Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 42

aksharathalukal sayaanam namukai mathram

തുടക്കം തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞോട്ടെ .. എന്റെ നന്ത്യാർവട്ടം എന്ന നോവൽ എന്നോടോ ഗ്രൂപ്പിന്റെ അഡ്മിൻസിനോടോ ചോദിക്കാതെ എടുത്ത് യൂട്യൂബിൽ ഇട്ടത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .. കഥയ്ക്ക് ഞാൻ കോപ്പിറൈറ്റ് എടുത്തിട്ടുണ്ട് .. അതാരായാലും എത്രയും പെട്ടന്ന് അത് റിമൂവ് ചെയ്തില്ലെങ്കിൽ ഞാൻ നിയമപരമായി മുന്നോട്ടു പോകുന്നതാണ് .. ക്ഷമിക്കുക NB ഇട്ടാൽ വായിക്കില്ല ആരും .. അത് കൊണ്ടാണ് ആദ്യമേ പറഞ്ഞത് ..

പിറ്റേന്ന് രാവിലെ തന്നെ മയി ചാനലിലെത്തിയിരുന്നു .. ഏതാണ്ട് അതേ സമയത്ത് തന്നെ MD വിൽസൻ ഗോമസും എത്തിയിരുന്നു .. വന്നപാടെ മയിയെ MD യുടെ ക്യാബിനിലേക്ക് വിളിപ്പിച്ചു .. തൊട്ടു പിന്നാലെ ചീഫ് എഡിറ്ററേയും …

* * * * * * *

അതേ സമയം ചഞ്ചൽ പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നു ..

ചഞ്ചൽ കോടതിയിലേക്ക് പോകുമെന്ന് കരുതി കോടതിയിൽ കാത്തു നിന്ന മാധ്യമ പ്രവർത്തകർ അവൾ പോലീസ് സ്റ്റേഷനിലെത്തിയതറിഞ്ഞ് അങ്ങോട്ട് തിരിച്ചു ….

* * * * * * * * * *

നിഷിനുമായുള്ള വിഷയത്തിൽ തനിക്ക് പരാതിയില്ലെന്ന് ചഞ്ചലെഴുതി നൽകി എന്ന വാർത്ത മാധ്യമങ്ങൾ ആഘോഷിച്ചു …

എന്നാൽ പൂവാറിൽ വച്ച് താൻ പീഡിപ്പിക്കപ്പെട്ട സംഭവം മയിയുടെ നിർദ്ദേശപ്രകാരം എഡിജിപിക്കാണ് ചഞ്ചൽ പരാതിയായി നൽകിയത് … താത്ക്കാലികമായി ആ വിഷയം മാധ്യമങ്ങളെ അറിയിക്കാതെ സൂക്ഷിച്ചു … ചഞ്ചലിന്റെ പരാതി പ്രകാരം പൂവാർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു …

കേസിന്റെ നീക്കുപോക്ക് അറിഞ്ഞിട്ട് മാത്രം , തന്റെ പക്കലുള്ള തെളിവുകൾ പോലീസിന് കൈമാറാമെന്ന് മയി മുൻകൂട്ടി ചഞ്ചലിനെ അറിയിച്ചിരുന്നു ..

* * * * * * * * * * * * * * *

മയി ഉച്ചയോടെ തിരികെ വന്നു …. രാജശേഖറും നിഷിനും പറഞ്ഞിട്ട് വീട്ടിലുള്ളവരെല്ലാം സത്യങ്ങളറിഞ്ഞിരുന്നു ..

രാജശേഖറിനൊഴിച്ച് മറ്റാർക്കും നിഷിൻ ചഞ്ചലിനോട് ഔദാര്യം കാണിച്ചത് ദഹിച്ചില്ല …

സ്വന്തം ജീവിതം വച്ചാണ് കളിച്ചതെന്ന് നവീൺ അനുജനെ കുറ്റപ്പെടുത്തി …

മയി കയറി വരുമ്പോൾ എല്ലാവരും ഹാളിൽ തന്നെയുണ്ടായിരുന്നു …

” അല്ല … നിനക്കിതെന്തിന്റെ കേടാ … നീയൊരുത്തി കാരണം എന്റെ മോൻ എന്തൊക്കെയനുഭവിക്കണം …..” മയിയെ കണ്ടപാടെ വീണ ഉറഞ്ഞു തുള്ളിക്കൊണ്ടു വന്നു …

” എന്താമ്മേ ……” മയി നെറ്റി ചുളിച്ചു …

” നീയവളോടെന്തിനാ ദേഷ്യപ്പെടുന്നെ .. അവളെന്തെങ്കിലും ചെയ്തിട്ടാണോ ഇങ്ങനെയൊക്കെ സംഭവിച്ചത് …. ” രാജശേഖർ അതേറ്റു പിടിച്ചു …

” അമ്മയെന്താ പറയുന്നേ … ” മയി ആവർത്തിച്ചു ചോദിച്ചു …

” ഒന്നുമില്ല … മോള് വാ …. ” രാജശേഖർ ആ സംഭാഷണത്തിന് തടയിട്ടു ….

