Skip to content

നിനക്കായ്‌ – Part 8

ninakkai-novel

നിനക്കായ്‌   (

” ആരാടീ  തെമ്മാടി ?  “

അവളുടെ  കയ്യിൽ  പിടിച്ചു  വലിച്ച്  തന്നോട്  ചേർത്തുകൊണ്ട്  അവൻ  ചോദിച്ചു.

” അയ്യോ  ദേ  അമ്മ  “

പെട്ടന്നുള്ള  അവളുടെ  നിലവിളികേട്ട്  ഞെട്ടിപ്പോയ  അജിത്തിന്റെ  കൈകൾ  അയഞ്ഞു.

”  പോടാ  തെമ്മാടി  നിന്നെ  തന്നെയാ  വിളിച്ചേ  “

അവന്റെ  കൈ  വിട്ട്  താഴേക്കോടുന്നതിനിടയിൽ  പൊട്ടിച്ചിരിച്ചുകൊണ്ട്  അഭിരാമി  പറഞ്ഞു. 

” നിന്നെ  എന്റെ  കയ്യിൽ  കിട്ടുമെടി  കുരുട്ടടക്കേ  “

” ഓഹ്  കിട്ടും  കിട്ടും  ഇനി  നിന്ന്  താളം  ചവിട്ടി  അമ്മേടേന്ന്  വല്ലതും  വാങ്ങാതെ  പോയി  ഒരുങ്ങാൻ  നോക്ക്. അമ്പലത്തിൽ  പോകേണ്ടതാ  “

തന്നെ   നോക്കി  മീശ  പിരിച്ച്  ചിരിക്കുന്ന  അവനെ  നോക്കി  പറഞ്ഞുകൊണ്ട്  അവൾ  അടുക്കളയിലേക്ക്  നടന്നു.  അവളുടെ  ആ  പോക്ക്  നോക്കി  അൽപ്പസമയം  കൂടി  നിന്നിട്ട്  അവൻ  മുറിയിലേക്ക്  നടന്നു. കുളി  കഴിഞ്ഞ്  വന്ന്  അലമാര  തുറക്കുമ്പോൾ  തേച്ചുമടക്കി  വച്ച  ഒരു  ജോഡി  മുണ്ടും  ഷർട്ടും  ഇരുന്നിരുന്നു.

” ഇതിപ്പോ  എവിടുന്ന്  വന്നു ?  “

അതെടുത്തുകൊണ്ട്  സ്വയം  ചോദിച്ചുകൊണ്ട്  നിൽക്കുമ്പോൾ  പെട്ടന്ന്  ബെഡിൽ  കിടന്ന്  ഫോൺ  റിങ്  ചെയ്യാൻ  തുടങ്ങി. ഡിസ്പ്ലേയിൽ  അഭിയുടെ  ചിരിക്കുന്ന  മുഖം  തെളിഞ്ഞു വന്നു. 

” ഇവളീ  നേരത്ത്  ഇതെന്തിനാ  വിളിക്കുന്നെ ?  “

ആരോടെന്നില്ലാതെ  പറഞ്ഞുകൊണ്ട്  അവൻ  ഫോൺ  എടുത്ത്  ചെവിയിൽ  ചേർത്തു. 

” എന്തേഡീ ?  “

” അതേ….  കുളിച്ചോ ?  “

”  ഇല്ലെങ്കിൽ  നീ  കുളിപ്പിച്ച്  തരുമോ ? “

അവളെ  വെറുതെയൊന്ന്  ദേഷ്യം  പിടിപ്പിക്കാൻ  ചിരിയടക്കിപ്പിടിച്ചുകൊണ്ട്  അവൻ  ചോദിച്ചു.

” ഞാൻ  പോത്തിനെ  കുളിപ്പിക്കാറില്ല  ” അഭിരാമി.

” പിന്നെ  മാഡം  എന്തിനാണാവോ  ഇപ്പൊ  ഇങ്ങോട്ട്  വിളിച്ചത് ?  “

തലയിലെ  വെള്ളം  തോർത്തുകൊണ്ട്  ഒപ്പിക്കോണ്ട്  അവൻ  ചോദിച്ചു.

