Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 36

aksharathalukal sayaanam namukai mathram

പുറത്തെ സംഭാഷണം അവ്യക്തമായിരുന്നു .. എങ്കിലുമത് നിഷിനെ സംബന്ധിക്കുന്നതാണെന്ന് അവൾക്ക് മനസിലായി …

രണ്ട് മിനിറ്റോളം ആ സംഭാഷണം തുടർന്നു .. കോളവസാനിച്ചു എന്ന് തോന്നിയതും മയി ചുമരിന്റെ മറവിൽ നിന്ന് മാറി , തിരികെ നവീണിന്റെ റൂമിനടുത്തേക്ക് നടന്നു …

നവീൺ തിരിച്ചു വന്നതും തന്റെ റൂമിനു മുന്നിൽ നിൽക്കുന്ന മയിയെ കണ്ടു .. അവന്റെ മുഖത്ത് ഭാവമാറ്റങ്ങളൊന്നുമുണ്ടായില്ല .. മയിയത് ശ്രദ്ധിച്ചു …

” കണ്ണേട്ടാ … നിഷിനെവിടെയാ … ഒന്നുകിൽ എനിക്കവനോട് സംസാരിക്കണം … അല്ലെങ്കിൽ അവനെ തിരിച്ചു കൊണ്ടുവരണം …… “

” മയീ … കിച്ചു എന്റെ അനിയനാ … അവൻ സെയ്ഫാണെന്ന് പൂർണ ബോധ്യത്തോടെ തന്നെയാ ഞാനിവിടെ നിൽക്കുന്നത് …” മയിയുടെ ചോദ്യം ചെയ്യൽ അവന് തീരെ പിടിച്ചില്ല …

” നിഷിൻ ഏട്ടന്റെ അനിയൻ മാത്രമല്ല .. എന്റെ ഹസ്ബന്റ് കൂടിയാ .. എനിക്കറിയണം അവനെവിടെയാണെന്ന് .. “

നവീണിന്റെ മുഖത്ത് ഒരു പരിഹാസ ചിരി വിരിഞ്ഞു …

“സാധാരണ ഭാര്യമാർ ഭർത്താവിനോട് ചെയ്യുന്നതൊന്നുമല്ലല്ലോ നീയവനോട് ചെയ്തത് .. നീ കാരണമല്ലേ അവനീയവസ്ഥ വന്നത് ……” നവീൺ തന്റെയമർഷം മറച്ചു വച്ചില്ല ..

” എന്താ സംഭവിച്ചതെന്ന് നിഷിനറിയാം .. എട്ടന് നിഷിനെവിടെയുണ്ടെന്ന് അറിയാമല്ലോ .. അനിയനോട് ചോദിക്ക് ഞാൻ കുറ്റക്കാരിയാണോന്ന് ….”

നവീൺ മിണ്ടിയില്ല …

” എനിക്കറിയണം നിഷിനെവിടെയാണെന്ന് .. എനിക്ക് സംസാരിക്കണം … ഇല്ലെങ്കിൽ ഞാൻ സ്റ്റേഷനിൽ പോയി മാൻമിസിംഗ് കേസ് ഫയൽ ചെയ്യും .. കൊണ്ടുപോയ ആളെയും പറഞ്ഞു കൊടുക്കും .. എനിക്കുറപ്പുണ്ട് ഈ ഒളിച്ചുകളിയെക്കാൾ നൂറുശതമാനം സെയ്ഫ് അവൻ നിയമം ഫെയ്സു ചെയ്യുന്നതാ …” മയി തറപ്പിച്ച് പറഞ്ഞു …

അവളുടെ ആ തീരുമാനം നവീണിൽ ചലനമുണ്ടാക്കി …. അവൾ വെറുതെ ഭീഷണിപ്പെടുത്താൻ പറയുന്നതാവില്ല .. പറഞ്ഞത് ചെയ്യാൻ പ്രാപ്തിയുള്ള പെണ്ണാണ് .. സാധാരണ സ്ത്രീകളെപ്പോലെയല്ല .. പോലീസും കോടതിയുമൊന്നും അവൾക്ക് പുത്തരിയല്ല ..

” മയീ … അവൻ ആദർശിന്റെ കസ്റ്റഡിയിൽ സെയ്ഫാണ് .. ആ സ്ഥലം ഏതാണെന്ന് എനിക്കും ശരിക്കറിയില്ല .. നിനക്കറിയാല്ലോ ആദർശ് ഒരു ബിസിനസ് മാനാണ് .. നിന്നെപ്പോലെ ഒരു മീഡിയ പേർസണോട് ആ സ്ഥലത്തെ കുറിച്ച് പറയാൻ ആദർശിന് ഒട്ടും താത്പര്യമില്ല .. എന്നിൽ നിന്ന് ലീക്കാകും എന്ന പേടിയുള്ളത് കൊണ്ട് അവനെന്നോട് പോലും പറഞ്ഞിട്ടില്ല കൃത്യമായി … ” നവീൺ അനുനയത്തിൽ പറഞ്ഞു …

” പിന്നെ ഏട്ടനെന്തുറപ്പിലാ നിഷിൻ സെയ്ഫാണെന്ന് പറയുന്നേ ….?” മയി ദേഷ്യം കടിച്ചമർത്തി ചോദിച്ചു …

” ആദർശിന്റെയടുത്തായത് കൊണ്ട് ….” നവീണിന്റെ ശബ്ദം ഉറച്ചതായിരുന്നു ..

” ഹാ … ബെസ്റ്റ് …….” മയിയുടെ ശ്വാസം ഉയർന്നു താഴ്ന്നു .. അവൾ അനിയന്ത്രിതമായി തല ചലിപ്പിച്ചു കൊണ്ട് വെറുതെ ചുറ്റിനും നോക്കി … തൊട്ടടുത്ത് നിൽക്കുന്നവൻ ഒരു മരക്കഴുതയാണെന്ന് അവൾ മനസിൽ പറഞ്ഞു …

നവീണിന് അവളുടെ പെരുമാറ്റം ഒട്ടും രസിച്ചില്ല …

” ഏട്ടാ … എനിക്കിന്ന് രാത്രിക്കുള്ളിൽ നിഷിനെ കാണണം … അറ്റ്ലീസ്റ്റ് അവനെ വീഡിയോ കോൾ ചെയ്ത് സംസാരിക്കാനെങ്കിലും കഴിയണം .. ഇല്ലെങ്കിൽ ഞാൻ സ്റ്റേഷനിൽ പോകും ….” മയിയുടെ വാക്കുകൾ ഉറച്ചതായിരുന്നു …

” നീയവനെ കൊലയ്ക്കു കൊടുത്തേയടങ്ങൂന്നാണോ …? ” നവീന്റെ മുഖം ചുവന്നു ..

” ഞാനല്ല … ഏട്ടനാണ് അവനെ കൊലയ്ക്കു കൊടുക്കാൻ നോക്കുന്നേ .. “

നവീൺ തിരിച്ച് ദേഷ്യത്തിലെന്തോ പറയാൻ വന്നതും , മുകളിലെ ഒച്ചയും ബഹളവും കേട്ടുകൊണ്ട് ഹരിതയും വീണയും സ്‌റ്റെപ് കയറി വരുന്നത് കണ്ടു … നിവയും തന്റെ റൂമിന്റെ ഡോർ തുറന്നു തല പുറത്തേക്കിട്ട് നോക്കി …

നവീൺ സംയമനം പാലിച്ചു … മയിയും മറ്റുള്ളവരെ കണ്ടപ്പോൾ ഒന്നടങ്ങി …

” മയീ , ഞങ്ങൾ വക്കീലിനോട് സംസാരിച്ചിട്ടുണ്ട് .. ആ പെണ്ണിന്റെ മൊഴിയെടുപ്പ് കഴിഞ്ഞിട്ടില്ല .. അത് കഴിഞ്ഞാലെ കൃത്യമായി കേസിന്റെ ഗതിയറിയാൻ കഴിയൂ .. പക്ഷെ ഞങ്ങൾ മറ്റൊരു വഴിയിൽ ശ്രമിക്കുന്നുണ്ട് .. ഇതിന് പിന്നിൽ മന്ത്രി മുസാഫിർ പുന്നക്കാടന് പങ്കുണ്ടെന്ന് വരുത്തിയാൽ , അങ്ങനെയൊരു പൊതുവികാരം ഉണർത്താൻ കഴിഞ്ഞാൽ അത് നമുക്കനുകൂലമാക്കി ഒരു മുൻകൂർ ജാമ്യത്തിന് ശ്രമിക്കാം .. പക്ഷെ കൺവീൻസിംഗായ തെളിവ് വേണം .. ഞങ്ങളതിനുള്ള ശ്രമത്തിലാ .. ” നവീൺ നയത്തിൽ പറഞ്ഞു ..

മയി പുച്ഛിച്ചു ചിരിച്ചു ..

” പഴയ കേസ് കഴിഞ്ഞ് രണ്ട് രണ്ടര വർഷം കഴിഞ്ഞിട്ട് മന്ത്രി മുസാഫിർ പുന്നക്കാടന്റെ പ്രതികാരം …… അദ്ദേഹത്തിന് ഇതിൽ യാതൊരു പങ്കുമില്ലെന്ന് എനിക്കുറപ്പുണ്ട് .. നിഷിനോട് പകരം വീട്ടാനായിരുന്നെങ്കിൽ അതൊക്കെയന്നേ ആകാമായിരുന്നു .. അതിനുള്ള അവസരവുമുണ്ടായിരുന്നു .. പക്ഷെ അവരെന്താ ചെയ്തത് നിഷിനെ അവിടുന്ന് മാറ്റി ആലപ്പുഴയ്ക്ക് കൊണ്ടുവന്നു .. അതോടു കൂടി ആ വിഷയമൊതുങ്ങി .. അതേ മന്ത്രി തന്നെ ആലപ്പുഴയിലെ പല ഉത്തരവാദിത്തപ്പെട്ട ചുമതലകളും പിന്നീട് നിഷിനെ ഏൽപ്പിച്ചു .. ആ വിഷയത്തിൽ മുസാഫിർ പുന്നക്കാടന് യാതൊരു ബെനിഫിറ്റുമില്ലായിരുന്നു .. അതു കൊണ്ടുള്ള ബെനിഫിറ്റ് ഒക്കെ നിഷിനാണ് .. അതിനി നിഷിനോട് ചോദിച്ചാൽ അവൻ തന്നെ സമ്മതിക്കും … എറണാകുളം കോർപ്പറേഷന്റെ പരിധിയിലുള്ള വിഷയം .. നിഷിനെപ്പോലെയൊരു സബ് കളക്ടർ അവിടുത്തെ ഒരു കൗൺസിലറിനെതിരെ നിന്ന് ഫൈറ്റ് ചെയ്താൽ ഒരു മീഡിയ പബ്ലിസിറ്റിയും കിട്ടാൻ പോകുന്നില്ല .. അതു കൊണ്ട് റെവന്യൂ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട വിഷയമായതിനാൽ മന്ത്രിയെക്കൂടി വലിച്ചിട്ടു . . സർവീസിൽ തുടക്കമായിരുന്നതിന്റെ ഒരാവേശം … അതിൽ കവിഞ്ഞതൊന്നും ആ കാര്യത്തിലില്ല .. ” മയി പറഞ്ഞിട്ട് നവീനെ നോക്കി …

അവന്റെ മുഖം കടുത്തിരുന്നു …

” ആയിക്കോട്ടേ … പക്ഷെ ഈ സാഹചര്യത്തിൽ അങ്ങനെയൊരു സംശയം നമ്മൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു .. അത്രേയുള്ളു …..”

” കോടതിയിലിരിക്കുന്നവർ മണ്ടന്മാരല്ല .. മുസാഫിർ പുന്നക്കാടൻ കടന്നു വന്ന വഴികളെ കുറിച്ചു ഏട്ടന് വല്ല നിശ്ചയവുമുണ്ടോ … എത്രയോ വലിയ പ്രതിസന്ധികൾ നേരിട്ടാണ് ഇന്നദ്ദേഹം സംസ്ഥാനത്തെ റെവന്യൂ മിനിസ്റ്ററുടെ കസേരയിലിരിക്കുന്നതെന്ന് ഏട്ടനൊന്നു പഠിക്കാൻ ശ്രമിക്കണം … അതിൽ നിഷിൻ കൊടുത്തത് അദ്ദേഹത്തിന് ഒരു പ്രതിരോധം പോലുമായിരുന്നില്ല .. അതുകൊണ്ടാണ് നിസാരമായൊരു ട്രാൻസ്ഫറിൽ ആ വിഷയം അദ്ദേഹമൊതുക്കിയത് .. അദ്ദേഹത്തെ കരുവാക്കി നിഷിനെ ഈ കേസിൽ നിന്ന് രക്ഷിക്കാമെന്ന് ഏട്ടന് ആരെങ്കിലും ബുദ്ധിയുപദേശിച്ച് തന്നിട്ടുണ്ടെങ്കിൽ ഒന്നുകിൽ അയാളൊരു ഭൂലോക മണ്ടൻ .. അല്ലെങ്കിൽ ഒന്നാം തരം ചതി … ” പറഞ്ഞു കഴിയുമ്പോൾ മയിയുടെ മൂക്കിൻ തുമ്പു വിറച്ചു …

നവീണും വീണയും ഹരിതയും മയിയെ തന്നെ നോക്കി നിന്നു ..

” നിഷിന്റെ കരിയറിൽ അവൻ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തം ആ കേസാണ് … അവനേത് പ്രതിസന്ധി വന്നാലും മീഡിയ ഉൾപ്പെടെ ആരും സംശയിക്കുന്നത് മുസാഫിർ പുന്നക്കാടനെയായിരിക്കും .. സ്വന്തം ജീവിതം പാഠപുസ്തകം പോലെ ജനങ്ങൾക്കു മുൻപിൽ തുറന്നു വച്ചിരിക്കുന്ന ജനപ്രതിനിധി … അയാളെ മറയാക്കിക്കൊണ്ട് അവനെയിനിയാർക്കും അപകടപ്പെടുത്താം … ” മയിയുടെ ശബ്ദം താഴ്ന്നു പോയി …

നവീണും വീണയും ഹരിതയും പരസ്പരം നോക്കി …

മയിയുടെ വാക്കുകളിൽ ശരിയുണ്ടെന്ന് നവീനും തോന്നി തുടങ്ങി .. അവൻ ഒന്നും പറയാതെ സ്വന്തം റൂമിലേക്ക് പോകാൻ പിന്തിരിഞ്ഞതും മയി വിളിച്ചു …

” ഏട്ടാ … ഞാൻ പറഞ്ഞതിൽ ഒരു മാറ്റവുമില്ല… ഇന്ന് രാത്രി നിഷിനിവിടെ എത്തിയെ പറ്റൂ …. അല്ലെങ്കിൽ എനിക്കു വീഡിയോ കോൾ ചെയ്യണം … അവനെവിടെയാണെന്ന് കൃത്യമായി അറിയുകയും വേണം …….” മയി കർശനമായി പറഞ്ഞു …

നവീൺ അവളെയൊന്ന് നോക്കിയിട്ട് ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി …

* * * * * * * * * * * * * * * * *

മൂന്ന് മണിയായപ്പോൾ മയി കോവളത്തുള്ള നിളാ റെസിഡൻസിയുടെ പാർക്കിംഗ് ഏരിയയിൽ വന്നിറങ്ങി .. ഓട്ടോ തിരിച്ചയച്ചിട്ട് അവൾ റിസപ്ഷനിലേക്ക് നടന്നു …

ചഞ്ചലിന്റെ റൂമിലേക്ക് വിളിച്ചിട്ട് , മയിക്ക് റൂമിലേക്ക് പോകാനുള്ള അനുവാദം അവർ നൽകി ..

തേർഡ് ഫ്ലോറിലാണ് .. മയി ലിഫ്റ്റിൽ കയറാതെ പടി കയറി … സെക്കന്റ് ഫ്ലോറിലെത്തിയിട്ട് അവൾ മാറി നിന്ന് പ്രദീപിനെ വിളിച്ചു ..

കാത്തിരുന്നത് പോലെ രണ്ടാമത്തെ റിങ്ങിനു തന്നെ അവൻ കോളെടുത്തു ….

” എത്തിയോ ….?” അവളെന്തെങ്കിലും പറയും മുൻപേ അവൻ ചോദിച്ചു …

” ങും …..” അവൾ മൂളുക മാത്രം ചെയ്തു …

” പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ …? ” അവൻ ചോദിച്ചു ..

” ങും…… “

” ശരി … നീ ചെല്ല് …. ” അവൻ ധൈര്യം പകർന്നു ..

അവൾ കോൾ കട്ട് ചെയ്തിട്ട് സ്റ്റെപ് കയറി …

റൂം നമ്പർ 52 നു മുന്നിൽ ചെന്ന് ഡോറിൽ മുട്ടി …

സെക്കന്റുകൾക്കുള്ളിൽ റൂം തുറക്കപ്പെട്ടു .. വാതിൽക്കൽ സുനന്ദയായിരുന്നു …

ശീതീകരിച്ച മുറിയുടെ തണുപ്പ് മയിയുടെ ദേഹത്തേക്ക് പടർന്നു കയറി …

” കയറി വരൂ … ” സുനന്ദ അകത്തേക്ക് ക്ഷണിച്ചു …

ആ സ്ത്രീയുടെ വാക്കുകളിൽ അധികാരത്തിന്റെ ധ്വനിയുണ്ടായിരുന്നു …

മയി അകത്തേക്ക് കയറി .. അവിടെ സോഫയിൽ കാലിൻമേൽ കാൽ കയറ്റി വച്ച് ചഞ്ചലിരിപ്പുണ്ടായിരുന്നു . ..

മയി ആ റൂം ആകമാനം വീക്ഷിച്ചു …

” മാഡം വന്നിരിക്കണം … ” ചഞ്ചൽ തന്റെ മുന്നിലുള്ള ചെയറിലേക്ക് കണ്ണ് നീട്ടി പറഞ്ഞു …

മയി ഒന്നാലോചിച്ചിട്ട് മുന്നിലേക്ക് നടന്നു … ചഞ്ചലിനു മുന്നിലെ ചെയറിൽ ഇരിക്കാൻ തുനിഞ്ഞതും അവൾ തടഞ്ഞു …

” വൺ മിനിട്ട് …. മേഡം ആ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത് ആ ടേബിളിൽ കൊണ്ടുവയ്ക്കണം …..” അവൾ ആവശ്യപ്പെട്ടു …

” എന്തിന് …. അത് നടക്കില്ല …..” മയി എതിർത്തു …

മയിക്ക് അവളുടെ പെരുമാറ്റം അസഹനീയമായിരുന്നു …

” എങ്കിലീ മീറ്റിംഗും നടക്കില്ല … ” സുനന്ദയാണ് അത് പറഞ്ഞത് ….

” അതു കൊണ്ടുണ്ടാകുന്ന കോൺസിക്വൻസസ് മേഡത്തിന് തന്നെയാണ് ….” ചഞ്ചൽ പറഞ്ഞു …

മയി അവരെയിരുവരെയും മാറി മാറി നോക്കി … അവളുടെ കണ്ണുകളിൽ അഗ്നിയെരിഞ്ഞു ….

സുനന്ദ തോൾ വെട്ടിച്ചു കൊണ്ട് ചഞ്ചലിന്റെയടുത്തേക്ക് നടന്നു ചെന്ന് അവൾക്കരികിലായി ഇരുന്നു …

മയിക്ക് മറ്റ് വഴികളില്ലായിരുന്നു .. അവൾ ഫോണെടുത്ത് സ്വിച്ച്ഡ് ഓഫ് ചെയ്തു ചഞ്ചൽ ചൂണ്ടിക്കാട്ടിയ ടേബിളിൽ കൊണ്ടുവച്ചിട്ട് തിരികെ വന്നു ….

മയി ഇരിക്കാൻ തുനിഞ്ഞതും ചഞ്ചൽ സോഫയിൽ നിന്നെഴുന്നേറ്റ് മയിയുടെ അടുത്തേക്ക് വന്നു …

അവൾ തന്റെ വലം കൈ മയിയുടെ നേർക്ക് നീട്ടിപ്പിടിച്ചു .. ആ കൈയിൽ ഒരു പേനയുണ്ടായിരുന്നു …

മയിയുടെ കണ്ണുകൾ ആ പേനയിലേക്ക് നീണ്ടു .. അടുത്ത സ്പോട്ടിൽ തന്നെ അവൾക്കതെന്താണെന്ന് മനസിലായി …

ക്യാമറ ഡിറ്റെക്ടർ …

സിനിമാ ആർട്ടിസ്റ്റുകളും മോഡലുകളുമൊക്കെ ഇപ്പോൾ സർവ സാധാരണമായി കൈയിൽ കരുതുന്ന ഉപകരണം … ഹോട്ടൽ റൂമുകളിൽ ഒളിക്യാമറകൾ വച്ചിട്ടുണ്ടെങ്കിൽ ആ ഉപകരണം അത് ഡിറ്റെക്‌ട് ചെയ്യും ..

ചഞ്ചലത് കൊണ്ട് മയിയുടെ ദേഹത്തിനു ചുറ്റും തല മുതൽ കാല് വരെ ഉഴിഞ്ഞു നോക്കി ….

” സോറി മേഡം …..വിളിച്ചു വരുത്തിയത് ഒരു മാധ്യമ പ്രവർത്തകയെ ആയതു കൊണ്ട് ഇതൊക്കെ ചെക്ക് ചെയ്യാതെ മാറ്ററിലേക്ക് വരാൻ കഴിയില്ല …… ” വാക്കുകളിൽ പരിഹാസം കലർത്തി പറഞ്ഞു കൊണ്ട് ചഞ്ചൽ പോയി സോഫയിലേക്കിരുന്നു …

മയി ഒന്നും മിണ്ടിയില്ല … താൻ കരുതിയിരുന്നതിലും സമർത്ഥയാണവളെന്ന് മയി മനസിൽ പറഞ്ഞു …. ചഞ്ചലിനെതിരെ മയിയുമിരുന്നു …

” എന്താ പറയാനുള്ളതെന്നു വച്ചാൽ പറയ് …..” മയി അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു ..

ചഞ്ചൽ മയിയുടെ മുഖത്തേക്ക് നോക്കി ഒന്നു പുഞ്ചിരിച്ചു … അവളുടെ കണ്ണുകളിൽ കൗശലം നിറഞ്ഞു നിന്നു …

” ഡിവോർസ് ………….” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

4.2/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ സായാഹ്നം നമുക്കായി മാത്രം – 36”

  1. ആര്യലക്ഷ്മി കാശിനാഥൻ

    Athey eeeee chanjalinte karyathil next parti theerumanam undakkanmttooo… Mayi bold chctr allee avalkk athinu patttum… Pinneee ethentha ennu 2parts ettath ?? Health ok allayirunnallo…. Eppola novel nokkiyath, kazhinja day paranjalloo ennuu indavooolaannn….take care🙂😊😊

Leave a Reply

Don`t copy text!