Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 34

aksharathalukal sayaanam namukai mathram

നിവയെയും കൂട്ടി മയി ആദ്യം പോയത് കരമനയിലെ ഒരു വീട്ടിലേക്കാണ് .. പഴയ ഒറ്റ നില ടെറസു വീടിനു മുന്നിൽ കോളിംഗ് ബെല്ലടിച്ച് അവർ കാത്ത് നിന്നു ..

പെയിന്റിളകി തുടങ്ങിയ ആ വീടിന്റെ ചുറ്റുപാട് വീക്ഷിച്ചു നിവയും .. മൂന്നു നാല് മിനിറ്റുകൾക്ക് ശേഷം മുൻവാതിൽ തുറക്കപ്പെട്ടു ..

വെളുത്ത് അധികം മെലിഞ്ഞതല്ലാത്ത ഒരു പെൺകുട്ടിയാണ് ഡോർ തുറന്നത് … മയിയെ കണ്ട് അവൾ പുഞ്ചിരിച്ചു …

” കയറിവാ മയി …….” അവൾ നിറചിരിയോടെ ക്ഷണിച്ചു …

നിവ മയിയുടെ മുഖത്തേക്ക് നോക്കി ..

” കയറി വാ ……..” മയി അവളെ വിളിച്ചു കൊണ്ട് അകത്തേക്ക് കയറി .. ആതിഥേയയായ പെൺകുട്ടി നിവയെ നോക്കി പുഞ്ചിരിച്ചു .. അവളെന്തോ പറയാൻ തുടങ്ങിയതും അകത്തു നിന്ന് ഒരു ചെറിയ കുട്ടി തുള്ളിച്ചാടി അങ്ങോട്ടു വന്നു .. അപ്പൂസിന്റെ പ്രായമേ അവൾക്കുണ്ടായിരുന്നുള്ളു .. അതിഥികളെ കണ്ടതും ഒരൽപ്പം നാണത്തോടെയവൾ അമ്മയുടെ മിഡിയിൽ തൂങ്ങി പിന്നിലേക്ക് മറഞ്ഞു …

” നിധീ ….. എന്താ ഒളിച്ചത് .. ആന്റിയെ മറന്നോ…….?” ബാഗിൽ നിന്ന് ഒരു ചോക്ലേറ്റ് പായ്ക്കറ്റ് എടുത്തു കൊണ്ട് മയി ഒളിച്ചു നിന്ന നിധിയുടെ അടുത്തേക്ക് ചെന്ന് കൈയിൽ പിടിച്ച് മുന്നിലേക്ക് കൊണ്ട് വന്നു പായ്ക്കറ്റ് കൈയിൽ വച്ചു കൊടുത്തു .. നിവ അത് നോക്കി പുഞ്ചിരിയോടെ നിന്നു ..

” ഇത് മയിയുടെ സിസ്റ്ററിൻലോയാണോ…?”

” അതേ .. അവനെവിടെ ……?”

” അകത്ത് റൂമിലുണ്ട് … നിങ്ങളങ്ങോട്ട് ചെല്ല് … ഞാനിപ്പോ വരാം …… “

” വാ …..” മയി നിവയെയും കൂട്ടി അകത്തേക്ക് നടന്നു .. ഇളം നീല ഡോർകർട്ടൻ വകഞ്ഞു മാറ്റി മുറിയിലേക്ക് കടക്കുമ്പോൾ , ബെഡിൽ ഒരാൾ വാതിൽക്കലേക്ക് നോക്കി ചാരിയിരിക്കുകയായിരുന്നു …

നിവ ഒരു വട്ടം അവനെ നോക്കി … എവിടെയോ കണ്ടു മറന്ന മുഖം … അവൾ ആലോചിച്ചു നോക്കി ..

” അരുൺ ….. സുഖമാണോ നിനക്ക് ….” മയി അരുണിനടുത്തേക്ക് ചെന്നപ്പോൾ അവൻ ഷേക്കാന്റിനായി കൈ നീട്ടി … ഫ്രാക്ചറുണ്ടായിരുന്ന കൈയ്യായിരുന്നു അതെന്ന് മയി ഓർത്തു .. അവൾ നേർത്തൊരു മന്ദഹാസത്തോടെ അവന് ഷേക്കാന്റ് നൽകിക്കൊണ്ട് ബെഡിലേക്ക് തന്നെയിരുന്നു …

അരുൺ വാതിൽക്കലേക്ക് നോക്കി …

” നീയെന്താ അവിടെ നിന്നു കളഞ്ഞത് .. കയറി വാ ………” മയി തല ചരിച്ച് വാതിൽക്കലേക്ക് നോക്കി വിളിച്ചു ..

നിവ അറച്ചറച്ച് അകത്തേക്ക് ചുവടുകൾ വച്ചു … അവൾക്കിപ്പോൾ ആളെ ഓർമ കിട്ടി … അന്ന് ഹോട്ടലിൽ വച്ച് ഏട്ടത്തിയോടൊപ്പം കണ്ടയാൾ …

അവൾ മയിയുടെ അടുത്തായി വന്നു നിന്നു …

” നിനക്കിതാരാന്ന് മനസിലായോ ….?” മയി ചോദിച്ചു …

” ഫ്രണ്ട് അല്ലേ … ഏട്ടത്തീടെ ….” അവൾ നേർത്ത ശബ്ദത്തിൽ ചോദിച്ചു ..

” അതേ … എന്റെ ബെസ്റ്റ് ഫ്രണ്ട് അരുൺ ……” അത് പറയുമ്പോൾ മയിയുടെ ശബ്ദത്തിൽ ഒരു താക്കീത് കൂടിയുണ്ടായിരുന്നു .. നിവയ്ക്കത് മനസിലാകുകയും ചെയ്തു …

” ആ വീഡിയോ ഫൂട്ടേജ് നെഗറ്റീവ് ഉൾപ്പെടെ എനിക്ക് തന്നത് അരുണാണ്… ” മയി അവളുടെ മുഖത്തു നോക്കി പറഞ്ഞു … നിവ മുഖം കുനിച്ചു …

അപ്പോഴേക്കും ഒരു ട്രേയിൽ ചായയുമായി ദിവ്യയും ഒപ്പം നിധിയും അകത്തേക്ക് വന്നു …

” ഇത് അരുണിന്റെ വൈഫ് … ദിവ്യ…… ഇത് മകൾ .. നിധി … ” മയി നിവയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തു …

നിവ കേട്ടുകൊണ്ട് നിന്നു … അവൾക്കൊരു വല്ലായ്മ തോന്നി … മയി അരുണിന്റെ മുന്നിൽ വച്ച് വീഡിയോ ഫൂട്ടെജിന്റെ കാര്യം പറഞ്ഞത് അവൾക്ക് ഇഷ്ടമായിരുന്നില്ല …

” താങ്ക്സ്……”

ദിവ്യ നീട്ടിയ ചായ ട്രേയിൽ നിന്ന് എടുത്തു കൊണ്ട് നിവ പറഞ്ഞു …

” നിഷിനെവിടെയാ വീട്ടിലുണ്ടോ ….?” വ്യക്തമായി സംസാരിക്കാറായിരുന്നില്ലെങ്കിലും അരുൺ ചോദിച്ചു …

മയി മൗനമായി … അവൾക്കൊരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് ആ മുഖം കണ്ടപ്പോൾ അരുണിന് മനസിലായി … ദിവ്യയും ആകാംഷയോടെ മയിയെ നോക്കി …

” നിഷിനിപ്പോ വീട്ടിലില്ല അരുൺ ..” മയി പറഞ്ഞിട്ട് നിവ നിൽക്കുന്ന ഭാഗത്തേക്ക് നോട്ടമയച്ചു … അരുണിന് കാര്യം മനസിലായി ….അത് കൊണ്ട് തത്ക്കാലം അവനാ വിഷയം വിട്ടു ….

