മയി താഴെ വരുമ്പോൾ കിച്ച ടേബിളിൽ ചോറും കറികളും എടുത്തു വച്ചിരുന്നു …
” നിന്റെ കോച്ചിംഗൊക്കെ എങ്ങനെ പോകുന്നു ….?” കൈകഴുകി വരുന്നതിനിടയിൽ മയി ചോദിച്ചു …
” നടക്കുന്നു … അടുത്ത മാസം എക്സാമുണ്ട് എസ്ബിഐയുടെ …..” അവൾ ചിരിച്ചു …
” മീൻ കറിയില്ലെ …..?” പുളിശ്ശേരി ചോറിലേക്ക് കോരിയൊഴിച്ചു കൊണ്ട് മയി മുഖം ചുളിച്ചു …
” പിന്നെ ….. ഈ ഫ്രൈ തന്നെ ഞാൻ പോയിട്ട് വന്നിട്ട് ണ്ടാക്കീതാ … അമ്മ രാവിലെ പുളിശ്ശേരി മാത്രാ വച്ചത് ….” അവൾ ചുണ്ടു കൂർപ്പിച്ചു …
മയി ഒരു കക്ഷണം മീൻ പൊരിച്ചതെടുത്ത് ചോറിൽ വച്ച് അൽപം നുള്ളിയെടുത്ത് വായിൽ വച്ചു …
” ങും … കുഴപ്പമില്ല …..”
” കുഴപ്പമുണ്ടെങ്കിൽ ചേച്ചി കഴിക്കണ്ട … ഞാൻ തന്നെ കഴിച്ചോളാം ……” കിച്ച മുഖം വീർപ്പിച്ചു ..
മയി കുസൃതിയോടെ അവളെ നോക്കി …
” ഞായറാഴ്ച ഞങ്ങളങ്ങോട്ട് വരാനിരിക്കുവാരുന്നു …..” കഴിച്ചു തുടങ്ങിയപ്പോൾ കിച്ച പറഞ്ഞു …
” ആണോ …..”
” അമ്മയത്ര രസത്തിലല്ല …. ” കിച്ച ഗൗരവത്തിലായി …
” ങും … എന്നെ വിളിച്ചിരുന്നു ..അതാ ഞാനിന്ന് ഇവിടെ കയറിയിട്ട് പോകാമെന്നു വച്ചത് …..”
” ആ പെണ്ണുമായിട്ട് റിലേഷനുണ്ടായിരുന്നെങ്കിൽ പിന്നെന്തിനാ അയാളി വിവാഹം കഴിച്ചത് .. അന്നേ ചേച്ചി പറഞ്ഞത് കേട്ടാൽ മതിയായിരുന്നു … ” കിച്ച അമർഷത്തോടെ പറഞ്ഞു ..
കിച്ചയുടെ മനസിലെ ദേഷ്യം അവളുടെ വാക്കുകളിൽ തന്നെയുണ്ടായിരുന്നു …
മയി ഒന്നും മിണ്ടിയില്ല …
” അമ്മയ്ക്കും വിഷമമായി … ചേച്ചിയുടെ വാക്കിന് വില കൽപ്പിക്കാതിരുന്നത് തെറ്റായിപ്പോയിന്നാ അമ്മ പറയുന്നേ .. . അമ്മാവനും ചെറ്യച്ഛനുമൊക്കെ അമ്മയെ കുറ്റപ്പെടുത്തി …. “
മയി മുഖമുയർത്തി അനിയത്തിയെ നോക്കി ..
” അല്ല ചേച്ചീടെ പഴയ അവേശമൊക്കെ പോയോ … ചേച്ചിയെന്താ കുലസ്ത്രീയാകാൻ തീരുമാനിച്ചോ ? ഇനി ഈ റിലേഷൻ തുടരുന്നതിൽ എനിക്ക് യാതൊരു യോജിപ്പുമില്ല … ” കിച്ച തന്റെ ഭാഗം പറഞ്ഞു …
” നീ കഴിക്ക് …അമ്മ കൂടി വന്നിട്ട് നമുക്ക് തീരുമാനിക്കാം … അതിനു തന്നെയാ ഞാൻ വന്നത് ….” മയി അവളെ സമാധാനിപ്പിച്ചു ….
