Skip to content

രണ്ടാം താലി – ഭാഗം 16

randam-thaali

ശിവക്കൊപ്പം നടക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത അഹങ്കാരം തോന്നി…..

ആണൊരുത്തന്റെ ചിറകിൽ അഭയം കിട്ടിയ സുഖം ആ മനസ്സിൽ നിറഞ്ഞു….

തറവാട് എത്തും വരെ പരസ്പരം അവരൊന്നും മിണ്ടിയില്ല….

മൗനം അവർക്കിടയിൽ കൂടു കൂട്ടി….

പക്ഷേ ഇടക്കിടെ അവരുടെ മിഴികൾ തമ്മിൽ ഇടഞ്ഞു…..

മനസ്സിൽ ഒളിപ്പിച്ച പ്രണയം അവരുടെ കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാ മായിരുന്നു……

തറവാട് എത്തിയതും ശിവക്ക് ഒരു പുഞ്ചിരി സമ്മാനിച്ചവൾ കേറി പോയി….

അവളുടെ ആ പുഞ്ചിരിയും നോട്ടവും അവന്റെ ഉള്ളിലും പ്രണയത്തിന്റെ ലഹരി പടർത്തി….

ചെറു ചിരിയോടെ ശിവ വാഴൂർ തറവാട്ടിൽ ചെന്ന് കേറുമ്പോൾ ഉണ്ണി പാട്ടും കേട്ട് ഉമ്മറത്തു ഇരിപ്പുണ്ടായിരുന്നു…..

“””ഇപ്പോൾ വരാമെന്ന് പറഞ്ഞു പോയിട്ട് നീ എന്താ അളിയാ താമസിച്ചത്…..

“”അതുപിന്നെ വരുന്ന വഴിക്ക് ചെറിയൊരു പ്രശ്നം ഉണ്ടായി അതാണ് താമസിച്ചത്….

“”പ്രശ്നമോ എന്ത്‌ പ്രശ്നം….?

ഉണ്ണി പാട്ട് നിർത്തി കൊണ്ട് ചോദിച്ചു….

“”അതുപിന്നെ ആ ശ്യാമില്ലേ അവൻ വഴിയിൽ വെച്ച് ധ്വനിയുടെ കൈക്ക് പിടിച്ചു ഉപദ്രവിക്കാൻ നോക്കി….

അത് കേട്ടതും ഉണ്ണി ചാടി എഴുന്നേറ്റു…..

“”എന്നിട്ട്….?

“””എന്നിട്ടെന്താ അവന്റെ ചെവിക്കല്ല് നോക്കി ഒരെണ്ണം ഞാൻ കൊടുത്തു….

പിന്നെ ധ്വനിയെ കൊണ്ടും രണ്ടെണ്ണം കൊടുപ്പിച്ചു ഒരു വാണിംഗും കൊടുത്തു ഞങ്ങൾ ഇങ്ങ് പോന്നു….

“””ശ്ശെ കഷ്ടം ആയി പോയി…. നിനക്കവന്റെ കൈയും കാലും കൂടെ തല്ലി ഒടിച്ചു കൂടായിരുന്നോ….?

“””അതിന് ഇനിയും സമയം ഉണ്ടല്ലോ….

അവൻ ഇനി വന്നാൽ പിന്നവൻ രണ്ടു കാലിൽ നടക്കില്ല…..

“””ശ്ശെ എന്നാലും ആ സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ…..

“”വിട്ട് കളയെടാ ഇനി അവൻ വന്നാൽ അല്ലേ നമുക്ക് അപ്പോൾ നോക്കാം……

എന്തായാലും ഇനി അവൻ നമ്മുടെ ധ്വനിയുടെ പിന്നാലെ വരുമെന്ന് തോന്നുന്നില്ല….

“”എന്താ പറഞ്ഞത് നമ്മുടെ ധ്വനിയോ….

ഉണ്ണി ചെറു ചിരിയോടെ ചോദിച്ചു….

“””അങ്ങനെ അല്ല ധ്വനിയുടെ പിന്നാലെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്…..

ചമ്മിയ ചിരിയോടെ ശിവ അവനെ നോക്കി പറഞ്ഞു….

“””അളിയോ എന്താ ഉദ്ദേശം പ്രണയത്തിന്റെ ഒരു സ്മെൽ അടിക്കുന്നുണ്ട്…..

“”പ്രണയം മണ്ണാങ്കട്ട ഒന്ന് പോടാ അവിടുന്ന്…..

എന്നും പറഞ്ഞു ശിവ പോവാൻ തുടങ്ങി …..

“””നിന്നെ മൗനം കൊണ്ട് ഞാൻ ഇന്ന് പ്രണയിക്കുകയാണ് ..

പക്ഷേ ഇനിയും എന്നിലെ പ്രണയത്തെ മൂടിവെക്കാൻ എനിക്കാവുകയില്ല ….

ഞാൻ കുറിച്ച പ്രണയാക്ഷരങ്ങളിൽ നിറഞ്ഞു നിന്ന നിന്നെയെന്തെ നീ തിരിച്ചറിഞ്ഞില്ല…..

ഇലത്തുമ്പിൽ ഊറുന്ന മഞ്ഞുതുള്ളി പോലെ നിന്നെ കുളിരണിയിക്കുന്ന പ്രണയമാവാൻ ഞാനെത്ര കൊതിച്ചിരുന്നെന്നോ …..

കൈയിലെ ഇല കീറിൽ നിന്നും എന്റെ നെറ്റിത്തടത്തിൽ നീ ചന്ദനം തൊടുവിക്കുന്നത് എത്രയോ വട്ടം ഞാൻ സ്വപ്നം കണ്ടിരിക്കു ന്നെന്നോ ….

ആ കരിമഷി എഴുതിയ കണ്ണുകളുടെ നോട്ടം കിട്ടാൻ ഞാനെത്ര കൊതിച്ചിരുന്നെന്നോ….

നിന്റെ മൂക്കിൻ തുമ്പിലെ ആ ഒറ്റക്കൽ മൂക്കുത്തിയെ ചുംബനം കൊണ്ടു പൊതിയുവാൻ ഞാൻ എത്ര വട്ടം മോഹിച്ചെന്നോ…..

നിന്റെ കാൽ ചിലങ്കയുടെ താളം എന്റെ നെഞ്ചിടുപ്പിൻ താളമായത് നീ അറിഞ്ഞിരുന്നോ….

നീ എഴുതിയ വരികളിലെ പ്രണയമാവാൻ ഞാൻ എത്രയേറെ മോഹിച്ചിരുന്നു….

പറയാതെ നീ അറിയാതെ നിന്നോടുള്ള പ്രണയത്തെ ഞാൻ നെഞ്ചോട് അടക്കി പിടിച്ചു…..

ഇനിയും കാത്തിരിക്കാൻ വയ്യെന്റെ പെണ്ണേ….

പ്രണയത്തിൽ കൊരുത്ത താലിയിൽ നീയെന്ന സ്വപ്നത്തെ സ്വന്തമാക്കണം എനിക്ക്….

എന്നിൽ പ്രണയമായി നീ പെയ്തിറങ്ങണം….

കാത്തിരിക്കുന്നു ഞാൻ ഏകനായി നിനക്കായി മാത്രം….

നിന്റേത് ആവാനായി മാത്രം…..

ശിവയുടെ ഡയറി കൈയിൽ പിടിച്ചു അതിലെഴുതിയ വരികൾ ഉണ്ണി ഉറക്കെ വായിച്ചു….

അത് കേട്ട് ഞെട്ടലോടെ  അകത്തേക്ക് പോവാൻ തുടങ്ങിയ ശിവ അവിടെ തന്നെ നിന്നു…..

“””എന്റെ ഡയറി….. ആരോട് ചോദിച്ചിട്ട് ആണെടാ നീ ഇത് എടുത്തത്….

“”കണ്ടപ്പോൾ വെറുതെ എടുത്തത് ആണ്…..

അല്ല അളിയാ ഈ മൗനം കൊണ്ടുള്ള പ്രണയം ഇങ്ങനെ നീട്ടികൊണ്ട് പോണോ നേരിട്ട് അങ്ങ് പറഞ്ഞു കൂടെ….

ഉണ്ണി നേർത്ത ചിരിയോടെ ചോദിച്ചു…..

“””ആരോട് എന്ത്‌….

നിനക്കെന്താ ഉണ്ണി ഭ്രാന്തുണ്ടോ….

ഞാൻ വെറുതെ ഓരോന്ന് എഴുതിയത് ആണ്….

“”ഓഹോ അപ്പോൾ ഈ ഡയറിയിൽ വരച്ചിട്ടിരിക്കുന്ന കണ്ണുകൾ നമ്മുടെ ധ്വനിയുടെ അല്ല അല്ലേ….?

അത് കേട്ടതും ശിവയൊന്ന് പതറിയെങ്കിലും അത് പുറത്ത് കാട്ടാതെ അവൻ ഉണ്ണിയിൽ നിന്നും ഡയറി പിടിച്ചു വാങ്ങി കൊണ്ട് അകത്തേക്ക് പോയി……

ഉണ്ണിയുടെ  പുഞ്ചിരിയോടെ അത് നോക്കി നിന്നു….

———————————————————

“””ഉണ്ണിയേട്ടൻ പറയുന്നത് സത്യമാണോ ധ്വനിയും ശിവേട്ടനും തമ്മിൽ ഇഷ്ടത്തിൽ ആണോ….?

ആൽമര ചുവട്ടിൽ നിന്നു കൊണ്ട് ദേവിക കൗതുകത്തോടെ ചോദിച്ചു…..

“””മ്മ്മം രണ്ടിന്റെയും ഉള്ളിൽ ഇഷ്ടം ഉണ്ടെന്നുള്ള കാര്യം ഉറപ്പാണ് പക്ഷേ രണ്ടും തുറന്നു പറയുന്ന ലക്ഷണം ഇല്ല….

“””അതെന്താ അവർ പറയാത്തത്…..?

“”നല്ല കട്ട തേപ്പ് കിട്ടിയ രണ്ട് പേരല്ലേ അതിന്റെ ഒരു ബുദ്ധിമുട്ട് ആവും….

ആരെങ്കിലും ഒരാൾ മനസ്സ് തുറന്നാൽ തീരുന്ന പ്രശ്നമേ ഒള്ളൂ…..

“””എങ്കിൽ നമുക്ക് ഇടപെട്ടാലോ….

“”വേണ്ട ഇപ്പോൾ ശെരിയാവില്ല….

അവർ തന്നെ തുറന്നു പറയണം….

പറയേണ്ട സാഹചര്യം ദൈവം ആയിട്ട് ഒരുക്കി തരും നോക്കിക്കോ…..

“””മ്മ്മ്മം രണ്ടു പേരും തമ്മിൽ നല്ല ചേർച്ച ഉണ്ട്….

അവരൊന്നിച്ചാൽ മതിയായിരുന്നു….

“”എന്റെയും ആഗ്രഹം അതാണ്…. ധ്വനിയെ അവൻ പൊന്നു പോലെ നോക്കുമെന്ന് എനിക്കുറപ്പാണ് ….

“””മ്മ്മം അല്ല അവർ ഒന്നിക്കുന്ന കാര്യം അവിടെ നിക്കട്ടെ എപ്പോഴാണ് നമ്മുടെ കല്യാണം…..

“””അതിന് ഇനിയും സമയം ഉണ്ടല്ലോ…..

നീ ഇപ്പോൾ ഒരുമ്മ തന്നേടി….

എത്ര ദിവസമായി ഒരെണ്ണം കിട്ടിയിട്ട്…..

“””അയ്യടാ ഇതിന് മാത്രം ഒരു കുറവില്ലല്ലോ….

ഞാൻ തരില്ല നിങ്ങൾ ആദ്യം പോയി എന്റെ അച്ഛനോട് കാര്യം പറ എന്നിട്ട് ആവാം ഉമ്മയും കിമ്മയും ഒക്കെ….

“””ഓ ഞാൻ പറഞ്ഞോളാം നീയിപ്പോൾ താടി…..

“””അത് പറയുബോൾ ഒരു ഒഴിഞ്ഞു മാറ്റം ആണ്….

നിങ്ങൾക്കെന്താ എന്റെ അച്ഛനെ പേടിയാണോ….?

“”പിന്നെ എന്ന് വെച്ചാൽ നിന്റെ അച്ഛൻ ആര് ജില്ലാ മജിസ്‌ട്രേട്ടോ.. ഒന്ന് പോയേടി അവിടുന്ന്….

ഈ ഉണ്ണി ഒന്ന് നേരെ നോക്കിയാൽ മതി അങ്ങേര് നിന്നു വിറക്കും…..

“””അയ്യോ ദേ അച്ഛൻ വരുന്നു ….

“”പിന്നെ അവളുടെ ഒരച്ഛൻ…. അച്ഛനല്ല നിന്റെ അപ്പൂപ്പൻ വന്നാലും എനിക്ക് പ്രശ്നമില്ല….

മര്യാദക്ക് ഉമ്മ

താടി….

“””ഓ എന്റെ മന്ദബുദ്ധി.. കളിപ്പിക്കാൻ പറഞ്ഞതല്ല നോക്ക് അത് കണ്ടോ അച്ഛൻ വരുന്നത്….

നമ്മളെ കണ്ടെന്നാണ് തോന്നുന്നത്…..

എന്നും പറഞ്ഞു ദേവിക ഉണ്ണിയെ തിരിച്ചു നിർത്തി അച്ഛൻ വരുന്നത് കാണിച്ചു കൊടുത്തു….

“””ശെരിയാടി അങ്ങേര്  നമ്മളെ കണ്ടെടി….

ഒന്നും നോക്കണ്ട ഓടിക്കോ….

“”അയ്യടാ അങ്ങനെ ഇപ്പോൾ എന്നെ കൊലക്ക് കൊടുത്തിട്ട് ഓടി രക്ഷപ്പെടാം എന്ന് വിചാരിക്കേണ്ട…..

അച്ഛൻ വരുമ്പോൾ ഉള്ള കാര്യം പറ….

“‘”ഡി അത് പിന്നെ പറയാം ഇപ്പോൾ നീ പിടിവിട് ഇല്ലെങ്കിൽ നിന്നെ കെട്ടാൻ ഞാൻ മിച്ചം ഉണ്ടാവില്ല….

“””ഹാ അത് ഞാൻ അങ്ങ് സഹിച്ചു….

അച്ഛൻ കണ്ട സ്ഥിതിക്ക് ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാവട്ടെ…..

എന്നും പറഞ്ഞു ദേവിക ഉണ്ണിയുടെ കൈയിലെ പിടി മുറുക്കി…..

ദേവികയുടെ അച്ഛൻ അടുത്തെത്തിയതും വെപ്രാളത്തോടെ ഉണ്ണി നിന്ന് വിയർത്തു…..

അയാളുടെ കൊമ്പൻ മീശയും ചുവപ്പ് പടർന്ന കണ്ണുകൾ കൊണ്ടുള്ള തുറിച്ചു നോട്ടവും കൂടെ ആയപ്പോൾ  സർവ്വഞാടി ഞരമ്പുകൾ തളർന്ന പോലെ ആയി ഉണ്ണിയുടെ നിൽപ്പ്…..

“”എന്താ രണ്ടും ഇവിടെ….

പരുക്കൻ ശബ്ദത്തിൽ അയാൾ ചോദിച്ചു….

“””എന്റെ പൊന്ന് അമ്മാവാ എനിക്കിവളെ ഇഷ്ടമാണ്….

എനിക്ക് ഇവളെ കെട്ടിച്ചു തരണം എന്നും പറഞ്ഞു അടുത്ത നിമിഷം ഉണ്ണി അയാളുടെ കാൽക്കലേക്ക് വീണു……

ഉണ്ണിയുടെ കിടപ്പ് കണ്ടു ദേവുവിന് ചിരി വന്നു…..

“””അയ്യേ എന്താടാ ഈ കാണിക്കുന്നത്….

ഉണ്ണി മോനെ എഴുന്നേൽക്ക്….

എന്നും പറഞ്ഞു അയാൾ ഉണ്ണിയെ പിടിച്ചു എഴുന്നേൽപ്പിച്ചു….

“””മോനെ ഉണ്ണി നിന്റെ അച്ഛനും അമ്മയും എന്നെ വിളിച്ചിരുന്നു….

ഞങ്ങൾ എല്ലാരും കൂടി നിങ്ങളുടെ കല്യാണക്കാര്യം സംസാരിച്ചു….

അവർ ഉടനെ വരുന്നുണ്ട് വന്ന ഉടനെ നിങ്ങളുടെ കല്യാണം നടത്താൻ ആണ് ഉദ്ദേശം……

അയാൾ പറയുന്നത് കേട്ട് വിശ്വസിക്കാനാവാതെ അന്തം വിട്ട് ഉണ്ണി വായും പൊളിച്ചു നിന്നു….

“”ങ്ങേ ശെരിക്കും….

അവൻ ചോദിച്ചു..

“””മ്മ്മം ആണെടാ…. അതേ ഞങ്ങൾ കല്യാണകാര്യം പറഞ്ഞു എന്ന് വെച്ച് രണ്ടും കൂടെ കറങ്ങി നടക്കാം എന്ന് വിചാരിക്കേണ്ട…..

വേഗം വീട്ടിൽ പോവാൻ നോക്ക് രണ്ടും…..

അതും പറഞ്ഞു അയാൾ ചിരിയോടെ നടന്നു….

സന്തോഷം കൊണ്ട് ഉണ്ണി ആ നിമിഷം ദേവുവിനെ എടുത്തു ഉയർത്തിയ ശേഷം താഴെ നിർത്തി  അവളുടെ നെറുകയിൽ ചുംബനം കൊണ്ട് പൊതിഞ്ഞു….

——————————————

“””അറിഞ്ഞോ മുത്തശ്ശി നമ്മുടെ ഉണ്ണിയേട്ടനും ദേവൂവും തമ്മിലുള്ള കല്യാണം ഉറപ്പിക്കാൻ പോവാണ്….

ഉണ്ണിയേട്ടന്റെ അച്ഛനും അമ്മയും നാളെ കഴിഞ്ഞു വരുന്നുണ്ട് ഉറപ്പിക്കാൻ….

“””ആഹാ അതെന്തായാലും നന്നായി….

രണ്ടിന്റെയും ചുറ്റിക്കളി നിന്നോളുമല്ലോ….

“””അതെയതെ….

“””ഇനി നിന്റെ കല്യാണവും എത്രയും വേഗം നടത്തണം….

“””പിന്നെ ഇപ്പോൾ അതൊന്നും വേണ്ട..

“””എന്ന് പറഞ്ഞാൽ എങ്ങനെ ആണ്….

ഞാനിനി എത്ര കാലം എന്ന് വെച്ചാണ്…..

എനിക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ നിനക്ക് ആരാണ് ഉള്ളത്…..

“”ദേ മുത്തശ്ശി സെന്റി അടിക്കാൻ ആണെങ്കിൽ വേണ്ട നിർത്തിക്കോ….

എന്തായാലും ഇപ്പോൾ കല്യാണത്തിന് എനിക്ക് താല്പര്യമില്ല….

“”അത് നീയല്ല തീരുമാനിക്കുന്നത്….

നിന്റെ ഇഷ്ടത്തിന് ഒന്ന് നടന്നിട്ട് അങ്ങനെ ആയി….

ഇത്തവണ ഞാൻ പറയുന്നത് കേട്ടാൽ മതി നീ….

മുത്തശ്ശിയുടെ വാക്കുകളിൽ ഗൗരവം നിറഞ്ഞു….

“””നല്ല ആലോചന വന്നാൽ ഞാൻ നടത്തും…..

മുത്തശ്ശി തീർത്തു പറഞ്ഞു….

അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത്…..

ആരാവും എന്നറിയാനായി മുത്തശ്ശിയും ധ്വനിയും കൂടെ ഉമ്മറത്തേക്ക് വന്നു നോക്കി …..

ബ്ലാക് കളർ വാഗനർ കാറിൽ നിന്നും പ്രായമുള്ള ഒരു സ്ത്രീ ഡോർ തുറന്നു ഇറങ്ങി…..

അവർക്ക് കാഴ്ചയിൽ ഏകദേശം അമ്പതിനു മുകളിൽ പ്രായം തോന്നിച്ചു….

ധ്വനിയെയും മുത്തശ്ശിയെയും നോക്കി അവർ പുഞ്ചിരിക്കുമ്പോൾ മറ്റേ ഡോർ തുറന്നു രാഹുലും ഇറങ്ങി….

രാഹുലിനെ കണ്ട് ധ്വനി അമ്പരന്ന് നിന്നു……

പതിയെ അവർ രണ്ടും കൂടെ നടന്നു ഉമ്മറത്തേക്ക് കേറി….

“””മുത്തശ്ശി എന്നെ ഓർമ്മയില്ലേ ഞാൻ ഡോക്ടർ രാഹുൽ….

ഇതെന്റെ അമ്മ രാഗിണി…..

“”ഓ….

ഓർമ്മയുണ്ട് മോനെ വാ ഇരിക്ക് എന്നും പറഞ്ഞു മുത്തശ്ശി അവരെ വിളിച്ചിരുത്തി….

ഒന്നും മനസ്സിലാവാതെ ധ്വനി അന്തം വിട്ട് നിൽക്കുകയാണ്….

“””മോളല്ലേ ധ്വനി….

ഇവനെന്നും മോളെ കുറിച്ച് പറയാനേ നേരമുള്ളൂ….

അങ്ങനെ കേട്ടു കേട്ട് മോളെ കാണാൻ ആഗ്രഹം തോന്നി വന്നതാണ്….

വന്നു കണ്ടപ്പോൾ ഇവനെ പോലെ എനിക്കും മോളെ ഇഷ്ടമായി….

ആ സ്ത്രീ പുഞ്ചിരിയോടെ ധ്വനിയെ നോക്കി പറഞ്ഞു…..

“””മോളെ ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്….

മുത്തശ്ശി ധ്വനിയോടായി പറഞ്ഞു….

അത് കേട്ടതും ധ്വനി അകത്തേക് പോയി അടുക്കളയിൽ ചെന്ന് ചായ ഇട്ടു….

ഉമ്മറത്തപ്പോൾ ഭയങ്കര സംസാരവും ചിരിയും കേൾക്കാമായിരുന്നു….

ഒരൽപ്പം മുഷിവോടെ അവൾ ചായയുമായി ഉമ്മറത്തേക്ക് വന്നതും ശിവ അവിടേക്ക് വന്നു…..

ശിവയെ കണ്ടതും ധ്വനിയുടെ കണ്ണുകൾ വിടർന്നു…..

അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…..

“”മോളെ നോക്കി നിൽക്കാതെ അവർക്ക് ചായ കൊടുക്ക്…..

മുത്തശ്ശി പറഞ്ഞതും അവൾ അവർക്ക് നേരെ ട്രേയിൽ ഇരുന്നു ചായ നീട്ടി….

രാഹുലും അമ്മയും ചായ എടുത്തു…..

എല്ലാം കണ്ടു കൊണ്ട് ശിവ ഉമ്മറത്തേക്ക് കേറി വന്നു…..

“””ഹാ വാ മോനെ എന്തായാലും നീ വന്നത് നന്നായി ഇവരോട് കാര്യങ്ങൾ സംസാരിക്കാൻ ഒരാൾ ആയല്ലോ….

മുത്തശ്ശി ശിവയെ നോക്കി പറഞ്ഞു…..

“””എന്താ മുത്തശ്ശി കാര്യം….?

ശിവ ഒന്നും മനസ്സിലാവാതെ ചോദിച്ചു….

“”മോനെ ഇത് രാഹുലും അവന്റെ അമ്മയുമാണ്….

നമ്മുടെ ധ്വനിയെ പെണ്ണ് കാണാൻ വന്നതാണ്….

ആള് ഡോക്ടർ ആണുട്ടോ…..

മുത്തശ്ശി പറഞ്ഞത് കേട്ട് ശിവയും ധ്വനിയും ഒരുപോലെ ഞെട്ടി…..

ശിവയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു….

വിഷാദഭാവം അവന്റെ മുഖത്ത് നിറഞ്ഞു….

“””ഇതാരാണ് മനസ്സിലായില്ല….

രാഹുലിന്റെ അമ്മ ശിവയെ നോക്കി കൊണ്ട് മുത്തശ്ശിയോട് ചോദിച്ചു….

“””ഇവിടെ വാഴൂർ തറവാട്ടിൽ താമസിക്കാൻ വന്നതാണ്…..

അവിടുത്തെ ഉണ്ണിയുടെ കൂട്ടുകാരൻ ആണ്…..

പിന്നെ ആളൊരു എഴുത്തുകാരൻ ആണ്…..

“””ധ്വനിയുടെ ഫ്രണ്ട് ആണമ്മേ ….

രാഹുൽ ഇടക്ക് കേറി പറഞ്ഞു.

ശിവ അവരെ നോക്കി ചെറുതായി ചിരിച്ചു….

“”””ശെരി മുത്തശ്ശി ഞാൻ ഇറങ്ങുവാ കാര്യങ്ങൾ നടക്കട്ടെ…..

എനിക്കൽപ്പം തിരക്കുണ്ട് എന്നും പറഞ്ഞു ശിവ അവിടെ നിന്നും ഇറങ്ങി…..

അതിനിടയിൽ ധ്വനിയെ അവനൊന്നു പാളി നോക്കി….

രണ്ട് പേരുടെയും മുഖത്ത് വിഷാദം കലർന്നിരുന്നു……

ശിവ നടന്നു നീങ്ങുന്നതും നോക്കി ധ്വനി നിന്നു….

ശിവയുടെ ഉള്ള് പിടഞ്ഞു….

അവന്റെ മിഴികൾ നിറഞ്ഞു….

തിരിഞ്ഞു നോക്കാനാവാതെ അവൻ നടന്നു…..

ശിവ കൺവെട്ടത്ത് നിന്നും മറഞ്ഞതും ധ്വനി അകത്തേക്ക് കേറി പോയി….

കുറച്ചു കഴിഞ്ഞതും മുത്തശ്ശി അവളെ ഉമ്മറത്തേക്ക് വിളിച്ചെങ്കിലും അവൾ ഇറങ്ങി ചെന്നില്ല….

അൽപ്പം കഴിഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്തു പോവുന്ന. ശബ്ദം കേട്ടു…..

പിന്നാലെ മുത്തശ്ശി അകത്തേക്ക് കേറി വന്നു….

“””നീയെന്താ മോളെ ഞാൻ വിളിച്ചിട്ട് വരാതെ ഇരുന്നത്…..

അവര് പോവാൻ നേരം നിന്നെ തിരക്കി …..

“””എന്തിന്….? എനിക്ക് അവരെ കാണേണ്ട കാര്യം ഇല്ല….

“””അതെന്താ നീ അങ്ങനെ പറഞ്ഞത്….

നല്ലൊരു കാര്യത്തിന് ആണല്ലോ അവർ വന്നത്….

ഇത് എന്തായാലും നമ്മുടെ ഭാഗ്യം ആണ്…..

“””എന്ത്‌ ഭാഗ്യം….? മുത്തശ്ശി എന്താ പറഞ്ഞു വരുന്നത്….

“””അതുപിന്നെ മോളെ എന്റെ കണ്ണടയും മുൻപ് നിന്നെ മറ്റാരെ എങ്കിലും കൈ പിടിച്ചു ഏൽപ്പിക്കണം എന്നുണ്ടായിരുന്നു…..

ഇപ്പോൾ ദൈവം ആയിട്ട് നല്ലൊരു ആലോചന കൊണ്ടുവന്നു….

അവൻ നല്ല പയ്യനാണ്….

നല്ല തറവാട്ടുകാരാണ്….

പോരാത്തതിന് ഡോക്ടറും….

“””അതുകൊണ്ട്…. അയാൾ ആ ശ്യാമിന്റെ ഫ്രണ്ട് ആണ് അതറിയുമോ മുത്തശ്ശിക്ക്…..

“””അറിയാം എന്നോട് പറഞ്ഞിരുന്നു….

കൂട്ടുകാരൻ അങ്ങനെ ആയി പോയി എന്ന് കരുതി ആ കൊച്ച് എന്ത്‌ പിഴച്ചു…..

മാത്രമല്ല എല്ലാം അറിഞ്ഞല്ലേ അവൻ നിന്നെ സ്വീകരിക്കാൻ തയ്യാറായത്….

“”” അതുകൊണ്ട് ഞാൻ അയാളെ കെട്ടണം എന്നാണോ മുത്തശ്ശി പറഞ്ഞു വരുന്നത്….

നടക്കില്ല മുത്തശ്ശി എനിക്ക് അയാളെ വേണ്ട….

“””അത് നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ..

ഞാൻ ഒരു തീരുമാനം എടുത്തു കഴിഞ്ഞു…..

ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നിന്റെ കല്യാണം ഞാൻ നടത്തും എന്ന് തറപ്പിച്ചു പറഞ്ഞു കൊണ്ട് മുത്തശ്ശി ഉമ്മറത്തേക്ക് ഇറങ്ങി….

(തുടരും…)

(അടുത്ത ഒരു പാർട്ടോടെ നമ്മുടെ കഥ പൂർണ്ണമാവും….

കമന്റും ലൈക്കുമായി നിങ്ങൾ തന്ന വിലയേറിയ സപ്പോർട്ടിനു ഹൃദയം തൊട്ട് നന്ദി പറയുന്നു..

തിരക്ക് കാരണം എല്ലാവർക്കും റിപ്ലൈ തരാൻ കഴിയാതെ പോയതിൽ ക്ഷമ ചോദിക്കുന്നു..

നിങ്ങളുടെ സപ്പോർട്ട് ഇനിയും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ…..

(സ്നേഹപൂർവ്വം… ശിവ  )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

2.5/5 - (2 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “രണ്ടാം താലി – ഭാഗം 16”

Leave a Reply

Don`t copy text!