Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 51

aksharathalukal sayaanam namukai mathram

ഐസിയുവിനു മുന്നിൽ തളർന്നിരിക്കുന്ന മയിയുടെ തല ഉടലോട് ചേർത്ത് കിച്ചയുണ്ടായിരുന്നു … നവീൺ ഐസിയുവിനുള്ളിലായിരുന്നു .. നിഷിൻ ഫാർമസിയിലേക്ക് പോയി എന്തോ മെഡിസിൻ വാങ്ങുവാൻ ..

സ്വാതിയും ഹരിതയും വീട്ടിൽ വീണയ്ക്കും രാജശേഖറിനുമൊപ്പമായിരുന്നു …

” ചേച്ചി കരയല്ലേ .. ഇങ്ങനെ തളർന്നാ ലോ …..” കിച്ച മയിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ..

” ഞാൻ …. പിടിച്ച് നിക്കാ … പറ്റുന്നില്ല കിച്ചാ … നിക്ക് പറ്റുന്നില്ല ………” സകല നിയന്ത്രണങ്ങളും വിട്ട് മയി പൊട്ടിക്കരഞ്ഞു ..

കിച്ച അവളെ ചേർത്തു പിടിച്ചു ..

ഏത് വടവൃക്ഷവും നിർത്താതെ വീശുന്ന കാറ്റിൽ ഉലഞ്ഞു പോകും ..

മയി പെട്ടന്നു തന്നെ കിച്ചയിൽ നിന്നടർന്നു മാറി … ഹാന്റ് ബാഗിൽ നിന്ന് ടിഷ്യൂ പേപ്പർ എടുത്ത് മുഖം തുടച്ചു ..

” ചേച്ചി ……..” കിച്ച നേർത്ത ശബ്ദത്തിൽ വിളിച്ചു കൊണ്ട് അവളുടെ അരികത്തിരുന്നു ..

” സോറി കിച്ചാ … ഞാൻ പെട്ടന്ന് .. കുറച്ച് ഇമോഷണലായി … “

” ഒന്ന് പോടി ചേച്ചി .. നീ കരയുന്നതൊന്നും ഞാൻ കാണാത്തതല്ലേ …. സങ്കടം വന്ന കരഞ്ഞു തീർക്കണം , സമാധാനം കിട്ടുമെങ്കിൽ … എന്തിനാ അടക്കിപ്പിടിച്ചു വയ്ക്കുന്നേ … ” കിച്ച മയിയുടെ തോളിലേക്ക് മുഖം ചേർത്തു …

രണ്ടു കൈയിൽ കിറ്റുമായി കോറിഡോറിലൂടെ നിഷിൻ നടന്നു വന്നപ്പോൾ കിച്ച മയിയുടെ തോളിൽ നിന്ന് മുഖമുയർത്തിയിരുന്നു … അവൻ നേരെ ചെന്ന് ഐസിയുവിൽ മുട്ടി വിളിച്ചു ഒരു കിറ്റ് അകത്തേക്ക് കൊടുത്തു ..

അധികമുണ്ടായിരുന്നത് മയിയുടെ തൊട്ടടുത്ത സീറ്റിൽ കൊണ്ട് വച്ചു …

” മിനറൽ വാട്ടറും ബ്രെഡുമാണ് … ” ആരോടെന്നില്ലാതെ പറഞ്ഞിട്ട് , അവർക്ക് എതിർവശത്തുള്ള ചെയറിലായി അവനിരുന്നു ..

മയി മുഖമുയർത്തി നോക്കി …

നിഷിൻ …

അവനാകെ ക്ഷീണിതനായിരുന്നു .. കുറ്റബോധമോ നിരാശയോ ഒക്കെ ആ മുഖത്ത് നിന്ന് അവൾ വായിച്ചെടുത്തു .. അവന്റെയടുത്ത് ചെന്നിരുന്ന് ആശ്വസിപ്പിക്കണമെന്ന് അവൾ ആശിച്ചുവെങ്കിലും കിച്ചയരികിലുള്ളത് കൊണ്ട് അതിനു മുതിർന്നില്ല …

************

അര മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ നവീൺ ഐസിയുവിൽ നിന്ന് പുറത്തു വന്നു ..

” ഏട്ടാ .. വാവയ്ക്ക് എങ്ങനെയുണ്ട് ….?” നവീനെ കണ്ടപാടേ നിഷിനും മയിയും എഴുന്നേറ്റു …

” ക്രിറ്റിക്കൽ സ്റ്റേജ് തരണം ചെയ്തിട്ടുണ്ട് … ബിപി ഷൂട്ട് ചെയ്തിട്ടുണ്ടായ കോംപ്ലികേഷനാണ് .. അവള് ഭക്ഷണവും കഴിച്ചിരുന്നില്ലല്ലോ .. ” നവീണിന്റെ വാക്കുകളിൽ എന്തോ അപൂർണമായി കിടന്നു …

” അവൾ കണ്ണ് തുറന്നോ ഏട്ടാ .. എന്തെങ്കിലും സംസാരിച്ചോ …? ” മയി ചോദിച്ചു ..

നവീൺ വല്ലാതായി …

” ഇല്ല ……. ഇത് വരെയില്ല ……..” അയാളുടെ വാക്കുകൾ ഇടറി …

അകാരണമായൊരു ഭയം മയിയെ ഗ്രസിച്ചു …

പിന്നെയും ഒന്നു രണ്ടു മണിക്കൂർ കഴിഞ്ഞിട്ടാണ് മയിക്കും നിഷിനും അകത്തു കയറി അവളെ കാണാൻ കഴിഞ്ഞത് …

നീലവിരികൾക്കിടയിൽ അവളൊരു പിഞ്ചു പൈതലിനെപ്പോലെ കിടപ്പുണ്ടായിരുന്നു .. നിഷിൻ അവളുടെ അരികിലിരുന്ന് നെറുകയിൽ തലോടി …

എപ്പോഴായിരുന്നു എന്റെ കുഞ്ഞനുജത്തിയെ ഞാൻ മറന്നു പോയത് …?

അവൻ അവളുടെ കവിളിൽ തലോടി .. നിഷിന്റെ കണ്ണിൽ നിന്ന് കണ്ണുനീരടർന്നു നിവയുടെ കൈയിൽ വീണു..

താനൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നുവെങ്കിൽ എന്റെ പൊന്നുമോൾ രക്ഷപ്പെടുമായിരുന്നോ എന്നെന്നേക്കുമായി ….? അവൻ സ്വയം ചോദിച്ചു … ഹൃദയം വല്ലാതെ വിങ്ങി ..

നിഷിൻ കുറച്ച് കൂടി താഴേക്ക് നീങ്ങിയിരുന്ന് അവളുടെ കാൽപാദങ്ങളിൽ തൊട്ടു …

മാപ്പ് …….. അവൻ മനസ് കൊണ്ട് കേണു …

മയി അത് കണ്ടു … അവൾ നിഷിന്റെ തോളിൽ പിടിച്ചു .. മുഖം കൊണ്ട് അരുതെന്ന് പറഞ്ഞു …

” എഴുന്നേറ്റു വാ നിഷിൻ …. നമുക്ക് പുറത്തിരിക്കാം …..” ഇനിയുമവിടെയിരുന്നാൽ ഒരു പക്ഷെ അവൻ പൊട്ടിക്കരഞ്ഞേക്കുമെന്ന് മയിക്ക് തോന്നി ..

അവർ പുറത്തിറങ്ങിയപ്പോൾ കിച്ച അകത്തേക്ക് കയറി വാവയെ കാണുവാൻ ….

മയി നിഷിന്റെയടുത്തിരുന്നു .. അവന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ചു അതിൽ ഉമ്മവച്ചു … പിന്നെ അവളുടെ ഹൃദയത്തോട് ചേർത്തു വച്ചു ..

” വിഷമിക്കരുത് …….”

” മയി .. ഞാൻ കാരണമാ അവളിപ്പോ ……. ഞാനൊന്നു താഴ്ന്നു കൊടുത്തിരുന്നെങ്കിൽ …” നിഷിൻ മയിയെ ചേർത്തു പിടിച്ചു വിങ്ങി ..

” അല്ല നിഷിൻ …. നിനക്ക് ചെയ്യാവുന്നത് നീ ചെയ്തു … വിട്ടുവീഴ്ച ചെയ്തിരുന്നുവെങ്കിൽ അതവളെ കൂടുതൽ അപകടങ്ങളിൽ കൊണ്ടെത്തിക്കുകയേ ഉണ്ടായിരുന്നുള്ളു .. ഇപ്പോ അവൾ നമുക്കൊപ്പം ജീവനോടെയുണ്ട് .. ടെൻഷൻ കൊണ്ടുള്ള ഷോക്കാണിത് .. അത് മാറും .. അവളെഴുന്നേറ്റ് വരും നഷിൻ .. എനിക്കതുറപ്പാ .. കാരണം അവളുടെ ഉള്ളിന്റെയുള്ളിൽ അവൾക്കറിയാം നമ്മൾ അവൾക്കൊപ്പമുണ്ടെന്ന് …..” മയി ഉറപ്പിച്ചു പറഞ്ഞു .. അതവളുടെ ഉറച്ച വിശ്വാസമായിരുന്നു …

നിഷിൻ മയിയുടെ വിരലുകളിൽ അമർത്തിപ്പിടിച്ചു … അവളുടെ സാമിപ്യം അവനൊരു ധൈര്യം തന്നെയായിരുന്നു …

താൻ തളർന്നു പോകുന്നിടത്ത് പിടിച്ചു നിർത്താൻ അവളുണ്ടാകുമെന്ന് അവനുറപ്പായിരുന്നു .. തന്റെ ഏത് തീരുമാനങ്ങൾ തെറ്റായി ഭവിച്ചാലും , ഇവൾ … ഇവൾ മാത്രം നിഷിന്റെ ജീവിത പുസ്തകത്തിൽ അക്ഷരത്തെറ്റില്ലാതെ തനെഴുതിച്ചേർത്ത ഏടാണ് ..

കിച്ച ഐസിയുവിൽ നിന്നിറങ്ങിയപ്പോൾ മയിയും നിഷിനും ഒരുമിച്ചിരിക്കുന്നത് കണ്ടു .. അവളുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിടർന്നു ..

” ഞാനൊന്നു ക്യാൻറീനിൽ പോയി ഒരു കോഫി കുടിച്ചിട്ട് , നിങ്ങൾക്കും വാങ്ങി വരാം … ” കിച്ച പറഞ്ഞു …

” നിനക്ക് ക്യാന്റീനറിയില്ലല്ലോ …..” മയി ചോദിച്ചു ..

” അത് ഞാൻ കണ്ടു പിടിച്ചോളാം .. “

” നീയിരിക്ക് കിച്ച .. ഞാൻ വാങ്ങിക്കൊണ്ടു വരാം …..” നിഷിൻ എഴുന്നേറ്റു …

” ഏട്ടനവിടിരിക്ക് .. എനിക്കൊന്നു നടക്കണം എന്തായാലും ….”

അവൻ പിന്നെ ഒന്നും പറഞ്ഞില്ല …

” ഗ്രൗണ്ട് ഫ്ലോറിലാ കാന്റീൻ … ” മയി അവൾക്ക് വഴി പറഞ്ഞു കൊടുത്തു ..

* * * * * * * * * *

രണ്ടര മണിയോട് കൂടി നിവ കണ്ണുതുറന്നു .. എങ്കിലും ഒന്നും സംസാരിച്ചില്ല …

” ഇനിയിപ്പോ നമ്മളെല്ലാവരും കൂടി ഇവിടെ ഇരിക്കേണ്ട കാര്യമില്ല …കുറച്ചു കഴിയുമ്പോ വാവയെ റൂമിലേക്ക് മാറ്റും … ” നവീൺ വന്നു പറഞ്ഞു …

” ഞാൻ പറയുന്നത് , നീ വീട്ടിൽ പോയിട്ട് രാവിലെ വന്നാൽ മതി .. ഇവിടെ ഞാനുണ്ടല്ലോ … വീട്ടിൽ നമ്മളാരെങ്കിലും ഒരാൾ വേണ്ടെ …? ” നവീൺ നിഷിനോടായി പറഞ്ഞു …

” എന്നാൽ നിഷിൻ കിച്ചയേക്കൂടി കൊണ്ടു പൊയ്ക്കോ ….. രാവിലെ ഇങ്ങോട്ട് ഭക്ഷണോം ഡ്രസുമൊക്കെ കൊണ്ടു വരണ്ടെ .. ഹരിതേടത്തീം സ്വാതിയും മാത്രമല്ലേ അവിടെയുള്ളു …..” മയി പറഞ്ഞു

എല്ലാവരും അത് ശരിവച്ചു … പിന്നെ സമയം കളയാതെ നിഷിൻ കിച്ചയെ കൂട്ടി വീട്ടിലേക്ക് പോയി …

* * * * * * * * * * *

രാവിലെ തന്നെ യമുനദേവിയും സ്വാതിയുടെ അമ്മ മനീഷയും കൂടി ചെങ്ങന്നൂർ നിന്ന് വന്നു ..

ചഞ്ചലിന്റെ വിഷയത്തിൽ മയിയോടുള്ള ദേഷ്യത്തിന് , യമുനയോടും വീണയ്ക്ക് മുഷിച്ചിലുണ്ടായിരുന്നെങ്കിലും അവരെ കണ്ടപ്പോൾ വീണ എല്ലാം മറന്ന് പൊട്ടിക്കരഞ്ഞു ..

യമുനയേയും മനീഷയേയും കണ്ടത് വീണയ്ക്ക് ഒരാശ്വാസം തന്നെയായിരുന്നു .. മക്കളെക്കാളും മരുമക്കളെക്കാളും വീണയെ ആ സമയത്ത് മനസിലാക്കാനും ആശ്വസിപ്പിക്കാനും മനസു തുറന്ന് സംസാരിക്കാനും കഴിയുന്നത് യമുനയോടായിരുന്നു ..

മനീഷയും സ്വാതിയും ഹരിതയും കൂടി വേഗം ഭക്ഷണമൊക്കെ തയ്യാറാക്കി .. കിച്ച രാത്രി വൈകി ഹോസ്പിറ്റലിൽ നിന്ന് വന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് , നിഷിനൊപ്പം ഹോസ്പിറ്റലിലേക്ക് പോയത് സ്വാതിയാണ് … സ്വാതിക്കൊപ്പം പോകാൻ അപ്പൂസും വാശി പിടിച്ചു .. നിവർത്തിയില്ലാതെ അവളെയും കൊണ്ടാണ് അവർ ആശുപത്രിയിലേക്ക് തിരിച്ചത് …

നിഷിനും സ്വാതിയും അപ്പൂസുമെത്തുമ്പോൾ ഹോസ്പിറ്റലിൽ ഹരീഷുമുണ്ടായിരുന്നു …

നിവയെ ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യാൻ സാത്യതയുള്ളത് കൊണ്ട് നവീൺ വീട്ടിലേക്ക് പോയില്ല …

പത്ത് മണിക്ക് റൗണ്ട്സ് കഴിഞ്ഞപ്പോൾ നിവയ്ക്ക് ഡിസ്ചാർജ് എഴുതി .. വീട്ടിൽ പോയി റസ്റ്റ് എടുത്താൽ മതിയെന്ന് ഡോക്ടർ പറഞ്ഞു ..

നിവയെ ഡിസ്ചാർജ് ചെയ്ത വിവരം മയി ഹരിതയെ വിളിച്ചു പറഞ്ഞു .. ഉച്ചഭക്ഷണം വന്നിട്ടു കഴിക്കാമെന്നും അറിയിച്ചു ..

നിവയെയും കൊണ്ട് ഹോസ്പിറ്റലിൽ നിന്നു ഇറങ്ങാൻ നേരത്താണ് ശരണിന്റെ കോൾ നിഷിന്റെ ഫോണിലേക്ക് വന്നത് …

” നിഷിൻ …. വളരെ അത്യാവശ്യമുള്ളൊരു വിവരം പറയാനാ ഞാൻ വിളിച്ചത് …” ശരൺ ഗൗരവത്തിൽ പറഞ്ഞു …

” പറയൂ ശരൺ ….”

” ആദർശിനെ ഞങ്ങൾ കസ്റ്റടിയിൽ എടുത്തിട്ടുണ്ട് .. അവനെ മാത്രമല്ല , ബെഞ്ചമിൻ , റിജിൻ , തുടങ്ങി കുറച്ച് മുതലുകളും ഉണ്ട് … ഇതിൽ റിജിന്റെ ഫാദർ സ്റ്റീഫൻ പോളക്കൽ … ഇവനാണ് ആ കുട്ടനാട് റിസോർട്ട് ബിസിനസിലെ ആദർശിന്റെ ബിനാമി .. ” ശരൺ പറഞ്ഞു ..

” യെസ് … ഓർമയുണ്ട് .. സ്റ്റീഫൻ പോളയ്ക്കൽ .. പ്രോജക്ടിന്റെ സിക്സ്റ്റി പേർസന്റ് അയാളാണ് മുടക്കുന്നത് .. പോളയ്ക്കൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആൻറ് ലിമിറ്റഡ് എന്നൊരു സ്ഥാപനം വഴിയുള്ളതാണ് മുതൽ മുടക്ക് എന്നാണ് ഫയലുകളിൽ കണ്ടത് … അങ്ങനെയൊരു സ്ഥാപനം രജിസ്റ്റേർഡ് ആണ് ബാംഗ്ലൂരിൽ … കോടികൾ ടേൺ ഓവറുള്ള ബാങ്ക് ഡീറ്റെയിൽസും ഉണ്ടായിരുന്നു .. അതൊക്കെ അക്രഡിറ്റേഷൻ ഉള്ളതായിരുന്നു . അതിലൊന്നും സംശയം തോന്നിയിരുന്നില്ല ….”

” അതൊക്കെയുണ്ട് … ആക്രിക്കടയും ടെക്സ്റ്റയിൽസ് ഷോപ്പും ജുവലറി ഷോപ്പും വരെ ആ കമ്പനിയുടെ കീഴിലുണ്ട് .. പക്ഷെ നടക്കുന്നത് പെൺവാണിഭവും , ഡ്രഗ്സ് കടത്തലും … “

നിഷിന്റെ കണ്ണും കാതും തുറന്നു ..

” അവന്റെ കുട്ടനാട് പ്രോജക്റ്റ് മുടങ്ങി നിൽക്കുമ്പോഴാ ,നിവ ഇങ്ങോട്ടു വരുന്നത് പഠിക്കാൻ .. അതും ഫാഷൻ ഡിസൈനിംഗിന് ഈ കോളേജ് തന്നെ തിരഞ്ഞെടുക്കാൻ നിർബന്ധിച്ചത് ആദർശിന്റെ തന്ത്രമായിരുന്നു … ” ശരൺ തുടർന്നു ..

നിഷിന് അത് ഓർമ വന്നു ..

ശരിയാണ് … വാവയ്ക്ക് ബംഗ്ലൂരിൽ ഫാഷ ഡിസൈനിംഗിന് ചേരണമെന്ന് പറഞ്ഞപ്പോൾ , ഈ കോളേജിന്റെ ഡീറ്റെയിൽസ് അയച്ചു തന്നത് ആദർശാണ്..

” ഈ സ്റ്റീഫൻ പോളയ്ക്കലിന്റെ മകൻ റിജിൻ അവിടെയാണ് പഠിക്കുന്നത് .. പഠിത്തം എന്നൊക്കെ പറയുന്നത് വെറുതെ .. അവിടുന്ന് പിളേളരെ പാട്ടിലാക്കി മയക്കുമരുന്നും പെൺവാണിഭവും … അതിന്റെയൊക്കെ ചുമതല റിജിനാണ് .. പിന്നെയീ ബെഞ്ചമിൻ .. ഇവന്റെ തന്തയും ആദർശിന്റെ റിയൽ എസ്റ്റേറ്റ് ബിനാമിയാണ് .. ഒരു കുര്യാക്കോസ് .. നിവയെ ഇവിടെയെത്തിച്ച് ആ ഗ്യാങ്ങിന് ഇട്ടു കൊടുത്തത് ഈ ആദർശെന്ന കഴിവേറിയുടെ ബുദ്ധിയാണ് … ഒന്നും നടക്കാതെ വരുമ്പോൾ വിലപേശാൻ …”

നിഷിന്റെ രക്തം തിളച്ചു ..

” ആദർശിന്റെ റീക്ക് എന്ന മൈക്രോസോഫ്റ്റ് കമ്പനി പ്യൂർ ആണ് .. അതിന്റെ മറവിൽ നിന്നാണ് അവനീ കളി മുഴുവൻ കളിക്കുന്നത് .. റീക്ക്ന് ഇത്രയും വിദേശ പ്രോജക്ടുകൾ കിട്ടുന്ന വഴിയും ഇപ്പോ നിഷിന് മനസിലായിക്കാണുമല്ലോ .. ഇവന്റെ ഈ ബിനാമികൾ വഴിയുള്ള ഹവാല ഇടപാടുകളും അന്വേഷിക്കുന്നുണ്ട് .. “

” ഞങ്ങളെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വിളിച്ചത് ആരായിരുന്നു … ” നിഷിൻ പെട്ടന്ന് ചോദിച്ചു ..

” ആദർശ് ….”

” ഏയ് … നോ .. അത് ആദർശല്ല … “

” അതേ … നിഷിൻ … വോയ്സ് ട്രാൻസലേഷൻ ആപ്പ് ഉപയോഗിച്ച് സംസാരിച്ചതാണ് … ഞങ്ങളുടെ ഐറ്റി വിഭാഗം അത് കൺഫേം ചെയ്തിട്ടുണ്ട് .. ആ റിക്കോർഡിംഗ്സ് ഒന്നുകൂടി കേട്ട് നോക്കു നിഷിൻ .. അതിലെ സൗണ്ട് മോഡുലേഷൻസ് മനസിലാകും .. “

” എപ്പോഴാ അവനെ നാട്ടിൽ കൊണ്ടുവരുന്നത് …….?” നിഷിൻ പകയോടെ ചോദിച്ചു …

” ഇവിടെ കുറച്ച് ഫോർമാലിറ്റീസ് ഉണ്ട് … ഇവിടുത്തെ പോലീസിന്റെ സഹായത്തോടെയാണല്ലോ അന്വേഷിച്ചത് .. പക്ഷെ ഇതിപ്പോ NIA യെ അറിയിക്കേണ്ട സിറ്റുവേഷനാണ് .. മിക്കവാറും കേസ് ആ വഴിക്ക് നീങ്ങും … “

” നോ … എനിക്കവനെ എന്റെ കൈയ്യിൽ കിട്ടണം ശരൺ …..” നിഷിന്റെ ഒച്ചയുയർന്നു .. ഹോസ്പിറ്റലാണെന്ന് പോലും അവൻ മറന്നു പോയി ..

” കൂൾ ഡൗൺ …. നിന്റെ വികാരമൊക്കെ എനിക്ക് മനസിലാകും .. പക്ഷെ ഇവിടെ വിവേകമാണ് പ്രവർത്തിക്കേണ്ടത് .. പിന്നെ അവനൊക്കെ കൊടുക്കാനുള്ളത് ഞങ്ങൾ കൊടുത്തോളാം .. NIA ക്ക് ആയിലും CBI ക്ക് ആയാലും ഇവനെയൊന്നും പച്ചയ്ക്ക് വിട്ടുകൊടുക്കില്ല … ” ശരൺ ഒന്നു നിർത്തിയിട്ട് തുടർന്നു ..

” ഞാൻ വിളിച്ചത് വളരെ പ്രാധാനപ്പെട്ടൊരു കാര്യം പറയാനാ … “

” എന്താണ് ……” നിഷിൻ ജാഗരൂഗനായി …

” സ്ത്രീ പീഡനത്തിനാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത് … ബാക്കി വകുപ്പുകളൊക്കെ ചേർത്തു വരുന്നതേയുള്ളു .. പക്ഷെ ന്യൂസ് ലീക്കായിട്ടുണ്ട് .. ഇന്നലെ രാത്രി പൊക്കിയതാ … ആദർശിനെ പോലൊരുത്തനെ ഒരു പാട് സമയമൊന്നും രഹസ്യമായിട്ട് വയ്ക്കാൻ പറ്റില്ലല്ലോ ….”

” പറഞ്ഞു വരുന്നത് , പത്രക്കാർ ഇവിടെയും …..?” നിഷിൻ ചോദിച്ചു ..

” യെസ് ….. ” ശരണിന്റെ ശബ്ദം നേർത്തു …

നിഷിൻ മുഖം കുടഞ്ഞു …

ഇനിയും … ഇനിയും എന്റെ പെങ്ങൾ ….

” ഒരു കണക്കിന് ഇതൊരു അവസരമാണ് നിഷിൻ .. ഞാൻ പറയാതെ അറിയാമല്ലോ .. ആ വീഡിയോസ് ഒക്കെ പോൺ സൈറ്റ് വഴി ലീക്ക് ചെയ്തത് കൊണ്ട് , നിവയെ മറ്റൊരു തരത്തിലാണ് ആളുകൾ സങ്കൽപ്പിച്ചിരിക്കുന്നത് … അവളൊരു ട്രാപ്പിൽ പെട്ടതാണെന്ന് ജനങ്ങളറിയട്ടെ .. സത്യം അറിഞ്ഞുകഴിഞ്ഞാൽ ആളുകളുടെ മൈൻഡ് സെറ്റ് മാറും .. ഇന്ന് കല്ലെറിയാൻ നിൽക്കുന്നവരിൽ ഒരു മുപ്പത് ശതമാനമെങ്കിലും ആ പെൺകുട്ടിക്ക് വേണ്ടി നാവ് ചലിപ്പിക്കും … ” ശരൺ നിർദ്ദേശിച്ചു …

നിഷിൻ ഒന്നും മിണ്ടിയില്ല ..

” ശരി .. ഏതായാലും ഞങ്ങൾ വച്ച കാല് പിന്നോട്ടില്ല .. മീഡിയയെയും കോടതിയെയും ഒക്കെ ഫെയ്സ് ചെയ്യാൻ തയ്യാറാണ് .. പക്ഷെ ഒന്നുണ്ട് മറ്റേത് കേസിൽ അവൻ നിയമത്തിന്റെ കണ്ണ് വെട്ടിച്ചു രക്ഷപ്പെട്ടാലും , എന്റെ പെങ്ങളുടെ കാര്യത്തിൽ അവൻ ശിക്ഷിക്കപ്പെട്ടിരിക്കണം … ഇല്ലെങ്കിൽ …. ഇല്ലെങ്കിൽ അവന്റെ മരണം എന്റെ കൈകൊണ്ടായിരിക്കും …….” നിഷിന്റെ വാക്കുകൾ വാൾ പോലെ മൂർച്ചയുള്ളതായിരുന്നു ..

ശരൺ ഫോൺ വച്ചപ്പോൾ നിഷിൻ കാറിന്റെ ബോണറ്റിലേക്ക് കൈയൂന്നി കുനിഞ്ഞു നിന്നു …

ഇനിയും .. ഇനിയുമെന്റെ വാവാച്ചി എന്തൊക്കെ നേരിടണം .. ആരൊക്കെയവളെ വാക്കുകൾ കൊണ്ട് പിച്ചി ചീന്തും … അവന്റെ നെഞ്ച് പിടഞ്ഞു …

” എന്താ അളിയാ ……” തോളത്ത് കൈ പതിഞ്ഞപ്പോൾ നിഷിൻ തിരിഞ്ഞു നോക്കി ..

ഹരീഷേട്ടൻ …..

നിഷിൻ ഹരീഷിനോട് വിവരം പറയാൻ തുനിഞ്ഞപ്പോൾ , നിവയെയും കൊണ്ട് മയിയും സ്വാതിയും അപ്പൂസും നവീണും ഇറങ്ങി വന്നു …

അവരെ കണ്ടപ്പോൾ പറയാൻ വന്നത് അവൻ വിഴുങ്ങിക്കളഞ്ഞു …

അവൻ നിവയെ നോക്കി .. വാടിയ ചേമ്പിൻ തണ്ടു പോലെ അവൾ മയിയോട് ചേർന്നു നിൽക്കുന്നത് കണ്ടപ്പോൾ അവന്റെ ഇടനെഞ്ച് പിടഞ്ഞു . …

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

 

അമൃത അയന്റെ മറ്റു നോവലുകൾ

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!