* * * * * * * * *
” നീയെന്തു പണിയാ മയി കാണിച്ചത് … ഇതേതായാലും വേണ്ടിയിരുന്നില്ല .. അവന്റെ പേരിൽ ഇങ്ങനെയൊരാരോപണം ഉണ്ടായത് ഭാവിയിൽ അവന്റെ ജോലിയെ ബാധിക്കും … നിനക്കിത്രയ്ക്ക് ബുദ്ധിയില്ലാതായിപ്പോയോ …?. ” വിവരങ്ങളെല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ യമുന മകളെ ശകാരിച്ചു …
” അമ്മേ എനിക്കറിയാഞ്ഞിട്ടല്ല .. ഇനിയിപ്പോ നിഷിന്റെ പേരിലുണ്ടായത് വ്യാജ പ്രചരണമാണ് എന്ന് പുറത്തറിഞ്ഞാൽ തന്നെ ,നമ്മളത് ഒതുക്കിയതാണെന്ന് പറയുന്ന ഒരു വിഭാഗം ഉണ്ടാകും … എന്തായാലും ഇപ്പോഴുണ്ടായ കളങ്കം മാറാൻ പോകുന്നില്ല … ഒന്നോർത്താൽ അവളെ അങ്ങോട്ടു പറഞ്ഞു വിട്ട ഉത്തരവാദിത്തം നിഷിനുണ്ടല്ലോ .. ഞാനത്രയേ ചിന്തിച്ചുള്ളൂ….” മയി പറഞ്ഞു …
” ചേച്ചി പറയുന്നതിൽ കാര്യമുണ്ടമ്മേ .. . ആ കുട്ടി നിഷിനേട്ടന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയിട്ടുണ്ട് എന്ന് വന്നാൽ , മറ്റേ നരാഥമൻമാർക്കെതിരെയുള്ള കേസിന്റെ ശക്തി കുറയും .. അതൊരിക്കലും സംഭവിക്കരുത് .. “
” നിങ്ങൾ പറയുന്നത് എനിക്ക് മനസിലാകാഞ്ഞിട്ടല്ല കുട്ടികളെ .. എന്താണെങ്കിലും നിഷിൻ നമ്മുടെ കുടുംബത്തിലെ അംഗമല്ലെ .. നമ്മുടെ അന്തസ് കൂടി നോക്കണ്ടേ ….”
” അമ്മേ , ആ അമ്മയും മകളും എന്റെ മുന്നിൽ നിന്ന് കരഞ്ഞപ്പോൾ , നമ്മുടെ കാര്യമാ ഞാനോർത്തത് .. അച്ഛൻ മരിച്ചപ്പോൾ അമ്മ ഞങ്ങൾ രണ്ട് പെൺമക്കളെയും കൊണ്ട് പകച്ച് നിന്നിട്ടില്ലേയമ്മേ … ” മയി അമ്മയെ സെന്റിമെൻസിൽ വീഴ്ത്താൻ ശ്രമിച്ചു ..
ആ പറഞ്ഞത് യമുനയുടെ മനസിൽ കൊണ്ടു … ഭർത്താവ് മരിക്കുമ്പോൾ മയിക്ക് 14 വയസാണ് .. തനിക്ക് ഒരു ജോലിയുണ്ടെന്നതൊഴിച്ചാൽ , ജീവിതം തനിക്കൊരു സമസ്യ തന്നെയായിരുന്നു .. പലരുടെയും യഥാർത്ഥ മുഖം കണ്ടത് വിധവയായി ജീവിക്കാൻ തുടങ്ങിയപ്പോഴാണ് … പുരുഷന്മാരുടെ മുഖത്ത് നോക്കി മനസു തുറന്നൊന്നു ചിരിക്കാൻ പോലും താൻ ഭയപ്പെട്ടിട്ടുണ്ട് …
” എന്റെ നിർബന്ധത്തിന് വഴങ്ങി നിഷിൻ സമ്മതിച്ചതല്ലമ്മേ … അവനാലോചിച്ചെടുത്ത തീരുമാനമാണ് .. ഇതിന്റെ പിന്നിലിനി എന്ത് വന്നാലും അത് ഫെയ്സ് ചെയ്യാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം …..” മയി പറഞ്ഞു ..
യമുന നെടുവീർപ്പയച്ചു ..
” നിങ്ങൾ രണ്ടാളും വിദ്യാഭ്യാസവും അറിവും സാമൂഹിക ബോധവും ഉള്ളവരാണ് .. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ .. പിന്നെ വരുന്നതൊക്കെ നമുക്ക് ഫെയ്സ് ചെയ്യാം …… ” ഒടുവിൽ യമുന പറഞ്ഞു …
മയിയുടെയും കിച്ചയുടെയും മുഖം വിടർന്നു …
” അമ്മയുടെ പിന്തുണ മാത്രം മതിയെനിക്ക് ….. ” മയി യമുനയുടെ കൈ പിടിച്ച് മുഖം ചേർത്തുവച്ചു കൊണ്ട് പറഞ്ഞു …
* * * * * * * * * * * *
രാത്രി കിടക്കാൻ സമയം കിച്ച മയിയുടെ റൂമിൽ വന്നു …
” ങും …. എന്താണ് ….. ” റൂമിലങ്ങിങ്ങ് നോക്കി പരതി പരതി നിൽക്കുന്ന കിച്ചയെ നോക്കി മയി ചോദിച്ചു …
കിച്ച ചെറുതായി ചിരിച്ചു… ആ മുഖത്ത് ഒരു പരുങ്ങലുണ്ടായിരുന്നു ..
” എന്താടീ … കോഴി മുട്ടയിടാൻ തിരയുന്ന പോലെ നിന്നു കറങ്ങുന്നത് …” മയി മുഖം തിരിച്ച് അവളെ സൂക്ഷിച്ച് നോക്കി …
” ഏയ് … ഞാൻ വെറുതെ … ഇന്ന് ചേച്ചീടെ കൂടെ കിടക്കാന്ന് വച്ചു ……”
” അതൊരു പുതിയ കാര്യമൊന്നുമല്ലല്ലോ …..” കഴുകി ഇസ്തിരിയിട്ട് വച്ചിരുന്ന പില്ലോ കവറെടുത്തിട്ടു കൊണ്ട് മയി പറഞ്ഞു …
കിച്ച പെട്ടന്ന് വന്ന് മയിയുടെ പിന്നിലൂടെ കെട്ടിപ്പിടിച്ച് തോളിൽ മുഖം ചേർത്തു നിന്നു ….
” പറ … എന്താ വിഷയം ……..”
” ചേച്ചീ ………….. ” അവൾ മെല്ലെ വിളിച്ചു …
” പറയ് കിച്ചാ ….. എനിക്കറിയാം … നിനക്കെന്തോ കാര്യം സാധിക്കാനാന്ന് .. അമ്മയത്ര പെട്ടന്ന് സമ്മതിക്കുന്ന കാര്യവുമല്ല നിനക്ക് പറയാനുള്ളത് … എന്തായാലും നീ പറയ് …..”
” എനിക്ക് യു എസ് കമ്പനീന്ന് നല്ലൊരു ഓഫർ വന്നിട്ടുണ്ട് … റെപ്യൂട്ടഡ് കമ്പനി … ഗുഡ് സാലറി …… “
” നീയാ പ്ലാൻ വിട്ടിട്ടല്ലേ ബാങ്ക് കോച്ചിംഗിന് പോയി തുടങ്ങിയത് …. ഇപ്പോ എന്ത് പറ്റി …..” മയി നെറ്റി ചുളിച്ചു …
” ആം നോട്ട് സാറ്റിസ്ഫൈഡ് .. മര്യാതയ്ക്കൊന്നു ഉറങ്ങാൻ പോലും കഴിയുന്നില്ലിപ്പോ … ഒറ്റയ്ക്ക് പോകാൻ അമ്മ സമ്മതിക്കാഞ്ഞിട്ടാ ലാംഗ്വേജ് ട്രെയിനിംഗ് പോലും പാസായിട്ട് ഞാനതന്ന് വേണ്ടാന്ന് വച്ചത് … “
” ഒരു കാര്യം ചെയ് … അമ്മ പറയുന്ന പോലെ അവിടെ ജോലിയുള്ള ആരെയെങ്കിലും കല്യാണം കഴിച്ച് പൊക്കോ …..” മയി ചിരിച്ചു …..
” തമാശ കളയ് … എന്നിട്ട് ഒരു സൊല്യൂഷൻ പറ……” കിച്ച മയിയെ പിടിച്ച് ബെഡിലിരുത്തി അവളും ബെഡിൽ കയറി ചമ്രം പടിഞ്ഞിരുന്നു …
” നിന്നെ ഒറ്റയ്ക്ക് അമ്മ വിടുംന്ന് എനിക്ക് തോന്നുന്നില്ല കിച്ചാ ……”
” ചേച്ചിയൊന്ന് പറയ് … പ്ലീസ് …..”
” എന്തായാലും അമ്മ നിന്നെ കെട്ടിയ്ക്കും … അപ്പോ പിന്നെ അങ്ങനെ പോ ….”
