നിനക്കായ് ( 13 )
” അനൂ നിന്നോടാ ഞാൻ ചോദിച്ചത്. നിനക്കെന്നെ ഇഷ്ടമാണോ അല്ലേ ? “
തറയിൽ മിഴികളുറപ്പിച്ച് നിന്ന അവളുടെ താടി പിടിച്ചുയർത്തി മനു ചോദിച്ചു. ആ മിഴികളിൽ നീർ മുത്തുകൾ ഉരുണ്ട് കൂടിയിരുന്നു. എപ്പോഴും ചിരിച്ചു മാത്രം കണ്ടിരുന്ന ആ മുഖത്തെ കണ്ണീർ നനവ് അവന്റെ ഉള്ള് പൊള്ളിച്ചു.
” പറയനൂ എന്നെ ഇഷ്ടപെടാൻ കഴിയാത്ത എന്ത് പ്രശ്നമാണ് നിനക്കുള്ളത് ? “
അവൻ വീണ്ടും ചോദിച്ചു. അപ്പോഴും മൗനം മാത്രമായിരുന്നു അവളുടെ മറുപടി.
” താഴെയെന്നെ തിരക്കും ഞാൻ പോണു “
പറഞ്ഞിട്ട് മറുപടിക്ക് കാക്കാതെ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് അവൾ തിരിഞ്ഞു നടന്നു.
” എനിക്കറിയാം അനു നിന്റെയുള്ളിൽ ഞാനുണ്ട്. അതിന്റെ തെളിവാണ് നീ പോലുമറിയാതെ നിറഞ്ഞൊഴുകിയ നിന്റെയീ കണ്ണുകൾ. “
അവളുടെ പോക്ക് നോക്കി നിൽക്കുമ്പോൾ അവന്റെ മനസ്സ് മന്ത്രിച്ചു.
പെട്ടന്ന് പിന്നിൽ ആരുടെയോ കാൽപെരുമാറ്റം കേട്ട് തിരിഞ്ഞുനോക്കിയ മനു വാതിലിന് പിന്നിൽ നിന്ന അഭിരാമിയെ കണ്ട് ഒന്ന് ഞെട്ടി. അവളുടെ കണ്ണിലേക്ക് നോക്കിയ അവന്റെ മുഖം വിളറി വെളുത്തു.
” അത് പിന്നെ അഭീ എനിക്കവളെ….. “
” അഭീ… “
അവന്റെ വാക്കുകൾ മുഴുമിപ്പിക്കുന്നതിന് മുൻപ് താഴെ നിന്നും വിമലയുടെ വിളി കേട്ടു. അവനെയൊന്ന് നോക്കി അഭിരാമി വേഗം താഴേക്ക് നടന്നു.
” നീയിപ്പോ ഇവരുടെ കൂടെ പോണുണ്ടോ അതോ നാളെയേ പോണുള്ളോ ? “
പോകാനിറങ്ങി നിൽക്കുന്ന അരവിന്ദന്റെയും കുടുംബത്തിന്റെയും നേരെ നോക്കി താഴേക്ക് ഇറങ്ങി വന്ന അഭിരാമിയോടായി വിമല ചോദിച്ചു.
” എനിക്കും പോണമമ്മേ. നാളെ ഓഫീസിൽ പോണം. ഇനി നാളെക്കൂടെ ലീവെടുക്കാൻ പറ്റില്ല. “
അജിത്തിനെയൊന്ന് നോക്കി അഭിരാമി പെട്ടന്ന് പറഞ്ഞു.
