Skip to content

അനഘ – ഭാഗം 21

anagha aksharathalukal novel

കാശി നിറഞ്ഞ ചിരിയോടെ അവൾക്കടുത്തേക്ക് നടന്നു….

അനഘ എന്നാൽ ഇതൊന്നും അറിയാതെ മഴയെ ആസ്വദിക്കുകയായിരുന്നു…

കൈകുമ്പിളിൽ നിറയുന്ന വെള്ളത്തെ തട്ടിതെറുപ്പിക്കുന്ന അവളുടെ പിന്നിലായി നിന്നുകൊണ്ട് കാശി അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ മുഴുവൻ നോക്കി കണ്ടു….

അവളുടെ മുഖത്ത് തങ്ങിനിൽക്കുന്ന മഴത്തുള്ളികളാവാൻ അവൻ ആഗ്രഹിച്ചു…

കാശി-“ആഹാ…ഇതാണോ ഇവിടെ പരിപാടി…?”

അനഘ ഞെട്ടി തിരിഞ്ഞ് നോക്കിയതും തന്നെ നോക്കി നിൽക്കുന്ന കാശിയെ കണ്ടു….

കള്ളം കണ്ടുപിടിക്കപ്പെട്ട കുട്ടിയുടെ ഭാവഭായിരുന്നു അവൾക്ക്…

കാശി ചിരിച്ച് കൊണ്ട് അവൾക്കടുത്തായി ഇരുന്നു….

അനഘ-“ഞാൻ വെറുതെ…മഴപെയ്യുന്നത് കണ്ടപ്പോൾ…”

കാശി-“ആഹാ..മഴ ഇഷ്ടാണോ തനിക്ക്….?”

അനഘ-“ഇഷ്ടം ആണ്…എന്തെ ഡോക്ടർക്ക് ഇഷ്ടല്ലേ…?”

കാശി-“ഞാനും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു….

മഴ പ്രണയമല്ലേ ലക്ഷ്മീ….

ചുട്ട് പഴുത്ത ഭൂമിയെ തണുപ്പിക്കാൻ ആകാശം വർഷിക്കുന്ന പ്രണയ സമ്മാനം അല്ലേ മഴ….”

കാശി മഴയെ കൈകൾക്കുള്ളിലൊതുക്കി മറുപടി കൊടുത്തു….

അനഘ-“എന്താ ഡോക്ടറേ…പ്രണയത്തെ കുറിച്ചൊക്കെ പറയുന്നു…ആരോടെങ്കിലും തോന്നിയിട്ടുണ്ടോ…?

കാശി-“പ്രണയം തോന്നാത്ത മനുഷ്യരുണ്ടോ ലക്ഷമീ….”

അനഘ-“ഉണ്ടാവില്ല…പക്ഷേ ഒരിക്കലും ആ പ്രണയത്തെ പാതിവഴിക്ക് കൊണ്ട് പോയി കളയരുതെന്ന് മാത്രം…”

കാശി-“പാതിവഴിക്ക് ഉപേക്ഷിക്കാൻ ഞാൻ ഭഗവാൻ ശ്രീ രാമനല്ല ലക്ഷ്മീ…

കാശിനാഥനാണ്….

മഹാദേവന്റെ പ്രണയത്തെയാണ് ഞാനിഷ്ടപ്പെടുന്നത്…..

അവന് അവന്റെ പ്രണയത്തെ പാതിവഴിക്ക് ഇട്ടെറിഞ്ഞ് പോവാനറിയില്ല…

മറിച്ച് തന്റെ പ്രണയത്തെ ശരീരത്തിന്റെ ഭാഗമാക്കിയാണ് അവനാ പ്രണയത്തെ പ്രകടിപ്പിച്ചത്….അതിനെനിക്ക് കഴിയില്ലായിരിക്കാം…അതിന് പകരം ഞാനന്റെ ഹൃദയത്തിൽ ചേർത്ത് വെച്ചോളാം..”

കാശി നെഞ്ചിൽ കൈവെച്ച് പറയുന്നത് കേട്ട് അവളൊന്ന് പുഞ്ചിരിച്ച് മഴയെ നോക്കി….

കാശി-“എന്റെ പ്രണയം..അത് നീയാണ് ലക്ഷമീ…..

നിന്നോടാണ്….നിന്നോട് മാത്രം….”

ഒരുവേള കാശിയുടെ ഹൃദയം അവളുടെ ഹൃദയത്തോട് മന്ത്രിച്ച അതേ വേളയിൽ അനഘ അവനെ നോക്കി…

അനഘ-“എന്തോ പറഞ്ഞിരുന്നോ…?”

കാശി-“ഏയ്…ഇല്ല…തോന്നിയതാവും…”

കാശി മഴയിലേക്ക് മിഴികളൂന്നി ഇരുന്നു….

ഒരു മഴക്കാലത്ത് അവളെ നെഞ്ചിൽ ചേർത്ത് ഇതുപോലെയൊരു മഴയിൽ നനയണമെന്ന ആഗ്രഹവുമായി…..

………

പിറ്റേന്ന് ഭക്ഷണം കഴിച്ച് ഉടനെ തന്നെ അവർ പോവാനിറങ്ങി….

കൗസല്യ-“ലച്ചൂനെ കണ്ട് കൊതി തീർന്നില്ല…”

കൗസല്യ അനഘയെ ചേർത്ത് പിടിച്ച് തലോടിക്കൊണ്ട് പറഞ്ഞു….

ഭവാനി-“ഇനിയും വരാലോ അമ്മേ….”

രമ കണ്ണീരോടെ അവളുടെ നെറുകെയിൽ നുകർന്ന് മാറിലടക്കി പിടിച്ചു….

കാശി-“അയ്യേ…രമക്കുട്ടി കരയുന്നോ…എപ്പോ കാണണമെന്ന് പറഞ്ഞാലും ഞാൻ കൊണ്ട് വന്ന് കാണിക്കില്ലേ കൊച്ചുമോളെ…”

കാശി രമയുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു….അവരവനെ ചേർത്ത് നിർത്തി തലയിൽ തലോടി….

അഭിയും സായിയും അവളെ ചേർത്ത് പിടിച്ചു….

അവരുടെ രണ്ട് പേരുടെയും നടുവിലായി അനഘയും….

സായ്-“ലച്ചൂട്ടി പോയി വാ….എപ്പഴെങ്കിലും വരണമെന്ന് തോന്നിയാ ഈ ആങ്ങള ഓടിയങ്ങ് വന്നോളാം…”

അഭി-“ഓ വരും വരും…ഇനി നിന്നെ ഒന്ന് കാണണമെങ്കിൽ അമ്മ നേർച്ചയും വഴിപിടുമായിട്ട് നടക്കേണ്ടി വരും…”

സായ്-“ഏയ്…ഇന്ന് പോയാ ഒരാഴ്ചക്കുള്ളിൽ ഞാൻ എത്തിക്കോളും…”

അനഘ പോവുന്നതിൽ എല്ലാവരേക്കാളും സങ്കടം ശ്രേയക്കായിരുന്നു…ഈ സമയം കൊണ്ട് തന്നെ അവൾ അനഘയുമായി ഒത്തിരി അടുത്തിരുന്നു…

അനഘ അവളെ ചേർത്ത് പിടിച്ച് പുണർന്നു….

ഗൗരിയോടും ഗീതയോടും യാത്ര പറഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ചു..

……

പിറ്റേന്ന് പുലർച്ചയോടെ തന്നെ കാശി കൊച്ചിയിലേക്ക് പോയി….

അവിടെ അവന്റെ സുഹൃത്തുക്കൾ എല്ലാവരും കൂടെ ഒരു ഫ്ലാറ്റിലായിരുന്നു താമസം…

ഫൈസൽ,സുമേഷ്,ഹരിപ്രകാശ്,ജോൺ….

ഇവരൊരുമിച്ചായിരുന്നു പി.ജി ചെയ്തത്…

പഠിക്കുന്ന സമയത്ത് കാശിയുടെ മനസ്സിൽ തോന്നിയ ആശയമായിരുന്നു ഈ ഹോസ്പിറ്റലിന്റെത്…ഒരർത്ഥത്തിൽ പറഞ്ഞാൽ കാശിയുടെ സ്വപ്നം….

അത് ഇവരുമായി പങ്കുവെച്ചപ്പോൾ പൂർണ്ണ പിന്തുണ നൽകി….

കൊച്ചിയിൽ തന്നെ സ്വകാര്യ ഹോസ്പിറ്റലുകളിൽ വർക്ക് ചെയ്യുന്നുണ്ടെങ്കിലും കാശിയില്ലാത്ത സമയത്ത് ഹോസ്പിറ്റൽ തുടങ്ങാൻ വേണ്ട ഫോർമാലിറ്റീസ് എല്ലാം നോക്കുന്നത് ഇവർ നാലു പേരുമാണ്….

കാശി ഫ്ലാറ്റിലെത്തി ഫ്രഷ് ആയി വീട്ടിലേക്ക് വിളിച്ച് സംസാരിച്ചു…

അനഘയുടെ സ്വരമൊന്ന് കേൾക്കണമെന്ന് കാശിക്ക് തോന്നിയെങ്കിലും എന്തോ ഒരു മടിപോലെ തോന്നി ഭവാനിയോട് വിശേഷങ്ങൾ പറഞ്ഞ് ഫോൺ വെച്ചു…

ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും സമയം ഉച്ചയായിരുന്നു….

ഫുഡ് പുറത്ത് നിന്നും കഴിച്ച് ഒന്ന് കറങ്ങി വന്നു…

പിറ്റേന്ന് മുതൽ മുഴുവൻ ഹോസ്പിറ്റലിന്റെ കാര്യങ്ങളൊക്കെയായി ആകെ തിരക്കിൽ ആയിരുന്നു…..

വിചാരിച്ചപോലെ ഹോസ്പിറ്റലിന്റെ കാര്യങ്ങൾ പെട്ടന്ന് ശരി ആവാത്തത് കാരണം കാശിയുടെ തിരിച്ച് പോക്ക് നീണ്ട് പോയി…

അവനെങ്ങനെയെങ്കിലും ഒന്ന് തിരിച്ച് പോയാൽ മതി എന്ന അവസ്ഥ വരെയെത്തി…

അവന്റെ ലക്ഷ്മിയെ അവനൊരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു….

വീട്ടിലേക്ക് വിളിച്ചപ്പോൾ ഒന്ന് രണ്ട് തവണ അനഘയോട് സംസാരിച്ചിരുന്നു എന്നല്ലാതെ പോന്നതിൽ പിന്നെ അവനവളുടെ സ്വരം കേട്ടിരുന്നില്ല…

താനവളെ പ്രണയിക്കുന്നുണ്ടെങ്കിലും അത് എത്രത്തോളം ആഴത്തിലായിരുന്നു എന്ന് അവനിപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞത്…

അവളെയൊന്ന് കാണാൻ കാശിയുടെ ഹൃദയം വല്ലാതെ മിടിച്ചു….

കണ്ണകന്നാൽ മനസ്സകന്നു എന്ന് പറയുന്നത് വെറുതെയാണെന്ന് അവന് തോന്നി…

ഫ്ലാറ്റിലെ ബാൽകണിയിൽ റെയിലിംഗിലിൽ പിടിച്ച് ആകാശത്തേക്ക് മിഴികൾ നട്ട് നിൽക്കുകയായിരുന്നു കാശി..

അനഘയെ ആദ്യമായി കണ്ടത് മുതൽ ഇത് വരെയുള്ള കാര്യങ്ങളെല്ലാം അവൻ ഓർത്തു….

ആദ്യത്തെ കാഴ്ചയിൽ തോന്നിയ ഒരു പ്രണയമായിരുന്നില്ല അവളോട്…..

പതിയെ പതിയെ മുളയിട്ട ഒന്ന്….

ഇപ്പോഴത് പറിച്ച് മാറ്റാൻ കഴിയാത്ത വിധം ഹൃദയത്തിലേക്ക് വേരുകളാഴ്ന്ന് പോയിരിക്കുന്നു…

അവന്റെ ചുണ്ടുകൾ പഴയ ഏതോ പാട്ടിന്റെ വരികൾ മൂളികൊണ്ടിരുന്നിരുന്നു…

അഫ്സൽ-“എന്താണ് മോനേ കാശിനാഥാ ഒരു ഇളക്കം…?”

ഈ കാഴ്ച കണ്ട് കൊണ്ട് വന്ന നാലുപേരിലും കാശിയുടെ ഭാവം അത്ഭുതം നിറച്ചു….

കാശി-“ആർക്ക് ഇളക്കം…എനിക്ക് ഒരു പാട്ട് മൂളാനും പറ്റില്ലേ..?”

സുമേഷ്-“അതൊക്കെ പറ്റും…

പക്ഷേ എന്തോ ഒരു മാറ്റം പോലെ…..

എല്ലാ പ്രാവശ്യവും വരുമ്പോലെ അല്ലല്ലോ…

ഇത്തവണ വന്നപ്പോ എന്തോ തിരിച്ച പോവാൻ ഒരു ദൃതി പോലെ തോന്നുന്നു…?”

കാശി-“ഒന്നു പോടാ…എനിക്ക് ഒരു ദൃതിയും ഇല്ല..”

ഹരി-“ഇല്ലേ..? വല്ല അത്യാവശ്യവും ഉണ്ടായിരുന്നെങ്കിൽ നീ പൊയ്ക്കോ ബാക്കി ഞങ്ങൾ നോക്കിക്കോളാം എന്ന് പറയാൻ വന്നതായിരുന്നു…”

കാശി-“അല്ല…പോയിട്ട് കുറച്ച് അത്യാവശ്യം ഉണ്ടായിരുന്നു…

ജോൺ-“മ്മ്…മ്മ്….ഉണ്ടാവും ഉണ്ടാവും….അല്ല അഫ്സലേ..

നിനക്ക് എന്തെങ്കിലും സ്മെൽ അടിക്കുന്നുണ്ടോ….?”

അഫ്സൽ-“ആ ഒരു പ്രണയത്തിന്റെ സ്മെൽ അല്ലേ…നല്ലത് പോലെ ഉണ്ട്…പക്ഷേ അത് എവിടെ നിന്നാണ് എന്നാ മനസ്സിലാകാത്തത്…?”

കാശി-“മതി..മതി…ഓവർ ആക്കണ്ട…

എനിക്കെന്താ പ്രേമിക്കാൻ പറ്റില്ലെന്നുണ്ടോ….?”

ഹരി-“കള്ള കാശിനാഥാ…ആരാ മോനേ ആള്…?

എത്രനാളായി മോനെ തുടങ്ങിയിട്ട്…?”

കാശിയുടെ വയറ്റിനിട്ട് കുത്തി ഹരി ചോദിച്ചു….

കാശി-“എല്ലാം പറഞ്ഞ് തരാം…ഇപ്പഴല്ല..പിന്നെ…”

ജോൺ-“ഓഹ്…ആയിക്കോട്ടേ…”

കാശി-“അല്ല…ഞാനിപ്പോ തന്നെ തിരിച്ചാലോ…നാളെ രാവിലെ ആവുമ്പോഴേക്ക് അങ്ങ് എത്താമല്ലോ…

അഫ്സൽ-“നമ്മൾ പറയാൻ കാത്ത് നിന്നതായിരുന്നു അല്ലേ പോവാൻ…”

സുമേഷ്-“ഇപ്പോ നീ പൊയ്ക്കോ…പക്ഷേ വിളിക്കുമ്പോഴേക്ക് ഇങ്ങോട്ട് വന്നേക്കണം…”

കാശി-“ഡബ്ൾ ഒക്കെ…”

അവരോട് യാത്ര പറഞ്ഞ് കാശി തിരികെ പോവാനിറങ്ങി….

കാശി തിരിച്ച് വീട്ടിലെത്തിയപ്പോൾ പുലർച്ചെ കഴിഞ്ഞിരുന്നു…

വരുന്ന വിവരം ആരോടും പറഞ്ഞിരുന്നില്ല….

കാറിൽ നിന്ന് ബാഗുമായിട്ട് ഇറങ്ങി കോളിംഗ് ബെൽ അടിച്ച് കാത്ത് നിന്നു….

ഭവാനിയായിരുന്നു വാതിൽ തുറന്ന് പുറത്തേക്ക് വന്നത്….

പ്രതീക്ഷിക്കാതെ കാശിയെ കണ്ട് അവരൊന്ന് ഞെട്ടി….

അവനവരെ മുറക്കെ പുണർന്ന് അകത്തേക്ക്കയറി…

ഭവാനി-“നീ വരുന്നത് ഒന്ന് പറഞ്ഞത് പോലുമില്ലല്ലോ…”

കാശി-“ഹാ…പറഞ്ഞ് വന്നിരുന്നെങ്കിൽ എന്റെ ഭവാനിക്കുട്ടിയുടെ ഈ മുഖത്ത് ഇത്രയും സന്തോഷം നിറഞ്ഞ് നിൽക്കുന്നത് കാണുമായിരുന്നോ…?”

ഭവാനി-“ഒരടി വച്ച് തരണം നിനക്ക്…എത്ര പറഞ്ഞിട്ടുണ്ട് രാത്രി വണ്ടി ഓടിച്ച് വരല്ലേ എന്ന്..കേൾക്കില്ലല്ലോ…”

കാശിയുടെ തോളിൽ അടിച്ച് ഭവാനി പരാതി പറഞ്ഞു….

കാശി-“നിങ്ങളെ കാണാൻ കൊതിയായിട്ടല്ലേ ഞാൻ ഓടി വന്നത്…”

അവനവരെ ചുറ്റിപ്പിടച്ച് കവിളിൽ മുത്തി….

ഭവാനി-“ഒരു മാസം ആയില്ലേ അമ്മേടെ കുട്ടി പോയിട്ട്..”

അവരവന്റെ തലയിൽ തലോടി പറഞ്ഞു…

കാശി-“ക്ഷീണിച്ചോ ഞാൻ…?”

ഭവാനി-“നീയോ…ഒന്നൂടെ തടിച്ച് കൊഴുത്തിട്ടുണ്ട്…”

കാശി-“ഒന്ന് പോ അമ്മേ…”

ഭവാനി-“അമ്മ വെറുതെ പറഞ്ഞതാ…ചെല്ല് ആകെ മുഷിഞ്ഞിട്ടുണ്ട്…പോയി കുളിച്ച് ഉറങ്ങിക്കോ…അമ്മ വന്ന് വിളിക്കുന്നുണ്ട്….”

ഭവാനിയെ നോക്കി ചിരിച്ച് കാശി മുകളിലേക്ക് കയറി….

അനഘയുടെ മുറിക്ക് മുന്നിലെത്തിയ കാശി ഒന്ന് നിന്നു….

വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നു….

അനഘ ഉറങ്ങുകയാവും ശല്യം ചെയ്യണ്ടെന്ന് കരുതി അവൻ റൂമിലേക്ക് നടന്നു…..

കുളി കഴിഞ്ഞ് ഡ്രസ് മാറി കിടന്നെങ്കിലും കാശിക്ക് ഉറക്ക് വന്നില്ല…

അനഘയെ ഒന്ന് കാണണമെന്ന് അവന്റെ മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു…

അവളെ ശല്യം ചെയ്യാനും മനസ്സ് തുനിഞ്ഞില്ല…

ഒടുവിൽ ചുമരിനപ്പുറം അവളുണ്ടല്ലോ എന്ന സമാധാനത്തിൽ അവൻ ഒന്ന് മയങ്ങി…

ഉറക്കിനിടയിൽ പെട്ടന്ന് ഞെട്ടി എണീറ്റ കാശി സമയമൊരുപാടായെന്ന് കരുതി ഫോണെടുത്ത് നോക്കി…

ഒൻപതര ആവുന്നേ ഉള്ളൂ….

ഇനി കിടന്നാലും ഉറക്കം വരില്ല എന്ന് അറിയുന്നത് കൊണ്ട് കാശി മുഖം കഴുകി താഴേക്ക് പോയി….