മയിയും അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ പോയില്ല … അവൾ നിഷിന്റെയടുത്തേക്ക് ചെന്നു ..

” ഞാനിന്ന് വൈകിട്ട് കോട്ടയത്തേക്ക് പോകുവാ …” അവൾ എല്ലാവരും കേൾക്കെ തന്നെ പറഞ്ഞു …

” വീട്ടിലേക്കാണോ …..?” നിഷിൻ ചോദിച്ചു …

” ഫ്രണ്ടിന്റെ കാണണം … ജോബിന്റെ ആവശ്യത്തിനാണ് … തിരിച്ചു വരുമ്പോൾ വീട്ടിലും കയറും … “

” ഇനിയെന്ത് പുലിവാല് പിടിക്കാനാന്ന് ആർക്കറിയാം …..” വീണ മുഖം വീർപ്പിച്ച് പറഞ്ഞിട്ട് എഴുന്നേറ്റ് പോയി …

നിഷിനു വല്ലായ്മ തോന്നി .. അമ്മയവളെ കുറ്റപ്പെടുത്തുന്നത് അവനെയും വിഷമിപ്പിച്ചു …

” ഞാൻ പോയി റെഡിയാകട്ടെ …… നാളെ കഴിഞ്ഞേ തിരിച്ചു വരൂ …. നാളെ വീട്ടിൽ നിൽക്കും … ” പറഞ്ഞിട്ട് അവൾ മുകളിലേക്ക് കയറിപ്പോയി ….

സ്റ്റെയറിനപ്പുറത്ത് ചുമർ ചാരി നിന്ന നിവയും അവളുടെ പിന്നാലെ മുകളിലേക്കുള്ള പടവുകൾ കയറി …

വൈകിട്ടോടെ മയി കോട്ടയത്തേക്ക് പോകുവാൻ റെഡിയായി ..

” നീ ഡാൻസ് മുടക്കരുത് കേട്ടോ … ഇവിടെ ചിലപ്പോ നിഷിന് വിസിറ്റേർസൊക്കെ കാണും … ടീച്ചറിന് ബുദ്ധിമുട്ടാണെങ്കിൽ നീ ടീച്ചറിന്റെയടുത്ത് പോയി പഠിക്ക് ….” മയി നിവയെ വിളിച്ചു നിർത്തി പറഞ്ഞു …

” ഏട്ടത്തി രണ്ട് ദിവസത്തേക്കല്ലേ പോകുന്നേ … നാളെ കഴിഞ്ഞിങ്ങ് വരില്ലേ ….?” അവൾ സംശയത്തിൽ മയിയെ നോക്കി ….

” വരും ……….”

” പിന്നെന്താ ഇങ്ങനെയൊക്കെ പറയുന്നേ … ഏതാണ്ട് തീർത്ഥാടനത്തിന് പോകുന്ന പോലെയാ എനിക്ക് തോന്നിയേ … ” നിവ ചുമൽ വെട്ടിച്ചു ചിരിച്ചു ..

” ഇത് കുറേ ദിവസമായി നിന്നോട് പറയാനിരുന്നതാ .. ഓരോ കാരണങ്ങൾ പറഞ്ഞു പ്രാക്ടീസ് മുടക്കണ്ട എന്ന് ….” മയി അവളുടെ കവിളത്ത് ഒരു നുള്ളു വച്ചു കൊടുത്തു ..

” അതിന് ഞാൻ പ്രാക്ടീസ് മുടക്കുന്നില്ലല്ലോ …..”

” അത് മതി …..” മയി ചിരിച്ചു കൊണ്ട് ബാഗ് എടുത്തു …

അപ്പോഴേക്കും നിഷിൻ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു ….

” താൻ റെഡിയായോ ……”

” ആ …. എന്നെയൊന്ന് തമ്പാനൂർ കൊണ്ട് വിട് ……” മയി അവനെ നോക്കി ….

” ഇപ്പോ വരാം … ഈ ഡ്രസ് ഒന്ന് മാറ്റിക്കോട്ടെ ……..” നിഷിൻ പറഞ്ഞു …

നിവയോട് പറഞ്ഞിട്ട് മയിയും അവന്റെ പിന്നാലെ ചെന്നു ….

അവൻ ഡ്രസ് ചെയ്ത് വന്നപ്പോൾ മയി അവന്റെ മുന്നിലേക്ക് ചെന്നു …

” ഞാൻ പോകുന്നത് നമുക്കിടയിൽ ഇനിയവശേഷിക്കുന്ന ഒരു കുരുക്കു കൂടിയുണ്ട് … അതിന്റെ സത്യമറിയാനാ …..” മയി അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു …

അവൻ മിഴികളുയർത്തി അവളെ നോക്കി ..

” എന്തൊക്കെയായാലും ഈ യാത്ര നിശ്ചയിക്കും നമ്മൾ തമ്മിലുള്ള ജീവിതം …..” അത് പറയുമ്പോൾ മയിയുടെ വാക്കുകളിൽ പഴയതു പോലെ ദാർഢ്യമോ ,

പുച്ഛമോ ഒന്നുമില്ലായിരുന്നു …

ഒരു നേർത്ത നൊമ്പരം അവളുടെ കണ്ണുകളെ ആവരണം ചെയ്തു …

നിഷിന്റെയുള്ളിലും ഒരു കൊള്ളിയാൻ മിന്നി .. .

അവനിൽ നിന്നോരു മടക്കയാത്ര തനിക്കത്ര എളുപ്പമായിരിക്കില്ലെന്ന് പിന്തിരിഞ്ഞു നടക്കുമ്പോൾ അവളുടെ മനസ് പറഞ്ഞു …

* * * * * * * * * * *

അവൾ കോട്ടയത്ത് എത്തിയപ്പോൾ ഏഴ് മണിയായിരുന്നു .. ബസ് സ്റ്റാൻഡിൽ സ്മൃതി അവളെ കൂട്ടാൻ എത്തി .. അന്നവരിരുവരും തിരുനക്കരയിലുള്ള സ്മൃതിയുടെ ഫ്രണ്ടിന്റെ ഒപ്പം കൂടി .. പിറ്റേന്ന് രാവിലെ രണ്ട് പേരും കൂടി പാലക്കാടിന് തിരിച്ചു …

യാത്രയിലുടനീളം മയി നിശബ്ദയായിരുന്നു … സ്മൃതിയും കൂടുതലൊന്നും ചോദിച്ച് അവളെ ബുദ്ധിമുട്ടിച്ചില്ല …

ഏട്ട് മണിയോടെ അവർ കൽപ്പാത്തിയിലെത്തി … ഏതോ ക്ഷേത്രത്തിൽ നിന്ന് സുന്ദരാംബാളിന്റെ കീർത്തനം കേൾക്കാമായിരുന്നു …

എങ്ങും ജമന്തിയുടെയും മുല്ലയുടെയും നറുമണം നിറഞ്ഞു നിന്നു …

മയിയും സ്മൃതിയും ചന്ദനയുടെ വീട് ലക്ഷ്യമാക്കി നടന്നു …

മുരിഞ്ഞ ദോശയുടെയും സാമ്പാറിന്റെയും മണമടിച്ചപ്പോൾ സ്മൃതി മൂക്ക് വിടർത്തി മണം പിടിച്ചു …..

” ആഹാ ……. തിരിച്ചു പോകുമ്പോൾ ആ കവലയിൽ കണ്ട ചായക്കടയിൽ കയറി ദോശയും രസവടയും കഴിക്കണം … കൊതിയായിട്ട് പാടില്ല …….” സ്മൃതി വയർ തടവികൊണ്ട് പറഞ്ഞു ..

മയിയവളെ രൂക്ഷമായി നോക്കി … അവൾ പല്ലിളിച്ചു കാണിച്ചു …

ചന്ദനയുടെ വീട്ട് പടിക്കൽ തൂക്കിയിട്ടിരുന്ന വെങ്കല മണിയടിച്ച് അവർ കാത്തു നിന്നു ..

മൂന്നാല് മിനിറ്റുകൾക്ക് ശേഷം , ആ പഴയ നാല് പാളി കതക് തുറക്കപ്പെട്ടു …

അഥിതികളെ കണ്ട ചന്ദനയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു …

ഇത്തവണ അനുവാദം ചോതിക്കാതെ തന്നെ മയി പടികൾ കയറി അകത്തേക്ക് ചെന്നു … ചന്ദനക്ക് വഴിമാറിക്കൊടുക്കുകയെ നിവർത്തിയുണ്ടായിരുന്നുള്ളു …

അകത്ത് കയറിയ മയി അകത്താകമാനം നോക്കി … ചുമർ ഫോട്ടോകളിലൂടെ അവൾ കണ്ണോടിച്ചു …

” മോളെവിടെ ….?” മയി ചോദിച്ചു …

” അകത്തുണ്ട് ……”

” എന്നാ കുഞ്ഞിനെ വേഗം റെഡിയാക്ക് .. “

ചന്ദനക്ക് മയി പറഞ്ഞത് മനസിലായില്ല …

” എന്താ …..” അവൾ അറച്ചറച്ച് ചോദിച്ചു …

” കുഞ്ഞിനെ ഒരുക്കിയെടുക്കാൻ …..” മയി ചന്ദനയുടെ കണ്ണിലേക്ക് കുത്തിയിറക്കും പോലെ നോക്കി ..

സ്മൃതിയും മയി പറയുന്നത് കേട്ടു വാ പൊളിച്ചു …

കർത്താവേ … ഇവളിതെന്തൊക്കെയാ ഈ പറയുന്നേ .. കിളി പോയോ ….

” നിങ്ങളുടെ മകളുടെയച്ഛൻ എന്റെ ഭർത്താവാണെന്നല്ലേ നിങ്ങൾ പറഞ്ഞത് .. സമ്മതിച്ചു .. അയാൾക്ക് അയാളുടെ മകളെ വേണമെന്നാണ് ഇപ്പോൾ പറയുന്നത് .. കുഞ്ഞിന്റെ കാര്യത്തിൽ അച്ഛനും അമ്മയ്ക്കും തുല്ല്യ അവകാശമാണല്ലോ .. എനിക്കതിൽ വിരോധമില്ല .. മകളെ കൂടെ കൂട്ടുന്നത് എനിക്ക് സമ്മതമാണ് .. കൊണ്ടുപോകാനാ ഞാൻ വന്നത് … നിങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ നമുക്ക് കോടതിയിൽ കാണാം ….”

മയി പറയുന്നത് കേട്ട് ചന്ദന വിയർത്തു ..

ആ സമയം കൈയിലൊരു ബോളുമായി ചന്ദനയുടെ മകൾ പൂമുഖത്തേക്ക് വന്നു … അവളുടെ പാദസരക്കിലുക്കം മുറിയിലാകെ നിറഞ്ഞു …

മയിയുടെ നോട്ടം ആ കുഞ്ഞിലേക്ക് വീണു … അവൾ പുഞ്ചിരിയോടെ ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് കവിളിൽ ചുംബിച്ചു …

മയിയുടെ അപ്രതീക്ഷിതമായ നീക്കം ചന്ദനയെയും സ്മൃതിയെയും ഞെട്ടിച്ചു …

” എന്താ മോൾടെ പേര് …..?” മയി അവളെ കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു … –

” അമുലു … ” അവൾ കൊഞ്ചലോടെ പറഞ്ഞു ….

” നല്ല പേര് ….” മയി ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒരിക്കൽ കൂടി ചുംബിച്ചു ….

” എന്റെ മോളെയിങ്ങ് താ …..” ചന്ദനയ്ക്ക് അത് കണ്ടു നിൽക്കാനായില്ല … അവളോടി വന്ന് കുഞ്ഞിന്റെ കൈയിൽ പിടിത്തമിട്ടു …

മയി ആ കൈ തട്ടിമാറ്റിക്കളഞ്ഞു …

” നിങ്ങളുടെ മാത്രം കുഞ്ഞല്ലയിത് … ഇതിനൊരച്ഛനുണ്ട് … നിങ്ങൾക്കുള്ളത് പോലെയൊരവകാശം അദ്ദേഹത്തിനുമുണ്ട് … ഇത്രയും കാലം നിങ്ങൾക്കൊപ്പമല്ലേ ഈ കുഞ്ഞ് വളർന്നത് .. ഇനി കുറച്ച് നാൾ അച്ഛനൊപ്പം നിൽക്കട്ടെ … “

” എന്റെ മോളെ തന്നില്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും ….” ചന്ദനയുടെ ഒച്ചയുയർന്നു … അവളുടെ കണ്ണുനീർ കവിളിലൂടെയൊലിച്ചിറങ്ങി …

” തീർച്ചയായും അത് വേണം .. പോലീസിനെ മാത്രമല്ല .. . കോടതിയിലേക്കും നിങ്ങൾ വരണം … ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തമായി കുഞ്ഞിനെ ഏറ്റെടുക്കാൻ തയ്യാറായി അതിന്റെയച്ഛൻ കാത്തിരിപ്പുണ്ട് …. ഈ കുഞ്ഞിന് അതിന്റെ അച്ഛന്റെ സ്നേഹം നിഷേധിക്കാൻ നിങ്ങളൊരാൾ വിചാരിച്ചാൽ കഴിയില്ല .. അതു തീരുമാനിക്കേണ്ടത് കോടതിയാണ് ……” മയി വീറോടെ പറഞ്ഞു കൊണ്ട് കുഞ്ഞിനെ തന്നിലേക്ക് ചേർത്തു പിടിച്ചു ….

ചന്ദന ഞെട്ടിത്തരിച്ചു ….

” എന്റെ മോൾക്ക് ആരും വേണ്ട .. അവൾക്ക് ഞാൻ മാത്രം മതി .. അതിനെ വിട് …..” ചന്ദന കുഞ്ഞിനെ ശക്തിയായി പിടിച്ചെടുക്കാൻ ശ്രമിച്ചു ..

” എന്ന് പറഞ്ഞാലെങ്ങനെ ശരിയാകും .. ആരും വേണ്ട എന്നാണെങ്കിൽ പിന്നെ നിങ്ങളെന്തിനാ ഞങ്ങടെ വിവാഹം മുടക്കാൻ ശ്രമിച്ചത് .. അതിനർത്ഥം നിങ്ങൾ അവകാശം പിടിച്ചടക്കാൻ ശ്രമിക്കുന്നു എന്ന് തന്നെയാണ് .. എന്നെ സംബന്ധിച്ച് ഭർത്താവിന്റെ പൂർവകാല ബന്ധം ഒരു വിഷയമേയല്ല .. പിന്നെ എല്ലാമറിഞ്ഞപ്പോൾ അദ്ദേഹത്തിന് സെന്റിമെൻസ് ഈ കുഞ്ഞിനോടാ .. കുഞ്ഞിനെ കൂടെ കൂട്ടുന്നതിൽ എനിക്ക് യാതൊരു എതിർപ്പുമില്ല … അതു കൊണ്ടാണ് ഞാൻ തന്നെ നേരിട്ട് വന്നത് … ചന്ദനയ്ക്ക് ഇനിയെന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് കോടതിയിൽ … ഞാൻ വന്നത് ഈ കുഞ്ഞിനെ എന്റെ ഭർത്താവിന്റെയടുത്ത് എത്തിക്കാനാ .. അത് ഞാൻ ചെയ്തിരിക്കും … ആര് തടയാൻ ശ്രമിച്ചാലും …….” മയിയുടെ വാക്കുകൾ ഉറച്ചതായിരുന്നു ..

നടുങ്ങി വിറച്ച് നിൽക്കുന്ന ചന്ദനയെ നോക്കി പുച്ഛിച്ച് ചിരിച്ചിട്ട് മയി കുഞ്ഞിനെയും കൊണ്ട് വാതിൽക്കലേക്ക് നടന്നു …

കുഞ്ഞുമായി പോകുന്ന മയിയെ ഭ്രാന്തമായി നോക്കിക്കൊണ്ട് ചന്ദനയും …

* കമന്റുകളുടെ റിപ്ലേ പെന്റിംഗ് ആണെന്നറിയാം .. മനപ്പൂർവമല്ല … വീണ്ടും തിരക്കുകളിൽ പെട്ടിരിക്കുകയാണ് … തീർച്ചയായും നിങ്ങളുടെ എല്ലാവരുടേയും കമന്റുകൾക്ക് റിപ്ലേ തരുന്നതാണ് …….

ഒരു പാടിഷ്ടത്തോടെ അമ്മൂസ്

( തുടരും )

അമൃത അജയൻ …

 

അമൃത അയന്റെ മറ്റു നോവലുകൾ

4.2/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഈ സായാഹ്നം നമുക്കായി മാത്രം – 42”

  1. മയീ ….. സൂപ്പർ….നിഷിനെക്കാളും സൂപ്പർ മയി തന്നെയാണ് ….. കലക്കീട്ടോ….
    Waiting for next part….

  2. എന്തിനാ നോവലുകൾ youtube ൽ ഇടുന്നത്..വേണ്ടവർ ഇവിടെ വന്ന് വായിക്കില്ലേ..മോശമായിപ്പോയി..

Leave a Reply

Don`t copy text!