” എന്നാപ്പിന്നെ സംസാരിച്ച് സമയം കളയാതെ വേഗം റെഡിയായി പോകാൻ നോക്ക് മോളേ “
വിശ്വനാഥൻ പറഞ്ഞത് കേട്ട് അവൾ വേഗം അകത്തേക്ക് നടന്നു. നാല് മണിയോടെ എല്ലാവരോടും യാത്ര പറഞ്ഞ് അജിത്തിന്റെ കാർ ശ്രീശൈലത്തിന്റെ ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി. കാറിലിരിക്കുമ്പോഴും അനു മൗനമായിത്തന്നെയിരുന്നു. എപ്പോഴും കലപില സംസാരിച്ചുകൊണ്ടിരുന്ന അവളുടെ മാറ്റം അത്ഭുതത്തോടെയാണ് അഭിരാമി നോക്കി കണ്ടത്. മനുവും മൗനമായിരുന്നുവെങ്കിലും അവന്റെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് അനുവിനെ തേടി വന്നുകൊണ്ടിരുന്നു.
” എന്താടീ ഇത്രയ്ക്ക് ആലോചിക്കാൻ ? “
എന്തോ ആലോചിച്ചിരുന്ന അനുവിനെ തട്ടി വിളിച്ച് പുഞ്ചിരിയോടെ അഭിരാമി ചോദിച്ചു. പെട്ടന്ന് അമ്പരപ്പോടെ ചുറ്റും നോക്കിയ അനു ഒരു വാടിയ ചിരിയോടെ ഒന്നുമില്ലെന്ന അർഥത്തിൽ ചുമൽ കൂച്ചിക്കാണിച്ചു. എന്നിട്ട് ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അഭിരാമിയുടെ മാറിലേക്ക് ചാഞ്ഞു. ഒരു പുഞ്ചിരിയോടെ അവളെ ചേർത്തുപിടിച്ച അഭിരാമിയുടെ വിരലുകൾ ആ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു.
” മനൂ നീ കയറുന്നില്ലേ ? “
പാലക്കൽ വീടിന്റെ പോർച്ചിൽ നിർത്തിയ കാറിൽ നിന്നുമിറങ്ങി അകത്തേക്ക് നടക്കുമ്പോൾ ഗീത വിളിച്ച് ചോദിച്ചു.
” ഇല്ലമ്മേ പോയിട്ട് വേറെ കുറച്ച് കാര്യങ്ങളുണ്ട് “
ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ട് ചെയ്തുകൊണ്ട് മനു പറഞ്ഞു. ഗേറ്റ് കടന്ന് പോകുന്ന ബൈക്കിന്റെ ശബ്ദം കാതിൽ വന്നലച്ചതും ഒരു പിടച്ചിലോടെ അനു തിരിഞ്ഞുനോക്കി. അവൻ ഗേറ്റ് കടന്ന് മറഞ്ഞതും അവളുടെ കണ്ണുകളിൽ ഒരു പുകച്ചിലനുഭവപ്പെട്ടു. ആരെയും ശ്രദ്ധിക്കാതെ അവൾ വേഗം മുകളിലേക്ക് കയറിയോടി. മുറിയിൽ വന്ന് ഡ്രസ്സ് പോലും മാറാതെ ബെഡിലേക്ക് വീഴുമ്പോൾ അതുവരെ ഉള്ളിലടക്കി വച്ചിരുന്ന കണ്ണീരെല്ലാം അണപൊട്ടിയൊഴുകി.
ഫോണിൽ സേവ് ചെയ്തിരുന്ന മനുവിന്റെ ഫോട്ടോയിലേക്ക് നോക്കി അവൾ ഒരു ഭ്രാന്തിയെപ്പോലെ പൊട്ടിക്കരാഞ്ഞു. പുഞ്ചിരിയോടെ നിൽക്കുന്ന അവന്റെ ചിത്രത്തിലേക്ക് നോക്കും തോറും അനുവിന്റെ നെഞ്ച് പൊള്ളി.
” മനുവേട്ടാ… “
സമനില തെറ്റിയവളെപ്പോലെ വിളിച്ചുകൊണ്ട് അവൾ ബെഡിൽ തലയുരുട്ടിക്കരഞ്ഞു.
” ഇഷ്ടമല്ല മനുവേട്ടാ പ്രാണനാണ് “
അവന്റെ മുഖം കണ്ണീരിന്റെ ചുവയുള്ള ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അവളുടെ അധരങ്ങൾ മന്ത്രിച്ചു.
