കാശി അനഘയെ നോക്കി പുഞ്ചിരിച്ചു….
കുറച്ച് സമയം അവർ പരസ്പരം ഒന്നും സംസാരിച്ചില്ല…
അൽപ നേരത്തിന് ശേഷം കാശി അനഘയുടെ നേരെ നോക്കി….
കാശി-“എടോ…”
അനഘ എന്താ എന്ന് രീതിയിൽ പുരികം പൊക്കി ചോദിച്ചു…
കാശി-“നമുക്ക് ഒരു ഐസ്ക്രീം കഴിച്ചാലോ??”
അനഘ കാശി ചോദിക്കുന്നത് കേട്ട് അവന്റെ മുഖത്തേക്ക് നോക്കി…..
കാശി-“താനെന്താ ടോ ഇങ്ങനെ നോക്കുന്നത്??
തനിക്ക് ഐസ്ക്രിം ഇഷ്ടല്ലേ??”
കാശിയുടെ ചോദ്യം കേട്ട അനഘ അറിയാതെ അതെ എന്ന് തലയാട്ടി….
കാശി-“എന്നാ ഞാൻ പോയി വാങ്ങി വരാം…”
കാശി എഴുന്നേറ്റു പോയി രണ്ട് ഐസ്ക്രീം വാങ്ങി ബെഞ്ചിൽ വന്നിരുന്നു….
സമയം സന്ധ്യയോടടുത്തിരുന്നു….
ചുവന്ന ചായം പൂശിയ സൂര്യൻ കടലിലേക്ക് താഴുന്നതും നോക്കി അവരിരുന്നു….
കാശി-“എടോ…താനീ സൂര്യനെ കണ്ടോ??
ഇത് ഇന്ന് അസ്തമിക്കുന്നത് നാളെ ഉദിക്കാൻ വേണ്ടിയാണ്….
ഇത് പോലെ തന്നെയാ നമ്മുടെ ജീവിതവും…
സങ്കടങ്ങൾക്കൊക്കെ ശേഷം ഒരു സന്തോഷം നമ്മെ കാത്തിരിപ്പുണ്ടാവും….”
കാശി പറയുന്നത് കേട്ട അനഘ ചിരിച്ചു….
കാശി-“താൻ ചിരിക്കണ്ട….ഞാൻ സത്യമാ പറഞ്ഞത്…”
അനഘ-“ഓഹ്..അങ്ങനെയാവട്ടെ ഡോക്ടറേ…”
അനഘയുടെ ഡോക്ടറെ എന്ന വിളി കേട്ട് കാശി അനഘയെ നോക്കി….
അനഘ-“എന്താ ഡോക്ടറേ നോക്കുന്നത്???”
കാശി-“അറിഞ്ഞു..ല്ലേ???
വിച്ചു പറഞ്ഞതാവും…ഞാനന്ന് തന്നെ പേടിപ്പിക്കാനാ പോലീസാ എന്നൊക്കെ പറഞ്ഞത്…സോറി..”
അനഘ-“ഏയ് അതൊന്നും സാരമില്ല…”
അനഘ കാശിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
കാശി-“അപ്പോ ഫ്രണ്ട്സ് ???”
അനഘയ്ക്ക് നേരെ തന്റെ വലത്തേ കൈ തുറന്ന് പിടിച്ച് കാശി ചോദിച്ചു…
അനഘ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ ചെറു ചിരിയോടെ കാശിക്ക് കൈ കൊടുത്തു….
കാശി-“അയ്യോ..സമയം ഒരുപാടായി…
നമുക്ക് പോയാലോ??
ഭവാനിക്കുട്ടി നോക്കിയിരുന്ന് മടുത്തു കാണും…”
കാശി വാച്ചിലേക്ക് സമയം നോക്കികൊണ്ട് പറഞ്ഞു….
അവർ കാറിനടുത്തേക്ക് നീങ്ങി….
…………..
കാശിയും അനഘയും കൈലാസത്തിലെത്തിയപ്പോഴേക്കും സമയം ഒരുപാടായിരുന്നു….
