Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 45

aksharathalukal sayaanam namukai mathram

നിവയുടെ ഹൃദയം തകർന്നുള്ള കരച്ചിൽ ഒന്നടങ്ങുന്നത് വരെ മയി അവളെ ചേർത്തണച്ചു നിന്നു …

” എന്തു പറ്റി മോളെ …….” നിവയെ അണച്ചു പിടിച്ചു കൊണ്ട് തന്നെ ബെഡിൽ കൊണ്ടിരുത്തി മയി അടുത്തിരുന്ന് ചോദിച്ചു …

” ബെഞ്ചമിൻ എന്നെ വിളിച്ചു ……”

” എന്നിട്ട് ….?.”

” കോളേജിൽ തിരിച്ച് ചെന്നില്ലെങ്കിൽ എന്റെ വീഡിയോസ് നെറ്റിലിടും …… ” അവൾ വിതുമ്പി ….

” നമുക്ക് പോലീസിൽ കംപ്ലയിന്റ് ചെയ്യാം …… ” മയി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു ..

” വേണ്ട ……..”

” വേണ്ടേട്ടത്തി… പോലീസിലറിയിച്ചാലും അവരത്‌ ചെയ്യും …… ഒരാഴ്ച സമയം എനിക്ക് തന്നു … അതിനു മുൻപ് കോളേജിൽ എത്തിയില്ലേൽ ……..” അവൾ വാവിട്ട് കരഞ്ഞു ….

മയിയുടെ കടപ്പല്ല് ഞെരിഞ്ഞു … അവൾ നിവയെ ഉടലോട് ചേർത്തു പിടിച്ചിരുന്നു മനസിൽ ചില കണക്കുകൂട്ടലുകൾ നടത്തി …

” വാവേ ……….. ” അവൾ മെല്ലെ വിളിച്ചു ..

നിവ മുഖമുയർത്തി നോക്കി .. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ പോലും വിറകൊണ്ടു …

” നീ ഒന്നുകൊണ്ടും പേടിക്കണ്ട .. നിന്റെ കൂടെ ഞങ്ങളുണ്ട് .. ഞങ്ങളെന്നു പറഞ്ഞാൽ നിന്റെയച്ഛനും അമ്മയും ഏട്ടന്മാരും ഏടത്തിമാരും നിന്റെ കൂടെത്തന്നെയുണ്ട് .. എന്തു വന്നാലും അത് നേരിടാൻ നിന്റെ മുന്നിൽ ഞങ്ങളുണ്ടാവും … ” മയിയുടെ വാക്കുകളിലെ നിശ്ചയദാർഢ്യം നിവയിൽ ചെറുതല്ലാത്തൊരാത്മവിശ്വാസം പടർത്തി ..

” ഇപ്പോ എന്റെ മോള് എഴുന്നേറ്റ് പോയി ഫ്രഷായി വാ .. നമുക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാം … “

” എനിക്കൊന്നും വേണ്ടേടത്തി….”

” നോ …. അത് പറ്റില്ല … ഇവിടെ നിനക്ക് മാത്രമായിട്ടൊരു പ്രോബ്ലമോ ടെൻഷനോ ഇല്ല … ഇത് നമ്മുടെ വീട്ടിലെല്ലാവരുടേതും കൂടിയാണ് … അത് നമ്മൾ സോൾവ് ചെയ്യും … മനസിലാകുന്നുണ്ടോ …? ” മയി അവളുടെ മുഖം പിടിച്ച് അടുപ്പിച്ച് ചോദിച്ചു ..

അവൾ മെല്ലെ തലയിളക്കി …,

” എന്നാൽ ചെല്ല് …..”

അത്രയും പറഞ്ഞിട്ട് മയി എഴുന്നേറ്റ് പുറത്തേക്ക് വന്നു … നിഷിൻ അപ്പോഴേക്കും താഴേക്കിറങ്ങി പോകുന്നത് അവൾ കണ്ടു …

* * * * * * *

ഭക്ഷണത്തിന് മുന്നിലിരുന്നിട്ടും നിവയ്ക്ക് ഒന്നുമിറങ്ങിയില്ല .. അവൾ വെറുതെ ഇഢിയപ്പം പൊടിച്ചിട്ട് അതിൽ വിരൽ കൊണ്ട് ഇളക്കി കൊണ്ടിരുന്നു …

നിഷിൻ മയിയോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നാണ് ഭക്ഷണം കഴിച്ചത് … നിഷിനു പിന്നാലെ മയിയും കഴിച്ചു തീർത്ത് എഴുന്നേറ്റപ്പോൾ നിവയും കഴിപ്പ് നിർത്തി …

