Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 37

aksharathalukal sayaanam namukai mathram

മയിയവളെ കണ്ണെടുക്കാതെ നോക്കിയിരുന്നു … ചഞ്ചലിന്റെ നാവിൽ നിന്ന് വീണ വാക്കുകൾ മയിയിൽ ഒരു ചലനവുമുണ്ടാക്കിയില്ല ….

മിനിറ്റുകൾ കടന്നു പോയിട്ടും മയി കേട്ടതിനെക്കുറിച്ചു പ്രതികരിക്കാതെയിരുന്നപ്പോൾ ചഞ്ചലും സുനന്ദയും പരസ്പരം നോക്കി …

” മേഡത്തിന് ഞാൻ പറഞ്ഞത് മനസിലായില്ല എന്ന് തോന്നുന്നു ….. അതോ തമാശയാണെന്ന് തോന്നിയോ ….” ചഞ്ചൽ ഗൗരവത്തിലായി …

മയി സാവധാനം ചിരിച്ചു …

” മനസിലാകാതിരിക്കാൻ നീയെനിക്കറിയാത്ത ഭാഷയൊന്നുമല്ലല്ലോ പറഞ്ഞത് … ഡിവോർസ് …അതായത് വിവാഹമോചനം .. .. പറ ആരുടെ വിവാഹ മോചനം …? ” മയി കൂസലില്ലാതെ ചോദിച്ചു …

ചഞ്ചലിന്റെ മുഖമിരുണ്ടു …

മനസിലായിട്ടും അവൾ തന്നെ കളിയാക്കുകയാണ് .. ചഞ്ചലിന്റെ കടപ്പല്ലുകൾ ഞെരിഞ്ഞു …

” നിങ്ങളുടെ ഭർത്താവ് എന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു … ഞാനിപ്പോഴും ഒരു കോംപ്രമൈസിന് തയ്യാറാണ് .. നിങ്ങൾ വിവാഹമോചനം നേടി ,എന്നെ നിഷിൻ സർ വിവാഹം കഴിക്കാൻ തയ്യാറായാൽ കേസ് ഞാൻ പിൻവലിക്കും …… ” ചഞ്ചൽ പറഞ്ഞു …

” അത് ശരിയല്ല ചഞ്ചൽ .. നിന്നെ നിഷിൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ നീ കേസുമായി മുന്നോട്ട് പോവുക തന്നെ വേണം … അത് തെളിയിക്കപ്പെടേണ്ടത് കോടതിയിലാണ് .. കുറ്റം ചെയ്തുവെങ്കിൽ ശിക്ഷിക്കപ്പെടണം … ” മയി ഭാവഭേദങ്ങളേതുമില്ലാതെ പറഞ്ഞു …

മയിയുടെ വാക്കുകളും പെരുമാറ്റവും അക്ഷരാർത്ഥത്തിൽ ചഞ്ചലിനെയും സുനന്ദയെയും ഞെട്ടിച്ചു … അവർ മയിയെ തുറിച്ചു നോക്കി …

” മേഡത്തിന് ഇത് വെറുമൊരു ആരോപണമാണെന്ന് തോന്നുന്നുണ്ടോ … എന്നാൽ എന്റെ പക്കൽ തെളിവുകളുണ്ട് .. അത് കണ്ടിട്ട് വിശ്വസിച്ചാൽ മതി ….”

മറ്റെന്തോ പറയാൻ വന്ന മയി പെട്ടന്ന് നിശബ്ദമായി .. തെളിവുകൾ … അത് കാണണം …..

മയി ചഞ്ചലിനെ നോക്കി ….

ആ പറഞ്ഞത് മയിയിൽ ചാഞ്ചല്യമുണ്ടാക്കിയെന്ന് അമ്മയ്ക്കും മകൾക്കും തോന്നി .. അവരുടെ ചുണ്ടിൽ ഒരു നിഗൂഢത നിറഞ്ഞു …

ചഞ്ചൽ എഴുന്നേറ്റ് , ബെഡ്റൂമിലേക്ക് കയറിപ്പോയി … തിരികെ വന്നത് ഒരു കവറുമായിട്ടാണ് .. അവളതിനുള്ളിലേക്ക് വിരൽ കടത്തി കുറച്ച് ഫോട്ടോസ് എടുത്ത് മയിയുടെ മുന്നിൽ നിവർത്തിയിട്ടു ..

ഡാർക്ക് ഗ്രീൻ സ്ലീവ്ലെസ്സ് ടോപ്പണിഞ്ഞ് നിഷിനോട് ചേർന്നിരിക്കുന്ന ചഞ്ചലിന്റെ പല ഭാവത്തിലുള്ള ഫോട്ടോസ് … മയി അതിലൊന്നു പോലും കൈയ്യിലെടുത്തു നോക്കിയില്ല … നിസംഗയായി അവൾ ചഞ്ചലിനെയും ടീപ്പോയിലുള്ള ഫോട്ടോസിലേക്കും മാറി മാറി നോക്കി ….

” കഴിഞ്ഞോ ………?” ചഞ്ചൽ പോയി സുനന്ദയുടെ അരികിലിരുന്നപ്പോൾ മയി ചോദിച്ചു …

ചഞ്ചലിന്റെ കണ്ണുകളിൽ ഒരു തിരയിളക്കമുണ്ടായി .. അവൾ പ്രതീക്ഷിച്ച യാതൊരു വികാര വിക്ഷോപങ്ങളും മയിയിൽ കാണാൻ കഴിയാത്തത് ചഞ്ചലിൽ ഉത്ഘണ്ഠയുളവാക്കി … സുനന്ദയും അത് തന്നെ ശ്രദ്ധിക്കുകയായിരുന്നു ..

” ഇപ്പോഴും മേഡത്തിന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല … അല്ലേ …..?” ചഞ്ചൽ ചോദിച്ചു …

” ഈ തെളിവുമായിട്ടാണോ നീ കോടതിയിൽ പോകാൻ പോകുന്നത് … ?” മറുചോദ്യമായിരുന്നു മയിയുടെ ഉത്തരം…

ചഞ്ചൽ മയിയെ കണ്ണെടുക്കാതെ നോക്കിയിരുന്നു …

” കഷ്ടം … നീയിത്രക്ക് ഫൂളാണോ … ഒരു പുരുഷന്റെയടുത്ത് ഇതുപോലൊരു വസ്ത്രമിട്ട് ഒരു സ്ത്രീയിരുന്നാൽ അതിനർത്ഥം അവർ തമ്മിൽ സെക്ഷ്വൽ റിലേഷൻഷിപ്പ് ഉണ്ടായിട്ടുണ്ട് എന്നാണോ … ഇതൊരുമാതിരി തൊണ്ണൂറുകളിലെ പൈങ്കിളി കഥ പോലെയായി പോയല്ലോ മോളെ … നീയൊരു കാര്യം ചെയ് .. ഇതുമായിട്ട് കോർട്ടിൽ പോ .. നമുക്കവിടെ വച്ച് കാണാം …. “

ചഞ്ചലിന്റെ മുഖം ചുവന്നു …

” ഇത് മാത്രമല്ല മാഡം .. വീഡിയോസുമുണ്ട് … ” ചഞ്ചലിന് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു .. അവൾ പ്രതീക്ഷിച്ചതൊന്നും സംഭാവിക്കാത്തതിൽ ആകുലയായിരുന്നു അവൾ …

” ഈ ഫോട്ടോസിന്റെ അതേ വീഡിയോ ക്ലിപ്പിംഗ്സല്ലേ … അല്ലാതെ വേറൊന്നുമല്ലല്ലോ … ?” മയി ചുണ്ടു കോട്ടി ..

ചഞ്ചൽ മുഖം കുനിച്ചു ..

” മീഡിയയിലെ ജഡ്ജിമാർക്ക് ഇതൊക്കെ ധാരാളം മതി … അവരാഘോഷക്കും… നീ കൊണ്ടുപോയി കൊടുക്ക് …അത് ഫെയ്സ് ചെയ്യാൻ ഞാനും എന്റെ ഫാമിലിയും റെഡിയാണ് … യഥാർത്ഥ പോരാട്ടം കോർട്ടിലാണല്ലോ … നമുക്കവിടെ കാണാം ചഞ്ചൽ ……..” മയി ചഞ്ചലിനു സംസാരിക്കാൻ ഇട നൽകാതെ പറഞ്ഞിട്ട് എഴുന്നേറ്റു പോയി മാറ്റി വച്ച ഫോണെടുത്തു കൊണ്ട് വന്നു ….

” ഞാനിറങ്ങുവാ …. ” മയി പിന്തിരിയാൻ ഭാവിച്ചതും സുനന്ദ മുന്നിലേക്ക് കയറി വന്നു ..

” നിൽക്ക് …….. ” അവർ കൈയ്യെടുത്ത് തടഞ്ഞു …

മയി സുനന്ദയെ ചൂഴ്ന്നു നോക്കി ..

” ഇനിയെന്താ …? “

” ഞാനിത് പ്രതീക്ഷിച്ചു .. പക്ഷെ എന്റെ കുഞ്ഞിന് പ്രതീക്ഷയുണ്ടായിരുന്നു …. ” അത്രയും പറയുമ്പോൾ ആ സ്ത്രീയുടെ കണ്ണുകളിലെവിടെയോ ആഴത്തിലൊരു മുറിവ് മയി കണ്ടു ….

” മമ്മാ ………” ചഞ്ചൽ സുനന്ദയുടെ കൈപിടിച്ച് തടയാൻ ശ്രമിച്ചു …

” ഇല്ല മോളെ … നീയൊരിക്കലും ജയിക്കാൻ പോകുന്നില്ല .. മമ്മയ്ക്കറിയാം ….” അവർ ചഞ്ചലിനെ നോക്കി വേദനയോടെ പറഞ്ഞു …

” മാഡത്തിന് കേൾക്കാൻ മനസുണ്ടെങ്കിൽ കേൾക്കണം ……..” സുനന്ദ മയിയെ നോക്കി പറഞ്ഞു …

മയി കരുതലോടെയാണ് നിന്നത് … നാടകത്തിന്റെ രണ്ടാം ഭാഗമാകാൻ സാത്യതയുണ്ട് ….

” പറഞ്ഞോളു ………”

” നിഷിൻ സാറിന് എന്റെ കുടുംബവുമായുള്ള അടുപ്പം മാഡത്തിനറിയാമെന്ന് കരുതുന്നു …. “

” അറിയാം …..” മയി തുറന്നു സമ്മതിച്ചു …

” മോൾടെ അച്ഛൻ മരിച്ചതിൽ പിന്നെ ഞങ്ങളൊരുപാട് ബുദ്ധിമുട്ടിലായിരുന്നു .. ആ സമയത്ത് എന്റെ മോൾ സ്കൂളിൽ പഠിക്കുന്നു … അവളുടെ പഠനച്ചിലവിനും അത്യാവശ്യം വീട്ടുകാര്യങ്ങൾക്കുള്ള പണവും ഒക്കെ നിഷിൻ സാർ ഞങ്ങൾക്ക് തന്നിട്ടുണ്ട് … സഹായങ്ങളെല്ലാം അങ്ങനെ മാത്രമായിരുന്നു .. ഞങ്ങൾക്ക് സ്വന്തമായി ഒരു വരുമാന മാർഗമില്ലായിരുന്നു .. മോളുടെ അച്ഛൻ വരുത്തി വച്ച കുറേ കടങ്ങളുണ്ട് .. കടക്കാർ വീട്ടിൽ വരാൻ തുടങ്ങി .. രണ്ട് സ്ത്രീകൾ മാത്രമുള്ളിടത്ത് എന്തൊക്കെ കേൾക്കേണ്ടി വരുമെന്ന് മാഡത്തിന് ഊഹിക്കാമല്ലോ .. എന്തെങ്കിലുമൊരു ജോലി വേണമായിരുന്നു എനിക്ക് .. നിഷിൻ സാർ വന്നപ്പോ ഒന്ന് രണ്ട് വട്ടം ഞാനത് സൂചിപ്പിച്ചെങ്കിലും ഒന്നും ചെയ്തില്ല … പിന്നെ ഞാൻ തന്നെ അടുത്തൊരു തയ്യൽക്കടയിൽ പോയി തുടങ്ങി ദിവസക്കൂലിക്ക് .. അതറിഞ്ഞപ്പോ സാർ ഞങ്ങൾക്കൊരു തയ്യൽ മെഷീൻ വാങ്ങി തന്നു … എന്റെയും കുഞ്ഞിന്റെയും ജീവിതമാർഗം അതായിരുന്നു .. ഇവൾക്ക് അന്നേ മോഡലിംഗിനോട് കമ്പമുണ്ടായിരുന്നു .. ഒന്ന് രണ്ട് ഫെയർനെസ് ക്രീം കമ്പനികൾ നടത്തിയ മോഡലിംഗ് മത്സരത്തിൽ അവൾ പങ്കെടുത്തു … ആദ്യ അഞ്ചിലും പത്തിലുമൊക്കെ എത്തിയിട്ടുമുണ്ട് . . പ്ലസ് ടു കഴിഞ്ഞപ്പോൾ മുതൽ അവൾക്കീ മേഘലയിൽ തന്നെ പോകാനായിരുന്നു ആഗ്രഹം … അവള് പ്രതീക്ഷയോടെ ആഗ്രഹം പറഞ്ഞത് നിഷിൻ സാറിനോടാണ് … അതിനു വേണ്ടി പരിശ്രമിക്കാൻ സാർ അവളെ ഉപദേശിച്ചു .. പിന്നീട് മാഡത്തിന്റെ ചാനലിലേക്ക് ആപ്ലിക്കേഷനയയ്ക്കാനും സർ തന്നെയാ പറഞ്ഞത് . . ഞങ്ങളയച്ചു . . അവിടന്ന് കോൾ വന്നപ്പോ , നിഷിൻ സാറിനെ വിളിച്ച് വിവരം പറഞ്ഞു … ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാർ പറഞ്ഞു .. അവർക്ക് ടാലന്റുണ്ടെന്ന് തോന്നിയാൽ എടുക്കുമെന്ന് പറഞ്ഞു … സാറിന് അവിടെ പരിചയക്കാരുണ്ടല്ലോ ഒന്ന് റെക്കമന്റ് ചെയ്തൂടേയെന്ന് ഞാൻ ചോദിച്ചു .. സാറങ്ങനെ പറയില്ല എന്ന് തുറന്നു പറഞ്ഞു … ” സുനന്ദയുടെ തൊണ്ടയിടറിയപ്പോൾ അവരൊന്ന് നിർത്തി …

” അവിടെ ഓഫീസിൽ വച്ച് ഇന്റർവ്യൂവും കാസ്റ്റിംഗും ഒക്കെ ചെയ്തു നോക്കിയതാ .. പിന്നീട് വിളിക്കാമെന്ന് പറഞ്ഞു തിരിച്ചയച്ചു .. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ചാനലിൽ നിന്നാണെന്ന് പറഞ്ഞിട്ട് ഒരു കോൾ വന്നു .. ട്രയൽ ഷൂട്ടിനു വേണ്ടി ചെല്ലണമെന്ന് പറഞ്ഞു ഒരഡ്രസും തന്നു .. ഞങ്ങളവിടെ ചെന്നു … എന്നെ പുറത്തിരുത്തി ഒരു പെൺകുട്ടിയാ അവളെ അകത്തേക്ക് കൊണ്ടുപോയത് … അതൊരു ചതിയായിരുന്നു … മൂന്നു നാല് പേരുണ്ടായിരുന്നു .. അവരെന്റെ കുഞ്ഞിനെ ……” പറഞ്ഞു മുഴുപ്പിക്കാനാവാതെ ആ സ്ത്രീ പൊട്ടിക്കരഞ്ഞു …

മയി ശ്വാസമറ്റ് നിന്നു … ഇത്രയും കാലം വിശ്വസിച്ച് ജോലി ചെയ്ത സ്ഥാപനത്തിന് മറവിൽ ഇങ്ങനെയൊരു ചതിയോ ….. അവളുടെ പാതങ്ങൾ മരവിച്ചു …

” സംഭവിച്ചത് പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി … മിണ്ടാതിരുന്നാൽ ജോലിയുറപ്പാണെന്നും ..

തിരിച്ച് എന്റെ കുഞ്ഞിനെയും വലിച്ചെടുത്ത് വരുമ്പോ മരണം മാത്രമായിരുന്നു മുൻപിൽ … മരണക്കുറിപ്പുവരെ ഞങ്ങളെഴുതി വച്ചു … പക്ഷെ എന്റെ കുഞ്ഞെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടു ചോദിച്ചു, മരിക്കാനെനിക്ക് പേടിയാവുന്നു മമ്മാ … ഞാനൊറങ്ങിക്കിടക്കുമ്പോൾ മമ്മയെന്നെ കൊല്ലുമോന്ന് …….. സഹിച്ചില്ലെനിക്ക് … മുലയൂട്ടിയ കൈ കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു .. അന്ന് ഞാൻ തീരുമാനിച്ചു .. ഇനിയെന്തുവന്നാലും ജീവിക്കണമെന്ന് .. . പിന്നീടുള്ള ഒരോ ദിവസവും ഞങ്ങൾക്ക് ഓരോ അദ്ധ്യായങ്ങളായിരുന്നു .. ഒടുവിലെന്റെ മോള് തന്നെ എടുത്ത തീരുമാനമാണ് ആ ചാനലിലെ ജോലി .. അവളെ പിച്ചി ചീന്തിയതിന് പ്രത്യുപകാരമായിട്ട് വച്ച് നീട്ടിയതാ മേഡത്തിന്റെ കൂടെ ബാംഗ്ലൂരിൽ നടന്ന പ്രോഗ്രാമും , പിന്നെ ആ ജോലി സ്ഥിരമാക്കിയതും… ” പൊട്ടിക്കരഞ്ഞും കണ്ണു തുടച്ചും സുനന്ദ പറഞ്ഞു നിർത്തി ..

മയിയുടെ നാവിൻ തുമ്പിലെ വാക്കുകളന്യം നിന്നു … ചഞ്ചലിനോട് കണ്ട നാൾ മുതൽ അകാരണമായൊരിഷ്ടക്കേടുണ്ടായിരുന്നു .. പക്ഷെ ഈ നിമിഷം അതെല്ലാം ഒലിച്ചു പോയിരിക്കുന്നു .. ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കാനുള്ള കരുത്തു പോലും മയിക്കില്ലായിരുന്നു …

” നിഷിൻ … ഇതൊക്കെ … ഇതൊക്കെ നിഷിനറിയോ …..?” മയി തപ്പി തടഞ്ഞ് ചോദിച്ചു ….

” ഇല്ല … ഞങ്ങളൊന്നും പറഞ്ഞില്ല .. ആരോടും … പക്ഷെ ഒന്നുണ്ട് … എന്റെ മോളെ പിച്ചിചീന്തിയ ആ ദുഷ്ടനുണ്ടല്ലോ .. ചാനൽ ചീഫിന്റെ മകൻ … അയാൾ നിഷിൻ സാറിന്റെ സുഹൃത്താ .. ഒരു വാക്ക് എന്റെ കുഞ്ഞിനു വേണ്ടി പറഞ്ഞിരുന്നെങ്കിൽ , ഇങ്ങനെയൊരാളിന്റെ കരുതൽ എന്റെ കുഞ്ഞിനുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ അവൾക്കിത് സംഭവിക്കുമായിരുന്നോ ..? ഇല്ല … എനിക്കുറപ്പുണ്ട് … അതിനു പകരം അവളുടെ അച്ഛന് കൊടുത്ത ഗുരുദക്ഷിണയാണിത് ………” സുനന്ദ അലറിക്കരഞ്ഞുകൊണ്ട് സോഫയിലേക്ക് ചെന്ന് വീണു …

മയിയുടെ മനസിടിഞ്ഞു പോയി … അവളുടെ തൊണ്ട വരണ്ടു … ശരീരം മുഴുവൻ ചുട്ടുപഴുത്തത് പോലെ അവൾ നിന്നു …

” ഞങ്ങൾക്കിനിയൊന്നും നഷ്ടപ്പെടാനില്ല … അവൾക്കൊരു വാശി തോന്നിയതാ നിഷിൻ സാറിനെ കല്ല്യാണം കഴിക്കുമെന്ന് .. ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചതാ .. അവൾ കേട്ടില്ല .. അപ്പോഴേക്കും നിങ്ങടെ കല്ല്യാണം കഴിഞ്ഞു … നിഷിൻ സാറിനെ ചതിച്ച് ഈ ഫോട്ടോസും വീഡിയോയും എടുക്കാനാ ജോലി സ്ഥിരമായതിന്റെ പാർട്ടിക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയത് .. . സാറ് വന്നു … പക്ഷെ എന്റെ മോളോട് മുഷിഞ്ഞാ തിരിച്ചു പോയത് … അനിയത്തിയായിട്ടേ കണ്ടിട്ടുള്ളൂന്നു പറഞ്ഞു … ഇനിയൊരിക്കലും വരില്ലാന്നും പറഞ്ഞു … അതിന്റെ വാശിക്ക് ഈ ഫോട്ടോസ് മാഡത്തെ കാണിച്ച് പ്രകോപ്പിക്കാനാ അന്ന് അവൾ മാഡത്തെ വിളിച്ചത് .. പക്ഷെ മാഡം നിന്നില്ല .. പെട്ടന്നുള്ള വാശിക്ക് അവൾ ഇങ്ങനെയൊരു ആരോപണം നടത്തി … എന്നോടു പോലും ആലോചിച്ചില്ല … ഒരെടുത്തു ചാട്ടത്തിന് ചെയ്ത് പോയതാ അവൾ … കാര്യങ്ങളെല്ലാം കൈവിട്ട് പോയി .. ഞങ്ങൾക്കറിയാം നിഷിൻ സാറിനെതിരെ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് .. . പോലീസ് പലവട്ടം വിളിച്ചു … ഞങ്ങൾക്കവരോട് പറയാൻ ഒന്നുമില്ല … ഒരു തെളിവുമില്ല .. എന്റെ മോൾടെ എടുത്തു ചാട്ടമായിപ്പോയി .. കാരണമൊന്നുമില്ലാതെ ഈ കേസ് പിൻവലിച്ചാൽ ഞങ്ങളുടെ ഭാവി എന്താകുമെന്നാലോചിക്കാൻ കൂടി വയ്യ …. ഞങ്ങളെ ഇതിൽ നിന്നൊന്നു രക്ഷിച്ചു തരണേ ……..” സുനന്ദ വാവിട്ട് കരഞ്ഞുകൊണ്ട് മയിയുടെ നേരെ കൈകൂപ്പി …….

ഒരു മെഴുകു പ്രതിമ പോലെ തൊട്ടടുത്ത് അവളുമുണ്ടായിരുന്നു … ചഞ്ചൽ ….

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ സായാഹ്നം നമുക്കായി മാത്രം – 37”

  1. ആര്യലക്ഷ്മി കാശിനാഥൻ

    വീണ്ടും twist.. ഇനി അവർ പറഞ്ഞത് സത്യം ആയിരിക്കോ,🤔🤔wait and see…

Leave a Reply

Don`t copy text!