Skip to content

ലൂസി എന്ന നഗര വേശ്യ (കഥ)

ലൂസി എന്ന നഗര വേശ്യ (കഥ)

 

ആരെയോ തിരയുന്ന ഭാവമായിരുന്നു ലൂസിയുടെ ചലനങ്ങളിൽ.

തിളങ്ങുന്ന വെയിലിൽ കടപ്പുറത്തെ മണൽത്തരികളിലൂടെ തോളിൽ  തൂക്കിയിട്ട വാനിറ്റി ബാഗുമായി  ആൾക്കൂട്ടങ്ങളിൽ അവർ നടക്കുന്നു. വൈകുന്നേരങ്ങളിൽ കുറേ കുട്ടികൾ അവർക്കു ചുറ്റും കൂടി കലപില ശബ്ദം ഉണ്ടാക്കുന്നു.

ഇളം നിറങ്ങളിൽ   കരയുള്ള നേരിയതാണ് സ്ഥിരം വേഷം. എണ്ണതേച്ചു ഭംഗിയായി കെട്ടിയ മുടിയിൽ തുളസിക്കതിർ കാണാത്ത ദിവസങ്ങളില്ല.

അൻപതോടടുത്ത പ്രായം. നെറ്റിയിൽ പതിവായിചന്ദനക്കുറി. കണ്ണുകളിൽ വറ്റിപ്പോയ സ്നേഹത്തിന്റെ വരൾച്ച. മുഖത്ത്  പഴയ കാലത്തെ പ്രൗഢിയുടെ തിളക്കം.

ഇവരാണ് ലൂസി എന്ന നഗര വേശ്യ.

പലപ്പോഴും ഒരാൾ ഒറ്റക്കോ,  രണ്ടോ മൂന്നോ ആളുകളോ   വന്നു കടപ്പുറത്തെ കാറ്റാടി മരങ്ങൾക്കിടയിൽ നിന്ന്  ലൂസിയുമായി  സംസാരിക്കുന്നതു പതിവായി കാണുന്ന കാഴ്ചയാണ്.

ആ ഒത്തുചേരലിന്റെ അവസാനത്തിൽ, റോഡരികിൽ കാത്തിരിക്കുന്ന ഓട്ടോറിക്ഷയിലോ, കാറിലോ കയറി അവരോടൊത്തു ലൂസി പോകുന്നതും  കാണാം.

അപ്പോഴും അവർ   തല അങ്ങോട്ടും ഇങ്ങോട്ടും ചരിച്ചും, പൊക്കിയും  ആരെയോ തേടുന്നതുപോലെ തോന്നും.

മടങ്ങി വരുമ്പോൾ ചില ദിവസങ്ങളിൽ ലൂസിയുടെ വയറിലോ, കഴുത്തിലോ, മുതുകിലോ   ചുവന്ന പാടുകൾ കാണാറുണ്ട്.  അത് നഖത്തിന്റെയോ പല്ലിന്റേയോ ആയിരിക്കാം.

ക്രിസ്റ്റഫർ സാർ  ആണ് അവരെ കുറിച്ച്  എനിക്ക് പറഞ്ഞു തന്നത്. മനോരോഗ  പഠനത്തിന്റെ  ഭാഗമായി ഒരു  പ്രബന്ധം തയ്യാറാക്കുന്ന  അലച്ചിലിൽ  സാർ കാണിച്ചുതന്ന ഒരു  കച്ചിത്തുരുമ്പ്.

പുലരുന്നത് മുതൽ സന്ധ്യ വരെ കടൽ തീരത്തെ  കാറ്റേറ്റ് വർഷങ്ങളായി നടക്കുന്ന ലൂസി. കെട്ടുപിണഞ്ഞുകിടക്കുന്ന അവരുടെ മനസ്സിന്റെ അടിവേരുകൾ വേറിട്ടെടുക്കാൻ കഴിയണം. ഓർമകളുടെ ആഴക്കടലിൽ ചെളിയടിഞ്ഞു തിരയിളക്കം നിന്നുപോയ ഞരമ്പുകൾ പുനർജീവിക്കണം.

അന്വേഷണങ്ങളുടെ ഭാഗമായി തനിക്കു കിട്ടിയ അറിവുകൾ ക്രിസ്റ്റഫർ സാറിനു  അയച്ചുകൊടുത്തു.

വത്സല എന്നായിരുന്നു ലൂസിയുടെ യഥാർത്ഥ പേര്.

പൂർത്തീകരിക്കാൻ കഴിയാത്ത ഒരു പ്രണയത്തിന്റെ മറുവശമായിരുന്നു വത്സല എന്ന സ്ത്രീ.

സമ്പന്നമായിരുന്ന നായർ തറവാട്ടിൽ ജനനം. പ്രായപൂർത്തിയാവുന്നതിനു മുന്നേ പ്രണയം തോന്നിയത് കൂടെ പഠിച്ച  ലൂസിഫർ എന്ന അരയൻ ക്രിസ്ത്യാനിയോട് .   എട്ടാം ക്ലാസ്സിൽ വെച്ച് ലൂസിഫർ  പഠിത്തം നിർത്തി കടലിൽ പോകാൻ തുടങ്ങി. പരസ്പരം കാണാതെ ഒരു ദിവസം പോലും മുന്നോട്ടു പോകില്ലെന്ന അവസ്ഥയിൽ എത്തിയിരുന്നു രണ്ടു പേരും.

അഞ്ചു വർഷം നീണ്ട പ്രണയം. ഒടുവിൽ വത്സലയുടെ അമ്മാവന്മാർ  അറിഞ്ഞപ്പോൾ ലൂസിഫറെ ആരുമറിയാതെ കൊന്നു കളയാൻ പദ്ധതിയിട്ടു.

ആ ദിവസം സന്ധ്യക്കു കടപ്പുറത്തു  ലൂസിഫറിന് വേണ്ടി  കാത്തിരിക്കുകയായിരുന്നു  വത്സല. ദീപാരാധന തൊഴുതുവരാം എന്ന് പറഞ്ഞു വീട്ടിൽ നിന്ന്  ഇറങ്ങിയതായിരുന്നു.

കടപ്പുറം വിജനമായി തുടങ്ങി.

മാനത്തു അമ്പിളിയും കൂടെ താരകങ്ങളും നിറഞ്ഞു തുടങ്ങി.

“ഈ കാത്തിരിപ്പിനൊരു രസമുണ്ട്, നല്ല സുഖമുണ്ട്. വീട്ടിൽ എത്താൻ വൈകിയാൽ…പക്ഷെ കാണാതിരിക്കാനാവുന്നില്ല”. വത്സല ആലോചിച്ചു.

നിലാവിൽ ഒരു നിഴൽ പോലെ ലൂസിഫറിന്റെ രൂപം അവൾ കണ്ടു. വത്സലയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. “ഇനി തനിക്കു ഭയപ്പെടേണ്ട”.

“ലൂസീ”, അവൾ പതുക്കെ വിളിച്ചു. അവൻ അടുത്തേക്ക് എത്തിയതും അവളുടെ ദേഹത്തേക്ക് ചാഞ്ഞു വീണു.

“എന്റെ വത്സലേ, ചതിവ് പറ്റി  മോളെ”.

“അയ്യോ ലൂസീ, മുഴുവൻ ചോരയാണല്ലോ”. അവൾ കരയാൻ തുടങ്ങി.

“കരയല്ലേ പൊന്നേ.  നിന്റെ അമ്മാവന്റെ  ആളുകൾ എന്നെ അന്വേഷിച്ചു വരുന്നുണ്ട്.  നമുക്ക് ഒരുമിക്കാൻ പറ്റില്ല വത്സലേ. നീ പോയ്‌ക്കോ”.

വയറിനു നടുവിലായി നല്ല ആഴത്തിലുള്ള മുറിവ്. വത്സല അവളുടെ രണ്ടാം മുണ്ടെടുത്തു ആ  മുറിവിൽ  കെട്ടി.

ദൂരെ നിന്ന് ആളുകൾ ഓടി വരുന്നു. അവൾ ലൂസിഫറെ ഒരു വള്ളത്തിന്റെ വശത്തേക്ക് ആരും കാണാതെ  നീക്കി.

“ഞാൻ മരിക്കും വത്സല”.

അവളുടെ മടിയിൽ തല വെച്ച് അവൻ പറഞ്ഞു.

“ഇല്ല. ഞാൻ സമ്മതിക്കില്ല ലൂസീ “.

അവൾ അവന്റെ ചുണ്ടിൽ ചുംബിച്ചു.

മുടിയിലൂടെ വിരലുകൾ കൊണ്ട് പതുക്കെ തലോടി.

“ലൂസീ …ഈ വത്സല എന്നും നിന്റെ  മാത്രം ആയിരിക്കും. ഞാൻ നിന്റെ കൂടെ ഉണ്ട്. എന്നെ ഒറ്റക്കാക്കി പോകരുതേ ലൂസി.”

അന്വേഷിച്ചു വന്ന ആളുകൾ പരിസരത്തുനിന്നും മറയുന്നതുവരെ അവൾ അനങ്ങിയില്ല.

മടിയിൽ കിടക്കുന്ന ലൂസിഫറിന്റെ ജീവൻ അവനെ  വിട്ടു പോകുന്നത് വത്സല കണ്ടു. നിശ്ചലമായ  അവന്റെ  കണ്ണുകൾ അവളെ നോക്കി അടയാതെ കിടന്നു.

ഒന്നുറക്കെ കരയാൻ ആ നിമിഷത്തിൽ അവൾക്കു പറ്റിയില്ല.

വത്സലയുടെ മനസ്സിന്റെ കണ്ണികൾ ശരീരത്തിൽ നിന്നും  വേർപെട്ടു  തുടങ്ങിയ നിമിഷം.

വത്സല അവന്റെ  ശരീരത്തെയും വലിച്ചു കടലിലേക്ക് നീങ്ങി. “നമുക്ക് പോകാം ലൂസി, നമുക്കൊരുമിച്ചു പോകാം”.

ആർത്തലച്ചുവരുന്ന തിരയുടെ ശബ്ദത്തിലേക്കു അവർ ഇറങ്ങി.

അടുത്തദിവസം രാവിലെ കടൽത്തീരത്ത് തോണിയിറക്കാൻ വന്ന മുക്കുവരാണ് വത്സലയെ  കണ്ടത്. അവൾക്കു ജീവൻ നഷ്ടപ്പെട്ടിരുന്നില്ല.

ബോധം വന്നപ്പോൾ അവളെഴുന്നേറ്റു ആ കടപ്പുറത്തുകൂടി ഓടി.

ആറ് പകലും ആറ് രാത്രിയും വത്സല കടപ്പുറത്തുനിന്നും  പോകാൻ കൂട്ടാക്കിയില്ല.

അനന്തരം വത്സല ആ തീരത്തിന്റെ  ഭാഗമായി.

ലൂസിഫർ എന്നെങ്കിലുമൊരിക്കൽ വരും എന്ന വിശ്വാസത്തോടെ കടലിനോടും കരയോടും മൗനമായ് കഥകൾ പറഞ്ഞവൾ നടന്നു. കുറേ നാൾ വത്സലയുടെ അച്ഛൻ ഒരു നിഴൽ പോലെ അവളുടെ പിന്നാലെ ഉണ്ടായിരുന്നു, മകൾക്കു ഒരാപത്തും വരാതിരിക്കാൻ. വർഷങ്ങൾ  കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. വത്സല ഒറ്റക്കായി.

ഒരിക്കൽ കടൽ കാണാൻ വന്ന ഒരു കൂട്ടം യുവാക്കൾ അതിലൊരാൾ അവരുടെ കൂട്ടുകാരനെ  ഉറക്കെ വിളിച്ചു.

” ലൂസിഫർ….”

ഞെട്ടിയെഴുന്നേറ്റ വത്സല ആ കൂട്ടത്തിലേക്കു ചെന്ന് അവരോടു ചോദിച്ചു, “എവിടെ എന്റെ ലൂസി. നിങ്ങൾ കണ്ടോ.  എനിക്കെന്റെ ലൂസിയെ കാണിച്ചു തരൂ. ഞാൻ നിങ്ങളുടെ കൂടെ വരാം”.

അവർ പരസ്പരം നോക്കി.

മനസ്സിന്റെ താളം തെറ്റിയിരുന്നെങ്കിലും  അവൾ എന്നും  സുന്ദരിയായിട്ടേ കടപ്പുറത്തു വരാറുള്ളൂ. എണ്ണ തേച്ചു കുളിച്ച തലമുടിയിൽ തുളസിക്കതിർ ചൂടി മുണ്ടും നേര്യതും ഉടുത്തു നടക്കുന്ന അവളൊരു മനോരോഗിയാണെന്നു കാണുന്നവർ വിശ്വസിക്കില്ല.

ആ യുവാക്കൾ  അവളോട് പറഞ്ഞു, “ഞങ്ങളുടെ കൂടെ വരൂ. കാണിച്ചു തരാം”. പ്രായത്തിന്റെ അപക്വതയിൽ അവർ വത്സലയെ തെറ്റിദ്ധരിച്ചു.

അവർ അവളെ ലൂസിയെന്നു വിളിച്ചു.

അതായിരുന്നു തുടക്കം.

തിരിച്ചു വരുമ്പോൾ അവളുടെ ബാഗിൽ നിറയെ പണമുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ കടപ്പുറത്തു കളിയ്ക്കാൻ വരുന്ന കുട്ടികൾക്കിടയിലേക്കു അവളാ നോട്ടുകൾ വലിച്ചെറിഞ്ഞു. കടലിലേക്ക് നോക്കി വത്സല  പൊട്ടി പൊട്ടി ചിരിച്ചു.

അറിഞ്ഞും കേട്ടും ചിലർ ഒറ്റക്കും, പിന്നെ കൂട്ടമായും ലൂസിയെ തേടിവരുന്നത് പതിവായി.

ലൂസി എന്ന് വിളിച്ചാൽ  വത്സല ഒരു ദിവാസ്വപ്നത്തിന്റെ ബാക്കിയെന്നപോലെ എല്ലാം മറന്നു വിളിച്ചവരുടെ കൂടെ പോകും, ഒരു സ്വപ്ന സഞ്ചാരിയെപ്പോലെ.

വൈകുന്നേരങ്ങളിൽ അവളെറിഞ്ഞു കൊടുക്കുന്ന പണത്തിനു വേണ്ടി കുട്ടികളുടെ ഒരു കൂട്ടം എന്നും  ആ കടപ്പുറത്തു ബഹളം കൂട്ടി  വത്സലക്കു ചുറ്റും നടന്നു കൊണ്ടിരുന്നു.

വർഷങ്ങൾക്കിപ്പുറം അവരുടെ പേര് ലൂസി എന്നായി.

ആർക്കും എപ്പോഴും വിളിച്ചുകൊണ്ടുപോയി ചിലവില്ലാതെ  അനുഭവിക്കാൻ  കഴിയുന്ന ഒരു  നഗര വേശ്യ.

മനോരോഗിയായ വേശ്യ.

അന്ന് കിട്ടിയ നോട്ടുകൾ കുട്ടികൾക്കിടയിലേക്കു വലിച്ചെറിയുകയായിരുന്നു അവർ.

“ലൂസീ”, ഞാൻ പതുക്കെ വിളിച്ചു. അവർ വരണ്ട കണ്ണുകളാൽ എനിക്ക് ചുറ്റും പരതി.

ആ കണ്ണുകളിലെ വറ്റാത്ത സ്നേഹത്തിന്റെ തിളക്കം ഞാൻ കണ്ടു. ക്ഷതം പറ്റിയ ചുണ്ടുകൾ കൊണ്ട് എന്തോ പറയാൻ പുറപ്പെടുന്നു. ശക്തി നഷ്ടപ്പെട്ട അരകെട്ടുകൾ കാലുകളിൽ ഉറച്ചുനിർത്താൻ പ്രയാസപ്പെടുന്നു. നീറുന്ന  മാറിടങ്ങളിൽ പതുക്കെ തലോടുന്നു.

“എന്നെ ലൂസിയുടെ അടുത്ത് കൊണ്ട് പോകുമോ, ഞാൻ വരാം”.

വത്സലക്കു പിടിച്ചു നടക്കാൻ ഞാനെന്റെ കൈകൾ നീട്ടിക്കൊടുത്തു.  അവർ വേറൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവരുടെ ശ്വസോച്ഛാസങ്ങളിൽ ലൂസീ, ലൂസീ എന്ന് മാത്രം പറയുന്നത് ഞാൻ കേട്ടു.

പതുക്കെ അവരെ കാറിനുള്ളിലേക്കു കയറ്റി.

“സാർ, റൂം റെഡി അല്ലെ, ഞാൻ പ്രൊഫെസ്സർ സലാം സാറിനോടും ജാനകി ഡോക്ടറോടും ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞിട്ടുണ്ട്”.

“മ്”, ക്രിസ്റ്റഫർ സാർ ഒന്ന് മൂളി. “വലിയ പ്രതീക്ഷയൊന്നും വേണ്ട.  സത്യത്തിൽ വത്സല എന്നോ മരിച്ചതാണ്. പിന്നെ ഈ ശരീരം മാത്രമേ ഇനി  ചികിൽസിക്കാൻ ബാക്കിയുള്ളു.  ഇവരുടെ മനസ്സ് മുഴുവൻ ദ്രവിച്ചു കഴിഞ്ഞെടോ.  നമുക്ക് ശ്രമിക്കാം.”

വത്സലയുടെ ഒതുക്കി കെട്ടിയ മുടി കാറ്റിൽ ചലിക്കുന്നുണ്ടായിരുന്നില്ല. തുളസിക്കതിർ ഇപ്പോഴും വാടാതെ നിൽക്കുന്നുണ്ട്. നെറ്റിയിലെ ചന്ദനക്കുറി അടർന്നു വീണിരുന്നില്ല. ചുളിവ് വീഴാത്ത നേര്യതിന്റെ പുറത്തു കൂടി തൂക്കിയിട്ടിരുന്ന ബാഗ് ശരീരത്തോട് ചേർത്ത് പിടിച്ചിരുന്നു.

വഴിയോരക്കാഴ്ചകളിലേക്കു അവരുടെ കണ്ണുകൾ പ്രിയപ്പെട്ടവനായി പരതി. കണ്ണുകൾ കഴച്ചപ്പോൾ എന്റെ കൈ പിടിച്ചു വത്സല പതുക്കെ പറഞ്ഞു.

“ലൂസിയെ കണ്ടു കഴിഞ്ഞാൽ മോൻ ഞങ്ങളെ  തിരിച്ചു ആ കടപ്പുറത്തു കൊണ്ടു വിടാൻ മറക്കരുത്.   ലൂസിയുടെ പ്രിയപ്പെട്ട ഇടം അതാണ്.”

പാതിയടഞ്ഞ വത്സലയുടെ മിഴികൾ ഒരു സംഗമത്തിനായി കൊതിക്കുന്നത് പോലെ തോന്നിച്ചു.

സുധേഷ്‌ ചിത്തിര

4.7/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!