കാർ ഗേറ്റ് കടന്നു പോയപ്പോൾ മയി പിന്തിരിഞ്ഞു … വീണ അവളുടെ മുഖത്ത് പോലും നോക്കാതെ അകത്തേക്ക് കയറിപ്പോയി ….
വീണയുടെ പോക്ക് കണ്ട് മയി നെടുവീർപ്പയച്ചു … രാജശേഖറിനെ ചെന്ന് കാണണമന്നുണ്ടായിരുന്നെങ്കിലും മയി അത് വേണ്ടന്ന് വച്ചു .. തന്നോട് ദേഷ്യമാണെങ്കിൽ ചിലപ്പോൾ റിയാക്ട് ചെയ്യും … അദ്ദേഹത്തിന്റെ ആരോഗ്യത്തിന് അത് ശുഭകരമല്ല ..
ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ചു കൊണ്ട് മയി മുറിയിൽ വന്നിരുന്നു … നിഷിൻ പോകേണ്ടിയിരുന്നില്ലെന്ന് അവളുടെ മനസ് പറഞ്ഞു .. ..
ആദ്യം ചഞ്ചലിന്റെ മനസിൽ എന്താണെന്ന് അറിയണം .. അതറിഞ്ഞാൽ മറ്റ് കാര്യങ്ങൾ തീരുമാനിക്കാം .. ചഞ്ചലിന്റെ പാസ്റ്റ് സ്വന്തം നിലയ്ക്കൊന്ന് അന്വേഷിക്കണമെന്ന് അവൾ കണക്കുകൂട്ടി ..
അന്ന് ചാനൽ ചീഫിന്റെ മകൻ സുനിൽ സാറിനൊപ്പം നിഷിനും MD യുടെ റൂമിലുണ്ടായിരുന്നു .. അതിന് പിന്നാലെയാണ് ചഞ്ചലിനെ ചാനലിലെടുത്തത് … പിന്നീട് ചാനലിന്റെ ഓൺ ആങ്കറുമാക്കി ..പക്ഷെ ഇപ്പോൾ നിഷിൻ പറയുന്നത് അവനല്ല റെക്കമന്റ് ചെയ്തതെന്നാണ് .. അത് സത്യമാണെന്ന് വിശ്വസിക്കാനേ നിവർത്തിയുള്ളു .. അങ്ങനെയുള്ള കടപ്പാടൊക്കെ ഉണ്ടെങ്കിൽ അവൾ നിഷിനെതിരെ ഇത്തരമൊരു കേസുമായി ഇറങ്ങുമോ …? അതിനെ കുറിച്ച് വിശദമായി ചോദിക്കാൻ കഴിയാത്തതിൽ മയിക്ക് നിരാശ തോന്നി .. എന്തായാലും നിഷിൻ വിളിച്ചാൽ ആ നിമിഷം ഈ വിവരം ചോദിക്കണം .. എന്തിനാണ് അന്ന് ചാനലിൽ വന്നതെന്ന് ..
മയി ഓരോന്നാലോചിച്ചിരുന്നിട്ട് എഴുന്നേറ്റ് പോയി മുടി ചീകിയിട്ടു .. അവൾക്കൊന്നും കഴിക്കാൻ തോന്നിയിരുന്നില്ല .. നിവയുടെ റൂമിലേക്ക് പോകാൻ നേരം , ആദ്യം സ്വന്തം ഫോൺ മാത്രം എടുക്കാനൊരുങ്ങിയിട്ട് പിന്നെ എന്തോ ഒരുൾപ്രേരണയിൽ നിഷിന്റെ ഫോണും ലാപ്ടോപ്പും കൂടി കൈയിലെടുത്തു …
നിവയുടെ റൂമിൽ നോക്കിയപ്പോൾ , അവൾ ബെഡിൽ ഒരു പുസ്തകം മടിയിൽ വച്ചിരിപ്പുണ്ടായിരുന്നു ..
” നീയത് വായിക്കുവാണോ അതോ സ്വപ്നം കാണുവാണോ …? “
മയിയുടെ ശബ്ദം കേട്ടപ്പോൾ അവൾ മുഖമുയർത്തി നോക്കി .. അവളുടെ നേത്രങ്ങൾ ഈറനണിഞ്ഞിരുന്നു …
” എന്താ .. വീണ്ടും അവൻ വിളിച്ചോ …? “
നിവ ഇല്ലെന്ന് തല കുലുക്കി ..
മയി ലാപ്പും ഫോണുമെല്ലാം ടേബിളിൽ കൊണ്ട് വച്ചിട്ട് നിവയുടെ അരികിലായി ബെഡിലിരുന്നു ..
” പിന്നെന്തേ … ഏട്ടന്റെ കാര്യം ഓർത്താണോ സങ്കടം ….” മയി അവളുടെ താടി തുമ്പിൽ തൊട്ടു …
നിവ പൊട്ടിപ്പോയി …
” ഏയ് …. അയ്യേ …. കരയാതിരിക്ക് …. ഏട്ടന് ഒരു പ്രശ്‌നവും വരില്ല .. സപ്പോർട്ടിന് എല്ലാരും ഇല്ലേ …. ” മയി അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച് ആശ്വസിപ്പിച്ചു …
കുറേ സമയം നിവ മയിയോട് ചേർന്നിരുന്നു … പിന്നെ മുഖമുയർത്തി അവളെ നോക്കി …
” ഞാൻ ഏട്ടത്തിയോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ എന്നോട് …? “
” ചോദിക്ക് … എനിക്ക് പറയാൻ പറ്റുന്ന സത്യമാണെങ്കിലെ പറയൂ …” മയി മുൻകൂർ ജാമ്യം എടുത്തു ..
” ഏട്ടനും ഏട്ടത്തിയും തമ്മിലെന്താ പ്രശ്നം …? ശരിക്കും ഇന്നത്തെ വാർത്ത പോലും ഏട്ടത്തിയല്ലേ ആദ്യം ചാനൽ വഴി പുറത്തു വിട്ടത് … ഏട്ടനോട് ഇഷ്ടമൊണ്ടാരുന്നേൽ അങ്ങനെ ചെയ്യുവോ ..ഒരിക്കലും അതൊന്നും വിശ്വസിക്കുക കൂടിയില്ലായിരുന്നു … ” നിവ മയിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു …
” ഞങ്ങൾ തമ്മിലൊരു പ്രശ്നവുമില്ല .. പിന്നെ ആ വാർത്ത കൊടുത്തത് ഞാൻ മനപ്പൂർവ്വം അല്ല .. ന്യൂസ് ബുള്ളറ്റിൻ സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞിട്ടാണ് , എനിക്ക് ബ്രേക്കിംഗ് ന്യൂസ് ആയി ആ വാർത്ത കിട്ടിയത് … എനിക്കത് വായിക്കാതെ നിവർത്തിയില്ലായിരുന്നു …. ” മയി അവളെ അലോസരപ്പെടുത്താതെ തുറന്നു പറഞ്ഞു …
നിവ മയിയെ നോക്കി …
” എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റില്ല ഏട്ടനും ഏട്ടത്തിയും ഒരു പ്രശ്നവും ഇല്ലാന്ന് … ഞാനത്ര കൊച്ചു കുഞ്ഞൊന്നുമല്ലല്ലോ … ഫസ്റ്റ് നൈറ്റിന്റെ പിറ്റേന്ന് മുതൽ മിക്കവാറും ഏട്ടത്തി എന്റെയടുത്തല്ലേ കിടന്നേ … നിങ്ങൾ ഇഷ്ടത്തിലാരുന്നേൽ എന്തായാലും അങ്ങനെ സെപ്പറേറ്റ് കിടന്നുറങ്ങില്ല …. ” നിവ മയിയുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു ..
” ഇതിന് ഇപ്പോ എനിക്കൊരുത്തരം തരാൻ കഴിയില്ല … ഒരു ദിവസം ഞാനത് പറയും നിന്നോട് … മറ്റാരോട് പറഞ്ഞില്ലെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടാകും…… ഉറപ്പ്.. ” മയി അവളുടെ കരം കവർന്നുകൊണ്ട് പറഞ്ഞു …
” ഏട്ടത്തി … എന്റേട്ടൻ പാവാണ് … ഏട്ടനായിട്ട് ആരേം ദ്രോഹിക്കില്ല … അതെനിക്കുറപ്പുണ്ട് ….”
” ശരി … ഇപ്പോ നീ കിടക്ക് …. നമുക്ക് നാളെ കുറച്ച് നേരത്തെ എഴുന്നേൽക്കണം … ചില സ്ഥലത്തൊക്കെ പോകാനുണ്ട് ….”
നിവ മയിയുടെ കണ്ണിലേക്ക് നോക്കി ..
” ഞാനും വരണോ …? ” അവൾ ചോദിച്ചു ..
” വരണം …..”
” എങ്ങോട്ടാ …? “
” അതൊക്കെ പോകുമ്പോ അറിഞ്ഞാൽ മതി ……. എന്താ നിനക്ക് ബുദ്ധിമുട്ടുണ്ടോ ….?”
അവൾ ഇല്ലെന്ന് തോൾ വെട്ടിച്ചു ….
നിവ പില്ലോ എടുത്ത് വച്ച് കിടന്നു .. തൊട്ടടുത്തായി മയിയും .. നിവ അവളെ കെട്ടിപ്പിടിച്ചു … മയിക്ക് ഉറക്കം വന്നില്ല .. അവൾ നിഷിന്റെ ഫോണിന് കാതോർത്തു കിടന്ന് എപ്പോഴോ മയങ്ങി ….
****************
പിറ്റേന്ന് രാവിലെ തന്നെ മയി നിവയെക്കൂടി വിളിച്ചെഴുന്നേൽപ്പിച്ച് കിച്ചണിൽ ചെന്നു .. ഹരിത എഴുന്നേറ്റ് വന്നിട്ടുണ്ടായിരുന്നില്ല …
നിവയെ ചായ വയ്ക്കാൻ ഏൽപ്പിച്ചിട്ട് ,മയി ചപ്പാത്തിക്കുള്ള മാവ് കുഴച്ചു വച്ചു .. അപ്പോഴേക്കും നിവ ചായയുണ്ടാക്കി കഴിഞ്ഞിരുന്നു …
മയി രണ്ട് കപ്പുകളിൽ ചായ പകർന്നു ഒരു ട്രേയിൽ വച്ചിട്ട് നിവയുടെ കൈയിൽ കൊടുത്തു ….
” കൊണ്ടുപോയി അച്ഛനും അമ്മയ്ക്കും കൊടുക്ക് ….”
” അതമ്മ വന്ന് എടുത്തോളും …. ഇവിടാരും റൂമിലൊന്നും കൊണ്ട് പോയി കൊടുക്കില്ല … ” അവൾ പോകാൻ മടിച്ച് പറഞ്ഞു ..
” അച്ഛൻ വയ്യാതിരിക്കുവല്ലേ .. അപ്പോ കൺസിഡറേഷൻ ഉണ്ടല്ലോ ….” മയി വിട്ടില്ല ..
” അതമ്മ കൊടുത്തോളും …..” നിവ മുഖം ചുളിച്ചു നിന്നു ..
” വാവേ … അവർ രണ്ടാളും തകർന്നിരിക്കുവാ .. കാര്യങ്ങൾ നിനക്കറിയാല്ലോ .. നീയിത് കൊണ്ട് പോയി കൊടുക്ക് ….”
” ഏട്ടത്തി കൊണ്ടുപോയി കൊടുക്ക്.. പ്ലീസ് ……” നിവ കെഞ്ചി ..
” നിനക്കച്ഛനേം അമ്മയേം ഫെയ്സ് ചെയ്യാൻ മടിയാണോ ..?” മയി ചോദിച്ചു …
അവൾ മുഖം താഴ്ത്തി ..
” അത് പറ്റില്ല .. അവർക്കിപ്പോ എന്നോടും ദേഷ്യമുണ്ട് .. എന്നിട്ട് ഞാനമ്മയെ ഫെയ്സ് ചെയ്യാണ്ടിരുന്നില്ലല്ലോ .. ചെല്ല് …..” മയി ട്രേ എടുത്ത് അവളുടെ കൈയിൽ പിടിപ്പിച്ചു …
അവൾ മടിച്ചു മടിച്ച് ചായയുമായി പോയി …
സത്യത്തിൽ മയിക്കും വീണയെ ഫെയ്സ് ചെയ്യാൻ മടിയുണ്ടായിരുന്നു .. പക്ഷെ ഉപദേശിക്കുമ്പോൾ നമ്മൾ നല്ല ഉണ്ണിയായിരിക്കണമല്ലോ …
നിവ അമ്മയുടെയും അച്ഛന്റേയും വാതിൽക്കൽ ചെന്ന് മുട്ടി വിളിച്ചു …
” കയറി വാ മോനേ … ഡോർ ലോക്കല്ല … ” വീണ അകത്തിരുന്ന് വിളിച്ചു പറഞ്ഞു … നവീണായിരിക്കുമെന്ന് കരുതിയാണ് അവർ അങ്ങനെ പറഞ്ഞത് ..
നിവയൊന്നറച്ചു …
എന്തായാലും ചായയുമായി തിരിച്ച് കിച്ചണിൽ ചെന്നാൽ മയി ഓടിക്കും … അതു കൊണ്ട് അവൾ രണ്ടും കൽപ്പിച്ച് ഡോർ തുറന്ന് അകത്ത് കയറി ..
വീണ ബിപി അപ്പാരറ്റസും മറ്റും എടുത്ത് രാജശേഖറിന്റെ അടുത്ത് കൊണ്ടുവച്ചു കൊണ്ടു നിൽക്കുകയായിരുന്നു .. അവർ നിവർന്നു നോക്കിയപ്പോൾ കണ്ടത് നിവയെ ആണ് ..
വീണക്ക് വിശ്വസിക്കാനായില്ല .. അവരുടെ ചുണ്ടിലും നയനങ്ങളിലും നേർത്തൊരു ചിരി വിടർന്നെങ്കിലും അതപ്പോൾ തന്നെ കൊഴിഞ്ഞു പോയി … മുഖം കറുപ്പിച്ച് വച്ച് വീണ രാജശേഖറിന്റെ അടുത്തായി ഇരുന്നു .. രാജശേഖർ ബെഡിൽ ചാരിയിരിക്കുകയായിരുന്നു …
പതിഞ്ഞ കാലൊച്ചകൾ കേട്ടപ്പോൾ രാജശേഖറിന്റെ മനം കുളിർത്തു … അത് നിവയാണെന്ന് അയാൾക്കറിയാമായിരുന്നു .. എത്രയോ ദിവസമായി കാത്തിരുന്നതാണ് ആ കാൽപദനം ..
അയാൾ തിരിഞ്ഞു നോക്കി … നിവ ട്രേയിൽ രണ്ട് കപ്പ് ചായയുമായി അയാൾക്കരികിൽ വന്നു … രാജശേഖറിനത് വിശ്വസിക്കാനായില്ല …
” അച്ഛാ … ചായ ….” അവൾ ഒരു കപ്പ് ചായയെടുത്ത് രാജശേഖറിന് നേരെ നീട്ടി …
” താങ്ക്സ് മോളെ ….”
അയാൾ നിറചിരിയോടെ ചായ വാങ്ങിക്കൊണ്ട് അവളെ നോക്കി …
രണ്ടാമത്തെ കപ്പ് എടുത്ത് അവൾ വീണയ്ക്ക് കൊടുത്തു …
” അതവിടെ വച്ചേക്ക് ……” വീണ താത്പര്യമില്ലാതെ പറഞ്ഞു ..
നിവ ഒന്നും പറയാതെ ചായകൊണ്ടുപോയി ടേബിളിൽ വച്ചു …
രാജശേഖറിന് വീണയുടെ ആ പെരുമാറ്റം ഇഷ്ടമായില്ല … അയാൾ നോട്ടം കൊണ്ട് വീണയെ ശാസിച്ചു …
” മോള് ചായ കുടിച്ചോ ….?” രാജശേഖർ ചോദിച്ചു …
” ഇല്ലച്ഛാ … കുടിക്കാൻ പോണേള്ളു…. ” അവൾ തിരിഞ്ഞ് അച്ഛന്റെയരികിൽ വന്നു …
” എങ്ങനെയുണ്ടച്ഛാ ഇപ്പോ ….. ” മടിച്ചു മടിച്ചാണെങ്കിലും നിവ ചോദിച്ചു …
” കുഴപ്പമൊന്നുമില്ല മോളെ … അച്ഛൻ സ്ട്രോങ് ആണ് … ” രാജശേഖർ അവളുടെ കൈ എടുത്ത് തലോടിക്കൊണ്ട് പറഞ്ഞു …
നിവയ്ക്കെന്തോ സങ്കടം വന്ന് തികട്ടി .. എന്തിനും ഏതിനും തന്നെ എപ്പോഴും പിന്തുണച്ചിട്ടുള്ളത് അച്ഛനാണ് .. താൻ കാരണമാണ് അച്ഛനിങ്ങനെയായതെന്ന കുറ്റബോധം അവളെ വല്ലാതെ അലട്ടിയിരുന്നു .. അതിൽ നിന്നൊളിച്ചോടാനാണ് അവൾ ആ മുറിയിലേക്ക് പോലും വരാതെ ഒഴിഞ്ഞുമാറിയത് … മറുവശത്ത് അവളുടെ പിന്മാറ്റമാണ് ആ അച്ഛനെ അതിലേറെ വേദനിപ്പിച്ചിരുന്നതെന്ന് അവളറിയുന്നില്ല ..
” ഞാനങ്ങോട്ട് ചെല്ലട്ടെയച്ഛാ ……” അവൾ ചോദിച്ചു …
” മോള് പൊയ്ക്കോ ….” അയാൾ സന്തോഷത്തോടെ തന്നെ പറഞ്ഞു …
രാജശേഖറിന്റെ പകുതി വയ്യാഴികയും മാറിയെന്ന് ആ മുഖം കണ്ടപ്പോൾ വീണയ്ക്കു തോന്നി .. അത്രമാത്രം അയാൾ നെഞ്ചേറ്റി ലാളിച്ചിട്ടുണ്ട് ഇളയ പുത്രിയെ …
നിവ എഴുന്നേറ്റതും വാതിൽ കടന്ന് നവീൺ അകത്തേക്ക് വന്നു .. നിവയെ കണ്ടപ്പോൾ അവനും വിസ്മയിച്ചു …
അവൾ ഏട്ടനെ നോക്കി ചിരിച്ചിട്ട് മുറി വിട്ടിറങ്ങിപ്പോയി … നവീൺ അവൾ പോയ വഴിയെ തിരിഞ്ഞു നോക്കി ..
വീണയ്ക്കും അവൾ വന്നതിൽ സന്തോഷമായിരുന്നു … പ്രകടിപ്പിച്ചില്ലെങ്കിലും …
” ഇവൾക്കെന്ത് പറ്റിയമ്മേ …….” ചോദിച്ചു കൊണ്ട് നവീൺ അവർക്കരികിലേക്ക് ചെന്നു …
* * * * * * * * * *
നിവ തിരിച്ചു വരുമ്പോൾ ഹരിതയും മയിയും കിച്ചണിൽ സംസാരിച്ചുകൊണ്ട് നിൽപ്പുണ്ട് …
ഹരിത നിവയെ കണ്ടപ്പോൾ ചിരിച്ചു .. അവൾ ട്രേ കൊണ്ട് വന്ന് കിച്ചൺ സ്ലാബിൽ വച്ചിട്ട് തന്റെ ചായയെടുത്തു …
” നീ ചായ കുടിച്ചിട്ട് പോയി കുളിച്ചു റെഡിയാക് …” മയി പറഞ്ഞു …
അവൾ തലയാട്ടി …
മുട്ടക്കറിക്ക് വേണ്ടതെല്ലാം കട്ട് ചെയ്ത് വച്ചിട്ട് മയി ഹാളിലേക്ക് വന്നു … അവിടെയാരും ഇല്ലാതിരുന്നത് കൊണ്ട് അവൾ സിറ്റൗട്ടിൽ ചെന്ന് നോക്കി … നവീൺ അവിടെ പത്രം വായിച്ചിരിപ്പുണ്ടായിരുന്നു …
ഫ്രണ്ട് പേജിൽ തന്നെ നിഷിനെ കുറിച്ചുള്ള വാർത്തയുണ്ടായിരുന്നു … അത് കണ്ടു കൊണ്ടാണ് മയി അങ്ങോട്ട് വന്നത് …
” കണ്ണേട്ടാ …” അവൾ വിളിച്ചു …
നവീൺ പത്രത്തിൽ നിന്ന് മുഖമുയർത്തി നോക്കി ….
” നിഷിൻ ഇന്നലെ വിളിച്ചിരുന്നോ ….?” അവൾ ചോദിച്ചു …
” ഇല്ല ……” അവളോട് സംസാരിക്കാൻ അവന് അതൃപ്തിയുണ്ടായിരുന്നു .. അത് മനസിലായെങ്കിലും മയിയത് കാര്യമാക്കിയില്ല …
” ആദർശോ …..?”
” ആ … വിളിച്ചു ….”
” നിഷിൻ എവിടെയാ ഉള്ളത് …? എന്നെ വിളിക്കാന്ന് പറഞ്ഞിരുന്നതാ .. പക്ഷെ വിളിച്ചില്ല … ”
” തത്ക്കാലം അതൊന്നും പറയാൻ പറ്റില്ല … അവസാനം അവനെയാരെങ്കിലും പോലീസിന് ഒറ്റിയാൽ ചെയ്യുന്നതൊക്കെ വെറുതെയാകില്ലേ …. “
നവീൺ തന്നെ കൊള്ളിച്ചു പറഞ്ഞതാണെന്ന് മയിക്ക് മനസിലായി … അവളത് അവഗണിച്ചു …
” നിഷിൻ വിളിച്ചാൽ എന്നെയൊന്ന് വിളിക്കാൻ പറയണം , പ്ലീസ് …” അവൾ പറഞ്ഞു …
” അവന്റെ കാര്യങ്ങളൊക്കെ ഞാനറിയുന്നുണ്ട് … ആരും ഇനിയിപ്പോ ടെൻഷനാകണ്ട .. അവൻ സേയ്ഫ് ആയി ഒരിടത്തുണ്ട് ….. ” നവീൺ പറഞ്ഞിട്ട് അകത്തേക്ക് കയറി പൊയ്ക്കളഞ്ഞു….
തന്നെ ഒഴിവാക്കിയതാണെന്ന് മയിക്ക് മനസിലായി ….
അവളെ വല്ലാതൊരു ഭയം ഗ്രസിച്ചു … ആരെയൊക്കെ വിശ്വസിക്കണമെന്നോ വേണ്ടന്നോ അവൾക്കൊരു പിടിയും കിട്ടിയില്ല ….
അവസാനമായി തന്നോട് യാത്ര പറഞ്ഞു പോയ നിഷിന്റെ രൂപം അവളുടെ മനസിൽ തെളിഞ്ഞു …
എത്രയൊക്കെ അവനെ സംശയിച്ചിട്ടും അകലാൻ ശ്രമിച്ചിട്ടും തന്റെ ഹൃദയം അവനോട് കൊരുത്തിരുപ്പുണ്ട് … പറഞ്ഞറിയിക്കാനാകാത്തൊരു വേദന തന്നിൽ നിക്ഷേപിച്ചിട്ടാണ് അവൻ അകലങ്ങളിലേക്ക് മാഞ്ഞു പോയത് …
ആരാണ് കൊണ്ടുപോയത് …? ആരൊക്കെയോ അന്ധമായി വിശ്വസിക്കുന്ന ഏതോ ഒരുവൻ…
കൊണ്ട് പോയത് തന്റെ ഹൃദയം തന്നെയായിരുന്നോ ….? അവൾ ശൂന്യമായ ഗേറ്റിലേക്ക് നോക്കി …
പതറിപ്പോകാൻ പാടില്ല … അവൾ സ്വയം ഓർമിപ്പിച്ചു …
പിന്നെ പിന്തിരിഞ്ഞ് , കോണി കയറി മുകളിൽ വന്നു .. നിവയുടെ റൂമിൽ ചെന്ന് തന്റെ ഫോണെടുത്തു നോക്കി ..
അൺനോൺ നമ്പറിൽ നിന്ന് ഒരു കോൾ പോലുമില്ല …
നിഷിൻ വിളിച്ചിട്ടില്ല …
വാട്സപ്പ് തുറന്നു നോക്കി .. ഇല്ല .. അവന്റെതായ ഒരു മെസേജും ഇല്ല …
അവൾ ഫോൺ മേശയിലേക്ക് തിരികെ വച്ചു … അപ്പോഴേക്കും നിവ കുളിച്ചിറങ്ങി …
” ഏട്ടത്തി കുളിക്കുന്നില്ലേ …? ” തല തുവർത്തിക്കൊണ്ട് നിവ ചോദിച്ചു …
” ങും…… ” അവൾ മൂളി …
പിന്നെ ടവലും ഡ്രസുമെടുത്തു കൊണ്ട് അവൾ ബാത്ത് റൂമിലേക്ക് കയറി ….
തണുത്ത പ്രഭാതമായിരുന്നിട്ടും ഷവറിൽ നിന്നു വീണ ആദ്യത്തെ തുള്ളികൾ അവളുടെ ശരീരത്തിൽ നിന്ന് നീരാവി പൊന്തിച്ചു …
അവൾ കണ്ണടച്ചു നിന്നു ….
പിന്മാറാൻ തനിക്കാവില്ല … അറിയണം ആരൊക്കെയാണ് ശത്രു ..ആരൊക്കെയാണ് മിത്രം … ഈയൊരു നീണ്ട പകൽ തനിക്ക് നിർണായകമാണ് ….. അവൾ മനസിൽ കുറിച്ചിട്ടു ….
* തിരക്കുകളും വയ്യായ്മയും എല്ലാം കൂടി ഞാനൊരു വഴിയായി നിൽക്കുകയാണ് .. ക്ഷമിക്കുക … എന്നാൽ കഴിയുംപോലെ ഞാൻ കഥയെഴുതി ഇടാം … എന്തെങ്കിലും എഴുതി വച്ച് അവസാനിപ്പിക്കാൻ എന്റെ മനസ് അനുവദിക്കുന്നില്ല … അത്രത്തോളം ആഗ്രഹിച്ച് എഴുതി തുടങ്ങിയ കഥയാണ് .. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു ..
( തുടരും )
അമൃത അജയൻ
അമ്മൂട്ടി …
അമൃത അയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission