ഭവാനി-“മോന് ലച്ചൂനെ ഇഷ്ടാണ് അല്ലേ…?”
കാശിക്ക് ഭവാനിയോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു…
ഇത് വരെ അവന്റെ ജീവിതത്തിലെ ഒരു കാര്യവും ഭവാനിയോട് പങ്കുവെക്കാതിരുന്നിട്ടില്ല….
ആദ്യമായിട്ടാവും ഇത്രയും പ്രധാനപ്പെട്ട ഒന്ന് പറയാതിരുന്നത്…
അവന് എന്തെന്നില്ലാത്ത കുറ്റബോധം തോന്നി….
കാശി-“അമ്മാ…അത്..
ആദ്യമൊന്നും ലക്ഷ്മിയെ ഇഷ്ടാണോ അല്ലേ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു…വെറും ഒരു അട്രാക്ഷൻ മാത്രമാണ് എന്നാ കരുതിയത്…
പക്ഷേ പിന്നെ സായി അവളോട് കാണിക്കുന്ന അടുപ്പം കണ്ടപ്പോ എന്തോ ഒരു വല്ലായ്മ…
അവള് എന്റെയാ എന്ന് ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ…
പിന്നെ കൊച്ചിക്ക് പോയപ്പോ അവളെ കാണാതിരുന്നിട്ട് മനസ്സിൽ ആകെ ഒരു പിടച്ചിൽ പോലെ…
അറിയില്ല അമ്മേ….
എങ്ങനെയാ എനിക്ക് അവളോട് തോന്നുന്ന ഫീലിംഗ്സ് പറഞ്ഞ് തരിക എന്ന്….
I’m സോറി അമ്മാ…അമ്മയോട് പറയാതിരുന്നതിന്….”
കാശി ഭവാനിയുടെ കൈയിൽ ഉമ്മ
വെച്ച് പറഞ്ഞു…
ഭവാനി-“അതിന് എന്റെ കുട്ടി സോറി പറയുകയൊന്നും വേണ്ട..”
ഭവാനി കാശിയുടെ തലയിൽ തലോടി….
കാശി-“അമ്മയ്ക്ക് എങ്ങനെ മനസ്സിലായി…?”
ഭവാനി-“എന്റെ കാശീടെ മുഖമൊന്ന് മാറിയാ അമ്മക്ക് മനസ്സിലാവും….
ഞാൻ കുറച്ച് നാളായിട്ട് ശ്രദ്ധിക്കുന്നുണ്ട് നിന്നെ….
ലച്ചൂനെ കാണുമ്പോ നിന്റെ കണ്ണിലുണ്ടാകുന്ന തിളക്കവും…
അവളോടുള്ള ഒരു പ്രത്യേക കരുതലും ഒക്കെ…
പിന്നെ ഇന്ന് നീ തിരിച്ച് വന്നപ്പോ രാവിലെ അടുക്കളയിൽ വന്ന് അവളെ നോക്കുന്നതും അവള് തറവാട്ടിൽ പോയി എന്ന് പറഞ്ഞപ്പോ നിന്റെ മുഖമാകെ വാടി ഭക്ഷണം കഴിക്കാതെ എണീറ്റ് പോയതും….
ഇതൊക്കെ പോരെ മോനേ എന്റെ കാശിടെ ഉള്ളിൽ ലച്ചുമോള് കയറി എന്ന് മനസ്സിലാക്കാൻ…”
കാശി-“ശ്ശോ…എന്റെ ഭവാനി കുട്ടി ഇതൊക്കെ ശ്രദ്ധിച്ചിട്ടുണ്ടല്ലേ….നിച്ച് വയ്യ…”
കാശി നാണം വന്നത് പോലെ മുഖം പൊത്തി…
ഭവാനി-“പോടാ ചെക്കാ….”
ഭവാനി അവന്റെ തോളിലൊന്ന് പതിയെ തല്ലി….
അവൻ ചിരിച്ച് ഭവാനിയെ പുണർന്നു….
ഭവാനി-“കാശീ…അമ്മ ഒരു കാര്യം ചോദിക്കട്ടേ…?”
കാശി മുഖമുയർത്തി അവരെ നോക്കി…
കാശി-“എന്താ അമ്മേ…?”
ഭവാനി-“മോന് ശരിക്കും ഇഷ്ടാണോ…?
വെറും സഹതാപം കൊണ്ട് മാത്രം തോന്നിയതാണെങ്കിൽ അത് പാടില്ല…
സ്വന്തമാക്കും വരെ തോന്നുന്ന ഒന്നാവരുത് പ്രണയം…
അത് ജീവിതകാലം മുഴുവൻ പങ്കാളിയോട് ഉണ്ടാവണം….
നാളെ നിനക്ക് അവളും ആ കുഞ്ഞും ഒരു ഭാരമാവാനിട വരരുത്…
എന്റെ കുട്ടി കാരണം ഒരു പെൺകുട്ടിയുടെ കണ്ണും നിറയാൻ പാടില്ല….
അമ്മക്ക് അറിയാം അമ്മേടെ കാശിയെ…
എന്നാലും ഇതൊക്കെ പറഞ്ഞ് തരണ്ടത് ഒരു അമ്മ എന്ന നിലയിൽ എന്റെ കടമയാണ്….”
കാശി ഭവാനിയുടെ മടിയിൽ നിന്നും എഴുന്നേറ്റ് അവർക്ക് അഭിമുഖമായി ഇരുന്നു….
കാശി-“അറിയാം അമ്മേ…ലക്ഷ്മി…അവളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്….എന്റെ പെണ്ണായിട്ട് ഈ ജീവിതകാലം മുഴുവൻ അവളെന്റെ കൂടെ വേണം….
ഞാൻ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണിത്…
പിന്നെ അവളുടെ വയറ്റിലുള്ള കുഞ്ഞ്….
അത് എന്റെയും കൂടി കുഞ്ഞായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ…..
വെറും വാക്ക് അല്ല അമ്മേ….
ഒന്നുമില്ലെങ്കിലും എന്റെ അമ്മക്കുട്ടി വളർത്തിയതല്ലേ എന്നെ….
ആ അമ്മയുടെ മകന് ആ കുഞ്ഞിനെ വേർതിരിച്ച് കാണാൻ പറ്റുമെന്ന് തോന്നുന്നോ…?
എന്റെ അവസാന ശ്വാസം വരെ അവരെ ഈ നെഞ്ചിൽ കൊണ്ട് നടന്നോളാം ഞാൻ…..”
അവൻ ഭവാനിയുടെ തോളിലേക്ക് ചാഞ്ഞു….
സേതു-“എന്താ ഇവിടെ അമ്മയും മോനും ഒരു സ്വകാര്യം പറച്ചിൽ….?”
ഭവാനി-“നമ്മുടെ മോന് ഒരാളോട് പ്രേമം…”
സേതു-“ചുമ്മാ തമാശ പറയല്ലേ ഭവാനീ…”
ഭവാനി-“ചുമ്മാതല്ല സേതുവേട്ടാ….സത്യം…
നമ്മുടെ മോന്റെ പാർവതി ദേവിയെ അവൻ കണ്ടുപിടിച്ചു എന്ന്…”
സേതു-“ആഹാ…ആരാണാവോ അത്…?”
കാശി-“പറഞ്ഞാ അച്ഛനറിയും….പേര് അനഘ..എല്ലാവരും ലക്ഷമി എന്ന് വിളിക്കും…”
സേതു ഇരുന്നിടത്ത് നിന്നും എണീറ്റ് നെറ്റി ചുളിച്ചു….
സേതു-“നമ്മുടെ ലച്ചുവോ..?”
ഭവാനി-“മ്മം..ലച്ചുമോള് തന്നെ….”
പൊടുന്നനെയാണ് സേതുവിന്റെ ഭാവം മാറിയത്….
സേതു-“അതൂ നടക്കില്ല…ഞാൻ സമ്മതിക്കില്ല..”
സേതു ദേഷ്യത്തിൽ പറഞ്ഞത് കേട്ട് കാശിയാകെ ഞെട്ടി…
ഭവാനി-“സേതുവേട്ടാ എന്താ പറ്റിയേ…?”
സേതു-“കൂടുതലൊന്നും എന്നോട് പറയണ്ട ഭവാനി….ഞാനിതിന് സമ്മതിക്കില്ല..”