കരഞ്ഞ് കരഞ്ഞ് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.
” ദീപം… ദീപം…. ദീപം… “
പൂമുഖത്തിരുന്ന് ലാപ്ടോപ്പിലെന്തോ ചെയ്തുകൊണ്ടിരുന്ന അജിത്ത് പെട്ടന്ന് മുഖമുയർത്തി നോക്കി. കുളി കഴിഞ്ഞ് കത്തിച്ച ദീപവുമായി പുറത്തേക്ക് വരുന്ന അഭിരാമിയിൽ അവന്റെ കണ്ണുകൾ ഉടക്കി നിന്നു. ഈറൻ മുടിയിൽ തോർത്ത് ചുറ്റി നെറ്റിയിൽ ഭസ്മക്കുറിയിട്ട അവളുടെ മുഖത്തും കഴുത്തിലും തങ്ങി നിന്ന വെള്ളത്തുള്ളികൾ വിളക്കിന്റെ പ്രകാശത്തിൽ പളുങ്ക് മണികൾ പോലെ വെട്ടിത്തിളങ്ങി. അവന്റെ നോട്ടം കണ്ട് അവൾ വശ്യമായി പുഞ്ചിരിച്ചു.
” മോളേ അഭീ അനുവെന്തിയേ ? “
പെട്ടന്നങ്ങോട്ട് വന്ന ഗീതയുടെ സ്വരം കേട്ട് അജിത്ത് പെട്ടന്ന് ലാപ്ടോപ്പിലേക്ക് മിഴിയൂന്നി.
” മുകളിലുണ്ടമ്മേ വന്നപ്പോ മുതൽ അവൾക്ക് നല്ല തലവേദനയുണ്ടായിരുന്നു. ഞാൻ നേരത്തെ ചെന്നപ്പോൾ നല്ല ഉറക്കമായിരുന്നു. “
തുളസിത്തറയിൽ തിരി വച്ചിട്ട് അകത്തേക്ക് വന്നുകൊണ്ട് അഭിരാമി പറഞ്ഞു. എന്നിട്ട് വിളക്ക് തിരികെ പൂജാമുറിയിൽ വച്ച് തലയിൽ ചുറ്റിയിരുന്ന തോർത്തഴിച്ച് മുടി മാറിലേക്കിട്ട് തോർത്തിക്കൊണ്ട് അവൾ മുകളിലേക്ക് നടന്നു. മുകളിലെത്തുമ്പോൾ അനുവിന്റെ മുറിയുടെ വാതിൽ ചാരിയിട്ടേയുണ്ടായിരുന്നുള്ളു. ഉള്ളിൽ ഇരുട്ട് കട്ടപിടിച്ച് കിടന്നിരുന്നു. അവളുടെ വിരലുകൾ ചുമരിലെ സ്വിച്ചിലമർന്നു. മുറിയിൽ വെളിച്ചം പരക്കുമ്പോൾ അനു ബെഡിൽ കമിഴ്ന്ന് കിടന്നിരുന്നു.
” അനൂ…”
ബെഡിലിരുന്ന് അവളുടെ പുറത്ത് തട്ടി വിളിക്കുമ്പോൾ ഒരു ഞരക്കത്തോടെ അവൾ കണ്ണ് തുറന്നു. കരഞ്ഞ് കരഞ്ഞ് അവളുടെ കൺപോളകൾ ചുവന്ന് തടിച്ചിരുന്നു. കവിൾത്തടങ്ങളിൽ കണ്ണീരുണങ്ങിപ്പിടിച്ചിരുന്നു. മുടിയിഴകൾ പാറി പറന്നിരുന്നു.
” എന്താ അനൂ ഇത് ഇതെന്ത് കോലമാ ? “
അവളെയാകെമൊത്തം ഉഴിഞ്ഞ് നോക്കിക്കൊണ്ട് അമ്പരപ്പോടെ അഭിരാമി ചോദിച്ചു.
” ഒന്നുമില്ല ചേച്ചി “
അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞുകൊണ്ട് അനു ബാത്‌റൂമിന് നേരെ നടന്നു.
” നീയും മനുവേട്ടനും തമ്മിലിഷ്ടത്തിലാണോ ? “
അവളുടെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട് പെട്ടന്ന് അഭിരാമി ചോദിച്ചു. അവളുടെ ഉള്ളിലെ ഞെട്ടൽ ആ കണ്ണുകളിലേക്ക് പടരുന്നത് അഭിരാമിയറിഞ്ഞു.
” മനുവേട്ടനെന്നെ ഇഷ്ടാണ് “
അഭിരാമിയുടെ മുഖത്ത് നോക്കാതെ അനു പറഞ്ഞു.
” നിനക്കോ ? “
അവൾ വീണ്ടും ചോദിച്ചു. അതിന് മറുപടിയെന്നവണ്ണം അനുവിന്റെ മിഴികൾ നിറഞ്ഞൊഴുകി. അധരങ്ങൾ വിതുമ്പി. ഒരാശ്രയത്തിനെന്ന പോലെ അവൾ അഭിരാമിയുടെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ അവൾ അനുവിനെ ചേർത്തുപിടിച്ചു.
” എനിക്ക് മനുവേട്ടനില്ലാതെ പറ്റില്ല ചേച്ചി…. “
അഭിരാമിയെ ചുറ്റിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. എന്തുപറഞ്ഞ് അവളെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങി നിൽക്കുകയായിരുന്നു അഭിരാമി. അൽപ്പനേരം കൂടി അവളുടെ നെഞ്ചോട് ചേർന്നിരുന്ന് കണ്ണീരൽപമടങ്ങിയപ്പോൾ അവൾ പതിയെ പറഞ്ഞ് തുടങ്ങി.
” രണ്ട് വർഷത്തിൽ കൂടുതലായി മനുവേട്ടനെന്റെ പിന്നാലെ ഇങ്ങനെ. ബസ്സ്റ്റോപ്പിലും കോളേജിന്റെ മുന്നിലും അമ്പലത്തിലും പിന്നെ ഞാൻ പോകുന്ന ഓരോയിടങ്ങളിലും നിഴൽ പോലെ എന്നെ പിന്തുടരുന്ന മനുവേട്ടൻ ആദ്യമൊക്കെ ഒരു തമാശയായിരുന്നു. പിന്നീടെപ്പോഴോ ഞാനും സ്നേഹിച്ചുപോയി. ഇപ്പൊ മനുവേട്ടനില്ലാതെ എനിക്ക് …. “
വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ അവൾ വീണ്ടും പൊട്ടിക്കരഞ്ഞു.
” വിഷമിക്കല്ലേടാ എല്ലാം ശരിയാവും “
അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അഭിരാമി പറഞ്ഞു.
” എങ്ങനെ ശരിയാകാൻ. ചേച്ചിക്ക് മനുവേട്ടനെക്കുറിച്ച് എന്തറിയാം. ചേച്ചി കരുതുന്നത് പോലെ മനുവേട്ടൻ ഹിന്ദുവല്ല ക്രിസ്ത്യനാണ്. “
അവൾ പറഞ്ഞത് കേട്ട് അഭിരാമിയുടെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി.
” പാലക്കൽ വീട്ടിലെ അരവിന്ദന്റെ ഏക മകൾ അനുപമയെ മാനുവൽ ജോണെന്ന ക്രിസ്ത്യാനിപ്പയ്യന് വിവാഹം ചെയ്ത് കൊടുക്കുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ ? “
അനുവിന്റെ ആ ചോദ്യത്തിന് മുന്നിൽ അഭിരാമിക്ക് മറുപടിയൊന്നും തന്നെയുണ്ടായിരുന്നില്ല.
“അത് മാത്രമല്ല അജിത്തേട്ടനും മനുവേട്ടനും കൊച്ചിലെ മുതൽ രണ്ടുടലും ഒരുയിരുമായി ജീവിച്ചവരാണ്. ഇതറിഞ്ഞാൽ ആ സൗഹൃദവും തകർന്ന് പോകും. അങ്ങനെ എല്ലാം തച്ചുടച്ചിട്ട് എനിക്കൊരു ജീവിതം വേണ്ട . പക്ഷേ ചേച്ചി മനുവേട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ എനിക്ക്…. “
പെട്ടന്ന് മുറിയുടെ പുറത്ത് ആരുടെയോ കാൽപെരുമാറ്റം കേട്ട് പറയാൻ വന്നത് പാതിയിൽ നിർത്തി ഒരു ഞെട്ടലോടെ അവൾ കണ്ണും മുഖവും അമർത്തിത്തുടച്ചു.
” എന്താടീ രണ്ടും കൂടി ഇവിടൊരു കുശുകുശുപ്പ് ? “
ചോദിച്ചുകൊണ്ട് അങ്ങോട്ട് വന്ന അജിത്ത് അവരുടെ ഒപ്പം ബെഡിലേക്കിരുന്നു.
” ഇവളുടെ മോന്തയ്ക്കിതെന്തുപറ്റി ? “
കരഞ്ഞ് വീർത്ത അനുവിന്റെ മുഖത്തേക്ക് നോക്കി അമ്പരപ്പോടെ അവൻ ചോദിച്ചു.
” അവൾക്ക് നല്ല തലവേദനയുണ്ടായിരുന്നു. ഇന്നത്തെ യാത്രയുടെയാവും “
അനുവെന്തെങ്കിലും പറയുന്നതിന് മുൻപ് അഭിരാമി പെട്ടന്ന് പറഞ്ഞു.
” ഹോസ്പിറ്റലിൽ പോണോഡാ ? “
അവളുടെ നെറ്റിയിൽ കൈപ്പത്തി ചേർത്തുകൊണ്ട് അജിത് ചോദിച്ചു.
” വേണ്ടേട്ടാ “
ഒരു വാടിയ പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നുകൊണ്ട് അനു പറഞ്ഞു.
” അയ്യോടാ എന്താ ഒരു സ്നേഹം കീരിയും പാമ്പും തമ്മിൽ “
അവരെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് അഭിരാമി പറഞ്ഞു. അതുകേട്ട് പരസ്പരം നോക്കിയ അജിത്തിന്റെയും അനുവിന്റെയും ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.
” എന്താ അനിയത്തിക്കുട്ടീടെ പുന്നാര ഏട്ടന്റെ കണ്ണിലൊരു നനവ് ? “
അനുവിന്റെ മുറിയുടെ വാതിൽ ചാരി താഴേക്കുള്ള സ്റ്റെപ്പുകളിറങ്ങുമ്പോൾ അജിത്തിന്റെ മുഖത്തേക്ക് നോക്കി അഭിരാമി ചോദിച്ചു.
” എപ്പോഴും തല്ലും വഴക്കുമൊക്കെയാണെങ്കിലും അവളെന്റെയൊരു വീക്ക് പോയിന്റ് തന്നെയാണ്. ജനിച്ചപ്പോൾ മുതൽ അവളെന്റെ പ്രാണനായിരുന്നു. അവൾക്കും അങ്ങനെതന്നെയാണ്. ഏട്ടനെക്കാൾ ജീവനാണ് എന്നെ. ഞാനെപ്പോഴും അവളെ വഴക്കുണ്ടാക്കുമെങ്കിലും മറ്റാരുമവളെയൊരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാൻ ഞാൻ സമ്മതിച്ചിട്ടില്ല. പുറമെ ഒരു ചട്ടമ്പിയാണെങ്കിലും ഒരു ചെറിയ പനി വന്നാൽ പോലും കൊച്ചുകുട്ടികളുടെ സ്വഭാവമാ പെണ്ണിന് “
എന്തൊക്കെയോ ഓർത്ത് ഒരു പുഞ്ചിരിയോടെ അജിത്ത് പറയുമ്പോൾ ഒരു കൗതുകത്തോടെ അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു അഭിരാമി. രാത്രി അത്താഴം കഴിക്കാനും താഴേക്ക് വരാൻ അനു കൂട്ടാക്കിയിരുന്നില്ല.
” ഈ പെണ്ണിനിതെന്ത് പറ്റിയോ എന്തോ വന്നിട്ടിത് വരെ ജലപാനം ചെയ്തിട്ടില്ല. “
എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുമ്പോൾ ആരോടെന്നില്ലാതെ ഗീത പറഞ്ഞു.
” ഊളെ അല്ല മോളേ എണീറ്റിത് കഴിക്ക് “
ആഹാരവുമായി വന്ന് അനുവിന്റെ ബെഡിലേക്ക് ഇരുന്നുകൊണ്ട് അവളെയൊന്ന് വട്ടാക്കാൻ വേണ്ടി ചിരിയോടെ അജിത്ത് പറഞ്ഞു.
” നീ പോടാ കോന്താ “
ചിണുങ്ങിക്കൊണ്ട് എണീറ്റിരുന്ന് അവൾ പറഞ്ഞു.
” കൊഞ്ചാതെ കഴിക്കെടീ ഉണ്ടത്തക്കിടീ “
ചോറുരുള അവളുടെ നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു. അവന്റെ നിർബന്ധത്തിന് വഴങ്ങി വാ തുറക്കുമ്പോൾ എന്തുകൊണ്ടോ അനുവിന്റെ കണ്ണുകൾ നിറഞ്ഞു.
അത്താഴം കഴിഞ്ഞ് മുറിയിലെത്തി കിടക്കയിലിരിക്കുമ്പോഴും ഇതെങ്ങനെ അജിത്തിനോട് പറയുമെന്നോർത്ത് പിടയുകയായിരുന്നു അഭിരാമിയുടെ ഉള്ള്. പെട്ടന്ന് എന്തോ ഓർത്ത് അവൾ ഫോണെടുത്ത് അജിത്തിന്റെ നമ്പർ ഡയൽ ചെയ്ത് കാതിൽ ചേർത്തു.
” എന്താടീ ? “
ഒന്നുരണ്ട് ബെല്ലിന് ശേഷം അപ്പുറത്ത് നിന്നും അജിത്തിന്റെ സ്വരം കേട്ടു.
” കിടന്നോ ? “
” മ്മ്മ് ന്തേയ് വരുന്നോ “
അവളുടെ ചോദ്യത്തിന് മറുപടിയായി ഒന്ന് മൂളി ഒരു കുസൃതി ചിരിയോടെ അവൻ ചോദിച്ചു.
” അയ്യടാ നാളെ ഓഫീസിൽ പോണവഴി എന്നെയൊന്ന് അമ്പലത്തിൽ കൊണ്ട് പോകുമോ എന്നുചോദിക്കാനാ ഞാൻ വിളിച്ചത്. ” അഭിരാമി.
” അയ്യേ അതിനാരുന്നോ നീ ഈ നേരത്ത് വിളിച്ചപ്പോൾ ഞാൻ വേറൊന്തൊക്കെയോ വിചാരിച്ചു. “
ഒരു കള്ളചിരിയോടെ അജിത്ത് പറഞ്ഞു.
” അച്ചോടാ… കൂടുതൽ വിചാരിക്കാതെ കിടന്നുറങ്ങാൻ നോക്ക് രാവിലെ നേരത്തെ എണീക്കേണ്ടതാ “
ചിരിയോടെ അഭിരാമി പറഞ്ഞു.
“ഡീ പെണ്ണേ വെക്കല്ലേ… “
” എന്താ? “
” ഒരു ചുംബനമെങ്കിലും തന്നിട്ട് പോടീ “
” ഓഹ് അങ്ങനിപ്പോ ചുംബിക്കണ്ട . പൊന്നുമോൻ കിടന്നുറങ്ങ് “
” എന്നാ ശരി ഞാനങ്ങോട്ട് വരാം. കിട്ടുമോന്നറിയണമല്ലോ “
” യ്യോ വേണ്ട ഉമ്മ
…”
പറഞ്ഞുകൊണ്ട് മറുപടിക്ക് കാക്കാതെ അവൾ ഫോൺ കട്ട് ചെയ്തു. ഒരു പുഞ്ചിരിയോടെ ഫോൺ കട്ട് ചെയ്ത് അജിത്തും കിടക്കയിലേക്ക് ചാഞ്ഞു.
” അജിത്തേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട് “
ക്ഷേത്രത്തിന്റെ കൽപ്പടവുകളിറങ്ങുമ്പോൾ ഇലത്തുമ്പിലെ ചന്ദനം വിരലിലെടുത്ത് അജിത്തിന്റെ നെറ്റിയിൽ തൊടുവിച്ച് കൊണ്ട് അഭിരാമി പറഞ്ഞു.
” എന്താടീ എന്തോ കൊനഷ്ടാണല്ലോ “
കരിയെഴുതിയ അവളുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ അജിത് ചോദിച്ചു.
” അതുപിന്നെ നമ്മുടെ അനുവിന് ഒരാളെ ഇഷ്ടാണ് “
വിറയ്ക്കുന്ന സ്വരത്തിൽ അവന്റെ മുഖത്ത് നോക്കാതെ അഭിരാമി പറഞ്ഞു. അവന്റെ മുഖത്തെ പുഞ്ചിരി മങ്ങുന്നത് തെല്ലു ഭയത്തോടെ അവൾ കണ്ടു.
” ആരെ ? “
അവന്റെ ഭാവം മാറുന്നത് കണ്ട് അഭിരാമിയിൽ ഭയമിരട്ടിച്ചു.
” മനുവേട്ടൻ “
പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
” മനുവോ “
വിശ്വാസം വരാത്തത് പോലെ അജിത്തവളെ തുറിച്ച് നോക്കി.
” അവർക്ക് പരസ്പരം ഇഷ്ടമാണ്. പക്ഷേ ഭയം കൊണ്ട് അനുവൊന്നും പറഞ്ഞിട്ടില്ല “
അഭിരാമി പതിയെ പറഞ്ഞു.
” പക്ഷേ ഇതെങ്ങനെ … “
” ഇതിലെന്താ അജിത്തേട്ടാ തെറ്റ് ? പരസ്പരം സ്നേഹിക്കുന്നത് തെറ്റാണെങ്കിൽ നമ്മളും അതേ തെറ്റല്ലേ ചെയ്യുന്നത്? “
അഭിരാമിയുടെ ചോദ്യത്തിന് അജിത്തിന്റെ കയ്യിൽ മറുപടിയൊന്നും തന്നെയുണ്ടായിരുന്നില്ല. അൽപ്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അജിത്ത് വീണ്ടും സംസാരിച്ച് തുടങ്ങി.
” എന്റനൂന് അവനോളം നല്ലൊരു പയ്യനെ വേറെ കിട്ടില്ല.പക്ഷേ , കുടുംബത്തിലെ ഏക പെൺതരിയായ അവളെ ഒരു ക്രിസ്ത്യാനിക്ക് വിവാഹം കഴിച്ച് കൊടുക്കാൻ അച്ഛൻ തയാറാകുന്ന് നിനക്ക് തോന്നുന്നുണ്ടോ ? “
അതേ ചോദ്യം തന്നെയായിരുന്നു അപ്പോൾ അഭിരാമിയുടെ ഉള്ളിലും.
തുടരും
അഭിരാമി അഭിയുടെ മറ്റു നോവലുകൾ
അഗസ്ത്യ
നിൻ നിഴലായ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninakayi written by Sreekutty
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission