നിലത്ത് കിടന്നിരുന്ന ഫോട്ടോയിലേക്ക് ധ്വനി കൗതുകത്തോടെ നോക്കി..
അതിനരികിലേക്ക് ചെന്നവൾ
ആ ഫോട്ടോ കൈ നീട്ടി എടുത്തു….
ഒരു പെൺകുട്ടിയുടെ ഫോട്ടോയാണ്..
ഒരു സുന്ദരി കുട്ടി..
ഇനി ഇതാവുമോ ഇയാളുടെ ഭാര്യ..??
ആവും..!
ധ്വനി മനസ്സിൽ ഉറപ്പിച്ചു….
എന്ത് ഭംഗിയാണ് ഇവളുടെ കണ്ണുകൾക്ക്..
“”നീയെന്താടി നിന്ന് പിറു പിറുക്കുന്നത്..??
ഗാംഭീര്യം നിറഞ്ഞ ആ പുരുഷ ശബ്ദം കേട്ടവൾ ഒന്ന് ഞെട്ടി..
കൈയിൽ ഇരിക്കുന്ന ഫോട്ടോ മറക്കാൻ അവൾ പാട് പെട്ടു കൊണ്ടിരുന്നു …..
“””എന്താടി നിന്റെ കൈയിൽ..??
“”അത്.. അതുപിന്നെ ദേ ഈ ഫോട്ടോ..
എന്നും പറഞ്ഞവൾ ഫോട്ടോ അവന് നേരെ നീട്ടി…..
“””നിന്നോട് ആരാണ് ഇതൊക്ക എടുക്കാൻ പറഞ്ഞത്..??
അയാളുടെ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞു നിന്നിരുന്നു….
അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
“””അതുപിന്നെ ഇവിടെ കിടക്കുന്നത് കണ്ട് ഞാൻ വെറുതെ എടുത്തു നോക്കിയതാണ്….
“”മ്മ്മ്മം.. ഇനി മേലാൽ ഇങ്ങോട്ട് വന്നേക്കരുത് കേട്ടല്ലോ ..
എനിക്ക് ഇവിടെ സമാധാനം വേണം..
“”അതിന് ഞാൻ നിങ്ങൾക്ക് സമാധാനക്കേട് ഉണ്ടാക്കാനൊന്നും വന്നതല്ല ..
ഉണ്ണിയേട്ടൻ വിളിച്ചിട്ട് പറഞ്ഞിരുന്നു ഇടക്ക് ഇവിടെ വന്നു നിങ്ങളെ ഒന്ന് അന്വേഷിക്കണം എന്ന്
അതുകൊണ്ട് ഒന്ന് വന്നു പോയതാണ് ഞാൻ ….
“”””ഓ ഉണ്ണിയെന്നല്ല ഇനി ആര് പറഞ്ഞതായാലും വേണ്ട എന്നെ അന്വേഷിച്ചു ഒരാളും വരണ്ട
എനിക്ക് അത് ഇഷ്ടമല്ല….
പിന്നെ ഉണ്ണിയോട് ഞാൻ വിളിച്ചു പറഞ്ഞോളാം എന്റെ സുഖവിവരം അന്വേഷിക്കാൻ ഒരാളെയും ഇനി ഇങ്ങോട്ട് വിടണ്ട എന്ന്…..
നീ ഇപ്പോൾ പോവാൻ നോക്ക്..
അയാൾ ദേഷ്യത്തോടെ സംസാരിച്ചു നിർത്തി..
“”””ഓ ഞാൻ പോവാണ്.. അല്ലെങ്കിലും ഇവിടെ താമസിക്കാൻ ഒന്നും വന്നതല്ല….
ഉണ്ണിയേട്ടൻ കാരണം വന്നു പോയതാണ്..
ഇനിയൊട്ട് വരാനും പോവുന്നില്ല..
ഇനി ഞാൻ കാരണം നിങ്ങളുടെ സമാധാനം ഉരുകി പോവണ്ട..
എന്നും പറഞ്ഞു ധ്വനി അവിടെ നിന്നും ഇറങ്ങി നടന്നു….
അയാളുടെ സംസാരം കേട്ടു ധ്വനിക്ക് ദേഷ്യം വന്നിരുന്നു….
“”ഇതെന്തൊരു കാട്ടുപോത്തു ആണെന്റെ ദേവ്യേ..
വെറുതെ കടിച്ചു കീറാൻ വരുന്നു..
ഇനി വല്ല പിരിയിളകിയ കേസും ആണോ..
ചിലപ്പോൾ എഴുതി എഴുതി വട്ടായതാവും..
ധ്വനി ഓരോന്ന് പിറു പിറുത്തു കൊണ്ട് അവളുടെ തറവാട്ടിൽ എത്തി….
“”എന്താ കുട്ട്യേ എന്തുപറ്റി.. നീയെന്താ ഒറ്റക്ക് പിറു പിറുത്തോണ്ട് വന്നത് ..?
“”അതുപിന്നെ ഒന്നും പറയേണ്ട മുത്തശ്ശി..
ഉണ്ണിയേട്ടന്റെ വീട്ടിൽ താമസിക്കുന്ന ആ എഴുത്തുകാരൻ ഇല്ലേ..
ആ മുഴുകുടിയൻ..
ഞാൻ അങ്ങേര് അവിടെ ഉണ്ടോന്ന് അറിയാൻ ഒന്ന് അന്വേഷിക്കാൻപോയതാണ്..
അതിന് ആ കാട്ടാളൻ എന്നെ കടിച്ചു കീറാൻ വന്നു..
“”ഹഹഹ.. അല്ല നീയിപ്പോൾ എന്തിനാ അയാളെ അന്വേഷിച്ചു പോയത്..?
“”അത് ഉണ്ണിയേട്ടൻ പറഞ്ഞിട്ട് ആണ്..
“”മ്മ്മം നീ അത് പറഞ്ഞില്ലേ..
“”പറഞ്ഞു.. പക്ഷേ അതൊന്നും അയാൾക്ക് വിഷയമല്ല..
എന്നോട് ഇറങ്ങി പോവാൻ പറഞ്ഞു..
മേലാൽ അങ്ങോട്ട് ചെല്ലരുതെന്നും..
അത് അങ്ങേരുടെ തറവാട് ആണെന്നാണ് ഭാവം…..
“”പോട്ടെ മോളെ..
ഓരോരുത്തർക്ക് ഓരോ സ്വഭാവം അല്ലേ.. മാത്രമല്ല അയാൾ ഒരെഴുത്തുക്കാരൻ എന്നല്ലേ പറഞ്ഞത് അപ്പോൾ അയാൾക്ക് നീ ഇങ്ങനെ ചെല്ലുന്നത് കൊണ്ട് എഴുതാൻ പറ്റുന്നുണ്ടാവില്ല അതാവും ദേഷ്യപ്പെട്ടത്….
“””ഉവ്വ അതിന് അങ്ങേർക്ക് ബോധം ഉണ്ടെങ്കിൽ അല്ലേ വല്ലതും എഴുതാൻ പറ്റൂ..
ഇരുപത്തി നാല് മണിക്കൂറും അങ്ങേര് വെള്ളത്തിലാണ്…..
“”അയാൾ കുടിക്കുകയോ വലിക്കുകയോ എഴുതുകയോ എന്താണെന്നു വെച്ചാൽ ചെയ്യട്ടെ.. നമ്മൾ അതൊന്നും അറിയണ്ട കാര്യമില്ല….
“”ഞാൻ അതിന് ഒന്നിനും പോയില്ല മുത്തശ്ശി..
ഉണ്ണിയേട്ടൻ പറഞ്ഞത് കേട്ട് അവിടൊന്നു പോയി നോക്കിയതേ ഒള്ളൂ ..
ഇനി പോവില്ല..
“”ആ അതാണ് നല്ലത്..
എന്തിനാ വെറുതെ ഓരോ പ്രശ്നം ഉണ്ടാക്കുന്നത്….
മോള് പോയി കറി ഉണ്ടാക്കാൻ നോക്ക്..
ഞാൻ ചോറ് വെച്ചിട്ടുണ്ട്..
“””ശെരി മുത്തശ്ശി.. എന്നും പറഞ്ഞു ധ്വനി അകത്തേക്ക് കേറി പോയി..
———————————————————
വൈകുന്നേരമായപ്പോഴേക്കും അകത്തെ പണികൾ ഒക്കെ ഒരുവിധം ഒതുക്കി തീർത്തു..
മുറ്റം അടിച്ചു വാരി കിണറിൽ നിന്നും വെള്ളം കോരിയെടുത്തു മുറ്റത്ത് ആകെ ഒന്ന് തളിച്ചു..
പിന്നെ കിണ്ടിയിൽ വെള്ളം നിറച്ചു ഉമ്മറത്ത് കൊണ്ടു പോയി വെച്ചിട്ട് ധ്വനി കുളിക്കാനായി പോയി…
പകൽ സന്ധ്യക്ക് വഴിമാറി തുടങ്ങി..
സൂര്യൻ പടിഞ്ഞാറു അസ്തമിച്ചു കൊണ്ടിരുന്നു….
ഇരുൾ വീണു തുടങ്ങി….
“”നേരം സന്ധ്യ ആയത് കണ്ടില്ലേ കുട്ട്യേ…. ഉമ്മറത്തു വിളക്ക് വെക്കാൻ നോക്ക്..
മുത്തശ്ശി അകത്തേക്ക് നോക്കി നീട്ടി വിളിച്ചു പറഞ്ഞു..
“”ദേ വരണ് മുത്തശ്ശ്യേ.. ഞാൻ കുളിച്ചു ഡ്രസ്സ് മാറി വന്നതേ ഒള്ളു….
അവൾ വേഗം ചെന്നു വിളക്കെടുത്തു എണ്ണ ഒഴിച്ചു കിഴക്ക് പടിഞ്ഞാറ് ആവത്തക്ക വിധം രണ്ടു തിരിയും നീട്ടി വിളക്ക് കത്തിച്ചു….
പതിയെ അത് കൈയിൽ എടുത്തു ദീപം ദീപം എന്നുരുവിട്ട് കൊണ്ട് ഉമ്മറത്തേക്ക് നടക്കുമ്പോൾ അവളുടെ ഈറൻ മുടി തുമ്പിൽ നിന്നും വെള്ളം ഇറ്റിറ്റു താഴേക്ക് വീണു കൊണ്ടിരുന്നു….
ഉമ്മറത്തു കൊണ്ടു വന്നു വിളക്ക് വെച്ചവൾ പ്രാത്ഥിച്ചു കൈകൂപ്പി അകത്തേക്ക് പോവാൻ തുടങ്ങി..
“”മോളെ അവിടെ നിന്നേ..
നീ ഇന്ന് നമ്മുടെ
കാവിലും പോയൊന്നു വിളക്ക് വെക്കാൻ നോക്ക്….
“””എന്തിനാ മുത്തശ്ശി.. എന്നെ കൊണ്ടു വയ്യ..
“”നീ ഞാൻ പറയുന്നത് കേൾക്ക് മോളെ..
ഒരുപാട് നാളായില്ലേ നീ വിളക്ക് വെച്ച് പ്രാത്ഥിച്ചിട്ട്….
ഒരുപക്ഷേ അതിന്റെ ദോഷം ആവും എന്റെ കുട്ടിക്ക് ഈ ദുരിതങ്ങൾ ഒക്കെ വരാൻ കാരണം …..
മോള് മനസ്സ് നൊന്തു വിളിച്ചാൽ തീർച്ചയായിട്ടും നാഗത്താൻമാർ വിളി കേൾക്കാതെ ഇരിക്കില്ല….
അതുകൊണ്ട് മുത്തശ്ശി പറയുന്നത് കേൾക്ക്…..
“”മ്മ്മ്മം ശെരി…എന്നവൾ മൂളി.
മുത്തശ്ശി പറഞ്ഞത് ശെരിയാണ് കാവിൽ ഞാൻ ഇപ്പോൾ വിളക്ക് വെക്കാറേ ഇല്ല….
ഉള്ളിലെ വിശ്വാസങ്ങൾ ഇപ്പോൾ പഴയത് പോലെ ഒന്നുമില്ല….
കാവിലെ നാഗത്താൻമ്മാരും നാഗ യക്ഷിയുമൊക്കെ നെഞ്ചോട് ചേർത്തു പിടിച്ച എന്റെ വിശ്വാസങ്ങളുടെ ഭാഗമായിരുന്നു..
പക്ഷേ ഇപ്പോൾ എന്തോ എല്ലാത്തിൽ നിന്നും അകന്നു പോയത് പോലെ..
എന്നാലും മുത്തശ്ശി പറയുമ്പോൾ തള്ളി കളയാൻ ആവുന്നില്ല ….
ധ്വനി അകത്തേക്ക് പോയി കാവിലേക്കുള്ള വിളക്കും എടുത്തു കൊണ്ട് വന്നു നിലവിളക്കിൽ നിന്നും കത്തിച്ചു കൊണ്ട് കാവിലേക്ക് നടന്നു….
ചെമ്പകം പൂക്കുന്ന കാവ്….
കാവിനെ ചുറ്റിവരുന്ന കാറ്റിൽ പോലും ഉണ്ട് ചെമ്പക പൂക്കളുടെ ഉന്മാദ ഗന്ധം….
നടന്നവൾ കാവിന് മുന്നിൽ എത്തി..
കാവിനുള്ളിൽ ഇരുൾ വീണു കിടക്കുന്നു..
കാവ് നിറയെ ചെമ്പക മരങ്ങളും
പടുകൂറ്റൻ വൃക്ഷങ്ങളും വള്ളി ചെടികളും….
ഒരു തരി വെട്ടമില്ലാതെ ഇരുൾ വീണ് കിടക്കുന്ന കാവിലേക്ക് അവൾ കേറി….
ഓരോ അടി മുന്നോട്ട് വെക്കുബോഴും അവളുടെ കാൽ പാദത്തിന് അടിയിൽ കിടന്നു കരിയിലകൾ ഞെരിഞ്ഞു അമരുന്ന ശബ്ദം കേൾക്കാ മായിരുന്നു…..
നേർത്ത തണുപ്പോടെ വീശുന്ന കാറ്റിൽ കൈയിൽ പിടിച്ചിരുന്ന വിളക്കിലെ ദീപം അണയാതെ അവൾ സൂക്ഷിച്ചു പിടിച്ചു….
ചുറ്റിലും ഉള്ള ചീവിടുകളുടെ അലോസര പെടുത്തുന്ന ശബ്ദം അവളുടെ കാതുകളിൽ തുളച്ചു കേറി….
പക്ഷേ ചെമ്പക പൂക്കളുടെ വാസന അവളെ മുന്നോട്ട് നയിച്ചു കൊണ്ടിരുന്നു….
ഒടുക്കം നടന്നു അവൾ നാഗത്തറക്ക് മുന്നിൽ എത്തി
മെല്ലെ വിളക്ക് കൊളുത്തി ….
ഇരുളിന് മീതെ പ്രകാശം പരന്നതും നാഗത്തറയിലെ കരിങ്കൽ വിഗ്രഹങ്ങൾ കണ്മുന്നിൽ തെളിഞ്ഞു….
നാഗരാജാവും നാഗയക്ഷിയും..
വിഗ്രഹങ്ങളിലേക്ക് നോക്കി അവൾ കൈ കൂപ്പി..
“””നാഗയക്ഷി അമ്മേ കുട്ടിക്കാലം തൊട്ടു നിങ്ങളുടെ മടിത്തട്ടിൽ വളർന്ന കുട്ടിയാണ് ഞാൻ….
അറിവ് വന്ന കാലം മുതൽ ഞാൻ ഇവിടെ വിളക്ക് വെക്കുന്നു എന്നിട്ടും….
എന്നിട്ടും വിഷമങ്ങൾ അല്ലാതെ മറ്റെന്താണ് നിങ്ങൾ എനിക്ക് തന്നിട്ടുള്ളത്..?
എന്തിനാണ് എന്നോട് ഈ ക്രൂരത..?
ഇത്രയേറെ ശാപം കിട്ടിയൊരു ജന്മം ഈ ഭൂമിയിൽ വേറെ ഉണ്ടാവില്ല..
അച്ഛനും അമ്മക്കും ഒപ്പം എന്റെ ജീവനും കൂടി നിങ്ങൾക്ക് എടുത്തു കൂടായിരുന്നോ….
ഈ ജീവിതം തന്നെ എനിക്ക് മടുത്തു..
ചുറ്റും പരിഹാസങ്ങളും
ചൂഴ്ന്നുള്ള നോട്ടങ്ങളും ..
കാമം മൂത്ത് നടക്കുന്ന കുറെ കഴുകന്മാർ..
ചിലപ്പോഴൊക്കെ മനസ്സ് വല്ലാതെ പതറുന്നുണ്ട്..
ഈ ദുരിതങ്ങൾക്ക് ഇടയിൽ നിന്നും എന്റെ ജീവൻ എടുത്തെന്നെ നിങ്ങൾക്കൊന്ന് രക്ഷിച്ചു കൂടെ…..
ഉള്ളിലെ വേദനകൾ ഓരോന്നായി പറയുബോൾ
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു….
കവിൾതടങ്ങളിലൂടെ കണ്ണുനീർ ഒഴുകി കാവിലെ മണ്ണിലേക്ക് പതിച്ചു…..
പൊടുന്നനെ ഒരു സീൽക്കാര ശബ്ദം കേട്ടവൾ നോക്കുമ്പോൾ നിലത്തു കൂടെ ഇഴഞ്ഞൊരു സർപ്പം ചെന്നു വിഗ്രത്തിൽ ചുറ്റി പിണഞ്ഞു കിടന്നു കൊണ്ട് അവളെ നോക്കി പത്തി വിടർത്തി….
പെട്ടെന്ന് ചെറിയൊരു കാറ്റ് വീശിയടിച്ചതും നാഗത്തറക്ക് പിന്നിൽ നിന്ന ചെമ്പക മരത്തിൽ നിന്നും ചെമ്പക പൂക്കൾ അവളുടെ മേലാകെ പൊഴിഞ്ഞു വീണു….
വെള്ള ചെമ്പക പൂക്കൾ..
അവൾ അതിലൊരെണ്ണം കൈയിൽ എടുത്തു നാഗത്തറയിലേക്ക് നോക്കി..
ആ സർപ്പത്തെ അവിടെങ്ങും കാണാനില്ല..
ഇത്ര പെട്ടെന്ന് അത് എവിടേക്ക് പോയി….
എന്തായാലും ഇനി ഇവിടെ നിൽക്കേണ്ട വന്നിട്ട് നേരം കുറച്ചായി പോയേക്കാം എന്നും പറഞ്ഞവൾ കൊണ്ടു വന്ന വിളക്കുമായി തിരികെ നടന്നു തുടങ്ങി..
അപ്പോഴേക്കും നന്നേ ഇരുൾ വീണു കഴിഞ്ഞിരുന്നു..
വിളക്കിലെ ദീപത്തിന്റെ പ്രകാശത്തിൽ അവൾ മുന്നോട്ട് നടന്നു….
പെട്ടെന്ന് വീശിയ കാറ്റിൽ അവളുടെ കൈയിൽ ഇരുന്ന വിളക്കിലെ ദീപം അണഞ്ഞു പോയി..
ചുറ്റും ആകെ ഇരുൾ പരന്നു….
അതൊന്നും കാര്യമാക്കാതെ ധ്വനി മുന്നോട്ട് നടന്നു….
പെട്ടെന്ന് ആരോ തന്റെ പിന്നിൽ ഉള്ള പോലെ അവൾക്കൊരു തോന്നൽ..
കാവിലെ കരിയിലകൾ ഞെരിഞ്ഞ് അമരുന്ന ശബ്ദം അവൾ കേട്ടു….
അതിനൊപ്പം പാദസ്വരത്തിന്റെ കിലുക്കവും അവളുടെ കാതുകളിൽ പതിഞ്ഞു….
ധ്വനിയുടെ ഉള്ളിൽ ചെറുതായി ഭയം നിറഞ്ഞു തുടങ്ങി..
അവൾ മുന്നോട്ട് വേഗം നടന്നു തുടങ്ങി….
അവളുടെ വേഗതക്ക് അനുസരിച്ചു കൊലുസ്സ് ശബ്ദവും അവളെ പിൻ തുടർന്നു..
അതോടെ ധ്വനി നടത്തം നിർത്തി ചുറ്റിലും നോക്കി..
ഇരുളിൽ ആരെയും കാണാൻ കഴിയുന്നില്ല….
“””ആരാത്.. ഉള്ളിലെ ഭയം അടക്കി പിടിച്ചവൾ ചോദിച്ചു..
മറുപടി ഒന്നും വന്നില്ല..
ഭയം തോന്നിയവൾ വേഗം തന്നെ അവിടെ നിന്നും പോവാൻ തുടങ്ങിയതും പെട്ടെന്ന് അവളുടെ പിന്നിലേക്ക് ആരോ വന്നു നിന്നു..
ഒരു ഞെട്ടലോടെ അവൾ തിരിഞ്ഞു നോക്കി….
“”എന്താടി പെണ്ണേ പേടിച്ചു പോയോ..??
ഭയപ്പാടോടെ തിരിഞ്ഞു നോക്കിയ ധ്വനി ഇരുളിൽ ആ ശബ്ദത്തിന് ഉടമയെ തിരിച്ചറിഞ്ഞു..
തന്റെ കളികൂട്ടുകാരി ദേവിക..
“”നീയായിരുന്നോടി ദുഷ്ടേ..ഹോ ഞാനങ്ങ് പേടിച്ചു പോയി..
ദീർഘനിശ്വാസം വിട്ടു കൊണ്ടവൾ പറഞ്ഞു..
“””ഹഹഹ വെറുതെ ഒരു രസത്തിന് പണ്ടത്തെ പോലെ ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ..
“””ഉവ്വ ഉവ്വ..
എന്റെ പാതി ജീവനങ്ങ് പോയി..
അല്ല നീയിത് എപ്പോൾ വന്നു..?
“”ഓ ഒന്നും പറയണ്ട മോളെ വന്നിട്ട് ഒരു മണിക്കൂർ ആയിക്കാണും….
വീട്ടിലെത്തി കുളിയും കഴിഞ്ഞു ഒരു ചായയും കുടിച്ചു നിന്നെ കാണാൻ ചെന്നപ്പോൾ ആണ് മുത്തശ്ശി പറഞ്ഞത് നീ വിളക്ക് വെക്കാൻ പോന്നിട്ടുണ്ടെന്നു ….
പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ട് വെച്ച് പിടിച്ചു..
ഇവിടെ വന്നപ്പോൾ നീ നല്ല പ്രാത്ഥനയിൽ ആയിരുന്നു….
എന്നാൽ പ്രാത്ഥന കഴിയട്ടെ എന്ന് കരുതി ഞാൻ നിന്നു..
അത് കഴിഞ്ഞപ്പോൾ ആണ് പെട്ടെന്ന് മനസ്സിൽ തോന്നിയത്
നിന്നെ ഒന്ന് പേടിപ്പിക്കാമെന്ന്..
“”മ്മ്മം ..ഹാ എന്തായാലും നീ വന്നല്ലോ എനിക്ക് സമാധാനമായി..
ഇപ്പോൾ ഒരു കൂട്ടായല്ലോ….
“ഞാനിനി ഇനി കുറച്ചു നാൾ ഇവിടെ ഉണ്ടാവുമെടി ..
“”ഓഹോ അപ്പോൾ ഉണ്ണിയേട്ടനും ഉടനെ എത്തും അല്ലേ..
ധ്വനി ചിരിയോടെ ചോദിച്ചു..
“””മ്മ്മ് ഉണ്ണിയേട്ടൻ നാളെ കഴിഞ്ഞു വരും..
“”‘അമ്പടി അപ്പോൾ രണ്ടും കൂടിയുള്ള ഒത്തുകളി ആണല്ലേ ഈ വരവും..
“”അങ്ങനെയും പറയാം.. ഒരുപാട് നാളായില്ലേടി ഇങ്ങോട്ട് വന്നിട്ട്..
ഉണ്ണിയേട്ടന് ആണെങ്കിൽ എപ്പോഴും തിരക്കാണ്..
ഞാൻ ഫ്രീ ആവുമ്പോൾ അങ്ങേര് ഫ്രീ ആവില്ല..
അങ്ങേര് ആവുമ്പോൾ എനിക്കും പറ്റില്ല..
അതുകൊണ്ട് ഇത്തവണ എന്തായാലും ലീവ് എടുത്തു ഞങ്ങൾ ഇങ്ങോട്ട് പോന്ന് ഇവിടെ കുറച്ചു ദിവസം ചിലവഴിക്കാമെന്ന് വിചാരിച്ചു ….
“”അതെന്തായാലും നന്നായി..
അല്ല എന്താ രണ്ടിന്റെയും ഉദ്ദേശം..
ഇങ്ങനെ പ്രേമിച്ചു നടന്നാൽ മതിയോ കല്യാണം കഴിക്കുന്നില്ലേ
..??
“”എന്റെ പൊന്നോ അങ്ങേരോട് ഞാനത് പറഞ്ഞു മടുത്തു..
എന്റെ അച്ഛനോട് പെണ്ണ് ചോദിക്കാൻ അങ്ങേർക്ക് പേടി..
സ്വന്തം വീട്ടുകാരെ അതിനേക്കാൾ പേടി..
പിന്നെ എനിക്ക് എന്ത് ചെയ്യാൻ പറ്റും….
“”ബെസ്റ്റ് അപ്പോൾ പിന്നെ ഇങ്ങനെ എത്ര നാൾ പോവാനാണ് ഉദ്ദേശം..??
“”ഇനി എന്തായാലും ഒത്തിരി മുന്നോട്ട് പോവില്ല..
ഇത്തവണ അങ്ങേരെ കൊണ്ട് ഞാൻ ഒരു തീരുമാനം എടുപ്പിക്കും നോക്കിക്കോ..
“”ഇങ്ങ് വരട്ടെ ഞാനും പറയുന്നുണ്ട്..
രണ്ടിന്റെയും ഒളിച്ചു കളി നിർത്തി മര്യാദക്ക് എനിക്ക് ഒരില ചോറ് തരാൻ….
“””ഒരില ആക്കുന്നത് എന്തിന്
രണ്ടില ചോറ് വേണമെങ്കിലും തന്നേക്കാം നീ എങ്ങനെ എങ്കിലും അങ്ങേരെ പറഞ്ഞൊന്നു സമ്മതിപ്പിച്ചാൽ മതി..
“””ഹഹഹ ഞാൻ ഏറ്റു..
നീ വേഗം വാ നേരം ഇരുട്ടി…
ഇനി താമസിച്ചാൽ മുത്തശ്ശിയുടെ വഴക്ക് കേൾക്കേണ്ടി വരും..
“””മ്മ്മ് ശെരിയാ….
അവർ അവിടെ നിന്നും നടന്നു തുടങ്ങി..
“”അല്ലെടി ഇവിടൊരു എഴുത്തുകാരൻ വന്നിട്ടില്ലേ..
അങ്ങേരെ നീ പരിചയപ്പെട്ടോ..
“”ഒരു എഴുത്തുകാരൻ വന്നേക്കുന്നു..
എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്..
ഇരുപത്തിനാലു മണിക്കൂറും വെള്ളത്തിൽ ആണല്ലോ ആശാൻ..
പോരാത്തതിന് കാട്ടു പോത്തിന്റെ സ്വഭാവവും….
“”എന്താടി അങ്ങേര് വല്ലതും പറഞ്ഞൊ..??
“”ഹേയ് അങ്ങനെ കാര്യമായൊന്നും പറഞ്ഞില്ല..
ഇന്ന് രാവിലെ ഉണ്ണിയേട്ടൻ വിളിച്ചിട്ട് പറഞ്ഞു അങ്ങേരെ പോയി ഇടക്കൊന്ന് അന്വേഷിക്കണമെന്ന്..
അതും കേട്ടു അങ്ങോട്ട് ഞാൻ ഒന്ന് ചെന്ന് പോയി..
എന്റെ പൊന്നോ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളും പോലെ അല്ലേ ആള് എന്റെ നേർക്ക് വന്നത്..
മേലാൽ അങ്ങോട്ട് ചെല്ലരുതെന്നും പറഞ്ഞു..
“”ഹഹഹ അങ്ങേര് ഒരു സ്പെഷ്യൽ ക്യാരക്റ്റർ ആണ്..
ഭയങ്കര മുൻകോപിയാണ്..
“”
ഉവ്വ..അല്ല അയാളെ നിനക്ക് പരിചയം ഉണ്ടോ..?
“””പരിചയം ഉണ്ടോ എന്ന് ചോദിച്ചാൽ.. ഉണ്ട്
ഉണ്ണിയേട്ടൻ വഴി അറിയാം..
ഏട്ടന്റെ അവിടത്തെ കൂട്ടുകാരൻ ആണ്..
പിന്നെ അയാൾ ഇങ്ങനെ ഒക്കെ ആവാൻ കാരണം ആ ഭാര്യ തന്നെ ആണ്..
“”ങ്ങേ ഭാര്യയോ.. മനസ്സിലായില്ല..
“”ഡി അയാൾ ഡിവോഴ്സ്ഡ് ആണ്..
അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയി..
“””ഓ എങ്ങനെ പോവാതെ ഇരിക്കും ഇങ്ങനെ കുടി ആയിരു ന്നിരിക്കണം ..
“”ഹേയ് അല്ലടി.. അയാൾ മുൻപ് കുടിക്കാറൊന്നും ഇല്ലായിരുന്നു എന്നാണ് ഏട്ടൻ പറഞ്ഞത്..
അയാൾ മാമ്പള്ളി തറവാട്ടിലെ ഏക സന്തതിയാണ് ….
ധാരാളം സ്വത്തും കാശുമൊക്കെ ഉള്ള കുടുംബം..
പിന്നെ പ്രേമിച്ചാണ് അയാൾ വിവാഹം കഴിച്ചതും..
പക്ഷേ പിന്നെ എന്തുണ്ടായി എന്നറിയില്ല അയാളുടെ അച്ഛനും അമ്മയും മരിച്ച ശേഷം അവൾ അയാളെ ഇട്ടേച്ചു പോയി..
അതോടെ ആണ് അയാൾ ഇങ്ങനെ ആയത്..
ഒരു തരം ഭ്രാന്ത് കേറി ഇങ്ങനെ കുടിച്ചു നടക്കുവാണ്..
എല്ലാവരും കുറെ ഉപദേശിച്ചു നോക്കി നടന്നില്ല..
അയാളുടെ ജീവിതം മിക്കവാറും ഇങ്ങനെ കുടിച്ചു തീരും.
ദേവിക പറഞ്ഞു നിർത്തി….
“””കഷ്ടം! ഒരു സങ്കടം വന്നാലും സന്തോഷം വന്നാലും ഉടനെ കുടിക്കാൻ പോയിക്കോളും കുറെ എണ്ണം….
പെൺകുട്ടികൾക്കും ഇതുപോലെ സങ്കടം വരാറുണ്ട് എന്നിട്ട് നമ്മൾ ആരും കുടിക്കാൻ പോവാറില്ലല്ലോ..
“”ഇത് എന്റെ മോളെ ഇത് നീ നേരെ ചെന്ന് അങ്ങേരോട് പറ .. മറുപടി അവിടുന്ന് കിട്ടും..
“”എന്റെ പൊന്നോ ഞാനില്ല.. ഇനി ആ കാട്ടുപോത്തിന്റെ വായിലേക്ക് ഞാനില്ല..
ധ്വനിയുടെ മറുപടി കേട്ട് ദേവിക പൊട്ടി ചിരിച്ചു..
അപ്പോഴേക്കും നടന്നവർ തറവാട്ടിൽ എത്തിയിരുന്നു….
“””ശെരി എന്നാൽ ഞാൻ കേറുന്നില്ല നമുക്ക് രാവിലെ കാണാടി എന്നും പറഞ്ഞു കൊണ്ട് ദേവിക അവളുടെ വീട്ടിലേക്ക് പോയി..
മുത്തശ്ശി അവളെ കാത്ത് ഉമ്മറത്ത് ഇരുപ്പുണ്ടായിരുന്നു….
“”വിളക്ക് വെക്കാൻ പോയിട്ട് നീയെന്താ കുട്ട്യേ ഇത്ര വൈകിയത്..??
“”ഒന്നും പറയണ്ട മുത്തശ്ശി ഞാൻ ആ ദേവൂവും ആയി സംസാരിച്ചു സമയം പോയതറിഞ്ഞില്ല..
“”എനിക്ക് തോന്നിയിരുന്നു അതാണ് ഞാൻ പിന്നെ തിരക്കി വരാതെ ഇരുന്നത്..
മോളെന്തായാലും പോയി ഇത്തിരി ചുക്ക് കാപ്പി ഇട്ടു താ..
ചെറിയൊരു പനിക്കോള് ഉണ്ട്..
“””അയ്യോ ചൂടുണ്ടോ എന്നും പറഞ്ഞവൾ നെറ്റിയിൽ കൈവെച്ചു നോക്കി..
“”നല്ല ചൂടുണ്ടല്ലോ.. അല്ല എന്താ ഇപ്പോൾ പെട്ടെന്ന് പനിക്കാൻ കാരണം..
നമുക്ക് വേഗം ഹോസ്പിറ്റലിൽ പോയാലോ….?
“”വേണ്ട മോളെ നീ ഇത്തിരി കാപ്പി ഇട്ടു തന്നാൽ മതി അത് മാറിക്കോളും….
“”ശെരി മുത്തശ്ശി എന്നും പറഞ്ഞവൾ അകത്തേക്ക് പോയി..
കുറച്ചു കഴിഞ്ഞു ചുക്ക് കാപ്പിയുമായി വന്ന അവൾ കണ്ടത് നിലത്തു വീണ് കിടക്കുന്ന മുത്തശ്ശിയെ ആണ്..
അവളുടെ കൈയിൽ നിന്നും കാപ്പി ഗ്ലാസ് താഴേക്ക് വീണു..
മുത്തശ്ശി എന്നും വിളിച്ചവൾ ഓടി ചെന്ന് മുത്തശ്ശിയുടെ അടുത്തിരുന്നു..
മുത്തശ്ശിയുടെ മുഖം മടിയിലേക്ക് എടുത്തു വെച്ചു കുലുക്കി വിളിച്ചു നോക്കി..
പക്ഷേ മുത്തശ്ശിക്ക് അനക്കം ഉണ്ടായിരുന്നില്ല….
(തുടരും…)
(സ്നേഹപൂർവ്വം… ശിവ )
ശിവ യുടെ മറ്റു നോവലുകൾ
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
മിഴി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Randam Thaali written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission