Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 43

aksharathalukal sayaanam namukai mathram

” നിൽക്ക് ………….” ചന്ദനയുടെ ഒച്ചയുയർന്നു …

മയി പെട്ടന്ന് നിന്നു … പിന്നെ തിരിഞ്ഞു നോക്കി ..

ചന്ദന അവൾക്കടുത്തേക്ക് പാഞ്ഞു വന്നു …

” എന്റെ മോളെയിങ്ങ് താ ……..” ചന്ദന മയിയെ നോക്കി കിതച്ചു …

മയി കുലുങ്ങിയില്ല … അവളില്ലെന്ന് തലയാട്ടി ….

” എന്റെ കുഞ്ഞിന്റെയച്ഛൻ നിഷിനല്ല …….” ചന്ദന എടുത്തടിച്ചത് പോലെ പറഞ്ഞു ..

മയിയുടെ ചുണ്ടിലൊരു പുഞ്ചിരി മിന്നി .. പക്ഷെ ചന്ദനയുടെ വാക്കുകൾ അവളെ അത്ഭുതപ്പെടുത്തിയില്ല …

” നിങ്ങളിത് വരെ പറഞ്ഞത് അങ്ങനെയല്ലല്ലോ ……?” മയിയുടെ ഒച്ച പൊന്തി ..

ചന്ദന മിണ്ടിയില്ല …

” സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന വ്യക്തികളുടെ പേരിൽ കള്ളക്കഥകളുണ്ടാക്കിയാൽ അതു കൊണ്ടുണ്ടാകുന്ന ഭൗഷ്യത്ത് ചന്ദനയ്ക്കറിയാഞ്ഞിട്ടാണോ …? ” മയി കനത്ത ശബ്ദത്തിൽ ചോദിച്ചു ….

ചന്ദനയ്ക്ക് ഉത്തരമില്ലായിരുന്നു …

മയി കുഞ്ഞിനെ ചന്ദനയുടെ കൈയിലേക്ക് വിട്ടുകൊടുത്തു … അവർ കുഞ്ഞിനെ വാങ്ങി ഉടലോട് ചേർത്തു പുണർന്നു നിന്നു .. ആ കണ്ണുകളിൽ രണ്ടു തുള്ളി കണ്ണുനീർ നിറഞ്ഞു …

” എനിക്ക് ഒറ്റ കാര്യം അറിഞ്ഞാൽ മതി ..ആര് പറഞ്ഞിട്ടാ നിങ്ങളീ നുണ പറഞ്ഞത് … ? ” മയി ചന്ദനയെ തറപ്പിച്ച് നോക്കി …

ചന്ദന മിണ്ടാതെ നിന്നു …

പറയാനുദ്ദേശമില്ലെന്ന് അവളുടെ നിൽപ്പ് കണ്ടപ്പോൾ മയിക്ക് മനസിലായി …

” അത് പറഞ്ഞില്ലെങ്കിൽ നിഷിൻ മാനനഷ്ടത്തിന് കേസ് കൊടുക്കും .. അറിയാമല്ലോ നിങ്ങളയച്ച കത്തും , ഒരൺനോൺ നമ്പറിൽ നിന്നുള്ള കോൾ റിക്കോർഡും ഒക്കെ എന്റെ കൈയിലുണ്ട് … ” മയി ഓർമിപ്പിച്ചു ..

ചന്ദന ഒന്ന് ഭയന്നു എന്ന് തോന്നി .. അവളുടെ കണ്ണുകളിൽ ആ പിടച്ചിൽ കാണാമായിരുന്നു ..

മയി ചന്ദനയെ തന്നെ നോക്കി നിന്നു … പിന്നെ അവൾക്കടുത്തേക്ക് നീങ്ങി നിന്നു …

” യൂണിവേർസിറ്റി കോളേജിൽ നിഷിന്റെ ജൂനിയറായി പഠനം പൂർത്തിയാക്കിയ ചന്ദന , ട്രിവാനട്രത്ത് തന്നെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലിക്ക് കയറി .. അവിടെ വച്ച് തമിഴ്നാട് സ്വദേശിയായ ബാലസുബ്രമണ്യം എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായി .. വീട്ടുകാർ അംഗീകരിക്കില്ല ആ ബന്ധം എന്നുള്ളത് കൊണ്ട് നിങ്ങളവിടെ വച്ച് രജിസ്റ്റർ മാര്യേജ് ചെയ്തു … ആഞ്ചാറ് മാസങ്ങൾക്ക് ശേഷം ബാലസുബ്രമണ്യം വിദേശത്തേക്ക് ജോലി തേടി പോയി .. ചന്ദന ആ സമയത്ത് ഗർഭിണിയായിരുന്നു .. ആദ്യമൊക്കെ അയാൾ പണം അയച്ചിരുന്നു , ചന്ദനയെ വിളിച്ചിരുന്നു … പിന്നെ പിന്നെ ആ ഫോൺ വിളികൾ നിലച്ചു .. ബാലസുബ്രമണ്യം പണമയക്കാതെയായി …. വർക്ക് ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിലെ വിധവയായ സഹപ്രവർത്തക കരുണ തോന്നി ചന്ദനയെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി ..അവിടെ വച്ചായിരുന്നു പ്രസവം .. നിർഭാഗ്യവശാൽ ഒരാക്സിഡന്റിൽ ആ സ്ത്രീ മരണപ്പെട്ടു .. പിന്നെ ചന്ദനയ്ക്ക് ആ വീട്ടിൽ നിൽക്കാൻ കഴിഞ്ഞില്ല … ഒടുവിൽ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നു .. ” അത്രയും പറഞ്ഞിട്ട് മയി ഗൂഢസ്മിതത്തോടെ ചന്ദനയെ നോക്കി ..

അവൾ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് …

” നിങ്ങൾ വർക്ക് ചെയ്ത സൂപ്പർ മാർക്കറ്റിൽ ഇപ്പോഴും നിങ്ങളുടെ സഹപ്രവർത്തകരുണ്ട് … അവരെയൊക്കെ കണ്ടു സംസാരിച്ചു … കുറച്ചു കാലം നിങ്ങളെ സംരക്ഷിച്ച ശ്യാമള എന്ന സ്ത്രീയുടെ ഇളയ മകളെയും കണ്ടിട്ടാ ഞാനിപ്പോ നിങ്ങടെ മുന്നിൽ നിൽക്കുന്നത് .. എനിക്കുറപ്പാണ് ചന്ദന , നീ സ്വയം ഇങ്ങനെയൊരു പച്ച നുണ പറയില്ല … നിന്നെക്കൊണ്ടാരോ പറയിപ്പിച്ചതാണ് … അതാരാണെന്ന് മാത്രം എനിക്കറിഞ്ഞാൽ മതി …. അതിനു പിന്നിലെ കാരണം പോലും എനിക്കറിയണമെന്നില്ല …. ” മയി ചന്ദനയുടെ മുഖത്തേക്ക് നോക്കി ….

ചന്ദന വാക്കുകൾ നഷ്ടപ്പെട്ടു നിന്നു … തന്റെ ചരിത്രം മുഴുവൻ തോണ്ടിയെടുത്ത് വന്ന് നിൽക്കുന്ന സ്ത്രീയെ അവർ നിസഹായതയോടെ നോക്കി …

” അവർക്ക് പറയാനുദ്ദേശമില്ലെങ്കിൽ നമുക്ക് നിയമപരമായി നീങ്ങാം മയി … ” സ്മൃതി മൂപ്പിച്ചു …

” വേണ്ട ……” ചന്ദന നിസഹായതയോടെ പറഞ്ഞു …

മയി തലചരിച്ച് ചന്ദനയെ നോക്കി …

” ഞാൻ പറയാം എല്ലാം …… ” ചന്ദനയുടെ ശബ്ദം ഇടറി …..

” നിങ്ങൾ കരുതും പോലെ സുബ്രമണ്യം എന്നെ ഉപേക്ഷിച്ച് പോയതല്ല … “

” പിന്നെ …..?” മയി പുരികമുയർത്തി അവളെ നോക്കി ..

” ഷാർജയിൽ ജയിലിലാണ് ….” ചന്ദന വാ പൊത്തിക്കരഞ്ഞു …

മയിയും സ്മൃതിയും പരസ്പരം നോക്കി …

” ഞാനിവിടെ വന്നതിന് ശേഷമാണ് ആ വിവരമറിഞ്ഞത് … “

” എന്തിന് … ?”

” പാർട്ണർഷിപ്പിൽ ഒരു ബിസിനസ് തുടങ്ങിയതാ ..കൂടെയുണ്ടായിരുന്നവർ പറ്റിച്ച് മുങ്ങി … ബിസിനസ് പൊളിഞ്ഞു .. ഒരു വലിയ സാമ്പത്തിക ബാധ്യതയുണ്ട് സുബ്രമണ്യത്തിന്റെ പേരിൽ .. ഞങ്ങളെക്കൊണ്ട് ഒരിക്കലും കൂട്ടിയാൽ കൂടില്ല .. ഇവിടത്തെ ഒന്നര കോടി രൂപ വരും .. അത്രയും പണമടച്ചാൽ അവർ സുബ്രമണ്യത്തിനെ വിടും .. ” ചന്ദന വിങ്ങിപ്പൊട്ടി …

മയിയും സ്മൃതിയും വാക്കുകൾ നഷ്ടപ്പെട്ട് നിന്നു ..

“ഒരുപാടിടത്ത് സഹായങ്ങൾ അഭ്യർത്ഥിച്ചു … മുട്ടാത്ത വാതിലുകളില്ല .. പക്ഷെ അത്രയും തുക വേണം .. ” അവൾ തേങ്ങിക്കരഞ്ഞു …

” ഇപ്പോ നിങ്ങളെയാരാ സഹായിക്കാമെന്ന് പറഞ്ഞത് …? ” മയി പെട്ടന്ന് ചോദിച്ചു ..

ചന്ദനയൊന്ന് പതറി …

” അത് … അത് കോളേജിലുണ്ടായിരുന്ന ഒരു സീനിയറാ … അയാൾ വലിയ നിലയിലാ … നാട്ടിലും വിദേശത്തുമൊക്കെ ബിസിനസുണ്ട് … കോളേജിലുള്ള എന്റെയൊരു സുഹൃത്ത് പറഞ്ഞിട്ടാ ഞാനാളെ പോയി കണ്ടത് .. സഹായിക്കാമെന്ന് പറഞ്ഞു .. മുഴുവൻ തുകയും കെട്ടി വച്ച് സുബ്രമണ്യത്തിനെ റിലീസ് ചെയിച്ച് നാട്ടിലെത്തിക്കാമെന്ന് ഏറ്റു … ” ചന്ദന ഏങ്ങി ഏങ്ങിക്കരഞ്ഞു …

മയിയുടെ കണ്ണുകൾ കൂർത്തു .. താൻ കരുതിയവൻ തന്നെ .. ചന്ദനയെ അവനെങ്ങനെ സ്വാധീനിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല .. അതിനു വേണ്ടിയാണ് കുഞ്ഞിനെ എടുത്തു കൊണ്ട് പോകുന്നു എന്നൊരു നാടകം കളിച്ചത് ..

ഇപ്പോൾ മയിക്ക് കാര്യങ്ങൾ ഏകദേശം ധാരണ കിട്ടി …

ആദർശ് …! അവൻ തന്നെയാണ് ഇതിനു പിന്നിലും …

മയി ചന്ദനയുടെ നേർക്ക് മുഖം തിരിച്ചു നോക്കി …

” ആദർശ് … അവനല്ലേ നിങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ സുഹൃത്ത് …” മയിയുടെ ശബ്ദം ശാന്തമായിരുന്നു …

ചന്ദന മയിയെ മിഴിച്ചു നോക്കി …

” അ …. അതെ …..” അവളുടെ വാക്കുകൾ മുറിഞ്ഞു പോയി …

” എന്നിട്ട് സഹായിച്ചില്ലേ ഇതുവരെ … ?”

ചന്ദന മിണ്ടിയില്ല …..

മയി ചെറുതായി തല കുലുക്കി …

” സഹായിക്കാം പക്ഷെ തിരിച്ച് അങ്ങോട്ടൊരു ഹെൽപ്പ് ചോദിച്ചു … അവരാവശ്യപ്പെടുന്ന കാര്യം ചെയ്യണം … അല്ല ..അവരെയും കുറ്റം പറയാൻ പറ്റില്ല .. ഇത്രയും വലിയൊരു തുക വെറുതെ നിങ്ങൾക്ക് വേണ്ടി കളയാൻ ആരു തയ്യാറാകും … സ്വാഭാവികമായും എന്തെങ്കിലുമൊരു ലാഭം പ്രതീക്ഷിച്ചു കാണും …..” മയി ശരിയല്ലേ എന്ന മട്ടിൽ ചന്ദനയെ നോക്കി …

ചന്ദന ഉത്തരമില്ലാതെ നിന്നു ..

” അവർ പറഞ്ഞതൊക്കെ നീ ചെയ്തല്ലോ..? എന്നിട്ടിതുവരെ സഹായിച്ചില്ലേ …. ? ” വിവാഹം മുടക്കാനാണോ അതോ ഇവളെ വച്ച് ആലപ്പുഴയിലെ റിസോർട്ടിനു വേണ്ടി കളിക്കാനാണോ ആദർശിന്റെ ഉദ്ദേശമെന്നറിയാൻ മയി ചോദിച്ചു …

” ഇല്ല .. മൂന്നു മാസം കൂടി കഴിഞ്ഞെ സുബ്രമണ്യത്തിനെ തിരിച്ചെത്തിക്കു … അത് വരെയും അവരവശ്യപ്പെടുന്ന പോലെ ……….” അവൾ നിസംഗയായി മിഴികൾ താഴ്ത്തി …

പ്രതീക്ഷകൾ അസ്തമിക്കുന്നത് ആ കണ്ണുകളിൽ കാണാമായിരുന്നു .. .