” മോളിനി ബാംഗ്ലൂരിൽ പോകുന്നില്ലല്ലോ …? ” ദിവ്യ നിവയോട് ചോദിച്ചു …

” ഇല്ല …….” അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി …

”നെക്സ്റ്റ് ഇയർ കേരളത്തിൽ തന്നെ ചെയ്യൂ .. പഠിച്ചു കഴിഞ്ഞ് ഔട്ട് ഓഫ് സ്റ്റേറ്റ് പോകുന്നതാ ബെറ്റർ …..” ദിവ്യ പറഞ്ഞു …

നിവ തല കുലുക്കി …

” ദിവ്യ ഫാഷൻ ഡിസൈനറാണ് … നിനക്കെന്തെങ്കിലും ഹെൽപ് വേണമെങ്കിൽ ചോദിച്ചോ … ” മയി ചിരി വിടാതെ പറഞ്ഞു …

” ആണോ ……..?” നിവയുടെ മുഖം വിടർന്നു … ദിവ്യ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരെയും പോലെ ഉപദേശിക്കുകയാണെന്നാണ് അവൾ കരുതിയിരുന്നത് ….

ദിവ്യ പുഞ്ചിരിച്ചു …

” മയീ … നമുക്കുണ്ടായ ആക്സിഡന്റ് പ്ലാൻഡ് ആണെന്നാ എനിക്കു തോന്നുന്നെ … ആ ഡ്രൈവറുടെ പേര് മുരുകനെന്നാ … അവന്റെ പേരിൽ മുൻപ് കേരളത്തിലെവിടെയെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയണം … ഞാനിടയ്ക്ക് നമ്മുടെ SP ശശാങ്കൻ സാറിനെ കണ്ടിരുന്നു ഹോസ്പിറ്റലിൽ വച്ച് .. സർ പറഞ്ഞത് മുരുകന് ഒരു ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് അന്വേക്ഷിച്ചു പറയാമെന്നാ … നീ സാറിനെ പോയി ഒന്ന് കാണണം .. ഒഫീസിൽ വേണ്ട .. വീട്ടിൽ … സാറിനെ വിളിച്ചിട്ട് ഫ്രീയായിട്ടുള്ള സമയം ചോദിച്ച് ഞാൻ പറയാം നിന്നോട് …..” വാക്കുകൾ വ്യക്തതയില്ലെങ്കിലും അവൻ പറഞ്ഞു നിർത്തി …

നിധിയോട് കൂട്ട് കൂടാൻ ശ്രമിച്ചുകൊണ്ടിരുന്ന നിവ അവൻ പറയുന്നത് കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു …

ഏടത്തിയെ കൊല്ലാൻ ആളെ വിട്ടത് ബെഞ്ചമിനാണ് … അതിന് തനിക്കും പങ്കുണ്ടെന്നറിഞ്ഞാൽ … അതിലുപരി അവൾ മറന്നു കിടന്നൊരു കാര്യമായിരുന്നു അത് .. മയിയെ കൊല്ലാൻ വരെ താൻ കൂട്ടുനിന്നിട്ടുണ്ടെന്ന ഓർമയിൽ അവൾ ചുട്ടുപൊള്ളി …

” ഞാൻ പോയി കാണാം അരുൺ … ” പറഞ്ഞിട്ട് മയി നിവയെ നോക്കി …

അവളുടെ മുഖഭാവം കണ്ടപ്പോൾ മയി നെറ്റി ചുളിച്ചു …

” എന്താടി …….?”

നിവ ഞെട്ടിത്തരിച്ച് മയിയുടെ നേർക്ക് നോട്ടമയച്ചു … പിന്നെ ഒന്നുമില്ലെന്ന് തല കുലുക്കി …

മയിയവളെ ചൂഴ്ന്നു നോക്കി …

” നീ മോളുടെ കൂടെ പോയിരുന്നോ … ഞാനിപ്പോ വരാം …..” അവൾ നിവയോട് പറഞ്ഞു …

നിവയ്ക്ക് അനുസരിക്കാതെ നിവർത്തിയില്ലായിരുന്നു … അവൾ നിധിയെയും കൂട്ടി പിന്തിരിഞ്ഞു ….

” പ്ലാൻഡ് അറ്റംപ്റ്റ് ആണെങ്കിൽ ഒരു പക്ഷെ ടാർഗറ്റ് നമ്മളായിരിക്കണമെന്നില്ല മയി … നിഷിനായിരുന്നിരിക്കാം …..” അരുൺ പറഞ്ഞു ..

” വാട്ട് ….?” അരുൺ പറഞ്ഞത് കേട്ട് മയി അന്ധാളിച്ചു … ദിവ്യയുടെ മുഖത്തും അമ്പരപ്പ് പടർന്നു … നിധിയെയും കൊണ്ട് വാതിൽക്കലെത്തിയ നിവയും ഒരു വേള നിന്നു .. അവൾ മുഖം തിരിച്ച് ബെഡിന് നേർക്ക് നോക്കി …

” അർദ്ധരാത്രി ആ വഴിയിൽ ആകെ രണ്ട് കാറെ ഒരേ ദിശയിൽ ഉണ്ടായിരുന്നുള്ളു … വഴിയരികിൽ ഒരു ലോറി കാത്ത് കിടക്കണമെങ്കിൽ അത് നിഷിന്റെ കാറിനെ തന്നെ വെയ്റ്റ് ചെയ്തായിരിക്കില്ലെ .. കാരണം നിഷിന്റെ സമയക്രമങ്ങളാണ് പുറത്തുള്ളവർക്ക് ചാർട്ട് ചെയ്യാൻ കഴിയുന്നത് … എപ്പോ വരും എപ്പോ പോകും എന്നുറപ്പില്ലാത്ത നമ്മളെയാണ് സ്കെച്ച് ചെയ്തിരുന്നതെങ്കിൽ അവന്മാരാ ദൗത്യം വെടിപ്പായി പൂർത്തിയാക്കിയേനെ .. അതും മറ്റെവിടെയെങ്കിലും വച്ച് .. സിറ്റിയോടടുത്ത് കിടക്കുന്ന ഒരു സ്ഥലത്ത് അവർ ശ്രമിക്കില്ല .. നമ്മൾ വന്നത് തന്നെ ഒരു വില്ലേജിൽ നിന്നാണ് .. നമ്മളെയാണ് പിൻതുടർന്നതെങ്കിൽ അവരത് വില്ലേജ് സൈഡിൽ വച്ച് തന്നെ തീർത്തേനെ … എന്റെയറിവ് ശരിയാണെങ്കിൽ നിഷിനന്ന് MC റോഡിൽക്കൂടി മാത്രമേ സഞ്ചരിച്ചിട്ടുണ്ടാകു ….. അങ്ങനെ നോക്കിയാൽ കംപാരിറ്റീവ്ലി തിരക്ക് കുറഞ്ഞ , തൊട്ടടുത്ത് പോലീസ് സ്‌റ്റേഷനില്ലാത്ത ഭാഗത്ത് വച്ചിട്ടാണ് ആക്സിഡന്റ് നടന്നിരിക്കുന്നത് … “

മയി തുറിച്ച മിഴികളോടെ അരുൺ പറയുന്നത് കേട്ടിരുന്നു ..

” പക്ഷെ അരുൺ , നിഷിനന്ന് പറഞ്ഞത് നമ്മുടെ കാർ ഓടയിലേക്ക് വീണ ശേഷം പിന്നെയും റോഡ് ക്രോസ് ചെയ്ത് ഇടിക്കാൻ വരുന്നത് പോലെ കണ്ടുവെന്നാ ….” മയി ഓർത്തെടുത്തു പറഞ്ഞു ….

” ചിലപ്പോ അവന്മാർക്ക് മിസ്റ്റേക്ക് സംഭവിച്ചതായിരിക്കാം .. . നമ്മുടെ കാർ ആ സ്ഥലത്തിനും മൂന്ന് കിലോമീറ്റർ മാത്രം ഇപ്പുറത്തുള്ള ബൈറോഡിലൂടെ വന്നാണ് MC റോഡിൽ പ്രവേശിച്ചത് … ഒരു പക്ഷെ ലോറിയിലുള്ളവർക്ക് ഇൻഫർമേഷൻ പാസ് ചെയ്യുമ്പോൾ MC റോഡിൽ നിഷിന്റെ കാർ മാത്രമേ ഉണ്ടായിരുന്നിട്ടുണ്ടാകു .. ഇടയിൽ നമ്മൾ കയറിയത് രണ്ട് എന്റിലും നിന്നവർ അറിഞ്ഞിട്ടുണ്ടാകില്ല .. അല്ലെങ്കിൽ അവരുടെ കമ്യൂണിക്കേഷനിടയിൽ ഒരു ഗ്യാപ്പ് വന്നിട്ടുണ്ടാകും … “

മയിയുടെ ശ്വാസഗതി ഉയർന്നു താഴ്ന്നു … അങ്ങനെയൊരു സാത്യത തള്ളിക്കളയാനാകില്ലെന്ന് മയിക്കും തോന്നി തുടങ്ങി….

ദിവ്യ വന്ന് സമാധാനിപ്പിക്കാനെന്ന വണ്ണം അവളുടെ തോളത്ത് പിടിച്ചു … മയി അവളുടെ വിരലിൽ തൊട്ടു …

” അരുൺ … ഞാനിപ്പോ വന്നത് വേറൊരു കാര്യമറിയാനാ … നിഷിൻ പറയുന്നത് അവനല്ല ചഞ്ചലിനെ നമ്മുടെ ചാനലിൽ റെക്കമന്റ് ചെയ്തതെന്നാ … പക്ഷെ ഞാനന്ന് കണ്ടതാ MD യുടെ റൂമിൽ , സുനിൽ സാറിനൊപ്പം നിഷിനെ …. അതിന് ശേഷമല്ലേ ചഞ്ചൽ ആങ്കറായി വന്നതും പിന്നെ ചാനലിൽ എടുത്തതും ….”

” അത് നീയന്ന് സംശയം പറഞ്ഞത് കൊണ്ട് ഞാനന്വേഷിച്ചു MDയോട് .. നിന്റെ സംശയത്തിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്നറിയാനാ ചോദിച്ചത് .. നിഷിന്റെ റെക്കമന്റേഷനല്ല അത് …. സുനിൽ കുമാറിന്റെതാണ് … നീ നമ്മുടെ MDയെ ഒന്ന് കാണു … ചീഫിന്റെ മകൻ കൂടി തലപ്പത്ത് ആഭ്യന്തര കാര്യങ്ങളിൽ കൈ കടത്താൻ തുടങ്ങിയത് മുതൽ പുള്ളി ഇറിറ്റേറ്റഡ് ആണ് .. അദ്ദേഹത്തിന് നിന്നെ ഹെൽപ്പ് ചെയ്യാൻ കഴിഞ്ഞേക്കും … ഒരു ചെറിയ തുമ്പ് കിട്ടിയാലും അതീയവസരത്തിൽ നമുക്ക് ഗുണം ചെയ്യും .. എനിക്ക് എഴുന്നേൽക്കാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ വന്നേനെ നിന്റെ കൂടെ … ” അവൻ വിഷമത്തോടെ പറഞ്ഞു ..

മയി നിരാശയോടെ അവനെ നോക്കിയിരുന്നു …

” MDയോട് നീ പറയണം ഞാൻ പറഞ്ഞിട്ടാ അദ്ദേഹത്തെ കാണാൻ ചെന്നതെന്ന് …. ” അവൾ തലയാട്ടി …

MDയുമായി അരുണിനുള്ള അടുപ്പം മയിക്കുമറിയാം … ഓഫീസിൽ അദ്ദേഹം അടുപ്പത്തോടെ സംസാരിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അരുൺ ….

” നീയാ കുട്ടി നിന്നപ്പോൾ വീഡിയോ ഫൂട്ടേജിന്റെ കാര്യം പറയണ്ടായിരുന്നു .. ” കുറെ സമയത്തെ മൗനത്തിന് ശേഷം അരുൺ പറഞ്ഞു …

” ഞാനത് മനപ്പൂർവ്വം പറഞ്ഞതാ … അവളത് ഫെയ്സ് ചെയ്യട്ടെ അരുൺ … അവളും കൈവിട്ട് നിൽക്കുവാ … പെട്ടന്നൊരു ദിവസം ഇടിത്തീ പോലെ വീഴുമ്പോ പിടിച്ചു നിൽക്കാൻ കഴിഞ്ഞുവെന്ന് വരില്ല .. ഇത് പോലെ പബ്ലിക്കിനു മുന്നിൽ കുറച്ചെങ്കിലും അവൾ സർവൈവ് ചെയ്യാനുള്ള മനക്കരുത്ത് ഉണ്ടാക്കട്ടെ ….” മയി നിരാശയുടെ പടുകുഴിയിൽ വീണ് മുഖം കുനിച്ചിരുന്നു …

” എന്താ മയി … ?” ദിവ്യ അവളുടെ മുഖം പിടിച്ചുയർത്തി …

” നമ്മൾ ഡിസ്കസ് ചെയ്തതു പോലെയൊക്കെ തന്നെയാ ദിവ്യേ … അവന്മാര് ഭീഷണി തുടങ്ങിയിട്ടുണ്ട് … “

” ഓ.. മൈ ഗോഡ് …. ” ദിവ്യ നെഞ്ചിൽ കൈവച്ചു ..

” ഛെ … ” അരുണും മുഖം വെട്ടിച്ചു ..

പിന്നെയും കുറച്ചു സമയം കൂടി അവർക്കൊപ്പം സംസാരിച്ചിരുന്നിട്ട് മയി നിവയെയും കൂട്ടി അവിടുന്നിറങ്ങി ….

* * * * * * * * *

പിന്നീട് രണ്ടാളും കൂടി മയിയുടെ ഓഫീസിലേക്കാണ് പോയത് …. നിവയെ വിസിറ്റേർസ് ചെയറിലിരുത്തിയിട്ട് അവൾ അകത്തേക്ക് പോയി …

” മയി ഇന്ന് ലീവായിരുന്നല്ലോ … ?” എതിരെ വന്ന വികാസ് അവളെ കണ്ട് ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു ..

” MD യെ കാണണം വികാസ് ….” അവൾ മറുപടി പറഞ്ഞിട്ട് കൂടുതൽ സംസാരിക്കുവാൻ നിൽക്കാതെ MD യുടെ കാബിൻ ലക്ഷ്യമാക്കി നടന്നു … ഈ നേരമായിട്ടും നിഷിന്റെ ഒരു കോൾ പോലും വരാതിരുന്നത് മയിയെ അലട്ടിക്കൊണ്ടിരുന്നു…..

പത്ത് മിനിറ്റോളം പുറത്ത് കാത്തു നിന്നിട്ടാണ് അവൾക്ക് അകത്തു കയറാൻ കഴിഞ്ഞത് …

അവളെ കണ്ടപ്പോൾ MD വിൽസൺ ഗോമസിന്റെ മുഖമൊന്ന് വിളറി …

” മയി ഇരിക്കു …….”

വിൽസൻ ഗോമസിനെതിരെയുള്ള ചെയറിൽ അവളിരുന്നു …

” എനിക്ക് സറിനോട് പേർസണലായിട്ട് സംസാരിക്കാനുണ്ടായിരുന്നു … ” അവൾ പറഞ്ഞു …

വിൽസൻ തല ചലിപ്പിച്ചു കൊണ്ട് മുന്നിലിരുന്ന പേന കൈയിലെടുത്ത് അതിന്റെ ക്യാപിൽ നഖം കൊണ്ട് കോറി …

” എന്നെ അരുൺ വിളിച്ചിരുന്നു .. ഒരു പത്ത് മിനിറ്റ് മുൻപ് … നമ്മുടെ ചാനലിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു ബോംബ്‌ തന്നെ പേർസണലായി ബാധിക്കുന്ന ഒന്നാണല്ലോ …. ” വിൽസൻ കണ്ണട ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് അവളെ നോക്കി …

മയി മിണ്ടാതിരുന്നു …

” ദയാമയി ,എനിക്ക് ഈ ചെയറിലിരുന്നു കൊണ്ട് കൂടുതലൊന്നും ചെയ്യാനില്ല .. പക്ഷെ ഞാനൊരു അഡ്രസ് തരാം .. ” അത്രയും പറഞ്ഞിട്ട് വിൽസൺ ലെറ്റർപാഡ് എടുത്ത് അതിലെന്തോ കുറിച്ചു .. ശേഷം അത് നാലായി മടക്കി അവൾക്ക് നേരെ നീട്ടി ..

മയിയത് കൈനീട്ടി വാങ്ങവെ വിൽസൺ ഗോമസ് പറഞ്ഞു :

” താനൊരു ജേർണലിസ്റ്റാണ് … തന്റെ ബുദ്ധിയുപയോഗിച്ച് ഈ ആഡ്രസിലുള്ള ബിൽഡിംഗിനെ കുറിച്ച് നടത്തുന്ന ഏതന്വേഷണവും തനിക്ക് ഗുണം ചെയ്യും … ഒരു ജേർണലിസ്റ്റ് നടത്തുന്ന എല്ലാ വിധത്തിലുള്ള ഐഡിയയും പ്രയോഗിക്കണം …. ഈ പേപ്പർ ഇവിടെ വച്ച് തുറന്നു നോക്കണ്ട … ഈ റൂമിലെ സിസിടിവി ഓഫ് ചെയ്തിട്ടാണ് ഞാൻ തന്നെ അകത്തേക്ക് വിളിപ്പിച്ചത് തന്നെ .. ഈ ഓഫീസ് വിട്ട് മറ്റെവിടെയെങ്കിലും വച്ചു മാത്രം തുറന്നു നോക്കുക … “

കൂടുതലൊന്നും പറയാതെ വിൽസൺ സംഭാഷണം അവസാനിപ്പിച്ചു …

മയിയെ അകാരണമായൊരു ഭയം വലയം ചെയ്തു .. വിൽസൻ പോലും അത്രയും ഭയപ്പെടണമെങ്കിൽ …

” താങ്ക്യു സർ ………” ഒടുവിൽ അവൾ പറഞ്ഞു ..

വിൽസൺ ഗോമസിന്റെ റൂമിൽ നിന്ന് അവൾ നേരെ റിസപ്ഷനിലേക്ക് വന്നു .. അവിടെ വിസിറ്റേർസ് ചെയറിൽ കാത്തിരുന്ന നിവയെയും കൂട്ടി പുറത്തിറങ്ങി …

റോഡിലിറങ്ങി ആദ്യം കണ്ട ഓട്ടോക്ക് കൈകാണിച്ച് അവരിരുവരും കയറി ..

” എങ്ങോട്ടാ …..?” ഡ്രൈവർ തല ചരിച്ച് നോക്കി …

ഇനിയെങ്ങോട്ടെന്ന് മയിക്കും ഒരു രൂപമില്ലായിരുന്നു … അവൾക്കാ പേപ്പർ തുറന്നു നോക്കാൻ ഒരു സുരക്ഷിതമായ സ്ഥലം വേണമായിരുന്നു .. അതിനാണ് ഓട്ടോയിൽ കയറിയത് …

” പാളയം …… ” അവൾ നാവിൽ വന്ന സ്ഥലം പറഞ്ഞു ….

ഡ്രൈവർ വണ്ടിയെടുത്തു …

” ഏടത്തിക്ക് ഡ്രൈവിംഗ് അറിയില്ലെ ….?” നിവ ചോദിച്ചു ..

” ഇല്ല ……..”

” ശ്ശൊ … ഇതൊക്കെ പഠിക്കണ്ടെ … ഡ്രൈവിംഗ് അറിയാരുന്നേൽ നമുക്കച്ഛന്റെ കാറെടുത്താൽ മതിയായിരുന്നു … എനിക്കറിയാം ഡ്രൈവിംഗ് … പക്ഷെ ലൈസൻസ് ഇല്ലാത്തോണ്ട് അച്ഛൻ തരൂല .. ” അവൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു …

മയി ആ സമയം തന്റെ കൈയിലിരുന്ന പേപ്പർ നിവർത്തി നോക്കുകയായിരുന്നു … നിവ പറഞ്ഞതൊന്നും അവൾ കേട്ടില്ല … അവളുടെ ചെവിക്കുള്ളിൽ ഒരു ചൂളം വിളി മുഴങ്ങിക്കൊണ്ടിരുന്നു …

* * * * * * * * * *

ആ സമയം ചുറ്റിനും വനനിബിഡമായ പ്രദേശത്തെ പഴയൊരു ബംഗ്ലാവിലെ റൂമിലായിരുന്നു നിഷിൻ …

കൈയിൽ ഫോണോ ലാപ്പോ ഒന്നുമില്ല … ഏട്ടനെ ആദർശ് കോൺടാക്റ്റ് ചെയ്തോളാമെന്നാണ് പറഞ്ഞത് … മയിയെ വിളിക്കണ്ട എന്നും … അവനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല … അവന്റെയറിവിൽ അവൾ തനിക്കെതിരെ മാത്രമേ നിന്നിട്ടുള്ളു …

ഇറങ്ങി പുറപ്പെടേണ്ടിയിരുന്നില്ലെന്ന് നിഷിന് തോന്നി… മയി അടങ്ങിയിരിക്കില്ല .. ഒറ്റയ്ക്ക് എന്തെങ്കിലും അപകടത്തിൽ ചെന്ന് ചാടുമോ എന്നായിരുന്നു അവന്റെ ഭയം .. തന്റെ മേലുള്ള കണ്ണുകളെല്ലാം ഇപ്പോൾ അവളുടെ നേർക്കായിരിക്കുമെന്ന് അവന് ഉറപ്പായിരുന്നു …

അവളെ കാണാൻ അവൻ അതിയായി ആഗ്രഹിച്ചു … അവസാനമായി കാണുമ്പോൾ അവൾ നൽകിയ ആദ്യ ചുംബനത്തിന്റെ ചൂട് അപ്പോഴും അവന്റെ ചുണ്ടിലുണ്ടായിരുന്നു ..

ടെൻഷനുകൾക്കിടയിലും ആ ഓർമയിൽ അവൻ അറിയാതെ പുഞ്ചിരിച്ചു .. മനസിൽ അവളുടെ രൂപം മാത്രം നിറച്ച് അവൻ ചെയറിലേക്ക് ചാരിക്കിടന്നു കണ്ണുകളടച്ചു …

അതേ സമയം പുറത്തെ ഇരുമ്പ് ഗേറ്റിനരികിലായി ഒരു പഴയ തുരുമ്പിച്ച ജീപ്പിനുള്ളിൽ ഒരാളിരുന്ന് ഫോൺ കാതോട് ചേർത്തു …

” ഇന്ന് രാത്രിക്കുള്ളിൽ കഴിഞ്ഞിരിക്കും സാർ ……” ഒരു ഗർജനം പോലെ അയാളുടെ ഒച്ച മുഴങ്ങി ..

വ്യക്തിപരമായ കാരണങ്ങളാൽ വളരെയധികം തിരക്കിലാണ് ഞാൻ .. ഈ കഥയുടെ ബാക്കി ഭാഗം ആറു ദിവസം കഴിഞ്ഞേ ഉണ്ടാകൂ … അതുകഴിഞ്ഞാൽ തുടർച്ചയായി വരുന്നതാണ് .. കഴിഞ്ഞ പാർട്ടിൽ റിപ്ലെ തന്നിട്ടില്ല .. ക്ഷമിക്കുക .. സമയമില്ലാഞ്ഞിട്ടാണ് … ഇനി വായിക്കില്ല എന്നു പറയുന്നവരോടും ഇൻബോക്സിൽ വന്ന് തെറി വിളിക്കുന്നവരോടും ഒന്നും ഒരു പരിഭവവുമില്ല .. ആകാംഷ കൊണ്ടാണെന്നറിയാം .. വായിക്കണോ വേണ്ടയോ അതൊക്കെ നിങ്ങടെ ഇഷ്ടം . . എനിക്ക് എന്റെ പേർസണൽ ലൈഫ് കഴിഞ്ഞിട്ടേ കഥ നോക്കാൻ പറ്റൂ … സാഹചര്യം മനസിലാക്കി നിൽക്കുന്നവർക്ക് ഒരായിരം നന്ദി .. സ്നേഹം ..

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

4.3/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!