” അലമാരയിൽ  മുണ്ട്  തേച്ച്  വച്ചിട്ടുണ്ട്  “

” ഓഹോ  നീയും  തേപ്പ്കാരിയായിരുന്നോ ?  “

” അയ്യോ  കാമെഡിയായിരുന്നോ ?  “

” അല്ലേടി  കോമഡിയായിരുന്നു  “

ദേഷ്യം  പിടിച്ചുള്ള  അവളുടെ  ചോദ്യം  കേട്ട്  ചിരിയടക്കിപ്പിടിച്ച്‌  അജിത്ത്  പറഞ്ഞു.

” ഓഹ്  ഞഞ്ഞായിട്ടുണ്ട്.  കൂടുതൽ  കോമഡിയടിക്കാതെ  അതെടുത്തുടുത്തോണ്ട്  വാ  “

അവളത്  പറയുമ്പോൾ   അതിലേക്ക്  നോക്കി  നിന്നിരുന്ന  അവന്റെ  ചുണ്ടിലൊരു  പുഞ്ചിരി  വിരിഞ്ഞു.

” ഓഹ്  പിന്നേ  നീ  പറയുന്നത്  ഉടുക്കാൻ  പോവല്ലേ  ഞാൻ  ഒന്ന്  പോടീ  ഉണ്ടക്കണ്ണി “

മറുവാശത്തുനിന്നും  മറുപടിയൊന്നുമില്ലാതെ  ഫോൺ  കട്ടായി.

” ദൈവമേ … ചുമ്മാ  ഒന്നിളക്കാൻ  പറഞ്ഞതാ  പെണ്ണ്  പിണങ്ങിപ്പോയോ.  ഇവളുടെ  കൂടെ  ഈ  ജീവിതം  ജീവിച്ചുതീർക്കാൻ  ഞാൻ  കുറേ  പാടുപെടും. “

ചിരിയോടെ  പറഞ്ഞുകൊണ്ട്  അവൻ  റെഡിയാകാൻ  തുടങ്ങി. കടുംനീല  നിറത്തിലൊരു  ഷർട്ടും  അതിന്  മാച്ചിങ്  ആയിട്ടുള്ള  മുണ്ടുമായിരുന്നു  അവൾ  എടുത്തുവച്ചിരുന്നത്.

” അല്ല  എങ്ങോട്ടാ  യുവ  കോമളൻ  ഇത്രക്കൊരുങ്ങി ?  “

ഒരുങ്ങി  താഴേക്ക്  വരുമ്പോൾ  താഴെ  ഹാളിലിരുന്ന  അനുവിന്റെ  ചോദ്യം  കേട്ട്  അവൻ  ഒരു  ചമ്മിയ  ചിരി  ചിരിച്ചു.

” ഞായറാഴ്ച  അല്ലേടി  വല്ല  കിളികളെയും  കണ്ടാലോ  “

ഷർട്ടിന്റെ  കൈകൾ  മടക്കി  വച്ചുകൊണ്ട്  ചിരിയോടെ  അവളെ  നോക്കി  അജിത്ത്  പറഞ്ഞു.

” ഉവ്വാ  പഷ്ട്  മോന്ത  തന്നെ  “

വാ  പൊത്തിചിരിച്ചുകൊണ്ട്  അവൾ  പറഞ്ഞു.

” എന്തെടി  നിനക്കൊരു  പുഞ്ഞം?  “

അവളെ  നോക്കി  പുരികം  വളച്ച്  അവൻ  ചോദിച്ചു.

” ഇതെന്താ  ഇങ്ങനെ  എന്തോ  ചീഞ്ഞുനാറുന്നുണ്ടല്ലോ  “

പെട്ടന്ന്   സ്റ്റെയർകേസിന് മുകളിലേക്കും  അവനെയും  മാറി മാറി  നോക്കി  കണ്ണ്  മിഴിച്ചുകൊണ്ട്  അനു  ചോദിച്ചു.  അത്  കേട്ട്  അജിത്തും  തിരിഞ്ഞു നോക്കി. സ്റ്റെയർകേസിറങ്ങി  വരികയായിരുന്ന  അഭിരാമിയിൽ  അവന്റെ  മിഴികൾ  തറഞ്ഞ്  നിന്നു.

അവന്റെ  വേഷത്തിന്  ചേരുന്ന  കളറിൽ  ഒരു  ദാവണിയായിരുന്നു  അവളുടെ  വേഷം.

കുളി  പിന്നൽ  കെട്ടിയ  മുടിയിൽ  കുറേ  മാറിലേക്കും  വീണുകിടന്നിരുന്നു.  കൈകളിൽ  നിറയെ  നീല  നിറത്തിലുള്ള  വളകളും  കഴുത്തിൽ  എപ്പോഴുമിടാറുള്ള  സ്വർണമാലയ്ക്കൊപ്പം  ഒരു  കുഞ്ഞ്  മുത്തുമാലയും  അവൾ  ധരിച്ചിരുന്നു.

” അതേ  ജേഷ്ടാ  ഇങ്ങനെ  കണ്ണുന്തിയാൽ  കൃഷ്ണമണി  താഴെപ്പോകും  “

അഭിരാമിയെത്തന്നെ  നോക്കി  നിന്ന  അജിത്തിനെ  തട്ടിവിളിച്ച്  ശബ്ദം  താഴ്ത്തി  അനു  പറഞ്ഞു.

” ഒന്ന്  പോടീ… ഞാനവളെയൊന്നുമല്ല  നോക്കിയേ  “

പെട്ടന്ന്  അവളിൽ  നിന്നും  കണ്ണുകൾ  പിൻവലിച്ച്  മുഖത്തെ  ചമ്മല്  മറക്കാൻ  പാടുപെട്ടുകൊണ്ട്  അവൻ  പറഞ്ഞു.

” മ്മ്മ്  മ്മ്മ്    ആ  ആക്രാന്തം  പിടിച്ചുള്ള  നോട്ടം  കണ്ടപ്പഴേ  തോന്നി  അഭിചേച്ചിയെ  അല്ല  നോക്കിയതെന്ന്  “

അവൾ  ചിരിയടക്കി  വീണ്ടും  പറഞ്ഞു. 

” മ്മ്മ്   ??  “

താഴേക്കിറങ്ങി  വന്ന  അഭിരാമി  അനുവിന്റെ  ചിരികണ്ട്  അജിത്തിനെ  നോക്കി  പുരികമുയർത്തി  ചോദിച്ചു. അവൻ  വെറുതെയൊന്ന്  ചിരിക്കുക  മാത്രം  ചെയ്തു. 

” എല്ലാരും  റെഡിയായെങ്കിൽ  നമുക്ക്  പോകാം ?   “

പെട്ടന്ന്  അങ്ങോട്ട്  വന്നുകൊണ്ടുള്ള  ഗീതയുടെ  ചോദ്യത്തിന്  എല്ലാവരും  തല  കുലുക്കി. 

” ഏട്ടാ  നേരെ  നോക്കി  ഓടിക്കണേ  “

മിററിലൂടെ  കാറിന്റെ  പിൻസീറ്റിൽ  തനിക്കൊപ്പമിരിക്കുന്ന  അഭിരാമിയെ  നോക്കുന്ന  അജിത്തിനെ  നോക്കി  കണ്ണിറുക്കി  ചിരിച്ചുകൊണ്ട്  അനു  പറഞ്ഞു .  അത്  കേട്ട്  അജിത്തിനെ  നോക്കി  അഭിരാമിയും  അടക്കിച്ചിരിച്ചു.

” നിനക്ക്  ഞാൻ  വച്ചിട്ടുണ്ടെടീ  അടക്കാക്കുരുവീ “

അവളെ  പാളിനോക്കി  അവൻ  മനസ്സിൽ  പറഞ്ഞു.

ഇലഞ്ഞിക്കൽ  ഉമാമഹേശ്വര ക്ഷേത്രത്തിന്  മുന്നിൽ  കാർ  നിർത്തി  എല്ലാവരുമിറങ്ങി. ഗീതയ്ക്ക്  പിന്നാലെ   എല്ലാവരും  മുകളിലേക്കുള്ള  കൽപ്പടികൾ  ചവിട്ടിക്കയറി . ശ്രീകോവിലിന്  മുന്നിൽ  നിൽക്കുമ്പോഴും  അജിത്തിന്റെ  കണ്ണുകൾ  അഭിരാമിയിലായിരുന്നു.  കണ്ണുകളടച്ച്   കൂപ്പിയ  കൈകൾ  നെഞ്ചോട്  ചേർത്ത്  ചുണ്ടിൽ നിറഞ്ഞ   പ്രാർത്ഥനകളുമായി  മറ്റൊരു  വിഗ്രഹം  പോലെ  അവൾ  നിന്നു.

” ഇവിടെ  വാടി  അടക്കാക്കുരുവീ… “

തൊഴുത്  വലം  വയ്ക്കുമ്പോൾ  അനുവിന്റെയും  ഗീതയുടെയും  കണ്ണുവെട്ടിച്ച്  അഭിരാമിയുടെ  കൈ  പിടിച്ച്  കുളത്തിന്റെ  കല്പടവുകളിറങ്ങുമ്പോൾ  അവൻ  പറഞ്ഞു.

” അജിത്തേട്ടാ  എന്താ  ഈ  കാണിക്കുന്നത്  ഞാൻ  തൊഴുത്  കഴിഞ്ഞില്ല.  “

പാവാടയൊതുക്കിപ്പിടിച്ച്  അവന്റെ  പിന്നാലെ  പടവുകളിറങ്ങുമ്പോൾ അവൾ  പറഞ്ഞു. 

” എന്തോന്നാടീ  ഇതിനും  മാത്രം  കിടന്ന്  പ്രാർത്ഥിക്കാൻ  മണിക്കൂറുകളായല്ലോ  നിന്ന്  പിറുപിറുക്കാൻ  തുടങ്ങിയിട്ട് ? “

” പിന്നെ  എല്ലാവരും  ഇയാളെപ്പോലെ  വായിനോക്കാനാണോ  അമ്പലത്തിൽ  വരുന്നത് .

ഇലചീന്തിലെ  തണുത്ത  ചന്ദനം  മോതിരവിരലിൽ  തൊട്ട്  അവന്റെ  നെറ്റിയിൽ  തൊട്ടുകൊണ്ട്  അവൾ  പറഞ്ഞു.

” ഞാൻ  വായിനോക്കിയാലെന്താടി  എനിക്കും  കൂടി  വേണ്ടിയുള്ളത്  എന്റെയീ  ഉണ്ടക്കണ്ണിപ്പെണ്ണ്  പ്രാർത്ഥിച്ചിട്ടില്ലേ അതുമതി  . അല്ല  എന്തായിരുന്നു  ഇത്രേം  നേരത്തെ  പ്രാർത്ഥന?  “

തനിക്കഭിമുഖമായി  നിന്ന  അവളുടെ  ഇരുതോളിലും  കൈവച്ച്  കരിയെഴുതിയ  ആ  ഉണ്ടക്കണ്ണുകളിലേക്ക്  നോക്കി  കുസൃതിചിരിയോടെ  അജിത്ത്  ചോദിച്ചു.

“അത്….  അതൊന്നുമില്ല  എല്ലാമിപ്പോ  ഇയാളോട്  പറയണോ  അല്ല  ഞാൻ  പറഞ്ഞ ഡ്രസ്സ്‌    ഇടില്ല  എന്ന്  പറഞ്ഞിട്ട്  എന്തെ  ഇട്ടത്?  “

” എന്റെ  പെണ്ണ്  ആദ്യമായി  ഒരു  കാര്യം  പറഞ്ഞിട്ട്  സാധിച്ചില്ലെന്ന്  വേണ്ട  “

അവന്റെ  ഷർട്ടിൽ  പിടിച്ചുകൊണ്ടുള്ള  അവളുടെ  ചോദ്യം  കേട്ട്  ഒരു  കള്ളചിരിയോടെ  അവൻ  പറഞ്ഞു.

” ഒത്തിരിയങ്ങ്  സുഖിപ്പിക്കല്ലേ  മോനേ  “

പറഞ്ഞുകൊണ്ട്  അവനെ  തള്ളിമാറ്റി  മുകളിലേക്ക്  കയറാൻ  തുടങ്ങിയ  അവളുടെ  ദാവണിയിൽ  പിടിച്ച്  നിർത്തി  ആ  അരക്കെട്ടിൽ  ചുറ്റിപ്പിടിച്ച്  തന്നോട്  ചേർത്തുപിടിച്ച്  അവളുടെ  നെറ്റിയിലെ  ചന്ദനക്കുറിക്ക്  മുകളിലായി  ചുണ്ടമർത്തുമ്പോൾ  അഭിരാമിയിലൂടെ ഒരു  വിറയൽ  കടന്നുപോയി.അവളുടെ  അധരങ്ങൾ  വിറച്ചു. മിഴികൾ കൂമ്പിയടഞ്ഞു.മൂക്കിൻ  തുമ്പിൽ  വിയർപ്പ്  പൊടിഞ്ഞു. 

” അജിത്തേട്ടാ  വിട്  ഇതമ്പലമാണ്  “

പെട്ടന്ന്  എന്തോ  ഓർത്തത്  പോലെ അവനെ  തള്ളി  മാറ്റി  പരിഭ്രമത്തോടെ  പറഞ്ഞുകൊണ്ട്  അവൾ  അവന്റെ  മുഖത്ത്  നോക്കാതെ  പടിക്കെട്ടുകൾ  കയറി  മുകളിലേക്ക്  നടന്നു.  പിന്നാലെ  അജിത്തും .

” മോളേ  വന്നിരിക്ക്  ലക്ഷണം  പറയാം”

കുളപ്പടവിന്  മുകളിലെ  മരത്തണലിരുന്ന വൃദ്ധയായ   കൈനോട്ടക്കാരി  സ്ത്രീ  അവളെ  നോക്കി  പറഞ്ഞു. അതുകേട്ട  അഭിരാമി  തിരിഞ്ഞ്  അജിത്തിന്റെ  കണ്ണുകളിലേക്ക്  നോക്കി.

” പോയി  നോക്ക്  നമ്മുടെ  ഭാവിയെന്താകും  എന്നറിയാല്ലോ  “

അവൻ  ചിരിയോടെ  പറഞ്ഞു. അവൾ  പതിയെ  അവർക്ക്  അഭിമുഖമായി ഇരുന്നു.  തൊട്ടടുത്തായി  അജിത്തും. അവരെ  രണ്ടാളെയും  മാറി  മാറി  നോക്കി  അവർ  ചിരിച്ചു.

” പരസ്പരം  ഒന്നാകാൻ  മനസ്സുകൊണ്ട്  തീരുമാനമെടുത്തവരാണ്  രണ്ടുപേരും  അല്ലേ ?  “

നിറ  ചിരിയോടെയുള്ള  അവരുടെ  ചോദ്യം  അജിത്തിലും  അഭിരാമിയിലും ഒരു  പുഞ്ചിരി  വിടർത്തി.

” നിങ്ങളൊന്നാവുക  തന്നെ  ചെയ്യും. ഈ  ഉമാമഹേശ്വരന്മാരെപ്പോലെ  ഒന്നായി  ഒരുപാട്  കാലം  ജീവിക്കും. പക്ഷേ… “

അവരുടെ  വാക്കുകൾ  പകുതിയിൽ  മുറിഞ്ഞപ്പോൾ  അഭിരാമിയുടെ  മുഖം മങ്ങി.  അവളുടെ  തണുത്ത  കൈവിരലുകൾ  അജിത്തിന്റെ  കൈത്തണ്ടയിൽ  മുറുകി.  ഒന്നുമില്ല  എന്ന അർഥത്തിൽ  അവൻ  ആ  കൈകളിൽ  മുറുകെപ്പിടിച്ച്  കണ്ണുകളടച്ച്  കാണിച്ചു.

” ഭയപ്പെടേണ്ട  കുട്ടി … നിങ്ങളൊന്നാവുക  തന്നെ  ചെയ്യും.  പക്ഷേ,  ഒരുപാട്  പ്രതിബന്ധങ്ങളുണ്ടാകാം  എങ്കിലും  അവസാനം  എല്ലാത്തിനെയും  തരണം  ചെയ്ത്  നിങ്ങളൊന്നിക്കുക തന്നെ  ചെയ്യും. “

അവളുടെ  ഉള്ളിലെ  ഭയം  തിരിച്ചറിഞ്ഞത്  പോലെ  അവർ  പറഞ്ഞു .

” അല്ല  അവരെന്താവും  അങ്ങനെ  പറഞ്ഞത് ?  എന്തായിരിക്കും  ആ  തടസ്സം ?  “

അജിത്തിനൊപ്പം  പുറത്തേക്ക്  നടക്കുമ്പോൾ  ആലോചനയോടെ  അഭിരാമി  ചോദിച്ചു.

” നീയതും  മനസ്സിലിട്ട്  നടക്കുവാണോ  ഇതൊക്കെ  ഓരോ  വിഡ്ഢിത്തരങ്ങളല്ലേ . ജീവിക്കാൻ  വേണ്ടി  ഓരോരുത്തരും  ഓരോ  വഴി  തിരഞ്ഞെടുക്കുന്നു. ഇതിനെ  അങ്ങനെ  കണ്ടാൽ  മതി. “

അവളെ  ആശ്വസിപ്പിക്കാനെന്ന  പോലെ  അവൻ  പറഞ്ഞു. തിരിച്ചുപോകാൻ  കാറിലിരിക്കുമ്പോഴും  അഭിരാമിയുടെ  മനസ്സിലൂടെ  അവരുടെ  വാക്കുകൾ  മിന്നിമറഞ്ഞുകൊണ്ടിരുന്നു.

” നീയിതെന്തോന്നാ  ഈ  ആലോചിച്ചു  കൂട്ടുന്നത് ?  “

ഗ്ലാസിലേക്ക്  പകർന്ന  മദ്യത്തിലേക്ക്  ഐസ്  ക്യൂബുകൾ  ഇട്ടുകൊണ്ട്  സെറ്റിയിലിരിക്കുന്ന  ഗോകുലിനെ  നോക്കി  വിവേക്  ചോദിച്ചു. 

” എനിക്കവളെ  വേണം  വിവി ….. “

വിവേകിനെ  നോക്കി  കുഴഞ്ഞ  സ്വരത്തിൽ  ഗോകുൽ  പറഞ്ഞു.

” ആരെ  ആരുടെ  കാര്യമാ  നീയീ  പറയുന്നത് ?  “

അവനഭിമുഖമായി  വന്നിരുന്ന്  ഗ്ലാസ്  അവന്റെ  കയ്യിലേക്ക്  കൊടുത്തുകൊണ്ട്  വിവേക്  വീണ്ടും  ചോദിച്ചു.

” അവൾ  അഭിരാമി … എനിക്കവളെ  വേണം  അവളെന്നെ  ഭ്രാന്ത്‌  പിടിപ്പിച്ചുകൊണ്ടിരിക്കുകയാണ് “

ഗ്ലാസ്  കാലിയാക്കി  എരിയുന്ന  സിഗരറ്റ്  ആഞ്ഞു  വലിച്ചുകൊണ്ട്  അവൻ  പറഞ്ഞു.  അപ്പോൾ  അവന്റെ  കണ്ണുകൾ  വന്യമായി  തിളങ്ങി.

” ഇത്  നീയവളോട്  പറഞ്ഞോ ?  “

” ഇല്ല .  ഞാനത്  പറഞ്ഞിട്ട്  കാര്യമില്ല . അവളുടെ  മനസ്സിൽ  മറ്റൊരാളുണ്ട്  എന്റെ  സ്നേഹം  കൊണ്ടോ  പ്രണയം  കൊണ്ടോ  പറിച്ചെറിയാൻ  കഴിയാത്ത  വിധം  അവളുള്ളിൽ  പേറുന്നവൻ. “

അത്  പറഞ്ഞുകൊണ്ടവൻ  മുഷ്ടി  ചുരുട്ടി  മുന്നിലെ  ടേബിളിൽ  ആഞ്ഞിടിച്ചു .  അവന്റെ   പല്ലുകൾ  ഞെരിഞ്ഞമർന്നു. 

” അത്  ശരി  ബുക്ക്‌ഡായിരുന്നോ ?   പിന്നെ  വിട്ട്  കള  അളിയാ  “

ഗ്ലാസ്‌  കാലിയാക്കി  ടേബിളിലേക്ക്  വച്ചുകൊണ്ട്  ചിരിയോടെ  വിവേക്  പറഞ്ഞു.

” നോ…….. ഈ  ഗോകുൽ  മേനോൻ  ആദ്യമായും  അവസാനമായും  ആഗ്രഹിച്ച  പെണ്ണാണവൾ.  അഭിരാമി.  അവളെ  എനിക്ക്  വേണം. അതിനി  എന്ത്  ചെയ്തിട്ടായാലും  ആരെ  കൊന്നിട്ടായാലും. “

അവന്റെ  പറച്ചിലും  ഭാവവും  കണ്ട്  എന്തുപറയണം  എന്നറിയാതെ  ഒരുതരം  മരവിപ്പോടെ  ഇരിക്കുകയായിരുന്നു  അപ്പോൾ  വിവേക്.

”  നിന്നെയെനിക്ക്  വേണം  അഭീ.. നിന്നെ  ഞാനാർക്കും  വിട്ട്  കൊടുക്കില്ല  “

ബോധം  മറഞ്ഞ്  അവസാനം  കണ്ണുകളടയുമ്പോഴും  അവന്റെ  ചുണ്ടുകൾ  മന്ത്രിച്ചുകൊണ്ടിരുന്നു.

”  അഭിയിലെ  പ്രത്യേകത  എന്താണെന്ന്  എനിക്കിപ്പോഴുമറിയില്ല. അവൾ  വന്നതിന്  ശേഷമാണ്  വീണ്ടും  ജീവിക്കാനുള്ള  കൊതിയൊക്കെ  വന്നുതുടങ്ങിയത്.  എല്ലാ പെണ്ണും  ഒരുപോലെ  ആണെന്ന  എന്റെ  തോന്നലിനെ  തിരുത്തിക്കുറിച്ചതവളാണ്. എന്റെ  പെണ്ണ്.  എപ്പോഴും  അവളെ  ചൂഴ്ന്ന്  നിൽക്കുന്ന  ചന്ദനമണം  എന്നെ  മത്ത്  പിടിപ്പിച്ചപ്പോഴാണ്  ഒന്നുമാലോചിക്കാതെ   കുളക്കടവിൽ  വച്ച്  അവളെ  ചേർത്തുപിടിച്ചത്.  നെഞ്ചോടു ചേർത്ത്   നെറ്റിയിൽ  ചുണ്ടമർത്തുമ്പോൾ  അവളുടെ  ചുടുനിശ്വാസം  എന്റെ  നെഞ്ചിൽ  തട്ടി. അവളുടെ  ശരീരത്തിലെ  വിറയൽ  എന്നിലേക്കും  പടരുന്നത്  ഞാനറിഞ്ഞു. “

ഓർത്തുകിടക്കുമ്പോൾ  സ്വയമറിയാതെ  ഒരു  പുഞ്ചിരി  അവന്റെ  ചുണ്ടിൽ  വിരിഞ്ഞു.

തുടരും

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗസ്ത്യ

നിൻ നിഴലായ്

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!