കടലിനക്കരെ ഏതോ കാരാഗൃഹത്തിൽ കിടക്കുന്ന പാതിക്കു വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്ത വേഷം കെട്ടലും നുണകളും പറയേണ്ടി വന്നത് തന്റെ ഗതികേട് …. ഇനി സ്വന്തം കുഞ്ഞിനെക്കൂടി നഷ്ടപ്പെടുത്താൻ വയ്യ .. തന്റെയൊരു നുണ , ഒരു നിമിഷത്തേക്ക് പോലും അവനേൽപ്പിച്ചു പോയ പൈതലിനെ നഷ്ടപ്പെടുത്താൻ പോന്നതാവരുത് ..

മയിയും അവളെക്കുറിച്ച് തന്നെയാണ് ചിന്തിച്ചത് … അവളുടെ ബലഹീനത ആ കുഞ്ഞാണെന്ന് ആദ്യത്തെ വരവിൽ തന്നെ മനസിലായതാണ് … അതു കൊണ്ടാണ് സത്യമറിയാൻ അതിൽ തന്നെ കയറിപ്പിടിച്ചതും …

” ചന്ദനാ …. നിങ്ങളുടെ നിസഹായത എനിക്ക് മനസിലാകും … പക്ഷെ അതിൽ നിന്ന് രെക്ഷ നേടാൻ മറ്റുള്ളവരെ ദ്രോഹിക്കരുത് .. ഇനി നിഷിനുമേൽ ആരോപണമുണ്ടായാൽ ഞങ്ങൾ നിയമപരമായി നീങ്ങും … നിങ്ങളീ പറഞ്ഞതൊക്കെ ദാ ഈ ഫോണിൽ റെക്കോർഡാണ് ….” മയി തന്റെ കൈയിലിരുന്ന ഫോൺ ഉയർത്തിക്കാട്ടി ….

ചന്ദന ഉമിനീരിറക്കി …

മയി അൽപ നേരം അവിടെ തന്നെ നിന്നു … ചന്ദനയെ ചുറ്റിപ്പിടിച്ചു നിൽക്കുന്ന കുഞ്ഞിന്റെ മുഖം അവളിൽ നൊമ്പരമുണ്ടാക്കി …

” നമുക്കിറങ്ങാം ….” മയി സ്മൃതിയെ നോക്കി ..

” ങും …….” അവൾ മൂളി ….

നടക്കാൻ തുടങ്ങിയിട്ട് മയി ഒരു നിമിഷം നിന്നു …

” ഭർത്താവിനെ രക്ഷിക്കാൻ നിങ്ങൾ നേരായ മാർഗം നോക്കു .. ഈ ആദർശ് ഒരു ഫ്രോഡാണ് .. അവനൊരിക്കലും നിങ്ങളെ സഹായിക്കാൻ പോകുന്നില്ല … സർക്കാരിലും ഇന്ത്യൻ എംബസിയിലും വിദേശകാര്യ മന്ത്രാലയവുമായും ഒക്കെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തു … നിങ്ങളുടെ MLA യോ MP യെയോ ഒക്കെ പോയി കാണണം .. കഴിയുമെങ്കിൽ തമിഴ്നാട് സർക്കാരുമായും ബന്ധപ്പെടണം .. ഞങ്ങളും ചാനലിലൊക്കെ വർക്ക് ചെയ്യുന്നവരാ .. എന്തെങ്കിലും വഴിയുണ്ടെങ്കിൽ അറിയിക്കാം … പ്രതീക്ഷ കൈവിടരുത് .. സഹായിക്കാനാരെങ്കിലുമുണ്ടാകും … ” ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുന്ന നിരാലംബയായ പെണ്ണിനോട് അത്രയും ആശ്വാസവാക്കെങ്കിലും പറയാതെ പോകാൻ മയിക്ക് കഴിഞ്ഞില്ല ..

” ആ പെണ്ണ് എന്തെങ്കിലും ചെയ്യുമോടി ….. എനിക്കെന്തോ ഒരു പേടി തോന്നുന്നു ….”

തിരിച്ച് പോകാൻ സ്മൃതിയുടെ കാറിലേക്ക് കയറിയിരുന്നപ്പോൾ , സീറ്റ് ബെൽറ്റ് ഇട്ട് കൊണ്ട് സ്മൃതി അവളെ നോക്കി ചോദിച്ചു …

മയി പകച്ച് മുഖം തിരിച്ചു നോക്കി … പിന്നെ മുന്നിലേക്ക് നോക്കിയിരുന്നു ….

” എനിക്കറിയില്ല ……..” നെടുവീർപ്പയച്ചു കൊണ്ട് അവൾ സീറ്റിലേക്ക് ചാരിയിരുന്നു …

” ഇനിയൊരു ത്യാഗം കൂടി ചെയ്യാൻ വയ്യ … അല്ലെങ്കിൽ തന്നെ ഞാനവനെ …..” മയി ആരൊടെന്നില്ലാതെ പറഞ്ഞ വാക്കുകൾ മുറിഞ്ഞുപോയി …

” ത്യാഗോ …….” സ്മൃതി മുഖം ചുളിച്ചു ….

” ഒന്നുമില്ല …. നീ വണ്ടിയെടുക്ക് …..”

ചഞ്ചലിന്റെ വിഷയത്തിൽ നിഷിനെ അവളും തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് മയിക്കറിയാം … പക്ഷെ അവൻ നിരപരാധിയാണെന്ന് അവൾ പറഞ്ഞില്ല … സ്മൃതിയും മാധ്യമ പ്രവർത്തകയാണ് .. അവളോട് പറയാതിരിക്കുന്നതാണ് നല്ലതെന്ന് മയിക്കു തോന്നി …

” ആ കവലയിലെ ചായക്കടയിൽ കയറി ദോശ കഴിച്ചേച്ച് പോകാം കേട്ടോ .. ” സ്മൃതി കാർ മുന്നോട്ടെടുക്കുന്നതിനിടയിൽ പറഞ്ഞു ….

മയി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി …

* * * * * * * * * * * *

തിരിച്ച് കോട്ടയത്ത് എത്തിയപ്പോൾ ഉച്ചയായിരുന്നു … മയിയെ സ്മൃതി ബസ് സ്റ്റാൻഡിലിറക്കി …

കോട്ടയത്തു നിന്ന് ഒരു ഫാസ്റ്റിൽ ചെങ്ങന്നൂരിലിറങ്ങി … അവിടുന്ന് അവൾ പേരിശ്ശേരിയിലേക്ക് പോയി …

മയി വരുമ്പോൾ കിച്ച കോച്ചിംഗിന് പോയിട്ട് വന്നതേയുണ്ടായിരുന്നുള്ളു …

” ചേച്ചി ….. ഇതെന്താ ഒരു മുന്നറിയിപ്പില്ലാതെ … വിളിച്ചപ്പോഴൊന്നും പറഞ്ഞില്ലല്ലോ ..” കിച്ച ഓടി വന്ന് മയിയെ കെട്ടിപ്പിടിച്ചു …

” ഇങ്ങോട്ടു വരാൻ ഞാനിനി നിന്റെയടുത്തുന്ന് അപ്പോയിമെന്റെടുക്കാം .. ” മയി ചുണ്ടു കോട്ടി …

” ഓ ….. ഒടക്കാണോ …..” കിച്ച രണ്ടും കൈയും എളിയിൽ കുത്തി നോക്കി …

മയി അവളുടെ വയറ്റിൽ മുഷ്ടി ചുരുട്ടി ഒരിടി കൊടുത്തിട്ട് മുകളിലേക്ക് കയറി …

” അതേ വേഗം വന്നാൽ ചോറ് കഴിക്കാം .. മീൻ പൊരിച്ചതും പുളിശ്ശേരിയുമൊക്കെ കൂട്ടി …. ” കിച്ച വിളിച്ചു പറഞ്ഞു ..

” ദാ വരുന്നു …… ” മയി മുകളിൽ നിന്ന് മറുപടി പറഞ്ഞു …..

തിരുത്തണം .. ഒരിക്കൽ നിഷിനെക്കുറിച്ച് തെറ്റിദ്ധാരണകൾ ഈ വീട്ടിലുള്ളവരുടെ മനസിലിട്ടു കൊടുത്തത് താനാണ് … താനായിട്ട് തന്നെ അത് തിരുത്തണം … നിലക്കണ്ണാടിക്കു മുന്നിൽ നിന്ന് മയി തന്റെ പ്രതിബിംബത്തോട് പറഞ്ഞു …

( തുടരും)

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

4/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!