Skip to content

നിനക്കായ്‌ – Part 14

ninakkai-novel

നിനക്കായ്‌  ( 14 )

അഭിരാമിയെ  വിട്ടിട്ട്  ഓഫീസിലെത്തിയിട്ടും  അജിത്തിന്റെ  ഉള്ളിൽ  അവൾ  പറഞ്ഞ  കാര്യങ്ങൾ  തന്നെയായിരുന്നു.  ആലോചിച്ചാലോചിച്ച്  അവന്  തലക്ക്  ഭ്രാന്ത്‌  പിടിക്കുന്നത്  പോലെ  തോന്നി.  മനുവിനും  തനിക്കുമിടയിൽ  ഒരു  രഹസ്യങ്ങളുമില്ലെന്ന്  കരുതിയിട്ട്  അവന്റെ  ഉള്ളിൽ  തന്റെ  പെങ്ങളായിരുന്നു  എന്ന  അറിവ്  അവനെ  വീണ്ടും  അമ്പരപ്പിച്ചു. ആലോചിച്ചിരിക്കുമ്പോഴാണ്  പെട്ടന്ന്  പുറത്ത്  നിന്നും  മനു  കയറി  വന്നത്.  എന്തുകൊണ്ടോ  പരസ്പരം  കണ്ടിട്ടും  അവർക്ക്  തമ്മിൽ  തമ്മിൽ  ഒന്ന്  ചിരിക്കാൻ  പോലും  കഴിഞ്ഞില്ല. മനു  ഒന്നും  മിണ്ടാതെ  കള്ളം  കണ്ടുപിടിക്കപ്പെട്ട  കുട്ടിയെപ്പോലെ  തല  കുനിച്ച്  അജിത്തിന്റെ  മുന്നിലായി  വന്ന്  നിന്നു.

” അഭി  നിന്നോടെല്ലാം  പറഞ്ഞു  അല്ലേ ?  “

പതിഞ്ഞ  സ്വരത്തിൽ  അജിത്തിന്റെ   മുഖത്ത്  നോക്കാതെ  അവൻ  ചോദിച്ചു. അജിത്ത്  വെറുതെയൊന്ന്  മൂളുകമാത്രം  ചെയ്തു.

” എടാ  ഞാൻ  മനഃപൂർവം….. “

” നമുക്ക്  വൈകിട്ട്  സംസാരിക്കാം നീയിപ്പോ  ചെല്ല്.   “

മനുവിനെ  പൂർത്തിയാക്കാൻ  സമ്മതിക്കാതെ  അവന്  നേരെ  കയ്യുയർത്തിക്കാണിച്ചുകൊണ്ട്  അജിത്ത്  പറഞ്ഞു. മനുവിന്റെ  മുഖമൊന്ന്  വല്ലാതായെങ്കിലും ഒന്നുകൂടി  തിരിഞ്ഞു  നോക്കി  അവൻ  പെട്ടന്ന്  തന്റെ  ക്യാബിനിലേക്ക്  നടന്നു.

സീറ്റിൽ  വന്നിരുന്നിട്ടും  അജിത്തിന്റെ  ഭാവം  അവനെ  വല്ലാതെ  വേദനിപ്പിച്ചുകൊണ്ടിരുന്നു.

ആ  ദിവസം  മുഴുവൻ  തമ്മിൽ  കണ്ടെങ്കിലും  പരസ്പരം  അധികം  സംസാരങ്ങളൊന്നുമില്ലാതെ  കടന്ന്  പോയി.

വൈകുന്നേരം  മനുവിനും  മുന്നേ  അജിത്ത്  ഓഫീസിൽ  നിന്നും  പുറത്തേക്ക്  ഇറങ്ങി.  പുറത്ത്  പാർക്കിങ്ങിൽ  വന്ന്  തന്റെ  ബൈക്കിൽ  കയറിയിരുന്ന്  അവൻ  അഭിരാമിയുടെ  നമ്പർ  ഡയൽ  ചെയ്തു.

” ഇത്രവേഗമിങ്ങെത്തിയോ?  “

മറുവശത്ത്  നിന്നും  അവൻ  പുറത്ത്  എത്തിയെന്ന്  കരുതി  അഭിരാമിയുടെ  ചോദ്യം  വന്നു.

” ഞാനിന്ന്  ലേറ്റാകും  നീ  ബസ്സിൽ  വീട്ടിലേക്ക്  പൊയ്ക്കോ  “

അവളുടെ  ചോദ്യത്തിന്  മറുപടി  കൊടുക്കാതെ  അജിത്ത്  പറഞ്ഞു.  മറുപടി  കേൾക്കാൻ  നിൽക്കാതെ  അവൻ  പെട്ടന്ന്  ഫോൺ  കട്ട്‌  ചെയ്തു.  

” കേറ് … “

പുറത്തേക്ക്  വന്ന  മനുവിന്റെ  മുന്നിൽ  ബൈക്ക്  കൊണ്ട്  നിർത്തി  അജിത്ത്  പറഞ്ഞു.  അവന്റെ  മുഖത്തേക്ക്  ഒന്ന്  നോക്കി  ഒന്നും  മിണ്ടാതെ  മനു  പിന്നിൽ  കയറി.  ട്രാഫിക്കിനെ  കീറി മുറിച്ചുകൊണ്ട്  ബൈക്ക്  ചീറിപ്പാഞ്ഞു.

” നമുക്ക്  കുറച്ചുനേരം  ഇവിടിരിക്കാം  “

ബീച്ച്  റോഡിന്റെ  സൈഡിൽ  ബൈക്ക്  നിർത്തിക്കൊണ്ട്  പിന്നിലേക്ക്  നോക്കി    അജിത്ത്  പറഞ്ഞു. 

” എടാ  കൂട്ടുകാരന്റെ  പെങ്ങളെ  പെങ്ങളായി  കാണേണ്ടതാണ്.  പക്ഷേ ,   എപ്പോഴോ  അവളെ  ഞാൻ  സ്നേഹിച്ചുപോയി.  അവളോടുള്ള  സ്നേഹത്തിന്  മുന്നിൽ  ഞാനൊരു  ക്രിസ്ത്യാനിയും  അവളൊരു  ഹിന്ദുവുമാണെന്നത്  പോലും  ഞാൻ  മറന്നുപോയി.  പക്ഷേ ,  അനു  അവളൊരു  തെറ്റും  ചെയ്തിട്ടില്ല.  അവളൊരിക്കലും  എന്നെ  സ്നേഹിച്ചിട്ടില്ല.  ഞാനാണ്  അവളെ  സ്നേഹിച്ചതും  പിന്നാലെ  നടന്നതും  എല്ലാം. അതിന്  നീ  തരുന്ന  എന്ത്  ശിക്ഷയും  ഞാനേറ്റോളാം.  “

ആർത്തലക്കുന്ന  കടലിലേക്ക്  നോക്കി  നിന്ന്  ശാന്തമായ  സ്വരത്തിൽ  മനു  പറഞ്ഞു. എല്ലാം  കേട്ട്  നിന്ന  അജിത്തിന്റെ  ചുണ്ടിലൊരു  പുഞ്ചിരി  വിരിഞ്ഞു.

” എടാ  നീയെന്തോന്നാ  വിചാരിച്ചത്  പെങ്ങടെ  കാമുകനെ  സിനിമസ്റ്റൈലിൽ  കൊണ്ടുവന്ന്  കടലിൽ  തള്ളിയിടാൻ  വന്ന  സൈക്കോആങ്ങളയാണ് ഞാനെന്നോ ?  “

അവനെ  നോക്കി  പൊട്ടിച്ചിരിച്ചുകൊണ്ട്  അജിത്ത്  ചോദിച്ചു. ഒന്നും  മനസ്സിലാവാതെ  അമ്പരന്ന്  അവനെത്തന്നെ  നോക്കി  നിൽക്കുവായിരുന്നു  അപ്പോൾ  അജിത്ത്.

” എടാ  നീയവളെ  പ്രേമിച്ചതിന്  നിന്നോട്  പ്രതികാരം  ചെയ്യാൻ  കൊണ്ടുവന്നതൊന്നുമല്ല  ഞാൻ.  അവളെയേൽപ്പിച്ച്  കൊടുക്കാൻ  നിന്നോളം  യോഗ്യതയുള്ള  ആരെയും  എനിക്ക്  കണ്ടുപിടിക്കാൻ  കഴിയില്ലളിയാ.  പിന്നെ  നീ  പറഞ്ഞില്ലേ  എല്ലാതെറ്റും  നീയാ  ചെയ്തേ  അവളൊരിക്കലും  നിന്നെ  സ്നേഹിച്ചിട്ടില്ലെന്ന്.  അത്  നിന്റെ  തോന്നലാണ്.  നിനക്ക്  വേണ്ടി  അവൾ  ജീവൻ  കളയും . നിന്നെയോർത്ത്  മാത്രാടാ  എന്റനൂന്റെ  ഹൃദയം  തുടിക്കുന്നത്  പോലും.  മോഹിച്ചിട്ട്‌  നഷ്ടപ്പെടുമെന്ന  ഭയമാണ്  അത്  പ്രകടിപ്പിക്കുന്നതിൽ  നിന്നും  അവളെ  പിന്തിരിപ്പിച്ചത്. “

അജിത്ത്  പറഞ്ഞുനിർത്തുമ്പോൾ  കേട്ടതൊന്നും  വിശ്വസിക്കാൻ  കഴിയാതെ  അമ്പരന്ന്  നിൽക്കുകയായിരുന്നു  മനു.

” നീ  പേടിക്കണ്ടഡാ  നിങ്ങൾക്ക്  പിരിയേണ്ടി  വരില്ല. അതിന്  ഏതറ്റം  വരെ  പോകേണ്ടി  വന്നാലും  ഞാനുണ്ട്  കൂടെ  “

ചിരിയോടെ  അവനെ  കെട്ടിപിടിച്ചുകൊണ്ട്  അജിത്ത്  പറഞ്ഞു. തിരികെ  അവനെ  കെട്ടിപിടിക്കുമ്പോൾ  മനുവിന്റെ  കണ്ണുകളിൽ  നനവ്  പടർന്നിരുന്നു.

” അപ്പൊ  എന്റെ  വീട്ടിലെ  കാര്യം  ഞാനേറ്റു.  നിന്റപ്പൻ  മുളങ്കുന്നത്ത്  സക്കറിയായെ  നീ  മെരുക്കണം.  “

” അക്കാര്യം  ഞാനേറ്റു  “

പറഞ്ഞുകൊണ്ട്  ബൈക്കിലേക്ക്  കയറുമ്പോൾ  അവരുടെ  രണ്ടുപേരുടെയും  ചുണ്ടുകളിൽ  നിറഞ്ഞ  പുഞ്ചിരിയായിരുന്നു.

മനുവിനെ  വീട്ടിൽ  വിട്ട്  അജിത്ത്  പാലക്കലെത്തുമ്പോൾ  സമയം  ഒൻപത്  കഴിഞ്ഞിരുന്നു.

” അവിടെ  നിക്ക്  “

മുകളിലേക്ക്  കയറിവന്ന  അവന്റെ  കോളറിൽ  പിടിച്ച്  വലിച്ച്  ഇരുളിലേക്ക്  മാറ്റിക്കൊണ്ട്   അഭിരാമി  പറഞ്ഞു.

” എന്തോന്നാ  പെണ്ണേ  മനുഷ്യനെ  പേടിപ്പിക്കുന്നത് ?  “

പിന്നിലെ  ഭിത്തിയിലേക്ക്  ചാരി  നിന്നുകൊണ്ട്  അജിത്ത്  ചോദിച്ചു.

” അല്ല  എന്നെ  കൂട്ടാതെ  എങ്ങോട്ടാ  ഓടിപ്പോയത് ?  ഊതിക്കേ  “

അവന്റെ  മുഖത്തിന്  നേരെ  നിന്ന്  മൂക്ക്  വിടർത്തിക്കൊണ്ട്  അവൾ  പറഞ്ഞു.

” എടീ  ഞാൻ  കള്ള്  കുടിക്കാനൊന്നും  പോയതല്ല.  മനുവിന്റെ  കൂടെ  പോയതാ .  “

” എന്നാ  തീർച്ചയായും  ഊതണം.  ഉറപ്പായിട്ടും  ചർച്ച  ബാറിലായിരുന്നു  കാണും.  എനിക്കജിത്തേട്ടനെ  വിശ്വാസമില്ല  “

അവന്റെ  കണ്ണിലേക്ക്  തുറിച്ച്  നോക്കിക്കൊണ്ട്  അവൾ  പറഞ്ഞു. 