ഭവാനിയും സേതുവും വിച്ചുവും അവരെ കാത്ത് വീടിന് മുന്നിൽ നിൽപുണ്ടായിരുന്നു…
രണ്ടു പേർക്കും യാത്രാ ക്ഷീണമുള്ളതിനാൽ അധികം സംസാരിക്കാൻ നിൽക്കാതെ ഭവാനി റൂമിലേക്ക് പറഞ്ഞയച്ചു…
……
അനഘ റൂമിലേക്ക് പോയി ഫ്രഷ് ആയി ചെന്നു കിടന്നു….
കാശി കുളിച്ച് താഴേക്ക് ചെല്ലുമ്പോ ഭവാനിയും സേതുവും ഉമ്മറത്ത് ഓരോന്ന് പറഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു.. .
കാശി-“എന്താണ് ഓൾഡ് കപ്പിൾസ്??
ഉമ്മറത്തിരുന്ന് റൊമാൻസിക്കുകയാണോ??
പ്രായം ചെന്ന ഒരു അവിവാഹിതൻ ഇവിടെ ഉണ്ടെന്ന് ഓർക്കണം….”
കാശി ഭവാനിയുടെ മടിയിൽ തലവെച്ച് കിടന്ന് കൊണ്ട് പറഞ്ഞു….
സേതു-“നീ കല്ല്യാണം കഴിക്കാത്തത് ഞങ്ങളുടെ കുറ്റമാണോ??
എത്ര പിള്ളേര് നിന്റെ പിന്നാലെ നടന്നതാ…
ഈ ഞാൻ തന്നെ എത്രയെണ്ണത്തിനെ കാണിച്ച് തന്നതാ നിനക്ക് പ്രേമിക്കാൻ…
അവനതൊന്നും പറ്റില്ല….
എന്നിട്ട് ഇപ്പൊ കട്ടുറുമ്പാവാൻ വന്നിരിക്കുന്നു…”
സേതു കപട ദേഷ്യത്തോടെ കാശിയോട് പറഞ്ഞു….
കാശി-“ദേ അച്ഛാ…
ഞാൻ പറഞ്ഞിട്ടുണ്ട് അങ്ങനെ ഏതെങ്കിലും
പെൺപിള്ളേരെയൊന്നും പ്രേമിച്ച് നടക്കാൻ എന്നെ കിട്ടില്ല….
പ്രണയിക്കണമെനിക്കെന്റെ പരമശിവനെ പോലെ…..
തന്റെ ജീവന്റെ പാതിയെ തിരിച്ചറിഞ്ഞ് തന്നിലെ പാതിയും അവൾക്കായി നൽകി,താനില്ലെങ്കിൽ അവളും അവളില്ലെങ്കിൽ താനുമില്ലെന്ന് പ്രപഞ്ചത്തിന് കാണിച്ചു കൊടുത്ത അർദ്ധനാരീശ്വരനെ പോലെ….
അച്ഛൻ നോക്കിക്കോ വൈകാതെ തന്നെ എന്റെ പാതി എന്നിലേക്കെത്തും…”
സേതു-“ഓ പിന്നേ ഇപ്പോ എത്തും….
എടീ,നിന്റെ മോന് വട്ടാടീ…..”
സേതു കാശിയെ നോക്കി പുച്ഛത്തോടെ മുഖം കോട്ടി ഭവാനിയോട് പറഞ്ഞു…
കാശി-“അമ്മേ…ഈ അച്ഛൻ..”
കാശി കുട്ടികളേ പോലെ ചിണുങ്ങി ഭവാനിയോട് പറഞ്ഞു…
ഭവാനി-“ദേ…നിങ്ങളെന്റെ കുട്ടിയെ കളിയാക്കണ്ട….
എന്റെ കാശിടെ പെണ്ണിനെ അവൻ തന്നെ ഉടനെ കണ്ടു പിടിക്കും…
എന്റെ മനസ്സങ്ങനെ പറയുന്നു…..”
സേതു-“ഓഹ്…നിങ്ങൾ അമ്മയും മോനും പിന്നെ പണ്ടേ ഒന്നാണല്ലോ..”
ഭവാനി-“മതി..മതി…കാശീ..നീ ലച്ചുന്റെ കൂടെ പോയിട്ട് എന്തായി എന്ന് പറഞ്ഞില്ലാലോ??”
കാശി അവിടെ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്തു….
സേതു-“ഒരുകണക്കിന് ലച്ചു ഒപ്പിട്ട് കൊടുത്തത് തന്നെയാ ശരി….
ഇനിയും അവിടെ പിടിച്ച് നിന്നാ ചിലപ്പോ എല്ലാരും കൂടെ ആ പാവത്തിനെ വല്ലതും ചെയ്ത് കളയും…”
എല്ലാം കേട്ട് കഴിഞ്ഞപ്പോ സേതു പറഞ്ഞു…
സേതു-“ഇനി ഈ കാര്യങ്ങളെ പറ്റിയൊന്നും നമ്മളാരും മോളോട് ചോദിക്കാൻ നിൽക്കണ്ട….”
………..
പിറ്റേ ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാമൊന്ന് ഒതുക്കി വെക്കുകയായിരുന്നു ഭവാനിയും അനഘയും….
കാശിയും സേതുവും എന്തോ ആവശ്യത്തിന് പുറത്ത് പോയതാണ്….വിച്ചു ക്ലാസിലും…
അനഘ-“അമ്മേ…ഇവിടെ അടുത്ത് അമ്പലമുണ്ടോ???”
പ്ലേറ്റുകൾ എടുത്തു വെക്കുന്നതിനിടയിൽ അനഘ ഭവാനിയോട് ചോദിച്ചു….
ഭവാനി-“ഒരു പത്തു മിനിറ്റ് നടക്കാനുണ്ടാവും??
എന്താ മോൾക്ക് തൊഴാൻ പോവണമെന്നുണ്ടോ??”
അനഘ തലയാട്ടി…
ഭവാനി-“ഒരു കാര്യം ചെയ്യാം വൈഷ്ണു കൂടെ വന്നിട്ട് നമുക്ക് ദീപാരാധന സമയം പോവാം..”
പണികളൊക്കെ ഒന്നൊതുക്കി ഭവാനി ഉച്ചമയക്കത്തിനായി റൂമിലേക്ക് പോയി….
അനഘയും റൂമിലേക്ക് ചെന്നെങ്കിലും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…
അനഘ റൂമിന് പുറത്തേക്കിറങ്ങി….
അപ്പൊഴാണവൾ തുറന്നിട്ടിരിക്കുന്ന കാശിയുടെ റൂം കണ്ടത്…
അനഘ മെല്ലെ ആ റൂമിനടുത്തേക്ക് നടന്നു…
റൂമിനുള്ളിലേക്ക് കടന്നതും മുല്ലപ്പൂവിന്റെ ഗന്ധം തനിക്ക് ചുറ്റും നിറയുന്നതായി അനഘയ്ക്ക് തോന്നി…
അതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് നോക്കിയ അനഘ കാശിയുടെ ജനലിലൂടെ പടർന്ന് കയറിയ മുല്ലവള്ളികൾ ശ്രദ്ധിച്ചത്….
അതിൽ ഏതാനും പൂക്കളും ഉണ്ടായിരുന്നു….
ഏതാനും പൂക്കൾ കാശിയുടെ ടേബിളിലും…
അനഘ ടേബിളിലെ പൂക്കളെടുത്ത് മുഖത്തേക്കടുപ്പിച്ച് ആ പൂവിന്റെ സുഗന്ധം ആസ്വദിച്ചു….
അപ്പോഴാണ് അനഘ റൂമിലെ സൈഡിലുള്ള ഷെൽഫിൽ വൃത്തിയായി അടുക്കി വെച്ച ബുക്കുകൾ ശ്രദ്ധയിൽ പെട്ടത്…
അവൾ അങ്ങോട്ടേക്ക് നടന്നു….
