Skip to content

മഴപോലെ – 8

mazha pole

”  ഞാൻ   പറഞ്ഞ  കാര്യത്തെപ്പറ്റി   ചേച്ചി  അച്ചൂനോട്‌   പറഞ്ഞോ ?   “

ചായ   ഇട്ടുകൊണ്ട്   നിന്ന   ശ്രീദേവിയോടായി   നന്ദിനി   ചോദിച്ചു. 

”  പറഞ്ഞു   പക്ഷേ  അവൾക്കുടനെയൊന്നും   ഒരു   കല്യാണം   വേണ്ടെന്നാ   അവള്   പറയുന്നത്.  “

ശ്രീദേവി   പറഞ്ഞത്   കേട്ട്   നന്ദിനി   കണ്ണുകൾ  തുറിച്ചു.

”  പിന്നിനിയെന്നാ  അവൾക്   കല്യാണം  കഴിക്കാൻ   സമയം   കിട്ടുക ?   പ്രായം   പത്തിരുപത്തിനാലായില്ലേ  പെൺകുട്ടികളെ   നല്ല   പ്രായത്തിൽ   കെട്ടിക്കണം   അല്ലാതെ   മൂത്തുനരച്ചാൽ    ആരും  വരില്ല   കെട്ടിക്കൊണ്ട്   പോകാൻ  “.

അവർ   പറഞ്ഞു.

”  ഇതൊക്കെ   എനിക്കറിയാഞ്ഞിട്ടോ   പറയാഞ്ഞിട്ടോ  ആണോ   അവള്   സമ്മതിക്കണ്ടേ.  പിടിച്ചുകെട്ടിയിട്ട്   ചെയ്യാൻ   പറ്റിയ   ഒന്നല്ലല്ലോ   കല്യാണം.   “

തിളച്ച   ചായ   ഗ്ലാസിലേക്ക്   പകർന്നുകൊണ്ട്    ശ്രീദേവി    പറഞ്ഞു.

”  ഈ   കല്യാണം   നടന്നാൽ   അവൾ   മാത്രമല്ല   നിങ്ങൾ   രണ്ടാളും   രക്ഷപെടും .   ഒറ്റ   മോനാ  നമ്മുടെ   കുട്ടിയോട്   പോരിന്   വരാൻ   ആരുമില്ല.  അച്ഛനും  അമ്മയും   മാത്രേയുള്ളൂ.   ഇട്ടുമൂടാൻ   സ്വത്തുണ്ട്.  എല്ലാം   ആ   ചെക്കനുള്ളതാ.  അവർക്ക്    വേറൊന്നും   വേണ്ട   നമ്മുടച്ചൂനെ   മാത്രം   മതി.   ചേച്ചിയവളെ   പറഞ്ഞുമനസ്സിലാക്ക്  ഇതുപോലൊരു   ബന്ധം   ഇനി  വരണോന്നില്ല.  “

ശ്രീദേവി   നീട്ടിയ   ചായ   വാങ്ങുമ്പോൾ   അവർ   പറഞ്ഞുനിർത്തി.

”  ഞാൻ   പറയാം  “

ശ്രീദേവി   പതിയെ  പറഞ്ഞു.

”  കണ്ണാ   നീ   കഴിക്കുന്നില്ലേ  ?  “

ഓഫീസിലേക്ക്   പോകാൻ   ധൃതിയിൽ   താഴേക്ക്   വന്ന   അവനെക്കണ്ട്   സുമിത്ര    വിളിച്ചുചോദിച്ചു.

”  വേണ്ടമ്മേ   ഇപ്പൊത്തന്നെ  ലേറ്റായി   “

”  നീയൊന്നവിടെ   നിന്നേ … “

പറഞ്ഞുകൊണ്ട്   ധൃതിയിൽ   പുറത്തേക്ക്   നടക്കാനാഞ്ഞ   സിദ്ധാർദ്ധിന്റെ   കയ്യിൽ   പിടിച്ചുകൊണ്ട്   സുമിത്ര   പറഞ്ഞു.

”  എന്താമ്മേ   ????  “

വാച്ചിലേക്ക്   നോക്കി   അക്ഷമയോടെ   അവൻ   ചോദിച്ചു.  പെട്ടന്ന്   അവന്റെ   അടുത്തേക്ക്   വന്ന   സുമിത്ര   കയ്യിലെ   ഇലച്ചീന്തിൽ   നിന്നും   തോണ്ടിയെടുത്ത   ചന്ദനം   അവന്റെ   നെറ്റിയിൽ   തൊടുവിച്ചു.

”  ആഹാ   പതിവില്ലാതെ   അമ്മ   അമ്പലത്തിലൊക്കെ   പോയോ ?  “

ചിരിയോടെ   അവൻ   ചോദിച്ചു.

”  മ്മ്മ്….   ഇന്നെന്റെ   ജീവിതത്തിലെ    പ്രധാനപ്പെട്ട  ഒരു   ദിവസാണ്.  “

അവന്റെ   കണ്ണിലേക്ക്   നോക്കി   നിറഞ്ഞ   പുഞ്ചിരിയോടെ   അവർ   പറഞ്ഞു.

”  ആഹാ   അതെന്താ   ഇത്ര   പ്രധാനപ്പെട്ടൊരു   ദിവസം ?  “

ആലോചനയോടെ   സിദ്ധാർഥ്   ചോദിച്ചു.

”  മക്കൾ   മറന്നാലും   അമ്മമാർക്ക്   മറക്കാൻ   കഴിയില്ലല്ലോ.   ഒരു   സ്ത്രീയെന്ന   നിലയിൽ   ഞാൻ  പൂർണതയിലെത്തിയ ,    എന്റെ   പൊന്നുമോന്   ഞാൻ   ജന്മം   നൽകിയ    ദിവസമാണിന്ന്.   എന്റെ   കണ്ണന്റെ   ജന്മദിനം  “

ആദ്യമായി   തന്റെ   കുഞ്ഞിന്റെ   മുഖം   കണ്ട   ആ   ദിവസത്തെ   അതേ   നിർവൃതിയോടെ   തന്നെ     സുമിത്ര   പറഞ്ഞു.  സിദ്ധാർദ്ധിന്റെ   ചുണ്ടിലും   പുഞ്ചിരി  വിരിഞ്ഞു. 

”  പിന്നേ…   ഉച്ചക്ക്   ഇവിടുണ്ടാവണം.  ജന്മദിനത്തിന്   ഒന്ന്   അമ്പലത്തിൽ   പോലും   നീ   പോകില്ല.  ഉച്ചക്ക്  ഞങ്ങടെ   കൂടെ    ഒരുപിടി   ആഹാരം   കഴിക്കാനെങ്കിലും   നീയുണ്ടാവണം.  “

പോകാൻ   തിരിഞ്ഞ  അവനോടായി   അവർ   പറഞ്ഞു.

”  മംഗലത്ത്   സുമിത്രാ മഹാദേവന്റെ    ആഗ്രഹമല്ലേ   പരിഗണിച്ചിരിക്കുന്നു.  “

ചിരിച്ചുകൊണ്ട്   അവരെ   കെട്ടിപിടിച്ച്   കവിളിൽ   ഉമ്മ

  വച്ചുകൊണ്ട്   സിദ്ധാർഥ്   പറഞ്ഞു.  സുമിത്രയും   ചിരിച്ചു.

 സിദ്ധാർഥ്   ഓഫീസിലെത്തുമ്പോൾ   പത്ത്   മണി   കഴിഞ്ഞിരുന്നു.  കാറിൽ   നിന്നിറങ്ങി   അകത്തേക്ക്   നടക്കുമ്പോൾ   അവന്റെ   കണ്ണുകൾ   അർച്ചനയുടെ   സീറ്റിലേക്ക്   പാഞ്ഞു.   അവിടം   ശൂന്യമായിരുന്നു. 

”  ആ   പുതിയ   കുട്ടി   വന്നില്ലേ  ??? “

തന്റെ   പിന്നാലെ   നടന്നിരുന്ന   അലീനയുടെ   നേരെ   തിരിഞ്ഞ്   സിദ്ധാർഥ്    ചോദിച്ചു.

”  ഇല്ല   സാർ … “

അവളുടെ   സീറ്റിലേക്കും   സിദ്ധാർദ്ധിന്റെ   മുഖത്തേക്കും    മാറി മാറി   നോക്കിക്കൊണ്ട്   അലീന   പറഞ്ഞു.