” ചേച്ചിയെന്താ ഇങ്ങനെ …. അയ്യേ … ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ ചേച്ചീടെ കൺസെപ്റ്റ് … മാര്യേജ് ഈസ് ജസ്റ്റ് എ ചോയിസ് എന്ന് പറഞ്ഞിരുന്ന ആളല്ലേ … അതോ സ്വന്തം കാര്യം കാണാൻ പറഞ്ഞു നടന്നതാണോ …..”
” എന്റെ കൺസെപ്റ്റിന് മാറ്റമൊന്നുമില്ല .. ഞാൻ നിന്നെ കംപൽ ചെയ്യുന്നതുമല്ല .. അമ്മയുടെ ഭാഗം കൂടി നോക്കണ്ടേ … നമ്മുടെ രണ്ടാൾടേം കാര്യത്തിലുള്ള അമ്മേടെ കൺസേൺ നിനക്കറിയാല്ലോ … അത് കൊണ്ടാണ് ഞാനന്ന് ഈ വിവാഹത്തിന് സമ്മതിച്ചത് .. എനിക്ക് വേണമെങ്കിൽ ഇറങ്ങിപ്പോകാമായിരുന്നു … പക്ഷെ അമ്മയെ കൺസിഡർ ചെയ്തിട്ടാ ഞാൻ ….”
” ഞാനും അത് പോലെ ചെയ്യണമെന്നാണോ ചേച്ചി പറയുന്നേ …. ?” കിച്ചക്ക് അത് ഉൾക്കൊള്ളാനായില്ല …
മയി മിണ്ടാതിരുന്നു …
” എനിക്ക് എന്റെ ഡ്രീംസ് ഫുൾഫിൽ ചെയ്യണം … ചേച്ചിയെന്താ എന്റെ ഫീലിംഗ്സ് മനസിലാക്കാത്തെ ….”
” എനിക്ക് മനസിലാകുന്നുണ്ട് …. ഞാനൊന്നാലോചിക്കട്ടെ ….”
” ഒരു പാട് ടൈമില്ല … ഈയാഴ്ച തന്നെ മെയിലയയ്‌ക്കണം ….. വിത്തിൻ ടു മന്ത്സ് പോകേണ്ടിയും വരും … “
” ശ്ശൊ …. അമ്മയെ എങ്ങനെ സമ്മതിപ്പിക്കാനാ …. “
” അതൊന്നും എനിക്കറിയില്ല … ഞാനേതായാലും മെയിലയയ്‌ക്കാൻ പോവാ … അമ്മ സമ്മതിച്ചാലും ഇല്ലേലും ഞാൻ പോകും …..” അവൾ തറപ്പിച്ചു പറഞ്ഞു …
മയി ഞെട്ടലോടെ അനിയത്തിയെ നോക്കി …
” ചേച്ചിയെ പോലെ അമ്മേടെ സെന്റിമെൻസിൽ വീണ് ലൈഫ് സ്പോയിൽ ചെയ്യാൻ എനിക്ക് പറ്റില്ല … “
” എന്റെ ലൈഫൊന്നും സ്പോയിലായിട്ടില്ല …. ” മയി പെട്ടന്ന് പറഞ്ഞു ..
” ചേച്ചിക്ക് വിവാഹത്തിന് സമ്മതിച്ചതിൽ ഒട്ടും റിഗ്രറ്റ് തോന്നിയിട്ടില്ലായെന്ന് ആത്മാർത്ഥമായിട്ട് പറയാവോ … ?”
” തോന്നിയിരുന്നു … അന്ന് .. അല്ല അന്നെന്നെ കെട്ടിച്ചു വിടാൻ നീയും കൂടിയാണല്ലോ സപ്പോർട്ട് ചെയ്തത് ……” മയി കിട്ടിയ അവസരത്തിന് അവൾക്കിട്ട് കൊട്ടി …
” അത് പിന്നെ ചേച്ചി എക്സിനെ ഓർത്ത് സെന്റിയടിച്ച് നടന്നത് കൊണ്ടാ ഞാൻ …..”
” എക്സിനെ മറക്കാൻ കല്യാണമാണോ റെമഡി……. “
” എന്തായാലും ഇപ്പോ ചേച്ചി നിഷിനേട്ടന്റെ ആളായല്ലോ … അമ്മയോട് സംസാരിക്കുന്നത് കേട്ടപ്പോ എനിക്ക് പോലും ഫീൽ ചെയ്തു … പ്രണയത്തിന്റെ എന്താ … എന്താ …. ആ സാധനം … “
മയിക്ക് ചിരി വന്നെങ്കിലും അവളത് പുറത്ത് കാണിച്ചില്ല …
” അത് വിട് … എന്റെ കാര്യം എങ്ങനാ … ചേച്ചി ഒക്കെയാക്കുമോ … അതോ ഞാനിറങ്ങി പോകേണ്ടി വരുവോ ….?”
” ഞാൻ സംസാരിച്ചു നോക്കാം ….. “
” അപ്പോ ഞാനെന്തായാലും പ്രൊസീഡ് ചെയ്യാൻ പോകുവാ ….”
” അല്ല … അത് ….”
” ഒന്നും പറയണ്ട … അമ്മയോട് പിണങ്ങി പോകാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ് ചേച്ചീടെ ഹെൽപ്പ് ചോദിച്ചത് .. ഞാൻ തീരുമാനിച്ച് കഴിഞ്ഞു …….” അവൾ തീർത്തു പറഞ്ഞു ….
മയി ബെഡിലേക്ക് നോക്കിയിരുന്നു … ഒരു ഭൂകമ്പമുണ്ടാകുമെന്നുറപ്പാണ് … പക്ഷെ കിച്ചയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമല്ലോ ….
കിച്ച അപ്പോഴേക്കും ഉറങ്ങാൻ കിടന്നു കഴിഞ്ഞിരുന്നു … അവളുടെ മുഖത്ത് നോക്കി അൽപ്പസമയം കൂടിയിരുന്നിട്ട് മയിയും കിടന്നു …
* * * * * * * * * * * * * * *
പിറ്റേന്ന് രാവിലെ മയിയെ സ്കൂട്ടിയിൽ ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ കൊണ്ടു വിട്ടത് കിച്ചയാണ് ….
” അമ്മയോട് എപ്പഴാ പറയുന്നേ …? ” കിച്ച ചോദിച്ചു …
” ഞാൻ പോയിട്ട് നിഷിനെക്കൂടി കൂട്ടിക്കൊണ്ട് വരാം … അവൻ കൂടെയുണ്ടെൽ അമ്മേടെന്ന് കിട്ടാനുള്ളതിന് ചെറിയൊരു മയം കാണും ….”
മയിയുടെ മുഖഭാവം കണ്ടപ്പോൾ കിച്ചയ്ക്ക് ചിരി വന്നു …
മയിയെ തിരുവനന്തപുരം സൂപ്പർ ഫാസ്സിൽ കയറ്റി വിട്ടിട്ടാണ് കിച്ച തിരിച്ചു പോയത് …
* * * * * * * * * * * * * *
മയി വീട്ടിലെത്തുമ്പോൾ ഒൻപത് മണിയായിരുന്നു … ഗേറ്റ് കടന്നു വരുമ്പോൾ തന്നെ മുറ്റത്ത് കൊച്ചു സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന അപ്പൂസ് ഓടി വന്നു …
മയി അവളെ വാരിയെടുത്തു …
” അപ്പൂച്ച് ഒറ്റയ്ക്ക് കളിച്ചുവാണോ ….”
” അറ്റാറ്റനുണ്ടല്ലോ … ഫോൺ വിളിച്ചുവാ ആടെ….. ” അവൾ അകത്തേക്ക് ചൂണ്ടി ..
” ആണോടാ ……..” മയി അപ്പൂസിനെ ഉമ്മ വച്ചു …
” ടോക്കി …….” അവൾ കൈനീട്ടി ….
മയി പുഞ്ചിരിച്ചു ….. പിന്നെ ഹാന്റ്ബാഗ് തുറന്ന് കിറ്റ് കാറ്റെടുത്ത് അപ്പൂസിന്റെ കൈയ്യിൽ വച്ചു കൊടുത്തു . …
അപ്പൂസിനെയും കൊണ്ടാണ് അവൾ അകത്തേക്ക് കയറിയത് … ഫോൺ ചെയ്യുകയായിരുന്ന രാജശേഖർ അവളെ കണ്ടു കൊണ്ട് കൈയ്യുയർത്തി കാണിച്ചു …
അപ്പൂസിനെ താഴെ നിർത്തിയിട്ട് മയി കിച്ചണിലേക്ക് ചെന്നു … അവിടെ ഹരിതയും വീണയും ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയായിരുന്നു ….
” ആ നീയെത്തിയോ …. വാ ബ്രേക്ക് ഫാസ്റ്റ് കഴിക്കാം …….” ഹരിത മയിയെ കണ്ടു കൊണ്ട് പറഞ്ഞു …
” ബാഗ് വച്ചിട്ട് വരാം ….”
” കിച്ചൂനേം വാവേം കൂടി വിളിച്ചോ … രണ്ടും ഉറക്കം പോലും എണീറ്റില്ലാന്ന് തോന്നുന്നു …. ” ഹരിത വിളിച്ചു പറഞ്ഞു
” ഒക്കെ …..” മയി ചിരിച്ചു …
മയി വന്ന് നോക്കുമ്പോൾ നിഷിൻ നല്ല ഉറക്കമായിരുന്നു … അവൾ ബാഗ് കൊണ്ട് വച്ചിട്ട് അവനെ വിളിച്ചുണർത്തി …
അവൻ ഉറക്കച്ചടവോടെ കണ്ണുതുറന്നു … മയിയെ കണ്ട് അവൻ പുഞ്ചിരിച്ചു …
” എപ്പോ എത്തി …..” അവൻ ബെഡ്ഷീറ്റ് മാറ്റി എഴുന്നേറ്റു …
” ഇപ്പോ …….”
അവൻ പെട്ടന്ന് അവൾ പറഞ്ഞിട്ട് പോയത് ഓർത്തു … നേർത്തൊരു ആവലാതി അവനിൽ ഉടലെടുത്തു …
” എന്താ ഇങ്ങനെ നോക്കുന്നേ ……” മയി ചോദിച്ചു …
” നീ പറഞ്ഞിട്ട് പോയത് ഓർത്തതാ …..” അവൻ പറഞ്ഞു …
” എന്താ പേടിയുണ്ടോ ….” അവൾ ഗൗരവത്തിലായി …
” നിനക്ക് കിട്ടുന്ന ഇൻഫർമേഷൻസ് സത്യമായിരിക്കണേ എന്ന് മാത്രമേ പ്രാർത്ഥനയുള്ളു … ” അവൻ ചെറുതായി ചിരിച്ചു …
അവളുടെ മനസ് കുളിർത്തു … അവനെ കെട്ടിപ്പിടിച്ച് ആ കിടക്കയിലേക്ക് വീഴാൻ അവളതിയായി ആഗ്രഹിച്ചു ..
” ഏതായാലും പോയി ഫ്രഷായി വന്ന് ബ്രേക്ക് ഫാസ്റ്റ് കഴിക്ക് … ഞാൻ കഴിക്കാൻ പോകുവാ …..” അവൾ ഗൗരവം വിടാതെ പറഞ്ഞു …
അവൻ അവളുടെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു …
അവളവന്റെ കൈ മുറുക്കിപ്പിടിച്ചു …
” ചെല്ല് …..”
നിഷിനെ ഫ്രഷാകാൻ വിട്ടിട്ട് മയി എഴുന്നേറ്റ് വാവയുടെ റൂമിലേക്ക് നടന്നു … അവളുടെ റൂം അടഞ്ഞു കിടക്കുകയായിരുന്നു … മയി നോക്ക് ചെയ്ത് വിളിച്ചു … മിനിട്ടുകൾ കടന്നു പോയിട്ടും തുറക്കാത്തത് കൊണ്ട് അവൾ ഹാന്റിൽ പിടിച്ച് തിരിച്ചു … കതക് തുറന്ന് അകത്ത് കയറിയ മയി കണ്ടത് ബെഡിന്റെ ഓരത്ത് കാൽമുട്ടിൽ മുഖം പൂഴ്ത്തിയിരിക്കുന്ന നിവയെയാണ് …
” വാവേ ……..” മയി വിളിച്ചു ……
നിവ മെല്ലെ മുഖമുയർത്തി .. കരഞ്ഞു വീങ്ങി കണ്ണീർ പടർന്ന മുഖത്തേക്ക് അവളുടെ അലങ്കോലമായ മുടി ഒട്ടിപ്പിടിച്ചിരുന്നു …
” വാവേ ….. എന്താ മോളെ …..”
” ഏട്ടത്തി …………”
നിവ ബെഡിൽ നിന്നിറങ്ങി ഓടി വന്ന് മയിയെ കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞു … ഹൃദയം പൊട്ടി ചോരയൊഴുകുന്നത് പോലെ ഇടറി തേഞ്ഞു പോയിരുന്നു അവളുടെ ഒച്ച പോലും ….
( തുടരും )
അമൃത അജയൻ
അമ്മൂട്ടി
അമൃത അയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission