Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 30

aksharathalukal sayaanam namukai mathram

മയിയുടെ തൊണ്ട വരണ്ടു … ലൈവ് ന്യൂസ് ബുള്ളറ്റിനാണ് .. വായിക്കാതിരിക്കാൻ കഴിയില്ല … അപ്പോഴേക്കും ലൈവ് പൊയ്ക്കൊണ്ടിരുന്ന ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടിംഗ് കഴിയാറായി …

മയി വേഗം ഒരിടവേള പറഞ്ഞു … ശേഷം സ്വന്തം ഫോണെടുത്ത് ചീഫ് എഡിറ്ററെ വിളിച്ചു …

” സർ വാട്ട്സ് ദിസ് ….? എന്തടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു വാർത്ത ….? ” മയിയുടെ ശബ്ദമുയർന്നു …

” സീ ദയാമയി … ആരോപണമുന്നയിക്കുന്ന പെൺകുട്ടി തെളിവുകളുമായി എന്റെ മുന്നിലുണ്ട് … അവൾ മയിക്കൊപ്പം സ്റ്റുഡിയോയിലേക്ക് വരും … ലൈവായി അവളുടെ ഇൻർവ്യൂ നമ്മൾ ടെലികാസ്റ്റ് ചെയ്യുന്നു … അവളതിന് സമ്മതിച്ചിട്ടുണ്ട് … “

” സർ എനിക്കു പറ്റില്ല … ” മയി തുറന്നു പറഞ്ഞു …

” വാട്ട് നോൺസൺസ് ആർ യു ടോക്കിംഗ് … ന്യൂസ് സെൻറർ താനല്ലേ .. ബുള്ളറ്റിൻ സ്റ്റാർട്ട് ചെയ്തും കഴിഞ്ഞു .. ഇനിയിപ്പോ മാറ്റാൻ പറ്റില്ല … വേറാരും ഇവിടെ അവൈലെബിളും അല്ല … തന്റെ വിഷമം എനിക്ക് മനസിലാകും … തന്റെ ഹസ്ബന്റാണ് നിഷിൻ രാജശേഖർ .. ബട്ട് ഐ ആം ഹെൽപ്ലെസ് …. ഞാൻ മുകളിൽ ബന്ധപ്പെട്ടിരുന്നു .. ദയാമയി തന്നെ കണ്ടിന്യൂ ചെയ്യണമെന്നാ ഓർഡർ .. മുൻപ് ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്ത് എക്സ്പീരിയൻസുള്ളത് തനിക്കാണ് … സൊ യു ഷുഡ് പ്രൊസീഡ് … ” നിരഞ്ജൻ ഘോഷ് കോൾ കട്ട് ചെയ്തു കളഞ്ഞു ..

അപ്പോഴേക്കും സ്റ്റുഡിയോയിലേക്ക് ചഞ്ചൽ കയറി വന്നു … അവൾ പക മുറ്റിയൊരു ചിരി മയിയുടെ നേർക്കയച്ചു … മയി അവളെ സംശയത്തോടെ നോക്കി ….

ഇവളോ …….

എന്തെങ്കിലും അവളോട് ചോദിക്കാനുള്ള സാവകാശം മയിക്ക് കിട്ടിയില്ല … അപ്പോഴേക്കും ന്യൂസ് ലൈവായി …

മയി തന്റെ കൺമുന്നിൽ തെളിഞ്ഞ വാർത്ത വായിക്കാൻ തുടങ്ങി …

വളരെ പ്രധാനപ്പെട്ട ഒരു വാർത്ത നമുക്ക് ലഭ്യമായിട്ടുണ്ട് …

‘ ആലപ്പുഴ സബ്കളക്ടർ നിഷിൻ രാജശേഖർ IAS ന് എതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത് … യുവ മോഡലും ആങ്കറുമായ ചഞ്ചൽ രാംദാസ് ആണ് ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത് .. ചഞ്ചൽ നമുക്കൊപ്പം സ്റ്റുഡിയോയിൽ ചേരുന്നുണ്ട് … വിശദ വിവരങ്ങൾ നമുക്ക് നേരിട്ട് ചോദിച്ചറിയാം ….. ‘

അത്രയും പറഞ്ഞു കൊണ്ട് മയി ചഞ്ചലിന് നേരെ തിരിഞ്ഞു …

ക്യാമറ കണ്ണുകളും ചഞ്ചലിനു നേരേയായി …

” മിസ് ചഞ്ചൽ രാംദാസ് … തുറന്ന് ചോദിക്കേണ്ടി വരുന്നതിൽ ഞങ്ങൾക്കും വിഷമമുണ്ട് .. എങ്കിലും താങ്കൾ ഇതുമായി ബന്ധപ്പെട്ട് നിലവിൽ ഒരു കേസും എവിടെയും ഫയൽ ചെയ്തിട്ടില്ലെന്ന് അറിയുന്നത് കൊണ്ടും നേരിട്ട് ഒരു ചാനലിനെ ബന്ധപ്പെട്ടത് കൊണ്ടുമാണ് ചോദിക്കേണ്ടി വരുന്നത് .. എന്തുകൊണ്ടാണ് പോലീസിൽ പരാതിപ്പെടാതെ ഇത്തരമൊരാരോപണം പരസ്യമായി ചാനൽ വഴി നടത്തുന്നത് …?”

” മാഡം … രഹസ്യമായി പോലീസിൽ പരാതിപ്പെട്ടാൽ എനിക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന് ഉറപ്പുണ്ട് .. നിഷിൻ രാജശേഖറിന് പോലീസിൽ ഒരുപാട് വിശ്വസ്ഥർ ഉണ്ടെന്നും എന്റെ പരാതി തേയ്ച്ചു മായ്ച്ചു കളയുമെന്ന് മാത്രമല്ല എന്റെ ജീവന് പോലും ഭീഷണിയാകുമെന്ന് നിഷിനോട് അടുത്തിടപഴകിയിട്ടുള്ള വ്യക്തിയെന്ന നിലയിൽ എനിക്കറിയാം … അതുകൊണ്ടാണ് എന്റെ ആത്മാഭിമാനം പോലും പണയം വച്ച് ഞാനിങ്ങനെ പൊതുജന മദ്ധ്യത്തിൽ വന്നത് .. ” പക്വതയോടെയാണ് ചഞ്ചൽ മറുപടി പറഞ്ഞത് .. ആരെങ്കിലും പറഞ്ഞു പറയിപ്പിച്ചതാണെന്ന് മയിക്ക് തോന്നിയതേയില്ല ….

” ഒക്കെ … സംസ്ഥാനത്തെ മിടുക്കനായൊരു IAS ഓഫീസറുടെ പേരിലാണ് ചഞ്ചൽ ആരോപണമുന്നയിച്ചത് .. അത്കൊണ്ടാണ് ഞങ്ങൾക്കത് എടുത്ത് ചോദിക്കേണ്ടി വന്നത് … നാളെ ഇതിൽ കഴമ്പില്ലെന്ന് വന്നാൽ ഞങ്ങളെക്കൂടി അത് ബാധിക്കുമെന്ന് അറിയാമല്ലോ …? “

” അറിയാം മാഡം … അത് കൊണ്ട് തന്നെ കൃത്യമായ തെളിവുകൾ ഞാൻ കൊണ്ട് വന്നിട്ടുണ്ട് .. “

അവളൊരു കവർ ഉയർത്തിക്കാണിച്ചു ..

” ഇതിനുള്ളിൽ ഞാൻ പറഞ്ഞതിനുള്ള തെളിവുകളാണ് .. ഇതിന്റെ കോപ്പി ഞാനിവിടെ കൊടുത്തിട്ടുണ്ട് … ഈ ചാനലിൽ നിന്നിറങ്ങി ഞാൻ പോകുന്നത് പോലീസ് സ്റ്റേഷനിലേക്കായിരിക്കും .. അതിനിടയിൽ എനിക്കെന്തെങ്കിലും സംഭവിച്ചാലും തെളിവുകൾ നിങ്ങളുടെ പക്കലെങ്കിലും ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഞാനിപ്പോൾ ….”

” ചഞ്ചലിനെങ്ങനെയാണ് സബ് കളക്ടർ നിഷിൻ രാജശേഖർ IAS മായി പരിചയം …. “

” എനിക്ക് വർഷങ്ങളായി നിഷിൻ സാറിനെ അറിയാം .. എന്റെ അച്ഛന്റെ സ്റ്റുഡന്റായി ഞങ്ങളുടെ വീട്ടിൽ വരുമ്പോഴാണ് ഞാൻ നിഷിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും … എന്റെ അച്ഛൻ ഒരദ്ധ്യാപകനായിരുന്നു .. നിഷിൻ സാറിനെ പഠിപ്പിച്ചിട്ടുണ്ട് … നിഷിൻ സർ IAS ന് പഠിക്കുന്ന കാലത്ത് അച്ഛൻ പഠിക്കാൻ ഒരു പാട് ഹെൽപ്പ് ചെയ്തിട്ടുണ്ട് .. ഞങ്ങളുടെ വീട്ടിൽ ദിവസങ്ങളോളം നിന്ന് പഠിച്ചിരുന്നു … അന്ന് മുതൽ എനിക്കദ്ദേഹത്തെ അറിയാം … പക്ഷെ രണ്ട് വർഷം മുൻപ് എന്റെയച്ഛൻ മരിച്ചു .. ഞാനും അമ്മയും തനിച്ചായി … വലിയൊരു കടബാധ്യത എന്റെ കുടുംബത്തിനുണ്ടായിരുന്നു … ബന്ധുക്കളൊക്കെ കൈവിട്ടപ്പോൾ പട്ടിണിയാകാതിരിക്കാൻ നിഷിൻ സർ ഞങ്ങളെ സഹായിച്ചു .. എന്റെ വീട്ടിൽ നിത്യസന്ദർശകനായി നിഷിൻ സർ .. ആ സമയത്ത് അദ്ദേഹം ഞാനുമായി അടുത്തു .. എന്നെ വിവാഹം കഴിച്ചോളാമെന്ന് വാക്കു തന്നിരുന്നു .. ഞാനദ്ദേഹത്തെ വിശ്വസിച്ചു .. ആ വിശ്വാസം അദ്ദേഹം മുതലെടുത്തു .. അതും എനിക്ക് പ്രായപൂർത്തിയാകുന്നതിന് മുൻപേ .. ആ പ്രായത്തിൽ തെറ്റ് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു . . . അദ്ദേഹം വിവാഹം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ .. എന്നാൽ കുറച്ച് ദിവസം മുൻപ് വളരെ രഹസ്യമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു .. അധികം ആരെയും അറിയിക്കാതെ … അടുത്ത ബന്ധുക്കളുടെ മാത്രം സാനിധ്യത്തിൽ .. വിവാഹം കഴിഞ്ഞ വാർത്ത പിറ്റേന്ന് പത്രത്തിൽ കണ്ടാണ് ഞാനറിയുന്നത് .. ചതി പറ്റിയെന്ന് അപ്പോൾ മാത്രമാണ് ഞാനറിയുന്നത് … “

മയി തരിച്ചിരുന്നു … ചഞ്ചലിന്റെ വാക്കുകൾ അവൾക്ക് അവിശ്വസിക്കാനേ കഴിഞ്ഞില്ല … അത്രമാത്രം ഉറപ്പോടെയാണ് അവൾ സംസാരിച്ചത് ….

* * * * * * * * * * * *

കാട്ടുതീ പോലെയാണ് നിഷിനെതിരെയുള്ള വാർത്ത പടർന്നു പന്തലിച്ചത് … മറ്റ് ചാനലുകളിലും ആ വാർത്ത ബ്രേക്കിംഗ് ന്യൂസ് ആയി വരാൻ തുടങ്ങി …

അതുവരെ നിഷിനെ സ്തുതിച്ചു സംസാരിച്ചിരുന്നവർ നിശബ്ദരായി … നിഷിന്റെ സ്തുതിപാലകരായി നിന്നിരുന്ന മാധ്യമങ്ങൾ മറുകണ്ടം ചാടി …

സോഷ്യൽ മീഡിയയിലെ നിഷിന്റെ ഫാൻസ് പേജുകൾ പേരുമാറ്റി കാലവസ്ഥ പോസ്റ്റിടാൻ തുടങ്ങി …

മുസാഫിർ പുന്നക്കാടനുമായുള്ള വിഷയത്തിൽ നിഷിനെ എതിർത്തിരുന്നവർ പോസ്റ്റുകളുമായി കളം നിറഞ്ഞാടി … അനുകൂലിച്ചിരുന്ന മറ്റ് ചിലർ അന്തസായി കുറ്റം ഏറ്റ് പറഞ്ഞു മറുകണ്ടം ചാടി …

ചഞ്ചലിനു വേണ്ടി ഹാഷ് ടാഗുകൾ ഉയർന്നു … മന്ത്രിസഭയിലെ വനിതാ മന്ത്രിമാർ ചഞ്ചലിനെ നേരിട്ടു വിളിച്ച് പിന്തുണയറിയിച്ചു …

വിഷയം നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു

നിഷിനെ സസ്പെന്റ് ചെയ്യണമെന്ന ആവശ്യവുമുയി പലരും ചീഫ് സെക്രട്ടറിയെ സമീപിച്ചു … സർക്കാർ അതിനുള്ള നടപിടികൾ ആരംഭിച്ചിരുന്നു ..

നിഷിൻ ആ സമയം തന്റെ ഓഫീസിലായിരുന്നു … അവന്റെ ഫോണിൽ തുരുതുരാ കോളുകൾ വന്നുകൊണ്ടിരുന്നു … ഒന്നിനു പോലും അവൻ റെസ്പോണ്ട് ചെയ്തില്ല … മയിയുടെ ഒരു കോൾ പോലും അവനെ തേടി വന്നില്ലെന്ന് അവൻ കണ്ടു …

പേർസണൽ സ്റ്റാഫ് രാജേഷ് അവന്റെയടുത്തേക്ക് വന്നു …

” സർ …. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് മെയിലുണ്ട് … “

” ങും …… “

” 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം ….”

നിഷിൻ വെറുതെ തലയാട്ടി …

” പുറത്ത് മുഴുവൻ മാധ്യമങ്ങളാണ് സർ …. അവർക്ക് സാറിനെ കാണണമെന്ന് … “

” അവർക്ക് വേണ്ടതൊക്കെ കിട്ടിക്കഴിഞ്ഞില്ലേ രാജേഷേ .. ഇനി എന്റെ വാക്കുകൾ ഒരു കോമഡിഷോ പോലെ ചിത്രീകരിക്കാനുള്ള തത്രപ്പാടാണ് ആ കാണുന്നത് … “

” സർ മേഡത്തിനെ വിളിച്ചാൽ … ഇക്കാര്യത്തിൽ മാഡത്തിനാവും സാറിനെ സഹായിക്കാൻ കഴിയുക ….”

” അവളല്ലെ രാജേഷേ ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് .. സത്യവും മിധ്യയും അന്വേഷിക്കുന്ന അത് വിളിച്ചു പറയാൻ മടിയില്ലാത്ത ഒരു മാധ്യമ പ്രവർത്തകയായിട്ടാ ഞാനവളെ മനസിലാക്കിയിരുന്നത് .. എക്സ്ക്ലൂസീവ്ന് ദാഹിക്കുന്ന ഒരു മനസ് അവൾക്കുണ്ടെന്ന് എനിക്കറിയില്ലായിരുന്നു … “

രാജേഷ് നിശബ്ദനായി നിന്നു .. നിഷിനെ അത്രയും തകർന്ന അവസ്ഥയിൽ ആദ്യമായാണ് രാജേഷ് കാണുന്നത് ..

നിഷിൻ റോളിംഗ് ചെയറിലേക്ക് ചാരി ,വിരലുകൾ കൊണ്ട് മുഖം താങ്ങിയിരുന്നു …

* * * * * * * * * * * * *

ടിവിക്ക് മുന്നിൽ ശ്വാസം നിലച്ചപടി ഇരുന്നു വീണയും ഹരിതയും നിവയും … അവർക്കത് ഒരിക്കലും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല …

ഹരിത പെട്ടന്ന് ടിവി ഓഫ് ചെയ്ത് വച്ചു …

” അമ്മ അച്ഛന്റെയടുത്ത് ചെന്നിരിക്ക് .. ഫോൺ അച്ഛന് കൊടുക്കരുത് .. അച്ഛൻ ഒരു കാരണവശാലും ഇതറിയരുത് …” ഹരിത വീണയെ രാജശേഖറിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു ….

* * * * * * * * * *

വൈകുന്നേരം ആറുമണിയായി മയി വീട്ടിലെത്താൻ … ആ സമയം , നിഷിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു കൊണ്ടുള്ള വാർത്തകൾ ടിവിയിൽ സ്ക്രോൾ പോകുന്നുണ്ടായിരുന്നു ..

മയിക്ക് തല പൊട്ടുന്നതു പോലെ തോന്നി .. വീട്ടിൽ നിന്ന് അമ്മയുടെയും കിച്ചയുടെയും ചെറ്യച്ഛൻമാരുടെയുമൊക്കെ കോൾ പലവട്ടം വന്നു .. തത്ക്കാലം ആരും ഇങ്ങോട്ടു വരണ്ടയെന്ന് അവരെ സമാധാനിപ്പിച്ചു നിർത്തി …

മയി വരുമ്പോൾ ഗേറ്റിന് മുന്നിൽ പോലീസുണ്ടായിരുന്നു .. മയിയെ അവർ അകത്തേക്ക് കയറ്റി വിട്ടു ..

മയി നോക്കുമ്പോൾ ഹരിത ഹാളിലിരുപ്പുണ്ട് .. അവളെ കണ്ടിട്ടും ഹരിതയൊന്നും സംസാരിച്ചില്ല ..

ആ നിമിഷം രാജശേഖറിന്റെ റൂമിനു മുന്നിൽ വീണ പ്രത്യക്ഷപ്പെട്ടു … മയിയെ കണ്ടതും വീണയുടെ മുഖത്ത് കോപമിരച്ചു കയറി …

” നീയെന്തിനിങ്ങോട്ടു വന്നു … ബ്രേക്കിംഗ് ന്യൂസിന് വേണ്ടി നീയൊക്കെ എന്ത് ചെറ്റത്തരവും കാണിക്കുമെന്ന് ഞാൻ കേട്ടിട്ടുണ്ട് .. അതിനു വേണ്ടി എന്റെ മോനെ നീ കരുവാക്കി കളഞ്ഞല്ലോടി മുടിഞ്ഞവളെ .. ഇറങ്ങിപ്പോ ഈ വീട്ടിൽ നിന്ന് … നിനക്കിനിയിവിടെ സ്ഥാനമില്ല …. ” വീണ മയിയുടെ നേരെ ആക്രോശിച്ചു …

” അമ്മേ …” ഹരിത വീണയുടെ അടുത്ത് ചെന്ന് കൈയിൽ പിടിച്ചു …

മയിയുടെ മുഖം ചുവന്നു ..

” ദേ , ഈ പൊട്ടിത്തെറിയും ആവേശവുമൊക്കെ സ്വന്തം മക്കളോട് കാണിച്ചു വളർത്തിയിരുന്നെങ്കിൽ ചിലപ്പോ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു .. തെളിവു സഹിതം ഒരു പെൺകുട്ടി ചാനലിൽ കയറി വന്ന് പറയുമ്പോൾ അത് മൂടി വച്ച് , വേട്ടക്കാരന് ഓശാന പാടുന്ന നാലാംകിട ചാനലല്ല എന്റേത് .. എനിക്കെന്റെ മേലുദ്യോഗസ്ഥരെ അനുസരിച്ചേ പറ്റൂ .. നിങ്ങളുടെ മകളുടെ പ്രായമല്ലേ ആ പെൺകുട്ടിക്കുള്ളു .. ഇതുപോലൊരു മകനെ എന്റെ തലയിൽ കെട്ടിവച്ചിട്ട് , ഇപ്പോ എന്റെ നേർക്ക് വന്നു നിന്ന് പ്രസംഗിക്കുന്നോ .. കുറച്ച് കഴിയുമ്പോ മോൻ വരും സർക്കാരിന്റെ ആദരവും ഏറ്റുവാങ്ങിക്കൊണ്ട് .. മനസിലായില്ലെ …? സസ്പെൻഷൻ … അപ്പോ അങ്ങോട്ട് കാണിച്ചാൽ മതി ഈ തുള്ളലും കഥകളിയുമൊക്കെ .. മയിയോട് വേണ്ട .. പിന്നെ ഇറങ്ങിപ്പോകാൻ .. അങ്ങനെ ചുമ്മാ കൈയും വീശിയങ്ങ് ഇറങ്ങിപ്പോകാൻ തത്ക്കാലം ഉദ്ദേശമില്ല .. വലിഞ്ഞുകയറി വന്നതൊന്നുമല്ലല്ലോ ഞാൻ .. എങ്ങനെ പോകണമെന്ന് എനിക്കറിയാം ..” വീണയുടെ മുഖത്ത് നോക്കി തന്നെ മയി പറഞ്ഞു ..

വിളറി വെളുത്തു പോയി വീണ … ഒപ്പം ഹരിതയും …

മയി അവരെ ശ്രദ്ധിക്കാതെ മുകളിലേക്ക് കയറിപ്പോയി …

* * * * * * * * *

മേശമേൽ തലവച്ച് കമഴ്ന്നു കിടക്കുകയായിരുന്നു മയി .. തൊട്ടരികിൽ ഒരു കാൽപ്പെരുമാറ്റം കേട്ടപ്പോൾ അവൾ മുഖമുയർത്തി നോക്കി …

നിവയായിരുന്നു അത് …

മയി ഒന്നും മിണ്ടിയില്ല …

” ഏട്ടത്തി … ” അവൾ വിളിച്ചു ..

മയി അവളെ നോക്കി …

നിവയായിരിക്കും തന്നോട് ഏറ്റവും വെറുപ്പ് കാണിക്കുക എന്നായിരുന്നു മയി ധരിച്ചു വച്ചിരുന്നത് …

എന്നാൽ അവളുടെ കണ്ണിൽ വെറുപ്പിന്റെ തരിമ്പു പോലും മയി കണ്ടില്ല …

” എന്താ … നിന്നെയവൻ ഭീഷണിപ്പെടുത്തിയോ … തിരക്കിനിടയിൽ എനിക്ക് ഫോണൊന്നും നോക്കാൻ കഴിഞ്ഞില്ല … ” ഒട്ടും ആത്മാർത്ഥതയില്ലാതെ മയി പറഞ്ഞു ..

” അതല്ല … “

” പിന്നെ …? ” അവൾ എഴുന്നേറ്റ് നിവയുടെ മുന്നിലേക്ക് വന്നു ..

” എന്റേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല .. ഏട്ടൻ പാവാ … ആരോ ചതിച്ചതാ ഏട്ടനെ .. ഏട്ടത്തി വിശ്വസിക്കരുത് ഇതൊന്നും .. ഞാൻ സത്യാ പറയണേ … ഈ ചഞ്ചലിനെ കുറിച്ച് ഏട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട് .. എനിക്കറിയാം എല്ലാം … കഴിയോങ്കി എട്ടത്തി എന്റേട്ടനെ സഹായിക്കണം … പ്ലീസ് .. ” അവൾ വാവിട്ട് കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്ന് മയിയുടെ കാലിൽ കെട്ടിപ്പിടിച്ചു ..

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!