”  വരുമ്പോ   എന്നെ   കണ്ടിട്ട്   സീറ്റിലിരുന്നാൽ   മതിയെന്ന്   പറയണം. “

തന്റെ   ക്യാബിന്   മുന്നിലെത്തി   ഗ്ലാസ്   ഡോർ   തള്ളിത്തുറന്ന്   അകത്തേക്ക്  കയറുമ്പോൾ   സിദ്ധാർഥ്   പറഞ്ഞു.

”  ഓക്കേ  സാർ   “

തിരികെ   നടക്കുമ്പോൾ   അലീന   പറഞ്ഞു.

”  ഇന്നീ   മലമ്പാമ്പ്   അച്ചുന്റെ   കഴുത്തിൽ   ചുറ്റും.  ഇവളിതെവിടെപ്പോയോ   എന്തോ  “

അവൾ  സ്വയം  പറഞ്ഞു.  സീറ്റിലേക്ക്   ഇരുന്നുകൊണ്ട്   അവൾ    ഫോണെടുത്ത്   അർച്ചനയുടെ   നമ്പറിലേക്ക്   കോൾ   ചെയ്തു.  പക്ഷേ   റിങ്   ചെയ്ത്   തീർന്നിട്ടും   അപ്പുറത്ത്   നിന്നും   പ്രതികരണമൊന്നും    ഉണ്ടായില്ല.  അവൾ    നിരാശയോടെ   ഫോൺ   താഴെ   വച്ച്    തിരിയുമ്പോൾ   കണ്ടു   ധൃതിയിൽ    അകത്തേക്ക്   കയറി   വരുന്ന  അർച്ചനയെ.  ഓടി   തളർന്ന്    വിയർത്തുകുളിച്ചായിരുന്നു  അവളുടെ   വരവ്.

”  നീയെന്താടീ   വല്ല   ഓട്ടമത്സരവും   കഴിഞ്ഞ്   വരുവാണോ ???  “

കിതപ്പടക്കാൻ   പാട്പെടുന്ന   അവളെ   നോക്കി   അമ്പരപ്പോടെ   അലീന   ചോദിച്ചു.

”  കുറച്ച്   ലേറ്റായിപ്പോയി  “

കൈലേസുകൊണ്ട്    മുഖത്തെ   വിയർപ്പൊപ്പിക്കൊണ്ട്   അർച്ചന   പറഞ്ഞു.

”  അല്ല   എനിക്കും  മുന്നേ   ഹോസ്റ്റലിന്ന്   ഇറങ്ങീട്ട്   നീയിതുവരെ   എവിടെപ്പോയിക്കിടന്നു ???  “

അലീന   വീണ്ടും   ചോദിച്ചു.

”  ഞാനൊന്ന്   അമ്പലത്തിൽ   പോയതാ  “

  ” നന്നായി    നീ   അമ്പലത്തിൽ   ദൈവത്തിനെ   സോപ്പിടാൻ   ചെന്നിട്ടും   പുള്ളിക്കാരൻ   നിനക്കുള്ള   പണി  നിനക്കും   മുന്നേ   ഇങ്ങോട്ട്   അയച്ചല്ലോ   മോളെ  “

ചിരിച്ചുകൊണ്ട്   അലീന   ചോദിച്ചു.  ഒന്നും   മനസ്സിലാവാതെ   അർച്ചന   അവളുടെ   മുഖത്തേക്ക്   ചോദ്യഭാവത്തിൽ    നോക്കി.

”  എടീ   സിദ്ധാർഥ്   സാറ്   വന്നു.   വന്നയുടൻ   തിരക്കിയത്   നിന്നെയാ .  വരുമ്പോൾ   അങ്ങോട്ട്   ചെന്നേക്കണമെന്നാ  ഓർഡർ.  “

അലീന   പറഞ്ഞത്   കേട്ട്   അർച്ചന  തലക്ക്   കൈകൊടുത്ത്   കസേരയിലേക്കിരുന്നു.  അവൾ   ടേബിളിലിരുന്ന   വെള്ളം   ധൃതിയിൽ   കുടിക്കുന്നത്   കണ്ട്   ചിരിയടക്കാൻ   പാട്പെടുകയായിരുന്നു   അലീന.

”  അതേ   മുഴുവൻ   കുടിക്കേണ്ട.   അകത്തുന്ന്   വയറുനിറയെ    കിട്ടുമല്ലോ    അത്   കഴിഞ്ഞ്   വന്ന്   കുടിക്കാൻ   കുറച്ച്   വച്ചേക്ക്.  “

”  പ്രാകാതെടീ   ജന്തു   “

അവൾ   പറഞ്ഞത്   കേട്ട്   അർച്ചന    കണ്ണുരുട്ടിക്കൊണ്ട്    പറഞ്ഞു.  അർച്ചന   സിദ്ധാർദ്ധിന്റെ   മുറിയിലെത്തുമ്പോൾ    അവൻ   ലാപ്ടോപ്പിൽ   എന്തോ   ചെയ്തു   കൊണ്ടിരിക്കുകയായിരുന്നു.    അകത്തേക്ക്   വന്ന   അവളെക്കണ്ട്   തല   ഉയർത്തിയ   അവന്റെ   കണ്ണുകൾ    അവളിൽ   തങ്ങി  നിന്നു.

തന്റെ   പ്രീയപ്പെട്ട   നിറമായ   കറുപ്പ്   കളറിലൊരു   സാരിയായിരുന്നു   അവളുടെ   വേഷം.  നീണ്ട   മുടി   കുളിപിന്നൽ   കെട്ടി    തുളസിക്കതിർ   തിരുകി   പിന്നിൽ   വിടർത്തിയിട്ടിരുന്നു.  നെറ്റിയിലെ   കുഞ്ഞ്   കറുത്ത   പൊട്ടിന്   മുകളിൽ   തൊട്ടിരുന്ന   ചന്ദനക്കുറി   വിയർപ്പിൽ   നനഞ്ഞിരുന്നു.  കരിയെഴുതിയ   വിടർന്ന   കണ്ണുകളും   മൂക്കിൻ   തുമ്പിലുരുണ്ട   വിയർപ്പ്   തുള്ളികളും   അവളിലേക്ക്   അവനെ   വലിച്ചടുപ്പിച്ചു.   അവളെ   കാണുമ്പോൾ   തന്നെ   പറയാൻ   വിചാരിച്ചിരുന്ന   വക്കുകളൊന്നും   ഓർമയിൽ   വരാതെ   അവളെത്തന്നെ   നോക്കി   ഒരു   സ്വപ്നത്തിലെന്ന   പോലെ   അവനിരുന്നു..

”  സാർ…. “

അവളുടെ   ശബ്ദം   കേട്ട്   ഒരു   ഞെട്ടലോടെ  അവൻ   കണ്ണുകൾ   പിൻവലിച്ചു. 

”  ഇപ്പോഴാണോ   ഓഫീസ്   ടൈം ???   “

മനസ്സിനെ   നിയന്ത്രിക്കാൻ   ശ്രമിച്ചുകൊണ്ട്    സിദ്ധാർഥ്   പെട്ടന്ന്   ചോദിച്ചു.

”  സോറി   സാർ   ഒന്നമ്പലത്തിൽ   പോയത്   കൊണ്ടാ  “

അവന്റെ   മുഖത്ത്   നോക്കാതെ  തന്നെ   അർച്ചന   പതിയെ   പറഞ്ഞു.

”  തോന്നുന്ന  സമയത്ത്   കയറി  വരാനുള്ളതല്ല   ഈ   ഓഫീസ്.  ഡോണ്ട്   റിപീറ്റ്   എഗൈൻ  “.

കൂടുതൽ   സമയം   അവളടുത്ത്   നിന്നാൽ   മനസ്സ്   പിടിവിട്ട്   പോകുമെന്ന്    തോന്നി   അവളെ   പറഞ്ഞുവിടാനായി   അവൻ   പെട്ടന്ന്   പറഞ്ഞു. ഒന്ന്   മൂളി   അർച്ചന   പുറത്തേക്ക്   നടന്നു.  അപ്പോഴും   സിദ്ധാർദ്ധിന്റെ   കണ്ണുകൾ   അവളിൽത്തന്നെയായിരുന്നു. 

പണ്ട്   തന്റെ   പിറന്നാൾ   ദിവസങ്ങൾ   ഓർത്തുവച്ച്    അമ്പലത്തിൽ   പോയിരുന്ന   അവളുടെ   ചിത്രം   അവന്റെ    ഓർമയിൽ   വന്നു.

പുറത്തേക്ക്   നടന്ന   അർച്ചനയുടെ   ചിന്തകളും   മറിച്ചായിരുന്നില്ല.  കമ്യുണിസത്തിൽ   മാത്രം   വിശ്വാസിച്ചിരുന്ന   അവന്റെ   ഓരോ   പിറന്നാൾ   ദിനത്തിലും   അമ്പലത്തിൽ   പോയിരുന്നതും    ആ   നെഞ്ചോട്   ചേർന്ന്   നിന്ന്   നെറ്റിയിൽ   ചന്ദനം   തൊടുവിച്ചതുമൊക്കെ   ഇന്നലെയെന്നത്   പോലെ   അവളുടെ   മുന്നിലൂടെ   കടന്നുപോയി.   അരികിൽ   ചേർന്ന്   നിൽക്കുമ്പോൾ    ഇടുപ്പിനെ   ചുറ്റിവരിഞ്ഞിരുന്ന   ആ   കൈകളുടെ  സ്പർശനത്തിൽ   മിഴികൾ  കൂമ്പിയടഞ്ഞ   തന്നെ  നോക്കുന്ന   അവന്റെ   ചുണ്ടിലെ   കുസൃതിച്ചിരി   ഓർത്തപ്പോൾ   അറിയാതെ  അവളുടെ   അധരങ്ങളിലുമൊരു   പുഞ്ചിരി   വിരിഞ്ഞു. 

പുറത്തൊരു   വണ്ടി   വന്നുനിന്ന   ശബ്ദം   കേട്ടാണ്   അടുക്കളയിൽ   എന്തോ   ചെയ്തുകൊണ്ടിരുന്ന   ശ്രീദേവി   പുറത്തേക്ക്   വന്നത്.  കാറിൽ    നിന്നിറങ്ങി   മുറ്റത്തേക്ക്   വന്ന  മംഗലത്ത്   മഹാദേവനെക്കണ്ട്   അവരുടെ    മുഖം   മങ്ങി.

”  കയറിയിരിക്കാം  “

പൂമുഖത്ത്   ഇട്ടിരുന്ന   കസേരയിലേക്ക്   ചൂണ്ടി   ശ്രീദേവി   പറഞ്ഞു.  അയാൾ   പതിയെ   അകത്തേക്ക്   കയറി   ഇരുന്നു.  അപ്പോഴും   അയാളുടെ   വരവിന്റെ   ഉദ്ദേശമറിയാതെ   ആ   മുഖത്തേക്ക്   തന്നെ   നോക്കിയിരിക്കുകയായിരുന്നു   അവർ.

”  ഒരിക്കൽ   എന്റെ   മകന്റെ   കയ്യിൽ   നിന്നും   ഞാൻ   തട്ടിയെറിഞ്ഞ   അവന്റെ   ജീവിതം   മടക്കി   ചോദിക്കാനാണ്   ഞാൻ   വന്നത് . പറ്റില്ലെന്ന്   പറയരുത്.  “

മുഖവുരയില്ലാതെ   പതിഞ്ഞ   സ്വരത്തിൽ   മഹാദേവൻ   പറഞ്ഞു.

”  മനസിലായില്ല  “

അയാളുടെ   മുഖത്തേക്ക്   സൂക്ഷിച്ചുനോക്കി   ശ്രീദേവി   ചോദിച്ചു.

”  ചോദിക്കാനുള്ള   അർഹതയില്ലെന്ന്   അറിയാം   എങ്കിലും  മംഗലത്ത്   സിദ്ധാർഥ്   മേനോന്റെ   ഭാര്യയായ്   ശ്രീദേവിയുടെ   മകൾ   അർച്ചനയെ   ചോദിക്കാനാണ്   ഞാനിപ്പോ   വന്നത്.  “

അയാൾ   പറഞ്ഞത്   കേട്ട്   ശ്രീദേവിയുടെ    മുഖത്തൊരു   പുച്ഛച്ചിരി   വിരിഞ്ഞു.

”  അത്   നടക്കില്ല.   മംഗലത്ത്   മഹാദേവന്റെ   മരുമകളാകാനുള്ള   യോഗ്യതയൊന്നും   ഈ   മൂന്ന്   വർഷം   കൊണ്ട്  എന്റെ   മോൾക്ക്   വന്നിട്ടില്ല.  നിങ്ങളെപ്പോലൊരാളുടെ   മകനെ   മോഹിക്കാനുള്ള   അർഹതയും   ഞങ്ങൾക്കില്ല.  ഒരിക്കൽ   അങ്ങനൊരു   തെറ്റ്   എന്റെ   മോൾക്ക്  പറ്റി  പക്ഷേ   ഞാനതവളെ    പറഞ്ഞുമനസ്സിലാക്കി.  ഇപ്പൊ   അവൾക്ക്   അങ്ങനത്തേ   മോഹങ്ങളൊന്നുമില്ല “.

അയാളുടെ   മുഖത്ത്   നോക്കി    ഉറച്ച  സ്വരത്തിൽ    ശ്രീദേവി   പറഞ്ഞുനിർത്തി.

”  ശ്രീദേവി …  തെറ്റെന്റെ   ഭാഗത്താണ്.  അന്നെനിക്കറിയില്ലായിരുന്നു   സിദ്ധു   അർച്ചനയെ  ഇത്ര   ആഴത്തിൽ   സ്നേഹിച്ചിരുന്നുവെന്ന്.  ഞാൻ   വളരെ   നിസ്സാരമായി   അവനിൽ   നിന്നും   പറച്ചെടുത്തത്   അവന്റെ   ജീവിതം  തന്നെയായിരുന്നെന്നോ   അതവനെ   ഇത്രയും  തകർത്തുകളയൂമെന്നോ   സ്വപ്നത്തിൽപ്പോലും   ഞാൻ   കരുതിയിരുന്നില്ല.  ആ   സംഭവത്തിന്   ശേഷം   ഇന്നുവരെ   അവനെന്നോടൊന്ന്   മിണ്ടിയിട്ടില്ല.  എന്നെ   തോൽപ്പിക്കാൻ   സ്വയം   നശിച്ചുകൊണ്ടിരിക്കുന്ന . അവനെയെനിക്ക്   തിരിച്ചുവേണം   ശ്രീദേവി.  അവനെയിനി   പഴയ   ജീവിതത്തിലേക്ക്   തിരിച്ചുകൊണ്ടുവരാൻ   ഒരാൾക്കേ   കഴിയൂ.  അർച്ചനയ്ക്ക്.   എല്ലാം   മറന്ന്   അവളെ   ഞങ്ങൾക്ക്   തന്നൂടെ   ശ്രീദേവി  ???  “

അവർക്ക്    നേരെ   കൈകൾ   കൂപ്പി   മഹാദേവൻ   ചോദിച്ചു.  എന്നിട്ടും   അല്പം   പോലും   ദയ   ശ്രീദേവിയുടെ   ഉള്ളിൽ   തോന്നിയില്ല.

”  എല്ലാം   മറക്കണമെന്ന്   നിങ്ങൾ   പറഞ്ഞപ്പോൾ   ഒറ്റവാക്കിൽ   തീർന്നു.  പക്ഷേ   ഈ   സംഭവങ്ങൾ   എന്റെ   കുഞ്ഞിനെ   എത്ര   തകർത്തെന്ന്   നിങ്ങൾക്കറിയോ ???   അവൾ   കുടിച്ച   കണ്ണുനീര്    നിങ്ങൾക്കറിയോ  ??  അവളെ   തിരിച്ചുകൊണ്ടുവരാൻ   ഞാൻ   സഹിച്ച   കഷ്ടപ്പാടുകളറിയോ  ??? “

അവരുടെ   ചോദ്യങ്ങൾക്ക്   മുന്നിൽ    മൊഴിയില്ലാതെ   മഹാദേവൻ   തളർന്ന്   നിന്നു.

”  ശ്രീദേവി   ഞാൻ  … “

”  ഇനി  ഇതേപ്പറ്റിയൊരു   സംസാരം   വേണ്ട    ഇപ്പൊ   അവളെല്ലാം   മറന്നിരിക്കുകയാണ്.  ഇനി   പഴയതൊന്നും   ഓർമിപ്പിച്ച്  ഒരു   പരീക്ഷണവസ്തുവായിട്ട്   എന്റെ   കുഞ്ഞിനെ   ഞാൻ   വിട്ടുതരില്ല.  മാത്രമല്ല   അവൾക്ക്   നല്ലൊരു   ആലോചന   വന്നിട്ടുണ്ട്.  അത്   നടത്താൻ   തന്നെയാ   എന്റെ   തീരുമാനം. അതിനിടയിൽ   മറ്റൊന്നും   ഞാൻ   സമ്മതിക്കില്ല.  “

എന്തോ   പറയാനാഞ്ഞ   അയാളുടെ   വാക്കുകളെ   മറികടന്ന്  ശ്രീദേവി   പറഞ്ഞുനിർത്തി.  പിന്നീടൊന്നും   പറയാനില്ലാതെ   അയാൾ   പുറത്തേക്ക്   നടന്നു.

മഹാദേവന്റെ   കാർ   ചിത്തിരയുടെ   മുറ്റം   കടന്ന്   പോയതും    ശ്രീദേവി   ഫോണെടുത്ത്   അർച്ചനയുടെ   നമ്പറിലേക്ക്   വിളിച്ചു.

”  എന്താ   ദേവൂട്ടീ   ഈ   നേരത്തൊരു   വിളി  ???  “

മറുവശത്ത്   നിന്നും   ചിരിയോടെയുള്ള   അർച്ചനയുടെ   ചോദ്യം   കേട്ടു. 

”  അച്ചൂ   ഞാൻ   പറഞ്ഞതിനെക്കുറിച്ച്   നീ   ആലോചിച്ചോ ?  “

ഗൗരവത്തിൽ  തന്നെ   ശ്രീദേവി   ചോദിച്ചു.  പെട്ടന്ന്   അർച്ചനയുടെ   മുഖം     മങ്ങി. 

”  അതമ്മേ   ഞാൻ …. എനിക്കിപ്പോ ….. “

അവൾ   വിക്കി .

”  എപ്പോഴത്തേയും   പോലെ   കല്യാണം  വേണ്ടെന്നുള്ള   പതിവ്   പല്ലവിയാണ്  എന്റെ  മോൾക്ക്  പറയാനുള്ളതെങ്കിൽ  അതിനി  എന്നോട്  പറയണ്ട.  എനിക്ക്   വയ്യാതായിക്കൊണ്ടിരിക്കുവാ   അതുകൊണ്ട്    നീയിനി   ഇങ്ങനെ   നിന്നാൽ  എനിക്ക്   സമാധാനപ്പെട്ടിരിക്കാൻ   പറ്റില്ല.  നിന്റെ   മനസ്സിൽ   ഇനിയെന്തായാലും   അതൊക്കെ   മറന്ന്   നീയീ   വിവാഹത്തിന്   സമ്മതിച്ചേപറ്റൂ. “

ശ്രീദേവിയുടെ   വാക്കുകൾ   കേട്ട്   അർച്ചന   പതിയെ   സീറ്റിൽ   നിന്നുമെണീറ്റ്   പുറത്തേക്ക്   നടന്നു.

”  നീയെന്താ   ഒന്നും   മിണ്ടാത്തത്  ???  “

ശ്രീദേവി   വീണ്ടും   ചോദിച്ചു.  അപ്പോഴും   അർച്ചന   മൗനമായിത്തന്നെ   നിൽക്കുകയായിരുന്നു.

”  അച്ചൂ   ഞാൻ   നിന്നോടാ   ചോദിച്ചത്  “

ശ്രീദേവിയുടെ   ശബ്ദം   ഉയർന്നു.   അപ്പോഴേക്കും   അർച്ചനയുടെ  മിഴികൾ   നിറഞ്ഞൊഴുകിത്തുടങ്ങി. 

”  അമ്മേ   ഞാൻ  പിന്നെ   വിളിക്കാം  “

പറഞ്ഞുകൊണ്ട്   മറുപടിക്ക്   കാത്തുനിൽക്കാതെ   അവൾ   ഫോൺ   കട്ട്‌  ചെയ്തു. 

വീട്ടിലേക്ക്   പോകാൻ  പുറത്തേക്ക്   വരികയായിരുന്ന  സിദ്ധാർഥ്   പെട്ടന്ന്  നിന്നു.  പുറത്തേക്കുള്ള   ഡോറിന്   പുറത്ത്   ഭിത്തിയിൽ   ചാരി    പൊട്ടിക്കരഞ്ഞുകൊണ്ട്   നിൽക്കുന്ന   അർച്ചനയെക്കണ്ട്  അവനൊന്ന്   അറച്ചുനിന്നു.  അല്പനേരം   അവളെത്തന്നെ   നോക്കിനിന്നശേഷം   അവൻ   പതിയെ   അങ്ങോട്ട്  ചെന്നു.

” അർച്ചന… “

അവൻ   വിളിച്ചു.  അവൾ   പെട്ടന്ന്   ഞെട്ടിത്തിരിഞ്ഞുനോക്കി.  പിന്നിൽ   തന്നെത്തന്നെ   നോക്കി   നിൽക്കുന്ന  സിദ്ധാർദ്ധിനെ   കണ്ടതും  അവൾ   ധൃതിയിൽ   കണ്ണുകൾ   തുടച്ചു.  അച്ചൂ   എന്ന്   പ്രണയത്തോടെ   മാത്രം   വിളിച്ചിരുന്ന   അവന്റെ  നാവിൽ   നിന്നും    അർച്ചന   എന്ന  വിളി   കേട്ടപ്പോൾ    അറിയാതെ   അവളുടെ   നെഞ്ചിലൊരു   കൊളുത്തി   വലി  തോന്നി.

”  എന്താ ??  “

ഗൗരവത്തിൽ   തന്നെ   അവൻ  ചോദിച്ചു. 

”  നതിങ്   സാർ   “

പറഞ്ഞുകൊണ്ട്  അവൾ   വേഗത്തിൽ   അകത്തേക്ക്   നടന്നു.  അവളുടെ   ആ   പോക്ക്   നോക്കി   സിദ്ധാർഥ്   അവിടെത്തന്നെ   നിന്നു. അകത്തുവന്ന്   സീറ്റിലേക്ക്   ഇരുന്ന   അർച്ചന   ഹാൻഡ്   ബാഗിൽ   നിന്നും   കൈലേസ്   പുറത്തെടുത്ത്   മുഖം   അമർത്തിത്തുടച്ചു.   അത്  തിരികെ   വയ്ക്കാൻ   വീണ്ടും   ഉള്ളിലേക്ക്   കയ്യിട്ടപ്പോൾ   നനവ്   പടർന്ന  ഒരു   ചെറിയ   പൊതി   അവളുടെ  കയ്യിൽ   തട്ടി.  അവൾ  പതിയെ   അത്   കയ്യിലെടുത്തു.  രാവിലെ    അമ്പലത്തിൽ   പോയപ്പോൾ   അർച്ചന   കഴിച്ചതിന്റെ   പ്രസാദമായിരുന്നു   അത്.  അതിലുണ്ടായിരുന്ന   രസീതിലെ   അക്ഷരങ്ങളിലൂടെ   അവളുടെ   മിഴികൾ   ചലിച്ചു.

” സിദ്ധാർഥ്

അനിഴം “

പെട്ടന്ന്   ശ്രീദേവിയുടെ   വാക്കുകൾ   മനസ്സിലേക്ക്   ഓടിയെത്തിയ   അവളുടെ   കയ്യിലിരുന്ന്   ആ   പേപ്പർ   വിറകൊണ്ടു.    ഒപ്പം   അവളുടെ   മിഴികളിൽ   നിന്നും  രണ്ടുതുള്ളി  കണ്ണുനീർ   അതിലേക്കിറ്റുവീണു. 

തുടരും…..

 

അഭിരാമി അഭിയുടെ മറ്റു നോവലുകൾ

നിനക്കായ്‌

അഗസ്ത്യ

നിൻ നിഴലായ്

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!