Skip to content

അനഘ – ഭാഗം 15

anagha aksharathalukal novel

വയനാടിന്റെ പ്രകൃതി ഭംഗി അനഘയുടെ കണ്ണുകൾക്കും മനസ്സിനും ഒരുപോലെ കുളിരേകി…..

തേയിലത്തോട്ടങ്ങൾ താണ്ടി അവർ ഒരു വലിയ തറവാട് വീട്ടിലേക്ക് പ്രവേശിച്ചു….

വിശാലമായ മുറ്റത്തിന്റെ ഒരോരത്ത് നിർത്തിയിട്ടിരിക്കുന്ന കാറുകൾക്കടുത്തേക്ക് കാശി കാർ കൊണ്ടുപോയി നിർത്തി….

എല്ലാവരും കാറിൽ നിന്ന് ഇറങ്ങിയിട്ടും അനഘയ്ക്ക് ഇറങ്ങാൻ വല്ലാത്ത സങ്കോചം തോന്നി….

അനഘയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഭവാനി അവളുടെ കൈപിടിച്ച് പുറത്തേക്കിറക്കി……

കാറിൽ നിന്നും ഇറങ്ങിയ അനഘ ചുറ്റിലും നോക്കി….

കാശിയുടെ വീടിനേക്കാൾ ഒരു രണ്ടിരട്ടി വലിപ്പമുണ്ട് ആ തറവാടിന്….

അതുപോലെതന്നെ പഴക്കവും…..

മുറ്റത്തൊരു തുളസ്സി തറയുണ്ട്….

അവിടുത്തെ ശാന്തമായ അന്തരീക്ഷവും തണുത്ത കാറ്റും എത്ര ക്ഷീണമുള്ള ദേഹത്തിനും ഒരു ഉണർവ്വ് നൽകും……

അനഘ ചുറ്റുപാടും നോക്കുമ്പോഴാണ് തറവാട്ടിനകത്ത് നിന്നും കുറച്ച് പേർ അവരെ സ്വീകരിക്കാനെന്നോണം പുറത്തേക്ക് വന്നത്…..

“വാ ലച്ചൂട്ടീ….”

ഭവാനി അനഘയേയും കൂട്ടി അവരുടെ അടുത്തേക്ക് നടന്നു….

“ഇതാണല്ലേ ലച്ചു…”

അവരുടെ കൂടയുള്ള പ്രായമായ ഒരു സ്ത്രീ ഭവാനിയോട് ചോദിച്ചു…..

പ്രായം അവരുടെ ശരീരത്തിൽ ചുളിവുകൾ വീഴ്ത്തി എങ്കിലും അവരുടെ പ്രൗഢിക്ക് ഒരു കുറവും വന്നിരുന്നില്ല…..

കാശിയുടെ മുത്തശ്ശി അതാവും എന്ന് അനഘയ്ക്ക് തോന്നി….

ഭവാനി-“അതെ അമ്മേ….”

മുത്തശ്ശി-“മോളിങ്ങ് അടുത്തേക്ക് വന്നേ…..”

അവർ അനഘയെ അടുത്തേക്ക് വിളിച്ചു….

മുത്തശ്ശി-“സേതുവും ഭവാനിയും വിളിക്കുമ്പോ എപ്പഴും പറയും മോളെ കാര്യം…..

കാണാൻ കുറെ ആഗ്രഹം ഉണ്ടായിരുന്നു…അതാ ഇവര് വരുമ്പൊ മോളെ കൂടെ കൊണ്ട് വരണമെന്ന് പറഞ്ഞത്…..”

അനഘയുടെ തലയിൽ തലോടിക്കൊണ്ട് അവർ പറഞ്ഞു…

കാശി-“പുതിയ ആളെ കിട്ടിയപ്പോ നമ്മളെ ഒന്ന് നോക്കുന്നു കൂടെ ഇല്ല..അല്ലേ വിച്ചൂ….”

വിച്ചു-“അതെ….നമ്മളെ ഒന്നും ഇപ്പോ ആർക്കും വേണ്ടാലോ…”

മുത്തശ്ശി-“ന്റെ കുട്ട്യോളെ ഞാൻ മറക്കോ….വന്നേ രണ്ടാളും….”

“മുത്തൂസെ…..”

കാശിയും വിച്ചുവും അവരുടെ അടുത്തേക്ക് ചെന്ന് അവരെ പുണർന്നു….

“ഏടത്തീ….”

മുത്തശ്ശിയുടെ കൂടെ നിന്ന സ്ത്രീ ഭവാനിയുടെ അടുത്തേക്ക് ചെന്നു വിളിച്ചു….

“വാ മോളേ…..”

അവർ അനഘയ്ക്ക് അടുത്തേക്ക് ചെന്ന് അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി….

അവർ തറവാട്ടിലേക്ക് കയറി…..

കാശിയുടെ വീട് ആ തറവാടിന്റെ ചെറിയ ഒരു പതിപ്പാണെന്ന് അനഘയ്ക്ക് തോന്നി…..

തറവാടിന്റെ അങ്ങേ തലക്കലെ റൂമായിരുന്നു അനഘക്ക് കൊടുത്ത്….

അതിന്റെ എതിർ ഭാഗത്ത് കാശിയുടെ മുറിയും..

വിച്ചുവിന്റെത് അനഘയുടെ തൊട്ടടുത്ത മുറിയും….

അനഘ റൂമിൽ കയറി പെട്ടന്ന് തന്നെ കുളിച്ചിറങ്ങി അടുക്കളയിലേക്ക് ചെന്നു…

സ്ത്രീ ജനങ്ങളെല്ലാം ഉച്ചയ്ക്ക് ഭക്ഷണം ഒരുക്കുന്നതിനായുള്ള ശ്രമങ്ങളിലായിരുന്നു….

ഭവാനി-“മോള് ഇത്ര പെട്ടന്ന് കുളികഴിഞ്ഞ് വന്നോ…

ക്ഷീണം ഉണ്ടെങ്കിൽ കിടന്നൂടായിരുന്നോ…?”

അനഘ-“ഏയ് എനിക്ക് കുഴപ്പമൊന്നുമില്ല അമ്മേ….”

ഭവാനി-“വാ ഞാൻ എല്ലാരെയും പരിചയപ്പെടുത്തി തരാം..”

ഭവാനി അനഘയെ കൂട്ടി അവിടെയുള്ള ചെറിയ ടേബിളിനടുത്തേക്ക് നടന്നു….

അവിടെ നേരത്തെ കണ്ട മുത്തശ്ശി അല്ലാതെ അവരുടെ ഏകദേശം അതേ പ്രായത്തിലുള്ള രണ്ട് പേർ പച്ചക്കറി അരിയുന്നുണ്ടാരിരുന്നു…..

ഭവാനി-“ഇത് സേതുവേട്ടന്റെ അമ്മ കൗസല്യ..,

ഇത് ഏട്ടന്റെ ചെറിയച്ചന്റെ ഭാര്യ ഗൗരി..,

ഇത് വേറൊരു ചെറിയച്ചന്റെ ഭാര്യ രമ

(നേരെ ചെറിയച്ഛനല്ല ട്ടോ…..ബന്ധം ഞാൻ പിന്നെ പറഞ്ഞു തരാം..

)

പിന്നെ ഇത് സേതുവേട്ടന്റെ അനിയന്റെ ഭാര്യ ഗീത….”

അനഘ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു….

അപ്പോഴാണ് രമ അനഘയോട് കൈകൾ കൊണ്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാണിക്കുന്നത് കണ്ടത്….

കൗസല്യ-“മോളെ പേര് എന്താ എന്ന് ചോദിക്കുകയാണ്..?

ചേച്ചിക്ക് സംസാരിക്കാനാവില്ല….”

അനഘ പേര് പറഞ്ഞു കൊടുത്തു….

അവരവളെ അടുത്തിരുത്തി തലോടി….

അനഘ അവരുടെ കൂടെ ഭക്ഷണമുണ്ടാക്കാൻ സഹായിച്ചു….

ഭക്ഷണം കഴിച്ച് ഒന്ന് മയങ്ങി എഴുന്നേറ്റപ്പോഴേക്കും വൈകുന്നേരമായിരുന്നു….

അനഘ പുറത്തേക്കൊന്ന് ഇറങ്ങാമെന്ന് കരുതി റൂമിൽ നിന്ന് ഇറങ്ങി വെളിയിലേക്ക് നടക്കുന്നതിനിടയിലാണ് കാശിയുടെ റൂമിൽ നിന്നും അവൻ പാടുന്നത് കേട്ടത്…..

അവളുടെ കാലുകൾ അവന്റെ റൂമിന് ലക്ഷ്യമാക്കി ചലിച്ചു…

ഒരു ട്രാക്ക് പാന്റും ബനിയനും ഇട്ട് കട്ടിലിൽ കിടക്കുകയായിരുന്നു അവൻ….

ചുണ്ടിൽ പഴയ ഏതോ ഗസലിന്റെ വരികൾ മൂളുന്നുണ്ടായിരുന്നു….

അവന്റെ സ്വരമാധുരിയിൽ ലയിച്ച് അനഘ നിന്നു…..

ഇടക്ക് കാശിയുടെ നോട്ടം വാതിലിനടുത്തേക്കായപ്പോഴാണ് അനഘ നിൽക്കുന്നത് കണ്ടത്…..

കാശി-“ഹാ…ലക്ഷ്മീ..താനെന്താടോ പുറത്ത് നിൽക്കുന്നത്…കയറി വാ….”

അനഘ-“എന്താ ഡോക്ടറേ ഒരു പാട്ടൊക്കെ…?”

അനഘ ചിരിയോടെ ചോദിച്ച് കൊണ്ട് റൂമിലേക്ക് കയറി…..

കാശി-“ചുമ്മാ…

ആ മുറിയിൽ മുല്ലപ്പൂക്കളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…

അവൾ ശ്രദ്ധിച്ച് നോക്കിയപ്പോൾ ജനലഴികളിലൂടെ പടർന്നു കയറിയ മുല്ലവള്ളികൾ കണ്ടു…..

കാശി-“എന്റെ അമ്മ ഉപയോഗിച്ചിരുന്ന മുറിയാ ഇത്…..

ഇങ്ങോട്ട് വരുമ്പോഴൊക്കെ ഞാനിവിടെയാ കിടക്കാറ്.. “

അനഘ നോക്കുന്നത് കണ്ട് കാശി പറഞ്ഞു…..

അവൾ അവനെ ഒന്ന് നോക്കി പുഞ്ചിരിച്ച് ആ ജനലഴികൾക്കടുത്തേക്ക് ചെന്നു…..

കാശി-“തനിക്ക് ബോറടിക്കുന്നുണ്ടാവും അല്ലേ..?

നമുക്ക് തൊടിയിലേക്കൊക്കെ ഇറങ്ങി ഒന്ന് ചുറ്റി കണ്ടാലോ….?”

കാശി ചോദിച്ചതും അനഘ സമ്മതമെന്ന അർത്ഥത്തിൽ തലയാട്ടി….

വിച്ചു നല്ല ഉറക്കമായതിനാൽ അവളെ ശല്യപ്പെടുത്താതെ അനഘ കാശിയുടെ കൂടെ പുറത്തേക്ക് ഇറങ്ങി….

തൊടിയിലും മറ്റും കാഴ്ചകൾ കണ്ട് അവർ പിന്നെ എത്തിയത് ഒരു അസ്ഥി തറക്ക് മുന്നിലായിരുന്നു….

കാശി-“അമ്മയാ….”

അനഘ ഒരു നിമിഷം കണ്ണുകളടച്ച് നിന്നു…

അപ്പോളവരെ തലോടികൊണ്ട് കടന്നുപോയ കാറ്റിന് മുല്ലപ്പൂവിന്റെ സുഗന്ധമായിരുന്നു….

അവിടെ നിന്നും തറവാട്ടിലേക്ക് നടക്കുമ്പോഴാണ് തറവാടിന്റെ വലത് ഭാഗത്തായി നിൽക്കുന്ന മാവ് അനഘയുടെ ശ്രദ്ധയിൽ പെട്ടത്…..

അതിൽ നിറയെ മാങ്ങകളുണ്ടായിരുന്നു…..

അനഘയ്ക്ക് അത് കാണെ കഴിക്കാൻ കൊതിയായി…..

കാശി സംസാരിച്ച് നടക്കുന്നതിനിടയിൽ പിന്നിൽ നിന്നും ഒരു മറുപടിയുമില്ലാത്തതിനാൽ തിരിഞ്ഞ് നോക്കിയതായിരുന്നു….

അപ്പോഴാണ് അനഘ മാവിന് മുകളിലേക്ക് നോട്ടമെറിഞ്ഞ് നിൽക്കുന്നത് കാശി കണ്ടത്…..

അവൻ തിരികെ അവളുടെ നേരെ നടന്നു….

കാശി-“എന്താടോ നോക്കുന്നത്…?

മാങ്ങ വേണോ..?”

അനഘ-“ഏയ്..ഞാൻ വെറുതെ കണ്ടപ്പോൾ നോക്കിയതാണ്….”

കാശി-“ലക്ഷമീ…കള്ളം പറയല്ലേ…..”

അനഘ-“വേണ്ടിയിരുന്നു….പക്ഷേ എങ്ങനെ കിട്ടും….?”

കാശി-“ഹാ..അതിനൊക്കെ വഴിയുണ്ട് മോളേ…..”

അതും പറഞ്ഞ് കാശി മാവിനടുത്തേക്ക് നടന്നു….

അനായാസമായി കാശി മാവിന് മുകളിലേക്ക് കയറുന്നത് കണ്ട് അനഘ വായും തുറന്ന് നിന്നു…

കാശി-“വാ പൊളിച്ച് നിൽക്കാതെ ഷാൾ നിവർത്തി പിടിക്ക് ഞാൻ പറിച്ച് അതിലേക്ക് ഇടാം…”

അനഘ നോക്കി നിൽക്കുന്നത് കണ്ട് കാശി പറഞ്ഞു….

അവൾ വേഗം ചുരിദാറിന്റെ ഷാൾ ഒരു വശം നിവർത്തി പിടിച്ചു..

കാശി കുറച്ചെണ്ണം പറിച്ച് അതിലേക്കിട്ട് താഴേക്കിറങ്ങി…..

അനഘ കത്തിയെടുക്കാൻ പോവാമെന്ന് പറഞ്ഞതും കാശി അവളുടെ കൈയ്യിൽ പിടിച്ചു…

അവൻ ഒരു കല്ലിന്റെ അടുത്തേക്ക് ചെന്ന് മാങ്ങ എറിഞ്ഞ് പൊട്ടിച്ച് കഷ്ണങ്ങളാക്കി അനഘയ്ക്ക് കൊടുത്തു…

അവൾ അതിൽ ഒരെണ്ണം എടുത്തു കടിച്ചതും മാങ്ങയുടെ പുളിപ്പ് കാരണം കണ്ണുകൾ അടച്ചു….

അനഘയുടെ മുഖഭാവം കണ്ടതും കാശി ചിരിച്ചു…

അവളവനെ നോക്കി മുഖം കോട്ടി ബാക്കി കഴിക്കാൻ തുടങ്ങി….

കുറച്ച് കഴിഞ്ഞതും വിച്ചുവും വന്ന് അവരുടെ കൂടെ ചേർന്നു…..

……….

സന്ധ്യ കഴിഞ്ഞതും ഭവാനി അനഘയെ തറവാടിനുള്ളിൽ കാണിച്ച് കൊടുക്കാൻ കൊണ്ട് പോയി…..

താഴെ കണ്ട് കഴിഞ്ഞ് അവർ മുകളിലേക്ക് കയറി….

മുകളിലെത്തിയതും കാണുന്ന നീളമുള്ള വരാന്തയിലൂടെ നടന്നു….

അവിടെ ചുമരിൽ തറവാട്ടിലെ കാരണവൻമാരുടെയും മറ്റും ചിത്രങ്ങൾ വച്ചിരുന്നു….

ഭവാനി അനഘയ്ക്ക് അവയോരോന്നും കാണിച്ച് കൊടുത്തു….

ഏറ്റവും അവസാനമായുള്ളത് ഒരു കുടുംബ ചിത്രമായിരുന്നു….

അതിൽ നോക്കികൊണ്ട് നിൽകെ മെടഞ്ഞിട്ട മുടി രണ്ടും മുന്നിലേക്കിട്ട് മുഖത്ത് ഒരു പുഞ്ചിരിയുമായി നിൽക്കുന്ന പതിനെട്ട് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയിൽ അനഘയുടെ കണ്ണുകൾ തറഞ്ഞ് നിന്നു……

അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു……

ഭവാനി-“എന്തു പറ്റി മോളെ…?”

അനഘയുടെ പെട്ടന്നുള്ള ഭാവമാറ്റം കണ്ട് ഭവാനി ചോദിച്ചു……

അനഘ-“അമ്മ….”

അനഘ ആ പെൺകുട്ടിക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു…….

…….

ഭവാനി-“ലച്ചൂ….മോളപ്പോ ഞങ്ങളുടെ വീണയുടെ മകളാണോ…..?”

ഒരു നിമിഷത്തെ പകപ്പിന് ശേഷം ഭവാനി അനഘയ്ക്ക് നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു……

അനഘ അതെ എന്ന അർത്ഥത്തിൽ തലയാട്ടി….

അത് കേട്ടതും ഭവാനി അനഘയുടെ മുഖം കൈകുമ്പിളിൽ എടുത്ത് ഉമ്മകൾ കൊണ്ട് മൂടി….

ഭവാനി-“എന്റെ ഈശ്വരാ….ഇത്ര അടുത്ത് മോളുണ്ടായിട്ടും അറിഞ്ഞില്ലല്ലോ ഞങ്ങൾ….”

ഭവാനി അവളെ മാറിലേക്ക് പൊതിഞ്ഞു പിടിച്ചു…..

ഭവാനി-“മോള് വന്നേ…നമുക്ക് താഴേക്ക് പോവാം….”

അനഘയുടെ കൈ പിടിച്ച് ഭവാനി താഴേക്കിറങ്ങി…

അനഘയ്ക്ക് എന്താ ചുറ്റിലും നടക്കുന്നതെന്ന് കൃത്യമായി മനസ്സിലായില്ലെങ്കിലും താൻ തനിക്ക് വേണ്ടപ്പെട്ട ആരൊക്കെയോ ആണ് തനിക്ക് ചുറ്റിലുമുള്ളതെന്ന് മനസ്സിലാക്കാൻ സാധിച്ചു……..

ഭവാനി-“സേതുവേട്ടാ…..അമ്മേ…എല്ലാവരും ഒന്ന് വന്നേ….”

താഴെയെത്തിയതും ഭവാനി എല്ലാവരേയും ഉറക്കെ വിളിച്ചു….

അവരുടെ മുഖത്തെ സന്തോഷം വാക്കുകളിലും നിറഞ്ഞ് നിന്നിരുന്നു….

ഭവാനിയുടെ ശബ്ദം കേട്ട് എല്ലാവരും ഓടി വന്നു…..

കാശി-“എന്താ..എന്താ അമ്മേ…?”

ഭവാനി-“പറയാം ടാ….രമ അമ്മ എവിടെ..?”

കൗസല്യ-“അവള് കിടക്കുകയാ…എന്താ കാര്യം മോളേ…?”

ഭവാനി-“പറയാം അമ്മേ…ഞാൻ പോയി രമയമ്മയെ വിളിച്ചിട്ട് വരാം….”

സേതു-“നിനക്കെന്താ ടോ ഇത്ര സന്തോഷം…വല്ല നിധിയും കിട്ടിയോ നിനക്ക്..?”

ഭവാനി-“ആ കിട്ടി സേതുവേട്ടാ…എനിക്ക് മാത്രമല്ല…ഇവിടുള്ള എല്ലാർക്കും കൂടെ കിട്ടിയ നിധിയാ….”

പോവുന്ന പോക്കിൽ ഭവാനി പറഞ്ഞു….

ആരും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി…..

സേതു-“നിന്റെ അമ്മക്ക് എന്തു പറ്റിയെടാ…?”

കാശി-“ആവോ..ആർക്കറിയാം….”

ഭവാനി തിരിച്ച് വരുമ്പോൾ കൂടെ രമയുമുണ്ടായിരുന്നു….

അവരുടെ കൈ വിടാതെ തന്നെ ഒരു കൈ കൊണ്ട് സേതുവിന്റെ കയ്യും പിടിച്ച് അനഘയുടെ മുന്നിൽ കൊണ്ട് വന്നു നിർത്തി….

ഭവാനി-“ഇതാരാന്ന് അറിയോ രമമ്മയ്ക്കും സേതുവേട്ടനും..?”

ഭവാനി ചോദിച്ചത് കേട്ട് എല്ലാവരും അവളെ തന്നെ നോക്കി നിന്നു…..

ഭവാനി-“ലച്ചു നമ്മുടെ അമ്മൂന്റെ മോളാ സേതുവേട്ടാ….”

ഇത് കേട്ടതും രമ നിറഞ്ഞ കണ്ണുകളോടെ ഭവാനിയെ നോക്കി….

ഭാവാനി-“അതേ രമമ്മേ…അമ്മേടെ കൊച്ചുമോൾ തന്നെയാ ഏ നിൽക്കുന്നത്….”

രമ പതിയെ അനഘയുടെ അടുത്തേക്ക് ചെന്നു…..

അവളുടെ മുടിയിലും മുഖത്തും തലോടി….

അവളുടെ മുഖത്ത് ചുംബനങ്ങൾ നൽകി ഒരു കരച്ചിലോടെ അവളെ പുണർന്നു…..

ഒരു വാക്ക് പോലും മിണ്ടാൻ കഴിയില്ലെങ്കിലും അവരുടെ ഓരോ തലോടലിലും അവരുടെ സ്നേഹവും വാത്സല്യവും നിറഞ്ഞ് നിന്നിരുന്നു…..

അതുവരെ അനഘയെ തന്നെ നോക്കി നിൽക്കുകയായിരുന്ന സേതു അവരുടെ അടുത്തേക്ക് നടന്നു….

സേതു-“ഞാൻ പറഞ്ഞില്ലായിരുന്നോ ഭവാനീ…..

ലച്ചുമോളോട് വല്ലാത്തൊരു ആത്മ ബന്ധം തോന്നുന്നുണ്ടെന്ന്….

ഇവളെ കാണുമ്പോളൊക്കെയും അമ്മൂനെ ഓർമ്മ വരാറുണ്ടെന്ന്….”

സേതുവിന്റെ വാക്കുകൾ കേട്ട് ഭവാനി കണ്ണുകൾ തുടച്ച് കൊണ്ട് അവരെ നോക്കി തല ചലിപ്പിച്ചു…

സേതു അനഘയുടെ നെറ്റിയിൽ ചുണ്ടുകൾ പതിപ്പിച്ചു…..

കൗസല്യയും ഗൗരിയും ഗീതയുമെല്ലാം വന്ന് അനഘയെ പുണർന്നു….

കാശിയും വിച്ചുവും ഇതെല്ലാം കണ്ട് സന്തോഷിച്ചു…..

അനഘ അവരുടെയെല്ലാം സ്നേഹത്തിന് മുന്നിൽ സ്വയം മറന്ന് നിൽക്കുകയായിരുന്നു….

അവൾക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല…..

ഇത്രയും നാൾ ആരോരും ഇല്ലാതിരുന്നവൾക്ക് ഒട്ടും പ്രതീക്ഷിക്കാതെ സ്വന്തമെന്ന് പറയാൻ ഒരുപാട് പേരെ ലഭിച്ചത് അവളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്…..

രമ അനഘയെ നോക്കി ആംഗ്യത്തിൽ എന്തോ ചോദിച്ചു…

കൗസല്യ-“അമ്മു എവിടെ എന്നാ ചേച്ചി ചോദിക്കുന്നത്…?”

അനഘ-“അമ്മയും അച്ഛനും ഒരു ആക്സിഡന്റിൽ……”

അനഘ മുഴുവനാക്കാതെ പറഞ്ഞു നിർത്തി…..

രമ മുഖം പൊത്തി കരഞ്ഞു…..

അനഘ-“അമ്മമ്മേ….കരയല്ലേ….”

അനഘ അവരെ പുണർന്ന് കൊണ്ട് പറഞ്ഞു…..

ഏറെ നേരത്തിന് ശേഷം അവരുടെ കരച്ചിൽ കുറഞ്ഞ് വന്നു…..

വിച്ചു-“ആരാ അച്ഛാ ലച്ചുച്ചേച്ചീടെ അമ്മ..?”

എല്ലാം ഒന്ന് ശാന്തമായ ശേഷം വിച്ചു സേതുവിനോടായി ചോദിച്ചു…..

സേതു അനഘയെ ഒന്ന് നോക്കി….

അവളുടെ മുഖത്തും ആകാംക്ഷ ഉണ്ടായിരുന്നു….

സേതു ഒരു നെടുവീർപ്പോടെ പറഞ്ഞു തുടങ്ങി…..

……………..

പുത്തേടത്ത് ശങ്കരനും സുമംഗലക്കും രണ്ട് ആൺമക്കളായിരുന്നു…..

ഗണേഷനും രവീന്ദ്രനും….

ഗണേഷൻ തറവാട്ടിലേയും മറ്റും കാര്യങ്ങളുമായി നടന്നപ്പോൾ രവീന്ദ്രൻ ബിസിനസിൽ താൽപര്യം പ്രകടിപ്പിച്ചു….

ഈ കാര്യം അച്ഛനോടും ചേട്ടനോടും പറഞ്ഞപ്പോൾ അവർ പൂർണ്ണ പിന്തുണ നൽകി….

ആദ്യം പരാജയം നേരീടേണ്ടി വന്നെങ്കിലും പതിയെ പതിയെ രവീന്ദ്രന്റെ ബിസിനസ് വളർന്നു വന്നു…..

ചേട്ടനോട് ബിസിനസിൽ പങ്കാളിയാവാൻ രവീന്ദ്രൻ ഒരു പാട് പറഞ്ഞിരുന്നു എങ്കിലും ഗണേഷൻ അത് സ്നേഹത്തോടെ നിരസിക്കുകയായിരുന്നു ചെയ്തത്…..

അങ്ങനെ ഗണേഷനും രവീന്ദ്രനും വിവാഹം കഴിച്ചു….

ഗണേഷനും ഭാര്യ ശങ്കരിക്കും രണ്ട് മക്കൾ ജനിച്ചു….

മാധവനും ബാലനും…

രവീന്ദ്രനും ഭാര്യ വിലാസിനിക്കും ഒരു മകനും…

പ്രതാപൻ..

മാധവനും പ്രതാപനും ഒരേ പ്രായക്കാരായിരുന്നു….

കുറുമ്പും കുസൃതിയും മാധവനായിരുന്നു കൂടുതൽ..

കാലങ്ങൾ കഴിഞ്ഞു….

മാധവനും പ്രതാപനും വളർന്നു വന്നു….

പ്രതാപൻ അച്ഛന്റെ പാതയൂടെ തന്നെ സഞ്ചരിച്ചു….

അച്ഛനേക്കാൾ ബുദ്ധിയും കഴിവും ഉള്ള പ്രതാപൻ ബിസിനസ് ഏറ്റെടുത്തതോടെ കൂടുതൽ മുന്നേറാൻ കഴിഞ്ഞു….

ബിസിനസ് വളരാൻ തുടങ്ങിയതും മാധവന് പ്രതാപനോടുള്ള സമീപനത്തിൽ മാറ്റം വരാൻ തുടങ്ങി…..

തന്നേക്കാൾ മുന്നിലെത്തിയവനോടുള്ള അസൂയയും സ്വത്തുക്കളോടുള്ള ആർത്തിയും മാധവനെ മറ്റൊരാളാക്കി മാറ്റി….

തന്റെ ദേഷ്യവും ഇഷ്ടക്കേടും മാധവൻ പുറമെ കാണിച്ചില്ല എങ്കിലും പ്രതാപനെ വീഴ്ത്താനുള്ള പല വഴിയും അവൻ നോക്കിയിരുന്നു…

പക്ഷേ ഒന്നിലും പ്രതാപൻ വീണില്ല….

അങ്ങനെ മാധവനും പ്രതാപനും വിവാഹപ്രായം ആയി…..

മാധവൻ കൗസല്യയേയും പ്രതാപൻ രമയേയും വിവാഹം ചെയ്തു…..

മാധവന് സേതുവും സതീഷനും ശിവരാമനും ജനിച്ച് കഴിഞ്ഞ ശേഷമാണ് പ്രതാപന് ഒരു കുഞ്ഞ് ജനിച്ചത്….

വീണ…

തറവാട്ടിലെ ആദ്യത്തെ പെൺകുഞ്ഞ് ആയതിനാൽ എല്ലാവർക്കും അവളോട് പ്രത്യേക സ്നേഹമായിരുന്നു…

സേതുവിനാകട്ടെ അവന്റെ അമ്മൂട്ടിയെ ജീവനും…

അവന്റെ സ്നേഹ വാത്സല്യങ്ങൾ ഏറ്റായിരുന്നു കുഞ്ഞ് വീണ ഉറങ്ങിയിരുന്നത്……

ഇതിനിടയിൽ ബാലൻ ഗൗരിയെ വിവാഹം ചെയതു….

അവർക്ക് കുട്ടികൾ ഉണ്ടായില്ല…

ഝഝ

മാധവന്റെ ഇളയ മകൻ ശിവരാമൻ ഒരു മാനസിക വിഭ്രാന്തിയുള്ള കുട്ടിയായിരുന്നു….

വേണിയെ എപ്പോഴും ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനാൽ അവൾക്ക് അവനെ പേടി ആയിരുന്നു……

വേണിക്ക് അഞ്ച് വയസായപ്പോഴായിരുന്നു പ്രതാപൻ അറ്റാക്ക് മൂലം മരിച്ചത്…..

മാധവൻ പ്രതാപന്റെ സ്വത്തുക്കളൊക്കെ മക്കളുടെ പേരിലേക്ക് എഴുതി വെക്കാൻ കരുതിയിരുന്നെങ്കിലും പ്രതാപൻ മകളുടേയും മകൾക്ക് ജനിക്കാൻ പോവുന്ന കുഞ്ഞിന്റെയും പേരിൽ വിൽപത്രം എഴുതി വെച്ചിരുന്നു….

വീണയ്ക്ക് പതിനെട്ട് വയസിവുന്നത് വരെ മാധവന് നോക്കി നടത്താമെന്ന് പറഞ്ഞ് പവർ ഓഫ് അറ്റോർണിയും തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു…..

കാലങ്ങൾ കടന്നു…..വീണക്ക് പതിനെട്ട് വയസ് പൂർത്തിയായി…

ഇതിനിടെ സേതുവിന്റെയും സതീഷന്റെയും വിവാഹം കഴിഞ്ഞു…

സേതുവിന് കാശി ജനിച്ച് അവന് മൂന്ന് വയസ്സായി…

സതീഷന് ഇരട്ട കുട്ടിളും..അഭിയും സായിയും…ഇരുവർക്കും ഒരു വയസ്സായി…..

മാധവന് ശിവരാമനെ കൊണ്ട് വീണയെ വിവാഹം ചെയ്യിക്കാൻ ചിന്തിച്ചിരുന്നു….

അങ്ങനെയാണെങ്കിൽ സ്വത്തുക്കൾ ഒരിക്കലും കൈവിട്ട് പോവുകയില്ലല്ലോ…..

എന്നാൽ ഇതിനെ സേതു ശക്തമായി എതിർത്തു….

വീണയെ ഒരിക്കലും ശിവരാമനെ കൊണ്ട് വിവാഹം ചെയ്യിക്കില്ല എന്ന് മാധവനോട് വെല്ലുവിളി നടത്തി….

സേതുവിന്റെ ദേഷ്യം അറിയാവുന്നത് കൊണ്ട് തന്നെ മാധവൻ അവനു മുന്നിൽ അടങ്ങിയതായി നിന്നു….

ഫാക്ടറിയിൽ മനപ്പൂർവ്വം തൊഴിലാളി പ്രശ്നം ഉണ്ടാക്കി സേതുവിനെ മാധവൻ അങ്ങോട്ട് പറഞ്ഞയച്ചു….

ഒരാഴ്ച കഴിഞ്ഞേ സേതു തിരിച്ച് വരൂ എന്ന് കണക്ക് കൂട്ടി ആ സമയത്തിനുള്ളിൽ വീണയുടെയും ശിവരാമന്റെയും വിവാഹം നടത്തണമെന്നും തീരുമാനിച്ചു…

സേതുവിനോട് ഈ വിവരം പറയരുതെന്ന് വീട്ടിലുള്ളവരോട് പറഞ്ഞു…..

മാധവനോടുള്ള പേടി കാരണം ആരും സേതുവിനെ ഒരു വിവരവും അറിയിച്ചില്ല…..

രമയ്ക്ക് കരയാനല്ലാതെ മറ്റൊന്നിനും സാധിച്ചില്ല….

പറഞ്ഞതിലും നേരത്തെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സേതു വീട്ടിലേക്ക് തിരിച്ചു…..

ഇവരുടെ വിവാഹ ദിവസമാണ് അവൻ അവിടെ എത്തിയത്…..

ശിവരാമനുമായിട്ടുള്ള കല്യാണത്തിന്റെ തലേന്ന് വീണ അവൾ സ്നേഹിക്കുന്ന ആളുടെ കൂടെ ഒളിച്ചോടി എന്ന വിവരമായിരു സേതുവിന് ലഭിച്ചത്…

സേതുവിന്റെ ദേഷ്യം മുഴുവൻ മാധവനോടായായിരുന്നു…..

അവൻ അയാളോട് ഒരുപാട് കലഹിച്ചു….

ശിവരാമനും ആയിട്ട് മാധവൻ വിവാഹം ആലോചിച്ചപ്പോൾ തന്നെ വീണ സേതുവിനോട് തനിക്ക് ഒരാളെ ഇഷ്ടമണെന്നും കൃഷ്ണൻ എന്നാണ് പേര് എന്നും പറഞ്ഞിരുന്നു…

അന്ന് വിശദമായി ഒന്നും ചോദിക്കാൻ കഴിയാതെ പോയതിൽ സേതുവിന് അവനോട് തന്നെ കലശലായ ദേഷ്യം തോന്നി…..

വീണയെ ഒരുപാട് അന്വേഷിച്ചെങ്കിലും അവരെ കുറിച്ച് ഒരു അറിവും കിട്ടിയിരുന്നില്ല….

പതിയെ അമ്മുവിനെ എല്ലാവരും മറക്കാൻ ശ്രമിച്ചു…..

സേതുവിന്റെയും രമയുടേയും മനസ്സിൽ അവളൊരു നോവായി തന്നെ നിൽക്കുന്നുണ്ടായിരുന്നു…….

മാധവന് തളർവാതം വന്ന് വലതു വശം തളർന്ന് കിടപ്പിലായി…..

വർഷങ്ങളോളം അതേ കിടപ്പ് കിടന്ന് പിന്നീടാണ് മാധവൻ മരണപ്പെട്ടത്….

അതിനിടയിൽ തന്നെ സേതു വേറെ വീട് വെച്ച് മാറി താമസിക്കാൻ തുടങ്ങിയിരുന്നു…

…………….

സേതു പറഞ്ഞ് നിർത്തി……

തുടരും

Fabi

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!