Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 32

aksharathalukal sayaanam namukai mathram

ഡോറടച്ചിട്ട് മയിയെ നോക്കുക പോലും ചെയ്യാതെ നിഷിൻ അകത്തേക്ക് വന്നു .. മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം തകർന്നു പോയൊരവസ്ഥയിലായിരുന്നു നിഷിൻ …

അവനോട് അങ്ങോട്ടെന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്ന സന്ദേഹത്തിലായിരുന്നു മയി … അവഗണിക്കുന്നത് ശരിയല്ലെന്ന് മയിക്ക് തോന്നി ..

തന്നിലൂടെ പുറം ലോകമറിഞ്ഞ വാർത്തയാണ് അവന്റെ കരിയറിനെ വരെ ബാധിക്കുന്ന തരത്തിൽ എത്തി നിൽക്കുന്നത് … ഒരു പക്ഷെ അവൻ നിരപരാധിയാണെങ്കിൽ , തനിക്ക് അവന്റെ ഈ അവസ്ഥയിൽ വലിയൊരു പങ്കുണ്ട് ..

” നിഷിൻ ….” അവളവന്റെ പിന്നിൽ ചെന്നുനിന്ന് വിളിച്ചു .. ആ ശബ്ദം ശാന്തമായിരുന്നു …

അവൻ തിരിഞ്ഞു നോക്കി ….

അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ മയിക്കൊരു നിരാശ തോന്നാതിരുന്നില്ല .. ഇത്രനാളും പരസ്പരമുള്ള ഓരോ നോട്ടത്തിലും അവന്റെ മിഴികളിൽ ഒരു തിളക്കമുണ്ടായിരുന്നു .. തന്നെ അവന്റെ ഹൃദയത്തോട് ചേർത്തു വയ്ക്കാൻ പോന്നൊരാഴം തങ്ങൾക്കിടയിലെ മൗനത്തിന് പോലുമുണ്ടായിരുന്നു .. പക്ഷെ ഇപ്പോൾ … അവന്റെ നയനങ്ങളിൽ തനിക്കായി തെളിഞ്ഞിരുന്ന വിളക്കണഞ്ഞിരിക്കുന്നത് നേരിയ നൊമ്പരത്തോടെ നോക്കി നിൽക്കാനേ മയിക്ക് കഴിഞ്ഞുള്ളു …

എങ്കിലും അവനവളോട് അതൃപ്തിയൊന്നും കാണിച്ചില്ല …

” പറ …..” അവൻ അവളെ കേൾക്കാൻ തയ്യാറായി ….

” നിഷിൻ , ഞാൻ മനപ്പൂർവ്വം ചെയ്തൂന്നാണോ കരുതിയിരിക്കുന്നേ … “

അവൻ വെറുതെ പുഞ്ചിരിച്ചു .. തന്നോടുള്ളൊരു പരിഹാസം ആ ചിരിയിലുണ്ടെന്ന് അവൾക്ക് തോന്നി …

” ഇറ്റ്സ് ഓക്കെ മയി … എന്റെ പ്രശ്നം ഞാൻ മാനേജ് ചെയ്തോളാം … താനല്ലെങ്കിൽ തനിക്ക് പകരം മറ്റൊരാൾ ഇന്നിത് പറയുമായിരുന്നു … ” അവൻ പറഞ്ഞു കൊണ്ട് പോയി ബെഡിലിരുന്നു …

നിഷിൻ വല്ലാതെ അസ്വസ്ഥനാണെന്ന് മയിക്ക് മനസിലായി …

മയി ഒരു ചെയർ വലിച്ചിട്ട് അവന്റെ മുന്നിലിരുന്നു …

” നിഷിൻ , എന്നെ എല്ലാവരും വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുവാ .. ആക്ച്വലി ഞാൻ ലൈവ് പോയി തുടങ്ങിയ ശേഷമായിരുന്നു ആ വാർത്ത എന്റെ മുന്നിലെത്തിയത് .. ഒഴിഞ്ഞു മാറാൻ കഴിയാത്ത സിറ്റ്വേഷനായിരുന്നു … “

” എനിക്ക് മനസിലാകും തന്റെ ജോലിയുടെ സ്വഭാവം .. താനത് നന്നായി ചെയ്തു … എനിക്കതിൽ പരാതിയില്ല …. ” അവന്റെ വാക്കുകൾ വഴിപാട് പോലെയാണ് മയിക്ക് തോന്നിയത് …

” അങ്ങനെയല്ല .. ഞാൻ ന്യൂസ് ലൈവ് പോയില്ലായിരുന്നു എങ്കിൽ ഒഴിഞ്ഞുമാറിയേനെ … ” അവൾ പറഞ്ഞു ..

അവൻ വെറുതെ ചിരിച്ചു ..

മയി പെട്ടന്ന് അവന്റെ കരങ്ങൾ പിടിച്ചെടുത്തു .. .

” നിഷിൻ , നീ നിരപരാധിയാണെങ്കിൽ ഞാൻ തന്നെ അതീ ലോകത്തോട് വിളിച്ചു പറയും .. “

” എന്റെ പേരിൽ ആരോപണം വന്നതിൽ എനിക്ക് വിഷമമില്ല .. അത് ഞാൻ ഫേസ് ചെയ്യും .. പക്ഷെ താനെന്റെ അച്ഛനെ കുറിച്ചോർത്തില്ലല്ലോ .. അച്ഛന്റെ അവസ്ഥ തനിക്ക് നന്നായി അറിയാമായിരുന്നില്ലെ …? ” നിഷിൻ അഷോഭ്യനായി ചോദിച്ചു …

മയിയുടെ മിഴികൾ താഴ്ന്നു പോയി …

” തനിക്ക് എന്റെ പാസ്റ്റ് അന്വേഷിക്കാനുള്ള പെർമിഷൻ പോലും ഞാൻ തന്നിരുന്നില്ലേ .. അവിടെ എവിടെയെങ്കിലും എന്നെക്കുറിച്ച് മോശമായിട്ട് തനിക്ക് എന്തെങ്കിലും കിട്ടിയോ .. ” അവൻ ചോദിച്ചു ..

അവൾ മിണ്ടിയില്ല .. ചന്ദനയുടെ കാര്യം അവൾ പറഞ്ഞില്ല … അതിലെവിടെയോ ഒരു കുരുക്കുണ്ടെന്ന് അവളുടെ മനസ് പറഞ്ഞു തുടങ്ങിയിരുന്നു ..

” ചഞ്ചലിന്റെ കൈയ്യിൽ എന്തൊക്കെയോ തെളിവുണ്ട് .. അത് കൊണ്ടാണ് ചാനൽ ഇത് പുറത്ത് വിട്ടത് ….”

നിഷിൻ നിശബ്ദനായി ഇരുന്നു ..

” ഞാൻ ലൈവിന് കയറുന്നതിന് തൊട്ട് മുൻപ് അവളെന്റെയടുത്ത് വന്ന് പേർസണലായി സംസാരിക്കണമെന്ന് പറഞ്ഞിരുന്നു .. ബട്ട് സമയം കുറവായിരുന്നത് കൊണ്ട് ഞാനത് പിന്നെയാകാമെന്ന് പറഞ്ഞു വിട്ടു .. ലൈവ് തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ടാണ് ഈ ന്യൂസ് എന്റെ മുന്നിലെത്തുന്നെ … ” മയി നടന്ന സംഭവങ്ങൾ പറഞ്ഞു ..

നിഷിൻ കേട്ടിരുന്നു .. അവന്റെ വലംകൈ അപ്പോഴും അവളുടെ കരങ്ങൾക്കുള്ളിലായിരുന്നു …

” ഒന്ന് ചോദിച്ചോട്ടെ , നിഷിനറിയാവുന്ന ഒരു പെൺകുട്ടി എന്റെ ചാനലിലുണ്ടെന്ന് ഒരിക്കൽ പോലും എന്നോട് പറഞ്ഞിരുന്നില്ലല്ലോ .. എന്തുകൊണ്ടാ …? ” അവൾ അവന്റെ കൈവിട്ടു ചോദിച്ചു ..

” തനെപ്പോഴെങ്കിലും അതിനൊരവസരം എനിക്ക് തന്നിട്ടുണ്ടോ .. ഒന്ന് മനസു തുറന്നു സംസാരിക്കാൻ …? ” അവൻ അവളുടെ മിഴികളിൽ മിഴികോർത്തു കൊണ്ട് ചോദിച്ചു …

അവൾക്ക് പെട്ടന്നൊരുത്തരം കിട്ടിയില്ല … അവന്റെ ചോദ്യം ന്യായമാണെന്ന് അവൾക്കറിയാമായിരുന്നു …

” ഇനിയെന്താ പ്ലാൻ ചെയ്തേക്കുന്നെ …? ” അവൾ ചോദിച്ചു ..

” അറസ്റ്റുണ്ടാവും ..കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും .. ” അവൻ നിർവികാരമായി പറഞ്ഞു …

പോലീസ് നടപടികൾ അറിയാമായിരുന്നിട്ട് കൂടി നേരിയൊരു നടുക്കം മയിയിലുണ്ടായി … ഒരു കുറ്റബോധം അവളെ വലയം ചെയ്തു ..

” അഡ്വക്കേറ്റിനോട് സംസാരിച്ചോ ..?” അവൾ ചോദിച്ചു ..

” ങ്ങും .. ആന്റിസിപ്പേറ്ററി ബെയ്ൽ കിട്ടാൻ ചാൻസില്ല .. എന്നാലും ട്രൈ ചെയ്യുന്നുണ്ട് … ” അവൻ പറഞ്ഞു .. അവന്റെ മുഖത്തെ വിഷാദ ഭാവം വേദനാ ജനകമായിരുന്നു ..

” ചഞ്ചലുമായി എനിക്കുള്ള ബന്ധമെന്താണെന്ന് താൻ ചോദിച്ചില്ലല്ലോ …? ” നിഷിൻ ചോദിച്ചു ..

” വാവയെപ്പോലെയായിരുന്നു അല്ലേ …. ” മയി അവന്റെ കണ്ണുകളിലേക്ക് ദൃഢം നോക്കിക്കൊണ്ട് ചോദിച്ചു …

അവൻ വിസ്മയിച്ചു …

” ആര് പറഞ്ഞു ..?”

” വാവ പറഞ്ഞു … തത്ക്കാലം അത് വിശ്വസിക്കാനാണ് എനിക്കിഷ്ടം ….”

അവൻ മിണ്ടാതിരുന്നു ..

മയി നിഷിന്റെയരികിൽ നിന്നെഴുന്നേറ്റ് ഡ്രസിംഗ് ടേബിളിനടുത്തേക്ക് നടക്കുന്നതിനിടയിൽ തിരിഞ്ഞ് നിഷിനെ നോക്കി …

” ചഞ്ചലിനെ നിഷിനല്ലേ ഞങ്ങളുടെ ചാനലിൽ റെക്കമന്റ് ചെയ്തത് …? “

” ഞാനല്ല …. “

മയിക്കത് വിശ്വാസം വന്നില്ല …

” അല്ലെ ….?” അവൾ നെറ്റി ചുളിച്ചു നോക്കി …

” അല്ല …..” അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു …

അപ്പോഴേക്കും വാതിലിലാരോ മുട്ടി വിളിച്ചു …

ഹരിതയാണെന്ന് മയിക്ക് മനസിലായി … അവൾ ചെന്ന് ഡോർ തുറന്നു …

” കിച്ചുവിനോട് താഴെ വരാൻ പറയ്‌ … ആദർശ് വന്നിട്ടുണ്ട് ….” ഹരിത പറഞ്ഞു ..

അപ്പോഴേക്കും ഹരിത പറഞ്ഞത് കേട്ട് കൊണ്ട് നിഷിൻ എഴുന്നേറ്റ് വന്നു ..

മയി എന്തെങ്കിലും പറയും മുന്നേ തന്നെ അവൻ മുറി വിട്ടിറങ്ങി … മയി ഒന്നാലോചിച്ചിട്ട് നിഷിനൊപ്പം ചെന്നു …

താഴെ സെറ്റിയിൽ നവീനൊപ്പം ആദർശ് സംസാരിച്ചിരിപ്പുണ്ടായിരുന്നു ..

നിഷിൻ അവർക്കടുത്തേക്ക് ചെന്നു … അവനെ കണ്ടതും ആദർശ് എഴുന്നേറ്റ് വന്നു …

” നിഷിൻ , നീ റെഡിയാക് ..അത്യാവശ്യം ഡ്രസെടുത്തോ .. നമുക്ക് തത്ക്കാലം മാറി നിൽക്കാം … ” ആദർശ് തിടുക്കപ്പെട്ടു ..

” എന്തിന് ? അതിന്റെയാവശ്യമില്ല .. നിയമത്തിനെ നേരിടുന്നതാണ് ശരി .. “

” നിഷിൻ , നീ പറയുന്നത് കേൾക്ക് … ഞാനെന്റെ പരിചയത്തിലുള്ള അഡ്വക്കേറ്റിനോട് സംസാരിച്ചിട്ടാ വരുന്നത് .. പീഡനാരോപണമാണ് .. മുൻകൂർ ജാമ്യം മാത്രമല്ല , കോടതി ജാമ്യം പോലും ഉടനെ കിട്ടാൻ സത്യതയില്ല …. ” ആദർശ് നിഷിനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു ..

” എനിക്കറിയാം ആദർശ് … എത്ര ജയിലിൽ കിടത്തിയാലും ഞാനെന്റെ നിരപരാതിത്വം തെളിയിക്കും … “

” അതത്ര പെട്ടന്ന് നടക്കില്ല .. മന്ത്രി മുസാഫിർ പുന്നക്കാടനുമായുള്ള വിഷയത്തിൽ നീ ഈ സർക്കാരിന്റെ ശത്രുപക്ഷത്താണ് .. അവർ നിന്നെ ടാർഗറ്റ് ചെയ്യും … മാക്സിമം നിന്റെ ബെയ്ൽ തടയാനുള്ള എല്ലാ ശ്രമവും നടക്കും .. അതിനുള്ള പഴുതുകളും ഉണ്ട് .. “

നിഷിന് അത് ശരിയാണെന്ന് അറിയാമായിരുന്നു ..

” പക്ഷെ ഒളിച്ചോടിയിട്ടെന്ത് കാര്യം ..? എന്നായാലും ഫെയ്സ് ചെയ്തെ പറ്റു … “

” ഫെയ്സ് ചെയ്യണ്ട എന്നല്ല പറയുന്നത് .. നീ മാറി നിൽക്കുമ്പോൾ ഞങ്ങൾ നിന്റെ മുൻകൂർ ജാമ്യത്തിന് ശ്രമിക്കും .. അത് കിട്ടിയാലുടൻ നിനക്ക് സ്‌റ്റേഷനിൽ ഹാജരാകാം .. നമുക്ക് ടൈം കുറവാണ് .. ഏത് നിമിഷവും പോലീസ് നിന്നെ കസ്റ്റഡിയിലെടുക്കാൻ വരും ….” സംസാരിക്കുന്നതിനിടയിൽ ആദർശിന്റെ നോട്ടം സ്റ്റെയർകേസിനരികിൽ നിൽക്കുന്ന മയിയിൽ വീണു …. അവന്റെ കണ്ണുകൾ കുറുകി ..

നവീണും എഴുന്നേറ്റ് നിഷിന്റെ അടുത്തേക്ക് വന്നു …

” ആദർശ് പറയുന്നതാ കിച്ചു ശരി .. നീ ജയിലിലാണെന്നറിഞ്ഞാൽ അച്ഛന് സഹിക്കില്ല .. ഇപ്പോ തന്നെ സംഭവങ്ങളൊക്കെ അച്ഛനറിഞ്ഞു .. ഞങ്ങൾ സമാധാനിപ്പിച്ചു നിർത്തിയിരിക്കുവാ …”

” ഏട്ടാ , ഞാനെങ്ങോട്ടു പോയാലും പോലീസെന്നെ ട്രാക്ക് ചെയ്യും … ഷുവറാണ് … “

” ചെയ്യുന്നെങ്കിൽ ചെയ്യട്ടെ… പക്ഷെ നമ്മൾ ശ്രമിക്കാതിരിക്കരുത് .. “

” അത് നീ പേടിക്കണ്ട … നിന്നെ ഒരു പോലീസും ട്രാക്ക് ചെയ്യില്ല .. അതിനുള്ള സ്ഥലമൊക്കെ എന്റെ കസ്റ്റഡിയിലുണ്ട് … ” ആദർശ് ഇടപെട്ടു …

നിഷിൻ എന്തു തീരുമാനിക്കണമെന്നറിയാതെ കുഴങ്ങി …

” നോക്ക് ,ഇപ്പോ തന്നെ നിന്നെയാരോ നന്നായി കുരുക്കിയതാ … ശത്രു തൊട്ടരികിൽ തന്നെയുണ്ടെന്നാ എന്റെ നിഗമനം …..” അത് പറയുമ്പോൾ ആദർശിന്റെ നോട്ടം മയിയിലായിരുന്നു …

നിഷിൻ അത് ശ്രദ്ധിച്ചുവെങ്കിലും ഒന്നും പറയാൻ പോയില്ല ….

നവീണും വീണയും കൂടി അവനെ നിർബന്ധിച്ചു ..

” നീ പേടിക്കണ്ട , ബെയ്ൽ ഞാൻ എടുത്ത് തരും .. ആ സെക്കന്റിൽ നിനക്ക് സ്റ്റേഷനിൽ ഹാജരാകാം ….” ആദർശ് നിഷിന്റെ മുതുകിൽ തട്ടി ആശ്വസിപ്പിക്കും പോലെ പറഞ്ഞു …

നിഷിനും അതാണ് ശരിയെന്ന് തോന്നി .. അവൻ പിൻതിരിഞ്ഞ് സ്റ്റെയർ കേസ്കയറി മുകളിലേക്ക് പോകാൻ …

മയിക്ക് ഒന്നും പറയാൻ അവസരം കിട്ടിയില്ല … അവൾ എല്ലാവരെയും മാറി മാറി നോക്കി … നവീണിന്റെയും വീണയുടെയുമെല്ലാം മുഖത്ത് തന്നോട് നീരസമുണ്ടെന്ന് അവൾക്ക് മനസിലായി .. അവൾക്കെന്തോ , ആദർശിന്റെ സാമിപ്യം കൂടിയായപ്പോൾ ഒരുൾഭയം തോന്നി ..

അവൾ പെട്ടന്ന് സ്റ്റെയർ ഓടിക്കയറി മുകളിലേക്ക് പോയി … മറ്റുള്ളവർക്ക് അത് നോക്കി നിൽക്കേണ്ടി വന്നു ..

മയി വന്നു നോക്കുമ്പോഴേക്കും നിഷിൻ ഡ്രെസ് മാറ്റി , ഒരു റെഡ് ഫുൾസ്ലീവ് ബനിയനും നീല ജീൻസും ധരിച്ചിട്ടുണ്ടായിരുന്നു …

വാർഡ്രോബ് തുറന്ന് അവൻ അത്യാവശ്യം ചില ഡ്രസുകൾ ഒരു ട്രാവൽ ബാഗിൽ നിറച്ചു.. ലാപ്ടോപ്പും എടുത്തു വച്ചു ..

” നിഷിൻ , നമുക്കൊന്നു കൂടി ആലോചിക്കാം .. ഇങ്ങനെ ഒളിച്ചോടേണ്ട കാര്യമുണ്ടോ സത്യത്തിൽ … ” അവൾക്ക് വല്ലാത്തൊരു ഭയം തോന്നി ..

” നിനക്കറിയാലോ മയി , ഗവൺമെന്റുമായി ഞാനത്ര രസത്തിലല്ല .. ചിലപ്പോ ഒരു പണി പ്രതീക്ഷിക്കാം .. ബെയ്ൽ കിട്ടിക്കഴിഞ്ഞിട്ടാണെങ്കിൽ പേടിക്കണ്ടല്ലോ …”

അവൾ മിണ്ടാതെ നിന്നു … അവൻ ബാഗിന്റെ സിബ് വലിച്ചിട്ടിട്ട് നിവർന്നു നോക്കിയപ്പോൾ , മയി നിലത്തേക്ക് മിഴിയൂന്നി നിൽക്കുകയായിരുന്നു …

” തനിക്കിതെന്ത് പറ്റിയെടോ…..” നിഷിൻ അവൾക്കഭിമുഖം വന്നു …

” ഏയ് ……” അവളുടെ ശബ്ദം നേർത്തു പോയിരുന്നു …

” ഹേയ് ,വാട്ട് ഹാപ്പെൻഡ് .. എവിടെപ്പോയി ദയാമയിയുടെ ബോൾഡ്നെസ്സും കോൺഫിഡൻസുമൊക്കെ …? താനിവിടെയുള്ള ധൈര്യത്തിലാ ഞാൻ മാറി നിൽക്കുന്നത് .. പോലീസും പട്ടാളവുമൊന്നും ഇവിടെയുള്ളവർക്ക് അത്ര പരിചയമില്ല … അമ്മ , വാവ എല്ലാവരെയും താൻ ശ്രദ്ധിക്കണം.. അവർക്ക് തന്നോട് മുഷിച്ചിലുണ്ടാകും .. കുറ്റപ്പെടുത്തരുത് ..അത്ര പെട്ടന്നവർക്ക് തന്നെ മനസിലാകണമെന്നില്ല .. ഞാൻ വന്നിട്ട് നിങ്ങൾക്കിടയിലെ മിസണ്ടർസ്റ്റാൻഡിംഗ് മാറ്റാം .. ” നിഷിൻ മയിക്ക് ധൈര്യം പകർന്നു .. ..

” കോൺഫിഡൻസൊന്നും പോയിട്ടില്ല നിഷിൻ .. എനിക്കെന്തോ ഒരു ട്രാപ്പ് ഫീൽ ചെയ്യുന്നു …. “

” ട്രാപ്പ് ഉണ്ട് … അതുറപ്പല്ലേ …. “

” മാറി നിക്കണോ നിഷിൻ … ? എന്ത് വന്നാലും നിയമത്തെ ഫെയ്സ് ചെയ്യുന്നതല്ലേ സെയ്ഫ് …. ?” അവൾ ചോദിച്ചു ..

” ജീവിതകാലം മുഴുവൻ ഒളിവിലിരിക്കാനല്ല ഞാൻ പോകുന്നത് .. മൂന്നു ദിവസം .. അതിനപ്പുറം ഞാൻ മാറി നിൽക്കില്ല .. ബെയ്ൽ കിട്ടിയാലും ഇല്ലെങ്കിലും ,ഇന്ന് കഴിഞ്ഞ് മൂന്നാം ദിവസം ഞാൻ പോലീസിനു മുന്നിൽ ഹാജരായിരിക്കും … ” അവൻ ഉറപ്പിച്ചു പറഞ്ഞു ..

” ഉറപ്പല്ലേ …..?” അവൾ ചോദിച്ചു …

” ഉറപ്പ് …..” അവൻ വാക്ക് കൊടുത്തു …

മയി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു ….

” എന്താടോ …?”

ഒന്നുമില്ലെന്ന് അവൾ മുഖം വെട്ടിച്ചു …

” ഞാനൊരു കാര്യം ചോദിച്ചാൽ വഴക്കിടുവോ ..? .. അവൻ ചോദിച്ചു ..

” ചോദിക്ക് …”

” ഞാൻ തനിക്കൊരുമ്മ തന്നോട്ടെ ….?”

മയിയുടെ പാദങ്ങളിൽ നിന്നൊരു തരിപ്പ് മുകളിലേക്ക് ഉയർന്നു .. അവളുടെ കവിളുകൾ തുടുത്തു … താൻ അടിമുടി പൂക്കുന്നത് അവളറിഞ്ഞു …

അൽപ നേരം അവനെ നോക്കി നിന്നിട്ട് അവൾ കൈകളുയർത്തി അവന്റെ കവിളിൽ തൊട്ടു …

നിഷിന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു …

നെറ്റിയിലൊരു വർണശലഭം പറന്നിറങ്ങിയപ്പോൾ അവൾ മിഴികൾ അറിയാതെ പൂട്ടി .. കണ്ണിലും കവിളിലും പറന്നിറങ്ങിയ ശലഭം ഒടുവിൽ അവളുടെ അധരങ്ങളിലെ തേൻ നുകർന്നു ..

അവനിൽ നിന്നടർന്നു മാറുമ്പോൾ അവൾ പൂത്തുലഞ്ഞിരുന്നു …

” എന്നെ കോൺടാക്ട് ചെയ്യില്ലെ .? അവൾ ചോദിച്ചു ..

” ഫോൺ സ്വിച്ച്ഡ് ഒഫായിരിക്കും .. എന്നാലും നിന്നെ ഞാൻ എങ്ങനെയെങ്കിലും കോൺടാക്ട് ചെയ്തോളാം … “

അവൾ തലയാട്ടി …

രണ്ടു പേരും താഴെ വരുമ്പോൾ ആദർശ് ഇറങ്ങാൻ റെഡിയായി നിൽക്കുകയായിരുന്നു ..

” നിഷിൻ നീ ഫോണും ലാപ്പും ഒക്കെ എടുത്തിട്ടുണ്ടെങ്കിൽ മാറ്റി വച്ചേക്ക് … അതൊക്കെ കൈയിലുണ്ടായാൽ പോലീസ് ട്രാക്ക് ചെയ്യും …. നിനക്ക് വേണ്ടതൊക്കെ ഞാനറൈഞ്ച് ചെയ്തു തരാം … ” ആദർശ് പറഞ്ഞു ..

” അത് മാറ്റിവയ്ക്ക് കിച്ചു … ” നവീണും ആദർശ് പറഞ്ഞതിനെ പിന്താങ്ങി…

നിഷിൻ ഒന്നാലോചിച്ചിട്ട് ഫോണും ലാപ്ടോപ്പും എടുത്ത് മയിയുടെ കൈയ്യിൽ കൊടുത്തു … അത് കണ്ടപ്പോൾ വീണ അവളെയൊന്ന് നോക്കി … ആദർശും അത് ശ്രദ്ധിക്കുന്നത് മയി കണ്ടു …

ആദർശിനൊപ്പം നിഷിനും മുറ്റത്തേക്കിറങ്ങി … ഇരുവരും കാറിൽ കയറി …

മയിക്ക് എവിടെയോ ഒരു നോവ് ഉടലെടുത്തു .. എന്തുകൊണ്ടോ അവൻ പോകുന്നത് അവളെ വേദനിപ്പിച്ചു കൊണ്ടേയിരുന്നു …

കാർ ഗേറ്റ് കടന്നു പോകുന്നത് അവൾ നിസഹായതയോടെ നോക്കി നിന്നു ….

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

4/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!