Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 39

aksharathalukal sayaanam namukai mathram

” പ്രദീപ് ഇന്നോ ….. ഒരു പ്രിപ്പറേഷനുമില്ലാതെ ….?” അവൾ അമ്പരന്നു ….

” വേണ്ടതൊക്കെ ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട് … സ്ഥിരമായി ആൾ താമസമുള്ള വില്ലയല്ല അത് …. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ഈ രാത്രി ചെയ്യണം … ഇല്ലെങ്കിൽ പിന്നെ …..” അവൻ പറഞ്ഞു വന്നത് മുഴുവനാക്കിയില്ല ..

മയി ആലോചിച്ചു … അവൻ പറയുന്നത് ശരിയാണ് … ഈ രാത്രി എന്തെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ …. ചഞ്ചൽ അവന്മാർക്കെതിരെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ ആ വില്ലയിലേക്ക് ഒരോപ്പറേഷൻ പ്രായോഗികമല്ല ….

” ഒക്കെ പ്രദീപ് … നമ്മളെങ്ങനെയാണ് തുടങ്ങുന്നത് ……?”

” ഞാൻ പറയാം …… “

ആ സമയം വാർത്തകളിൽ തിങ്കളാഴ്ച കോടതിയിൽ നിന്ന് ചില പ്രത്യേക അനുമതികൾ തേടിയതിനു ശേഷം മാത്രമേ പോലീസ് സ്റ്റേഷനിൽ മൊഴി നൽകുകയുള്ളു എന്ന ആവശ്യവുമായി ചഞ്ചലും സുനന്ദയും നിറഞ്ഞു നിന്നു ..

* * * * * * * * * * * *

ഏഴ് മണിയായപ്പോൾ മയി പതിയെ താഴേക്കിറങ്ങി വന്നു … ഹാളിൽ വീണയും ഹരിതയും വാർത്ത കണ്ടിരിപ്പുണ്ട് …

” തിങ്കളാഴ്ച അവളിനി കോടതിയിൽ എന്താണോ എഴുന്നള്ളിക്കാൻ പോകുന്നത് … എന്റെ കുഞ്ഞിന്റെ വിധി …..” മയി കേൾക്കാൻ പാകത്തിൽ വീണ പഴിച്ചു …

അവളതിന് മറുപടി പറയാൻ നിൽക്കാതെ നേരെ രാജശേഖറിന്റെ റൂമിലേക്ക് ചെന്നു .. അയാളും റൂമിലെ ടീവിയിൽ വാർത്ത ചാനലുകൾ മാറി മാറി കാണുകയായിരുന്നു …

” അച്ഛാ………..”

അവൾ വിളിച്ചപ്പോൾ രാജശേഖർ തിരിഞ്ഞു നോക്കി … മയിയെ കണ്ടു കൊണ്ട് അയാൾ ടീവിയുടെ വോളിയം കുറച്ചു ………

” വാ മോളെ … രണ്ട് ദിവസമായി നീയിങ്ങോട്ട് വന്നിട്ട് …” അനിഷ്ഠമൊന്നും കാണിക്കാതെ രാജശേഖർ അവളെ വിളിച്ചു …

മയിക്കൽപം ജാള്യത തോന്നി … അയാളെ ഫെയ്സു ചെയ്യാനുള്ള മടി കൊണ്ടാണ് ഒഴിഞ്ഞുമാറി നടന്നത് …

” അച്ഛാ …. എനിക്കച്ഛനോട് കുറച്ച് സംസാരിക്കാനുണ്ട് …….”

അവളുടെ ശബ്ദം ഗൗരവത്തിലായത് രാജശേഖർ ശ്രദ്ധിച്ചു …

” ആയിക്കോട്ടെ ……”

” ഞാനീ ഡോറടക്കുവാണേയച്ഛാ …….” പറഞ്ഞു കൊണ്ട് അവൾ ചെന്ന് റൂമടച്ചു …

അത് കണ്ടപ്പോൾ വീണയും ഹരിതയും പരസ്പരം നോക്കി …

മയി രാജശേഖറിന്റെയടുത്ത് വന്നിരുന്നു … അയാളുടെ മുഖത്ത് ആകുലതകളേറെയുണ്ടെന്ന് അവൾക്ക് വായിച്ചെടുക്കാമായിരുന്നു … അസ്തമന സൂര്യനെ ആവാഹിക്കുന്ന കടൽ പോലെ ചുവന്ന് തിളച്ചു കിടക്കുകയാണ് ആ മനസ് … എല്ലാം മക്കളെയോർത്ത് .. ഒരു വശത്ത് മകൻ … മറുവശത്ത് മകൾ …. അതാണ് അയാളെ ഏറെ വേദനിപ്പിക്കുന്നത് …

അന്ന് ചാനലിൽ സംഭവിച്ചത് മുതൽ ഇന്ന് രാത്രി തന്റെ സുഹൃത്തുമായി പ്ലാൻ ചെയ്തിരിക്കുന്ന ഓപ്പറേഷൻ വരെ ഒന്നു പോലും വിടാതെ അവളയാളോട് പറഞ്ഞു …

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ രാജശേഖറിന് എന്തെന്നില്ലാത്തൊരാശ്വാസം തോന്നി … മകൻ ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന അയാളുടെ വിശ്വാസം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു അവളുടെ വാക്കുകൾ … ..

* * * * * * * * * * * * *

രാത്രി ……

ഭക്ഷണശേഷം ഹരിത അപ്പൂസിനെയും കൂട്ടി റൂമിലേക്ക് പോയി …

” ഏട്ടത്തിയെങ്ങോട്ടാ ……?”

മയിയെ റൂമിലേക്ക് കാണാഞ്ഞിട്ട് തിരക്കി വന്ന നിവ കണ്ടത് , ജീൻസും ടീ ഷർട്ടും ധരിച്ച് , കഴുത്തിലൂടെയൊരു സ്കാർഫും ചുറ്റിയിറങ്ങുന്ന മയിയെയാണ് …

” എനിക്കൊന്നു പുറത്തു പോകണം … “

” ഈ രാത്രിയിലോ ….” നിവ അമ്പരന്നു …

” ഫ്രണ്ട് ഉണ്ട് ….”

” മനസിലായി .. ഇന്നുച്ചക്ക് കണ്ട ചേട്ടൻ .. ആ വില്ലയിൽ പോകുവാ അല്ലേ …..” നിവ അവളുടെ മുന്നിൽ കയറി നിന്നു ..

” പോകാതെ പറ്റില്ല വാവേ ….. “

” ഏട്ടത്തി എന്ത് ഭാവിച്ചാ … എനിക്ക് പേടിയാകുന്നുണ്ട് ….” അവൾ ടെൻഷനടിച്ചു കൊണ്ട് പറഞ്ഞു ..

” നീ പേടിക്കണ്ട .. ഞാനിതൊന്നും ആദ്യമായിട്ടല്ല ചെയ്യുന്നേ … പിന്നെ ഞാനെവിടെ പോകുന്നു , എന്തിന് പോകുന്നു എന്ന് നീയായിട്ട് ആരോടും പറയരുത് …” മയി അവൾക്ക് താക്കീത് നൽകി …

ശേഷം സ്റ്റെപ്പിറങ്ങി താഴെ വന്നു .. നിവയും അവളെ പിന്തുടർന്നു … ആ സമയം അവളുടെ ഫോണിലേക്ക് പ്രദീപിന്റെ കോൾ വരുന്നുണ്ടായിരുന്നു … അവളതെടുത്ത് താനിറങ്ങിയെന്നറിയിച്ചു …

പിന്നെ ചെന്നത് രാജശേഖറിന്റെ റൂമിലേക്കാണ് ..

എവിടെയോ പോകാൻ റെഡിയായി വരുന്ന മയിയെ വീണ നെറ്റി ചുളിച്ചു നോക്കി …

” നീയെങ്ങോട്ടാ ……?” അതൃപ്തിയോടെ വീണ ചോദിച്ചു ..

” പുറത്ത് പോകണം …….”

” ഈ രാത്രീലോ …….?” വീണ കണ്ണുരുട്ടി …

” എന്റെ ജോലിക്ക് രാവും പകലുമൊന്നുമില്ലമ്മേ …….”

” മോള് പോയിട്ട് വാ … പക്ഷെ സൂക്ഷിക്കണം … എന്തെങ്കിലും അപകടം തോന്നിയാൽ മറ്റൊന്നും ആലോചിക്കരുത് പോലീസിനെ വിളിക്കണം …. ” വീണയ്ക്ക് ചോദ്യം ചെയ്യാൻ കൂടുതൽ അവസരം നൽകാതെ ,രാജശേഖർ എഴുന്നേറ്റ് അവളുടെയരികിൽ വന്നു പറഞ്ഞു …

മയി ആ വാക്കുകൾ കേട്ടു ..

” അച്ഛൻ സമാധാനായിട്ട് ഉറങ്ങിക്കോ … ഒന്നുമുണ്ടാകില്ല … ” അവൾ സമാധാനിപ്പിച്ചു …

അയാൾ വെറുതെ ചിരിക്കുക മാത്രം ചെയ്തു …

പോകാൻ തിരിഞ്ഞിട്ട് അവളൊന്നുകൂടി നിന്നു … ഫോണിലെ സ്ക്രീനിൽ അവൾ സമയം നോക്കി .. ഒൻപതര …

” അച്ഛാ …. ഞാൻ തിരിച്ചു വരുമ്പോൾ എനിക്ക് നിഷിനെ കാണണം … ” അവളത്രയും പറഞ്ഞിട്ട് അയാളെ നോക്കി …

” ഞാൻ പറഞ്ഞിട്ടുണ്ട് …… ” രാജശേഖർ മറുപടിയായി പറഞ്ഞു …

ഗേറ്റിനു പുറത്ത് പ്രദീപ് കാത്ത് കിടപ്പുണ്ടായിരുന്നു … മയി പടിയിറങ്ങി ഗേറ്റിങ്കലേക്ക് നടന്നു .. .

ചഞ്ചലിന് പിന്നിൽ മറ്റാരും ഇല്ല എന്നുള്ളത് കൊണ്ട് ഇവിടെ വാച്ച് ചെയ്യാൻ ആരുമുണ്ടാകില്ല എന്ന് സ്വയം വിശ്വസിപ്പിച്ചു .. കൂടുതൽ ചിന്തിക്കാൻ നിന്നാൽ ഒന്നിനും കഴിയില്ലെന്ന് അവൾക്കറിയാം ..

അവൾ ഗേറ്റടയ്ക്കാൻ നേരം ഒരിക്കൽ കൂടി വീടിന് നേർക്ക് നോക്കി … ലൈറ്റുകൾ തെളിക്കേണ്ടന്ന് അവൾ തന്നെ പറഞ്ഞിരുന്നു .. എങ്കിലും ഹാളിലെ വെളിച്ചത്തിന്റെ ശകലങ്ങൾ സിറ്റൗട്ടിലേക്കും വീണിട്ടുള്ളതിനാൽ അവിടെ നോക്കി നിൽക്കുന്ന രാജശേഖറിനെയും നിവയെയും അവർക്കു പിന്നിലായി നിന്ന വീണയേയും അവൾക്ക് കാണാമായിരുന്നു …

ഗേറ്റ് ലോക്ക് ചെയ്തിട്ട് അവൾ ചെന്ന് കാറിൽ കയറി … വണ്ടിയിൽ പ്രദീപിനെ കൂടാതെ മറ്റൊരാൾ കൂടിയുണ്ടായിരുന്നു .. അവന്റെ ക്യാമറമാനും ശിങ്കിടിയുമൊക്കെയായ ചന്തു …

* * * * * * * * * * * * * * *

രാജശേഖർ ചെന്ന് സോഫയിലിരുന്നു .. .. കുറേ നാളുകൾക്ക് ശേഷം ഇന്നാണ് അയാൾ പുറത്തിറങ്ങിയിരിക്കുന്നത് ..

” രാജേട്ടാ … എഴുന്നേറ്റ് വാ .. നമുക്ക് പോയി കിടക്കാം …… ” വീണ വന്നു വിളിച്ചു …

” നീ പോയി കിടന്നോ .. എനിക്ക് കുറച്ചു സമയം ഇവിടെയിരിക്കണം …..”

” തണുപ്പുണ്ട് രാജേട്ടാ … “

” സാരമില്ല … “

” രാജേട്ടനെന്തിനാ അവളെ വിട്ടത് ….?” വീണയ്ക്ക് മയി പോയത് അത്ര പിടിച്ചില്ല …

” അവൾക്ക് ശമ്പളം കൊടുക്കുന്നത് ഞാനല്ലാത്തത് കൊണ്ട് ….” അവൾ നിഷിന്റെ കേസുമായി ബന്ധപ്പെട്ട് പോയതാണെന്ന് അയാൾ പറഞ്ഞില്ല …

വീണ പിന്നെയൊന്നും പറയാൻ പോയില്ല .. അവർ റൂമിലേക്ക് നടന്നു … നിവ ഹാളിൽ ഒഴിഞ്ഞുമാറി നിൽപ്പുണ്ടായിരുന്നു … വീണ പോയ്ക്കഴിഞ്ഞപ്പോൾ അവൾ വന്ന് അച്ഛന്റെയരികിലിരുന്നു …

” ഏട്ടത്തി എങ്ങോട്ടാ പോയതെന്ന് അച്ഛനറിയോ …..?” നിവ ചോദിച്ചു ..

” അറിയാം … നിനക്കുമറിയാമല്ലോ … എന്തായാലും മോളാരോടും പറയണ്ട … ” അയാൾ നിവയെ തന്നോട് ചേർത്തു പിടിച്ച് പറഞ്ഞു …

അവൾ അയാളുടെ നെഞ്ചോട് ചേർന്നിരുന്നു .. പിന്നെ ഊർന്ന് ആ മടിയിലേക്ക് തല വച്ച് കിടന്നു … അയാളുടെ വിരലുകൾ അവളുടെ നെറ്റിയിൽ വാത്സല്ല്യത്തോടെ തലോടി … അറിയാതെ നിവയുടെ കണ്ണുകൾ നിറഞ്ഞു കണ്ണുനീർ അയാളുടെ മടിയിലേക്കടർന്നു വീണു….

ആ മൗനത്തിലും എന്നോ മറന്നു പോയൊരു താരാട്ടിന്റെയീരടികൾ മാറ്റൊലി കൊണ്ടു .. അവയ്ക്ക് അച്ഛന്റെ ഹൃദയത്തിൽ നിന്നറങ്ങി വിരൽത്തുമ്പിലൂടെ അവളുടെ നെറുകയിലേക്കടിയാൻ ഒരു കുഞ്ഞു പാദസരത്തിന്റെ ദൂരമേയുണ്ടായിരുന്നുള്ളു ..

* * * * * * * * * * * * * * * *

ക്ലോക്കിലെ സമയം രണ്ടിനോടടുത്തിരുന്നു … ആ സമയമായിട്ടും മയിയെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു …

റൂമിൽ വന്ന് കിടന്നെങ്കിലും രാജശേഖറിന് ഉറക്കം വന്നതേയില്ല … മയി പുറത്തു പോയ വിവരം ആ വീട്ടിൽ നവീണും ഹരിതയും മാത്രമാണ് അറിയാതെയിരുന്നത് .. .. രാജശേഖർ കൈയെത്തിച്ച് ടീപ്പോയിലിരുന്ന ഫോണെടുത്തു നോക്കി തിരികെ വച്ചു ..

തൊട്ടടുത്ത് കിടന്ന് വീണ നെടുവീർപ്പയച്ചു ..

” നീയുറങ്ങിയില്ലേ ….?” രാജശേഖർ ചോദിച്ചു …

” എങ്ങനെയുറങ്ങും …. ഒരുത്തി പാതിരാത്രിക്കിറങ്ങി പോയില്ലേ …. ” വീണ ദേഷ്യപ്പെട്ടു …

രാജശേഖർ മെല്ലെ ചിരിച്ചു .. പുറമേ കാണിക്കുന്ന ദേഷ്യമേയുള്ളു .. മനസിൽ മരുമകളെയോർത്തുള്ള ആദിയാണെന്ന് അയാൾക്കറിയാം …

നിവയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു .. അവൾക്ക് കിടക്കാൻ പോലും കഴിഞ്ഞില്ല .. ഇപ്പോൾ മയിയെ കെട്ടിപ്പിടിച്ചാണ് ഉറക്കം .. ഇന്നാ മുറിയിലെ ശൂന്യത അവളെ വല്ലാതെ നോവിച്ചു , ഒറ്റപ്പെടുത്തി , ഭയപ്പെടുത്തി …

മയിയുടെ ഫോണിലേക്ക് വിളിക്കാൻ അവൾക്ക് പലവട്ടം തോന്നി .. എങ്കിലും അവൾ പറഞ്ഞിട്ട് പോയത് വിളിക്കരുതെന്നായത് കൊണ്ട് അവളാ ശ്രമം ഉപേക്ഷിച്ചു …

നിവ ബെഡിൽ നിന്നിറങ്ങി ഡോർ തുറന്നു പുറത്തു വന്നു … വീടു മുഴുവൻ ഇരുളിലാണ്ട് കിടന്നു … അവൾ ബാൽക്കണിയിലേക്ക് നടന്നു …

മുറ്റത്ത് നിലാവിന്റെ വെളിച്ചം മാത്രം വീണു കിടപ്പുണ്ടായിരുന്നു .. അവൾ റോഡിലേക്ക് മിഴിയയച്ചു നിന്നു.. തെന്നിയും തെറിച്ചും ചില വാഹനങ്ങൾ കടന്നു പോയി .. ദൂരെ നിന്നു വരുന്ന ഓരോ വെളിച്ചവും അവൾ പ്രതീക്ഷയോടെ നോക്കി … അവയെല്ലാം മറ്റേതോ ലക്ഷ്യങ്ങളിലേക്ക് പാഞ്ഞ് പോയപ്പോൾ അവൾ നിരാശപ്പെട്ടു …

കാത്തിരുപ്പിനൊടുവിൽ ഒരു വെളിച്ചം ആ ഗേറ്റിലേക്ക് വന്ന് വീണു … നിവയുടെ ഉളളം തുടിച്ചു … ആ കാർ തങ്ങളുടെ ഗേറ്റിനു മുന്നിൽ സ്ലോ ചെയ്യുന്നത് കണ്ടപ്പോൾ നിവ വേഗം പിന്തിരിഞ്ഞോടി …

സ്റ്റെപ്പിറങ്ങി , അവളോടിച്ചെന്ന് മുൻവാതിൽ തുറന്നു .. സ്ട്രീറ്റ് ലൈറ്റിൽ നിന്ന് വരുന്ന അരണ്ട വെളിച്ചത്തിൽ , കാറിൽ നിന്ന് മയി ഇറങ്ങുന്നത് അവൾ കണ്ടു … അവൾ മുറ്റത്തേക്കിറങ്ങി ഗേറ്റിലേക്കോടിച്ചെന്നു …

മയി അവരോട് യാത്ര പറയുമ്പോഴേക്കും പിന്നിൽ ഗേറ്റ് തുറക്കപ്പെട്ടു …

” നീയുറങ്ങിയില്ലേ …..?”

നിവയതൊന്നും കേൾക്കാതെ ഓടിച്ചെന്ന് മയിയെ കെട്ടിപ്പിടിച്ചു ….

” ഞാൻ പേടിച്ചു പോയി ………” അവളുടെ തൊണ്ടയിടറി …

” മയീ ….. ഞങ്ങൾ പോട്ടെ …….” പ്രദീപ് കാറിലിരുന്ന് തല നീട്ടി ചോദിച്ചു ..

” ആ .. നിങ്ങള് വിട്ടോ ……”

നിവ പെട്ടന്ന് മുഖമുയർത്തി നോക്കി … നേർത്ത വെളിച്ചത്തിൽ അവൾ പ്രദീപിന്റെ മുഖം ഒന്നല്ലാതെ കണ്ടു …

പ്രദീപ് കാറെടുത്ത് പോയി കഴിഞ്ഞിട്ടാണ് മയിയും നിവയും അകത്തേക്കു കയറിയത് …

” നീയുറങ്ങാതിരുന്നോ വാവേ ……” മയിക്ക് അവളോട് എന്തെന്നില്ലാത്ത സ്നേഹം തോന്നി …

” എനിക്കുറങ്ങാൻ പറ്റണ്ടേ ……….”

മയി അവളെ ചേർത്തു പിടിച്ചു …

” ഏട്ടത്തി പോയിട്ടെന്തായി ………”

” നമുക്ക് അച്ഛനെ കാണാം ……..”

നിവയുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല ……

* * * * * * * * * * * * * *

പുറത്ത് കോരിച്ചൊരിയുന്ന മഴ തുടങ്ങി … മയിയും നിവയും നല്ല ഉറക്കത്തിലായിരുന്നു…

നിർത്താതെ കോളിംഗ്ബെൽ ശബ്ദിക്കുന്നത് കേട്ടാണ് നിവ കണ്ണുതുറന്നത് … മയി അപ്പോഴും ഉറക്കം വിട്ടിരുന്നില്ല ….

” ഏട്ടത്തി …….. ഏട്ടത്തി ……” നിവ മയിയെ കുലുക്കി വിളിച്ചു …

അവൾ ഉറക്കച്ചടവോടെ കണ്ണുതുറന്നു …

” ഏട്ടത്തീ …. താഴെയാരോ വന്നു … ” അവൾ പറഞ്ഞു ..

മയി കാത് കൂർപ്പിച്ചു … താഴെ വീണ്ടും കോളിംഗ് ബെൽ മുഴങ്ങി …

മയി പുതപ്പു മാറ്റി എഴുന്നേറ്റു … കൂടെ നിവയും …….

റൂമിലെ ലൈറ്റ് തെളിച്ച് അവൾ പുറത്തിറങ്ങി …. താഴെ ഇരുൾ മൂടി കിടന്നു .. ആരും എഴുന്നേറ്റില്ലന്ന് മയിക്ക് മനസിലായി ….

അവൾ താഴേക്കിറങ്ങിച്ചെന്നു …

ക്ലോക്കിൽ നാല് നാൽപ്പത്തിയഞ്ച് ആയിരുന്നു സമയം … മയി ഹാളിൽ ലൈറ്റ് തെളിച്ച് , മുടി വാരിക്കെട്ടിവച്ചു കൊണ്ട് ചെന്ന് ഡോർ തുറന്നു …

അവിടെ മഴയിൽ നനഞ്ഞു കുതിർന്ന് ഒരാൾ നിൽപ്പുണ്ടായിരുന്നു … മയി അയാളുടെ മുഖത്തേക്ക് ഇമ ചിമ്മാതെ നോക്കി ….

നിഷിൻ ……!

* മയി JS വില്ലയിൽ പോയത് എഴുതി വെറുതെ വലിച്ചു നീട്ടി സസ്പെൻസ് ഇടണ്ട എന്ന് തോന്നി… അവിടെ സംഭവിച്ചത് വരുന്ന പാർട്ടിൽ പറയുന്നതാണ് … പിന്നെ നമ്മുടെ കഥ ഇനിയൊരു പത്ത് പാർട്ടിൽ കൂടുതൽ ഉണ്ടാകില്ല കേട്ടോ ….

( തുടരും )

സസ്നേഹം അമ്മൂട്ടി

അമൃത അജയൻ

 

അമൃത അയന്റെ മറ്റു നോവലുകൾ

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ഈ സായാഹ്നം നമുക്കായി മാത്രം – 39”

  1. ആകെ ടെൻഷനടിച്ച് പോവുന്നു ……. പാവം മയിയും നിഷിനും …..ഇനിയെന്തൊക്കെ സംഭവിയ്ക്കുമോ???
    Waiting for next part…

Leave a Reply

Don`t copy text!