കാശി-“അച്ഛാ….”
സേതു-“ഇനി നിന്നോട് പ്രത്യേകിച്ച് പറയണോ ഞാൻ….”
കാശിയും ഭവാനിയും സേതുവിനെ നോക്കി പകച്ച് നിൽക്കുകയായിരുന്നു…..
സേതു-“ഹ..ഹ…ഹാ….
പേടിച്ച് പോയോ ടാ…
നിന്റെ അമ്മയുണ്ടല്ലോ….ഇവൾ നിന്റെ മാറ്റങ്ങളൊക്കെ കണ്ടിട്ട് അത് എന്റെ അടുത്ത് വന്ന് പറഞ്ഞിരുന്നു….
അപ്പഴേ ഞങ്ങൾ തീരുമാനിച്ചതാ നിന്റെ പെണ്ണ് അത് ലച്ചൂട്ടി തന്നെയാണ് എന്ന്….”
ഭവാനി-“ഇങ്ങേര് ഇങ്ങനെ പെട്ടന്ന് വന്ന് ദേഷ്യം പിടിച്ചപ്പോ ഞാനാകെ പേടിച്ച് പോയി….”
സേതു-“അത് ചുമ്മാ ഒന്ന് ആക്ട് ചെയ്തതല്ലേ ഞാൻ….എങ്ങനെയുണ്ട്….കലക്കിയില്ലേ…?”
കാശി-“ഒന്ന് പോയേ അച്ഛാ..
മനുഷ്യന്റെ നല്ലജീവനങ്ങ് പോയി….
നിങ്ങള് സമ്മതിച്ചില്ലെങ്കിൽ ലക്ഷമിയേയും കൊണ്ട് എങ്ങോട്ട് പോവും എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ…”
സേതു-“മോനാദ്യം ചെന്ന് അവളെ വളക്കാൻ നോക്ക്..എന്നിട്ട് എങ്ങോട്ട് കൊണ്ട് വരണമെന്ന് തീരുമാനിക്കാം…”
കാശി-“ബസ്റ്റ്…മോന് വളക്കാൻ പറഞ്ഞ് കൊടുക്കാൻ നാണമില്ലേ മനുഷ്യാ…”
സേതു-“ഇല്ല…ഒട്ടും ഇല്ല എന്തേ…?”
കാശി-“അയ്യോ…ഞാനൊന്നും പറിഞ്ഞില്ലായേ…“
സേതു-“ലച്ചൂനെ പോയി കൂട്ടികൊണ്ട് വന്നാലോ…?”
ഭവാനി-“ഞാനും അത് ആലോചിച്ചിരുന്നു…മോള് ഇല്ലായിട്ട് എന്തോ പോലെ…”
കാശി-“എന്നാ നാളെ പോയി കൊണ്ട് വന്നാലോ??”
സേതു-“ആഹാ…എന്താ മോന്റെ സന്തോഷം….നാളെ പോവണ്ട..ഒരുശമൂന്നാല് ദിവസം കഴിയട്ടേ..എന്നിട്ട് പോയാ മതി…”
കാശി-“അത്രയൊക്കെ വേണോ…?”
ഭവാനി-“രമയമ്മക്ക് കാണാൻ കൊതിയായിട്ട് വിളിച്ച് കൊണ്ട് പോയതല്ലേ…ഒന്ന് രണ്ട് ദിവസം അവിടെ നിന്നിട്ട് പോയി വിളിച്ച് കൊണ്ട് വരാം…”
കാശി-“ഹ്മം…”
കാശി പാതി മനസ്സോടെ സമ്മതം മൂളി…
സേതു-“കാമുകൻ ചെന്ന് കിടക്കാൻ നോക്ക്…”
കാശി-““
സേതുവിനേയും ഭവാനിയേയും ചുറ്റിപിടിച്ച് കാശി റൂമിലേക്ക് ചെന്നു….
കിടന്നെങ്കിലും കാശിക്ക് ഉറക്കം വന്നില്ല…
അവൻ ഫോണെടുത്ത് വാട്സപ് നോക്കി…
മസ്സേജസിന് റിപ്ലേ കൊടത്ത് ചുമ്മാ സ്റ്റാറ്റസ് നോക്കികൊണ്ടിരിക്കെ ഒരു ഗാനം മുഴങ്ങി കേട്ടു….
“ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍
ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍
നിന്നെ ഞാന്‍ കാത്തു നില്പൂ
നിന്നെ ഞാന്‍ കാത്തു നില്പൂ.
ഹൃദയസഖീ….”
ആ വരികൾ അവനെ വല്ലാതെ സ്പർഷിച്ചു….
അവനും മെല്ലെയാ വരികൾ മൂളികൊണ്ടിരുന്നു…
കാശി-“ഞാനും കാത്തിരിക്കുകയാണ് ലക്ഷമീ…നിന്നിലേക്ക് എത്തിച്ചേരുന്ന നിമിഷത്തിനായ്….”
സായിയുടെ കാമറയിൽ നിന്നും അവനയച്ച് കൊടുത്ത അനഘയുടെ ഫോട്ടോയിലേക്ക് നോക്കി അവൻ പതിയെ പറഞ്ഞു….
………
മൂന്ന് നാല് ദിവസം കഴിഞ്ഞ് പോയാൽ മതിയെന്ന് കരുതിയെങ്കിലും ഒരു ദിവസം കൂടിയേ കാശിക്ക് പിടിച്ച് നിൽക്കാൻ കഴിഞ്ഞുള്ളൂ….
കാശി-“അമ്മാ…ഇനി പോയി കൂട്ടി വരട്ടേ ഞാൻ….”
രാവിലെ ഭക്ഷണം കഴിച്ച് ഉമ്മറത്തിരിക്കുന്ന ഭവാനിക്കും സേതുവിനും അരികിൽ വന്ന് കാശി ചോദിച്ചു….
ഭവാനി-“എന്റെ കുട്ട്യേ അവള് പോയിട്ട് രണ്ട് ദിവസമായിട്ടല്ലേ ഉള്ളൂ…”
കാശി-“അത് അമ്മക്ക്….ഞാൻ ഒന്ന് ഒന്നര മാസമായി ഇപ്പോ കണ്ടിട്ട്….പ്ലീസ് അമ്മാ..”
സേതു-“ഹോ…നിന്നെ ഈ ഒരു അവസ്ഥയിൽ കാണാൻ പറ്റുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല മോനേ.അച്ഛന് തൃപ്തിയായി..”
കാശി-“ദേ അച്ഛാ…ഞാനിവിടെ ഒരു കാര്യം സീരിയസായിട്ട് പറഞ്ഞ് കൊണ്ടിരിക്കുകയാ…
അമ്മാ….”
കാശി സേതുവിനോട് പറഞ്ഞ് ഭവാനിയുടെ നേരെ തിരിഞ്ഞു…
ഭവാനി-“ആ…ശരി..ശരി…”
കാശി ഭവാനിയെ കെട്ടിപിടിച്ച് കവിളിൽ ഉമ്മ
വെച്ചു…
കാശി-“പിന്നെ….അവിടെ ചെന്നിട്ട് അമ്മക്ക് കാണാതിരിക്കാൻ വയ്യ എന്ന് പറഞ്ഞാ ഞാൻ കൂട്ടി കൊണ്ട് വരിക…ഇവിടെയെത്തി അത് കുളമാക്കല്ലേ….”
ഭവാനി-“ടാ…കള്ളാ…നിന്നെ…”
കാശി-““
കാശിയൊന്ന് ഇളിച്ച് കാണിച്ച് റൂമിലേക്ക് ചെന്നു…വേഗം ഡ്രസ്സ് മാറി പുറത്തെത്തിയപ്പോഴാണ് വിച്ചുവും വരുന്നു എന്ന് പറഞ്ഞത്…
പിന്നെ അവൾ റെഡി ആവുന്നത് വരെ കാത്തിരുന്നു….
വിച്ചു റെഡിയായി കഴിഞ്ഞതും അവളെയും കൂട്ടി കാശി ദൃതിയിൽ കാറിനടുത്തേക്ക് നടന്നു….
സേതു-“കാശീ പോവല്ലേ….നിങ്ങളുടെ കൂടെ ഞാനും വരാം…സതീഷനെ ഒന്ന് കാണാനുണ്ടായിരുന്നു…”
കാശി-“ഈ അച്ഛൻ…ഒന്ന് പെട്ടന്ന് പോവാന്ന് വെച്ചാ അതിനും സമ്മതിക്കില്ലേ…”
കാശി പതിയെ പിറുപിറുത്തു…പിന്നിൽ നിന്ന വിച്ചു ഇത് കേട്ട് ഒന്ന് ചിരിച്ചതും കാശിയവളെ കൂർപ്പിച്ച് നോക്കി…അവളൊന്ന് ഇളിച്ച് കാണിച്ച് കാറിൽ കയറി ഇരന്നു….
സേതു-“നീ എന്തെങ്കിലും പറഞ്ഞായിരുന്നോ…?”
കാശി-“ഒന്നും പറഞ്ഞില്ല…അച്ഛനൊന്ന് വേഗം റെഡിയായി വരുമോ…?”
സേതു-“നിന്റെ മോനെ കണ്ടോ…മൂട്ടിൽ തീയിട്ട പോലെ ഞെളിപിരി കൊള്ളുന്നു…”
ഭവാനി-“നിങ്ങൾ അവനെ കളിയാക്കാതെ പോയി ഡ്രസ് മാറിക്കോളൂ…”
സേതുവും വന്നതിന് ശേഷം കാശി തറവാട്ടിലേക്ക് തിരിച്ചു….
തറവാട്ടിലേക്കുള്ള യാത്രയിൽ കാശി വല്ലാത്തൊരു വീർപ്പ്മുട്ടൽ അനുഭവപ്പെട്ടു….
എത്രയും പെട്ടന്ന് അവളിലേക്കെത്താനായി അവന്റയുള്ളം തുടിച്ച് കൊണ്ടിരുന്നു…
എത്ര ഓടിയിട്ടും അങ്ങ് എത്താതത് പോലെ..
ഒരുവേള തറവാട്ടിലേക്ക് ഇത്രയും ദൂരമുണ്ടായിരുന്നോ എന്ന് വരെ അവൻ സംശയിച്ച് പോയി….
സേതു-“ടാ…പതിയെ പോയാൽ മതി…അവളവിടെ തന്നെ കാണും…”
കോ ഡ്രൈവർ സീറ്റിലിരുന്ന് സേതു പറയുന്നത് കേട്ട് കാശി അവരെ ഒന്ന് നോക്കി ചിരിച്ച് സ്പീഡ് കുറച്ചു….
തറവാട്ടിന് മുന്നിൽ കാർ നിർത്തിയതും കാശിക്ക് തന്റെ ഹൃദയ മിടിപ്പ് വർദ്ധിച്ചതായി തോന്നി…
അവൻ നെഞ്ചിൽ കൈ വെച്ച് ആ മിടിപ്പ് നിയന്ത്രിച്ചു….
ഡോറ് തുറന്ന് പുറത്തിറങ്ങിയപ്പോഴേക്കും എങ്ങോട്ടോ പോവാൻ വേണ്ടി ഉമ്മറത്തേക്ക് വന്ന അഭിയെ കണ്ടു….
അഭി കാശിയെ കണ്ടി ഞെട്ടിയിരിക്കുകയാണ്….
രണ്ട് ദിവസം മുമ്പ് വിളിച്ചപ്പോ നാട്ടിലേക്ക് വരുനാവില്ല എന്ന് പറഞ്ഞയാൾ ഇപ്പോ ഇവിടെ തന്റെ മുന്നിൽ ഇളിച്ച് നിൽക്കുന്നത് കണ്ട് അവനാകെ അന്തം വിട്ടു….
പിന്നെ പെട്ടന്ന് എന്തോ മനസ്സിലായത് പോലെ അവനെ നോക്കി ആക്കി ചിരിച്ചു….
സേതു-“അല്ല അഭീ നീയിത് എവിടെ പോവുകയാ…?”
അഭി-“അച്ഛൻ കമ്പനിയിലേക്ക് ചെലലാൻ വേണ്ടി വിളിച്ചിരുന്നു…ഞാൻ അങ്ങോട്ട് പോവുകയാണ്….”
സേതു-“ആണോ..എങ്കിൽ ഞാനും ഉണ്ട്…സതീഷനെ കണ്ട് ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കാനുണ്ട്…”
അഭി-“എന്നാ നമുക്ക് ഭക്ഷണം കഴിച്ചിട്ട് പോവാം വല്യച്ഛാ…”
സേതു-“ആ ശരിയാ…”
സേതു അകത്തേക്ക് പോയതും അഭി കാശിയുടെ വയറ്റിനിട്ട് കുത്തി….
അഭി-“കുറച്ച് കൂടി കഴിഞ്ഞേ വരുന്നുള്ള എന്നൊക്കെ പറഞ്ഞിട്ട് പെട്ടന്ന് എന്ത് പറ്റി..?”
വിച്ചു-“അഭിയേട്ടന് മനസ്സിലായില്ലേ…ഇങ്ങേർക്ക് പ്രേമം അസ്ഥിക്ക് പിടിച്ചിട്ട് ലച്ചുചേച്ചിയെ കാണാൻ വേണ്ടി ഓടി വന്നതായിരുന്നു….
പാവം…
വീട്ടിൽ വന്നപ്പോഴല്ലേ അറിയുന്നത് ചേച്ചി ഇങ്ങോട്ട് വന്നു എന്ന്….
എന്റെ അഭിയേട്ടാ രണ്ട് ദിവസം എങ്ങനെയാ ആ വീട്ടിൽ ഇങ്ങേര് നിന്നതെന്ന് അറിയോ….
നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു..”
കാശി-“പോടീ പിശാചേ…”
അഭി-“എന്റെ കാശിക്കുട്ടാ..എന്താ ഞാനീ കേൾക്കണേ..കുട്ടി കൈവിട്ട് പോയി അല്ലേ..?”
കാശി-“നിന്ന് പ്രസംഗിക്കാതെ മുന്നിൽ നിന്ന് മാറെടാ…ഞാൻ അകത്തേക്ക് കയറട്ടേ…”
അഭി-“ഇല്ല…മാറില്ല..അങ്ങനെയിപ്പോ നീ ലച്ചൂനെ കാണണ്ട..”
കാശി-“നീ മാറണ്ട…മാറ്റാൻ എനിക്ക് അറിയാം…”
കാശി അഭിയെ ഒരു ഒറ്റ തള്ളായിരുന്നു…
ഒട്ടും പ്രതീക്ഷിച്ചുരുന്നില്ലാത്തത് കൊണ്ട് അഭി നേരെ ചെന്ന് വീണത് ഉമ്മറത്ത ഇട്ടിരിക്കുന്ന ചാരുകസേരയിലും…കാശി അവനെ ഒന്ന് നോക്കി അകത്തേക്ക് കയറിപോയി…..
അഭിയുടെ കസേരയിലെ കിടപ്പ് കണ്ട് വിച്ചു വാ പൊത്തി ചിരിച്ചു….
വിച്ചു-“വല്ല ആവശ്യമുണ്ടായിരുന്നോ…?”
അഭി-“അവൻ പോവട്ടെ…പോയതാ പോലെ തന്നെ കുറച്ച് കഴിയുമ്പോ ഇങ്ങ് വന്നോളും…എന്നിട്ട് ഈ അഭിയോട് കേണ് ചോദിക്കും ലച്ചുനെ ഒന്ന് കാണിച്ച് തരുമോ എന്ന്…?”
വിച്ചു-“ഏഹ്…അപ്പോ ചേച്ചി അകത്തില്ലേ…”
അഭി-“ബുഹാഹാഹാ…ഇല്ല…”
കാശി നേരെ ചെന്നത് അടുക്കളയിലേക്കായിരുന്നു….ശ്രേയയും അനഘയും ഒഴികെ ബാക്കിയെല്ലാവരും അവിടെ ഉണ്ടായിരുന്നു….
കാശി-“മുത്തൂസേ….”
കൗസല്യയേയും രമയേയും കാശി ചെന്ന് പുണർന്നു…
കൗസല്യ-“മുത്തൂടെ കാശിക്കുട്ടാ…”
അവനവരുടൗ അടുത്തിരുന്ന് കുറച്ച് നേരം സംസാരിച്ചു…
അനഘയുടെ ഒരു നിഴല് പോലും കാണാഞ്ഞതിൽ അവനാകെ നിരാശ തോന്നി…
കാശി-“മുത്തശ്ശീ…അഭിയെ കണ്ടില്ല…ഞാനൊന്ന് അവന്റെ റൂമിൽ ചെന്ന് നോക്കട്ടേ…”
കാശി പതിയെ അവിടെ നിന്നും സ്ക്കൂട്ടായി ഹാളിലൂടെ അനഘയുടെ റൂമിനടുത്ത് ചെന്നു…ഉള്ളിൽ നിന്നും അനക്കമൊന്നും ഇല്ലാഞ്ഞതിനാൽ ചാരിയിട്ട വാതിൽ പതിയെ തുറന്നു…അകത്തൊന്നും ആരെയും കണ്ടില്ല…
ബാത്ത്റൂമിൽ നിന്നും ഒരു ശബ്ദവും കേട്ടില്ല….
കാശി നേരെ മുകളിലേക്ക് ചെന്ന് ശ്രേയയുടെ റൂമിലേക്ക് പോയി…അവിടെയും ഇതേ അവസ്ഥയായിരുന്നു..
കാശിക്ക് ആകെ സങ്കടമായി….
കാശിയുടെ വരവും കാത്ത് ചാരു കസേരയിൽ തന്നെ താടിക്കും കൈകൊടുത്ത് ഇരിക്കുകയായിരുന്നു അഭി…വാടിയ മുഖത്തോടെ കാശി വരുന്നത് കണ്ട് അഭിക്ക് ചിരി സഹിക്കാൻ പറ്റിയില്ല….
അബി-“അയ്യോ…എനിക്ക് ചിരിക്കാൻ വയ്യായേ…വല്യ മാസ്സ് കാണിച്ച് കയറി പോയതായിരുന്നല്ലോ ഹീറോ…എന്നിട്ട് എന്ത് പറ്റി ഹീറോയിനെ കണ്ടില്ലേ….കണ്ടില്ലേ എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നു…“
കാശി-“ശവത്തിൽ കുത്താതെടാ പട്ടീ…..”
അഭി-“കുത്തും…ഇനിയും കുത്തും…നീ എന്ത് ചെയ്യും…?”
കാശി-“എന്റെ പൊന്നനിയാ…എവിടെടാ അവള്….
ഒന്ന് കാണാൻ ഓടി വന്നതാ…പ്ലീസ് ഒന്ന് പറഞ്ഞ് താ ടാ….”
അഭി-“അച്ചോടാ…എന്റെ ചേട്ടന് കാണണോ…?”
കാശി-“വേണം..“
അഭി-“ദേ അങ്ങോട്ട് നോക്കൂ…മുറ്റത്തൊരു ലച്ചു….”
അഭി ചൂണ്ടിക്കാട്ടിയ ഇടത്തേക്ക് നോക്കിയ കാശി അനഘയും ശ്രേയയും നടന്ന് വരുന്നത് കണ്ടു…..
കാശിക്ക് ഒരുവേള തന്റെ ഹൃദയം നിലച്ച് പോയത് പോലെ തോന്നി….
ഏറെ നാളായി താൻ കാണാൻ കൊതിച്ച മുഖം….
ആ പുഞ്ചിരിയിലേക്ക് തന്റെ ലോകം ചുരുങ്ങിയത് പോലെ….
ഹൃദയത്തിന്റെ താളം പോലും അവളെ കാണെ ഒരു പ്രത്യേക താളത്തിൽ മിടിക്കുന്നത് പോലെ…
ഏറെ നാൾ കാണാതിരുന്നത് കൊണ്ടാണോ എന്നറിയില്ല…
അവൾ കൂടുതൽ സുന്ദരിയായത് പോലെ….
മുന്നിലേക്കായി കുറച്ച് ഉന്തി നിൽക്കുന്ന വയർ അവൾക്ക് ഒരു പ്രത്യേക ഭംഗി നൽകി….
അനഘയുടെ ശബ്ദം അവന്റെ കാതുകൾക്ക് അനുഭൂതിയായി മാറി….
അനഘ-“ഏയ്…ഡോക്ടറേ…എന്താ സ്വപ്നം കാണുകയാണോ…?”
അനഘയുടെ വിളിയാണ് അവനെ ഉണർത്തിയത്…
കാശി-“ഏഹ്….എന്താ…?”
അനഘ-“ഡോക്ടറെന്താ സ്വപ്നം കാണുകയാണോ എന്ന്…?”
കാശി-“ഏയ് അല്ല…അല്ല നിങ്ങൾ എവിടെ പോയി വരുവാ..?”
അനഘ-“ഇവൾക്ക് കുളത്തിൽ പോയി കുളിക്കണം എന്ന് പറഞ്ഞിട്ട കൂടെ പോയതാ..?അല്ല ഡോക്ടർ എപ്പൊ എത്തി..?”
അനഘ ശ്രേയയെ ചുണ്ടി കാണിച്ച് പറഞ്ഞു…
കാശി-“കുറച്ച് നേരം ആയിട്ടേ ഉള്ളൂ….”
അനഘ-“എന്തായി ഹോസ്പിറ്റലിന്റെ കാര്യങ്ങൾ…?”
കാശി-“കുറച്ച് കൂടി ഫോർമാലിറ്റീസ് ബാക്കിയുണ്ട്…”
അനഘ-“മ്മം..ഡോക്ടർ ഇരിക്ക്…ഞാനിപ്പോ വരാം…”
അവനോടൊന്ന് പുഞ്ചിരിച്ച് അവൾ അകത്തേക്ക് പോയി….
അഭി-“ഹോ..ലച്ചൂന്റെ മുന്നിൽ എന്താ ഡീസന്റ്….”
കാശി-“അല്ലെങ്കിലെന്താ ഞാൻ ഡീസന്റ് അല്ലേ..?”
അഭി-“പിന്നേ..“
ഉച്ചക്ക് ഭക്ഷണം കഴിച്ച് അഭിയും സേതുവും സതീഷനടുത്തേക്ക് പോയി…
അനഘ വിച്ചുവിനും ശ്രേയക്കുമോപ്പം കാശിയുടെ കൂടെ ഉമ്മറത്തിരുന്ന് സംസാരിക്കുകയാണ്…..
വിച്ചു-“അതേ…ഞങ്ങൾ ലച്ചുചേച്ചിയെ കൂടെ കൊണ്ട് പോവാൻ വന്നതാ…”
ഓരൊന്ന് സംസാരിക്കുന്നതിനിടയിൽ വിച്ചു പറഞ്ഞു….
അനഘ-“എന്ത് പറ്റി മോളേ…?”
വിച്ചു അനഘയുടെ ചോദ്യം കേട്ട് കാശിയെ ഒന്ന് നോക്കി…അവനവളെ ദയനീയ ഭാവത്തിൽ തിരിച്ചും നോക്കി….
വിച്ചു-“അമ്മക്ക് ലച്ചുചേച്ചി ഇല്ലായിട്ട് എന്തോ പോലെ…എനിക്കും മിസ്സ് ചെയ്യുന്നു…”
അനഘ-“എനിക്കും അമ്മയെ കാണാൻ തോന്നുന്നു….മുത്തശ്ശിമാര് സമ്മതിക്കാഞ്ഞിട്ടാ…”
ശ്രേയ-“ചേച്ചി പോവണ്ടന്നേ…”
ശ്രേയ പറഞ്ഞത് കേട്ടതും കാശി അവളെ നോക്കി കണ്ണ് കൊണ്ട് വേണ്ട എന്ന് കാണിച്ചു….
ശ്രേയ-“അല്ല…ഞാൻ നാളെ അങ്ങ് ഹോസ്റ്റലിൽ പോയാൽ ചേച്ചി ഇവിടെ ഒറ്റക്കാവില്ലേ…”
അനഘ-“അതിന് മുത്തശ്ശി സമ്മതിക്കുമോ…?”
വിച്ചു-“അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം എന്റെ ചേച്ചീ….”
വിച്ചു പറഞ്ഞപ്പോ ആദ്യം എതിർത്തെങ്കിലും പിന്നെ മുത്തശ്ശിമാർ സമ്മതിച്ചു…
സേതു തിരിച്ച് വന്ന ശേഷം അവരെല്ലാവരും കൂടെ ‘കൈലാസ’ത്തിലേക്ക് തിരിച്ചു…
തുടരും
Fabi
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anagha written by Fabi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission