടുത്തെത്തിയപ്പോഴാണ് ഡോർ തുറക്കപ്പെട്ടത് …

ആദർശ് അകത്ത് കയറിയ ശേഷം മയിക്ക് കയറേണ്ടി വന്നു …

ഡോർ തുറന്നത് ഹരിതയായിരുന്നു… അവൾ അവനെ കണ്ടു പുഞ്ചിരിച്ചു..

അവൻ തിരിച്ചു ഒരു ചിരി നൽകിയിട്ട് വീണയുടെ അരികിൽ ചെന്നിരുന്നു …

” എന്താ … ഇത്ര പെട്ടന്ന് അങ്കിളിന് ഇങ്ങനെ സംഭവിക്കാൻ … ?” അവൻ ചോദിച്ചു …

വീണയും അതുപോലെ ഹരിതയും ഒന്നും മിണ്ടിയില്ല … എന്തെങ്കിലും പറഞ്ഞാൽ നിവയെ കുറിച്ച് പറയേണ്ടി വരും … രണ്ടാൾക്കും കൃത്യമായൊരു മറുപടി പറയാനില്ലായിരുന്നു ..

മയിയും അതിന് മറുപടി പറയാൻ ശ്രമിച്ചില്ല …

നിഷിനാവും ഇവനെ വിളിച്ച് വിവരം പറഞ്ഞതെന്ന് അവൾക്ക് തോന്നി …

അവൻ വീണയോട് സംസാരിച്ചിരിക്കുന്നതിനിടയിൽ , ഒഴിഞ്ഞു മാറിയിരിക്കുന്ന നിവയെ കണ്ടു ..

” ആഹാ … ഇവളുണ്ടായിരുന്നോ ഇവിടെ …? ” അവൻ നിവയെ നോക്കി ചിരിച്ചു …

നിവയും ആദർശിനെ നോക്കി ചിരിച്ചെന്ന് വരുത്തി …

” ഇവൾക്ക് നാളെ കോളേജുള്ളതല്ലെ … ഇന്ന് തിരിക്കണ്ടെ ബംഗ്ലൂരിന് ….?” അവൻ ചോദിച്ചു …

ആരും അതിന് മറുപടി പറഞ്ഞില്ല …

” ഞാനിന്ന് ബാംഗ്ലൂരിനാ പോകുന്നേ … നീ വരുന്നെങ്കിൽ എന്റെ കൂടെ പോര് നിവാ …” അവൻ വിളിച്ചു ….

ഹരിത പെട്ടന്ന് മയിയെ നോക്കി ..

” അവളിന്ന് വരുന്നില്ല ആദർശ് .. രാജേട്ടനിങ്ങനെ കിടക്കുമ്പോ ….” വീണ പറഞ്ഞു …

” അങ്കിളിന് കുഴപ്പമൊന്നുമുണ്ടാകില്ല ഇനിയിപ്പോ .. വെറുതെ അവളുടെ പഠിത്തം കളയേണ്ട കാര്യമുണ്ടോ …? ” അവൻ ചോദിച്ചു …

ആദർശിന്റെ ഇടപെടൽ നിവയ്ക്ക് ആശാവഹമായിരുന്നു … ആദർശിന്റെ കെയറോഫിൽ തിരിച്ചു ബാംഗ്ലൂർ പോകാൻ കഴിയണേ എന്നവൾ ആശിച്ചു …

” അവർ കൂടി വന്നിട്ട് തീരുമാനിക്കട്ടെ ആദർശ് ….” വീണ പറഞ്ഞു …

നിഷിനെയും നവീണിനെയുമൊക്കെയാണ് വീണ ഉദ്ദേശിച്ചതെന്ന് ആദർശിന് മനസിലായി ….

” ഞാനെന്നാ താഴെ ചെല്ലട്ടേ … നിഷിനൊക്കെ താഴെയാണോ ….”

അതെയെന്ന് വീണ തലകുലുക്കി … അവൻ അവരോട് പറഞ്ഞിട്ട് എഴുന്നേറ്റ് മുറി വിട്ടിറങ്ങി ….

മയിയുടെയുള്ളിൽ തന്റെ സംശയങ്ങളുടെ കുരുക്കുകൾ മുറുകുകയായിരുന്നു …

ആരാണ് ശരി …. ആ കുടുംബത്തെ കാത്ത് എന്തൊക്കെയോ അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന് മയിക്ക് ആ നിമിഷം തോന്നി …

* * * * * * * * * * * * * * * *

കുറേ കഴിഞ്ഞ് നിഷിനും ആദർശും ഒരുമിച്ച് തിരികെ റൂമിലേക്ക് വന്നു …

നിഷിന്റെ മുഖത്തൊരു തെളിച്ചമുണ്ടായിരുന്നു …

” അച്ഛൻ കണ്ണു തുറന്നു … എന്നോടും ഏട്ടനോടും സംസാരിക്കുകയും ചെയ്തു …അച്ഛനെ മിക്കവാറും വൈകിട്ട് റൂമിലേക്ക് മാറ്റും .. ” നിഷിൻ പറഞ്ഞതു കേട്ട് എല്ലാ മുഖങ്ങളും വിടർന്നു …

” അപ്പോ ഇനി പേടിക്കാനില്ലല്ലോ …. നിവയെ എങ്കിൽ എന്റെ കൂടെ വിടു … ഞാൻ ഹോസ്റ്റലിൽ വിട്ടേക്കാം .. ” ആദർശ് പറഞ്ഞു ….

” അവളെ ഉടനെ വിടുന്നില്ല ആദർശ് ….” നിഷിൻ പറഞ്ഞു ….

മയി ആദർശിനെ ശ്രദ്ധിച്ചു … നിവയെ കൊണ്ടു പോകാൻ അവനെന്തോ താത്പര്യക്കൂടുതൽ ഉള്ള പോലെ ….

” അവളുടെ ക്ലാസ് ഒക്കെ മിസാകില്ലേ …..” ആദർശ് ചോദിച്ചു …

” അത് … അവളിനി മിക്കവാറും ബാംഗ്ലൂരിൽ കണ്ടിന്യൂ ചെയ്യുന്നുണ്ടാവില്ല …. “

ആദർശ് അമ്പരന്നു നിഷിനെ നോക്കി ..

” കണ്ടിന്യൂ ചെയ്യുന്നില്ലന്നോ … അവൾക്ക് പിന്നെ പഠിക്കണ്ടെ ….?” ഒരു തമാശ കേട്ടതു പോലെ ആദർശ് ചോദിച്ചു …

” അവളെ നാട്ടിൽ ചേർക്കാനൊരു പ്ലാൻ ….”

” വാട്ട് …. ? അവളെന്താ എൽ കെ ജി യിലാണോ പഠിക്കുന്നേ … ഇടയ്ക്ക് വച്ച് സ്കൂൾ മാറുന്ന പോലെ മാറാൻ … ഇനി നാട്ടിൽ പഠിക്കാൻ , അടുത്ത ഇയറല്ലേ പറ്റൂ … ഒരു വർഷം പോകില്ലേ അവളുടെ ….?” ആദർശ് നെറ്റി ചുളിച്ചു …

” ആ .. ഇനിയിപ്പോ ഈ വർഷം പോട്ടെ … ” നിഷിൻ ആരൊടെന്നില്ലാതെ പറഞ്ഞു …

ആദർശ് വീണയെയും നിഷിനെയും ഹരിതയെയുമൊക്കെ മാറി മാറി നോക്കി ..

” നിഷിൻ …. അവൾക്കവിടെ എന്തെങ്കിലും ഇഷ്യൂ ഉണ്ടായോ …? ” ആദർശ് വിടാനുള്ള ഭാവം ഇല്ലായിരുന്നു …

” ആ .. ചെറിയൊരിഷ്യൂ ഉണ്ടായി ….”

” എന്താ … റാഗിങ്ങോ മറ്റോ ആണോ .. എന്ത് പ്രശ്നമാണെങ്കിലും അതിന് അവളുടെ പഠിത്തം നിർത്തണ്ട .. ഞാനിടപെടാം … നിങ്ങൾക്കെന്നെ ജസ്റ്റ് ഒന്ന് വിളിച്ചു പറഞ്ഞാൽ പോരാരുന്നോ ….?” അവൻ എല്ലാവരെയും നോക്കി …

” അതല്ല … അവിടെ അവളുടെ ഫ്രണ്ട്ഷിപ്പ് ഒന്നും ശരിയല്ല … ഇനിയിപ്പോ അവളെ അങ്ങോട്ട് വിടാൻ ഇവിടെ ആർക്കും ഇൻട്രസ്റ്റ് ഇല്ല …. ” നിഷിൻ ആ ടോപ്പിക് അവസാനിപ്പിക്കാനെന്നവണ്ണം പറഞ്ഞു നിർത്തി ….

ആദർശ് നിവയെ ഒന്ന് നോക്കി …

അൽപ്പനേരം കൂടി ഇരുന്ന ശേഷം അവൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി …

ഇറങ്ങാൻ നേരം അവൻ മയിയെ നോക്കി .. അവളത് പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു ..

ആദർശ് പോയിക്കഴിഞ്ഞതും നിഷിൻ ചെന്ന് വീണയുടെ അരികിലിരുന്നു …

” അമ്മേ … എനിക്കിന്ന് രാത്രിയെങ്കിലും ആലപ്പുഴയ്ക്ക് തിരിച്ചേ പറ്റൂ … മിനിസ്റ്റർ പങ്കെടുക്കുന്ന മീറ്റിംഗ് ഉൾപ്പെടെ ഒഴിവാക്കാനാകാത്ത രണ്ടു മൂന്ന് എൻകേജ്മെന്റ്റ്സ് ഉണ്ട് … ” നിഷിൻ പറഞ്ഞു …

” നീ പൊയ്ക്കോ … അച്ഛനെ ഇന്നോ നാളെയോ റൂമിലേക്ക് മാറ്റുമല്ലോ … കണ്ണനും ഇവരുമൊക്കെയില്ലേ .. അത്യാവശ്യം ഉണ്ടെങ്കിൽ നീ വന്നാൽ മതി .. ” വീണ പറഞ്ഞു …

അവൻ ഹരിതയെ നോക്കി ..

” നീ പൊയ്ക്കോ കിച്ചു .. ഇവിടിപ്പോ കണ്ണേട്ടൻ മതി .. പിന്നെ ഹരീഷേട്ടൻ ഇവിടെ അടുത്ത് തന്നെയുണ്ടല്ലോ .. ഏട്ടൻ വന്നപ്പോ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു നിനക്ക് മിക്കവാറും ഇന്ന് തന്നെ പോകേണ്ടി വരുമെന്ന് … ഏട്ടൻ ഇടയ്ക്ക് വന്നോളാന്ന് പറഞ്ഞിട്ടുണ്ട് … ” ഹരിത പറഞ്ഞു ..

നിഷിൻ സമാധാനത്തോടെ നെടുവീർപ്പയച്ചു …

” മയി …. താനൊന്നു വന്നേ …..” നിഷിൻ മയിയെ വിളിച്ചു കൊണ്ട് റൂമിന് പുറത്തിറങ്ങി ..

മയിക്കും അവനോട് തനിച്ച് സംസാരിക്കാനുണ്ടായിരുന്നു …

അവർ നടന്നു ലിഫ്റ്റിനു മുന്നിലുള്ള രണ്ട് ചെയറുകളിലായി ചെന്നിരുന്നു …

” തനിക്ക് ലീവെടുക്കാൻ പറ്റുമോ … അച്ഛനെ ഡിസ്ചാർജ് ചെയ്യുന്നവരെ മതി .. ” അവൻ ചോദിച്ചു ..

” അതൊക്കെ ഞാൻ നോക്കിക്കോളാം .. നിഷിൻ അതൊന്നും ഓർത്തു ടെൻഷനാകണ്ട .. ” അവൾ പറഞ്ഞു ..

” വാവയെ ശ്രദ്ധിക്കണം … താൻ നോക്കുമെന്നറിയാം .. എന്നാലും … അവൾ എപ്പോ എന്താ ചെയ്യാന്ന് പറയാൻ പറ്റില്ല … ” നിഷിൻ പറഞ്ഞു …

” ഇവിടുത്തെ കാര്യങ്ങളോർത്ത് ടെൻഷൻ വേണ്ട .. വാവയെ എന്റെ കൺവെട്ടത്തു നിന്ന് ഞാൻ എവിടേം വിടില്ല … ഇന്നലെ രാത്രി അവളുടെ റൂമിൽ കിടക്കാതെ പിന്മാറിയത് നിഷിൻ കൂടെയുള്ളത് കൊണ്ടാ … ഇന്ന് അവളുടെ വിളച്ചിലൊന്നും എന്റെയടുത്ത് നടക്കില്ല … ” മയി ചിരിച്ചു …

നിഷിന് ആശ്വാസം തോന്നി ..

” ഈ ആദർശിനോട് നിഷിനാണോ വിളിച്ചു പറഞ്ഞെ അച്ഛന് അറ്റാക്കായ കാര്യം …? ” മയി ചോദിച്ചു …

” ഏയ് … “

” പിന്നെ അയാളെങ്ങനെ അറിഞ്ഞു … “

” അറിയില്ല …. ആരെങ്കിലും പറഞ്ഞു കാണും …… “

മയിക്കെവിടെയോ ഒരപകടം മണത്തു …

ഇന്നലെ രാത്രി സംഭവിച്ച കാര്യം , നിഷിൻ പറഞ്ഞില്ലെങ്കിൽ പിന്നെ അവനെങ്ങനെയറിഞ്ഞു ….

” നിഷിനെപ്പോഴാ പോകുന്നേ …? ” അവൾ ചോദിച്ചു …

” രാത്രിയേ പോകു …. ” അവൻ പറഞ്ഞു …

************** **

സന്ധ്യയോടെ രാജശേഖറിനെ റൂമിലേക്ക് മാറ്റി …

രാജശേഖറിനെ റൂമിലേക്ക് മാറ്റിയ ശേഷമാണ് നിഷിൻ വീട്ടിലേക്ക് പോയത് …

അവൻ ആലപ്പുഴയ്ക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകളോടെ ഹോസ്പിറ്റലിലേക്ക് മടങ്ങി വന്നു …

പത്ത് മണിവരെ അവൻ അച്ഛന്റെയടുത്ത് തന്നെ ഇരുന്നു … ശേഷം അവൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി ..

മയി കൂടി അവനൊപ്പം ഇറങ്ങിച്ചെന്നു … പാർക്കിംഗിൽ അവന്റെ സ്‌റ്റേറ്റ് കാർ കിടപ്പുണ്ടായിരുന്നു …

അവൾ കാറിനടുത്തേക്ക് അവന്റെയൊപ്പം ചെന്നു .. ആദ്യമായിട്ടായിരുന്നു അവനെ യാത്രയാക്കാൻ അവൾ അതുപോലെ കൂടെ ചെല്ലുന്നത് ..

നിഷിൻ കാറിലേക്ക് കയറിയിരുന്നപ്പോൾ മയി കുനിഞ്ഞ് അകത്തേക്ക് നോക്കി ..

” നിഷിൻ … സൂക്ഷിക്കണം .. യാത്രയിലും … ഡ്യൂട്ടിയിലും എല്ലാം .. ” അവൾ മുന്നറിയിപ്പ് പോലെ പറഞ്ഞു …

അവൻ വിസ്മയിച്ചു .. ആദ്യമായിട്ടായിരുന്നു അവളിൽ നിന്ന് അങ്ങനെയൊരു പെരുമാറ്റം ..

താഴ്ത്തി വച്ച , ഗ്ലാസിനു മുകളിൽ അവൾ കൈകൊണ്ടു തൊട്ടിട്ടുണ്ടായിരുന്നു ..

നിഷിൻ കൈയുയർത്തി അവളുടെ വിരലുകളിൽ സ്പർശിച്ചു …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഈ സായാഹ്നം നമുക്കായി മാത്രം – 24”

  1. ആകെ കൂടി കൺഫ്യൂഷൻ … ആരാ നായകൻ … ആരാ … വില്ലൻ ….. അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു …..

  2. ആര്യലക്ഷ്മി കാശിനാഥൻ

    ആദർശ് ഇനി വില്ലൻ ആയിരിക്കോ🤔🤔🤔🤔🤔

Leave a Reply