മലയാളത്തിലെ പല നോവലുകളും കവിതകളും ആയിരുന്നു അതിലധികവും…
അവളതിൽ നിന്നും ഒരു ബുക്ക് എടുത്ത് തുറന്ന് നോക്കിക്കൊണ്ട് നിന്നു….
അപ്പോഴാണ് കാശി പുറത്ത് പോയി വന്നത്…
റൂമിലേക്ക മൂളിപ്പാട്ടും പാടി കയറി വന്ന കാശി റൂമിൽ അനഘയെ കണ്ടു….
കാശി-“ആഹ്…താനെന്താടോ ഇതിനുള്ളിൽ??”
അനഘ ബുക്കിൽ നിന്നും മുഖമുയർത്തി നോക്കിയപ്പോഴാണ് വാതിൽപടിയിൽ ചാരി നിൽക്കുന്ന കാശിയെ കണ്ടത്….
ചോദിക്കാതെ കയറിയത് കൊണ്ട് അനഘയ്ക്ക് അവനെ നോക്കാൻ ബുദ്ധിമുട്ട് തോന്നി….
അനഘ-“അത്..ഞാൻ…വെറുതെ..ബുക്ക്…”
അനഘ ഒരു വിധം പറഞ്ഞൊപ്പിച്ചു….
കാശി-“അതിന് താനെന്തിനാ ടോ ഇങ്ങനെ കള്ളം ചെയ്ത കുട്ടികളെ പോലെ തലയും താഴ്ത്തി നിൽക്കുന്നത് ???
ഇനി ഈ റൂമിൽ നിന്നും വല്ലതും മോഷ്ടിച്ചോ???”
കാശി കുസൃതിയോടെ ചോദിച്ചു….
അനഘ-“അയ്യോ…ഞാനൊന്നും എടുത്തിട്ടില്ല…സത്യം…”
അനഘ പെട്ടന്ന് തന്നെ പറഞ്ഞത് കേട്ട് കാശി പൊട്ടി ചിരിച്ചു…
കാശി-“ഞാനൊരു തമാശ പറഞ്ഞതല്ലെ മാഷെ…”
കാശി ചിരിച്ച് കൊണ്ട് പറഞ്ഞു….
കാശി ഷെൽഫിനടുത്തേക്ക് നീങ്ങി കുറച്ച് ബുക്കുകൾ എടുത്ത് അനഘയുടെ നേരെ നീട്ടി…
കാശി-“വീട്ടിലിരുന്ന് ബോറടിക്കുമ്പോ എടുത്ത് വായിച്ചോളൂ…..
വേറെ ഏതെങ്കിലും ബുക്കുകൾ വാങ്ങണമെങ്കിൽ പറഞ്ഞാ മതി…
ഞാൻ പുറത്തു പോയി വരുമ്പോ വാങ്ങിക്കുന്നുണ്ട്…”
കാശി അനഘയോട് ചിരിച്ച് കൊണ്ട് പറഞ്ഞു….
അനഘ ബുക്കുകൾ വാങ്ങി കാശിയെ നോക്കി ചിരിച്ച് പുറത്തേക്കിറങ്ങി…
കാശി റൂമിന്റെ വാതിലടച്ചു ടേബിളിലിരിക്കുന്ന മുല്ലപ്പൂക്കൾ എടുത്ത് മൂക്കിനടുത്ത് വെച്ചു…
………………
വൈകുന്നേരം ആയപ്പോൾ വിച്ചു ക്ലാസ് കഴിഞ്ഞെത്തി….
അനഘ ഒരു ഓറഞ്ച് നിറത്തിലുള്ള ചുരിദാറായിരുന്നു ധരിച്ചത്….
മുഖത്ത് ചമയങ്ങളോ മറ്റൊന്നുമില്ല…ഒരു കുഞ്ഞു പൊട്ടു മാത്രമായിരുന്നു അവളുടെ മുഖത്ത് ഉണ്ടായിരുന്നത്….
വിച്ചുവുമായി എന്തോ പറഞ്ഞ് ഉമ്മറത്തേക്ക് നടന്നു വരുന്ന അനഘയെ പുറത്ത് സേതുവിനോടൊപ്പം സംസാരിച്ച് നിൽക്കുകയായിരുന്ന കാശി ഒരു നിമിഷം കണ്ണിമ വെട്ടാതെ നോക്കി നിന്നു….
പിന്നെ പെട്ടന്ന് തന്നെ കണ്ണുകൾ പിൻവലിച്ചു…
ഭവാനി കൂടെ വന്ന ശേഷം മൂവരും അമ്പലത്തിലേക്ക് നടന്നു…
കൃഷ്ണന്റെ പ്രതിഷ്ടയ്ക്കു മുന്നിൽ കൂപ്പു കൈകളോടെ നിന്ന അനഘ തന്റെ എല്ലാ സങ്കടങ്ങളും ഭഗവാനോട് പറഞ്ഞു….
പ്രാർത്ഥിച്ച് കഴിഞ്ഞതും തന്റെയുള്ളിലെ ഭാരം കുറയുന്നതായി അനഘയ്ക്ക് അനുഭവപ്പട്ടു…..
പ്രസാധം വാങ്ങി പ്രതിക്ഷണം വെച്ച് അവർ തിരിച്ച് നടന്നു….
വിച്ചു വാ അടക്കാതെ ഓരോ വിശേഷങ്ങൾ പറയുന്നുണ്ടായിരുന്നു….
ആദ്യം അനഘ ഒന്നും മിണ്ടാതെ നിന്നെങ്കിലും പിന്നെ മൂവരും കൂടെ സംസാരിച്ചായിരുന്നു നടത്തം….
രാത്രിയിലെ ഭക്ഷണം കഴിച്ച് എല്ലാവരും നടുമുറ്റത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു….
കാശിയും വിച്ചുവും ഭവാനിയുടെ മടിയിൽ ഇരുവശവുമായാണ് കിടക്കുന്നത്…
സേതു അവരുടെ അടുത്ത് ഇരിക്കുന്നു….
കുറച്ച് നീങ്ങി തൂണും ചാരിയായിരുന്നു അനഘ ഇരുന്നത്…..
അനഘയ്ക്ക് ഇതൊക്കെ പുതുമയുള്ള കാര്യമായിരുന്നു….
അനഘ കണ്ണെടുക്കാതെ അവരുടെ കളിയും ചിരിയും കണ്ടിരുന്നു…
സേതു ഓരോന്ന് പറയുമ്പോ കാശിയും വിച്ചുവും ചേർന്ന് സേതുവിനെ കളിയാക്കുന്നുണ്ട്….
ഇടക്ക് കാശി വിച്ചുവിനെ ഓരോന്ന് പറഞ്ഞ് ദേഷ്യം പിടിപ്പിക്കുന്നു….
ഇതെല്ലാം കണ്ടു നിന്ന അനഘയ്ക്ക് തന്റെ അച്ഛനേയും അമ്മയേയും ഓർമ്മവന്നു…
എന്തോ പറഞ്ഞ് നോക്കിയ കാശി കണ്ടത് കണ്ണുകൾ നിറച്ച് ഇരിക്കുന്ന അനഘയെയാണ്…
അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട് കാശി വല്ലാതായി….
കാശി-“എടോ…”
കാശി തന്നെ വിളിക്കുന്നത് കേട്ട അനഘ പെട്ടന്ന് കണ്ണുകൾ തുടച്ച് അവനെ നോക്കി…..
കാശി-“തനിക്ക് അമ്മേടെ മടിയിൽ കിടക്കണമെങ്കിൽ പറഞ്ഞാ പോരേ…?
അതിനിങ്ങനെ തുറിച്ച് നോക്കി എന്നെ പേടിപ്പിക്കണോ??”
കാശി കുസൃതിയോടെ ചോദിച്ചത് കേട്ട് അനഘയുടെ കണ്ണുകൾ മിഴിഞ്ഞു….
ഭവാനി-“എന്താ കാശി..?”
ഭവാനി ഒന്നും മനസ്സിലാവാതെ കാശിയോട് ചോദിച്ചു….
കാശി-“അമ്മേ..ഞാനമ്മേടെ മടിയിൽ കിടക്കുന്നത് കണ്ട് ഈ കുട്ടിയെന്നെ നോക്കി പേടിപ്പിക്കുന്നു…”
കാശിയുടെ മുഖത്തേക്ക് നോക്കിയ ഭവാനിയോട് കണ്ണകൊണ്ട് അനഘയെ നോക്കാൻ പറഞ്ഞു…..
അനഘയുടെ നിറഞ്ഞ കണ്ണുകൾ കണ്ട ഭവാനിക്ക് കാര്യം മനസ്സിലായി…..
ഭവാനി-“മതി നീ കിടന്നത്..
എണീറ്റേ…
ഇനി എന്റെ ലച്ചു കുറച്ച് നേരം മടിയിൽ കിടക്കട്ടെ..”
ഭവാനി കാശിയോട് പറഞ്ഞു…
കാശി-“ഓഹ്..നിങ്ങൾ അമ്മയും മോളും ഒന്നായി അല്ലേ…
ഞാൻ പുറത്തും..”
കാശി കപട ദേഷ്യത്തോടെ പറഞ്ഞ് ഭവാനിയുടെ മടിയിൽ നിന്നും എഴുന്നേറ്റു..
ഭവാനി-“മോൾ വാ…”
ഭവാനി അനഘയെ വിളിച്ചു….
അനഘ-“ഏയ്..വേണ്ട അമ്മേ…ഞാൻ ഇവിടെ ഇരുന്നോളാം”
ഭവാനി-“അമ്മയല്ലേ വിളിക്കുന്നത്…വാ മോളേ…”
ഭവാനിയുടെ സ്നേഹത്തോടെയുള്ള വിളി അനഘയ്ക്ക് നിരസിക്കാൻ കഴിഞ്ഞില്ല…
ഒരുപക്ഷേ അങ്ങനെയൊന്ന് അവളും ആഗ്രഹിച്ചിരിക്കണം…”
അനഘ ഭവാനിയുടെ അടുത്തേക്ക് ചെന്ന് മടിയിലേക്ക് തലവെച്ച് കിടന്നു…
ഭവാനി അവളുടെ തലയിലൂടെ വിരലോടിച്ചു….
അനഘ കാശിയെ നോക്കിയപ്പോൾ അവൻ രണ്ടു കണ്ണുകളും ചിമ്മി കാണിച്ച് ചിരിച്ചു….
അത് കണ്ട അനഘയുടെ മുഖത്തും നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു…..
സേതു-“കാശീ…കുറേ ആയില്ലേ നിന്റെ പാട്ട് കേട്ടിട്ട്….
നീ ഒരു നല്ല കവിത ചൊല്ലിക്കേ??..”
ഓരോന്ന് സംസാരിക്കുന്നതിനിടയിലായിരുന്നു സേതുവിന്റെ ഈ ആവശ്യം…
വിച്ചു-“കവിത അല്ല…ഒരു ഫിലിം സോങ്ങ് മതി..”
സേതു പറഞ്ഞത് കേട്ട് വിച്ചു കാശിയോടായി പറഞ്ഞു….
സേതു-“വേണ്ട..കവിത മതി…”
വിച്ചു-“പറ്റില്ല ഫിലിം സോങ്ങ് മതി…”
കാശി-“മതി..മതി…അടി ഉണ്ടാക്കണ്ട…എനിക്ക് ഇഷ്ടമുള്ളത് പാടിക്കോളാം…”
സേതുവിന്റെയും വിച്ചുവിന്റെയും അടികൂടൽ കണ്ട കാശി പറഞ്ഞു…
ഭവാനി-“അത് മതി…അവന് ഇഷ്ടമുള്ളത് പാടട്ടെ….”