എടുത്തു വച്ച മൂന്നിഡിയപ്പത്തിൽ ഒന്നിന്റെ പകുതി പോലും അവൾ കഴിച്ചിരുന്നില്ല …

മയി വാവയെ വിളിച്ച് അപ്പൂസിനൊപ്പം നിർത്തി… ശേഷം മുകളിലേക്ക് കയറി വന്നു …

നിഷിൻ ബാൽക്കണിയിലിറങ്ങി നിൽക്കുകയായിരുന്നു … അവളങ്ങോട്ട് ചെന്നു …

” എന്താ ഒരാലോചന …..?” നിഷിന്റെ പിന്നിൽ ചെന്നു നിന്ന് മയി ചോദിച്ചു …

അവൻ മുഖം തിരിച്ചു നോക്കി .. പിന്നെ മൃദുവായി ചിരിച്ചു ….

” നീ പോയ കാര്യം എന്തായെന്ന് പറഞ്ഞില്ല …. ” അവൻ ഓർമിപ്പിച്ചു …

” അത് പറയാം … അതിനു മുൻപ് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി അറിയാനുണ്ട് … അതിന് നീ തന്നെ ഉത്തരം തരണം ….” അവൾ അവനോട് ചേർന്നു നിന്നു പറഞ്ഞു …

” എന്താണ് …… ?”

” നീയന്നെന്തിനാ സുനിലിന്റെ കൂടെ എന്റെ ഓഫീസിൽ വന്നത് …..? സുനിൽകുമാറിനെ നിനക്കെങ്ങനെയാ പരിചയം ..? ” അത് ചോദിക്കുമ്പോൾ മയിയുടെ നോട്ടം നിഷിന്റെ മുഖത്തു തന്നെ തങ്ങി നിന്നു …

അവൻ മെല്ലെ തല ചലിപ്പിച്ചു .. ബാൽക്കണിയിലെ അര ഭിത്തിയിൽ കൈയ്യൂന്നി നിന്ന് അവൻ താഴേക്ക് നോക്കി …

” നീയന്ന് അവിടെ വന്നത് ഞാൻ കണ്ടിരുന്നു .. അതിനു പിന്നാലെ ചഞ്ചലിനെ ജോലിയിൽ എടുത്തപ്പോഴാണ് എനിക്ക് ഡൗട്ട് തോന്നിയത് …. ” മയി പറഞ്ഞു …

” ഞാൻ വന്നതെന്തിനാന്ന് നിനക്കിപ്പോഴുമറിയില്ലേ …. ?” അവൻ ചോദിച്ചു …

” ഇല്ല ……….”

നിഷിൻ മൃദുവായി ചിരിക്കുന്നത് മയി കേട്ടു …. അവൾ നെറ്റി ചുളിച്ചു …

” എന്താ ചിരിക്കുന്നേ ….?”

” തികച്ചും പേർസണലായിരുന്നു മയി അത് .. “

” ഒക്കെ ….” അവന് പറയാൻ താത്പര്യമില്ലെന്ന് കരുതി അവൾ പറഞ്ഞു … അവളുടെ മുഖത്തെ തെളിച്ചം മങ്ങിയിരുന്നു …

പെട്ടന്ന് നിഷിന്റെ വലതുകൈ മയിയുടെ അരക്കെട്ടിൽ മുറുകി .. അവളെന്തെങ്കിലും പറയും മുന്നേ അവളെ വലിച്ചടുപ്പിച്ച് മുഖാമുഖം നിർത്തി നിഷിൻ …

അവന്റെ ശ്വാസ താളം മയിയുടെ മുഖത്തെ നനുത്ത രോമങ്ങളെ തഴുകിയുണർത്തി …

” നിനക്കു വേണ്ടിയായിരുന്നു ആ വരവ് ….” അവളുടെ വിടർന്ന മിഴികളിലേക്ക് നോട്ടമർപ്പിച്ച് അവൻ മൊഴിഞ്ഞു .. അവളുടെ കണ്ണുകളുടെ സൗന്ദര്യം എന്നോ വായിച്ചു മറന്ന കഥകളിലെ മീവൽ പക്ഷികളെയോർമിപ്പിക്കും വിധം ചിമ്മിയടഞ്ഞു …

അവളുടെ നെറ്റിയിലേക്ക് വീണടിഞ്ഞു കിടന്ന നേർത്ത മുടിയിഴകളെ അവൻ മാടിയൊതുക്കി വച്ചു .. അവനിൽ നിന്നടർന്നു മാറാൻ അവളും ആഗ്രഹിച്ചില്ല .. ശരീരവും മനസും അവനെയെന്നോ ആഗ്രഹിച്ചു തുടങ്ങിയിരുന്നു … മുഖത്തേൽക്കുന്ന അവന്റെ നിശ്വാസങ്ങളുടെ പൊള്ളലുകൾക്ക് തന്റെ പാദങ്ങളിലെ ഉറങ്ങിക്കിടക്കുന്ന നാഡിവ്യൂഹത്തെപ്പോലും ഉണർത്താനുള്ള ശക്തിയുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു ..

” നിന്റെ അഡ്രസ് കിട്ടാൻ വേണ്ടിയായിരുന്നു .. പ്രപ്പോസലിനു വേണ്ടിയാണെന്ന് പറഞ്ഞിട്ടു തന്നെയാ വാങ്ങിയത് .. ” അവൻ നേർത്ത ചിരിയോടെ പറഞ്ഞു ..

” ആ അഡ്രസ് ഒരു ബ്രോക്കറെയേൽപ്പിച്ച് , നിന്റെ വീട്ടിലും എന്റെ വീട്ടിലും ഒരു സാധാരണ പ്രപ്പോസലായിട്ടാ എത്തിച്ചത് .. ഡയറക്റ്റ് ഞാൻ വീട്ടിൽ പറഞ്ഞിട്ട് , ഇവിടുന്ന് വന്ന് നിന്നെ പ്രപ്പോസ് ചെയ്താൽ നീയെങ്ങാനും എന്നെ റിജക്ട് ചെയ്താൽ അതെനിക്കൊരു ക്ഷീണമായേനേ .. എന്റെ ഈഗോ അതിന് സമ്മതിച്ചില്ല … ” ചെറിയൊരു ചമ്മലോടെ അവൻ പറഞ്ഞു ..

” ഓഹോ … അപ്പോ ഈ പ്രപ്പോസൽ തന്നെ നിന്റെ പ്ലാൻ ആയിരുന്നല്ലേ …. “

അവൻ കുസൃതിച്ചിരി ചിരിച്ചു …

” നിനക്കെന്നെ കണ്ടൂടായിരുന്നല്ലോ .. എന്റെ വീട്ടുകാരെ വെറുതെ നാണം കെടുത്തണ്ട എന്ന് കരുതി …..”

അവളൊന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു …

” ഓർമയുണ്ടോ നമ്മളാദ്യം തമ്മിൽ കണ്ടത് ….?” അവളുടെ കവിളിൽ വിരൽ കൊണ്ടുരസി അവൻ ചോദിച്ചു …

അവൾ നിഗൂഢമായി ചിരിച്ചു .. ആ ചിരിയുടെയർത്ഥം അവന് മനസിലായി …

” എന്നെ വാരിയലക്കി നീ നിന്റെ കരിയർ പച്ച പിടിപ്പിച്ചു വരുന്ന കാലം ….” അവൻ ഓർമയിൽ മുഴുകിയത് പോലെ പറഞ്ഞിട്ട് അവളെ ഒളികണ്ണിട്ട് നോക്കി …

” അയ്യടാ …. അപ്പോ നീയോ … ഒരു മുൻസിപ്പാലിറ്റി കൗൺസിലറെ മര്യാദ പഠിപ്പിക്കുന്നതിന് പകരം , പേരെടുക്കാൻ വേണ്ടി ആ വകുപ്പ് മന്ത്രിയെ തന്നെ വലിച്ചിട്ട് നിന്റെ കരിയർ പച്ച പിടിപ്പിച്ചു തുടങ്ങിയ കാലം എന്ന് പറ … ” അവൾ വീറോടെ ചുണ്ടുകൂർപ്പിച്ച് പറഞ്ഞു …

അവളുടെ മുഖഭാവം കണ്ട് അവൻ ശബ്ദമില്ലാതെ ചിരിച്ചു …

” നീ പങ്കെടുത്ത ആ പത്രസമ്മേളനത്തിന്റെ സ്നാപ്സ് ഞാൻ സൂക്ഷിച്ചിട്ടുണ്ട് .. നിന്നെ കാണാൻ തോന്നുമ്പോഴൊക്കെ ഞാനത് നോക്കിയിരിക്കും …..” അവൻ പറഞ്ഞു …

അവന്റെ വാക്കുകൾ അവളുടെ കാതിനെ കുളിരണിയിച്ചു ..

” നിനക്കന്നെന്നോട് ദേഷ്യം തോന്നിയില്ലേ …? ” കുറേ നേരത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു ….

” ഉവ്വ് .. തോന്നി … നല്ലൊരു പണി തരണമെന്ന് ആലോചിച്ചപ്പോഴാണ് ഈ ഐഡിയ തോന്നിയത് .. എന്നെ കെട്ടുന്നതിലും വലിയ പണി നിനക്ക് കിട്ടാനില്ലല്ലോന്ന് .. ” അവന് അവളെ ശുണ്ഠി പിടിപ്പിച്ച് മതിയായില്ല ..

” ആ ഇത് തന്നെയാ നിന്റെ പ്രപ്പോസൽ വന്നപ്പോ എനിക്കും തോന്നീത് .. നിനക്കിട്ട് ഒരു പണി തന്നിട്ട് കുറച്ചായല്ലോന്നോർത്തിരുന്നപ്പോഴാ ഈ പ്രപ്പോസൽ … സ്ഥിരമായിട്ട് പണിയാല്ലോന്നു വച്ചാ ഞാനും സമ്മതിച്ചത് ….” അവളും വിട്ടില്ല ..

” ആണോ ….. ആണോ ….. ആണോ …..” അപ്രതീക്ഷിതമായി അവളെ വലിച്ചടുപ്പിച്ച് കരവലയത്തിലൊതുക്കി അവളുടെ കഴുത്തിലേക്ക് ചുണ്ടു ചേർത്ത് അവൻ ചോദിച്ചു …

അവളുടെ മൃദുലതകളിലേക്കുള്ള അവന്റെ കടന്നുകയറ്റം അവളെ കൂടുതൽ വിവശയാക്കിക്കൊണ്ടേയിരുന്നു .. അവളുടെ വിരൽ നഖപ്പാടുകൾ തന്റെ ദേഹത്ത് ആഴ്ന്നിറങ്ങുന്നത് അവനും അറിയുന്നുണ്ടായിരുന്നു …

” പോയ കാര്യം പറയട്ടെ …..?” അവന്റെ വിരലുകൾ അവളുടെ മേനിയിലിഴഞ്ഞ് തുടങ്ങിയപ്പോൾ പെട്ടന്നടർന്നു മാറിക്കൊണ്ട് അവൾ ചോദിച്ചു ..

” ഇപ്പോ പറയണോ …..?” അവൻ നിരാശയോടെ നോക്കി …

” വേണം …. ഇത് മാത്രമല്ല … വെറെ ഒന്ന് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി പറയാനുണ്ട് ……” അവൾ ഗൗരവത്തിലായി …

” എങ്കിൽ പറയ് …..”

ചന്ദനയെ കുറിച്ചറിഞ്ഞ എല്ലാ വിവരങ്ങളും മയി അവനോട് വിശദമായി പറഞ്ഞു …

” അപ്പോ ഇതിനു പിന്നിൽ ആദർശ് തന്നെയാണ് അല്ലേ …..?” എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നിഷിന്റെ മുഖത്ത് കോപം ഇരച്ചു കയറി …

” ആത്മാർത്ഥ സുഹൃത്തായിരുന്നിട്ടും …. ഛെ …..” മയി മുഖം കുടഞ്ഞു …

” പണത്തിനു മുന്നിൽ എന്ത് സൗഹൃദം … ” നിഷിൻ പുച്ഛത്തോടെ ചുണ്ടു കോട്ടി …

” നിനക്കെതിരെ ഇനി കേസില്ലല്ലോ .. അപ്പോ നിന്റെ സസ്പെൻഷൻ പിൻവലിക്കില്ലേ …. “

” യെസ് … നാളെ ചീഫ് സെക്രട്ടറിയെ കാണണം ….” അവൻ പറഞ്ഞു

” ഇനി പറയാനുള്ള കാര്യം വളരെ പ്രധാനപ്പെട്ടതാണ് … നീയെടുത്തു ചാടരുത് … വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കേണ്ട കാര്യമാണ് …. ” മയി മുൻകൂറായി പറഞ്ഞു …

അവളുടെ മുഖം കണ്ടപ്പോൾ എന്തോ ഗൗരവമുള്ള കാര്യമാണെന്നു നിഷിന് മനസിലായി …. അവൻ ശ്രദ്ധയോടെ അവളെ കേൾക്കാൻ തയ്യാറായി …

” ഇവിടെ വച്ചു വേണ്ട .. നമുക്ക് അകത്തു പോയി സംസാരിക്കാം …..” മയി പറഞ്ഞു ..

” ശരി ………”

അവൻ അവളുടെ തോളിലൂടെ കൈകടത്തി ചേർത്തു പിടിച്ചു കൊണ്ട് റൂമിലേക്ക് നടന്നു …

ബെഡ്റൂം അടച്ചിട്ട് അവർ പോയി ബെഡിലിരുന്നു …

” നിഷിൻ … എനിക്ക് പറയാനുള്ളത് നമ്മുടെ വാവയെ കുറിച്ചാണ് ……” അവൾ ശ്രദ്ധയോടെ തുടങ്ങി വച്ചു …

അവൻ കാതുകൾ ജാഗരൂഗമായി …

” ആ ബംഗ്ലൂർ ടീംസ് അവളെ ഭീഷണിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട് …….”

” വാട്ട് …….”

” യെസ് … കുറച്ചു മുൻപേ തുടങ്ങിയതാ … “

” എന്നിട്ടെന്താ ഇതുവരെ പറയാതിരുന്നത് ……?” നിഷിന് ദേഷ്യം വന്നു …

” ഇടയ്ക്ക് വച്ച് അനക്കമൊന്നുമില്ലാതായി .. എങ്ങാനും അടങ്ങിയതാണെങ്കിൽ ഇനി കുത്തിപ്പൊക്കണ്ട എന്നു കരുതിയാ പറയാതിരുന്നത് …. പക്ഷെ ഇപ്പോ ….”

” ഇപ്പോ …..?”

” ഇപ്പോ ഒരു ഡെഡ് ലൈൻ കൊടുത്തിരിക്കുവാ ……”

” ഡെഡ് ലൈനോ …. എന്തിന് ?”

” ഒരാഴ്ചക്കുള്ളിൽ വാവ തിരിച്ച് കോളേജിൽ ജോയിൻ ചെയ്യണം … ഇല്ലെങ്കിൽ അവളുടെ വീഡിയോസോ ഫോട്ടോസൊ ഒക്കെ ഡബിൾ എക്സ് സൈറ്റുകളിലിടുമെന്നാ ഭീഷണി …..”

നിഷിൻ ഞെട്ടിത്തരിച്ചു ..

” മയീ ………..” അവന്റെ ശബ്ദം വിലങ്ങി …

അവന്റെ ഭാവമാറ്റം മയിയും ശ്രദ്ധിച്ചു …

സ്വന്തം പേരിൽ ആരോപണങ്ങളുണ്ടായിട്ടും സസ്പെൻഷനിലായിട്ടും കുലുങ്ങാത്തവനാണ് … പക്ഷെ ഇപ്പോൾ … മയിയിൽ നിന്ന് കേട്ട വാക്കുകൾ അവന്റെ സകല വീര്യത്തെയും കെടുത്തിക്കളയാൻ പോന്നതായിരുന്നു …

ഒരു വേള അവന്റെ തലച്ചോറു പോലും ശൂന്യമായിപ്പോയി …

” എന്നിട്ട് … അവളെവിടെ … അവളെ നീ ഒറ്റയ്ക്ക് വിട്ടോ …..?”

” ഇല്ല … അപ്പൂസിന്റെ കൂടെ താഴെ നിർത്തിയിരിക്കുവാ .. “

” പോലീസിനെ അറിയിക്കാൻ പാടില്ല … അങ്ങനെ സംഭവിച്ചാലും ആ വീഡിയോസ് …………..” അവൻ പൂർത്തിയാക്കാതെ മയിയെ നോക്കി …

” ങും …….” അവൾ അതേയെന്ന അർത്ഥത്തിൽ മൂളി ….

നിഷിൻ നെറ്റിയിൽ കൈ താങ്ങി ….

” നീ ടെൻഷനാകരുത് … നമ്മൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ….. ” മയി പറഞ്ഞു …

നിഷിന് വാക്കുകൾ കിട്ടിയില്ല … അവന്റെ കൺമുന്നിൽ കുഞ്ഞി പാദസരങ്ങൾ കിലുക്കി തന്റെ പിന്നാലെ ഓടി നടക്കുന്ന കുഞ്ഞനുജത്തിയുടെ രൂപമായിരുന്നു …

അവളുടെ കുറുമ്പു നോട്ടവും വിടർന്ന പുഞ്ചിരിയും അവന്റെ മനസിലേക്കലിഞ്ഞിറങ്ങി … ഒരു വേള അവയുടെ സ്ഥാനത്ത് അവളുടെ അടഞ്ഞ കണ്ണുകളും നിശ്ചലമായ ചുണ്ടുകളും തെളിഞ്ഞു വന്നു ….

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!