Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 38

aksharathalukal sayaanam namukai mathram

മയിക്ക് കേട്ടത് ഒരിക്കലും വിശ്വസിക്കാനാകാത്ത കാര്യങ്ങളായിരുന്നു ….. ചാനലിന്റെ മറവിൽ അങ്ങനെ നടന്നു എന്നത് ഉൾക്കൊള്ളാനാവില്ല .. രണ്ടര വർഷമായി അവിടെ വർക്ക് ചെയ്യുന്നു …

പെട്ടന്ന് മയിക്ക് മറ്റു ചില കാര്യങ്ങൾ ഓർമ വന്നു … ചാനൽ ചീഫിന്റെ മകൻ അഡ്മിനിസ്‌റ്റ്റേഷൻ കാര്യങ്ങളിൽ ഇടപെടുന്നതിൽ MD ക്ക് അതൃപ്തിയുണ്ടെന്ന് അരുൺ പറഞ്ഞത് .. മുൻപ് MD യുടെ റൂമിൽ നിഷിനൊപ്പം സുനിൽ കുമാറിനെയും കണ്ടത് … അതിനു പിന്നാലെ ചഞ്ചൽ ചാനലിൽ ആങ്കറായപ്പോഴാണ് നിഷിന്റെ റെക്കമന്റേഷനാണ് അതെന്ന് താൻ തെറ്റിദ്ധരിച്ചത് … അവളോരോന്നും കൂട്ടി വായിക്കാൻ തുടങ്ങി ..

” നിങ്ങളെയന്ന് ട്രയൽ ഷൂട്ടുണ്ടെന്ന് പറഞ്ഞു എങ്ങോട്ടാ കൊണ്ടുപോയത് ..?” മയി പെട്ടന്ന് ചോദിച്ചു ..

” പൂവാർ … ” സുനന്ദക്ക് ആലോചിക്കേണ്ടി വന്നില്ല …

” ജെ എസ് വില്ല ………. അല്ലേ ……..” മയി തിരിച്ചു ചോദിച്ചു …

” അതേ …….” സുനന്ദ അമ്പരപ്പിൽ മയിയെ നോക്കി … ചഞ്ചലിന്റെ നോട്ടവും മയിയിൽ വന്നു ചേർന്നു ….

മയിക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം ധാരണ കിട്ടി .. ജെ എസ് വില്ലയുമായി സുനിൽ കുമാറിന് കണക്ഷനുണ്ട് … ചഞ്ചലിനെ അവിടെ എത്തിച്ചതിനു പിന്നിൽ അയാളുടെ കൈകളാണ് … അവളെ മിസ്യൂസ് ചെയ്തിട്ട് ,പ്രത്യുപകാരമായി ചാനലിലേക്കവളെ റെക്കമന്റ് ചെയ്തു …

ആ നിമിഷം മുതൽ മയിക്ക് നിവയുടെ സ്ഥാനത്തായിരുന്നു ചഞ്ചലും … അവൾ ചെയ്തതും എടുത്തു ചാട്ടമാണ് .. അത് കാരണം തകർന്നത് തന്റെ കുടുംബവും … പക്ഷെ അവളാ ചതിയിലേക്ക് പോയതിൽ ചെറിയൊരു പങ്ക് നിഷിനുണ്ട് … കുറച്ചു കൂടി കരുതൽ അവളോട് കാണിക്കാമായിരുന്നു …

അവന്റെ ഭാഗത്തു നിന്നു ചിന്തിച്ചാൽ , ഒരു പത്രസ്ഥാപനം എന്നതിനു പിന്നിൽ ബിസിനസ് മാഗ്നറ്റുകളുണ്ട് .. കടപ്പാടുകളുണ്ടാക്കി വയ്ക്കുന്നത് അവന്റെ കരിയറിന് സെയ്ഫല്ല ..

” ചഞ്ചൽ …. ഇത്രയൊക്കെ ചെയ്തപ്പോൾ ശരിക്കുമാരാ ശിക്ഷിക്കപ്പെട്ടതെന്ന് നീയാലോചിച്ചിട്ടുണ്ടോ …. ? ” മയി ചഞ്ചലിന്റെയരികിൽ ചെന്നിരുന്നു ..

അവൾ മുഖം കുനിച്ചു … അവളുടെ നിറമിഴികളിൽ നിസാഹയത മാത്രം തുളുമ്പി നിന്നു … മയിക്കവളോട് സഹതാപം തോന്നി .. അത്ര വലിയ ക്രൂരതക്ക് ഇരയാക്കപ്പെട്ടവളാണ് …

” നിന്നെ അനുജത്തിയെപ്പോലെ കണ്ട നിഷിൻ ശിക്ഷിക്കപ്പെട്ടു എന്നൊന്നും ഞാൻ പറയില്ല … അവനിന്നല്ലെങ്കിൽ നാളെ നിരപരാധിത്വം തെളിയിക്കും … സത്യങ്ങളൊന്നും അറിഞ്ഞില്ലെങ്കിൽ പോലും അവനെ പിന്തുണയ്ക്കാൻ കുറേയാളുകളുണ്ട് .. അതാണ് നമ്മുടെ സമൂഹം … പക്ഷെ നിന്റെ കാര്യമോ … നീ കള്ളം പറഞ്ഞതാണെന്നറിഞ്ഞാൽ നിന്നെ പച്ചക്ക് കത്തിക്കാനിറങ്ങും ഇവിടുത്തെയാളുകൾ ….”

മയി പറഞ്ഞത് കേട്ടപ്പോൾ ചഞ്ചലിന്റെ കാലുകൾ വിറച്ചു …

മയി പെട്ടന്ന് അവളുടെ കൈകൾ പിടിച്ചെടുത്തു …

” ഒരു നിരപരാധിയുടെ പേരിൽ ആരോപണമുന്നയിച്ചതിന്റെ പകുതി ധൈര്യം പോരായിരുന്നോ നിന്നെ പിച്ചിചീന്തിയവന്മാരുടെ പേര് ഈ ലോകത്തോട് വിളിച്ചു പറയാൻ ……” മയിയുടെ കണ്ണുകൾ എരിഞ്ഞു ..

ചഞ്ചൽ പേടിയോടെ മയിയെ നോക്കി … അവളുടെ ചുണ്ടുകൾ ഭയത്താൽ വിറച്ചു…

” അവര് ഞങ്ങളെ കൊന്നുകളയും …… ” സുനന്ദ പറഞ്ഞു ….

” നിങ്ങൾ മൂടി വയ്ക്കുന്നത് ഒരു റേപ്പ്‌ കേസാണ് .. .. അതോർമയുണ്ടോ ….?”

സുനന്ദ മുഖം കുനിച്ചു …

” നിങ്ങളവർക്കെതിരെ അന്ന് തന്നെ കേസ് ഫയൽ ചെയ്തിരുന്നുവെങ്കിൽ , മെഡിക്കൽ എടുത്ത് ഉണ്ടായിരുന്ന തെളിവുകൾ നശിപ്പിക്കാതിരുന്നുവെങ്കിൽ നിങ്ങളെയാരും ഒന്നും ചെയ്യില്ലായിരുന്നു .. വധഭീഷണിയുണ്ടെന്ന് കൂടി കേസ് ഫയൽ ചെയ്താൽ പിന്നെ നിങ്ങടെ ജീവൻ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഈ സ്റ്റേറ്റിന്റെതാണ് … “

അവർ രണ്ടു പേരും മൗനമവലംബിച്ചു ..

മയിയും ആലോചനയിലാണ്ടു …

ഈ നിമിഷം വേണമെങ്കിലും അവരെ കൂട്ടി പോലീസ് സ്റ്റേഷനിൽ പോയി നിഷിന്റെ നിരപരാധിത്വം തെളിയിക്കാം .. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ നിലയില്ലാ കയത്തിലേക്കെടുത്തെറിയുന്നത് ചഞ്ചലിന്റെ ജീവിതമാണ് …

ഇനിയവൾ റേപ്പ് കേസ് ഫയൽ ചെയ്താലും , അത് തെളിയിക്കാൻ മതിയായ തെളിവുകളില്ലെങ്കിൽ നിഷിനെതിരെ ചാനലിൽ വ്യാജ ആരോപണമുന്നയിച്ചത് മതിയാകും ആ കാപാലികന്മാർക്ക് രക്ഷപ്പെടാൻ ….

മയി എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്നു …

അവളെ ഒരു കുഴിയിലേക്ക് തള്ളിയിട്ടിട്ട് പോകാൻ വയ്യ .. ഇനി മീഡിയയെ സമീപിക്കുന്നത് സെയ്ഫല്ല …

” ഞാൻ പറയുന്നത് പോലെ ചെയ്യാൻ നിങ്ങൾ തയ്യാറാണോ …? ” ഒരുപാട് ആലോചിച്ച ശേഷം മയി ചോദിച്ചു …

അമ്മയും മകളും പരസ്പരം നോക്കി …. ഒരപകടത്തിൽ നിന്ന് കരുത്താർജിച്ച് മുന്നോട്ടു നീങ്ങിത്തുടങ്ങിയതാണ് .. അതിനിടയിലെ ഒരെടുത്തു ചാട്ടം … മുന്നോട്ടുള്ള വഴികളടഞ്ഞു എതോ ഗർത്തത്തിന്റെ മുനമ്പത്തേക്ക് ഇരുവരെയും തള്ളിവിട്ടിരിക്കുന്നു .. തിരികെ നടക്കാൻ വഴിയറിയില്ല .. കൂട്ടിക്കൊണ്ടുവരാൻ ആരുമില്ല …

സുനന്ദയുള്ള കണ്ണിലെ നീരുറവ മയിയുടെ ഹൃദയത്തെ ആർദ്രമാക്കി .. അവൾക്ക് ആ അവസ്ഥ മനസിലാകും .. അച്ഛൻ മരിച്ചപ്പോൾ രണ്ട് പെൺമക്കളെയും കൊണ്ട് പകച്ചു നിന്ന ഒരമ്മയുടെ മകളാണ് താനും.. പക്ഷെ ആ അമ്മയ്ക്ക് പിടിച്ചു നിൽക്കാൻ ഒരു ജോലിയുണ്ടായിരുന്നു . .. തുണയായി കുടുംബത്തിലെ ചിലരെങ്കിലും ഉണ്ടായിരുന്നു …

” പേടിക്കണ്ട … എന്റെ ഭർത്താവിനെ രക്ഷിക്കാൻ മാത്രമല്ല , നിങ്ങൾക്കു കൂടി സെയ്ഫായ ഒരു ഡിസിഷനേ ഞാനെടുക്കു …” മയി പറഞ്ഞു …

സുനന്ദ മെല്ലെ തല കുലുക്കി ..

” പൂവാറിൽ വിളിച്ചു വരുത്തി ചഞ്ചലിനെ റേപ്പ് ചെയ്ത കാര്യം പോലീസിലറിയിക്കണം … “

ചഞ്ചലും സുനന്ദയും ഒരു പോലെ ഞെട്ടിത്തെറിച്ചു ….

ചഞ്ചൽ അനിയന്ത്രിതമായി തല ചലിപ്പിച്ചു … അവളുടെ കണ്ണുകളിൽ ഭയം മുളപൊട്ടി…..

” നിങ്ങൾക്കൊന്നും സംഭവിക്കില്ല ..നിങ്ങളെയാരും ഒന്നും ചെയ്യുകയുമില്ല … ഇന്നോ നാളെയോ നിങ്ങൾ പോലീസ് സ്റ്റേഷനിൽ പോവുകയും വേണ്ട … “

”പോലീസ് ഞങ്ങളെ വിളിപ്പിച്ചിരിക്കുകയാ മാഡം … ഇന്ന് ചെല്ലണമെന്ന് പറഞ്ഞിരിക്കുകയാണ് ….. “

” നിങ്ങൾ സ്റ്റേഷനിൽ പോകണം .. എന്നിട്ട് ഞാൻ പറയുന്നത് പോലെ പറയണം .. “

മയി പറയുന്നത് ചഞ്ചലും സുനന്ദയും ശ്രദ്ധയോടെ കേട്ടു …

” നിങ്ങൾക്ക് സത്യങ്ങൾ വെളിപ്പെടുത്താൻ കോടതിയുടെ സഹായം വേണമെന്നും ചില കാര്യങ്ങൾ നേരിട്ട് കോടതിയിൽ ബോധിപ്പിക്കാനുള്ള ഉത്തരവ് വാങ്ങാനുണ്ടെന്നും പറയണം .. ഇന്ന് അഞ്ചു മണി കഴിഞ്ഞതിന് ശേഷം സ്റ്റേഷനിലേക്ക് പോയാൽ മതി .. നാളെ മുഹറം ഹോളിഡേ .. മറ്റന്നാൾ മാത്രമേ ഇനി കോടതിയിൽ പോകാൻ കഴിയൂ .. അതുവരെ നമുക്ക് സമയം നീട്ടിക്കിട്ടും .. അതിനുള്ളിൽ വേണ്ടതൊക്കെ ഞാൻ ചെയ്തോളാം …… ” മയിയുടെ വാക്കുകൾ ഉറച്ചതായിരുന്നു …

സുനന്ദയും ചഞ്ചലും നിശബ്ദരായി ഇരുന്നു ..

” പക്ഷെ ഒന്നുണ്ട് … നിഷിനെതിരെ വ്യാജ ആരോപണമുന്നയിച്ചത് കോടതിയിലെത്തിയാൽ നിങ്ങൾ നിയമത്തെ ഫെയ്സു ചേയ്യേണ്ടി വരും .. അതു കൊണ്ട് തത്ക്കാലമത് തിരുത്തി പറയാൻ നിൽക്കണ്ട … നിഷിൻ വരട്ടെ … ആലോചിച്ചൊരു തീരുമാനമെടുക്കാം … ” മയി ഉപദേശിച്ചു …

ചഞ്ചലും സുനന്ദയും മെല്ലെ തല ചലിപ്പിച്ചു …

മയി ചെയറിലേക്കിരുന്നു … അവർക്ക് ധൈര്യം പകർന്നു നിർത്തിയെങ്കിലും ഇനിയെന്താണ് വേണ്ടതെന്ന് അവൾക്കും ഒരൂഹമില്ലായിരുന്നു …

മാസങ്ങൾക്ക് മുൻപ് നടന്ന ഒരു റേപ്പ് കേസ് ഇനിയെങ്ങനെ തെളിയിക്കപ്പെടും …

” നിങ്ങളാ വില്ലയിൽ ചെല്ലുമ്പോൾ വേറാരൊക്കെയുണ്ടായിരുന്നു …? ” മയി ചഞ്ചലിനെ നോക്കി ….

” അമ്മയെ പുറത്തിരുത്തി എന്നെ അകത്തേക്ക് കൊണ്ട് പോയത് ഒരു ലേഡിയാ … റൂബി എന്ന വിളിച്ചു കേട്ടത് … മുകളിലാ സ്റ്റുഡിയോ .. അവിടെ വേറാർക്കും പ്രവേശനമില്ലെന്ന് പറഞ്ഞു മുകളിലേക്ക് കൊണ്ടുപോയി …. അവിടെ സുനിൽ സാറും വേറെ മൂന്നു പേരും ഉണ്ടായിരുന്നു …..”

” നിന്നെ ചാനലിൽ വച്ച് ഇന്റർവ്യൂ ചെയ്ത ആരെങ്കിലും അക്കൂട്ടത്തിലുണ്ടായിരുന്നോ …? “

” ഇല്ല …..”

” നമ്മുടെ ചാനലിൽ വച്ച് കണ്ടിട്ടുള്ള വേറെയാരെങ്കിലും?”

” ഇല്ല … എനിക്ക് തോന്നുന്നത് അത് സുനിൽ സാറിന്റെ പ്രൈവറ്റ് വില്ലയാണെന്നാ …. എനിക്ക് ചാനലിൽ ജോലി കിട്ടിയ ശേഷം അവിടെയുള്ളവർ പറഞ്ഞാ സുനിൽ സർ ചാനൽ ചീഫിന്റെ മകനാന്ന് ഞാനറിയുന്നത് …..”

താനൂഹിച്ചത് തന്നെയാണ് കാര്യങ്ങളെന്ന് മയിക്ക് വ്യക്തമായി .. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ചഞ്ചലിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് മയിക്കറിയാം … പക്ഷെ അവളത് പുറത്ത് കാണിച്ചില്ല … നിഷിനെ പ്രതി സ്ഥാനത്ത് നിർത്തി നാളത്തെ ദിവസം കൂടി തള്ളി നീക്കിയെ പറ്റൂ …

” നീ നിഷിനെതിരെ ആരോപണമുന്നയിച്ചതിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടോ .. സത്യസന്ധമായി പറയണം ….?” മയി ചഞ്ചലിന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി …

” ഇല്ല ….. ഞാൻ പെട്ടന്നുള്ള ദേഷ്യത്തിൽ …” അവൾ മുഴുമിപ്പിക്കാതെ മിഴികൾ താഴ്ത്തി ..

” ശരി .. ആരോപണമുന്നയിച്ച് കഴിഞ്ഞ് നിന്നെയാരെങ്കിലും വിളിച്ചോ … പിന്തുണച്ചു കൊണ്ട് … “

” ഒത്തിരി പേര് വിളിച്ചു ..കൂടെയുണ്ടെന്നൊക്കെ പറഞ്ഞിട്ട് …”

” നമ്മുടെ ചാനലിലെയാരെങ്കിലും വിളിച്ചോ ….? “

” സ്റ്റാഫ് ഒക്കെ വിളിച്ചിട്ടുണ്ടാർന്നു … ” അവൾ പറഞ്ഞു …

” അതല്ല … ആ സുനിൽ കുമാറോ മറ്റോ …? “

” ഇല്ല … പിന്നെ ഈ ഫോട്ടോസിന്റെ കോപ്പി ചീഫ് എഡിറ്റർ വാങ്ങിയിട്ടുണ്ട് … എന്റെ സമ്മതത്തോടെയല്ലാതെ പബ്ലീഷ് ചെയ്യില്ല … പക്ഷെ ഒരു പ്രശ്നം വന്നാൽ തെളിവ് വേണമെന്ന് പറഞ്ഞാ വാങ്ങിയത് …” ചഞ്ചൽ പറഞ്ഞു ..

മയി നെറ്റി ചൊറിഞ്ഞു … കുറച്ചു സമയം കൂടി അവർക്കൊപ്പമിരുന്ന് ഉപദേശിക്കുകയും ധൈര്യം പകരുകയും ചെയ്തിട്ട് മയി പോകാനെഴുന്നേറ്റു …

” ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ..? അഞ്ച് മണി കഴിഞ്ഞിട്ട് സ്‌റ്റേഷനിൽ പോയി ഞാൻ പറഞ്ഞത് പോലെ പറഞ്ഞാൽ മതി .. ചിലപ്പോ അവിടെ മീഡിയ കാണും .. അവരോട് ഇങ്ങനെയൊരു കാര്യം റിക്വസ്റ്റ് ചെയ്യാനാ പോകുന്നതെന്ന് ഉറപ്പായും പറയണം … അപ്പോൾ പിന്നെ പോലീസിന് നിങ്ങളുടെയാവശ്യം ഒരു കാരണവശാലും നിരാകരിക്കാൻ കഴിയില്ല .. “

ചഞ്ചലും സുനന്ദയും തലയാട്ടി …

* * * * * * * * * * * *

തിരികെ വീട്ടിൽ വന്ന് തന്റെ റൂമിൽ കയറി ഡോറടച്ചതിനു ശേഷമാണ് , മയി പ്രദീപിനോട് വിവരങ്ങളെല്ലാം പറഞ്ഞത് …

” നാളെ കഴിയുംവരെയും നിഷിൻ തന്നെയാണ് പ്രതിസ്ഥാനത്ത് ….” പ്രദീപ് മയിയെ ഓർമിപ്പിച്ചു ..

” അറിയാം പ്രദീപ് .. പക്ഷെ എനിക്കതിൽ പരാതിയില്ല … ചഞ്ചലിന് നമ്മുടെ ചാനൽ നിർദ്ദേശിച്ച ഉത്തരവാദിത്തമെങ്കിലും നിഷിനുണ്ടല്ലോ … കുറച്ചു കൂടി കരുതൽ അവളോട് കാണിക്കാമായിരുന്നു .. “മയി പറഞ്ഞു …

” നിഷിനെ സംബന്ധിച്ച് അതൊരു ബർഡനാകും മയി .. അതുകൊണ്ടാകും അവളുടെ ടാലന്റിനനുസരിച്ച് കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് കരുതിയത് …”

” അതെനിക്കുമറിയാം പ്രദീപ് .. പക്ഷെ എത്ര സത്യസന്ധനായ ഉദ്യോഗസ്ഥനായാലും ഇത് പോലെ ചെറിയ കാര്യങ്ങളിലൊക്കെ വിട്ടുവീഴ്ച കാണിക്കും … “

” നിന്റെ ചാനലത്ര ചെറുതല്ലല്ലോ ….” പ്രദീപ് ചിരിച്ചു …

മയി മിണ്ടാതിരുന്നു …

” പ്രദീപ് , ചാനലിൽ മറ്റാരോ കൂടി സുനിലിന് സഹായത്തിനുണ്ട് … ഇൻർവ്യൂവിന് വരുന്നവരുടെ ഡീറ്റെയിൽസൊക്കെ കോൺഫിഡൻഷ്യലാണ് … സുനിൽകുമാറിന് ആരാണ് ചഞ്ചലിന്റെ വിവരം ചോർത്തി കൊടുത്തതെന്നറിയണം … എന്റെയൂഹം ശരിയാണെങ്കിൽ അവളുടെ നിസഹായത തന്നെയാണ് മുതലെടുത്തത് .. കുറച്ച് പവറുള്ള ഏതെങ്കിലും ക്യാന്റിഡേറ്റിനെ ഇത് പോലെ വിളിച്ചു വരുത്തി അബ്യൂസ് ചെയ്തിട്ടുണ്ടെങ്കിൽ എപ്പോഴെ സുനിൽ കുമാർ അഴിയെണ്ണിയേനെ .. “

പ്രദീപ് മൂളിക്കേട്ടു …

” സത്യം പറഞ്ഞാൽ എനിക്കു അറിയില്ല പ്രദീപ് ഇനിയെന്താ ചെയ്യേണ്ടതെന്ന് … നിഷിനെങ്കിലും ഒന്ന് വന്നിരുന്നുവെങ്കിൽ ….” മയി നിസഹായതയോടെ പറഞ്ഞു …

” ഞാനൊരു വഴി കണ്ടിട്ടുണ്ട് ….. ” പ്രദീപ് പറഞ്ഞു …

” എന്താ …….” മയിയുടെ ശബ്ദത്തിൽ ആകാംഷ നിഴലിച്ചു …

” നിന്റെ MD പറഞ്ഞ വഴിയെ തന്നെ നമ്മൾ സഞ്ചരിക്കുന്നു … ഇന്ന് രാത്രി …….”

മയി നെറ്റി ചുളിച്ചു …

” മനസിലായില്ലെ … ” അവളുടെ ശബ്ദമൊന്നും കേൾക്കാതെയായപ്പോൾ പ്രദീപ് ചോദിച്ചു …

” തെളിച്ചു പറയ് പ്രദീപ് ……..”

” ഒരു ജേർണലിസ്റ്റിന്റെ ബുദ്ധിയുപയോഗിച്ച് ആ വില്ലയെ സമീപിക്കാനല്ലേ നിന്റെ MD പറഞ്ഞത് …. അത് തന്നെ നമ്മൾ ചെയ്യുന്നു … ഇന്ന് രാത്രി ജെ . എസ് വില്ലയിലേക്ക് ഒരു സീക്രട്ട് ഓപ്പറേഷൻ .. “

മയി ജാഗരൂഗമായി പ്രദീപിന്റെ വാക്കുകൾക്ക് കാതോർത്തു ..

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ സായാഹ്നം നമുക്കായി മാത്രം – 38”

Leave a Reply

Don`t copy text!