അനഘയുടെ നേരെ നോക്കിയ കാശി അവളുടെ കണ്ണുകളിലെ ആകാംഷ കണ്ട് ഒന്ന് ചിരിച്ച് കണ്ണുകളടച്ചു….
പതിഞ്ഞ സ്വരത്തിൽ കാശി പാടാൻ തുടങ്ങി……
” ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു…
ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ…
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ…
ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു….
അടരുവാന്‍ വയ്യാ…
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം….(2)
നിന്നിലടിയുന്നതേ നിത്യസത്യം…”
അവന്റെ ശബ്ദത്തിന്റെ മാസ്മരികതയിൽ അനഘ തനിക്കേറ്റവും പ്രിയപ്പട്ട കവിത കണ്ണുകളടച്ച് ആസ്വദിച്ചു….
വിച്ചു-“അയ്യേ….ലച്ചുച്ചേച്ചി ഉറങ്ങി പോയി…കിച്ചേട്ടന്റെ കവിത കേൾക്കാൻ ത്രാണിയില്ലാതെ പാടുന്നതിന് മുന്നേ ഉറങ്ങിയതാണെന്നാ തോന്നുന്നേ…..”
വിച്ചു കാശിയെ കളിയാക്കി പറഞ്ഞത് കേട്ടാണ് അനഘ കണ്ണുകൾ തുറന്നത്….
കാശി-“നീ പോടീ കുരുട്ടേ…”
കാശിയുടെ മുഖത്ത് നോക്കിയ അനഘ അവന്റെ മുഖം വാടിയത് ശ്രദ്ധിച്ചു…
കാശി-“ബോറായോ ടോ..??”
അനഘ-“ഏയ്….അസ്സലായിട്ടുണ്ട്….
എനിക്ക് ഒരുപാട് ഇഷ്ടപെട്ട കവിതയാണിത്…”
അനഘ കാശിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു….
വിച്ചു-“കിച്ചേട്ടന്റെം ഇഷ്ടപ്പട്ട കവിതയാ ഇത്…”
ഭവാനി-“മതി മതി…സംസാരിച്ച് നേരം ഒരുപാടായി….ചെല്ല്..ചെന്ന് കിടക്ക്…”
ഭവാനി പറഞ്ഞ ശേഷം എല്ലാവരും ഓരോരുത്തരുടേയും റൂമിലേക്ക് പോയി…
അനഘ റൂമിലെ കിടക്കാനൊരുങ്ങിയപ്പോഴാണ് ഡോറിലാരോ തട്ടുന്നത് കേട്ടത്….
ഡോർ തുറന്നതും മുന്നിൽ ക്ലോസപ്പ് ചിരിയുമായി വിച്ചു നിൽക്കുന്നുണ്ടായിരുന്നു….
വിച്ചു-“ഇന്ന് ഞാൻ ലച്ചുച്ചേച്ചീടെ കൂടെയാ കിടക്കുന്നത്….
ബുദ്ധിമുട്ടാവോ??
ആയാലും കുഴപ്പമില്ല…
ഞാനെന്തായാലും ഇന്ന് ഇവിടെയാ കിടക്കുന്നത്…”
റുമിലേക്ക് കയറിയ വിച്ചു പറഞ്ഞു….
അനഘ ചിരിച്ച് അവളുടെ തലയിലൊന്ന് കൊട്ടിയിട്ട് ഡോറടച്ച് വന്ന് കിടന്നു…
അനഘ കിടന്നത് മുതൽ വിച്ചു നിർത്താതെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു….
അവളുടെ ചില മണ്ടത്തരങ്ങൾ കേട്ട് അനഘ പൊട്ടിചിരിച്ചു…
എപ്പോഴോ വിച്ചുവിനേയും ചേർത്ത് പിടിച്ച് ഉറക്കത്തിലേക്കാഴുമ്പോൾ
നാളുകൾക്ക് ശേഷം അനഘയുടെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു…..
……
രാവിലെ എഴുന്നേറ്റതും തന്റെ അടുത്ത് ചേർന്ന് കിടക്കുന്ന വിച്ചുവിനെ കണ്ട അനഘയ്ക്ക് താനൊറ്റയ്ക്കല്ല എന്ന തോന്നലുണ്ടായി….
അനഘ ചിരിച്ച് വിച്ചുവിന്റെ മുഖത്തേക്ക് വീണ മുടികൾ ഒതുക്കി വെച്ച് അവളെ പുതപ്പിച്ച് കൊടുത്ത് ഫ്രഷ് ആവാൻ പോയി…
……..
ഭക്ഷണം കഴിച്ച് കഴിഞ്ഞ് കാശി പുറത്തേക്ക് പോവാനിറങ്ങി….
വിച്ചുവിന് ഷോപ്പിംഗ് ഉള്ളതിനാൽ അവളും കൂടെ പോവാനിറങ്ങി…..
അനഘയേയും വിച്ചു നിർബ്ബന്ധിച്ച് കൂടെ കൂട്ടി……
വിച്ചുവിന് ഡ്രസ്സ് എടുക്കുന്ന കൂട്ടത്തിൽ അനഘയ്ക്കും എടുത്തു…
അവൾ വേണ്ടെന്ന് കുറേ പറഞ്ഞെങ്കിലും കാശിയും വിച്ചുവും കേട്ടില്ല….
ഒരുവിധം ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു….
അനഘയും വിച്ചുവും ബാൽക്കണിയിലിരുന്ന് സംസാരിക്കുമ്പോൾ കാശി അങ്ങോട്ടേക്ക് വന്നു….
കാശി വിച്ചുവിന്റെ ചെറുപ്പത്തിലെ കുസൃതികളും മറ്റും പറഞ്ഞ് വിച്ചുവിനെ കളിയാക്കി….
വിച്ചു-“ലച്ചുച്ചേച്ചിക്ക് ഞാനൊരു കൂട്ടം കാണിച്ച് തരാമേ…”
വിച്ചു അനഘയോട് പറഞ്ഞ് ഓടി പോയി…
തിരിച്ച് വരുമ്പോൾ അവളുടെ കയ്യിൽ പഴയ ഒരു ആൽബം ഉണ്ടായിരുന്നു….
കാശിയുടെ ചെറുപ്പത്തിലെ ഫോട്ടോസെല്ലാം അനഘയ്ക്ക് കാണിച്ച് കൊടുത്തു…
കാശി ആവുന്നതും അവളെ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും തന്നെ കളിയാക്കിയതിന് പ്രതികാരം ചെയ്യാതെ അടങ്ങില്ല എന്ന വാശിയിലായിരുന്നു വിച്ചു…….
ഫോട്ടോസെല്ലാം കാണിക്കുന്നതിനിടയിൽ വിച്ചുവിനെ ഭവാനി താഴേക്ക് വിളിച്ചു…..
അനഘയെ ആൽബം ഏൽപ്പിച്ച വിച്ചു താഴേക്ക് പോയി…..
ഫോട്ടോസ് നോക്കുന്നതിനിടയിൽ അനഘ സേതുവിനൊപ്പം കാശിയെ എടുത്ത് നിൽക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോ കണ്ടു….
അനഘ-“ഡോക്ടറേ….ഇതാരാ…”
തൊട്ടപ്പുറത്ത് ഫോണിൽ കളിച്ചിരിക്കുന്ന കാശിയെ വിളിച്ച് അനഘ ചോദിച്ചു…
അനഘ കാണിച്ച് കൊടുത്ത ഫോട്ടോയിലേക്ക് നോക്കിയതും കാശിയുടെ മുഖം വാടി….
കാശി-“എന്റെ അമ്മയാ…”
കാശി പതിഞ്ഞ ശബ്ദത്തിൽ അനഘയ്ക്ക് മറുപടി കൊടുത്തു….
(തുടരും)…..
Fabi
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anagha written by Fabi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission