Skip to content

രണ്ടാം താലി – ഭാഗം 4

randam-thaali

ധ്വനിയുടെ നെഞ്ചിടുപ്പേറി..

അയാൾക്ക് എന്തെങ്കിലും പറ്റിക്കാണുമോ..??

തെല്ലു ഭയത്തോടെ അവൾ രക്ത തുള്ളികൾ പിന്തുടർന്ന് മുന്നോട്ടു നടന്നു…..

ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും അവളുടെ നെഞ്ചിടുപ്പിന്റെ വേഗത ഏറി വന്നു….

രക്തത്തുള്ളികൾക്ക് പിന്നാലെ ഉള്ള അവളുടെ നടത്തം അവസാനിച്ചത്  കതക് പാതി ചാരിയ ഒരു മുറിയുടെ മുന്നിലായിരുന്നു..

അവൾ അൽപ്പം ഭയത്തോടെ മെല്ലെ ആ കതക് തുറന്നു  അകത്തേക്ക് നോക്കി….

അയാൾ കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്നു..

അവൾ അയാൾക്കരികിലേക്ക് ചെന്നു..

അയാളുടെ കൈ വെള്ളയിൽ നിന്നും ചെറുതായി ചോര പൊടിച്ചു താഴേക്ക് വീഴുന്നുണ്ട് ..

വേഗം തന്നെ അവൾ അയാളെ കുലുക്കി വിളിച്ചു..

“”ഹലോ മാഷേ.. ഒന്ന് എഴുന്നേറ്റേ..

മാഷേ….

ഹലോ!!

എന്റെ ദേവി അനക്കം ഇല്ലല്ലോ ആള് തട്ടിപ്പോയോ..

അവളത് പറയുമ്പോളേക്കും അയാൾ കണ്ണ് തുറന്നു അവളെ നോക്കി..

അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്..

“””ഹോ അപ്പോൾ മരിച്ചില്ലായിരുന്നോ..

മനുഷ്യൻ വെറുതെ പേടിച്ചു പോയി….

ഒരു ദീർഘനിശ്വാസത്തോടെ അവൾ പറഞ്ഞു….

അത് കേട്ട് അയാൾ അവളെ അരിശത്തോടെ ഒന്ന് നോക്കി..

“””നാശം പിടിക്കാൻ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല..

നീ ഏതാടി പെണ്ണേ…..??

പാതി മുറിഞ്ഞ ഉറക്കത്തിന്റെ ദേഷ്യം അയാളുടെ വാക്കുകളിൽ പ്രകടമായിരുന്നു….

“”ഞാൻ ആരെങ്കിലും ആവട്ടെ മാഷേ ദേ നിങ്ങളുടെ കൈ മുറിഞ്ഞു  ചോര വരുന്നുണ്ട്..

അത് കേട്ട് അയാൾ തന്റെ കൈയിലേക്ക് ഒന്ന് നോക്കി..

“”ഓ ഇത് സാരമില്ല ഗ്ലാസ് പൊട്ടി മുറിഞ്ഞത് ആണ്….

വളരെ നിസ്സാരഭാവത്തോടെ അയാൾ പറഞ്ഞു …..

“””ഓ എന്നാൽ അതൊന്ന് കെട്ടിവെക്കാൻ നോക്ക് മാഷേ..

“”ഹേയ് അതിന്റെ ആവശ്യമില്ല അതിപ്പോൾ നിന്നോളും എന്നും പറഞ്ഞയാൾ അരികിൽ ഇരുന്ന കുപ്പിയിൽ നിന്നും അൽപ്പം മദ്യം കൈയിലേ മുറിവിലേക്ക് ഒഴിച്ചു….

മദ്യം മുറിവിൽ വീഴുമ്പോൾ അയാളുടെ മുഖത്തെ വ്യത്യാസം അവൾ ശ്രദ്ധിച്ചു..

നീറ്റലിന്റെ വേദന അയാൾ കടിച്ചു പിടിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി….

“”ഓ ഇതെന്തൊരു ജന്മം എന്റെ ഈശ്വരാ..

ധ്വനി മനസ്സിൽ പറഞ്ഞു..

അത് ഒഴിച്ചു കഴിഞ്ഞതും അയാൾ കട്ടിലിൽ കിടന്നിരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരു സിഗരറ്റു എടുത്തു അയാളുടെ ചുണ്ടത്തു വെച്ചു….

“”അതേ മാഷേ ഇവിടെ നിന്ന്  വലിക്കല്ലേ..

ഒന്ന് എഴുന്നേറ്റു പുറത്തേക്ക് പോവുമോ എനിക്ക് ഇവിടൊക്കെ ഒന്ന് തൂത്തുവാരി വൃത്തിയാക്കേണ്ടത് ആണ്…..

“””നീ ഏതാടി പെണ്ണേ.. ഇവിടൊന്നും ചെയ്യണ്ട

നീ പോവാൻ നോക്ക്..

“””ആഹാ ബെസ്റ്റ് അപ്പോൾ എന്നെ ഓർമ്മയില്ലേ….

ഇന്നലെ താക്കോൽ ചോദിച്ചു വന്നതും, താക്കോൽ തന്നതും ഒക്കെ മറന്നു പോയോ..??

“””ഏത് താക്കോൽ.. എന്ത് താക്കോൽ..?

ആര് വാങ്ങി..?

“”അടിപൊളി….ഡോ മാഷേ ഇന്നലെ കുടിച്ചു നാല് കാലിൽ വന്നു ഈ തറവാടിന്റെ താക്കോൽ വാങ്ങിയത് എന്റെ തറവാട്ടിൽ നിന്നാണ് ഓർമ്മയില്ലേ..??

“”ങ്ങേ ഞാൻ വന്നു താക്കോൽ വാങ്ങിയെന്നോ.??

“”അല്ല നിങ്ങളുടെ പ്രേതം..

താക്കോൽ ഇല്ലാതെ പിന്നെ നിങ്ങൾ പൂട്ട് പൊളിച്ചാണോ അകത്തു കേറിയത്…..

അയാളുടെ സംസാരം കേട്ടു ധ്വനിക്ക് ദേഷ്യം പിടിച്ചിരുന്നു….

“””ഓ സോറി സോറി .. ഒന്നും ഓർക്കാൻ പറ്റുന്നില്ല.. ഇന്നലെ നല്ല ഫിറ്റ്‌ ആയിരുന്നു….

എന്നും പറഞ്ഞയാൾ

കട്ടിലിൽ നിന്നും എഴുന്നേറ്റു.

“””അല്ല മാഷേ.. താങ്കൾക്ക് താങ്കളുടെ കൂട്ടുകാരൻ ഉണ്ണികൃഷ്ണനെ ഓർമ്മയുണ്ടോ ആവോ..??

അൽപ്പം പരിഹാസം കലർത്തി അവൾ ചോദിച്ചു….

“”””ഡി പെണ്ണേ ഞാൻ ഇന്നലെ കുറച്ചു ഓവറായി പോയി..

ഇപ്പോൾ കെട്ട് വിട്ടപ്പോൾ ആണെങ്കിൽ ഒന്നും ഓർമ്മയിലും വരുന്നില്ല….

അതാണ് സത്യം..

പിന്നെ നീ ഇതിന്റെ പേരിൽ എന്നെ കൂടുതൽ ആക്കരുത് കേട്ടോ..

അയാളുടെ വാക്കുകളിൽ അവളോടുള്ള ദേഷ്യം പ്രകടമായിരുന്നു..

“””എന്റെ പൊന്നോ ഞാൻ ആരെയും ആക്കാൻ വരുന്നില്ല..

മാഷ് ഇപ്പോൾ തത്കാലം പുറത്തേക്ക് ഇറങ്ങാൻ നോക്ക്….

“”എന്തിന്..?? ഇവിടെ ഒന്നും ചെയ്യണ്ടെന്ന് പറഞ്ഞില്ലേ

നീ പോവാൻ നോക്ക്..

“””പിന്നെ ഇവിടെ ഒന്നും ചെയ്യണ്ട എന്ന് മാഷാണോ തീരുമാനിക്കുന്നത്..

ഇതിന്റെ ഉടമസ്ഥൻ ഉണ്ണിയേട്ടൻ ആണ് രാവിലെ എന്നെ വിളിച്ചു പറഞ്ഞു ഇതൊക്ക വൃത്തിയാക്കി ഇടണമെന്ന്..

അതുകൊണ്ട് തന്നെ ഞാൻ അത് ചെയ്തിട്ടേ  പോവു….

വാക്കുകളിൽ ഒരൽപ്പം ഗൗരവം കലർത്തിയവൾ മറുപടി പറഞ്ഞു..