അടുക്കളയിലേക്ക് ചെന്ന കാശി അവിടെ ഭവാനിയെ മാത്രമേ കണ്ടുള്ളൂ…

അവന്റെ കണ്ണുകൾ അനഘയ്ക്കായി പരതി എങ്കിലും നിരാശയായിരുന്നു ഫലം….

കാശി-“അമ്മേ….”

ഭവാനി-“ആ…നീ എണീറ്റോ…?പോയി ഇരുന്നോ..ഞാൻ ഭക്ഷണം വിളമ്പി തരാം….”

കാശി തലയാട്ടി ടേബിളിൽ ചെന്നിരുന്നു….

ഭവാനി അവന് പ്ലേറ്റിൽ ഇഡ്ഡലിയും സാമ്പാറും വിളമ്പി…ഭവാനിയും അവനടുത്തായി ഇരുന്നു..

കാശി-“നിങ്ങളെല്ലാവരും കഴിച്ചോ…?”

ഭവാനി-“ഓ കഴിച്ചു….നിന്നെ ശല്യം ചെയ്യണ്ടെന്ന് പറഞ്ഞ് അച്ഛൻ കുറച്ച് മുമ്പ് പുറത്തേക്കിറങ്ങി….

വൈശൂന് പിന്നെ എഴുന്നേൽക്കാൻ സമയം ആയിട്ടില്ലല്ലോ….”

കാശി-“മ്മ്….അല്ല ലക്ഷ്മി എവിടെ…? കിടക്കുകയാണോ…?”

കഴിക്കുന്നതിനിടയിൽ കൂടെ സൂത്രത്തിൽ കാശി ചോദിച്ചു….

ഭവാനി-“ആ അത് പറയാൻ വിട്ടു…ലച്ചു ഇവിടെ ഇല്ല…”

ഭവാനി പറഞ്ഞത് കേട്ട് കാശി വായിൽ വെക്കാനായി കൊണ്ട് പോയ ഇഡ്ഡലി കഷ്ണം പകുതി വഴിക്ക് വെച്ച് നിർത്തി…

കാശി-“ഇവിടെ ഇല്ലേ…?പിന്നെ എവിടെ പോയി…?”

ഭവാനി-“രമയമ്മക്ക് ലച്ചൂനെ കാണണം എന്ന് പറഞ്ഞിട്ട് അഭി വന്ന് കൂട്ടി കൊണ്ട് പോയതാണ്….”

കാശിയുടെ കൈയ്യിൽ നിന്നും ഇഡ്ഡലി കഷ്ണം പ്ലേറ്റിലേക്ക് വീണു….

ഭവാനി-“എന്ത് പറ്റി മോനേ..?”

കാശി-“ഏയ്…ഒന്നുമില്ല…എന്നാ പോയത്…?”

ഭവാനി-“ഇന്നലെ പോയതാ….

നീ രാവിലെ അല്ലായിരുന്നോ വിളിച്ചത്…അതിന് ശേഷം

ആണ് അഭി വന്നത്…”

കാശി-“മ്മം….”

ഏറെ പ്രതീക്ഷയോടെ വന്നിട്ട് കാണാൻ സാധിക്കാഞ്ഞതിൽ കാശിക്ക് ആകെ ഒരു വല്ലായ്മ തോന്നി….പിന്നെ ഭക്ഷണം കഴിക്കാനും അവന് തോന്നിയില്ല….

ഭവാനി-“നീയെന്താ കഴിക്കുന്നില്ലേ…?”

വെറുതെ പ്ലേറ്റിൽ നോക്കി ഇരിക്കുന്ന കാശിയെ കണ്ട് ഭവാനി ചോദിച്ചു..

കാശി-“മതിയായി…വിശക്കുന്നില്ല…”

ഭക്ഷണം കഴിക്കുന്നത് പാതിവഴിക്ക് നിർത്തി കാശി എഴുന്നേറ്റു….

റൂമിൽ ചെന്ന കാശിക്ക് വല്ലാത്ത നിരാശ തോന്നി…

ഒരുവേള തറവാട്ടിലേക്ക് പോയാലോ എന്ന് കരുതിയെങ്കിലും അവൻ മനസ്സിനെ പണിപ്പെട്ട് നിയന്തിച്ചു….

മനസ്സിനെ വഴിതിരിച്ച് വിടാൻ വേണ്ടി അവൻ ഷെൽഫിനടുത്തേക്ക് ചെന്ന് ഒരു ബുക്ക് കൈയ്യിലെടുത്ത് തിരികെ ബെഡിൽ ചെന്ന് കിടന്നു….

ബുക്ക് തുറന്ന് വെച്ചു അതിലേക്ക് നോക്കി ഇരുന്നു എന്നല്ലാതെ ഒരക്ഷരം പോലും മനസ്സിരുത്തി വായിക്കാൻ അവന് കഴിഞ്ഞില്ല….

വിച്ചു-“കിച്ചേട്ടാ…”

വിച്ചു വന്ന് വിളിച്ചതും അവൻ ചിരിച്ച് കൊണ്ട് എഴുന്നേറ്റിരുന്നു…..

വിച്ചു-“എന്ത് പറ്റി ആകെ ഒരു വിഷമം പോലെ…ലച്ചുച്ചേച്ചിയെ കാണാഞ്ഞിട്ടാണോ….?”

കാശി-“ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് വേണമെങ്കിൽ പറയാം…

പക്ഷേ അങ്ങനെ പറഞ്ഞാൽ അത് സത്യമാവില്ലല്ലോ….”

വിച്ചു-“അതില്ല…അപ്പോ എന്റെ ഏട്ടന് പ്രണയം അസ്ഥിക്ക് പിടിച്ചു അല്ലേ…?”

കാശി-” പിടിച്ചൂന്നാ തോന്നുന്നത്…”

വിച്ചു-“അടിപൊളി…അപ്പോ കാശിനാഥൻ വീണു…ഇനി പാർവതിയെ എങ്ങനെ വീഴ്ത്തും…ശിവനെ കിട്ടാൻ പാർവതി തപസ്സ് ചെയ്തപോലെ ഇവിടെ ലച്ചുച്ചേച്ചിയെ കിട്ടാൻ ഈ കാശിനാഥൻ തപസ് ചെയ്യേണ്ടി വരുമോ…?”

കാശി-“ചിലപ്പോ കഠിന തപസ്സ് തന്നെ വേണ്ടിവരും എന്നാ തോന്നുന്നത്…”

വിച്ചു-“അപ്പോ എങ്ങനെയാ…പറയണ്ടെ ലച്ചുച്ചേച്ചിയോട്…?”

കാശി-“പറയണം…പക്ഷേ ഇപ്പോഴല്ല…ഇപ്പോ പറഞ്ഞാ ലക്ഷ്മിക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞെന്ന് വരില്ല…കുറച്ച് കൂടെ കഴിയട്ടേ….”

വിച്ചു-“അത് മതി…അത് വരെ ഏട്ടൻ വൺ സൈഡ് ആയിട്ട് പ്രേമിച്ചോ…

കാശി-“അതൊക്കെ ഏട്ടൻ തീരുമാനിച്ചോളാം..മോളിപ്പോ ചെന്ന് പഠിച്ചേ…”

വിച്ചു-“എന്ത് പറഞ്ഞാലും അവസാനം പഠിത്തത്തിൽ ചെന്ന് തന്നെ നിർത്തണം എന്ന് വല്ല നിർബന്ധവും ഉണ്ടോ….എപ്പോ നോക്കിയാലും പഠിത്തം പഠിത്തം…മടുത്തു ഈ ജീവിതം…”

കാശി-“മോള് അധികം വാചകമടിക്കാതെ പോ…ചെല്ല്…”

കാശി വിച്ചുവിന്റെ ചെവിയൊന്ന് പിടിച്ച് തിരിച്ചു…അവൾ അവനെ നോക്കി കോക്രി കാണിച്ച് ഓടി….

………..

മംഗലത്ത് വീടിന്റെ മുന്നിൽ ആഢംഭരപൂർണ്ണമായ പന്തലൊരുങ്ങിയിരുന്നു….

ഉച്ചയായപ്പോഴേക്കും അഥിതികളെത്തി….

വിടിന് മുന്നിൽ തന്നെ പൂക്കളാൽ അലങ്കരിച്ച സ്റ്റേജ്…

റോസ് സിൽക്ക് ഷർട്ടിന്റെ കുർത്തയും കസവിന്റെ മുണ്ടും ഉടുത്ത് കാർത്തിക്…

അവന്റെ തൊട്ടടുത്തായി മജന്ത കളർ ലഹങ്ക ചോളിയിൽ കൃതിയും തിളങ്ങി നിന്നു…..

ഇന്നാണ് കാർത്തിയുടെയും കൃതിയുടെയും വിവാഹ നിശ്ചയം….അന്ന് നിത്യയുടെയും വംശിയുടെയും നിശ്ചയ സമയത്ത് നടത്താനായിരുന്നു കരുതിയതെങ്കിലും കാർത്തിക്ക് ബിസിനസ് ആവശ്യമായി പുറത്ത് പോവേണ്ടതിനാൽ ഇന്നേക്ക് നീട്ടിയതായിരുന്നു….

“ഇനി മോതിരം മാറിക്കോളൂ….”

കാർത്തി കൂതിയുടെ മോതിരവിരലിൽ തന്റെ പേരെഴുതിയ മോതിരം അണിയിച്ചു….അവൾ തിരിച്ചും….

ഇത് കണ്ട് നിന്ന മിലിനിയുടെ മുഖത്ത് ഒരു വിജയിയുടെ ഭാവമായിരുന്നു…..

…….

രാത്രി ബാൽക്കണിയിലെ ചാരുപടിയിൽ കിടക്കുകയായിരുന്നു കാശി….

ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വിശപ്പ് തോന്നാത്തതിനാൽ അവൻ പോയില്ല..

അവന്റെ മനസ്സിൽ മുഴുവൻ അനഘയെ കുറിച്ചുള്ള ചിന്തകളായിരുന്നു…

അവനെ തൊട്ട് തഴുകി പോയ കാറ്റിൽ കണ്ണുകളടച്ച് കിടന്നു….

തന്റെ നെറ്റിയിൽ ആരുടെയോ കരസ്പർശം ഏറ്റതറിഞ്ഞ കാശി കണ്ണ് തറന്ന് നോക്കുമ്പോൾ തനിക്കരികിൽ പുഞ്ചിരിയോടെ നിൽക്കുന്ന ഭവാനിയെ കണ്ടത്…

അവനവരെ എപ്പോഴത്തെയും പോലെ അടുത്തിരുത്തി മടിയിലേക്ക് തല വെച്ച് കിടന്നു….

അവനവരുടെ മുടിയിൽ തഴുകി….

ഭവാനി-“അമ്മേടെ മോന് എന്ത് പറ്റി…?”

ഭവാനിയുടെ ചോദ്യം കേട്ട് കാശി അവരുടെ മുഖത്തേക്ക് നോക്കി….

കാശി-“ഒന്നും പറ്റിയില്ലല്ലോ അമ്മേ…”

ഭവാനി-“പിന്നെ എന്താ എന്റെ കുട്ടി ഭക്ഷണം കഴിക്കാൻ വരാഞ്ഞത്…?”

കാശി-“അത്..വിശപ്പില്ലാഞ്ഞിട്ടാ….”

ഭവാനി-“അമ്മേടെ കാശി അമ്മയോട് കള്ളം പറഞ്ഞ് തുടങ്ങിയോ…?എന്റെ കുട്ടീടെ മുഖത്ത് എന്തോ ഒരു സങ്കടം ഉണ്ട്…”

കാശി-“അമ്മേ…അത്…”

ഭവാനി-“മോന്റെ ഇപ്പോഴത്തെ വിഷമം ലച്ചൂനെ ഓർത്ത് അല്ലേ…?”

ഭവാനിയുടെ ചോദ്യം കേട്ട് കാശിക്ക് എന്ത് മറുപടി പറയണമെന്ന് അറിയാതെയായി…അവൻ അവരുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…..

തുടരും

Fabi

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!