Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 29

aksharathalukal sayaanam namukai mathram

മയി നിവയെ പിടിച്ചു റൂമിൽ കൊണ്ടു പോയിരുത്തി … പിന്നെ അവൾക്കരികിലിരുന്ന് ചേർത്തു പിടിച്ചു മടിയിലേക്ക് കിടത്തി മുടിയിഴകളിൽ തഴുകി …

” പറ .. എന്താ നിന്റെ പ്രശ്നം ….?” കുറേ സമയത്തിന് ശേഷം മയി ചോദിച്ചു …

” ഞ്ചെഞ്ചമിൻ എന്നെ ഭീഷണിപ്പെടുത്തുവാ ….” നിവ കരഞ്ഞുകൊണ്ട് പറഞ്ഞു …

” എന്തിന് …..?”

” ഇനി അവൻ പറയണത് ഞാൻ അനുസരിക്കണം … ഇല്ലേൽ …….” അവൾ പൊട്ടിക്കരഞ്ഞു …

” ഇല്ലേൽ ….?” മയിക്ക് ഒരുൾഭയം തോന്നി …

എപ്പോഴോ താൻ ഭയന്നിരുന്നതിലേക്കാണ് നിവ വരുന്നതെന്ന് അവൾക്ക് മനസിലായി …

” ഇല്ലെൽ എന്റെ ഫോട്ടൊസും വീഡിയോസും ഒക്കെ അവൻ ഇന്റർനെറ്റിൽ ഇടും …….” നിവ ഏങ്ങി ഏങ്ങി കരഞ്ഞു …

മയി മ്ലാനമായി ഇരുന്നു .. പ്രതീക്ഷിച്ചത് തന്നെ …

നിവയുടെ തലമുടിയിൽ തഴുകിയിരുന്ന അവളുടെ കൈകളുടെ വേഗത കുറഞ്ഞു …

” ആരോടും പറരുതെന്നാ പറഞ്ഞെ .. പറഞ്ഞൂന്നറിഞ്ഞാലും അവനത് ചെയ്യും ….” നിവ ഭയപ്പാടോടെ പറഞ്ഞു ..

മയി നെടുവീർപ്പയച്ചു .. പ്രതീക്ഷിച്ചിരുന്നത് കൊണ്ട് മയിക്ക് ഞെട്ടലൊന്നും തോന്നിയില്ല … അവളെ ഈ കുരുക്കിൽ നിന്ന് എങ്ങനെ രക്ഷപ്പെടുത്തുമെന്നായിരുന്നു മയിയുടെ ചിന്ത … ചിലപ്പോൾ പണമാവശ്യപ്പെടാം … അല്ലെങ്കിൽ അവളെത്തന്നെ …..

മയിയുടെ കൈകൾ നിവയെ അമർത്തിപ്പിടിച്ചു …

” ആരോടും ഒന്നും പറയല്ലെ …. നിക്ക് സഹിക്കാൻ വയ്യാഞ്ഞിട്ടാ ഞാനിപ്പോ പറഞ്ഞത് …..” നിവ എഴുന്നേറ്റ് മയിയെ നോക്കി യാചനയോടെ പറഞ്ഞു …

” എന്തായാലും ഈ ട്രാപ്പിൽ നിന്ന് രക്ഷപ്പെട്ടല്ലേ പറ്റൂ ……” മയി ചോദിച്ചു …

” എനിക്ക് ഒന്നും ചെയ്യാൻ പറ്റൂല … ഞാൻ മരിച്ചു കളയും …..” നിവ ഏങ്ങലടിച്ചു ..

” എന്നാ പിന്നെ പോയ് മരിക്ക് … അതാണല്ലോ എല്ലാറ്റിനും പരിഹാരം ….” മയി ദേഷ്യത്തോടെ അവളെ തള്ളിമാറ്റി ….

നിവ മുഖം കുനിച്ചിരുന്ന് ഏങ്ങലടിച്ചു ….

മയി നിവയുടെ താടി തുമ്പിൽ തൊട്ടു …

” നോക്ക് …. മരണം ഒന്നിനും ഒരു പരിഹാരമല്ല … ആരുടെയോ ഭീഷണിക്ക് വഴങ്ങി നീ നിന്റെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തിയാൽ ആർക്കാടി നഷ്ടം …. ?”

നിവ മിണ്ടാതിരുന്നു …

” എന്ത് വന്നാലും ശരി , അവനെന്നല്ല ആർക്കും നിന്നെ തകർക്കാൻ കഴിയില്ലെന്ന് നീ നിന്നെ തന്നെ പറഞ്ഞ് പഠിപ്പിക്ക് .. ഞാനുണ്ട് നിന്റെ കൂടെ … ” മയി നിവയെ തന്നിലേക്ക് ചേർത്തു പിടിച്ചു …

നിവയ്ക്ക് പക്ഷെ ആ വാക്കുകളിൽ വിശ്വാസം തോന്നിയില്ല … അവനെ അനുസരിക്കുക എന്നതാണ് മരണമല്ലാത്ത മറ്റൊരു പോംവഴി എന്ന് നിവയ്ക്ക് തോന്നി …. എങ്കിലും അവളൊന്നും പറഞ്ഞില്ല …

” പോലീസിൽ കംപ്ലയിന്റ് ചെയ്യുമെന്ന് പറഞ്ഞില്ലേ നീ …. ?” മയി ചോദിച്ചു …

” പറഞ്ഞു … പക്ഷെ അങ്ങനെ ചെയ്താലും എന്റെ വീഡിയോസ് അവൻ അപ്ലോഡ് ചെയ്യും … അവനാ ചെയ്തേന്ന് പോലും അവർക്ക് കണ്ട് പിടിക്കാൻ കഴിയില്ലത്രേ … വിദേശത്ത് നിന്നാവും അപ്ലോഡ് ചെയ്യുകാന്ന് … “

” അവനൊരു ചുക്കും ചെയ്യില്ല … നീ സമാധാനമായിട്ടിരിക്ക് … വഴിയുണ്ടാക്കാം ….” അങ്ങനെ പറയുമ്പോഴും മയിക്കൊരു രൂപവുമില്ലായിരുന്നു എന്താണ് ചെയ്യേണ്ടതെന്ന് …

ഈ പ്രശ്നം ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ല … മക്കളെ നഷ്ടപ്പെട്ട് അലറി കരയുന്ന എത്രയോ മാതാപിതാക്കളുടെ മുഖം ഇന്നും കൺമുന്നിലുണ്ട് … ഉറക്കം കെടുത്തിയ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട് ….

മോർച്ചറിയിൽ വിറങ്ങലിച്ച് കിടന്ന എത്രയോ പെൺകുട്ടികൾ … ഒരു നിമിഷം ആ സ്ഥാനത്ത് നിവയുടെ മുഖം കടന്നു വന്നു … മയി പിടഞ്ഞു പോയി … അവളെ അങ്ങനെ സങ്കൽപ്പിക്കാൻ പോലും വയ്യ …

മയി നിവയെ അണച്ചു പിടിച്ചു …

” നീ കിടന്നോ ……” മയി അവളെ തലോടി …

നിവ ഏങ്ങലടിച്ചു ….

” കരയരുത് … കരയാൻ തുടങ്ങിയാൽ കണ്ണീരിൽ നമ്മൾ ആശ്വാസം കണ്ടെത്തും … അത് പക്ഷെ ക്ഷണികമാണ് … നമ്മുടെ പ്രശ്നത്തിനുള്ള പരിഹാരം കണ്ണീരിലില്ല … “

” എനിക്ക് വയ്യ … എനിക്ക് പേടിയാ …..” നിവ മയിയെ കെട്ടിപ്പിടിച്ചു …

മയിയുടെ നെഞ്ച് പിടഞ്ഞു …

” മോളെ …..” അവൾ നിവയെ അടക്കി പിടിച്ചു …

” പേടിക്കണ്ട … ഞാനുണ്ട് നിനക്ക് … എന്ത് വന്നാലും നിലയില്ലാ കയത്തിലേക്ക് നിന്നെ തള്ളി വിട്ടിട്ട് ഞാൻ പോകില്ല .. നീ ധൈര്യമായിരിക്ക് .. പക്ഷെ ഒരു വാക്ക് നീയെനിക്ക് തരണം …..” മയി അവളുടെ മുഖം കൈകളിലെടുത്തു …

നിവ അവളെ നോക്കി … അവളുടെ കണ്ണിൽ കണ്ണുനീരടർന്നു നിന്നു …

” എന്ത് വന്നാലും ഇനിയാ തെറ്റ് ആവർത്തിക്കില്ലെന്ന് എനിക്ക് വാക്ക് തരണം … വെറും വാക്കല്ല .. നീ നിനക്ക് തന്നെ കൊടുക്കുന്ന വാക്ക് ….”

” ഇല്ല … ഇനി ഞാൻ ചെയ്യില്ല .. ഒരിക്കലും ചെയ്യില്ല …….” നിവ മയിയെ കെട്ടിപ്പിടിച്ച് അവളുടെ മാറിൽ മുഖം ചേർത്തു പറഞ്ഞു .. ആ വാക്കുകളിൽ ദൃഢതയുണ്ടായിരുന്നു ..

” മരണത്തെ കുറിച്ച് ഇനിയൊരിക്കലും ചിന്തിക്കരുത് …..”

അതിനവൾ മിണ്ടിയില്ല .. എങ്കിലും തലയാട്ടി … അത് പക്ഷെ വെറും വാക്കാണെന്ന് മയിക്ക് മനസിലായി …

” നോക്ക് അവനിനി വിളിച്ച് എന്ത് തന്നെ നിന്നോടാവശ്യപ്പെട്ടാലും അത് നീ അപ്പോൾ തന്നെ എന്നോട് പറയണം …. ” മയി ഉപദേശിച്ചു …

നിവ തല ചലിപ്പിച്ചു …

” നിന്റെ ഫോണിൽ കോൾ റെക്കോർഡുണ്ടോ ….?”

” ഉണ്ട് ….പക്ഷെ ഞാൻ ആക്ടീവാക്കി ഇട്ടിട്ടില്ല ….”

” എന്നാൽ ഇനി മുതൽ അവന്റെ എല്ലാ കോൾസും നീ റെക്കോർഡ് ചെയ്യണം .. എന്നിട്ടത് എനിക്ക് സെന്റ് ചെയ്യണം … “

നിവയതും സമ്മതിച്ചു …..

കുറേ സമയം കൂടി അവരങ്ങനെ ഇരുന്നു …

” ഏട്ടത്തി ……………” നിവ തലയുയർത്തി മയിയുടെ മുഖത്ത് നോക്കി വിളിച്ചു …

അവളുടെ ഹൃദയത്തിലെവിടെയോ ഒരു മഞ്ഞ് പെയ്തു … ആദ്യമായിട്ടാണ് നിവയുടെ നാവിൽ നിന്ന് അങ്ങനെയൊരു വിളി കേൾക്കുന്നത് …

” ങും ……..”

മയി ആർദ്രാമായി ചിരിച്ചു കൊണ്ട് അവളുടെ മുഖത്ത് നോക്കി വിളി കേട്ടു …

” ഞാനൊത്തിരി ഇൻസൾട്ട് ചെയ്തിട്ടൊണ്ട് … മോശമായി പറഞ്ഞിട്ടൊണ്ട് … സോറി ….. റിയലി സോറി ….” നിവ ഏങ്ങലടിച്ചു …

മയി അവളുടെ കവിളിൽ തട്ടി ആശ്വസിപ്പിച്ചു …

” എന്നോട് ദേഷ്യം തോന്നിയിട്ടില്ലേ … വെറുത്തിട്ടില്ലേ എന്നെ …. ” നിവ കണ്ഠമിടറി ചോദിച്ചു …

മയി മെല്ലെ ചിരിച്ചു ..

” വേണമെങ്കിൽ എനിക്ക് പറയാം നിന്റെ അറിവില്ലായ്മയായിട്ടേ കണ്ടിട്ടുള്ളു എന്നൊക്കെ … അങ്ങനെയെ കണ്ടിട്ടുള്ളു പക്ഷെ എന്നെയത് വേദനിപ്പിച്ചിട്ടുണ്ട് .. ദേഷ്യം തോന്നിയിട്ടുമുണ്ട് നിന്നോട് … നമ്മളെ ഒരാൾ ഇൻസൾട്ട് ചെയ്താൽ ആർക്കായാലും അങ്ങനെയേ തോന്നു .. ” മയി പറഞ്ഞു ..

നിവയുടെ ഏങ്ങലടി ഉയർന്നു കേട്ടു ..

” സാരമില്ല … അത് കഴിഞ്ഞു … ഞാനത് മനസിൽ കൊണ്ട് നടന്നിട്ടൊന്നുമില്ല .. അങ്ങനെയായിരുന്നെങ്കിൽ പിന്നീട് ഒരിക്കലും ഞാൻ നിന്റെ കാര്യത്തിൽ ഇടപെടില്ലായിരുന്നു .. പക്ഷെ നമ്മളൊന്നു മനസിലാക്കണം … മുന്നിൽ നിൽക്കുന്നത് ശത്രുവാണെങ്കിൽ കൂടി നമ്മളവരെ ഇൻസൾട്ട് ചെയ്യരുത് … ” അങ്ങനെ പറയുമ്പോഴും നിഷിനോട് അവൾ പലവട്ടം പറഞ്ഞതും ചെയ്തതുമെല്ലാം എവിടെയൊക്കെയോ ഇരുന്ന് അവളെ നോക്കി പല്ലിളിച്ചു …

ആ ഉപദേശിക്കുന്നതിന് ചിലവൊന്നുമില്ലല്ലോ …. മയി തന്റെ പ്രവൃത്തികൾക്ക് നേരെ സൗകര്യപൂർവ്വം കണ്ണടച്ചു …

” കിടക്കാം … നീയെല്ലാം വിട്ടേക്ക് ….” മയി നിവയുടെ നെറ്റിയിൽ തഴുകി കൊണ്ട് അവളെ പിടിച്ച് ബെഡിൽ കിടത്തി … തൊട്ടടുത്തായി മയിയും കിടന്നു … നിവ കൈയെടുത്ത് അവളെ കെട്ടിപ്പിടിച്ചു ..

അങ്ങനെ കിടക്കുമ്പോൾ നിവയ്ക്കൊരു ആശ്വാസമായിരുന്നു … എവിടെയോ ഒരു പിടിവള്ളി കിട്ടിയത് പോലെ …

മയി അപ്പോഴും ആലോചനയിലായിരുന്നു … എന്താണ് ഒരു പോംവഴി …

അടുത്തറിയുന്ന പോലീസ് സുഹൃത്തുക്കളുണ്ട് … അവരോട് പറയണോ … അതോ നിഷിനെ വിളിച്ച് പറയണോ … അവന് തന്നേക്കാൾ കൂടുതൽ പരിചയക്കാർ പോലീസിലുണ്ട് … എന്താണെങ്കിലും സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് അവൾ സ്വയം പറഞ്ഞു .. കൈയ്യിൽ നിന്നു പോയാൽ , അവളുടെ ജീവിതമാണ് … ഒന്ന് കൂടി മനസിരുത്തി അലോചിച്ചിട്ട് ഒരു തീരുമാനമെടുക്കാമെന്ന് അവൾ നിശ്ചയിച്ചു …

* * * * * * * * * * * * * * * *

ഓഫീസിൽ അടുത്ത ന്യൂസ് ബുള്ളറ്റിനുള്ള തയ്യാറെടുപ്പിലായിരുന്നു മയി … ചാലിയാറിൽ ജലനിരപ്പ് ഉയർന്ന വാർത്ത റിപ്പോർട്ട് ചെയ്യുവാൻ ,അവിടെയുള്ള ചാനലിന്റെ പ്രതിനിധിയുമായുള്ള കണക്ഷൻ പ്രോബ്ലം ശരിയാക്കാൻ ടെക്നീഷ്യനെ ഏൽപ്പിച്ച് കാത്ത് നിൽക്കുമ്പോഴാണ് ചഞ്ചൽ അവൾക്കെതിരെ വന്നത് …

പെട്ടന്ന് , അവൾ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യം മയിക്ക് ഓർമ വന്നു … അവൾ ചഞ്ചലിനെ ശ്രദ്ധിക്കാൻ പോയില്ല …

ചഞ്ചൽ പക്ഷെ നേരെ മയിയുടെ മുന്നിൽ വന്ന് നിന്നു …

” എനിക്ക് മാഡത്തോട് പേർസണലായി സംസാരിക്കാനുണ്ട് …. ” ചഞ്ചൽ പറഞ്ഞു ..

” എന്താണ് ….?”

” ഇവിടെ വച്ചല്ല .. മറ്റെവിടെയെങ്കിലും ….”

” ഉച്ചയ്ക്ക് കാൻറീനിൽ കാണാം ….” മയി പറഞ്ഞിട്ട് ടെക്നീഷ്യന്റെ അടുത്തേക്ക് നടക്കാൻ തുനിഞ്ഞതും അവളുടെ കൈയിൽ പിടിവീണു …

മയി തിരിഞ്ഞു നോക്കി … ചഞ്ചൽ തന്റെ കൈയിൽ പിടിച്ചിരിക്കുകയാണ് …

” എന്താ …..?” മയി നെറ്റി ചുളിച്ചു …

” എനിക്കിപ്പോ സംസാരിക്കണം …..” അവളുടെ ശബ്ദം കനത്തതായിരുന്നു ..

” എനിക്ക് ഡെസ്കിലേക്ക് കയറാൻ ടൈമായി … നീ പിന്നെ വാ ….”

” കയറുന്നതിന് മുൻപ് മാഡത്തിനോട് എനിക്ക് സംസാരിച്ചേ പറ്റൂ … “

” സോറി ……”

” പിന്നീട് മാഡത്തിന് റിഗ്രറ്റ് തോന്നരുത് … ” അവളുടെ ശബ്ദത്തിൽ മൂർച്ചയുണ്ടായിരുന്നു …

മയിക്ക് വല്ലായ്മ തോന്നി …

” എന്താ നിന്റെ പ്രശ്നം … ” മയിക്ക് ദേഷ്യം വന്നു …

” ചൂടാവണ്ട മേഡം … നിങ്ങൾക്ക് മുന്നിൽ രണ്ടോപ്ഷൻ ഞാൻ വയ്ക്കുവാ … ഒന്നുകിൽ മാഡം എന്റെയൊപ്പം അങ്ങോട്ട് വരണം .. മേക്കപ്പ് റൂമിൽ മതി .. അവിടെയിപ്പോൾ ആരുമില്ല … അല്ലെങ്കിൽ മേഡം ഡസ്കിൽ കയറി കഴിയുമ്പോൾ ഒരു വാർത്ത കൺമുന്നിൽ തെളിയും .. മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ മേഡത്തിന് അത് വായിക്കേണ്ടിയും വരും .. അന്നേരം ഇപ്പോൾ കളയുന്ന ഈ നിമിഷമോർത്ത് നിരാശ തോന്നും … പക്ഷെ ഒന്നും ചെയ്യാൻ കഴിയില്ല …..” ചഞ്ചലിന്റെ മുഖത്ത് ആരെയൊക്കെയോ തോൽപ്പിക്കാൻ പോകുന്ന ഭാവമായിരുന്നു …

സമയം പത്ത് മണിയാകാൻ രണ്ട് മിനിറ്റ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു … ഡെസ്കിലേക്ക് കയറാനുള്ള ടൈം ആയി ..

” സോറി ചഞ്ചൽ .. ഇപ്പോ ഒരു പേർസണൽ ടോക്കിന് ടൈമില്ല .. ഷാർപ്പ് പത്തിന് തുടങ്ങേണ്ട ബുള്ളറ്റിനാണ് ….” പറഞ്ഞു കൊണ്ട് മയി ചഞ്ചലിനെ വിട്ട് നടന്നകന്നു …

” ഡാ മോനെ … കണക്ഷൻ റെഡിയാക്കിയിട്ടുണ്ടോ …..?” നടപ്പിനിടയിൽ മയി വിളിച്ചു ചോദിച്ചു …

” കണക്ട് ചെയ്തിട്ടുണ്ട് മാം .. ബട്ട് അവിടെ റെയ്ഞ്ച് പ്രോബ്ലമുണ്ട് .. കുഴപ്പമില്ല .. നമുക്ക് ശരിയാക്കാം … ” അനന്തു വിളിച്ചു പറഞ്ഞു …

മയി തമ്പുയർത്തി കാണിച്ചു കൊണ്ട് ഡെസ്കിലേക്ക് കയറി ..

ചഞ്ചൽ പകയോടെ മയിയെ നോക്കി .. ശേഷം ചീഫ് എഡിറ്ററുടെ കാബിനിലേക്ക് നടന്നു …

” ഒരു ബ്രേക്കിംഗ് ന്യൂസുണ്ട് സർ .. നമ്മുടെ ചാനലിൽ അത് വന്നില്ലെങ്കിൽ മറ്റുള്ള ചാനലിൽ ഇത് ബ്രേക്കിംഗ് ന്യൂസായി ഇപ്പോൾ മുതൽ പോയി തുടങ്ങും … ” ചീഫ് എഡിറ്റർ നിരഞ്ജൻ ഘോഷിന് മുന്നിൽ കൈകുത്തി നിന്ന് അവൾ പറഞ്ഞു ..

പത്ത് മണിയുടെ ന്യൂസ് ബുള്ളറ്റിൻ ആരംഭിച്ചു …

ന്യൂസ് ഹെഡ്ലൈനുകൾക്ക് ശേഷം മയി , വിശദമായ വാർത്തകളിലേക്ക് കടന്നു …

ഇടയ്ക്ക് ഒരു ബ്രേക്കിംഗ് ന്യൂസുണ്ടെന്ന് മയിക്ക് അറിയിപ്പ് കിട്ടി … ഒപ്പം മുന്നിലെ സ്ക്രീനിൽ ആ വാർത്തയുടെ അക്ഷരങ്ങൾ തെളിഞ്ഞു വന്നു …

‘ ആലപ്പുഴ സബ് കളക്ടർ നിഷിൻ രാജശേഖർ IAS ന് എതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത് … ‘

മയിയുടെ കണ്ണ് മിഴിച്ചു .. ആ അക്ഷരങ്ങൾ അവൾക്ക് മുന്നിൽ കിടന്ന് അട്ടഹാസം മുഴക്കി ….

( തുടരും )

അമൃത അജയൻ

അമ്മൂട്ടി ..

 

അമൃത അയന്റെ മറ്റു നോവലുകൾ

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!