അതുകേട്ടതും നീ എന്തെങ്കിലും കാണിക്ക് എന്നും പറഞ്ഞു പിറു പിറുത്തു കൊണ്ടയാൾ അരിശത്തോടെ പുറത്തേക്ക് നടന്നു ..

അയാൾ അടുത്ത് കൂടി നടന്നു പോയപ്പോൾ മദ്യത്തിന്റെയും വിയർപ്പിന്റെയും രൂക്ഷ ഗന്ധം അവളുടെ മൂക്കിൽ അടിച്ച് കേറി….

“””ഹോ എന്തൊരു നാറ്റമാണ്..

ഇവിടെ കുളവും വെള്ളവും ഒക്കെയുണ്ട്..

പറ്റൂച്ചാൽ ഒന്ന് കുളിച്ചേക്കണേ ഞങ്ങൾ അയൽവക്കത്തുള്ളവർക്കും ഇവിടെ ജീവിക്കണം…..

ചെറിയൊരു പരിഹാസ ചിരിയോടെ അവൾ നീട്ടി വിളിച്ചു പറഞ്ഞു..

അത് ഗൗനിക്കാത്ത മട്ടിൽ അയാൾ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി..

അയാൾ പോയതും നിലത്ത് വീണ രക്തം അവൾ വെള്ളം നനച്ച തുണികൊണ്ട് തൂത്തെടുത്തു….

പിന്നെ അവിടാകെ അടിച്ച് വാരി വൃത്തിയാക്കി..

അങ്ങനെ ഒരുവിധം പണികൾ ഒക്കെ തീർത്തവൾ പുറത്തേക്ക് ഇറങ്ങി….

നേരം കുറച്ചായി അയാളെ ആണെങ്കിൽ അവിടെങ്ങും കാണാനുമില്ല….

അവളുടെ കണ്ണുകൾ ചുറ്റുമൊന്നു പരതി നോക്കി..

“”ഹാ ചിലപ്പോൾ ഇനി പുറത്തേക്ക് എങ്ങാനും പോയി കാണും..

എന്നും പറഞ്ഞവൾ കാലും കൈയും കഴുകാനായി കുളത്തിലേക്ക് നടന്നു….

തറവാടിന്റെ വടക്ക് വശത്തായിട്ടാണ് കുളം..

നടന്നു കുളത്തിനടുത്ത് എത്തി..

കുളത്തിലെ വെള്ളത്തിന്‌ കടും പച്ച കലർന്ന നിറം..

കുളത്തിന്റെ നടുക്കായി കുറച്ചു ആമ്പൽ പൂക്കൾ വാടി തളർന്നു നിൽക്കുന്നു….

അങ്ങിങ്ങായി പായൽ പറ്റി പിടിച്ചിരിക്കുന്ന കൽപടവുകൾ മെല്ലെ  ഇറങ്ങുന്നതിന് ഇടയിലാണ്  അവൾ താഴത്തെ കൽപടവിൽ ഇരിക്കുന്ന അയാളുടെ വസ്ത്രം കണ്ടത്….

ചുറ്റും പാടും അവൾ കണ്ണോടിച്ചു നോക്കി..

വെള്ളത്തിന്‌ ആണെങ്കിൽ ഒരു ചലനവും ഇല്ല..

“”ഈ തുണിയും ഇവിടെ വെച്ച് ഇയാളിത് എങ്ങോട്ട് പോയി..

ഇനിയെങ്ങാനും മുങ്ങി ചത്തു കാണുമോ….

നല്ല ആഴമുള്ള കുളമാണ്..

അവൾ വേഗം തന്നെ കൽപടവ് ഇറങ്ങി താഴെ എത്തിയതും അയാൾ വെള്ളത്തിൽ നിന്നും പൊങ്ങി വന്നതും ഒരുമിച്ചായിരുന്നു..

പെട്ടെന്ന് അത് കണ്ടു അവൾ ഞെട്ടി പുറകോട്ടു ഇരുന്ന് പോയി..

“””നിങ്ങൾ എന്താടോ മനുഷ്യാ ആളെ പേടിപ്പിച്ചു കൊല്ലാൻ ഇറങ്ങിയതാണോ..?

“”നിന്നോട് ആരാടി ഇങ്ങോട്ട് വരാൻ പറഞ്ഞത്….?

“”” ജോലി കഴിഞ്ഞു ഞാനെന്റെ കാലും കൈയും ഒന്ന് കഴുകാൻ വന്നതാണ്..

സാർ നീരാടുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു….

അവളുടെ വാക്കുകളിലെ പരിഹാസം അവനെ നന്നായി ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു….

അവളെ ദേഷ്യത്തിൽ കണ്ണുകൾ തുറിച്ചൊരു നോട്ടം നോക്കിയ ശേഷം വെള്ളത്തിൽ നിന്നും കയറി പടവിൽ ഇരുന്ന മുണ്ടെടുത്തു ഉടുത്തു കൊണ്ടു ഉടുത്തിരുന്ന തോർത്ത്‌ അഴിച്ചു മാറ്റി പിഴിഞ്ഞ് തല വേഗം തുവർത്തി കൊണ്ട് അയാൾ കേറി പോയി..

അതെല്ലാം കണ്ട് അവളൊന്ന് ഊറി ചിരിച്ചു..

ദേഷ്യം പിടിച്ചുള്ള അയാളെ കാണാൻ  രസം ഉള്ളത് പോലെ അവൾക്ക് തോന്നി….

അയാൾ പോയതും കാലും കൈയും കഴുകി അവളും തറവാട്ടിലേക്ക് പോയി….

——————————————

ഉച്ച കഴിഞ്ഞു വീട്ടിലെ വീട്ടിലെ ജോലിയൊക്കെ ചെയ്തു  തീർത്തു സന്ധ്യയോടെ കുളിയും കഴിഞ്ഞു വന്നു  ഉമ്മറത്തു വിളക്ക് വെക്കലും നാമം ചൊല്ലലും ഒക്കെ കഴിഞ്ഞവൾ വന്നു ഉമ്മറ പടിയിൽ ഇരുന്നു കൊണ്ട്

മുറ്റത്തേക്ക് അവൾ നോക്കി..

രാത്രി വിടരാൻ കൊതി പൂണ്ടു നിൽക്കുന്ന നിശാ പുഷ്പങ്ങൾ..

ഇരുളിനെ പ്രണയിക്കുന്നവർ….

അവരിങ്ങനെ ഇളം കാറ്റിൽ  ആടുകയാണ്..

അവൾ ആ പൂ മൊട്ടുകളെ തന്നെ നോക്കിയിരുന്നു..

അകലെ നിന്നും മഴയുടെ ഇരുമ്മൽ ശബ്ദം കേട്ടു..

വളരെ വേഗം തന്നെ ആ മഴ അടുത്തെത്തുകയും ചെയ്തു..

ഭ്രാന്തമായ ആവേശത്തോടെ മഴ തിമിർത്തു പെയ്തു തുടങ്ങി….

മഴത്തുള്ളികൾ മണ്ണിൽ ചിതറി തെറിച്ചു വീണു കൊണ്ടിരുന്നു….

മഴയുടെ ആരവം അതി ശക്തമായി…

ആ മഴയുടെ ശക്തിയിൽ പൂ മൊട്ടുകളിൽ ചിലത് മണ്ണിലേക്ക് അടർന്നു വീണു….

നല്ലൊരു ജീവിതം സ്വപ്നം കണ്ട തന്റെ ജീവിതം പോലെ തന്നെ ആ പൂ മൊട്ടുകൾക്കും പാതി വഴിയിൽ വീണു പോവാനായിരുന്നു വിധി….

തന്റെ ജീവിതത്തെ ആ പൂ മൊട്ടുകളോട് ഉപമിക്കുമ്പോൾ

അവളുടെ ഉള്ളിലേക്ക് നോവുന്നർത്തുന്ന ഓർമ്മകൾ ഓടിയെത്തി ….

ഇതേ പോലെയുള്ള മഴയത്തു മറ്റു കുട്ടികൾ ഓടി കളിക്കുമ്പോൾ അത് കണ്ടിരിക്കാൻ വിധിക്കപ്പെട്ട കുട്ടിക്കാലം ആയിരുന്നു തന്റേത്….

എനിക്ക് പനി പിടിക്കുമോ എന്ന് മുത്തശ്ശിക്ക് പേടി….

അധികം കൂട്ടുകാരില്ലാതെ കളി ചിരികൾ കുറഞ്ഞൊരു ബാല്യം..

മറ്റുള്ള കുട്ടികൾ അച്ഛനമ്മമാരുടെ വിരൽത്തുമ്പിൽ പിടിച്ചു സ്കൂളിൽ പോവുമ്പോൾ താൻ പോയത് മുത്തശ്ശിയുടെ വിരൽ തുമ്പിൽ പിടിച്ചായിരുന്നു….

അന്നൊക്കെ അച്ഛനെയും അമ്മയെയും വേണമെന്ന് വാശിപിടിച്ചു ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്….

അന്നൊക്കെ ഓരോ കഥകൾ പറഞ്ഞു പാവം മുത്തശ്ശി എന്നെ സമാധാനിപ്പിച്ചു….

പിന്നീട് വളർന്നപ്പോൾ അച്ഛനും അമ്മയും ഇല്ലാത്തവൾ എന്നുള്ള ചില സഹപാഠികളുടെ കളിയാക്കലുകൾ വല്ലാത്ത മുറിവാണ് എന്റെ ഹൃദയത്തിൽ ഉണ്ടാക്കിയത്..

ഇന്നും ഉറങ്ങാത്ത മുറിവ്..

പലപ്പോഴും അച്ഛന്റെയും അമ്മയുടെയും സ്നേഹം ഞാൻ കൊതിച്ചിട്ടുണ്ട്..

പക്ഷേ അതൊക്കെ ആഗ്രഹിക്കാനും സ്വപ്നം കാണാനും വിധിക്കപ്പെട്ട ജന്മം ആണെന്റെ എന്നെനിക്ക് പിന്നീട് മനസ്സിലായി..

പക്ഷേ ഇന്നിപ്പോൾ അവരുണ്ടായിരുന്നു എങ്കിലെന്ന് വെറുതെ മോഹിച്ചു പോവുന്നു..

ധ്വനിയുടെ മിഴികളിൽ നിന്നും മിഴിനീർ പൊടിഞ്ഞു….

നോവ് പൊള്ളിക്കുന്ന

ഓർമ്മകൾ പിന്നെയും അവളെ വേട്ടയാടി…

അച്ഛനും അമ്മയും അടക്കം തന്നെ പ്രണയം നടിച്ചു വഞ്ചിച്ച കാമുകൻ വരെ അവളുടെ നോവുന്ന

ഓർമ്മകളിൽ നിറഞ്ഞു….

അവളുടെ ചങ്ക് പിടഞ്ഞു….

ഹൃദയം കീറി മുറിക്കുന്ന പോലെ….

മഴക്കൊപ്പം അവളും കണ്ണീർ പൊഴിച്ചു കൊണ്ടിരുന്നു …..

കവിൾത്തടങ്ങളിലൂടെ ചാലു കീറി പുഴ പോലെ ഒഴുകിയ കണ്ണീർ തുള്ളികൾ താഴേക്ക് വീണു കൊണ്ടിരുന്നു..

പെട്ടെന്ന് ആണ് ആരോ എന്തോ പിറു പിറുക്കുന്ന ശബ്ദം കേട്ടത്….

കണ്ണുനീർ തുടച്ചവൾ

അങ്ങോട്ടേക്ക് നോക്കിയപ്പോൾ കണ്ടത്

ഉണ്ണിയേട്ടന്റെ എഴുത്തുകാരൻ ഫ്രണ്ട് കുടിച്ചു ആടിയാടി വരുന്നത് ആണ്….

അയാൾ വാഴൂർ തറവാട്ടിലേക്ക് നടന്നു പോവുകയാണ്….

മഴയത്ത് മുഴുവൻ നനഞ്ഞു കുളിച്ചാണ് ആളുടെ നടപ്പ്…

“‘ഇയാൾ എന്തൊരു മനുഷ്യൻ ആണ്.. ഏത് സമയവും മൂക്കറ്റം കുടിച്ചു നടക്കുന്നു..

ഇയാൾക്ക് ചോദിക്കാനും പറയാനും ഒന്നും ആരുമില്ലേ..

കുടുംബംഒന്നും കാണില്ലേ…

അതോ ഇനി ഇയാളുടെ ഈ കുടി കാരണം അവരെല്ലാം കൂടെ ഓടിച്ചു വിട്ടതാവുമോ..??

ധ്വനിയുടെ ഉള്ളിൽ നൂറായിരം ചോദ്യങ്ങൾ ഉയർന്നു വന്നു..

മഴ നനഞ്ഞു കൊണ്ടവൻ വാഴൂർ തറവാടിന്റെ ഉമ്മറത്തേക്ക് കേറി ചാരു കസേരയിൽ ഒറ്റ ഇരുപ്പായിരുന്നു..

അതും കണ്ടു കൊണ്ട് ഇരിക്കുമ്പോൾ ആണ് മുത്തശ്ശി അവളെ വിളിച്ചു അകത്തു കയറ്റിയത്….

വെള്ളിയാഴ്ച തൃസന്ധ്യക്ക് ഒന്നും ഇങ്ങനെ പുറത്തിറങ്ങി ഇരിക്കാൻ പാടില്ലാത്രെ..

വല്ല യക്ഷിയോ ഗന്ധർവ്വനോ കണ്ടാൽ നമുക്ക് പണികിട്ടുമത്രേ..

മുത്തശ്ശി പറഞ്ഞുള്ള അറിവാണ്..

അന്ധവിശ്വാസം ആവാം..

എങ്കിലും മുത്തശ്ശിയെ എതിർത്തു ഞാൻ ഒന്നും പറയാറും ചെയ്യാറുമില്ല..

അതുകൊണ്ട് തന്നെ മുത്തശ്ശി വിളിച്ചതും ഞാൻ എഴുന്നേറ്റു ചെന്നു..

കുറച്ചു സമയം ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു.അതിനിടയിൽ അയാളെ കുറിച്ചും സംസാരിച്ചു..

പിന്നെ രാത്രിയോടെ ഞങ്ങൾ ഭക്ഷണം കഴിച്ചു കിടന്നു….

രാത്രി ഏറെ വൈകി കാണും ആരോ കതകിൽ തട്ടി വിളിക്കുന്നത്  പോലെ തോന്നി ഞാൻ ഞെട്ടി ഉണർന്നു..

“”മുത്തശ്ശി എഴുന്നേറ്റേ..ആരോ നമ്മുടെ കതകിൽ മുട്ടുന്നുണ്ട്..

വെപ്രാളത്തോടെ അവൾ മുത്തശ്ശിയെ വിളിച്ചെഴുന്നേൽപ്പിച്ചു..

“””എന്താ കുട്ട്യേ എന്താ..

“”ആരോ കതകിൽ മുട്ടുന്നു..

“””ആര്..?

ഈ പാതിരാത്രിക്ക് ആര് മുട്ടാൻ ആണ്..

എന്തായാലും നീ വാ നമുക്ക് നോക്കാം എന്നും പറഞ്ഞു മുത്തശ്ശി എഴുന്നേറ്റു കതകിനടുത്തേക്ക് നടന്നു പിന്നാലെ ധ്വനിയും..

കതകിൽ പിന്നെയും മുട്ടുകേട്ടു..

“”ആരാത്..

മുത്തശ്ശി ഒരൽപ്പം ഗൗരവത്തോടെ ചോദിച്ചു..

“”” വാതിൽ തുറക്ക് ഇത് ഞങ്ങളാണ്..

“””ഞങ്ങളോ ഏത് ഞങ്ങൾ..??

“”അതൊക്കെ പറയാം നിങ്ങൾ വാതിൽ തുറക്ക്..

“””ഇല്ല.. ആരായാലും കാര്യം പറ എന്നിട്ട് ആവാം വാതിൽ തുറക്കുന്നത്..

“””ധ്വനി നീയൊന്നു വാതിൽ തുറക്ക്.. എത്ര കാശ് വേണമെങ്കിലും  തരാം..

ഒന്ന് തുറക്കടി പെണ്ണേ….

അവരുടെ വാക്കുകൾ കേട്ടതും ഞാനൊന്ന് ഞെട്ടി..

മുത്തശ്ശി എന്നെയൊന്നു നോക്കി..

എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..

അത് കണ്ടതും മുത്തശ്ശി ഒരു കൂസലും ഇല്ലാതെ അടുക്കളയിലേക്ക് പോയി വാക്കത്തിയുമായി തിരികെ വന്നു..

“”ഇന്നാ മോളെ ഇതും പിടിച്ചു നീ പോയി വാതിൽ തുറക്ക്..

എന്നും പറഞ്ഞു മുത്തശ്ശി എന്റെ നേർക്ക് വാക്കത്തി നീട്ടി..

“”അയ്യോ വേണ്ട മുത്തശ്ശി വാതിൽ തുറക്കേണ്ട.. എനിക്ക് പേടിയാവുന്നുണ്ട്..

“”എന്റെ കുട്ട്യേ നീ ഇങ്ങനെ പേടിച്ചാൽ എങ്ങനെ ആണ് മുന്നോട്ട് ജീവിക്കുക….

ഇപ്പോഴേ ഇവനെ പോലെ ഉള്ളവന്മാർക്ക് മറുപടി കൊടുത്തില്ലെങ്കിൽ ഇതുപോലെ പല അവന്മാരും പിന്നെ വരാൻ തുടങ്ങും….

നമുക്ക് പിന്നെ സമാധാനമായി ഒരു രാത്രി പോലും ഉറങ്ങാൻ പറ്റില്ല….

മോള് ധൈര്യമായി ചെന്ന് വാതിൽ തുറന്നു നല്ല നാല് വർത്തമാനം പറ..

മുത്തശ്ശി അല്ലേ കൂടെ ഉള്ളത് പിന്നെന്തിനാ പേടിക്കുന്നത്..??

ഇനി ഈ മുറ്റത്ത്‌ കാല് കുത്താൻ അവന്മാർ പേടിക്കണം..

എന്നും പറഞ്ഞു മുത്തശ്ശി എന്റെ കൈയിലേക്ക് വാക്കത്തി വെച്ചു തന്നു..

“”ധ്വനി..ഡി വാതിൽ തുറക്ക്.. ആരെങ്കിലും വരും മുൻപ് തുറക്കെടി..

ചോരയും നീരുമുള്ള ആണുങ്ങൾ ആണെടി ഞങ്ങളും….

വാതിൽ മുട്ടുന്നതിനിടയിൽ ആരോ പറഞ്ഞു..

അതും കൂടി കേട്ടപ്പോൾ മനസ്സാകെ പതറി പോയി..

ഒരുതരം ദേഷ്യവും സങ്കടവും കലർന്ന വികാരം മനസ്സിൽ വന്നു നിറഞ്ഞു..

മുത്തശ്ശി പറഞ്ഞത് ശെരിയാണ് പേടിക്കാൻ പോയാൽ ജീവിക്കാൻ ആവില്ല അതുകൊണ്ട് വാതിൽ തുറന്നു നാല് പറയുന്നത് തന്നെ ആണ് ശെരി..

ധ്വനിയുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു..

പിന്നെ ഒന്നും നോക്കിയില്ല മുത്തശ്ശി ഉള്ള ധൈര്യത്തിൽ അവൾ വാതിൽ തുറന്നു..

നാട്ടിലെ രണ്ടു താന്തോന്നികൾ ആയിരുന്നു അവിടെ നിന്നത്..

മദ്യത്തിന്റെ ലഹരിയിൽ ആയിരുന്നു അവരുടെ നിൽപ്പ്..

“”നിനക്കൊക്കെ എന്താടാ വേണ്ടത്..?

ദേഷ്യം അവളുടെ വാക്കുകളിൽ കലർന്നിരുന്നു..

അവളുടെ ആ വാക്കുകൾക്ക് വല്ലാത്ത ഒരു മൂർച്ചയുണ്ടായിരുന്നു..

“””ഞങ്ങൾക്ക് നിന്നെയാണ് വേണ്ടത്..

അതും ഈ ഒരു രാത്രിയിലേക്ക് മാത്രം മതി..

“”പ്ഫ.. പോയി നിന്റെ വീട്ടിൽ ഉള്ളവരോട് പറയടാ പട്ടികളെ….

“””ഓ നീയെന്താടി  വല്യ ശീലാവതി ചമയുന്നത്..??

കല്യാണം എന്നും  പറഞ്ഞു നീ നാട്ടുകാരെ പറ്റിച്ചു അഴിഞ്ഞാടിയതൊക്കെ ഞങ്ങൾക്ക് അറിയാം..

അതുകൊണ്ട് പുണ്യാളത്തി ആവാതെ ഞങ്ങൾക്കും കൂടെ ഒരവസരം താ മോളെ..

അത് പറയുമ്പോൾ അവരുടെ മുഖത്ത് പുച്ഛം കലർന്ന ചിരി ഉണ്ടായിരുന്നു….

അത് കേട്ടതും ധ്വനിയുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു..

“””എന്താടി നീ ഞങ്ങൾക്കൊന്നും തരില്ലേ..

അതോ കാശുള്ളവർക്ക് മാത്രമേ കൊടുക്കത്തൊള്ളോ ..??

അവരുടെ വാക്കുകളിലെ പരിഹാസം അവളെ കുത്തി നോവിച്ചു കൊണ്ടിരുന്നു..

“”നിർത്തെടാ ചെറ്റകളെ നീയൊക്കെ എന്താ വിചാരിച്ചത്.. നട്ടപാതിരക്ക് ആൺ തുണയില്ലാത്ത വീട്ടിൽ വന്നു പെണ്ണുങ്ങളോട് എന്തും ആവാമെന്നോ..??

അതോ നീയൊക്കെ വന്നു മുട്ടിയാൽ ഉടനെ നിന്നെ ഒക്കെ വിളിച്ചു അകത്തു കേറ്റി സൽക്കരിക്കുമെന്നോ..

അങ്ങനെ ഉള്ളവളുമാരെയെ നീയൊക്കെ കണ്ടിട്ടുണ്ടാവൂ..

ഇത് ധ്വനിയാണ്..

നിന്റെ ഒന്നും അഭ്യാസം ഇവിടെ ചെലവാക്കില്ല….

ക്ഷമക്കും ഒരു പരിധി ഉണ്ട്..

പാതിരാത്രി ഇരുളിന്റെ മറപറ്റി ചെറ്റപൊക്കാൻ ഇറങ്ങിയേക്കുന്നു ആണും പെണ്ണും കെട്ടവന്മാർ..

ഇനിയും നീയൊക്കെ ഇവിടെ നിന്നാൽ എന്റെ വാക്കത്തി ആവും നിനക്കൊക്കെ ഉള്ള മറുപടി പറയുക എന്നും പറഞ്ഞവൾ അവർക്ക് നേരെ വാക്കത്തി വീശി..

അതോടെ ഭയന്ന് അവർ പുറകോട്ടു മാറി..

പിന്നെ ഉമ്മറത്തു നിന്നും മുറ്റത്തേക്ക് ഇറങ്ങി നിന്നു….

“”ഡി നീ വല്യ ആളൊന്നും ആവേണ്ട നിന്നെ ഞങ്ങൾ എടുത്തോളാം എന്നും പറഞ്ഞവർ ഭീഷണി മുഴക്കി പോയി….

തന്റെ ആത്മാഭി മാനത്തെ തൊട്ടു കളിച്ചാൽ സർവ്വതും ചുട്ടെരിക്കാൻ ശക്തിയുള്ള അഗ്നിയായി മാറും പെണ്ണെന്നു  പറയുന്നത് എത്ര ശെരിയാണ്..

തന്റെ ഉള്ളിലെ അടക്കിപ്പിടിച്ച ദേഷ്യം ഒരു നിമിഷം പുറത്തേക്ക് വന്നപ്പോൾ എന്തൊക്ക ആണ് താൻ പറഞ്ഞത്..

വല്ലാത്തൊരു മനഃശക്തി ആയിരുന്നു തനിക്കപ്പോൾ….

മുത്തശ്ശിയുടെ വാക്കുകൾ പകർന്നു തന്ന ധൈര്യം ആണ് എല്ലാത്തിനും അടിസ്ഥാനം….

ഇനി ഞാൻ ഇത് പോലെയുള്ള ഒരുത്തനെയും  ഭയക്കില്ല…

ധ്വനി മനസ്സിൽ ഉറപ്പിച്ചു നിൽക്കുമ്പോൾ ആണ്  റോഡിലെ ഇരുളിന്റെ മറവിൽ ഒരു നിഴൽ രൂപം അനങ്ങുന്നത് അവൾ കണ്ടത്….

അവൾ തന്റെ കൈയിലെ വാക്കത്തിയിൽ മുറുകെ പിടിച്ചു….

“”ആരാടാ അത്.. ഇരുളിൽ പതിയിരിക്കാതെ വെളിച്ചത്തോട്ട് വാ..

ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു..

പക്ഷേ മറുപടി ഒന്നും പറയാതെ ആ രൂപം അവിടെ തന്നെ നിന്നു..

അവൾ സംശയത്തോടെ വാഴൂർ തറവാട്ടിലേക്ക് നോക്കി..

ഉണ്ണിയേട്ടന്റെ ഫ്രണ്ട് കുടിച്ചു ബോധമറ്റ് ആവണം ഉമ്മറത്തെ ചാരു കസേരയിൽ തന്നെ കിടപ്പുണ്ട്..

അപ്പോൾ പിന്നെ ഇതാര്..?

ധ്വനിയുടെ നെഞ്ചിടുപ്പേറി വന്നു..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!