മയിയുടെ വിരൽ കാൾ ബട്ടണിൽ അമർന്നു …
ഫോൺ കാതോട് ചേർത്തതും കണ്ണുപൊട്ടുന്ന തെറിയാണ് മറുതലയ്ക്കൽ നിന്ന് കേട്ടത് …….. മയി ബെഡിൽ ചുരുണ്ടുകൂടിയിരിക്കുന്ന നിവയെ പകച്ചു നോക്കി … അവനിത്രയും വിളിച്ചിട്ടും നിവ കോളറ്റന്റ് ചെയ്യാതിരുന്നതിന്റെ ദേഷ്യം അസഭ്യമായ ഭാഷയിലൂടെ തീർത്തതാണവൻ …
” ഇത് നിവ രാജശേഖറല്ല ……….” കടുത്ത സ്വരത്തിൽ മയി പറഞ്ഞു …
അടുത്ത നിമിഷം മുതൽ മറു വശത്ത് നിശബ്ദതയായിരുന്നു … ഒരു സൂചിമുന വീണാൽ പോലും കേൾക്കാവുന്നത്ര നിശബ്ദത .. മയി കാത് കൂർപ്പിച്ചു നിന്നു …
ഒരു പക്ഷെ മറുവശത്ത് ഒന്നിൽ കൂടുതൽ ആളുകളുണ്ടാകുമെന്ന് ആ കനത്ത നിശബ്തയിൽ നിന്ന് ദയാമയി ഊഹിച്ചു ..
” ദെൻ ഹൂ ആർ യൂ …….?” അവന്റെ സ്വരത്തിലെ ജാഗ്രത അവൾ ശ്രദ്ധിച്ചു …
ആദ്യം കണക്കുകൂട്ടിയത് പോലീസാണ് എന്ന് പറഞ്ഞ് വിരട്ടി നോക്കാമെന്നാണ് .. പിന്നെയവൾ അത് വേണ്ടെന്ന് വച്ചു … ആദ്യം നയത്തിലൊന്ന് സംസാരിച്ചു നോക്കാം ….
” ആം ദയാമയി … നിവയുടെ സിസ്റ്ററിൻലോയാണ് ……”
” ഫാ ….. *# *@ * .. നിന്നോടാരാടി ഫോണെടുക്കാൻ പറഞ്ഞത് … കൊടുക്കെടി ഫോണവൾക്ക് … ഞാനാരാണെന്ന് അറിയിച്ചു കൊടുക്കുന്നുണ്ട് .. ” ബെഞ്ചമിൻ ഫോണിലൂടെ അലറി ..
” അവൾക്ക് നിങ്ങളോട് സംസാരിക്കാൻ പേടിയാണ് … പ്ലീസ് .. അവളെ വെറുതെ വിട്ടേക്ക്…. ” മയി ഒരുപടി താഴ്ന്നു ..
ക്ടിം ………
എന്തോ കുപ്പിച്ചില്ലുടയുന്ന ശബ്ദം മയി ഫോണിലൂടെ കേട്ടു .. ഒപ്പം ബെഞ്ചമിന്റെ അലർച്ചയും …
” പേടിയോ … അവൾക്കോ .. ഞങ്ങടെ കൂടെ മാറി മാറി കിടന്നപ്പോ അവൾക്ക് പേടിയൊന്നുമില്ലായ്രുന്നല്ലോ .. എന്നിട്ടിപ്പോ പേടി പോലും … തുഫ് …… നീയാ ഫോണവൾക്ക് കൊടുക്കെടി … അവളുടെ പേടി ഈ ബെഞ്ചമിൻ മാറ്റിക്കൊടുക്കാം … ” അവന്റെ പുലഭ്യം കേട്ട് മയിയുടെ തൊലിയുരിഞ്ഞു പോയി .. അവൾ നിവയുടെ നേർക്ക് കണ്ണോടിച്ചു …
തന്നോടവൻ ഒന്നും പറയില്ലെന്ന് മയിക്ക് മനസിലായി …
” നിന്നോട് സംസാരിക്കണമെന്നാ പറയുന്നേ …. ” മയി ഫോൺ മാറ്റിപ്പിടിച്ച് നിവയോട് ശബ്ദം താഴ്ത്തി പറഞ്ഞു …
” എനിക്ക് വയ്യ ഏടത്തി … പ്ലീസ് .. എനിക്ക് പേടിയാ …. ” നിവയുടെ കാൽ തുള്ളി വിറയ്ക്കുന്നത് മയി കണ്ടു …
” സാരമില്ല …ഞാനുണ്ട് കൂടെ … നീ സംസാരിക്ക് … ബാക്കി ഞാനേറ്റു …..” പറഞ്ഞിട്ട് മയി ഫോൺ സ്പീക്കറിലിട്ട് നിവയുടെ അടുത്തേക്ക് നീട്ടിപ്പിടിച്ചു ..
നിവ വീണ്ടും മടിച്ചു … മയി കണ്ണടച്ചു കാട്ടി ധൈര്യം പകർന്നു …
” ഹ ….. ലോ ……….” നിവയുടെ കീഴച്ചുണ്ട് വിറച്ചുകൊണ്ടിരുന്നു .. താടിയിൽ വിയർപ്പുമണികളടർന്നു …
” നിനക്കെന്താടി ഫോണെടുക്കാനിത്ര മടി …….” കേട്ടാലറയ്ക്കുന്ന തെറിയോടൊപ്പം ബെഞ്ചമിൻ ചോദിച്ചു …
നിവയ്ക്ക് ശബ്ദം പുറത്തേക്ക് വന്നില്ല ..
” ഞാൻ നിന്നോടാവശ്യപ്പെട്ട കാര്യങ്ങളിൽ ഒന്ന് നീ തെറ്റിച്ചു … അതിനുള്ള ശിക്ഷ നീയനുഭവിക്കാൻ പോകുന്നതേയുള്ളു . .. നിന്നോട് ഞാൻ പറഞ്ഞതല്ലേടി പുന്നാര മോളെ ഒറ്റ തെണ്ടികളോടും ഒന്നും പറയരുതെന്ന് … ” ബെഞ്ചമിന്റെ ശബ്ദം കുഴഞ്ഞു തുടങ്ങിയിരുന്നു ..
നിവ പൊട്ടിക്കരഞ്ഞു ..
മയി പെട്ടന്ന് ഫോൺ സ്പീക്കർ മാറ്റി കാതോടു ചേർത്തു …
” ബെഞ്ചമിൻ … അവളെന്നോട് പറഞ്ഞതല്ല … ഞാനവളുടെ ഫോൺ പരിശോധിച്ചു കണ്ടു പിടിച്ചതാ .. . ഇത്രയും സമയം ഫോണെന്റെ കസ്റ്റഡിയിലായിരുന്നു ..അത് കൊണ്ടാ അവൾ ഫോണെടുക്കാതിരുന്നത് …..” അവനെന്തെങ്കിലും പറയും മുന്നേ മയി പറഞ്ഞു …
” യൂ … ബ്ലഡി ബിച്ച്… നീയെന്തിനാടി ഇതിൽ തലയിടുന്നത് .. നീയൊരുത്തിയാ എല്ലാറ്റിനും കാരണം …..” അവന്റെ കടപ്പല്ല് ഞെരിഞ്ഞു ..
മയിക്ക് അവന്റെ കരണം പുകച്ചൊന്നു പൊട്ടിക്കാൻ തോന്നിപ്പോയി …. കണ്മുന്നിൽ കിട്ടിയിരുന്നെങ്കിൽ അവളത് ചെയ്തേനെ ..
” സമ്മതിച്ചു .. ഞാനാ കാരണം .. സീ ബെഞ്ചമിൻ … ഞങ്ങളിനി നിവയെ ആ കോളേജിലേക്ക് വിടില്ല .. കഴിഞ്ഞതൊക്കെ കഴിഞ്ഞു … ദയവു ചെയ്ത് നിങ്ങളിനി അവളെ ഉപദ്രവിക്കരുത് … പ്ലീസ് …. ” മയി സകല ദേഷ്യവും കടിച്ചമർത്തി ,ശാന്തയായി പറഞ്ഞു …
” വിടില്ലാന്ന് നീയങ്ങ് തീരുമാനിച്ചാൽ മതിയോ … അവൾ പറയട്ടെ .. നീയവൾടെ കൈയിൽ ഫോൺ കൊടുക്ക് .. ” ബെഞ്ചമിൻ ആവേശത്തോടെ പറഞ്ഞു ..
” അറിയാം … നീ അവൾടെ വീഡിയോ വച്ച് ഭീഷണിപ്പെടുത്തുന്നത് .. ബെഞ്ചമിൻ പ്ലീസ് .. അവളെ വെറുതെ വിടു .. അവൾക്കൊരു തെറ്റു പറ്റിപ്പോയതാ .. ഇനിയതിലേക്ക് അവളെ വലിച്ചിടരുത് .. അവളതാഗ്രഹിക്കുന്നില്ല .. ഒന്നുമല്ലെങ്കിലും നിന്നെ വിശ്വസിച്ച് സ്നേഹിച്ച പെണ്ണല്ലേ അവൾ .. അവളെ വിട്ടേക്ക് … പ്ലീസ് .. ” മയി കെഞ്ചി ..
” ഹ … ഹ … ഹ … ബെഞ്ചമിനെയൊരുപാട് പെണ്ണുങ്ങൾ ഇങ്ങനെ ആത്മാർത്ഥമായിട്ട് സ്നേഹിച്ചിട്ടുണ്ട് .. സ്നേഹിക്കുന്നുമുണ്ട് .. അവളുമാർക്ക് ആവശ്യമുള്ളത് ഞാൻ കൊടുക്കുന്നുമുണ്ട് .. സംശയമുണ്ടെങ്കിൽ നീ നിന്റെ അനിയത്തിയോട് തന്നെ ചോദിക്ക് ……” അവന്റെ അശ്ലീലച്ചിരി മയി കേട്ടു …
” ഛെ ….”
മയി അറപ്പോടെ ചെവിയിൽ നിന്ന് ഫോൺ മാറ്റിപ്പിടിച്ചു ..അവൾക്കത് എറിഞ്ഞു പൊട്ടിക്കാനുള്ള ദേഷ്യം തോന്നി ..
വൃത്തികെട്ടവൻ …..!
ഒന്ന് രണ്ട് നിമിഷങ്ങൾക്ക് ശേഷം മയി വീണ്ടും ഫോൺ ചെവിയോട് ചേർത്തു …
മറുവശത്ത് അവന്റെ ഹലോ കേൾക്കാമായിരുന്നു …
” ബെഞ്ചമിൻ … നിങ്ങൾക്കെന്താ വേണ്ടത് … പണമാണോ ….?” മയി സഹികെട്ട് ചോദിച്ചു …
” പണമോ …. ആർക്കു വേണം പണം ….. ആണെങ്കിൽ തന്നെ നീ തരുമോ … ബെഞ്ചമിനെ വാങ്ങാനുള്ള പണമൊക്കെ നിന്റെ കൈയിലുണ്ടോ … ” അവൻ പരിഹസിച്ചു ചിരിച്ചു …
” പിന്നെയെന്താ നിങ്ങടെയാവശ്യം … പറ … എന്തായാലും നിവയെ ഞങ്ങൾ വിട്ടു തരില്ല … ഒരു കോംപ്രമൈസ് നിന്റെ ഭാഗത്തു നിന്നുണ്ടായേ പറ്റൂ …..” മയി ഉറച്ച ശബ്ദത്തിൽ പറഞ്ഞു ..
ബെഞ്ചമിൻ വല്ലാതെ ചിരിച്ചു …
” എന്നാൽ നീയൊരു കാര്യം ചെയ് .. അവൾക്കു പകരം നീ വാ .. ആ പഴയ ഹോട്ടലിൽ വന്നാൽ മതി … മൂന്നാലു ദിവസം ഞങ്ങടെ കൂടെ ഹണിമൂണാഘോഷിച്ചു തിരിച്ചു പോകാം .. ഫുൾ ചിലവ് ഞങ്ങടേത് …….” അവൻ അശ്ലീലച്ചുവയോടെ ചിരിച്ചു …
മയി ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു .. അവളുടെ സർവനാഡികളും അപമാനം കൊണ്ടു പുളഞ്ഞു .. അറപ്പോടെ അവൾ മുടിയിലേക്ക് വിരൽ കയറ്റി വലിച്ചു … ദേഹത്ത് ആരോ തുപ്പിയിട്ട പ്രതീതിയായിരുന്നു …
ഒരു വേള അവൾക്ക് നിവയോട് തന്നെ ദേഷ്യം തോന്നിപ്പോയി .. കുറച്ച് സമയം വേണ്ടി വന്നു മയിക്ക് സമനില വീണ്ടെടുക്കാൻ ….
എല്ലാമൊരു നെടുവീർപ്പിൽ ഒതുക്കിക്കൊണ്ട് അവളാ ഫോൺ കൈയെത്തിച്ച് എടുത്തു നോക്കി … ബെഞ്ചമിന്റെ കോൾ കട്ടായിരുന്നു …
അവൻ തിരിച്ചു വിളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല ……
മയി നിവയുടെ ഫോണിൽ നിന്ന് തന്നെ നിഷിനെ വിളിച്ചു ….
” ഹലോ .. വാവേ ……”
റിംങ് തീരാറായപ്പോൾ നിഷിന്റെ വാത്സല്യം നിറഞ്ഞ സ്വരം മയി കേട്ടു ….
” വാവയല്ല നിഷിൻ ….. ഞാനാ ……”
” ആഹാ … എന്താടോ ഭാര്യേ … ഉറങ്ങാൻ കിടന്നോ നീ …….” അവൻ പ്രണയവായ്പോടെ ചോദിച്ചു ..
” ഒരു പ്രശ്‌നമുണ്ട് നിഷിൻ .. . ” മയി എഴുന്നേറ്റ് റൂം തുറന്ന് പുറത്തിറങ്ങി ബാൽക്കണിയിലേക്ക് നടന്നു .. .
നടന്നതെല്ലാം അവളവനോട് വിശദീകരിച്ചു ….
” നീയവന്റെ കോൺടാക്റ്റ് എനിക്ക് വാട്സപ്പ് ചെയ് …. ” എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അരിശത്തോടെ നിഷിൻ പറഞ്ഞു …
” നീയിപ്പോ അവനെ വിളിക്കണ്ട .. അത് സെയ്ഫല്ല … ” മയി നിഷിനെ തടഞ്ഞു ..
” നീയതയയ്ക്ക് മയി … വേണ്ടത് ഞാൻ ചെയ്തോളം.. ” അവൻ കടുപ്പിച്ചു പറഞ്ഞു …
” ശരി ….”
അവൾ പിന്നെയൊന്നും പറഞ്ഞില്ല ….
” ഈ ഫോണിനി നീയവൾക്ക് കൊടുക്കണ്ട …..” അവൻ പറഞ്ഞു …
മയി മൂളിക്കേട്ടു …
” നാളെ ഞങ്ങൾ വാവയെ കൗൺസിലിംഗിന് കൊണ്ടുപോകാനിരിക്കുകയായിരുന്നു …. “
” ആ .. അതേട്ടനെന്നെ വിളിച്ചു പറഞ്ഞിരുന്നു … അതൊന്നും മുടക്കണ്ട .. ” അവൻ നിർദ്ദേശിച്ചു .. .
” ശരി ……”
സംസാരിച്ച് കഴിഞ്ഞ് ഫോൺ കട്ട് ചെയ്തിട്ട് മയി ബെഞ്ചമിന്റെ നമ്പർ നിഷിന് വാട്സപ്പ് ചെയ്തു കൊടുത്തു ….
* * * * * * * * * * *
പിറ്റേന്ന് ഓഫീസിൽ പോകാൻ നേരം മയി നിവയുടെ ഫോൺ കൂടി കൈയിലെടുത്തു …
” ഈ ഫോൺ ഞാൻ കൂടെ കൊണ്ടു പോകുവാ ….. നിനക്കാരെയെങ്കിലും വിളിക്കാനുണ്ടെങ്കിൽ ഇവിടെ വേറാരുടെയെങ്കിലും ഫോണിൽ നിന്ന് വിളിക്കു കേട്ടോ … ആ പിന്നെ ബാംഗ്ലൂരിലെ നിന്റെ ഒറ്റ ഫ്രണ്ട്സിനെയും വിളിക്കണ്ടയെന്ന് രാവിലെ നിഷിൻ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു .. ” മയി പറഞ്ഞു ..
നിവയുടെ കണ്ണുകളിൽ ആശങ്ക നിഴലിച്ചു ..
” എന്താ ഏട്ടത്തി .. ? “
” ഏയ് … നീ പേടിക്കണ്ട … സമാധാനമായിട്ടിരിക്ക് .. പിന്നെ ഡാൻസ് പ്രാക്ടീസ് മുടക്കണ്ട … കേട്ടോ ….” മയി അവളുടെ താടിത്തുമ്പിൽ തൊട്ടു ആശ്വസിപ്പിച്ചു ..
അവൾ തലയാട്ടി …
” വൈകിട്ട് റെഡിയായി നിൽക്കണം .. പറഞ്ഞതോർമയുണ്ടല്ലോ ….”
അതിനും നിവ സമ്മതം മൂളി …
മയി അവളോട് യാത്ര പറഞ്ഞിട്ട് ഓഫീസിലേക്ക് പോയി …
ഉച്ചയ്ക്ക് കിച്ച മയിയെ വിളിച്ചു .. മിക്കവാറും രണ്ടു മാസത്തിനുള്ളിൽ തന്നെ പോകേണ്ടി വരുമെന്നറിയിച്ചു .. അതിനുള്ളിൽ അമ്മയുടെ സമ്മതം വാങ്ങിക്കണമെന്ന് ഓർമിപ്പിച്ചു …
മൂന്നര മണി കഴിഞ്ഞപ്പോൾ തന്നെ മയി ഓഫീസിൽ നിന്നിറങ്ങി .. അവളെത്തുമ്പോഴേക്കും നിവ റെഡിയായി നിൽപ്പുണ്ടായിരുന്നു …
മയി വന്ന് വേഗം ഫ്രഷായി നിവയെയും കൂട്ടിയിറങ്ങി … ഒരു ഓട്ടോ വിളിച്ച് ഇരുവരും കൂടി നവീന്റെ ഹോസ്പിറ്റലിനു മുന്നിലിറങ്ങി .. അവിടെ നവീൻ അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു ..
* * * * * * * *
ഏഴു മണിയായി അവർ തിരിച്ചെത്തിയപ്പോൾ … നിവയുടെ കാർമേഘം മൂടിയ മുഖത്തിന് ചെറിയൊരയവ് വന്നിട്ടുണ്ടെന്ന് മയിക്കു തോന്നി …
അപ്പൂസിനെ എടുത്തു കൊഞ്ചിച്ചു കൊണ്ട് നടക്കുന്ന നിവയെ നോക്കി മയി നിന്നു ..അവളെ എപ്പോഴും ഉല്ലാസവതിയായി കാണാനാണ് താനാഗ്രഹിക്കുന്നത് …
ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങിയതിനാൽ കുറച്ചു വർക്കുകൾ പെന്റിംഗ് ആയിരുന്നു .. കുളിച്ചു വന്നിട്ട് മയി ലാപ്പുമായി ബാൽക്കണിയിൽ വന്നിരുന്നു …
മയിയുടെ ഫോണിനൊപ്പം നിവയുടെ ഫോണും അവൾ അടുത്ത് കൊണ്ടു വച്ചിരുന്നു ….
ഇടയ്ക്ക് മയി തന്റെ ഫോണെടുത്ത് നിഷിന്റെ നമ്പറിലേക്ക് വിളിച്ചുവെങ്കിലും അവനപ്പോൾ കോളെടുത്തില്ല ..
തൊട്ടരികിൽ വസ്ത്രങ്ങളുലയുന്ന ശബ്ദം കേട്ടപ്പോൾ മയി ലാപ്പിൽ നിന്ന് മുഖമുയർത്തി നോക്കി .. വാവയാണ് ….!
” എന്താടി ……?” സ്ക്രീനിലേക്ക് തന്നെ മിഴിയുറപ്പിച്ചു കൊണ്ട് മയി ചോദിച്ചു …
അവൾ വെറുതെ ചിരിച്ചു … പിന്നെ ബാൽക്കണിയിലേക്കിറങ്ങി നിലാവിനെ നോക്കി നിന്നു …
ആകാശത്ത് ഒരോട്ടു കിണ്ണം കണക്കെ ചന്ദ്രനും മിന്നാമിനുങ്ങിനെ വാരി വിതറിയതുപോലെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്ര കുഞ്ഞുങ്ങളും നിറഞ്ഞ ആകാശത്തിന്റെ ഭംഗി കണ്ടപ്പോൾ എന്തുകൊണ്ടോ പ്രദീപിന്റെ മുഖം നിവയുടെ മനസിലേക്ക് വന്നു …
ഇടക്കിടക്കെങ്കിലും അയാളെ താനെന്തിനാണോർക്കുന്നത് …
അവൾ തല തിരിച്ച് മയിയെ നോക്കി …
” ഏട്ടത്തി ………” അവൾ വിളിച്ചു …
” ങും പറ ……”
” ഏട്ടത്തീടെ ഫ്രണ്ടിനെ വിളിച്ചൊരു താങ്ക്സ് പറഞ്ഞാരുന്നോ ….?”
” ഏത് ഫ്രണ്ട് …. ” ലാപ്പിൽ നിന്ന് മുഖമുയർത്താതെ മയി ചോദിച്ചു …
” അന്ന് നമ്മൾ കണ്ട .. ആ ചഞ്ചലിന്റെ കാര്യത്തിന് ഹെൽപ്പ് ചെയ്ത …..” പേരറിയാമായിരുന്നിട്ടും അവളത് ചോദിച്ചില്ല ..
ഇത്തവണ മയിയുടെ നോട്ടം നിവയിലേക്കെത്തി …
” പ്രദീപിനെയാണോ …? “
” ആ …….”
” ങും അത് പറഞ്ഞു ……”
” ഏട്ടത്തീടെ കോളേജ്മേറ്റാണോ? “
” ങും …….”
” എവിടാ വർക്ക് ചെയ്യുന്നേ .. ?”
” അവന്റെ ചാനൽ അടുത്ത് തന്നെ ലോഞ്ച് ചെയ്യും .. അവന്റെ വൈഫിന്റെ ഫാമിലിടെ ഓണർഷിപ്പിൽ …..”
പ്രദീപ് മാരീഡാണെന്നറിഞ്ഞപ്പോൾ നിവയുടെ മുഖം വാടി …
തനെന്തിന് അതോർത്ത് വിഷമിക്കണം … അല്ലെങ്കിൽ തന്നെ തനിക്കിനി പ്രണയിക്കാൻ പോലുമുള്ള അവകാശമില്ലല്ലോ …. അവൾ സ്വയം പറഞ്ഞു …
” ഏട്ടത്തിടെ കോളേജ്മെറ്റാണോ …..?” നിവ പിന്നെയും ചോദിച്ചു …
” അതെ ………”
മയിക്കെന്തോ നിവയുടെ ചോദ്യങ്ങൾ വല്ലാതെ അലോസരപ്പെടുത്തി … പ്രദീപിനെക്കുറിച്ചുള്ള ടോപ്പിക് നീട്ടികൊണ്ടു പോകാൻ മയിക്കു തോന്നിയില്ല …
” അപ്പൂസെവിടെ ……?” മയി നിവയെ നോക്കി ചോദിച്ചു …
” ഏട്ടന്റെ അടുത്തുണ്ട് … ഏട്ടനെ കിട്ടിയാൽ പിന്നെ അവൾക്കാരേം വേണ്ടല്ലോ …. ” നിവ ചെറുചിരിയോടെ പറഞ്ഞു
മയി പുഞ്ചിരിച്ചു ..
അടുത്ത നിമിഷം മയിയുടെ അടുത്തിരുന്ന രണ്ടു ഫോണുകളിലൊന്നു ചിലച്ചു … എവിടെയോ ഒരു കാലൻ കോഴി നീട്ടിക്കൂവി …..
( തുടരും )
അമൃത അജയൻ
അമ്മൂട്ടി
അമൃത അയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
നിവ ഊരാകുടുക്കിലാ …..ഇനിയെല്ലാം മയിയുടെ മിടുക്ക് പോലിരിയ്ക്കും …. മയിയുടെ പോസിറ്റീവ് എനർജി ഒത്തിരിയിഷ്ടായി ….. ഏതു പ്രതിസന്ധിയിലും തളരാത്ത ഒരു ക്വാരക്ടർ ….. സൂപ്പർ….. അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു ….