നിവയുടെ ഫോണാണ് ശബ്ദിച്ചത് … മയി അതെടുത്തു നോക്കി …
നിവ സേവ് ചെയ്തിട്ടില്ലാത്ത ഏതോ നമ്പറിൽ നിന്നാണ് കാൾ … അവൾ നിവയെ നോക്കി … അവളും ഫോണിലേക്ക് തുറിച്ചു നോക്കി നിൽപ്പാണ് ..
” ബെഞ്ചമിനല്ല …. ബട്ട് ” മയി സംശയത്തോടെ പറഞ്ഞു … ……….
അവളുടെ വാക്കുകളിൽ ഒരപകട സൂചനയുണ്ടായിരുന്നു …
റിങ്ങ് കഴിയും മുൻപേ മയി കോൾ ബട്ടണിൽ വിരലമർത്തി ചെവിയോടടുപ്പിച്ചു …
മറുവശത്ത് നിന്ന് ഒരമർത്തിയ ചിരിയാണ് ആദ്യം കേട്ടത് …
” നിവ രാജശേഖർ …………..”
കൊല്ലുന്ന ചിരിയുടെ അകമ്പടിയോടെ അജ്ഞാതൻ മുരണ്ടു …
മയി മറുപടി പറയാൻ തുടങ്ങിയതും അതിനു തടയിട്ടെന്നവണ്ണം അജ്ഞാതന്റെ പതിഞ്ഞ സ്വരം അവളുടെ വീണ്ടുമവളുടെ കാതിൽ വീണു …
” അല്ല …. ദയാമയി ….. ദയാമയി നന്ദകുമാർ … റൈറ്റ് ……..?”
മയിയുടെ നെറ്റിയിൽ ചുളിവു വീണു … തന്റെ സർട്ടിഫിക്കറ്റുകളിൽ മാത്രമാണ് ദയാമയി നന്ദകുമാർ എന്നുള്ളത് … താൻ സ്വയം ഇൻട്രൊഡ്യൂസ് ചെയ്യുന്നത് ദയാമയി എന്ന് മാത്രമാണ് .. അടുപ്പമുള്ളവർക്കു പോലും തന്റെ ഫുൾ നെയിം അറിയാനിടയില്ല …
” ഹലോ ……… ആർ യു ദേർ ………” മറുപടിയൊന്നും കിട്ടാഞ്ഞതിനാൽ അയാൾ ഒരു റോബോർട്ട് എന്ന പോലെ ഉച്ചരിച്ചു …
” ഹലോ ………. ” മയി തിരിച്ച് ഹലോ പറഞ്ഞു ….
” ദയാമയി ….?”
” യാ ……… ഹു ആർ യു ? “
” ണോ ….ണോ …..ണോ ……. ഡോണ്ട് ആസ്ക് ക്വൊസ്റ്റ്യൻസ് ടു മി … എനക്കത് ഇസ്തമല്ല …..”
അയാളുടെ മലയാള ഉച്ചാരണത്തിൽ നിന്ന് വിളിച്ചയാൾ മലയാളിയല്ലെന്ന് മയി ഊഹിച്ചു …
അവൾ മിണ്ടാതെ നിന്നു … എന്താണ് വേണ്ടതെന്ന ചിന്തയിലായിരുന്നു അവൾ .. പെട്ടന്ന് മയി ഫോണെടുത്ത് കോൾ റെക്കോർഡിംഗിലാണോ എന്ന് നോക്കി .. മുൻപൊരിക്കൽ നിവയോട് കോൾറിക്കോർഡിംഗ് ആക്ടീവാക്കിയിടാൻ മയി പറഞ്ഞിരുന്നു … അവളത് അക്ഷരംപ്രതി അനുസരിച്ചിരുന്നു ..
മയി ഫോൺ തിരികെ കാതോട് ചേർത്തു …
” ദയാമയി ……..” അജ്ഞാതൻ വിളിച്ചു …
” പറഞ്ഞോളൂ …….”
” ഒറു കോംപ്രമൈസിന് റെഡിയാണോ …? ” അയാളുടെ കൗശല കണ്ണുകൾ മയി മനസിൽ കണ്ടു …
” എന്ത് കോംപ്രമൈസ് ………”
അഞ്ജാതൻ അമർത്തിച്ചിരിച്ചു …
” ഐ നോ .. ഐ നോ യൂ ആർ വെരി … വെരി സ്മാർട്ട് .. ബട്ട് …. ഡോണ്ട് പ്ലേ വിത് മി …….. ” അതൊരു വാർണിംഗാണെന്ന് മയിക്ക് തോന്നി ….
അവൾ മിണ്ടാതെ നിന്നു …
” നീ ഇത് പോലൊറു കോൾ പ്രതീഷ്ച്ചിർന്നൂന്ന് എനക്കറിയാം .. അത് ആരിക്ക് വേന്റിയാണിന്നും എണക്കറിയാം …. ണീ കാത്തിർന്ന കോള് തന്നെയാണിത് … നാൻ ചോദിക്കുന്നത് നീ ഒറു കോംപ്രമൈസിന് തയ്യാറാണോ എന്നാണ് .. ഇന്നലെ നീ അങ്ങനൊരു കാറ്യം സൂചിപ്പിച്ചിറുന്നു ബഞ്ചമിനോട് … ” അയാൾ ചെറുതായി ചിരിച്ചു ….
” ഹി ഈസ് മൈ ബോയ് ….” അത് പറയുമ്പോൾ അയാളുടെ വാക്കുകളിൽ അഭിമാനം തുളുമ്പുന്നത് മയി തിരിച്ചറിഞ്ഞു ..
” പറഞ്ഞോളു …….” മയി അർത്ഥസമ്മതം പോലെ പറഞ്ഞു …
” പറയാം … അതിനു മുൺപ് നീ നിന്റെ മെയിൽ ഒന്ന് ചെക്ക് ചെയ്യൂ … ” അയാൾ നിർദ്ദേശിച്ചു …
മയിയുടെ കഴുത്തിലൂടെ വിയർപ്പ് ചാലിട്ടു .. അവളറിയാതെ തന്നെ ഒരു ഭയം അവളെ വലയം ചെയ്തിരുന്നു … ധൈര്യമൊക്കെ ചോർന്നു പോകുന്നതു പോലെ …
അവൾ മുഖം അമർത്തി തുടച്ചു കൊണ്ട് ടീപ്പോയിലിരുന്ന ലാപ്പിലേക്ക് നോക്കി .. പിന്നെ ചെയറിലേക്ക് വന്നിരുന്ന് മെയിൽ ബോക്സ് ഓപ്പൺ ചെയ്തു …
രാഘേശജാരാവിൻ20 എന്ന ജിമെയിൽ ഐഡിയിൽ നിന്ന് പുതിയൊരു മെയിൽ വന്നു കടപ്പുണ്ടായിരുന്നു ..
” മെയിൽ നോക്കിയോ …….” ഉടൻ തന്നെ കൊല്ലുന്ന ചിരിയുടെ അകമ്പടിയോടെ ഫോണിൽ നിന്ന് ചോദ്യം വന്നു ..
മയി ഞെട്ടിപ്പോയി …
” ആ …………” അവൾ യാന്ത്രികമായി പറഞ്ഞു …
” റാഘേശജാറാവിൻ20 എന്ന മെയിൽ ഐഡിയിൽ നിന്ന് നിണക്കൊരു മെയിൽ വന്നിട്ടുണ്ട് .. അതൊന്നു റ്റുറന്നു നോക്ക് …. ” അയാൾ ആജ്ഞാപിച്ചു …
ആ മെയിൽ ഓപ്പൺ ചെയ്തു അതിലൂടെ കണ്ണോടിച്ച മയിയുടെ ശ്വാസം നിലച്ചു … നിവയുടെ ഫോട്ടോസും വീഡിയോസുമായിരുന്നു അത് .. ഒരിക്കൽ കൂടി അതിലേക്ക് നോട്ടമയയ്ക്കാനുള്ള ശേഷി മയിക്കില്ലായിരുന്നു …
തന്റെ കുഞ്ഞനുജത്തിയെ …..
മയിയുടെ കാലും കൈയും വിറച്ചു … തൊണ്ട വറ്റിവരണ്ടു … അവൾ മുഖമുയർത്തി നിവയെ നോക്കി … ബാൽക്കണിയുടെ അരഭിത്തിയിൽ ചാരി മയിയെ നോക്കി ഉദ്വോഗത്തോടെ നിൽക്കുകയായിരുന്നു അവൾ ..
മയിയുടെ മുഖഭാവം കണ്ട നിവ , അവൾക്കടുത്തേക്ക് വരാൻ തുനിഞ്ഞതും അവൾ മെയിൽ ബോക്സ് ക്ലോസ് ചെയ്തു കളഞ്ഞു …
നിവ മയിയുടെ അരികിൽ വന്ന് സ്ക്രീനിലേക്ക് നോക്കിയെങ്കിലും ഒന്നും കണ്ടില്ല …..
മയിയുടെ കാതോരം ചേർന്നിരുന്ന ഫോണിൽ ചിരിയുയർന്നു … അയാൾ നിർത്താതെ ചിരിച്ചു …
അയാളുടെ വന്യമായ ചിരി മയിയുടെ ജീവൻ പറിച്ചെടുക്കാൻ പോന്നതായിരുന്നു …
” ദയാമയി ……..” അലറും പോലെ അയാൾ വിളിച്ചു …
മയി ശ്വാസമറ്റിരിക്കുകയായിരുന്നു … അവളിൽ നിന്ന് ഒച്ച പുറത്തേക്ക് വന്നില്ല …
” നീ മെയിൽ കണ്ടുവോ …..?” അയാൾ ശാന്തനായി ചോദിച്ചു …
” ആഹ് …. …. ആ ..” അവൾ വാക്കുകൾക്കായി തപ്പി തടഞ്ഞു …
” കണ്ടള്ളോ … നിന്റെ പൊണ്ണ് … ഏതൊക്കെയോ ചെറുപ്പക്കാരുടെ കൂടെ … അവൾക്ക് പോളും അറിയില്ല അവറാറാന്ന് … പാവം … ബോധമില്ലായിരുന്നു … ” അയാൾ പരിതപിക്കുന്നത് പോലെ നടിച്ചു പരിഹസിച്ചു ചിരിച്ചു …
” പറയ് … ഞങ്ങളെന്താ വേണ്ടത് ….?” ആദ്യത്തെ മരവിപ്പുകൾ വിട്ട് മയി എന്തും നേരിടാൻ സന്നദ്ധയായ മട്ടിൽ ചോദിച്ചു .. ഭയന്നു നിന്നിട്ട് കാര്യമില്ലെന്ന് അവൾക്കുറപ്പായിരുന്നു …
” ഗുഡ്….. ഈ സ്പോർട്സ്മാൻ സ്പിറിറ്റാണ് വേണ്ടത് … ” അയാൾ വേട്ടക്കാരനെപ്പോലെ ചിരിച്ചു ..
” ഇനി പറയാം … എണക്കാവശ്യം ഒറു ഒപ്പും സീളുമാണ് … നിന്റെ ഹസ്ബന്റിന്റെ … “
മയിയുടെ കണ്ണ് തുറിച്ചു .. ആ നിമിഷം മയിക്കെല്ലാം വ്യക്തമായി .. ഒരു നേർത്ത സംശയം അവൾക്കുണ്ടായിരുന്നു ഇതിനു പിന്നിൽ ആലപ്പുഴയിലെ പ്രോജക്റ്റുമായി ബന്ധമുള്ളവരുണ്ടോ എന്ന് .. ഇപ്പോൾ അവൾക്കുറപ്പായി .. അയാൾ പറഞ്ഞു വരുന്നത് താൻ കരുതിയിരുന്നിടത്തേക്ക് തന്നെയാണ് … ആലപ്പുഴയിലെ അവരുടെ പദ്ധതിക്കെതിരെ നിഷിൻ നൽകിയ റിപ്പോർട്ട് പിൻവലിച്ച് അവർക്കനുകൂലമായി റിപ്പോർട്ട് നൽകി അതിന് അനുമതി നൽകണം … അതിനു വേണ്ടി ആ നീചന്മാർ കുരുക്കിയത് പാവം ഒരു പെൺകുട്ടിയെ …
അവളുടെ മനസിലേക്ക് ആദർശിന്റെ മുഖം തെളിഞ്ഞു വന്നു … അവൻ കൂടി അറിഞ്ഞു കൊണ്ടാവുമിത് ..
ഈ വീടിനോട് ചേർന്ന് നിന്ന് കൊണ്ട് അവനെങ്ങനെ ഈ ക്രൂരത ചെയ്യാൻ കഴിഞ്ഞു .. !
” ദയാമയിക്ക് കാറ്യങ്ങൾ മനസിളായിക്കാണും എന്ന് എനക്കറിയാം .. എന്നാലും പറയാം .. ആലപ്പുളയിലെ എന്റെ പ്രോജക്ട് .. നിന്റെ ഹസ്ബന്റ് കാറണം അത് മൊടങ്ങിപ്പോയി .. അയാളെ സ്ഥലം മാറ്റി , പകരം ഒറാളെ കൊണ്ടു വന്നു ചെയ്യാമെന്നു വച്ചാൽ .. നിഷിൻ കൊടുത്ത റിപ്പോർട്ട് തിറുത്തണം … അങ്ങനെ സംഭവിച്ചാൽ കൊറേ പരിസ്ഥിതി സംരക്ഷകറും അവറും എവ്റും ചോദ്യങ്ങൾ ,സമറങ്ങൾ എല്ലാം കൂടെ പ്രശ്നമാണ് … അത് നിഷിൻ തന്നെ ചെയ്താൽ ഈ ഹെഡേക്ക് ഒഴിവാക്കാം .. ഒരു ചെറിയ മിസ്റ്റേക്ക് പട്ടിയതാന്ന് പറഞ്ഞാൾ മതി .. പാവങ്ങൾ വിസ്വസിച്ചോളും .. അതിനു വേണ്ട കൺവീൻസിംങ് ആയ പോയിന്റ്സ് ഒക്കെ എന്റെയാളുകൾ പറഞ്ഞു തറും…. “
മയിയുടെ ശ്വാസതാളമുയർന്നു … എന്താണയാളോട് പറയേണ്ടത് … പറ്റില്ലെന്ന് പറയാം … ആ നിമിഷം അവളുടെ മനസിലേക്ക് അയാളയച്ച മെയിൽ ഓർമ വന്നു …
അത് വച്ച് ബ്ലാക്ക് മെയിൽ ചെയ്യാനാണുദ്ദേശം ….
ഇതൊക്കെ മുൻപേ കരുതിയിരുന്നതാണ് .. പക്ഷെ അത് കൺമുന്നിൽ കണ്ടപ്പോൾ അവളുടെ ധൈര്യമൊക്കെ വാർന്നു പോയി ..
” ഞങ്ങൾക്കാലോചിക്കണം …..” ഒടുവിലവൾ പറഞ്ഞു …
” ങും … ങും …. ആലോചിക്കാം … പക്ഷെ ഒറു കാര്യം .. പോലീസിനെ ഇൻഫോം ചെയ്താൽ അറിയാലോ തൊട്ടടുത്ത സെക്കന്റിൽ നിങ്ങളുടെ കുട്ടിയെ ഈ ലോകം മുഴുവൻ കാണും … അതിബുദ്ധി ഉപയോഗിച്ച് ഈ നമ്പറിലൂടെയോ ആ മെയിൽ ഐഡി വഴിയോ എന്നിളേക്കെത്താം എന്നാണുദ്ദേശമെങ്കിൽ നടക്കില്ല … ആ മെയിൽ ഐഡി.. റാഘേശജാറാവിൻ എന്താണെന്നറിയോ … വെറുതെ അതൊന്നു തിരിച്ചു വായിച്ചു നോക്ക് … ” അയാൾ അമർത്തി ചിരിച്ചു …
മയി മനസിൽ ആ ജംഗ്ലീഷ് അക്ഷരങ്ങൾ കൺസ്ട്രക്ട് ചെയ്തു .. പിന്നെ തിരിച്ചു വായിച്ചു നോക്കി …
നിവ രാജശേഖർ .. !
അവളൊന്നു നടുങ്ങി …
അടുത്ത നിമിഷം അവളുടെ ചെവിയോട് ചേർന്നിരുന്ന ഫോണിൽ കൊല ചിരിയുയർന്നു …
” ദയാമയി പേടിച്ചു അല്ലേ …. അതാണ് ഞാൻ … അതവൾക്കു വേണ്ടി ഞാനുണ്ടാക്കിയ മെയിൽ ഐഡിയാണ് .. അവൾക്കു വേണ്ടി പല സിം കണക്ഷൻസ് എള്ളാം ഞാൻ റെഡിയാക്കിയിട്ടുണ്ട് .. സോ ഒരു ട്വന്റി ട്വന്റി ഗെയിമിന് ശ്രമിക്കരുത് .. ആ പെണ്ണിനെ നിങ്ങൾക്ക് വേണമെങ്കിൽ … വേണമെങ്കിൽ മാത്രം ഹസ്ബന്റിനെ കാറ്യങ്ങൾ പറഞ്ഞു മനസിലാക്കുക …… ഒറു ദിവസം മുഴുവൻ ഞാൻ സമയം തറും … അത് കഴിഞ്ഞ് ഏത് നിമിഷവും ഞാൻ വിളിക്കും … എനിക്കുള്ള മറുപടിക്കായ് … ബൈ ….. ” അത്രയും പറഞ്ഞ് അയാൾ കാൾ അവസാനിപ്പിച്ചു …
മയി സ്തംഭിച്ചു നിന്നു … തളർച്ചയോടെ അവൾ ഫോൺ ടീപ്പോയിലേക്ക് വച്ചു …
” എന്താ ഏടത്തി ….?” മയിയുടെ ഭാവം നിവയെ ഭയപ്പെടുത്തി …
അവളുടെ ശബ്ദത്തിലെ പതർച്ച തിരിച്ചറിഞ്ഞ മയി സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു … അവളെ തളർത്തിക്കൂടാ …
കുറച്ചു നിമിഷങ്ങൾ മുൻപ് വരെ ഇത് അവളുടെ പ്രശ്നമായിരുന്നു .. പക്ഷെ ഇപ്പോൾ ….
അവളൊരിര മാത്രമാണ് …. ! എതിരാളികൾ ചൂണ്ടയിൽ കൊരുത്ത ഇര … !
അവളുടെ ജീവനോ ജീവിതമോ ഭാവിയോ ഒന്നും അവരെ ബാധിക്കുന്ന ഒന്നല്ല .. അവർക്കു ജയിക്കാൻ വേണ്ടി അവളെ വച്ചവർ ചൂതാട്ടം നടത്തും .. .. ജയിക്കാനായാലും പക വീട്ടാനായാലും അവരവളെ ഉപയോഗപ്പെടുത്തും …
” ഏട്ടത്തി …. എന്താന്ന് പറ …? ” നിവ അവളെ കുലുക്കി വിളിച്ചു …
മയി തിരിഞ്ഞു നിവയെ നോക്കി …
” ഏയ് …. നീ പേടിക്കണ്ട … ധൈര്യമായിട്ടിരിക്ക് … ” നിവയുടെ തോളത്ത് പിടിച്ച് മെല്ലെ തട്ടി ആശ്വസിപ്പിക്കും പോലെ അവൾ പറഞ്ഞു …
എന്നാൽ ഇനിയെന്ത് വേണമെന്ന് അവൾക്ക് ഒരൂഹവുമില്ലായിരുന്നു …
” ആരാ വിളിച്ചതെന്ന് പറ ….” നിവ അവളെ പിടിച്ചുലച്ചു …
” അത് … അത് നിനക്കുള്ള കോളായിരുന്നില്ല ….. നിഷിനുള്ളതായിരുന്നു ……”
” എന്റെ ഫോണിലേക്കോ …….” അവൾക്ക് വിശ്വാസം വന്നില്ല ….
” ങും … നീയിപ്പോ പൊയ്ക്കോ … നമുക്ക് പിന്നെ സംസാരിക്കാം … എനിക്ക് നിഷിനെ വിളിക്കണം …. ” അവൾ പറഞ്ഞു …
നിവ അവളെ തന്നെ നോക്കി …
” നീ ചെല്ല് ……..” മയി അവളെ സമാധാനിപ്പിച്ചു ….
നിവ കടന്നു പോയപ്പോൾ മയി വന്ന് തന്റെ ഫോണെടുത്തു … നിഷിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും അവനെ കിട്ടിയില്ല … മയി ലാപും ഫോണുമൊക്കെയെടുത്ത് റൂമിലേക്ക് നടന്നു ..
മുറിയിലിരുന്ന് അവളൊരുപാടാലോചിച്ചു … പത്തിരുപത് മിനിറ്റ് കഴിഞ്ഞിട്ടാണ് നിഷിന്റെ കോൾ വന്നത് …
* * * * * * * * * * * * * *
ടൈനിംഗ് ടേബിളിലേക്ക് മയിയെ കാണാഞ്ഞിട്ട് ഒന്നു രണ്ട് വട്ടം നിവ വന്നു നോക്കി … അവളുടെ റൂം അടഞ്ഞു കിടക്കുകയായിരുന്നു ….
” നിഷിൻ … നീ പറ ….. എന്താ തീരുമാനം …? ” മയി ഫോണിലൂടെ ചോദിച്ചു ….
” ആലോചിക്കാനൊന്നുമില്ല …പോലീസിലറിയിക്കാം … ” അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു …
” നിഷിൻ …….” മയി നടുക്കത്തോടെ വിളിച്ചു …
” മയി … എന്തിനു വേണ്ടിയാണെങ്കിലും എനിക്കിങ്ങനെയൊരു ചതി ഇവിടുത്തെ പാവം ജനങ്ങളോട് ചെയ്യാൻ കഴിയില്ല .. കായലിനെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യബന്ധന തൊഴിലാളികൾ , ഇവിടുത്തെ കർഷകർ , കായലോടു ചേർന്നു ജീവിക്കുന്ന കുടുംബങ്ങൾ ഇവരിൽ പലരുടെയും കിടപ്പാടം നഷ്ടപ്പെടും , പലർക്കും തൊഴിൽ നഷ്ടപ്പെടും , ആരോഗ്യ പ്രശ്നങ്ങളുണ്ടാകും , പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകും .. അവിടം കൊണ്ടു തീരില്ല .. കായൽ നികത്തലും കയ്യേറ്റവും കുടിയൊഴിപ്പിക്കലും തുടങ്ങിയ അഴിമതികൾ വേറെ .. ഇതൊക്കെ ഞാൻ പറയാതെ നിനക്കറിയാമല്ലോ …”
” അറിയാഞ്ഞിട്ടല്ല നിഷിൻ .. ഞാൻ പെട്ടന്ന് നിവയെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളു ……”
” എന്തുവന്നാലും നേരിടാൻ അവളെ പ്രാപ്തയാക്കണമെന്ന് നീ തന്നെയല്ലെ പറഞ്ഞത് … അത് ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടു തന്നെയല്ലേ …. ” അവൻ ചോദിച്ചു ..
” അതെ … പക്ഷെ ആ മെയിൽ കണ്ടപ്പോ ….”
ഒരു വേള അവനും നിശബ്ദനായി …
” സിവിൽ സർവീസ് അക്കാഡമിയിൽ എന്റെ കൂടെയുണ്ടായിരുന്ന ശരൺ ഇപ്പോ ക്രൈംബ്രാഞ്ചിലുണ്ട് … അവനോട് അവൾക്കുള്ള ഭീഷണി വരെ ഞാൻ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു .. ആ ബെഞ്ചമിന്റെ നമ്പറും കൊടുത്തിട്ടുണ്ട് .. നിയമപരമായി തന്നെ നീങ്ങാം നമുക്ക് .. ” നിഷിന്റെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു ..
” അതാണ് ശരിയെന്ന് അറിയാം നിഷിൻ … പക്ഷെ ഇനിയിവിടെ ഉണ്ടാകാൻ പോകുന്നതൊക്കെ ആലോചിക്കുമ്പോഴാണ് എനിക്ക് ….”
” അവന്മാരുടെ ഭീഷണിക്ക് വഴങ്ങാൻ നിന്നാൽ അതിവിടം കൊണ്ടൊന്നും അവസാനിക്കില്ല മയി .. ആ പ്രോജക്ട് അവിടെ തലയുയർത്തി നിന്നാലും ആ വാൾ എന്റെ തലയ്ക്കു മീതെ അവന്മാർ തൂക്കും എന്റെ പെങ്ങളുടെ രൂപത്തിൽ .. എന്റെ വാവയ്ക്ക് വേണ്ടത് എന്നെന്നേക്കുമായി ഒരു പ്രശ്ന പരിഹാരമാണ് … അത് ഞാനുണ്ടാക്കും … നീയെന്റെ കൂടെയുണ്ടായാൽ മതി .. എന്റെ വാവയെ ഞാനേൽപ്പിക്കുന്നത് നിന്റെ കൈയ്യിലാ .. ” അവന്റെ ശബ്ദം അറിയാതൊന്നിടറി …
” ഞാനുണ്ടാകും നിഷിൻ എന്തിനും … ഒരു വാക്ക് ഞാൻ തരാം… എല്ലാ കൊടുങ്കാറ്റും പേമാരിയും അവസാനിച്ച് കാർമേഘം മാഞ്ഞ് ആകാശം തെളിയുന്നൊരു ദിവസമുണ്ടായാൽ അന്ന് , ഈ ജന്മത്തിൽ നിനക്ക് തരാൻ കഴിയുന്ന ഏറ്റവും നല്ലൊരു സമ്മാനം ഞാൻ തരും …….”
” മയീ ….. ” അവന്റെയാ വിളി നേർത്തുപോയി …
അൽപ നേരം ഇരുവരും മൗനമായി …
” നീ വീട്ടിലേക്ക് വാ നിഷിൻ .. അല്ലാതെ പറ്റില്ല … എല്ലാമറിയുമ്പോൾ ഇവിടെയെല്ലാവരും പേടിക്കും .. അച്ഛന്റെ കാര്യം ഓർക്കുമ്പോഴാ ……” അവൾ തന്റെയാശങ്ക പങ്കുവച്ചു …
” ഞാൻ നാളെ രാവിലെ എത്താം … ” അവൻ ഉറപ്പു പറഞ്ഞു ….
* * * * * * * * * *
പിറ്റേന്ന് രാവിലെ തന്നെ നിഷിൻ വീട്ടിലെത്തി … അതുവരെയും വീട്ടിലുള്ള ആരോടും മയി ഒന്നും പറഞ്ഞിരുന്നില്ല …
നിഷിൻ വന്നപാടെ മയിക്കൊപ്പം റൂമിൽ വന്നിരുന്ന് തലേ ദിവസത്തെ കോൾ റെക്കോർഡിംഗ് മുഴുവൻ കേട്ടു … അയാളയച്ച ഈ മെയിൽ മയി നിഷിനെ കാണിച്ചത് മടിച്ചു മടിച്ചാണ് …
അവന്റെ ചങ്ക് പിളർത്തുന്ന കാഴ്ചയായിരുന്നു അത് … മയി അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു ….
” അവൾ … അവൾക്കെങ്ങനെ ഇങ്ങനെയൊരു ചതി ……..” അവൻ ഇടർച്ചയോടെ ചോദിച്ചു …
അവളവനെ ഹൃദയത്തോട് ചേർത്ത് ആശ്വസിപ്പിച്ചു …
” നീ തളർന്നു പോകരുത് നിഷിൻ ……” അവളവന്റെ കവിളിൽ തലോടി …
കുറേ സമയം അവരൊരുമിച്ചിരുന്നു .. ശേഷം നിഷിൻ ഫോണുമായി എഴുന്നേറ്റു …
” ഞാൻ ശരണിനെ വിളിക്കട്ടെ … ഇവിടെയെത്തിയിട്ട് അറിയിക്കാൻ പറഞ്ഞിരുന്നു … അവനിങ്ങോട്ടു വരും .. ” അവനൊന്നു നിർത്തി…
” വാവയോട് സംസാരിക്കണം … ഇവിടെ എല്ലാവരോടും കാര്യങ്ങൾ പറയണം … കേസ് കൊടുക്കണം …. നമുക്കിനി വിശ്രമമില്ലാത്ത ദിവസങ്ങളാണ് മയി ….” അവന്റെ വാക്കുകൾ ചിലമ്പിച്ചു പോകുന്നത് മയി തിരിച്ചറിഞ്ഞു …
അവൾ മിഴിയുയർത്തി അവനെ നോക്കി
( തുടരും )
അമൃത അജയൻ
അമ്മൂട്ടി
അമൃത അയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Akshrathalukal ന്റെ എഡിറ്റര്‍ നോവലിസ്റ്റ് അമൃത അജയന്‍ എന്ന് തിരുത്തി എഴുതണം pls..ചില ഭാഗത്ത്മു ഴുവന്‍ പേരില്ല..
കായല്‍ നികത്തുന്നവര്‍ക്ക് ഒരു നല്ല പണി പ്രതീക്ഷിക്കുന്നു..ഒപ്പം നിവയെ സംരക്ഷിച്ച്…
Evadeyanu vittu poyathu?
അമൃത “അയന്റെ” മറ്റു നോവലുകൾ എന്നാണ് എഴുതിയിട്ടുള്ളത്.. ഒരു suggestion ഇട്ടതിനു കൃത്യമായി reply തന്ന aksharathalukal ടീമിനു എന്റെ നന്ദി…😍😍