Skip to content

രണ്ടാം ജന്മം – 18

randam janmam

ഇച്ഛനെ മുറുകെ പിടിച്ചു ഞാനും പൊട്ടി കരഞ്ഞു പോയി..

മുറിയാകെ ഞങ്ങളുടെ തേങ്ങൽ ശബ്ദം അലയടിച്ചു..

പരസ്പരം ആശ്വസിപ്പിക്കാൻ കഴിയാതെ ഞങ്ങൾ കരഞ്ഞു തളർന്നു..

ഇത്രത്തോളം ക്രൂരനാണോ ദൈവമേ നീ..

ഞങ്ങളുടെ സന്തോഷം തല്ലി കെടുത്തി അച്ഛനെ ഞങ്ങളിൽ നിന്ന് തട്ടി പറിച്ചു നീ എന്ത് നേടി..

ആ അച്ഛന്റെ സ്നേഹവും വാത്സല്യവും അനുഭവിച്ചെനിക്ക് കൊതി തീർന്നില്ല

അതിന് മുൻപ് തന്നെ നീയത് ഇല്ലാതാക്കിയില്ലേ….

ഹിമയുടെ മനസ്സ് പിടയുകയായിരുന്നു..

ഒരു നിമിഷം ദൈവത്തെ പോലും ശപിക്കാൻ  അവൾക്ക് തോന്നി പോയി..

രാത്രിക്ക് വല്ലാത്ത മൂകത ആയിരുന്നു..

ഒരുപക്ഷേ രാത്രിയും നിശബ്ദമായി ഞങ്ങൾക്കൊപ്പം

തേങ്ങുകയായിരിക്കണം..

അച്ഛന്റെ ഓർമ്മകൾ ഓരോന്നും നെഞ്ച് പൊള്ളിച്ചു കൊണ്ടിരുന്നു..

ആ പുഞ്ചിരിക്കുന്ന മുഖം കണ്മുന്നിൽ തെളിഞ്ഞു നിന്നു..

അച്ഛൻ അവസാനമായി എന്നോട് പറഞ്ഞ വാക്കുകൾ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ട് കൊണ്ടിരുന്നു..

കരഞ്ഞു കരഞ്ഞു കണ്ണീർ പോലും വറ്റി പോയി..

ഒരുവിധം എങ്ങനെയോ നേരം വെളുപ്പിച്ചു..

ഞാൻ ഇച്ഛനെ നോക്കി..

ആ കിടപ്പ് കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല..

അച്ഛന്റെ ഫോട്ടോയും നെഞ്ചോട് അടക്കി പിടിച്ചു നിശബ്ദമായി തേങ്ങുന്ന ആ മനസ്സെനിക്ക് കാണാൻ കഴിഞ്ഞു..

പാവം ആകെ തകർന്ന് പോയി..

ഇച്ഛന്റെ നെറുകിൽ തഴുകി കൊണ്ട് ഞാൻ പതിയെ എഴുന്നേറ്റു ബാത്‌റൂമിൽ പോയി വന്നു നേരെ അമ്മക്ക് അരുകിലേക്ക് ചെന്നു….

അമ്മ കരഞ്ഞു തളർന്നു ബെഡിൽ ഒരേ കിടപ്പ് തന്നെയാണ്..

എന്നെ കണ്ടതും അമ്മ വിങ്ങി പൊട്ടി..

അത് കണ്ടു അറിയാതെ ഞാനും പൊട്ടി കരഞ്ഞു പോയി..

എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ അമ്മയെ കെട്ടിപിടിച്ചു..

“”ഹാ നിങ്ങൾ ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നാൽ മരിച്ചയാൾ തിരിച്ചു വരുമോ..

മോളെ നീ വേണം ഇവർക്കൊക്കെ ധൈര്യം കൊടുക്കാൻ ആ നീയും ഇങ്ങനെ തുടങ്ങല്ലേ..

എന്നും പറഞ്ഞു കൊണ്ടു അമ്മയുടെ അനിയത്തി മേരി കാപ്പിയുമായി മുറിയിലേക്ക് കേറി വന്നു..

“””ചേച്ചി ദേ ഈ കാപ്പി കുടിച്ചേ..  ഒന്നും കഴിക്കാതെയും കുടിക്കാതെയും ഇരുന്നിനി  ഓരോന്ന് വരുത്തി വെക്കല്ലേ..

എന്നും പറഞ്ഞവർ കാപ്പി നീട്ടുമ്പോൾ ഞാൻ അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തി ആ കാപ്പി വാങ്ങി അമ്മക്ക് കൊടുത്തു..

കപ്പ്‌ ചുണ്ടോടു അടുപ്പിച്ചു ഒരൽപ്പം കാപ്പി കുടിച്ചിറക്കിയ  ശേഷം മതി എന്നും പറഞ്ഞു അമ്മ എന്റെ നേർക്ക് കാപ്പി നീട്ടി..

“”പറ്റില്ല.. അമ്മ ഇത് മുഴുവൻ കുടിക്കണം..

ഞങ്ങൾക്കിപ്പോൾ അമ്മയല്ലേ ഒള്ളൂ.. അമ്മ ഇങ്ങനെ കഴിക്കാതെയും കുടിക്കാതെയും ഇരുന്നു വല്ലതും വരുത്തി വെച്ചാൽ പിന്നെ ഞങ്ങൾക്ക് ആരാ അമ്മേ ഉള്ളത്..

എന്ന് പറഞ്ഞു കൊണ്ടു ഞാൻ അമ്മയെ കൊണ്ടു ഒരുവിധം കാപ്പി മുഴുവൻ കുടിപ്പിച്ചു.. രണ്ടു കഷ്ണം ബ്രെഡും കൊടുത്തു ..

അമ്മ കഴിച്ചു കഴിഞ്ഞതും ഞാൻ എഴുന്നേറ്റു അടുക്കളയിലേക്ക് ചെന്നു..

അടുക്കളപ്പുറത്തു നിൽക്കുമ്പോൾ എന്റെ മിഴികൾ പുറത്തെ പറമ്പിലേക്ക് നീണ്ട് പോയി..

പറമ്പിലെ കൃഷിയും മറ്റും നോക്കി മുണ്ടും മടക്കി കുത്തി തലയിൽ ഒരു കെട്ടും കെട്ടി നടന്നു വരുന്ന അച്ഛന്റെ മുഖം എന്റെ മനസ്സിലേക്ക് കടന്നു വന്നു..

എന്റെ നെഞ്ച് നീറി പിടഞ്ഞു.. മിഴികൾ നിറഞ്ഞൊഴുകി..

മോളെ എന്നുള്ള അച്ഛന്റെ വിളി എന്റെ കാതുകളിൽ മുഴങ്ങി നിന്നു..

വിങ്ങി പൊട്ടി കൊണ്ട് ഞാൻ കട്ടിള പടിയിലേക്ക് ചാരി നിന്നു..

പെട്ടെന്ന് മോളെ എന്നും വിളിച്ചൊരു കൈ എന്റെ തോളിൽ വന്നു  പതിച്ചു..

അമ്മയുടെ അനിയത്തി ആയിരുന്നു..

“”മോളെ എനിക്ക് മനസ്സിലാവും നിന്റെ വിഷമം.. എന്നാലും ഇപ്പോൾ നീ വേണം ഇവർക്കൊക്കെ ധൈര്യം കൊടുക്കാൻ..

അമ്മയെ ഒക്കെ പഴയത് പോലെ ആക്കി എടുക്കേണ്ടത് നിന്റെ ചുമതലയാണ്..

ഞാൻ നാളെ പോവും എനിക്ക് ആണെങ്കിൽ നാളെ പോവാതെ ഇരിക്കാനും പറ്റില്ല….

അതുകൊണ്ട് ഇനി എല്ലാ കാര്യവും നീ വേണം നോക്കാൻ….

ഈ വീട്ടിലെ മൂത്ത മരുകളാണ് നീ.. ആ നീ വേണം ഇവിടെ ഉള്ളവരെ പഴയത് പോലെ ആക്കി എടുക്കേണ്ടത്….

എന്നും പറഞ്ഞു അവർ ഹിമയുടെ മുടിയിൽ തഴുകി..

അവളവരെ കെട്ടിപിടിച്ചു വിങ്ങി പൊട്ടി..

അവർ പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടു അവളെ ആശ്വസിപ്പിച്ചു..

പോവും മുൻപ് ഡേവിഡിനെയും ഡെന്നിസിനെയും ഒക്കെ സ്നേഹത്തോടെ അവർ ശാസിച്ചു..

നിർബന്ധിച്ചു എല്ലാവരെയും കൊണ്ടു ഭക്ഷണവും ഒക്കെ കഴിപ്പിച്ചു..

ഒരമ്മയുടെ ഉത്തരവാദിത്തത്തോടെ അവർ പെരുമാറി..

പിറ്റേന്ന് നേരം പുലർന്നവർ ഞങ്ങളോട് യാത്ര പറഞ്ഞു പടിയിറങ്ങിയതോടെ വീട് വീണ്ടും നിശബ്ദതയിലേക്ക് വഴുതി വീണു..

പരസ്പരം ആരും കൂടുതൽ ഒന്നും മിണ്ടാതെ വീടാകെ ഉറങ്ങിയത് പോലെ ആയി….

വീടിന്റെ മുക്കിലും മൂലയിലും പോലും അച്ഛന്റെ സാന്നിധ്യം നിറഞ്ഞ് നിൽക്കുന്നത് പോലെ എല്ലാവർക്കും തോന്നി..

ഹരിയേട്ടനും ദേവേട്ടത്തിയും ഇടക്ക് വന്നു കുറെ ഉപദേശവും ഒക്കെ നൽകി പോയി..

ദിവസങ്ങൾ മുന്നോട്ട് പോവും തോറും കാര്യങ്ങൾ കൂടുതൽ വഷളായി തുടങ്ങി..

ഇച്ഛനെ നഷ്ടപ്പെടുമോ എന്നു പോലും എനിക്ക് തോന്നിപ്പോയി..

നേരെ ചൊവ്വേ ഭക്ഷണം പോലും കഴിക്കാതെ ഒന്നും മിണ്ടാതെ മൗനം പാലിച്ചു എപ്പോഴും റൂമിൽ ഒരേ ഇരുപ്പാണ്..

രാത്രി ഉറക്കം പോലുമില്ല….

എന്റെ മനസ്സിൽ ഭയം പിടിമുറുക്കി..

എല്ലാവരെയും പഴയപോലെ ആക്കി എടുക്കണം.. അതിന് ഞാൻ തന്നെ മുന്നിട്ടിറങ്ങണം എന്നെനിക്ക് തോന്നി..

പക്ഷേ എന്ത് ചെയ്യണം എന്നറിയാതെ എന്റെ മനസ്സ് കുഴങ്ങി..

അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ ചെന്ന് നിന്ന്  കണ്ണീരോടെ ഞാനെന്റെ  സങ്കടങ്ങൾ ഓരോന്ന് പറഞ്ഞു കണ്ണടച്ചതും ആരോ എന്റെ നെറുകിൽ തൊട്ടനുഗ്രഹിക്കും പോലെനിക്ക് തോന്നി..

പെട്ടെന്ന് ഞെട്ടലോടെ ഞാൻ കണ്ണ് തുറന്നു ചുറ്റും നോക്കി….

അവിടെങ്ങും ആരെയും കണ്ടില്ല….

സംബ്രാണി തിരികളുടെ ഗന്ധം അവിടാകെ നിറഞ്ഞു..

അറിയാതെന്റെ കണ്ണുകൾ ഭിത്തിയിൽ തൂങ്ങുന്ന അച്ഛന്റെ പുഞ്ചിരിക്കുന്ന ഫോട്ടോയിൽ പതിഞ്ഞു..

ഞാനുണ്ട് മോളെ നിന്റെ കൂടെയെന്ന് അച്ഛൻ പറയുന്നത് പോലെനിക്ക് തോന്നി..

ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു.. അമ്മ ഒരേ കിടപ്പായതു കൊണ്ടു തന്നെ അടുക്കളയുടെ ഭരണം ഞാൻ ഏറ്റെടുത്തു….

എന്നെ സഹായിക്കാനായി അന്നയും കൂടെ കൂടിയതോടെ ജോലി എളുപ്പമായി..

രാവിലെ അമ്മക്ക് കാപ്പിയും കൊടുത്തു ഭക്ഷണവും തയ്യാറാക്കി വെച്ച്..

ഞാൻ റൂമിലെത്തി ഇച്ഛനും കാപ്പി കൊടുത്തു..

“”എന്താ ഇച്ഛന്റെ ഉദ്ദേശം.. കരഞ്ഞു തളർന്ന്  ഈ റൂമിൽ തന്നെ കഴിച്ചു കൂട്ടാനാണോ ഭാവം..

ഇച്ഛൻ ഇങ്ങനെ തുടങ്ങിയാൽ പിന്നെ ഞങ്ങളുടെ ഒക്കെ അവസ്ഥ എന്താവുമെന്ന് ഓർത്തു നോക്കിയോ..

അതുകൊണ്ട് എഴുന്നേറ്റു പല്ല് തേച്ച് കുളിച്ചേച്ചും വാ.. ഞാൻ കഴിക്കാൻ എടുക്കാം….

കഴിച്ചിട്ട് ഓഫീസിൽ ഒക്കെ ഒന്നു.പോവാൻ നോക്ക്..

ഈ മനസ്സൊക്കെ ഒന്നു ശെരിയാവട്ടെ..

“”എന്നെകൊണ്ട് ഒന്നിനും പറ്റില്ലടി.. ധൈര്യമൊക്കെ ചോർന്നു പോയത് പോലെ..

ഇച്ഛൻ കരഞ്ഞു കൊണ്ട് പറഞ്ഞു..

“”ഇച്ഛാ.. എനിക്ക് മനസ്സിലാവും ഇച്ഛന്റെ അവസ്ഥ.. പക്ഷേ ഇച്ഛൻ അമ്മയെയും ഡെന്നിസിനെയും കുറിച്ച് ഓർത്ത് നോക്ക്..

അവരും കരഞ്ഞു തളർന്നു ഒരേ കിടപ്പാണ്….

ഇച്ഛൻ വേണ്ടേ അവരെ ആശ്വസിപ്പിക്കാൻ….

ഞാൻ പറയുന്നത് കേൾക്ക് ഇച്ഛാ.. എഴുന്നേറ്റു വാ..

എന്നും പറഞ്ഞു ഹിമ ഡേവിഡിനെ പിടിച്ച് എഴുന്നേൽപ്പിച്ചു..

മനസ്സില്ല മനസ്സോടെ ആണെങ്കിലും ഹിമ പറയുന്നത് ശെരിയാണെന്ന് അവനും തോന്നി….

ഡേവിഡ് കുളിച്ചു റെഡിയായി താഴേക്ക് വന്നു..

അമ്മയെയും ഡെന്നിസിനെയും ഒക്കെ വിളിച്ചിരുത്തി ഭക്ഷണവും ഒക്കെ കഴിച്ചു ഓഫീസിൽ പോവാൻ തയ്യാറായി..

ദിവസങ്ങൾ കഴിയും തോറും അച്ഛൻ ഇനി കൂടെ ഉണ്ടാവില്ല എന്ന സത്യം അംഗീകരിച്ചു കൊണ്ടു പഴയ ജീവിതത്തിലേക്ക് ഞങ്ങൾ ഓരോരുത്തരും തിരിച്ചു വന്നു തുടങ്ങി….

അച്ഛന്റെ മരണത്തോട് അനുബന്ധിച്ചു നാൽപ്പത്തൊന്നാം നാൾ ആചാര പ്രകാരമുള്ള പ്രാത്ഥന ചടങ്ങ്  ബന്ധുക്കളെ ഒക്കെ വിളിച്ചു കൂട്ടി നടത്തി..

അച്ഛന്റെ കല്ലറയിൽ പോയി പ്രാത്ഥിക്കുകയും ചെയ്തു..

കുഞ്ഞു കുഞ്ഞു തമാശകളും ചിരികളുമായി ചെത്തിമറ്റം തറവാട് വീണ്ടും സന്തോഷത്തിന്റെ പാതയിലേക്ക് തിരിച്ചു വന്നെങ്കിലും അച്ഛന്റെ വേർപാട് നൽകിയ മുറിപ്പാട് ഉണങ്ങാത്ത മുറിവായി എല്ലാവരുടെയും ഉള്ളിൽ എവിടെ ഒക്കെയോ അവശേഷിച്ചു…..

“”ഇച്ഛാ നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ..?

ഡേവിഡിന്റെ മാറിൽ മുഖം പൂഴ്ത്തി കൊണ്ടു ഹിമ ചോദിച്ചു..

“”മ്മ്മം..നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആവുന്നു അല്ലേ..

“”അതേ..എന്ത് പെട്ടെന്നാണ് ഒരു വർഷം ആയത് അല്ലേ….

ഇപ്പോൾ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു..

ഒരിക്കൽ പോലും നിങ്ങളെ സ്നേഹിക്കാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചതല്ല പക്ഷേ ഇന്നിപ്പോൾ നിങ്ങളില്ലാതെ എനിക്കൊരു നിമിഷം പോലും പറ്റില്ലെന്നായി..

അത്ര ഇഷ്ടാ എനിക്കിച്ഛനെ….

ഒരിക്കലും എന്നെ ഇട്ടേച്ചു പോവല്ലേ ഇച്ഛാ..

“”അയ്യേ എന്താടി ഇത് കൊച്ചു കുട്ടികളെ പോലെ….

നിന്നെ വിട്ട് ഞാൻ എവിടെ പോവാനാണ്..

എനിക്കും നീ ഇല്ലാതെ പറ്റില്ലെന്ന് അറിഞ്ഞൂടെ….

പിന്നെ നമ്മുടെ വിവാഹ വാർഷികം ഒരാഘോഷമായി നടത്തണം എന്നൊക്ക വിചാരിച്ചിരുന്നതാണ് ..

പക്ഷേ..

അവൻ വാക്കുകൾ പൂർത്തിയാക്കിയില്ല..

“”എനിക്ക് അറിയാം ഇച്ഛാ.. ഒരാഘോഷവും വേണ്ട നമുക്ക്..

എനിക്ക് ഇച്ഛന്റെ ഈ സ്നേഹം മാത്രം മതി..

എന്നും പറഞ്ഞവളവന്റെ നെറ്റിയിൽ ചുംബിച്ചു..

അവന്റെ കരങ്ങൾ മെല്ലെ അവളെ വരിഞ്ഞു മുറുക്കി..

ചെറിയൊരു പുഞ്ചിരിയോടെ അവൻ അവളുടെ സീമന്ത രേഖയിൽ ചുംബനം കൊണ്ടു പൊതിഞ്ഞു..

പ്രണയാർദ്രമായ പരസ്പരം കെട്ടിപ്പുണർന്നവർ കിടന്നു..

പതിയെ പതിയെ ഉറക്കം അവരെ കീഴ്പ്പെടുത്തി…..

“””ഇച്ഛാ എഴുന്നേൽക്ക്.. ഇന്ന് ഓഫീസിൽ പോണില്ലേ..

രാവിലെ മൂടി പുതച്ചുറങ്ങുന്ന ഡേവിഡിനെ തട്ടി വിളിച്ചു കൊണ്ടു ഹിമ ചോദിച്ചു..

“”ഇല്ലെടി.. പോണില്ല.. ഇന്ന് നമ്മുടെ വെഡിങ് ആനുവേഴ്സറി അല്ലേ.. അതുകൊണ്ട് പള്ളിയിൽ ഒക്കെ ഒന്ന് പോയി.. പുറത്തൊക്കെ ഒന്ന് കറങ്ങി വരാം..

എഴുന്നേറ്റിരുന്നു അവളുടെ കൈയിൽ നിന്നും കാപ്പി വാങ്ങി കൊണ്ടവൻ പറഞ്ഞു..

“”ഹേ അതൊന്നും വേണ്ട ഇച്ഛാ..

“”വേണം..നീ ഒരുങ്ങെടി പെണ്ണേ.. ഞാനും പെട്ടെന്ന് റെഡിയായി വരാം..

ഒരുപാട് നാളായില്ലേ നമ്മൾ ഒരുമിച്ചു ഒന്ന് പുറത്തൊക്കെ പോയിട്ട്..

മാത്രമല്ല ഇവിടുത്തെ വീർപ്പു മുട്ടലിൽ നിന്ന് എനിക്ക് കുറച്ചു ആശ്വാസവും കിട്ടും..

ഇച്ഛൻ അത് പറയുമ്പോൾ ശെരിയാണെന്ന് എനിക്കും തോന്നി..

പുറമെ ചിരിക്കുന്നുണ്ടെങ്കിലും അച്ഛന്റെ മരണം ഉണ്ടാക്കിയ ഷോക്ക് പൂർണ്ണമായും ഇച്ഛനെ വിട്ടു മാറിയിട്ടില്ല എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..

ഇങ്ങനെ ഒരു യാത്ര കൊണ്ടു ഇച്ഛന്റെ മനസ്സ് കൂൾ ആവുമെങ്കിൽ അത് നല്ലതാണ് എന്നെന്റെ മനസ്സ് പറഞ്ഞു..

അങ്ങനെ അമ്മയോടും ഡെന്നിസിനോടും അന്നയോടും ഒപ്പം ഇരുന്നു രാവിലത്തെ ഭക്ഷണവും കഴിച്ചു ഞങ്ങൾ ഒരുങ്ങി അവിടെ നിന്നും ഇറങ്ങി….

ആദ്യം പള്ളിയിലേക്ക് ആണ് പോയത്..

പള്ളിയിൽ എത്തി കർത്താവിന്റെ തിരുസ്വരൂപത്തിന്റെ മുന്നിൽ നിന്ന് പ്രാത്ഥിക്കുമ്പോൾ മനസ്സിനകത്തു വല്ലാത്തൊരു ആശ്വാസം നിറയുന്നതായി എനിക്ക് തോന്നി..

ഇച്ഛനെ നോക്കുമ്പോൾ ആ മിഴികൾ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു..

ഒരുപക്ഷേ അച്ഛന്റെ ഓർമ്മകൾ ഇച്ഛന്റെ മനസ്സിലേക്ക് കടന്നു വന്നിട്ടുണ്ടാവും..

പതിയെ ഞങ്ങൾ കുരിശും വരച്ചു പള്ളിക്ക് അകത്ത് നിന്നും ഇറങ്ങി പള്ളിക്ക് മുന്നിലെ മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരികളും കത്തിച്ചു വെച്ച് അവിടെ നിന്നും ഇറങ്ങി..

ഉച്ച ഭക്ഷണം ഒരു ഹോട്ടലിൽ നിന്നും കഴിച്ചു ഞങ്ങൾക്ക് എല്ലാവർക്കും ഓരോ ജോഡി ഡ്രസ്സ്‌ വീതം എടുത്തു ഞങ്ങൾ നേരെ ബീച്ചിലേക്ക് പോയി..

വൈകുന്നേരത്തോടെ ആണ് ബീച്ചിൽ എത്തിയത്..

പകലിന്റെ അവസാന തിരിവെട്ടവും തന്നിലേക്ക് ആവാഹിച്ചു കൊണ്ടു സൂര്യൻ അസ്‌തമിക്കാൻ ഒരുങ്ങുകയാണ്..

നീലാകാശത്ത് ചെഞ്ചുവപ്പിന്റെ ചായം പൂശി കൊണ്ട് പ്രകാശത്തിന്റെ രാജകുമാരൻ ചുവപ്പണിഞ്ഞു നിൽക്കുന്നു..

ഞാൻ ഇച്ഛന്റെ കൈയും പിടിച്ചു കടലിനടുത്തേക്ക് നടന്നു..

കാമുകിയെ ചുംബിച്ചു മതിവരാത്ത കാമുകനെ പോലെ കടൽ തിരകൾ കരയിലേക്ക് ഇടക്കിടെ ആഞ്ഞടിക്കുന്നു..

ഓരോ ചുംബനത്തിനൊടുവിലും അവൻ ശാന്തമായി തിരികെ പോവുന്നു..

പിന്നെയും തിരികെ വന്നു ചുംബിക്കുന്നു..

ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ ആവാതെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇത് തുടർന്നു കൊണ്ടേയിരിക്കുന്നു..

എത്ര മനോഹരമാണ് ഇവരുടെ പ്രണയമെന്ന് എനിക്ക് തോന്നി..

ഇവരെ പോലെന്നും ഇണപിരിയാത്ത കാമുകനും കാമുകിയുമാവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നെന്റെ മനസ്സ് മന്ത്രിച്ചു..

ഞാൻ ഇച്ഛനെ നോക്കി..

സന്ധ്യയെ പുൽകി കൊണ്ടു കടലിനടിത്തട്ടിലേക്ക് മറയാൻ തുടങ്ങുന്ന സൂര്യനെ നോക്കി നിൽപ്പാണ് ഇച്ഛൻ..

“”ഇച്ഛാ…..

പ്രണയാർദ്രമായി ഹിമ വിളിച്ചു..

അവളുടെ വിളി കേട്ടവനവളെ നോക്കി..

അവരുടെ മിഴികൾ തമ്മിൽ ഇടഞ്ഞു..

അവന്റെ മിഴികളിൽ പ്രണയം നിറഞ്ഞു തുളുമ്പി….

അത് തന്റെ ഹൃദയത്തിന്റെ ആഴപ്പരപ്പിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലവൾക്ക് തോന്നി..

ആകാശത്തിലെ ചുവപ്പ് രാശി മെല്ലെ അവളുടെ കവിളുകളിലും പടർന്നു..

സായാഹ്ന കാറ്റേറ്റ്  മുടിയിഴകൾ അനുസരണയില്ലാതെ അവളുടെ മുഖത്തേക്ക് വീണു..

അവനത് തന്റെ വിരലാൽ കോതി ഒതുക്കി അവളുടെ നെറുകയിൽ ചുംബിക്കുമ്പോൾ ആ ചുംബനത്തിൽ അലിഞ്ഞു ചേർന്നവൾ  അവനോട് പറ്റി ചേർന്ന് നിന്നു..

പെട്ടെന്ന് ആണ് ആരോ പിന്നിൽ നിന്നും ഹിമ എന്ന് വിളിച്ചത് കേട്ട് അവൾ തിരിഞ്ഞു നോക്കി..

അവളെ ചേർത്തു പിടിച്ചിരുന്ന ഡേവിഡിന്റെ കൈകൾ വിറയലോടെ അകന്നു മാറുന്നത് അവളറിഞ്ഞു….

ഡേവിഡിന്റെ മുഖത്ത് പരിഭ്രമം പടർന്നു..

ആ കണ്ണുകളിൽ ഭയം നിഴലിച്ചു..

അവന്റെ ഹൃദയമിടിപ്പിന്റെ താളം പതിയെ തെറ്റി തുടങ്ങിയിരുന്നു ….

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!