ഇഷ്‌കിൻ താഴ്‌വാരം part 13

5795 Views

ishkinte-thaazhvaram

ഇഷ്‌കിൻ താഴ്‌വാരം…

✍️F_B_L

PART-13

[തുടരുന്നു…]

“ഉപ്പയുടെ പേരിലുള്ള സ്ഥലം എനിക്കുതന്നെ വേണം. അവർക്ക് പണമല്ലേ ആവശ്യം. അത് ഞാൻ കൊടുക്കും”

“എങ്ങനെയാ അജൂ… വണ്ടികളൊക്കെ വിറ്റുകിട്ടിയ പണം അസിയുടെ കല്യാണത്തിന് ചിലവാക്കിയില്ലേ. ഇവിടത്തെ അക്കൗണ്ടിൽ അതിനുമാത്രമുള്ളതൊന്നും ഉണ്ടാവില്ല. മൂന്നിൽകൂടുതൽ കാണില്ല”

“അതൊന്നുമോർത്ത് ഉപ്പ പേടിക്കണ്ട. അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്”

“എങ്കിൽ എന്റെ അനിയനെ വിളിച്ച് കാര്യം പറയാം. അവനെയാവുമ്പോൾ അസിക്ക് അറിയാൻവഴിയില്ല”

“ആ അതുമതി. ഉപ്പ കൊച്ചുപ്പാനെ വിളിച്ച് കാര്യംപറ. എന്നിട്ട് കൊച്ചുപ്പ സമ്മതിച്ചാൽ നാളെ കാലത്ത് പതിനൊന്നുമണിക്ക് വീട്ടിലേക്ക് വരാൻ പറ”

“അജൂ… കയ്യിലൊന്നുമില്ലെങ്കിൽ വേണ്ടാത്ത പണിക്ക് നിക്കല്ലേട്ടാ നീ”

“ഉപ്പ അതോർത്ത് ടെൻഷനാവണ്ട. കൊച്ചുപ്പയെ വിളിച്ച് കാര്യം പറ”

മജീദ്ക്ക അജൂന്റെ മുന്നിൽവെച്ച്തന്നെ അദ്ദേഹത്തിന്റെ അനിയനെവിളിച്ച് കാര്യംപറഞ്ഞു.

“അജൂ അവന് സമ്മതമാണ്. അവൻ നാളെ വീട്ടിലേക്ക് വരാമെന്ന് ഏറ്റിട്ടുണ്ട്” എന്ന് മജീദ്ക്ക പറഞ്ഞു.

വൈകുന്നേരം കോളേജും കഴിഞ്ഞ് പുറത്തിറങ്ങിയതും ബസ്റ്റോപ്പിനടുത്ത് നാഥനില്ലാതെ കിടക്കുന്ന അജൂന്റെ കാറ് ഷാന കണ്ടു. അവളുടെ ചുണ്ടിലൊരു പുഞ്ചിരിയും വിരിഞ്ഞു.
അതുകണ്ട കൂടെയുണ്ടായിരുന്ന കൂട്ടുകാരി
“എന്തുപറ്റി ഷാനമോളെ, റിയാസിനെ കണ്ടിട്ടാണോ നീ ചിരിക്കുന്നത്…?” കൂട്ടുകാരി ചോദിച്ചു.

“വേറെ പണിയില്ല, നീ വാ… നിനക്ക് ഞാനൊരാളെ കാണിച്ചുതരാം” ഷാന ആ കൂട്ടുകാരിയുടെ കൈപിടിച്ച് അജൂന്റെ കാറിനടുത്ത് ചെന്നുനിന്നു.

“ഈ കാറ് കാണിച്ചുതരാണോ നീയെന്നെ കൊണ്ടുവന്നത്…?” കൂട്ടുകാരി ഷാനയോട് ചോദിച്ചു.

“നീയൊന്ന് സമാധാനിക്ക് അച്ചു. ആളിപ്പോ വരും” ഷാന ബാഗിൽനിന്ന് ഫോണെടുത്ത് അജുവിനെ വിളിച്ചു.
“ഇക്കയിതെവിടെയാ… ഞാൻ കാറിനടുത്തുണ്ട്”

“ആണോ എങ്കിൽ കാറിൽ കേറിയിരിക്ക്. ഞാനിപ്പോവരാം” എന്ന് പറഞ്ഞതും ഫോൺ കട്ടായി. ഒപ്പം കാറിന്റെ ലോക്ക് തുറന്ന ശബ്ദവും കേട്ടു.

ഷാന അശ്വതി എന്ന അച്ചു എന്നുവിളിപ്പേരുള്ള കൂട്ടുകാരിക്കൊപ്പം കാറിൽ കയറിയിരുന്നു.

“ഷാനാ… ഇത് ആരുടെ വണ്ടിയാ… നിന്റെ അജുക്കയുടെ വണ്ടിയാണോ…?” അച്ചു ചോദിച്ചു.

“അതേ… ഇക്കയുടെ വണ്ടിയാ”

“എന്നിട്ട് മൂപ്പരെവിടെ…?”

“ഇവിടെ എവിടെയോ ഉണ്ട്. അല്ല ദേ വരുന്നു ഇക്ക” കാറിലിരുന്ന് ഷാന പുറത്തേക്ക് കൈചൂണ്ടി.

“ഏത് ആ മുണ്ടുടുത്ത് കയ്യിൽ ഫോണും പിടിച്ച് വരുന്ന ആളാണോ…?”

ഷാന മൂളിയതും

“ആള് മൊഞ്ചനാണല്ലോ മോളെ, നല്ല അടിപൊളി ലുക്ക്”

“അച്ചൂസേ… കണ്ണുവെക്കാതെ”

അപ്പോഴേക്കും അജു ഡോറിനടുത്തെത്തിയിരുന്നു.

കാറിലേക്ക് കയറിയതും പിന്നിലേക്ക് നോക്കാതെ
“നീയെന്താ പുറകിൽ, വന്ന് മുന്നിലിരിക്ക് ഷാനാ” എന്നവൻ പറഞ്ഞതും
“ഞാൻ മാത്രമല്ല പുറകിൽ. എന്റെ കൂട്ടുകാരിയുമുണ്ട്” എന്ന് ഷാന മറുപടി പറഞ്ഞു.

“ഞാൻ ബസ്സിൽ പൊക്കോളാം. അല്ലെങ്കിലെ നിങ്ങൾക്കിടയിൽ കട്ടുറുമ്പ് ഉണ്ടായിരുന്നതാണ്. പുതിയൊരു കാട്ടുറുമ്പാവാൻ ഞാനില്ലേ…” അച്ചു കാറിൽനിന്നിറങ്ങി.

“ഇനി ഇങ്ങോട്ടിരിക്ക്”

അജുപറഞ്ഞതും ഷാന മുൻസീറ്റിലേക്ക് മാറിയിരുന്നു.

കാറ് സ്റ്റാർട്ട് ചെയ്ത അജു
“ഇനി ഉമ്മാക്ക് വിളിച്ചുപറ നീ എന്റെകൂടെ ഉണ്ടെന്ന്”

“ഇക്കാ അത് വേണോ… എനിക്ക് നല്ല ചീത്തകേൾക്കും”

അജു ഷാനയുടെ കയ്യിൽനിന്നും അവളുടെ ഫോൺവാങ്ങി ഷാനയുടെ ഉമ്മയെ വിളിച്ചു.
“ഉമ്മാ… ഞാനാ അജു. ഷാന എന്റെകൂടെയുണ്ട്. കോളേജിന് മുൻപിൽനിന്ന് കിട്ടിയതാണ്” അജു ഷാനയുടെ ഉമ്മയോട് പറഞ്ഞു.

“വൈകാതെ വായോ രണ്ടുപേരും. ആൾകാർ കണ്ടാൽ പലതും പറയും”
ഉമ്മ ഒരു മുന്നറീപ്പ് നൽകി.

“ആ ശെരി ഉമ്മാ…” അജു ഫോൺ വെച്ചു.

പതിയെ കാറ് മുന്നോട്ടുനീങ്ങി.
“ആദ്യമായിട്ടല്ലേ ഷാനാ നമ്മൾ മാത്രമായി ഒരു യാത്ര”

“ആ… എന്തായി കാര്യങ്ങൾ”

അജു കഥകളൊക്കെ ഷാനയോട് പറഞ്ഞു.

“ഇനി ഉത്രയും പണം എവിടെന്നാ”

“രണ്ട് വർഷത്തിൽ കൂടുതൽ ഗൾഫിൽ കിടന്ന് അക്കൗണ്ടന്റായി സാമ്പാധിച്ചതൊക്കെ എന്റെ ബാങ്ക്അക്കൗണ്ടിൽ കിടപ്പുണ്ട്. അത് മുഴുവൻ ഇന്നെടുത്തു”

“അത് തികയുമോ…?”

“ഇല്ല ഷാനാ… തികയില്ല”

“അപ്പൊ ഇനി എന്തുചെയ്യും…?”

“ഇനിയിപ്പോ അധികമൊന്നും വേണ്ടാ. നാലഞ്ചുലക്ഷം മതി”

“അത് എവിടെന്ന് കിട്ടും…? എന്തെങ്കിലും പ്ലാനുണ്ടോ ഇക്കാക്ക്…?”

“അസി വിൽക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമിതന്നെ പണയം വെച്ച് ബാങ്കിൽനിന്ന് ലോൺ എടുക്കണം”

“ന്റെ ഇക്കാ… വല്ലാത്ത സാധനംതന്നെ നിങ്ങൾ” ഷാന ചിരിച്ചു.

“ആ ഭൂമിയൊന്നും അങ്ങനെ കൈവിട്ടാൽ ശെരിയാവില്ല. അസിക്ക് അവിടെ ജീവിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ ഈ കളിക്ക് നിക്കില്ലായിരുന്നു. ഇത് റാഷിക്ക് ബിസിനസ് തുടങ്ങാനാ… അല്ലാ നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ…?”

“പടച്ചോനേ… വേണ്ട ഇക്കാ… വീട്ടിൽ എത്തീട്ട് കുടിക്കാം”

“അത് പറ്റില്ല. ആദ്യമായി എന്റെകൂടെ വന്നിട്ട്”

“അത് കുഴപ്പമില്ല. നമുക്ക് പിന്നീടും ആവാലോ. ഇക്കയിപ്പോ വണ്ടി വീട്ടിലേക്ക് വിട്. സമയത്തിന് കണ്ടില്ലെങ്കിൽ ഉമ്മാക്ക് ആകെ ടെൻഷനാവും”
ഷാന സമ്മതിക്കാതായപ്പോൾ അജു വണ്ടിവിട്ടു.

“അതേയ്… എന്തായി കല്യാണത്തിന്റെ ഒരുക്കങ്ങൾ…?”

“ഉപ്പ എന്താണ് പ്ലാൻ ചെയ്യുന്നതെന്ന് എനിക്കറിയില്ല. അധികം ആരെയും വിളിക്കാതെ വീട്ടിൽവെച്ച് നടത്താം എന്നൊക്കെയാണ് പറയുന്നത്”

“മറ്റുള്ള കാര്യങ്ങളോ…?”

“ആരോടോ കുറച്ച് പൈസ ചോദിച്ചിട്ടുണ്ട്. അത് കിട്ടിയാൽ സ്വർണവും ഡ്രെസ്സുമൊക്കെ എടുക്കും”

“പൊന്നിടാൻ നികക്ക് അത്രക്ക് കൊതിയുണ്ടോ…?”

“ഇല്ലക്കാ… ആവശ്യത്തിനുള്ളത് മതി. എന്തിനാ വെറുതെ ഒരുപാട് വാരിവലിച്ച് ഇട്ടിട്ട്. ഞാൻ പറഞ്ഞതാണ് പലപ്രവശ്യം ഒന്നും വേണ്ടാന്ന്. പക്ഷെ ഉപ്പ സമ്മതിക്കണ്ടേ… ഒറ്റമോളല്ലേ”

സംസാരിച്ച് ഇരുവരും ലക്ഷ്യസ്ഥാനത്തെത്തി.

“കയറുന്നില്ലേ…”

“ഇല്ല… ചെന്നിട്ട് കുറച്ച് പരിപാടിയുണ്ട്”
എന്ന് അജു പറഞ്ഞപ്പോഴേക്കും ഷാനയുടെ ഉമ്മ പുറത്തെത്തി
“വാ അജൂ…”

ഉമ്മയും വിളിച്ചപ്പോൾ അവൻ കാറിൽനിന്നിറങ്ങി ആ വീട്ടിലേക്ക് കയറി.
കുറച്ചുനേരം ഉമ്മയോട് വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നപ്പോഴേക്കും ഷാന ചായയുമായെത്തി.
അതും വാങ്ങിക്കൂടിച്ച് അജു വീട്ടിലേക്ക് യാത്രതിരിച്ചു.

“ഷാനാ നിങ്ങളുടെ നിക്കാഹ് കഴിഞ്ഞിട്ടില്ല എന്നത് ഓർമ്മവേണം നിങ്ങൾക്ക്. മുൻപൊക്കെ അസി കൂടെയുള്ള ധൈര്യത്തിലാണ് ഞാൻ നിന്നെ അവരുടെകൂടെ വീട്ടിരുന്നത്. ഇതിപ്പോ നിങ്ങൾ മാത്രം…” ഉമ്മ ഷാനയോട് കുറച്ച് ദേഷ്യത്തിൽ പറഞ്ഞു.

“ന്റെ ഉമ്മൂസേ… കോളേജ് കഴിഞ്ഞ് ബസ്റ്റോപ്പിൽ നിൽകുമ്പോഴാണ് ഇക്കാവന്നത്. വിളിച്ചപ്പോൾ കൂടെപോന്നു. ഇക്ക ഉമ്മയെവിളിച്ച് പറഞ്ഞപ്പോൾ ഉമ്മാക്ക് പറയാമായിരുന്നില്ലേ വേണ്ടാന്ന്. ഉമ്മ സമ്മതിച്ചപ്പോഴല്ലേ ഞങ്ങൾ ഒരുമിച്ച് പോന്നത്. എന്നിട്ടിപ്പോ എന്നെ കുറ്റപ്പെടുത്തുകയാണോ” ഷാന പരിഭവിച്ചു.

“അതുപിന്നെ അജു വിളിച്ചുപറഞ്ഞപ്പോ എനിക്ക് എതിർക്കാൻ തോന്നിയില്ല”

“എന്റെ ഉമ്മാ… ഇനി ഇങ്ങനെ പോവില്ല. അത് പോരെ ഉമ്മാക്ക്”

“അജൂന്റെ കൂടെ പോവുന്നതുകൊണ്ടോ വരുന്നതുകൊണ്ടോ ഉമ്മാക്ക് ഒരു കഴപ്പവുമില്ല. പക്ഷെ എല്ലാം കാണുന്ന നാട്ടുകാരുണ്ട്. അവരുടെ വായടക്കാൻ നമുക്ക് കഴിയില്ലല്ലോ മോളെ”

“ഇത്രയുംകാലം ആരുമൊന്നും പറഞ്ഞില്ലല്ലോ ഉമ്മാ… ഇനി ഞങ്ങളായിട്ട് പറയിപ്പിക്കുകയുമില്ല. ഉമ്മ സമാധാനിക്ക്” ഷാന അവളുടെ ജോലികൾ തുടർന്നു.

വീട്ടിൽ തിരിച്ചെത്തിയ അജു റാഷിയെ വിളിച്ചു.

“അളിയാ എന്തായി” ഫോണെടുത്ത ഉടനെ റാഷി ചോദിച്ചു.

“ഒരുലക്ഷം കൂടുതൽ തരാമെന്ന് ഏറ്റിട്ടുണ്ട്”

“എങ്കിൽ നാളെത്തന്നെ വരാൻ പറ ആളോട്”

“അത് പറഞ്ഞിട്ടുണ്ട്. പതിനൊന്ന് മണിക്ക് ആളിവിടെവരും. പിന്നെ മുപ്പത് ഇപ്പൊത്തരും. ബാക്കി അഞ്ച് ഒരാഴ്ച സമയമെടുക്കും”

“അത് കുഴപ്പമില്ല അളിയാ. എന്തായാലും അയാളോട് കയ്യിലുള്ള പണവുമായി നാളെ വരാൻ പറ”

“അസി എന്ത്യേ…” എന്ന് അജു ചോദിച്ചപ്പോഴേക്കും ആ ഫോൺ കട്ടായിരുന്നു.
അജു ഒരു പുഞ്ചിരിയോടെ ഫോൺ ടേബിളിലേക്ക് വെച്ചു.

അടുത്ത ദിവസം…
മജീദ്ക്ക പറഞ്ഞതനുസരിച്ച് മജീദ്ക്കയുടെ അനിയൻ മുഹമ്മദ്‌ക്ക അജൂന്റെ വീട്ടിലെത്തി.
അയാൾക്കുപുറകെ അസിയും റാഷിയുമെത്തി.

“അജുവിനോട് മുൻപൊരിക്കൽ ഈ സ്ഥലം ഞാൻ ചോദിച്ചതാണ്. അന്ന് ഇവൻ താല്പര്യം കാണിച്ചില്ല. ഇപ്പൊ വീണ്ടും അജു വിളിച്ചപ്പോൾ സത്യംപറഞ്ഞാൽ ഒരുപാട് സന്തോഷം തോന്നി” മുഹമ്മദ്‌ക്ക റാഷിയോട് പറഞ്ഞു.

“അപ്പൊ ആ പണം അങ്ങോട്ട് കൊടുത്തേക്ക്” അജു മുഹമ്മദ്‌ക്കയോട് പറഞ്ഞപ്പോൾ

“അപ്പൊ സ്ഥലം കാണണ്ടെ” എന്ന് റാഷി ചോദിച്ചു.

“അതിന്റെ ആവശ്യമിന്നുമില്ല. ഇതുവഴി പോകുമ്പോഴും വരുമ്പോഴുമൊക്കെ ഈ സ്ഥലത്ത് എന്റെ കണ്ണുപതിക്കാറുണ്ട്” മുഹമ്മദ്ക്ക ഇരിപ്പിടത്തിൽനിന്ന് എഴുനേറ്റ് ബാഗിൽനിന്ന് പണമെടുത്ത് റാഷിക്കുനേരെ നീട്ടി.

“അസീ നീ വാങ്ങ്” റാഷി അസിയോട് പറഞ്ഞു.

“വേണ്ട ഇക്കതന്നെ വാങ്ങിയാമതി” എന്ന് അസി.

റാഷി എഴുനേറ്റ് മുഹമ്മദ്‌ക്ക നീട്ടിയ പണംവാങ്ങി എഗ്രിമെന്റ് ഒപ്പുവെച്ചു.

പണം കയ്യിലായപ്പോൾ റാഷിയുടെ കണ്ണിലുണ്ടായ തിളക്കം അജു കണ്ടു.
“എന്നാലിനി ഞങ്ങളിറങ്ങട്ടെ അളിയാ… പിന്നെ കാര്യങ്ങളൊക്കെ പെട്ടെന്ന് റെഡിയാവുകയാണെങ്കിൽ അടുത്തമാസം ആദ്യത്തിൽ ഞങ്ങൾ ദുബായിലേക്ക് പോവും” എന്ന് റാഷി പറഞ്ഞപ്പോൾ ഞെട്ടിയത് അജു ആയിരുന്നു.
കേട്ടത് വിശ്വസിക്കാൻ അജുവിനായില്ല.
അജു അസിയെ നോക്കി.

“ആ ഇക്കാ… ദുബായിലാണ് ബിസിനസ് തുടങ്ങുന്നത്. അപ്പൊ ഞങ്ങൾ അവിടേക്ക് മാറും. നബീൽക്കയും സഹലാത്തയും ഉണ്ടാവും കൂടെ” അസി പറഞ്ഞു.

എല്ലാം കേട്ട് അജു ഒന്നുമൂളിയതല്ലാതെ മറുതൊന്നും പറഞ്ഞില്ല.
എന്തെങ്കിലും പറയാൻ അജുവിന് പേടിയായിരുന്നു.
ഒരിക്കൽക്കൂടി അജു എതിർത്താൽ, അസി കാണിക്കുന്ന ഇപ്പോഴുള്ള അടുപ്പംപോലും നഷ്ടമാകുമോ എന്നവൻ ഭയന്നു.

“എങ്കിൽ ഞങ്ങളെങ്ങോട്ട്…” റാഷി ചോദിച്ചു.

“ഓ ആയ്കോട്ടെ” അജു പറഞ്ഞു.

റാഷിയും അസിയും ആ പടിയിറങ്ങി.

“എങ്കിൽ ഞാനുമങ്ങോട്ട് ഇറങ്ങട്ടെ അജു… കടയിൽ പോകാനുള്ളതാണ്”
മുഹമ്മദ്ക്കയും മടങ്ങി.

അജു കാറുമെടുത്ത് മില്ലിലേക്കും.

അന്ന് നാലുമണിവരെ അജു മില്ലിൽത്തന്നെ ആയിരുന്നു.

ഇനിയിപ്പോ “അസി”ക്കുവേണ്ടി ജീവിക്കേണ്ടതില്ല എന്ന് അവനുംതോന്നി. അസിയുടെ കാര്യങ്ങൾ നോക്കാൻ റാഷിയുണ്ടെന്നും, അസിക്ക് തന്നേക്കാൾ വലുത് റാഷിയാണെന്നും അജുവിന് മനസ്സിലായി. അല്ലങ്കിൽ അജൂന്റെ കല്യാണത്തിന്റെ ഏതാനും ദിവസങ്ങൾക്കുമുൻപ് ദുബായിലേക്ക് പോകാൻ അസി തയ്യാറാവില്ലായിരുന്നു.

അവിടന്നങ്ങോട്ട് അജുവിന്റെ ജീവിതരീതി ചെറുതായൊന്നുമാറി.
സുബ്ഹിക്ക് എഴുനേറ്റാൽ പിന്നെ ഉറങ്ങില്ല.
ബസ്സിലെ ജീവനക്കാർക്കൊപ്പം ബസ്സുകൾ വൃത്തിയാക്കലുമൊക്കെയായി ബസ്സ് റോഡിലിറങ്ങുന്നതുവരെ അവർക്കൊപ്പമായിരിക്കും.
അതുകഴിഞ്ഞാൽ വീട്ടിലേക്ക് മടങ്ങിവന്ന് കാലത്തേക്കുള്ള ഭക്ഷണമൊരുക്കും. അതും കഴിഞ്ഞാൽ എല്ലാവരും എത്തുന്നമുൻപ് മില്ലിലെത്തും.
അഞ്ചുമണിവരെ മില്ലിലായിരിക്കും.
അവിടെന്നിറങ്ങിയാൽ നേരെ കളിക്കളത്തിലേക്ക്.

പണ്ടെപ്പോഴോ അഴിച്ചുവെച്ച ബൂട്ടുമണിഞ്ഞ് ഇരുട്ടുവീഴുന്നവരെ അവിടെ കളിയാണ്.
കളികഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കുംഴേക്കും കാലത്ത് റോഡിലേക്കിറങ്ങിയ ബസ്സുകൾ ഓരോന്നായി വരും. അതിന്റെ കണക്കുളെല്ലാം എഴുതുവെച്ച് എട്ടുമണിയോടെ വീട്ടിലേക്ക്.
പിന്നെ കുളിയൊക്കെ തീർത്ത് നേരെ അടുക്കളയിൽ.
അടുക്കളയിൽ പണിയിലാരിക്കുമ്പോഴോ അല്ലങ്കിൽ അതിന് ശേഷമോ ഷാനയുടെ വിളിവരും.
അജുവിന്റെയോ ഷാനയുടെ കണ്ണിലേക്ക് ഉറക്കമെത്തുന്നതുവരെ അവരുടെ ഫോൺവിളി തുടരും.

അങ്ങനെ ഒരു ഞായറാഴ്ചയെത്തി.
പതിവില്ലാതെ സുബ്ഹി നമസ്കാരത്തിനായി പള്ളിയിൽപോയതും പള്ളിയിലെ ഉസ്താദ്
“അപ്പൊ ഈവഴി മറന്നിട്ടില്ല അല്ലെ അജ്മലെ” ഉസ്താദ് ആയിരുന്നു.

“മറന്നിട്ടല്ല… അനിയത്തിയെ തനിച്ചാക്കി വരാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാണ്” അജു മറുപടി പറഞ്ഞ് നിസ്കാരം ആരംഭിച്ചു.
മരണപ്പെട്ടുപോയ ഉപ്പക്കും ഉമ്മാക്കും, പിന്നെ അവനിൽനിന്ന് അകന്നുപോയ അസിക്ക് നല്ലൊരുജീവിധത്തിന് വേണ്ടിയും പടച്ചവനോട് പ്രാർത്ഥിച്ച് അജു പള്ളിവിട്ട് സൂര്യനുദിക്കുന്ന മുൻപ് ഉമ്മയുടെ വീട്ടിലേക്ക് പോവുകയാണ്.
എല്ലാ ഞായറാഴ്ചകളും ഇത് പതിവുള്ളതാണ്.

അങ്ങനെ അജു അവന്റെ ഉമ്മയുടെ വീട്ടിലെത്തി.

മാമന്മാർ രണ്ടുപേരും കൃഷിക്കാരാണ്.
കുറച്ച് പശുക്കളുമുണ്ട്.
അതുകൊണ്ട് കാലത്തുതന്നെ അബു മാമനെയും ബഷീർ മാമനെയും മുറ്റത്ത് കാണാൻ കഴിഞ്ഞു.

“നിന്നെ കാണാതായപ്പോ ഇന്ന് വരില്ലെന്നാ കരുതിയത്. എന്തേ വൈകി” അബുമാമൻ ചോദിച്ചു.

“വരുന്നവഴി കാറൊന്ന് പഞ്ചറായി”

“സുഹറാ… അജു എത്തി. നീയവന് ചായയെടുക്ക്” ബഷീർമാമൻ അകത്തേക്കുനോക്കി ഭാര്യയോടായി പറഞ്ഞ്
“നീ കയറിരിക്ക് അജൂ… ഞങ്ങളിപ്പോ വരാം”

അജു വീടിനകത്ത് കയറി നേരെ അടുക്കളയിലേക്ക് നടന്നു

രണ്ട് മാമിമാരും നല്ല പണിയിലാണ്.
“മാമീസെ… എവിടെ നിങ്ങളുടെ തരുണീമണികൾ”

“ആദിലയും ബിൻസിയുമാണോ അജൂ”
വല്യമാമിയായ ഫാത്തിമാത്ത ചോദിച്ചു.

“അല്ലാതെപ്പിന്നെ ആര്” അജു ചിരിച്ചു.

“രണ്ടെണ്ണവും കെട്ടിപ്പിടിച്ച് ഉറങ്ങുന്നുണ്ടാവും” ചെറിയമാമി സുഹറാത്ത പറഞ്ഞു.
“മോനീ ചായ കുടിക്ക്”

അജു ചെറിയ മാമിയുടെ കയ്യിൽനിന്നും ചായയും വാങ്ങി മുകളിലേക്കുള്ള കോണിപ്പടി പതിയെ കയറി. അടുക്കളയിൽനിന്ന് ചെറിയൊരു വടിയെടുക്കാൻ അവൻ മറന്നില്ല.

മുകളിലെത്തി ആദ്യത്തെ റൂം തുറക്കാൻ നോക്കിയപ്പോൾ അത് ലോക്ക്.
അവൻ അടുത്ത റൂമിന്റെ വാതിൽ പതിയെ തുറന്നു.
മാമി പറഞ്ഞപോലെ രണ്ടാളും കെട്ടിപ്പിടിച്ച് നല്ല ഉറക്കമാണ്.

പുതപ്പിനുമുകളിലൂടെ അജു ദിലൂനൊരു അടികൊടുത്തതും അവൾ ഞെട്ടിയെണീറ്റു. അടികൊള്ളുന്ന മുൻപ് ബിൻസിയും.

“പടച്ചോനേ… അജുക്ക വന്നാ” അടികിട്ടിയ ഭാഗത്ത് തടവിക്കൊണ്ട് ദിലു ചോദിച്ചു.

“ഇങ്ങനെ കിടന്നുറങ്ങിയാൽ ആരൊക്കെ എപ്പോഴൊക്കെ വന്നെന്ന് അറിയില്ല”

“ഇന്ന് ഞായറാഴ്ചയല്ലേ ഇക്കാ… അതുകൊണ്ടാ”

“രണ്ടും റെഡിയായി വായോ. ഞാൻ ഇനി ആദിയെ എണീപ്പിക്കട്ടെ” അജു റൂമിൽനിന്ന് പുറത്തിറങ്ങാൻ നിന്നപ്പൊത്തന്നെ ബിൻസി വീണ്ടും കിടന്നു. അതുകണ്ട് വടിയുമായി ബിൻസിക്കും ഒരണ്ണം അജു കൊടുത്തു.

“ന്റെ അജുക്കാ… എന്തിനാ മനുഷ്യാ ഇത്രനേരത്തെ വരുന്നേ… നല്ലപോലെ നേരംവെളുത്തിട്ട് വന്നാപോരെ. ബാക്കിയുള്ളവരുടെ ഉറക്കം കളയാനായിട്ട് കുരങ്ങൻ” ബിൻസി പറഞ്ഞു.

കയ്യിലിരുന്ന ചായ ഊതിക്കുടിച്ച്
“വരും… ഇനി ഇതിലും നേരത്തെ വരാൻ ശ്രമിക്കാം” അജു ചിരിച്ചുകൊണ്ട് പുറത്തിറങ്ങി ആദിയുടെ റൂമിന്റെ വാതിലിൽ തട്ടി.
“ടാ ആദീ… മതിയെടാ ഉറങ്ങിയത്. എണീറ്റ് പുറത്തേക്ക് വാ”

കണ്ണുംതിരുമ്മി ആദി വാതിൽതുറന്നു.

അജു നേരെ അവന്റെ റൂമിനകത്തേക്ക്കയറി ആദിയുടെ ബെഡിലേക്ക് കിടന്നു.
“നീപോയി പല്ലുതേച്ചിട്ട് വാ. നമുക്കിന്ന് കുളത്തിൽ കുളിക്കാം”

“ഈ രാവിലെതന്നെ കുളത്തിലോ…?” ആദി ചോദിച്ചു.

“ആടാ പൊട്ടാ… ഈ രാവിലെതന്നെ കുളിക്കണം. അതും നീന്തിക്കുളിക്കണം”

“എന്റെ പൊന്നിക്കാ… ഇക്ക നീന്തിക്കുളിക്കെ തലകുത്തിമറിയെ എന്താണെന്നുവെച്ചാ ചെയ്യ്. ആ തണുത്തവെള്ളത്തിൽ മുങ്ങിക്കുളിക്കാൻ എനിക്ക് പറ്റില്ല”

“ശെരി. നീ കമ്പനിക്ക് വായോ. ഞാൻ കുളിച്ചോളാം”

ആദി റെഡിയായി അജുവിനോടൊപ്പം തറവാട്ടുപറമ്പിലെ ഒരു മൂലയിലുള്ള ആ കുളത്തിനരികിലേക്ക് നടന്നു.

അപ്പോഴേക്കും പുറകിൽനിന്ന് ബിൻസി വിളിച്ചു.
“ഏയ്‌ ഇക്കാക്കാസ്… ഞങ്ങളുമുണ്ട്”

“വാ…” അജു പറഞ്ഞു.

“ദേ പെണ്ണുങ്ങളെ… പഴയ കാലമൊന്നുമല്ല. പണ്ടത്തെപ്പോലെ നീരാടാനാണ് പോക്കെങ്കിൽ വേണ്ടാട്ടാ” ബിൻസിയുടെ ഉമ്മ സുഹറാത്ത പറഞ്ഞു.

“ഇല്ല ഉമ്മാ… വെറുതെ പോകുന്നതാ” ബിൻസി പറഞ്ഞ് മുന്നോട്ടുനടന്നു.

ദിലുവും ബിൻസിയും എത്തിയപ്പോഴേക്കും അജു കുളത്തിന്റെ അക്കരെ നിൽക്കുന്നതാണ്.
ആദി കരയിലൊരു കല്ലിൽ ഇരുന്ന് കാലും വെള്ളത്തിലിട്ട് ഇരിക്കുന്നു.

“എടാ വാടാ ആദി. ഒറ്റക്ക് ഒരു സുഖല്ല. നീയും വായോ” അജു ആദിയെ വിളിച്ചു.

“ഇക്കാക്ക് പ്രാന്തായതിന് ഞാൻ എന്തുചെയ്യാനാ. ഇക്ക ഒറ്റക്ക് ആഘോഷിക്ക്”

“ആദിക്കക്ക് ഇപ്പോഴും തലവഴി വെള്ളംവീഴുന്നത് അലർജിയാണല്ലേ…” ദിലു ചോദിച്ചു.

അപ്പോഴേക്കും അക്കരെനിന്ന് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ച് അജു വെള്ളത്തിലേക്ക് മുങ്ങി.

“ഈ കാലുമാത്രം വെള്ളത്തിലിട്ട് ഇരുന്നിട്ടുതന്നെ ഇതിലെ തണുപ്പ് സഹിക്കുന്നില്ല. അപ്പൊ മുങ്ങിയാലുള്ള അവസ്ഥ ആലോചിച്ച് നോക്ക്. തണുത്ത് മരവിച്ച് ഒരുവിധമാകും. പിന്നെ അജുക്ക ഇപ്പൊ നീന്തിക്കുളിക്കുന്നത് മൂപ്പർക്ക് ഒരു ആഗ്രഹം തോന്നീട്ടാ. അല്ലാതെ ആവശ്യം ഉണ്ടായിട്ടല്ല” എന്ന് ആദി പറഞ്ഞതും
“അജുക്കാ…” എന്നൊരു വിളിയുമായി ആദി വെള്ളത്തിൽ.

സെക്കന്റുകൾക്കൊടുവിൽ കുളത്തിന് നടുക്ക് ആദിയും അജുവും ഒരുമിച്ച് പൊന്തി.

“തണുപ്പുണ്ടോ ആദി” ചിരിച്ചുകൊണ്ട് അജു ചോദിച്ചു.

ഇതൊക്കെക്കണ്ട് ചിരിയടക്കാനാവാതെ ദിലുവും ബിൻസിയും കരയിലിരിക്കുന്നുണ്ടായിരുന്നു.
ഈ സമയത്താണ് അജുവിന്റെ ഫോണടിച്ചത്.
ബിൻസി അജുവിന്റെ ഫോൺ കയ്യിലെടുത്ത് സ്ക്രീനിലേക്ക് നോക്കി.

“ഷാന” എന്ന് കണ്ടതും
“താത്താ… ബാബിയാണ്” ബിൻസി ദിലൂനോട് പറഞ്ഞു.

“കട്ടാവുന്നമുൻപ് നീ ആ ഫോണെടുക്ക്” ദിലു പതിയെ പറഞ്ഞു.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

മനമറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply