Skip to content

രണ്ടാം താലി – ഭാഗം 13

randam-thaali

ശ്യാമിന്റെ വാക്കുകൾ കേട്ട് ധ്വനിയൊന്ന് ഭയന്നു ….

അവളുടെ ഹൃദയമിടിപ്പ് വേഗത്തിലായി…..

“””എന്റെ നാഗത്താന്മാരെ എന്തിനാണ് എന്നെ ഇങ്ങനിട്ട് പരീക്ഷിക്കുന്നത്…..

എല്ലാം മറന്നു ജീവിക്കാൻ തുടങ്ങുമ്പോൾ എന്തിനാണ് അവനെ വീണ്ടും വീണ്ടും എന്റെ അടുത്തേക്ക് എത്തിക്കുന്നത്……

ഇതിന് മാത്രം എന്ത്‌ തെറ്റാണ് ഞാൻ ചെയ്തേക്കുന്നത്…..

അവളുടെ മിഴികൾ നിറഞ്ഞൊഴുകി…..

“””ഇനി ആ ദുഷ്ടൻ എന്താവും ചെയ്യാൻ പോവുക അറിയില്ല…..

എന്തോ ഒരു പേടി തോന്നുന്നു….

മുത്തശ്ശിയോട് പറഞ്ഞു വെറുതെ ആ പാവത്തിനെ കൂടി പേടിപ്പിക്കാൻ നിൽക്കേണ്ട…..

നേരം വെളുക്കട്ടെ ഉണ്ണിയേട്ടനോട് പറയാം അതാണ് നല്ലത് എന്നവളുടെ മനസ്സ് മന്ത്രിച്ചു….

കസേരയിൽ നിന്നെഴുന്നേറ്റ് അവൾ വാഴൂർ തറവാട്ടിലേക്ക് പാളി നോക്കി…..

ഉമ്മറത്ത് ശിവ ഉണ്ടായിരുന്നില്ല….

അവൻ ഉറങ്ങാൻ പോയി കാണും

എന്നും ചിന്തിച്ചു കൊണ്ടവൾ കട്ടിലിൽ പോയി കിടന്നു….

ധ്വനിയുടെ കാതുകളിൽ ശ്യാമിന്റെ വാക്കുകൾ വീണ്ടും വീണ്ടും മുഴങ്ങി കേട്ടു….

അവന്റെ പ്ലാൻ എന്തായിരിക്കും….

ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല….

ടെൻഷൻ അടിച്ചു ഉറക്കം വരാതെ അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒടുക്കം നേരം പുലറാവുമ്പോൾ ആണ് അവൾ മയങ്ങിയത്……

രാവിലെ മുത്തശ്ശി വിളിക്കുമ്പോൾ ആണവൾ ഉണർന്നത്….

പെട്ടെന്ന് തന്നെ എഴുന്നേറ്റവൾ രാവിലത്തെ പണികൾ ഒക്കെ തീർത്തു കുളിച്ചൊരുങ്ങി ഉണ്ണിയെ കാണാനായി വാഴൂർ തറവാട്ടിലേക്ക് ചെന്നു……

“”””ഉണ്ണിയേട്ടാ….. ഉണ്ണിയേട്ടോ….

ഉമ്മറത്തു നിന്ന് കൊണ്ട് അകത്തേക്ക് നോക്കിയവൾ നീട്ടി വിളിച്ചു…..

പക്ഷേ ഉണ്ണിക്ക് പകരം അകത്ത് നിന്നും ഇറങ്ങി വന്നത് ശിവ ആയിരുന്നു…..

“””ഉണ്ണിയേട്ടൻ ഇല്ലേ ഇവിടെ..?

“””ഇല്ല അവൻ രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റു ഏതോ കൂട്ടുകാരനെ കാണണം എന്നും പറഞ്ഞു പോയി….

“””കൂട്ടുകാരനെ കാണാനോ

….എങ്ങോട്ട്….?

“””അതെനിക്ക് അറിയില്ല….

എന്താ അവനോട് എന്തെങ്കിലും പറയാൻ ആണോ ….?

“”””ഹേയ് ഒന്നുമില്ല ഞാൻ വെറുതെ വന്നെന്നേ ഒള്ളൂ എന്നും പറഞ്ഞവൾ പോകാൻ തുനിഞ്ഞു…..

“””അല്ല എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ….

അവൻ വരുമ്പോൾ ഞാൻ പറഞ്ഞോളാം….

അവൻ ഫോൺ എടുക്കാതെ ആണ് പോയത്…..

അത് കേട്ടവളുടെ മുഖം വാടി…..

“””എന്താടോ എന്തെങ്കിലും പ്രശ്നം ഉണ്ടോ…..?

“””ഹേയ് പ്രശ്നം ഒന്നുമില്ല…. ഞാൻ വെറുതെ വന്നതാണ് എന്നും പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി..

അവളുടെ മുഖത്തെ പരിഭ്രമത്തിൽ നിന്നും അവൾക്കെന്തോ പ്രശ്നം ഉണ്ടെന്ന് ശിവക്ക് തോന്നി….

തന്നോട് പറയാൻ പറ്റാത്ത എന്തോ ഒന്ന് ആണെന്ന് അവന് മനസ്സിലായി…..

———————————————————

രാത്രി ഉണ്ണി വന്നതും ധ്വനി അന്വേഷിച്ചു വന്നിരുന്ന കാര്യം ശിവ ഉണ്ണിയോട് പറഞ്ഞു…..

രാത്രി ഏറെ വൈകിയതിനാൽ രാവിലെ തിരക്കാം എന്നും പറഞ്ഞു ഉണ്ണി പോയി കിടന്നു…..

പിറ്റേന്ന് പുലർന്നതും ഉണ്ണിയെ കാണാനായി ധ്വനി അങ്ങോട്ടേക്ക് ചെന്നു….

ഉമ്മറത്തു ചായയും കുടിച്ചു ഇരുപ്പുണ്ടായിരുന്നു ഉണ്ണിയപ്പോൾ….

“””ഹാ ഉണ്ണിയേട്ടൻ എഴുന്നേറ്റോ..

ഇതാരാണ് ചായ ഉണ്ടാക്കിയത്….

“””അവൻ ഉണ്ടാക്കിയത് ആണ്….

“””ങ്ങേ അയാൾക്ക് അതൊക്ക അറിയുമോ..?

“””പിന്നെ എന്നുവെച്ചാൽ ചായ ഉണ്ടാക്കാൻ ഭയങ്കര പാടുള്ള കാര്യം ആണല്ലോ ഒന്ന് പോയേടി അവിടുന്നു….

“””ഉവ്വ അതാവും സാർ പണ്ട് ഒരു ഗ്ലാസ്സ് ചായ ഇടാൻ ഒരു ഗ്ലാസ്സ് ചായപ്പൊടി ഇട്ടത്…..

“””ഓ അതുപിന്നെ ഏത് പോലീസുകാരനും ഒരബദ്ധം ഒക്കെ പറ്റും…..

“””ഉവ്വ ഉവ്വേ…. ഇത് ഉണ്ണിയേട്ടന് പറ്റുന്നത് മൊത്തോം അബദ്ധങ്ങൾ ആണല്ലോ….

“””രാവിലെ എനിക്കിട്ട് ഗോൾ അടിക്കാൻ വന്നതാണോ നീ….

വന്ന കാര്യം പറയെടി….

അല്ല ഇന്നലെ നീ എന്നെ തിരക്കി വന്നെന്ന് ശിവ പറഞ്ഞു….

എന്താടി കാര്യം…..?

ഉണ്ണിയുടെ ചോദ്യം കേട്ടതും അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു….

വാടി തളർന്ന പൂ പോലെ അവൾ നിന്നു……

“””എന്താടി..എന്തുപറ്റി..?

അവളുടെ മിഴിയിണകൾ പതിയെ ഈറനണിഞ്ഞു…..