” ഓഹോ  എന്നാപ്പിന്നെ  ആ  സംശയമങ്ങ്  തീർത്തുകളയാം. “

അവളെ  ചുറ്റിപ്പിടിച്ച്  ഭിത്തിയിലേക്ക്  ചാരി  നിർത്തി  അവൾക്കഭിമുഖമായി  നിന്ന്  മീശ  പിരിച്ചുകൊണ്ട്  അവൻ  പറഞ്ഞു.

” എന്ത്  ചെയ്യാൻ  പോവാ  “

തന്നോടടുക്കുന്ന  അവന്റെ  കണ്ണുകളിലേക്ക്  നോക്കി  വിറയ്ക്കുന്ന  ശബ്ദത്തിൽ  അവൾ  ചോദിച്ചു.

” നിനക്ക്  സംശയം  മാറ്റണ്ടേ ?  “

ചൂണ്ടുവിരൽ  കൊണ്ട്  ചുണ്ട്  തടവിക്കൊണ്ട്  ചിരിയോടെ  അവൻ  ചോദിച്ചു.

” അതുപിന്നെ  ഞാൻ…. “

പറഞ്ഞ്  മുഴുമിപ്പിക്കും  മുന്നേ  തന്റെ  ചുണ്ടുകൾ  കൊണ്ട്  അവനവളുടെ  നനുത്ത  അധരങ്ങളെ  ബന്ധിച്ചുകഴിഞ്ഞിരുന്നു.

അവളുടെ  മിഴികൾ   വിടർന്നു. കയ്യിലെ   കൂർത്ത  നഖങ്ങൾ  അവന്റെ  പുറത്താഴ്ന്നു. പതിയെ  ആ  ഉണ്ടക്കണ്ണുകൾ  കൂമ്പിയടഞ്ഞു.അവന്റെ  കൈകൾ  അവളുടെ  അരക്കെട്ടിനെ  ചുറ്റിവരിഞ്ഞു.  നിമിഷങ്ങൾക്ക്  ശേഷം  ശ്വാസം  കിട്ടാതെ  അവനെ  തള്ളി  മാറ്റുമ്പോൾ  അഭിരാമിയുടെ  മുഖം  ചുവന്ന്  കണ്ണുകൾ  നനഞ്ഞിരുന്നു. അവനിൽ  നിന്നുമകന്ന്  അൽപ്പനേരം  ഭിത്തിയിൽ  ചാരി  നിന്ന് പാറിപറന്ന  മുടിയിഴകളൊതുക്കി   അവന്റെ  മുഖത്ത്  നോക്കാതെ  അവൾ  വേഗം  താഴേക്ക്  നടന്നു.

” അച്ഛനെവിടമ്മേ ?  “

കാലത്ത്  അടുക്കളയിലേക്ക്  വന്നുകൊണ്ട്  എന്തോ  ചെയ്തുകൊണ്ടിരുന്ന  ഗീതയോടായി  അജിത്ത്  ചോദിച്ചു.

” അച്ഛൻ  പറമ്പിലോട്ടിറങ്ങി . അല്ല  ഇന്ന്  ഞായറാഴ്ചയായിട്ട്  നീയെന്താ കാലത്തേ  എണീറ്റത് ?  “

അവന്  നേരെ  തിരിഞ്ഞുകൊണ്ട്  അവർ  ചോദിച്ചു.

” ഓഹ്  ഒന്നുല്ലമ്മേ  ഞാനും  പറമ്പിലൊക്കെയൊന്ന്  നടന്നിട്ട്  വരാം  “

പറഞ്ഞുകൊണ്ട്  അവൻ  പതിയെ  മുറ്റത്തേക്കിറങ്ങി.

” എടാ  നിനക്ക്  ചായ  വേണ്ടേ ?  “

” വന്നിട്ട്  മതിയമ്മേ  “

ഗീതയുടെ  ചോദ്യത്തിന്  മറുപടിയായി  പറഞ്ഞുകൊണ്ട്  അവൻ  മുന്നോട്ട്  നടന്നു. പറമ്പിലേക്കിറങ്ങുമ്പോഴേ  കണ്ടു  ചേനയ്ക്ക്  തടമെടുത്തുകൊണ്ടിരിക്കുന്ന  അരവിന്ദനെ .

” എന്താടോ  പതിവില്ലാതെ  പറമ്പിലേക്കൊക്കെ ?  “

അടുത്തേക്ക്  വരുന്ന  അജിത്തിനെ  കണ്ട്  ചിരിയോടെ  അയാൾ  ചോദിച്ചു. അവൻ  വെറുതെ  ഒന്ന്  ചിരിക്കുക  മാത്രം  ചെയ്തു.

” അല്ലച്ഛാ  ഞാനാചിക്കുവായിരുന്നു  ഇന്നത്തെ  കാലത്തും  ഈ  ജാതിയും  മതവുമൊക്കെ  ഉണ്ടല്ലോന്ന്. “

അയാളെയൊന്ന്  പാളി  നോക്കി  അവൻ  പതിയെ  പറഞ്ഞു.

”  എന്താടോ  വല്ല  ഉമ്മച്ചിക്കുട്ടിയേം  നോക്കി  വച്ചിട്ടുണ്ടോ ?  “

കയ്യിലിരുന്ന  മൺവെട്ടി  തറയിൽ  കുത്തിവച്ചിട്ട്‌  അവനെ  നോക്കി  ചിരിയോടെ  അയാൾ  ചോദിച്ചു.

” ഉണ്ടെങ്കിലോ ?  ” അജിത്ത്.

” ഉണ്ടേൽ  നോക്കിയിരിക്കാതെ  ഇങ്ങ്  വിളിച്ചോണ്ട്  പോരെടാ  “

പൊട്ടിച്ചിരിച്ചുകൊണ്ട്  അരവിന്ദൻ  പറഞ്ഞു.  അത്  കേട്ട്  അജിത്തിന്റെ   കണ്ണുകൾ  പുറത്തേക്ക്  തള്ളി.

” അല്ല  നമ്മുടനൂനാണ്  അങ്ങനൊരഫയറെങ്കിലും  ഇതേ  സ്റ്റാൻഡ്  തന്നെ  നിക്കണം.  അല്ലാതെ  മകളുടെ  കാര്യം  വരുമ്പോൾ  കാല്  മാറരുത്  “

”  കാല്  മാറാൻ  എനിക്ക്  വേറെയൊരു  ജോഡി  കാലുകൂടി  അകത്തിരുപ്പുണ്ടോ ?  എന്റെ  മക്കളുടെ  കാര്യത്തിൽ  എനിക്ക്  ആണെന്നോ  പെണ്ണെന്നോ  ഒരു  വ്യത്യാസവുമില്ല.  മൂന്നുപേരും  എനിക്കൊരുപോലേയുള്ളൂ.  നീ  സ്നേഹിച്ച  പെണ്ണിനെ  മനസ്സ്  കൊണ്ട്  സ്വീകരിച്ചവരല്ലേ  ഞാനും  നിന്റമ്മയും.  അതുപോലേയുള്ളു  അവളും.  ന്യായമായിട്ടുള്ള   അവളുടെ  ഇഷ്ടങ്ങളും  ഞങ്ങളങ്ങീകരിക്കുക  തന്നെ  ചെയ്യും . ജാതിയും  മതവുമൊന്നുമല്ല  ഞാൻ  നോക്കുന്നത്. എന്റെ  മോളേ  പട്ടിണിക്കിടാതെ  നോക്കാൻ  കഴിയുന്നവനാണെങ്കിൽ  അവളെ  കൈപിടിച്ച്  കൊടുക്കാൻ  എനിക്കൊരു  വിരോധവുമില്ല.”

അജിത്തിന്റെ  മുഖത്തും  മനസിലും  ആശ്വാസം  പടർന്നു. ഒന്ന്  ചിരിച്ചിട്ട്  അവൻ  പതിയെ  തിരിഞ്ഞ്  നടക്കാനൊരുങ്ങി.

” എന്താടാ  ആരാ  ആള് ?  “

പെട്ടന്ന്  അവന്റെ  കയ്യിൽ  പിടിച്ചുനിർത്തിക്കൊണ്ട്  അരവിന്ദൻ  ചോദിച്ചു.

” അതുപിന്നെ  അച്ഛാ  നമ്മുടെ  മനു…  “

അവൻ  അയാളുടെ  മുഖത്ത്  നോക്കാതെ  വിക്കി വിക്കി  പറഞ്ഞു.

” മനുവോ  “

അവന്റെ  മുഖത്തേക്ക്  നോക്കി  അയാൾ  ചോദിച്ചു.  ” മ്മ്മ്  ” അവനൊന്ന്  മൂളി. അൽപ്പനേരം  എന്തോ  ആലോചിച്ച്  നിന്ന  ശേഷം  അരവിന്ദന്റെ  ചുണ്ടിലൊരു  പുഞ്ചിരി  തെളിഞ്ഞു.

” അനൂനെ  അവന്റെ  കയ്യിലേൽപ്പിക്കുന്നതിൽ  എനിക്കൊരെതിർപ്പുമില്ല.  അവന്റെ  കയ്യിലവൾ  ഏറ്റവും സുരക്ഷിതയായിരിക്കും.  നിന്നെയും  അജയ്യേം പോലെ  തന്നെയാണ്  എനിക്കവനും. ജാതിയും  മതവുമൊന്നും  എനിക്കൊരു  പ്രശ്നമല്ല.  പക്ഷേ…. “

വാക്കുകൾ  പാതിയിൽ  നിർത്തി  ആശങ്കയോടെ  അയാൾ  അജിത്തിന്റെ  മുഖത്തേക്ക്  നോക്കി.  ഇനിയെന്താണെന്ന  അർത്ഥത്തിൽ  അവൻ  ആ  മിഴികളിലേക്കുറ്റുനോക്കി.

” പേര്  കേട്ട  ക്രിസ്ത്യാനിത്തറവാടാണ്  മുളങ്കുന്നത്ത് .  അവിടുത്തെ  സക്കറിയായുടെ  ഒരേയൊരു  മകൻ   ഒരു  ഹിന്ദുപെൺകുട്ടിയുടെ  കൈപിടിക്കാൻ  അവര്  സമ്മതിക്കുമോ?  “

ആത്മഗതം  പോലെ  അരവിന്ദൻ  പറഞ്ഞു.  ആ  കടമ്പയെങ്ങനെ  കടക്കുമെന്നത്  തന്നെയായിരുന്നു  അപ്പോൾ  അജിത്തിന്റെ  മനസിലെ  ചോദ്യവും.

” ഡീ  സംശയരോഗി  ഇന്നെന്താ  സംശയമൊന്നുമില്ലേ?  “

പറമ്പിൽ  നിന്നും  വന്ന്  ചായയുമെടുത്ത്  മുകളിലേക്കുള്ള  പടികൾ  കയറുമ്പോൾ  താഴേക്ക്  വരികയായിരുന്ന  അഭിരാമിയെ  നോക്കി  ഒരു  കള്ളച്ചിരിയോടെ  അജിത്ത്  ചോദിച്ചു.

” ഇമ്മാതിരി  വൃത്തികെട്ടവന്മാരോടൊന്നും  എനിക്കൊന്നും  പറയാനില്ല. ഹും  “

അവന്റെ  മുഖത്തേക്ക്  നോക്കി  ചുണ്ട്  വക്രിച്ച്  പറഞ്ഞുകൊണ്ട്  അവൾ  പറഞ്ഞു.

” ഹാ  നിനക്കല്ലാരുന്നോ  സംശയം  എന്നിട്ടിപ്പോ  അത്  ദൂരീകരിച്ച  ഞാൻ  വൃത്തികെട്ടവനായോ ?  “

അവളുടെ  തുടുത്ത  അധരങ്ങളിലൂടെ  വിരലോടിച്ച്  കണ്ണിറുക്കി  ചിരിച്ചുകൊണ്ട്  അജിത്ത്  ചോദിച്ചു.

” അങ്ങോട്ട്  മാറ്.  കാലത്തേ  കൊഞ്ചാൻ  വന്നേക്കുന്നു . “

അവനെ  തള്ളിമാറ്റി  താഴേക്ക്  നടക്കുമ്പോൾ  അവൾ  പിറു പിറുത്തു. ഒരു  പുഞ്ചിരിയോടെ  അവളുടെ  പോക്ക്  നോക്കി  നിന്ന  അജിത്ത്  പതിയെ  മുറിയിലേക്ക്  നടന്നു.

” തലവേദന  കുറവില്ലേ  മോളേ ?  “

ഊണ്  മുറിയിലേക്ക്  വരുമ്പോൾ  എന്തോ  ആലോചിച്ചിരുന്ന  അനുവിന്റെ  തലമുടിയിൽ  തലോടിക്കൊണ്ട്  അരവിന്ദൻ ചോദിച്ചു.

” കുറവുണ്ടച്ഛാ… “

ഒരു  വാടിയ  പുഞ്ചിരിയോടെ  അയാളുടെ  മുഖത്തേക്ക്  നോക്കിക്കൊണ്ട്  അവൾ  പറഞ്ഞു.

”  ഈ  പെണ്ണിനിതെന്താണോ  എന്തോ  പറ്റിയത്  പഴയ  കളിയും  ചിരിയുമൊന്നുമില്ല. “

അങ്ങോട്ട്  വന്ന  ഗീത  അരവിന്ദനോടായി  പറഞ്ഞു. അത്  കേട്ടതും  അനു  പതിയെ  എണീറ്റ്  മുകളിലേക്ക്  നടന്നു. അത്  നോക്കി  നിന്ന  ഗീതയുടെ  മുഖത്ത്  വീണ്ടും  വിഷാദം  പടർന്നു.

” നമ്മുടെ  മനുവിനെക്കുറിച്ച്  നിന്റഭിപ്രായമെന്താ ?  “

തന്റെ  പ്ലേറ്റിലേക്ക്  ചൂട്   ഇഡ്ഡലിയും  സാമ്പാറും  വിളമ്പിക്കൊണ്ട്  നിന്ന  ഗീതയോടായി  അരവിന്ദൻ  പെട്ടന്ന്  ചോദിച്ചു.

” നല്ല  പയ്യനല്ലേ  “

പുഞ്ചിരിയോടെ  ഗീത  പറഞ്ഞു.

” നമ്മുടനൂനെ  അവന്  വിവാഹം  കഴിച്ച്  കൊടുത്താലോ ?  “

കഴിക്കുന്നതിനിടയിൽ  അവരെ  നോക്കാതെ  തന്നെ  അയാൾ  ചോദിച്ചു.

” അരവിന്ദേട്ടനിതെന്താ  ഈ  പറയുന്നത് ?   അവനൊരു  ക്രിസ്ത്യാനിപ്പയ്യനല്ലേ  അതെങ്ങനെ  ശരിയാവും ?  “

അയാളുടെ  മുഖത്ത്  നോക്കി  അമ്പരപ്പോടെയുള്ള  അവരുടെ  ചോദ്യത്തിന്  അരവിന്ദൻ  ഒന്ന്  പുഞ്ചിരിക്കുക  മാത്രം  ചെയ്തു.

” എന്താ  ശരിയാവാത്തത്  അവന്  നമ്മുടെ  മോളേ  പൊന്നുപോലെ  നോക്കാനുള്ള  കഴിവുണ്ട്. പിന്നെ  നമ്മുടെ  മോളുടെ  സന്തോഷത്തിനപ്പുറം  എന്ത്  ജാതി  എന്ത്  മതം. അവരാഗ്രഹിക്കുന്ന  ജീവിതം  അവര്  ജീവിക്കെട്ടെഡോ.. “

ഒരു  ചെറുപുഞ്ചിരിയോടെ  അരവിന്ദനത്  പറയുമ്പോൾ  എന്താ  നടക്കാൻ  പോകുന്നതെന്ന  അങ്കലാപ്പായിരുന്നു  ഗീതയുടെ  ഉള്ള്  നിറയെ. പെട്ടന്ന്  അവരുടെ  ചിന്തകളെ  മുറിച്ചുകൊണ്ട്  പുറത്ത്  ഒരു  കാർ  വന്നുനിന്നു.  അതിൽ  നിന്നുമിറങ്ങിയ  ആളെ  കണ്ട്  പൂമുഖത്തേക്ക്  വന്ന  ഗീതയുടെ  ഉള്ളം  പെരുമ്പറ  കൊട്ടാൻ  തുടങ്ങി.

തുടരും…..

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

അഗസ്ത്യ

നിൻ നിഴലായ്

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!