“”””എന്താടി.. എന്തിനാ നീയിപ്പോൾ കരയുന്നത്….?

ഉണ്ണി ഉമ്മറത്ത് നിന്നും എഴുന്നേറ്റു അവളുടെ അരികിലേക്ക് ചെന്നു…..

“”””ഉണ്ണിയേട്ടാ അവൻ….

അവൾ വിങ്ങി പൊട്ടി..

“””അവനോ.. ഏതവൻ..? എന്താണെന്നു വെച്ചാൽ നീ തെളിച്ചു പറ..

“””അതുപിന്നെ ഉണ്ണിയേട്ടാ അവൻ വിളിച്ചിരുന്നു….

ആ ശ്യാം….

“””ശ്യാമോ…. എന്തിന്..?

മറുപടി പറയാതെ അവൾ നിന്നു വിതുമ്പി കരഞ്ഞു…..

“””ഡി നിന്ന് മോങ്ങാതെ കാര്യം പറ….

“””അവന്…. അവന് എന്നെ ഒന്നൂടി കാണണം എന്ന്..

അവന്റെ ഗസ്റ്റ്‌ ഹൗസിൽ വെച്ച്……

എന്നെ അവൻ ജീവിക്കാൻ സമ്മതിക്കില്ല ഉണ്ണിയേട്ടാ…..

വിതുമ്പി കൊണ്ടവൾ പറഞ്ഞു….

“””ആ പന്ന പുന്നാര മോനെ ഇന്ന് ഞാൻ ശെരിയാക്കും….

എവിടെ ആണ് അവന്റെ ഗസ്റ്റ്‌ ഹൗസ്….

ഉണ്ണി ദേഷ്യം കൊണ്ടു വിറച്ചു…..

“””ഇപ്പോൾ അവൻ അവിടെ ഇല്ല.. വേറെ എവിടെയോ ആണ് അടുത്താഴ്ച വരുമെന്ന് ആണ് പറഞ്ഞത്…..

“””മ്മം വരട്ടെ അവനുള്ള പണി ഞാൻ വെച്ചിട്ടുണ്ട്..

ഇനി ഒരിക്കലും അവൻ നിന്റെ അടുത്ത് വരില്ല..

അവന്റെ സകല സൂക്കേടും ഞാൻ തീർത്തു കൊടുക്കും….

നീ ധൈര്യമായി ഇരിക്കെടി….

എന്തിനും പോന്നൊരു ആങ്ങള അല്ലേടി നിനക്കുള്ളത്…..

അതും പറഞ്ഞവൻ അവളുടെ കവിളുകളിൽ കൂടെ ഒഴുകിയ കണ്ണുനീർ വിരലുകൾ കൊണ്ട് തുടച്ചു…..

ഉണ്ണിയുടെ വാക്കുകൾ കേട്ടപ്പോൾ ആശ്വാസത്തോടൊപ്പം ധൈര്യവും ധ്വനിയുടെ ഉള്ളിൽ നിറഞ്ഞു…..

കൂടെ പിറക്കാതെ കൂടെ പിറപ്പായാവാൻ….

അവളുടെ മനസ്സ് പറഞ്ഞു….

അപ്പോഴാണ് ശിവ അകത്ത് നിന്നും ഇറങ്ങി വന്നത്….

ശിവയെ കണ്ടതും ധ്വനി മുഖം തുടച്ചു ചെറിയൊരു പുഞ്ചിരി വിടർത്തി നിന്നു….

“””ഹാ മാഷ് ഇവിടെ ഉണ്ടായിരുന്നോ….?

അല്ല മാഷേ ഇന്ന് രാവിലെ നോർമൽ ആണല്ലോ എന്തേ  കുടിച്ചില്ലേ….

കുപ്പി തീർന്നോ….?

“””നേരം വെളുത്തല്ലേ ഉള്ളൂ ആശാൻ തുടങ്ങാൻ പോണേ ഉള്ളൂ….

ഉണ്ണി ചിരിയോടെ പറഞ്ഞു….

അത് കേട്ട് ശിവയൊന്ന് പുഞ്ചിരിച്ചു……

“””ഞാൻ കുടി നിർത്തി…..

ശിവ പറഞ്ഞത് കേട്ട് ഉണ്ണിയും ധ്വനിയും അമ്പരന്നു നിന്നു …..

“”””അളിയാ രാവിലെ അടിക്കും മുന്നേ തന്നെ തമാശ തുടങ്ങിയോ….

“””തമാശ അല്ലെടാ….

എനിക്ക് നഷ്ടമായത് തിരികെ കിട്ടി….

“””നഷ്ടമായതോ….. എന്ത്‌..?

ഉണ്ണി അത്ഭുതത്തോടെ ചോദിച്ചു….

“””സന്തോഷം..

ഉണ്ണി ചെറു ചിരിയോടെ പറഞ്ഞു….

“””എന്റെ പൊന്നളിയ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മനുഷ്യന് മനസ്സിൽ ആവുന്ന ഭാഷയിൽ പറ….

“””ഹഹഹ…. ഇന്നലെ ഞാൻ അശ്വതിയെ കണ്ടെന്നു പറഞ്ഞില്ലേ……

ആ കൂടിക്കാഴ്ച എനിക്ക് എന്റെ സന്തോഷം തിരികെ തന്നു…..

“””ഓ നീ പിന്നെയും ആ പിശാശിന്റെ പുറകെ പോവാനുള്ള ഉദ്ദേശം ആണോ….?

ഉണ്ണി ദേഷ്യത്തോടെ ചോദിച്ചു….

ധ്വനിയും ശിവയുടെ മറുപടി കേൾക്കാനായി അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുവാണ്…..

“””ഹേ അതൊന്നും അല്ല …. ഇന്നലെ അവളെന്റെ മുന്നിൽ വന്നു മാപ്പ് ചോദിച്ചത് ഓർത്തപ്പോൾ എന്തോ മദ്യത്തെക്കാൾ വലിയൊരു ലഹരി ഉള്ളിൽ നിറയുന്നത് പോലെ തോന്നി…..

നമ്മളെ തേച്ചു പോയവർ തെറ്റ് പറ്റി പോയി എന്നും പറഞ്ഞു പിന്നീട് വന്ന് നമ്മളോട് മാപ്പ് ചോദിക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെ…..

പിന്നെ എന്റെ കുടി കാരണം ഇനി എന്റെ അച്ഛന്റെയും അമ്മയുടെയും ആത്മാക്കൾക്ക് ശാന്തി കിട്ടാതെ ഇരിക്കേണ്ട…..

ധ്വനിയെ നോക്കി കൊണ്ട് ശിവ പറഞ്ഞു…..

“””ഓ അങ്ങനെ ആ പിശാശ്ശിനെ കൊണ്ട് ഒരുപകാരം ഉണ്ടായി….

നിന്റെ തീരുമാനം നന്നായി അളിയാ….

അത് കേട്ട് പുഞ്ചിരിച്ചു കൊണ്ട് ശിവ ധ്വനിയെ നോക്കി….

അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞിരുന്നു ….

“””ഉണ്ണിയേട്ടാ ഞാൻ പൂവാട്ടോ എനികിത്തിരി പണിയുണ്ട് എന്നും പറഞ്ഞവൾ അവിടെ നിന്നും പോയി…..

“””ഉണ്ണി അവളെന്തിനാടാ വന്നത്….?

“””ഹേയ് ഒന്നുമില്ലെടാ….

“””നീ ഒളിക്കേണ്ട ഞാൻ എല്ലാം കേട്ടു……

“””മ്മ്മം…ആ ചെറ്റക്ക് ഞാൻ പണി കൊടുക്കും അളിയാ….

അവന് നല്ലൊരു പണിയുടെ കുറവ് ഉണ്ട്…..

“”””മ്മ്മം നിന്റെ കൈയിൽ അവന്റെ ഫോട്ടോ വല്ലതും ഉണ്ടോ….? ആ മുതലിനെ ഒന്ന് കണ്ടിരിക്കാൻ ആണ്….

“””നോക്കട്ടെ.. മുൻപൊരിക്കൽ ധ്വനി എനിക്ക് അവന്റെ ഫോട്ടോ അയച്ചു തന്നിരുന്നു…..

എന്നും പറഞ്ഞു ഉണ്ണി ഫോൺ എടുത്തു ഗാലറിയിൽ നോക്കി…..

“””ദേ ഇതാ അളിയാ അവന്റെ ഫോട്ടോ….

ആള് കാണാൻ ഡീസന്റ് ആണ് പക്ഷേ കൈയിലിരുപ്പ് ശെരിയല്ല…..

ശിവ ഉണ്ണിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി നോക്കി…..

“””ഇവനെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്……

മിക്കവാറും ബാറിൽ വെച്ചാവാൻ ആണ് സാധ്യത….

“””ഇനി ഈ ചെറ്റയെ എവിടെങ്കിലും വെച്ച് കണ്ടാൽ എന്നോട് പറയണം അവനൊരു വിരുന്ന് ഞാൻ കൊടുക്കു ന്നുണ്ട്…..

ഉണ്ണി പറഞ്ഞത് കേട്ട് ശിവ ചിരിച്ചു….

“”””ഇവൻ കാരണം എത്ര പെൺകുട്ടികളുടെ ജീവിതം പോയി കാണും…..

ഇവനെ ഒക്കെ വെടിവെച്ചു കൊല്ലണം അളിയാ…..

അതാണ് വേണ്ടത്….

ഉണ്ണിയുടെ വാക്കുകളിൽ ശ്യാമിനോടുള്ള ദേഷ്യം പ്രകടമായിരുന്നു……

അപ്പോഴാണ് ദേവികയുടെ കോൾ വന്നത്…..

ഉണ്ണി കോൾ അറ്റൻഡ് ചെയ്തു അവളോട്‌ സംസാരിച്ചു കൊണ്ട് തൊടിയിലേക്ക് നടന്നു…..

അവിടെ നിന്ന മരത്തിന്റെ തൊലിക്കിട്ട് ചുരണ്ടി കൊണ്ടവൻ പഞ്ചാര അടിച്ചു നിൽക്കുന്ന കാഴ്ചയും കണ്ടു ശിവ അകത്തേക്കും പോയി….

———————————————————

സന്ധ്യക്ക്‌ വിളക്ക് വെക്കാനായി കാവിൽ എത്തിയ ധ്വനി നേരിയ നിലാവെട്ടത്തിൽ നാഗത്തറക്ക് മുന്നിൽ ഒരാൾ നിൽക്കുന്നത് കണ്ടൊന്ന് ഞെട്ടി…..

തെല്ലു ഭയത്തോടെ അവൾ വിളക്കുമായി അങ്ങോട്ടേക്ക് ചെന്നു….

അടുത്തെത്തിയതും വിളക്കിന്റെ വെളിച്ചത്തിൽ അവൾ ആ മുഖം കണ്ടു….

“”ശിവ….””

നാഗത്തറക്ക് മുന്നിൽ അവൻ കൈകൂപ്പി പ്രാത്ഥിച്ചു നിൽക്കുകയാണ്….

അവൾ ഒന്നും മിണ്ടാതെ മെല്ലെ വിളക്ക് തെളിച്ചു കൈകൾ കൂപ്പി പ്രാത്ഥിച്ചു….

പെട്ടെന്ന് നാഗത്തിന്റെ സീൽക്കാര ശബ്ദം കേട്ടവർ രണ്ടും കണ്ണ് തുറന്നു നോക്കി…..

നാഗ വിഗ്രഹത്തെ ചുറ്റിയൊരു സർപ്പം തങ്ങളുടെ നേരെ ഫണം വിടർത്തി നിൽക്കുന്നു…..

അത് കണ്ടു ശിവ രണ്ടടി പിന്നോട്ട് വെച്ചു……

“””എന്താ മാഷേ ഭയന്നു പോയോ…പേടിക്കണ്ട അതൊന്നും ചെയ്യില്ല….

അവൾ ചെറു ചിരിയോടെ പറഞ്ഞു….

അത് കേട്ടവനും പുഞ്ചിരിച്ചു….

“””മാഷിന് ആകെ ഒരു മാറ്റം ഉണ്ട് കേട്ടോ….

“””അതുപിന്നെ നിങ്ങളുടെ നാട്ടിൽ വന്നിട്ട് ഇവിടെ ഒന്ന് കേറി പ്രാത്ഥിക്കാതെ ഇരിക്കുന്നത് മോശമല്ലേ…..

ഉണ്ണി ഒരുപാട് പറഞ്ഞിട്ട് ഉണ്ട് ഈ കാവിനെ കുറിച്ച്…..

ചെമ്പകം പൂക്കുന്ന കാവ്…..

ഇവിടുത്തെ ചെമ്പക പൂക്കളുടെ സുഗന്ധം മനം മയക്കുന്നത് ആണെന്ന് അവൻ എപ്പോഴും പറയാറുണ്ടായിരുന്നു…..

“””മ്മ്മ്മം.. എന്നിട്ട് ഇപ്പോൾ മാഷിന് അത് ബോധ്യമായില്ലേ….

“””മ്മ്മ്മം.. ഒരുപാട് ഇഷ്ടമായി എനിക്ക് ഈ ചെമ്പക പൂക്കളുടെ കാവിനെ….

രാത്രിയെ പ്രണയിക്കുന്ന നിശാഗന്ധി പൂക്കളെ പോലെയാണ് ഈ ചെമ്പക പൂക്കളും…..

അവരും ഈ തൃസന്ധ്യയെ പ്രണയിക്കുക യാണ്…..

നിലത്ത് വീണു കിടന്നിരുന്ന ചെമ്പക പൂവിനെ കൈയിലെടുത്ത് കൊണ്ടവൻ പറഞ്ഞു….

“””ആഹാ മാഷ് സാഹിത്യം തുടങ്ങിയല്ലോ…..

“””ഹേയ് എന്തോ ഇവിടെ വന്നപ്പോൾ വല്ലാത്തൊരു ഉന്മേഷം തോന്നുന്നു….

ഈ രാത്രിയിൽ ചെമ്പക പൂക്കളുടെ സുഗന്ധത്തിൽ കാറ്റിനൊപ്പം  അലിഞ്ഞു ചേർന്ന് ഇവിടെ ഇരിക്കാൻ കൊതി തോന്നി പോവുന്നു …..

“””ഹഹഹ അത് കൊള്ളാമല്ലോ…. എന്തായാലും കുടി നിർത്തി മാഷ് അങ്ങ് സ്മാർട്ട്‌ ആയിട്ടോ…..

പുഞ്ചിരിയോടെ അവൾ പറഞ്ഞു….

“”””അതിന് നിന്നോട് ആണെനിക്ക് നന്ദി പറയേണ്ടത്…..

നിന്റെ വാക്കുകൾക്ക് എന്തോ ഒരു മാന്ത്രികതയുണ്ട്…..

അതിന്നലെ എന്നെ ഇരുത്തി ചിന്തിപ്പിച്ചു….

അപ്പോഴാണ് നീ പറയുന്നത് ശെരി ആണെന്ന് എനിക്കും തോന്നിയത് ….

എന്റെ കുടിയാണ് എന്റെ അച്ഛനെയും അമ്മയെയും ഏറെ വേദനിപ്പിച്ചത്….

അതുകൊണ്ട് ഇനിയും ആ ആത്മാക്കളെ വേദനിപ്പിക്കാൻ എനിക്ക് ആവില്ല…..

അവന്റെ വാക്കുകൾക്ക് ദൃഢനിച്ഛയത്തിന്റെ ശക്തി ഉണ്ടായിരുന്നു….

സത്യം പറഞ്ഞാൽ എങ്ങനെയാണ് നിന്നോട് നന്ദി പറയേണ്ടത് എന്നറിയില്ല…..

“””നന്ദിയോ.. എന്നോടോ..? ഒന്ന് പോ മാഷേ….

സത്യം പറഞ്ഞാൽ മാഷിനോട് ഞാൻ ആണ് ക്ഷമ ചോദിക്കേണ്ടത്….

മാഷിനെ കുറിച്ച് ഒന്നും അറിയാതെ….

മാഷിന്റെ അവസ്ഥ പോലും മനസ്സിലാക്കാതെ ആണ് ഞാൻ വെറുതെ ഓരോന്ന് പറഞ്ഞു വഴക്കിട്ടത്….

“””ഹേയ് അതൊന്നും സാരമില്ലെടോ….

കുടിച്ചു ബോധം ഇല്ലാതെ നടക്കുന്ന ഒരുത്തനോട് അങ്ങനെയല്ലേ ആളുകൾ പെരുമാറൂ…..

“””എന്നാലും…..

“””താൻ അത് വിടെടോ.. തന്റെ കാര്യങ്ങൾ ഒക്കെ ഇപ്പോഴാണ് ഞാനും അറിയുന്നത്…..

ശിവ അത് പറയുമ്പോൾ ഒരു ഞെട്ടലോടെ അവളവനെ നോക്കി…..

“””ഉണ്ണി എന്നോട് എല്ലാം പറഞ്ഞു..

ഒരു കണക്കിന് പറഞ്ഞാൽ പ്രണയത്തിന്റെ ചതിയിൽ പെട്ട രണ്ടു പേരാണ് നമ്മൾ…

രണ്ട് രീതിയിൽ ആണെന്ന് മാത്രം….

“””ശെരിയാണ് മാഷേ…..

“പ്രണയം”

അത് വെറും കളവാണ് മാഷേ…..

സ്വാർത്ഥ താല്പര്യങ്ങൾ പൂർത്തിയാക്കാൻ മനുഷ്യൻ ഉപയോഗിക്കുന്ന കളവാണ് ഇന്ന് പ്രണയം….

“”സത്യം….. വെറുത്തു പോവുന്നു വിഡ്ഢിയാക്കപ്പെട്ട ആ നിമിഷത്തെ പോലും….

“””പ്രണയത്തെ പറ്റി പറഞ്ഞപ്പോഴാണ് ഓർത്തത് മാഷിന്റെ രണ്ടാം താലി ഞാൻ വായിച്ചു കേട്ടോ….

സൂപ്പർ ആയിട്ടുണ്ട്….

അതിലെ നായിക ഞാൻ ആണോന്ന് പോലും ഓർത്തു പോയി….

“””ഹേയ് അത്രക്ക് ഒക്കെ നന്നായിരുന്നോ……

“””മ്മ്മം ശെരിക്കും സൂപ്പറായിരുന്നു…..

പുതിയ കഥ എഴുതുന്നില്ലേ..?

“””എഴുതണം….. അടുത്ത കഥയിൽ നിന്നെ നായിക ആക്കി എഴുതിയാലോ…..

“””ഹഹഹ അതെന്താ മാഷ് ഹൊറർ സ്റ്റോറി ആണോ എഴുതാൻ പോവുന്നത്….

ചിരിയോടെ അവൾ ചോദിച്ചു….

അത് കേട്ടവനും ചിരിച്ചു….

“””അല്ല മാഷേ സംസാരിച്ചു നിന്ന് നേരം വൈകിയത് അറിഞ്ഞില്ല ഞാൻ പൂവാട്ടോ….

“””നിൽക്ക് ഞാനും വരുന്നു….

എന്നും പറഞ്ഞു അവനും അവൾക്കൊപ്പം കാവിൽ നിന്നും ഇറങ്ങി നടന്നു…..

ഓരോന്ന് സംസാരിച്ചു കൊണ്ടവർ നടന്നു തറവാടിന് മുന്നിൽ എത്തി…..

പരസ്പരം ചിരിയോടെ അവർ പിരിയുമ്പോൾ എല്ലാം കണ്ടുകൊണ്ട് ഉമ്മറത്ത് ഉണ്ണി നിൽപ്പുണ്ടായിരുന്നു…..

ശിവ നടന്നു ഉണ്ണിക്ക് അരുകിൽ എത്തി….

“””എന്താടാ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്….

“””അല്ലളിയാ ഈ കീരിയും പാമ്പും തമ്മിൽ ഒന്നിച്ചു നടക്കുമോ…..

“””ങ്ങേ കീരിയും പാമ്പുമോ…. നിനക്കെന്താടാ പറ്റിയെ..?

“””എനിക്കൊന്നും പറ്റിയില്ല പക്ഷേ ചിലർക്കൊക്കെ എന്തോ പറ്റിയിട്ടുണ്ട്……

“””ഡാ കോപ്പേ നീ വളച്ചു ചുറ്റി പറയാതെ നേരെ ചൊവ്വേ പറ….

“””പറയാം.. സമയം ആയിട്ടില്ല.. കീരിയും പാമ്പും എവിടെ വരെ പോവുമെന്ന് അറിയട്ടെ…..

ഉണ്ണി ശിവയെ നോക്കി കൊണ്ട് പറഞ്ഞു….

“”””സത്യം പറ നീ ഏത് ബ്രാൻഡ് ആണ് അടിച്ചേ…..

“””ഞാൻ അടിച്ചില്ല അളിയാ.. ചില അത്ഭുതങ്ങൾ കണ്ടു കിളി പോയതാണ്….

“””അത്ഭുതങ്ങളോ….?

എന്ത് അത്ഭുതങ്ങൾ…..

നിനക്ക് ഭ്രാന്തായോ..?

അതോ അവളുടെയോ അവളുടെ അച്ഛന്റെയോ കൈയിൽ നിന്നും തലക്കിട്ട് വല്ലതും കിട്ടിയോ …..

എങ്കിൽ കുറച്ചു കഴിയുമ്പോൾ ശെരിയാവും എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ശിവ അകത്തേക്കു കേറി പോയി…..

പിറ്റേന്ന് ഉച്ചയോടു അടുത്ത് ധ്വനി തൊടിയിൽ നിന്ന മാവിൽ നിന്നും മാങ്ങാ പറിച്ചു കൊണ്ടിരിക്കെയാണ് പിന്നിൽ ഒരു സ്ത്രീ ശബ്ദം കേട്ടത്….

അവൾ തിരിഞ്ഞ് നോക്കി….

ചുവപ്പ് കളർ ചുരിദാർ അണിഞ്ഞൊരു പെൺകുട്ടി വഴിയരുകിൽ അവളെ നോക്കി നിൽക്കുന്നു….

ധ്വനി അവൾക്ക് അരുകിലേക്ക് ചെന്നു…..

അവളെ സൂക്ഷിച്ചു ഒന്ന് നോക്കി….

മുഖത്ത് ഒരു വിഷാദ ഭാവം….

“””അതേ ഇവിടെ എവിടാണ് വാഴൂർ തറവാട്…..?

പതിഞ്ഞ ശബ്ദത്തിൽ ആ പെൺകുട്ടി ചോദിച്ചു….

“””ദേ ആ കാണുന്നത് ആണ്..

ധ്വനി വാഴൂർ തറവാട് ചൂണ്ടി കൊണ്ട് പറഞ്ഞു…..

“”താങ്ക്സ്  “”

എന്നും പറഞ്ഞു ആ പെണ്ണ് അവിടേക്ക് നടന്നു….

ഈ മുഖം കണ്ടു നല്ല പരിചയം.. ഞാൻ ഈ മുഖം ഇതിന് മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ…..

എവിടെ വെച്ചാണ്….

ധ്വനി ആ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു….

നിമിഷങ്ങൾക്കുള്ളിൽ അവളുടെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു….

“അശ്വതി…..”

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

5/5 - (2 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!