രണ്ടാം ജന്മം – 20

2014 Views

randam janmam

ഹിമ നടന്നു നീങ്ങുന്നത്  അമ്മയും ഡെന്നിസും അന്നയും നിറകണ്ണുകളോടെ നോക്കി നിന്നു..

കണ്ണുകളടച്ച് എല്ലാം നഷ്ടമായവനെ പോലെ ഡേവിഡ് സോഫയിൽ ചാരി  ഇരുന്നു..

അവന്റെ കവിളത്തടങ്ങളിലൂടെ മിഴിനീർ ചെറു ചാലു കീറി ഒഴുകി താഴേക്ക് ഇറ്റിറ്റു വീണു കൊണ്ടേയിരുന്നു..

ഹിമയുടെ വാക്കുകൾ ഓരോന്നും അവന്റെ നെഞ്ച് പിളർത്തിയിരുന്നു….

താൻ ഒരുപാട് സ്നേഹിച്ചിട്ടും ഇന്നവളുടെ മനസ്സിൽ തനിക്കൊരു ചതിയന്റെ വേഷമാണല്ലോ എന്നോർത്തപ്പോൾ അവന്റെ നെഞ്ച് നീറി പിടഞ്ഞു..

“”ചേട്ടാ.. എന്താ ചേട്ടാ ഉണ്ടായേ..

എന്തിനാ ചേട്ടത്തി ഇറങ്ങി പോയത്..

അകത്തേക്ക് കേറി വന്നുള്ള ഡെന്നിസിന്റ ചോദ്യം കേട്ട് ഡേവിഡ് കണ്ണ് തുറന്നു അവനെയൊന്നു നോക്കിയ ശേഷം തല താഴ്ത്തി ഇരുന്നു..

“”ചേട്ടാ.. കാര്യം പറ..

ചേട്ടനെന്ത് കൈയബദ്ധം പറ്റിയെന്നാണ് ചേട്ടത്തി പറഞ്ഞത്..

“”ചേട്ടനല്ല നിനക്ക് പറ്റിയ കൈയബദ്ധത്തെ കുറിച്ചാണ് അവൾ പറഞ്ഞത്..

ഡെന്നിസിന്റെ ചോദ്യത്തിന് മറുപടിയായി അമ്മ പറഞ്ഞു..

“”എനിക്കോ..

ഡെന്നിസ് ആശ്ചര്യത്തോടെ അമ്മയുടെ നേർക്ക് തിരിഞ്ഞു ചോദിച്ചു..

“”അമ്മേ….

ഡെന്നിസിനോട് ഒന്നും പറയരുത് എന്ന മട്ടിൽ ഡേവിഡ് മുഖമുയർത്തി അമ്മയെ തറപ്പിച്ചു നോക്കി കൊണ്ട് നീട്ടി വിളിച്ചു..

“”മതി മോനെ എല്ലാം മറച്ചു വെച്ചത്.. അവനും ഇതറിയട്ടെ..

അവനിത് അറിയുന്നത് തന്നെയാണ് നല്ലതെന്ന് എനിക്കും ഇപ്പോൾ തോന്നുന്നു….

അല്ലെങ്കിൽ തന്നെ ഇതെല്ലാം മൂടി വെച്ചിട്ട് ഇപ്പോൾ നീ എന്ത് നേടി….

നിന്റെ മനസ്സ് നീറി പിടയുന്നത് ഈ അമ്മക്ക് കാണാമെടാ..

എനിക്കതു കണ്ടു നിൽക്കാൻ കഴിയില്ല..

ഇവനെല്ലാം അറിയണം..

അമ്മയുടെ വാക്കുകൾ കേട്ട് ഡേവിഡ് വീണ്ടും മുഖം താഴ്ത്തി ഇരുന്നു..

“”അമ്മേ എന്താണെന്ന് വെച്ചാൽ തെളിച്ചു പറ.. എനിക്കെന്ത് കൈയബദ്ധം പറ്റിയെന്നാണ് അമ്മ ഈ പറയുന്നത്..

ആശ്ചര്യവും ഒരൽപ്പം പരിഭ്രമവും കലർന്നു  ഡെന്നിസ്‌ ചോദിച്ചു..

അമ്മയുടെ മറുപടിക്കായി അന്നയും ആകാംഷയോടെ നിന്നു..

“”ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങിപ്പോയ ഹിമ ആരാണെന്ന് നിനക്കറിയുമോ….

അന്ന് നിന്റെ വണ്ടിയിടിച്ചു മരിച്ച വിശാലിന്റെ ഭാര്യയായിരുന്നു….

അവളെയാണ് നീ ചേട്ടത്തി എന്നും വിളിച്ചു ഇത്രയും നാൾ നടന്നത്….

അമ്മയുടെ വാക്കുകൾ ഇടിത്തീ പോലെയാണ് ഡെന്നിസിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയത്..

അന്ന് നടന്ന ഓരോ സംഭവങ്ങളും അവന്റെ ഓർമ്മകളിലേക്ക് ഒരു നിമിഷം ഓടിയെത്തി..

പതറിയ മനസ്സോടെ അവൻ നിലത്തേക്ക് ഊർന്നിരുന്നു..

അമ്മയുടെ വാക്കുകൾ അന്നയിലും ഒരു ഞെട്ടലുണ്ടാക്കി..

കാരണം ഇങ്ങനെ ഒരു ആക്‌സിഡന്റ് ഉണ്ടായ കാര്യം സംസാരത്തിനിടയിൽ എന്നോ ഡെന്നിസ്‌ തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു..

പക്ഷേ അന്ന് മരിച്ചയാളുടെ ഭാര്യയായിരുന്നു ഹിമചേച്ചി എന്നൊരിക്കലും താൻ വിചാരിച്ചില്ല..

ഡേവിഡ് ഏട്ടൻ കെട്ടുന്ന പെണ്ണ് രണ്ടാം കെട്ടുകാരി ആണെന്ന് മാത്രമേ ഡെന്നിസിനും തനിക്കും അറിയാമായിരുന്നുള്ളു..

പക്ഷേ അതിന് പിന്നിൽ ഇങ്ങനെ ഒന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല..

അന്നയുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..

കുറച്ചു സമയത്തേക്ക് അവിടാകെ നിശബ്ദത പരന്നു..

ഡേവിഡ് സോഫയിൽ തല ചായ്ച്ചു കണ്ണടച്ച് തന്നെ ഇരുന്നു..

ഡെന്നിസിന്റെ മിഴികൾ ഈറനണിഞ്ഞു….

അത് കണ്ട് അമ്മയും അന്നയും കൂടി  ഡെന്നിസിന്റെ തോളിൽ കൈവച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

അവൻ മുഖം ഉയർത്തി ഡേവിഡിനെ നോക്കി…

പിന്നെ അവരുടെ കൈകൾ തട്ടി മാറ്റി ഡേവിഡിന്റെ കാൽക്കൽ ചെന്നിരുന്നു..

“”എന്തിനാ ചേട്ടാ ഇതെല്ലാം ഇത്രയും നാൾ എന്നിൽ നിന്ന് മറച്ചു വെച്ചത്….

എനിക്ക് വേണ്ടി എന്തിനാ എന്റെ ചേട്ടൻ ഇങ്ങനെ കിടന്നു വേദനിക്കുന്നത്….

എന്നും പറഞ്ഞു അവൻ ഡേവിഡിന്റെ കാലിൽ കെട്ടിപിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു..

ഡേവിഡ് പെട്ടെന്ന് കണ്ണ് തുറന്നു നേരെ ഇരുന്നു..

പതിയെ അവൻ തന്റെ കാലിൽ കെട്ടിപിടിച്ചു കരയുന്ന ഡെന്നിസിന്റെ മുഖം പിടിച്ചു ഉയർത്തി..

“”എന്താടാ ഇത് കൊച്ചു കുട്ടികളെ പോലെ..

ഇങ്ങനെ കരയല്ലേ..

നീ വിഷമിക്കുന്നത് കാണാൻ എനിക്കാവില്ലെടാ..

എന്നും പറഞ്ഞു ഡേവിഡ് ഡെന്നിസിന്റെ കണ്ണുനീർ തുടക്കാൻ തുടങ്ങിയതും ഡെന്നിസ് മുട്ട് കുത്തി നിന്നു കൊണ്ട് ഡേവിഡിനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു..

അതോടെ സകല നിയന്ത്രണവും വിട്ട് ഡേവിഡും പൊട്ടിക്കരഞ്ഞു പോയി..

കണ്ടു നിന്ന അമ്മയുടെയും അന്നയുടെയും മിഴികൾ ഈറനണിഞ്ഞു….

“”ചേട്ടാ.. എനിക്ക് മനസ്സിലാവും ചേട്ടന്റെ വിഷമം…

ഞാൻ പോയി ചേട്ടത്തിയോട് സംസാരിക്കാം..

കാലു പിടിച്ചു മാപ്പ് പറഞ്ഞിട്ടാണെങ്കിലും വേണ്ടില്ല  ചേട്ടത്തിയെ ഞാൻ തിരികെ കൊണ്ടു വന്നിരിക്കും..

ഡെന്നിസ്‌ തറപ്പിച്ചു പറഞ്ഞു..

“”വേണ്ട.. ആരും എങ്ങോട്ടും പോവണ്ട.. ഇതിൽ ആരും ഇടപെടാനും നിൽക്കേണ്ട….

അവള് പോട്ടെ….

അവൾക്കൊരിക്കലും എന്നെ മനസ്സിലാക്കാൻ പറ്റില്ല..

എന്നും പറഞ്ഞു ഡേവിഡ് അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്ക് പോയി..

——————————————————————-

നൊന്തുപിടയുന്ന മനസ്സുമായിട്ടാണ് ഹിമ വീട്ടിൽ എത്തിയത് ..

ഓട്ടോക്കാരന് കാശും കൊടുത്തവൾ പടികൾ കയറുമ്പോൾ ഹരിയും ദേവികയും ഉമ്മറത്തേക്ക് എത്തിയിരുന്നു..

“”എന്താ മോളെ ഈ രാത്രി നീ ഒറ്റക്ക് വന്നത്.. ഡേവിഡ് എന്തിയെ..?

അല്ല നിന്റെ മുഖമെന്താ വല്ലാതെയിരിക്കുന്നത്..

ഹിമയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടു കൊണ്ട് ഹരി പരിഭ്രമത്തോടെ ചോദിച്ചു..

ഹരിയുടെ ചോദ്യത്തിന് മുന്നിൽ പൊട്ടി കരഞ്ഞു കൊണ്ടവൾ അകത്തേക്ക് ഓടി മുറിയിൽ ചെന്ന് കേറി വാതിൽ അടച്ചു കുറ്റിയിട്ടു..

പതിയെ കട്ടിലിലേക്കു കമഴ്ന്നു കിടന്നവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി  കരഞ്ഞു കൊണ്ടിരുന്നു..

ഹരിയും ദേവികയും ഒന്നും മനസ്സിലാവാതെ പിന്നാലെ ചെന്ന് വാതിൽ മുട്ടി വിളിച്ചെങ്കിലും അവൾ വാതിൽ തുറന്നില്ല..

അതോടെ അവരുടെ പരിഭ്രമം ഇരട്ടിയായി..

പെട്ടെന്നാണ് ഹരിയുടെ ഫോൺ ബെല്ലടിച്ചത്..

ദേവിക ചെന്ന് കോൾ എടുത്തു..

ഡേവിഡിന്റെ കോൾ ആയിരുന്നു..

“”എന്താ ഡേവിഡേ പ്രശ്നം ഹിമ കരഞ്ഞു കൊണ്ടിപ്പോൾ ഇവിടെ വന്നു കേറിയതെ ഒള്ളൂ എന്ന് ദേവിക പറഞ്ഞതും അവൻ കോൾ കട്ട്‌ ആക്കി..

ഉടനെ ദേവിക അവനെ തിരികെ വിളിച്ചെങ്കിലും ഡേവിഡ് കോൾ എടുത്തില്ല….

എന്താണ് ഉണ്ടായതെന്ന് മനസ്സിലാവാതെ ഹരിയും ദേവികയും പരസ്പരം നോക്കി നിന്നു..

അപ്പോഴേക്കും ഡെന്നിസിന്റെ കോൾ അവരെ തേടിയെത്തി..

നടന്നതെല്ലാം അവനവരോട് പറഞ്ഞ ശേഷം കോൾ കട്ട്‌ ചെയ്തു പോയി..

ഹരി ഒരു തളർച്ചയോടെ ഹാളിൽ ഉള്ള കസേരയിൽ ഇരുന്നു..

ദേവികക്ക് കേട്ടതെല്ലാം പുതിയറിവായിരുന്നു..

“”ഹരിയേട്ടാ.. ഇതൊക്ക എന്താണ്.. ഞാൻ ഈ കേട്ടതൊക്ക സത്യമാണോ..?

“”അതേടി.. എല്ലാം സത്യമാണ്..

ഡെന്നിസ് ഓടിച്ച വണ്ടിയിടിച്ചാണ് അന്ന് വിശാൽ മരിച്ചത്….

ഒരു ഞെട്ടലോടെയാണ് ഹരിയുടെ വാക്കുകൾ ദേവിക കേട്ട് നിന്നത്..

“”പക്ഷേ അതൊരിക്കലും അവന്റെ കുഴപ്പം കൊണ്ടായിരുന്നില്ല.. മദ്യപിച്ചു ലക്ക് കെട്ട വിശാലാണ് ആ ആക്‌സിഡന്റ് വരുത്തി വെച്ചത് തന്നെ..

“”അല്ല ഹരിയേട്ടാ അപ്പോൾ നിങ്ങൾക്ക് ഇതെല്ലാം നേരത്തെ അറിയാമായിരുന്നോ..

“””മ്മ്മം.. ഞാൻ ഹോസ്പിറ്റലിൽ ചികിത്സക്കായി കിടന്നിരുന്ന സമയത്തു ഡേവിഡ് എന്നോടെല്ലാം വന്നു പറഞ്ഞിരുന്നു..

പിന്നെ ഇതൊരിക്കലും ഒരു പ്രായശ്ചിത്തമല്ലെന്നും   അവളെ അവനു ശെരിക്കും ഇഷ്ടമാണെന്നും എനിക്ക് ബോധ്യം വന്നത് കൊണ്ട് തന്നെയാണ് ഞാൻ അന്ന് അവരുടെ വിവാഹത്തിന് സമ്മതിച്ചത് ….

എല്ലാം കല്യാണത്തിന് മുൻപ് ഹിമയോട് തുറന്ന് പറയാമെന്നു ഡേവിഡ് എന്നോട് പറഞ്ഞപ്പോൾ ഞാനാണ് വേണ്ടെന്ന് പറഞ്ഞു തടഞ്ഞത്..

കാരണം അതറിഞ്ഞാൽ ആ പേരും പറഞ്ഞു അവൾ ഈ വിവാഹത്തിൽ നിന്നും ഒഴിഞ്ഞു മാറുമെന്നും നല്ലൊരു ജീവിതം അവൾക്ക് കിട്ടാതെ പോവുമെന്നും എനിക്ക് തോന്നി..

പക്ഷേ ഒടുവിൽ ഇപ്പോൾ..

വാക്കുകൾ പൂർത്തിയാക്കാതെ ഹരി പറഞ്ഞു നിർത്തി..

മുന്നിലെ വാതിലിനടുത്തു കരഞ്ഞു കൊണ്ട് എല്ലാം കേട്ട് നിന്ന ഹിമയെ അവൻ അപ്പോൾ കണ്ടിരുന്നു ..

“”അപ്പോൾ ഏട്ടനും അറിഞ്ഞോണ്ടായിരുന്നല്ലേ ഇതെല്ലാം..

എന്നും പറഞ്ഞവൾ ഹരിക്ക് നേരെ നടന്നു വന്നു..

“””മോളെ.. ഞാനെല്ലാം പറയാം.. നീ ഇവിടെ വന്നിരിക്ക്..

“”വേണ്ട.. ഞാനെല്ലാം കേട്ടു.. ഇനി ഇതിൽ കൂടുതൽ ഒന്നും ആരുമെന്നോട് പറയണ്ട….

എന്നാലും ഏട്ടാ..ഏട്ടനെങ്കിലും ഒരു വാക്കെന്നോട് പറയാമായിരുന്നു..

“”മോളെ നീ വിചാരിക്കും പോലൊന്നും അല്ല….

നിന്നോട് സാവകാശം എല്ലാം പറയണം എന്ന് കരുതി തന്നെയാണ് ഞാനിരുന്നത്….

അതുകൊണ്ടാണ് ഡേവിഡ്  നിന്നോടെല്ലാം തുറന്നു പറയാമെന്നു പറഞ്ഞിട്ടും ഞാൻ തടഞ്ഞത്..

മോളെ അവന്റെ ഭാഗത്ത്‌ ഒരു തെറ്റുമില്ല..

“”മതി നിർത്തേട്ടെ.. എല്ലാവരും കൂടി എന്നെ വിഡ്ഢിയാക്കുകയായിരുന്നു..

ഏട്ടനും അതിന് കൂട്ട് നിന്നില്ലേ ..

“”നീയെന്താടി ഇങ്ങനൊക്കെ പറയുന്നത്..

നിന്നെ ആര് വിഡ്ഢിയാക്കി എന്നാണ് ഈ പറയുന്നത്….

ഒന്നും മനഃപൂർവം അല്ലല്ലോ..

മാത്രമല്ല അങ്ങനെ ആണെങ്കിൽ തന്നെ അതിന്റെ പേരിൽ നിനക്ക് നഷ്ടം ഒന്നും സംഭവിച്ചില്ലല്ലോ..

നല്ലൊരു ജീവിതം തന്നെയല്ലേ നിനക്ക് കിട്ടിയത്..

ദേവിക ഇടക്ക് കേറി പറഞ്ഞു..

“”ഓ ഇപ്പോൾ കുറ്റം മുഴുവൻ എനിക്കായി അല്ലേ..

അല്ലെങ്കിലും പണ്ടേ അങ്ങനെ തന്നെ ആയിരുന്നല്ലോ..

എല്ലാവരെയും കണ്ണുമടച്ചു വിശ്വസിച്ചു പോയതാണ് ഞാൻ ചെയ്ത തെറ്റ് ..

“”മോളെ നീയെന്തൊക്കെയാണ് ഈ പറയുന്നത്….

ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..

ഹരി മേശയിൽ പിടിച്ചെഴുന്നേറ്റ് കൊണ്ട് പറഞ്ഞു..

“”വേണ്ട ഏട്ടാ..എനിക്ക് കേട്ടിടത്തോളം മതിയായി..

എന്നും പറഞ്ഞവൾ മുറിയിലേക്ക് പോയി വാതിൽ അടച്ചു കുറ്റിയിട്ടു..

ഹരിയും ദേവികയും ഓരോന്ന് പറഞ്ഞു വാതിൽ മുട്ടിയെങ്കിലും അവൾ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല..

നിരാശയോടെ അവർ ഹാളിൽ ചെന്നിരുന്നു..

ഡേവിഡ്  ആണെങ്കിൽ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയിരുന്നു..

എവിടെ നോക്കിയാലും ഹിമയുടെ പുഞ്ചിരിക്കുന്ന മുഖം മാത്രമാണ് അവൻ കാണാൻ കഴിയുന്നത്..

മുറിയിലാകെ അവളുടെ ഗന്ധം പോലും ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു..

ഫോൺ എടുത്തവൻ ഹിമയെ വിളിച്ചു നോക്കി..

അവൾ കോൾ എടുത്തില്ല ..

വീണ്ടും വീണ്ടുമവൻ വിളിച്ചതും അവൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു ..

അതോടെ കിടക്കയിൽ നിന്നെഴുന്നേറ്റ് അവൻ ടേബിളിന്റെ പുറത്ത് ഇരുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു കൊണ്ട് ടെറസ്സിൽ ചെന്ന് നിന്നു..

അവന്റെ മനസ്സിലേക്ക് ഹിമയുമൊത്തുള്ള ഓരോ നിമിഷങ്ങളും അവളവസാനമായി പറഞ്ഞ വാക്കുകളും ഓടിയെത്തി..

അവന്റെ നെഞ്ച് പിടഞ്ഞു മിഴികൾ നിറഞ്ഞൊഴുകി തുടങ്ങിയതും പാതിയെത്തിയ സിഗരറ്റവൻ താഴേക്ക് ഇട്ടു ചവിട്ടി ഞെരിച്ചു..

അപ്പോഴേക്കും തെളിഞ്ഞ നീലാകാശത്തെ കാർമേഘം വന്നു മൂടി തുടങ്ങി..

പുഞ്ചിരിച്ചു നിന്ന നക്ഷത്രങ്ങളും നിരാശയോടെ അതിനുള്ളിൽ ഒളിച്ചു..

തണുത്ത കാറ്റു വീശി..

അതിനു പിന്നാലെ മഴ അതിന്റെ സർവ്വശക്തിയോടെയും ആർത്തലച്ചു പെയ്തു തുടങ്ങി..

ആ മഴതുള്ളികളിൽ അവന്റെ കണ്ണീർ അലിഞ്ഞു ചേർന്നു..

മഴയുടെ സംഗീതത്തിൽ വിരഹം കലർന്നിരിക്കുന്നു….

നീറി പിടയുന്ന രണ്ടു മനസ്സുകളെ ഓർത്തവൾ അലമുറയിട്ട് തേങ്ങുകയാണ്..

അല്ലെങ്കിലും പ്രണയത്തെയും വിരഹത്തെയും മഴയോളം മനസ്സിലാക്കാൻ പ്രകൃതിയിലെ മറ്റെന്തിന് കഴിയും….

ആ രാത്രിമഴ മുഴുവൻ നനഞ്ഞവൻ നിശബ്ദമായി കരയുമ്പോൾ ഉറക്കമില്ലാതെ ആ രാത്രിയിൽ കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു ഹിമയും….

തന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഡേവിഡിനോടുള്ള സ്നേഹം അവളുടെ ഹൃദയത്തെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു..

————————————————————–

“”ഡി ചേട്ടന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് ആകെ പേടിയാവുന്നു….

ചേട്ടത്തി പോയതിൽ പിന്നെ മുറിയടച്ചു ഒരേ ഇരുപ്പല്ലേ..

ആരോടും മിണ്ടുന്നില്ല.. ഭക്ഷണം പോലും വേണ്ട

അച്ഛ മരിച്ചതിന്റെ ഷോക്ക് ഒന്ന് മാറി വന്നതേ ഒള്ളൂ അപ്പോഴേക്കും അടുത്തത്..

ഡെന്നിസ്‌ ബെഡ്‌റൂമിൽ ഇരുന്ന് കൊണ്ട് അന്നയോടായി പറഞ്ഞു കൊണ്ടിരുന്നു ….

“”സ്നേഹിക്കാൻ മാത്രം അറിയാവുന്ന പാവമാടി എന്റെ ചേട്ടൻ..

ആ ചേട്ടനിപ്പോൾ ഞാൻ കാരണം ..

വാക്കുകൾ പൂർത്തിയാക്കാതെ ഡെന്നിസ്‌ കരഞ്ഞു..

“”ഡെന്നിച്ചാ ഇങ്ങനെ കരയല്ലേ.. നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം..

അവനെ ആശ്വസിപ്പിക്കാൻ എന്നോണം അന്ന പറഞ്ഞു..

“”എന്ത് വഴി.. ചേട്ടത്തി പോയിട്ട് ഇപ്പോൾ രണ്ടു ദിവസമായി..

ഇതിനോട് ഇടക്ക് നമ്മൾ എത്രവട്ടം വിളിച്ചു..

ഒന്ന് ഫോൺ എടുക്കാൻ പോലും ചേട്ടത്തി കൂട്ടാക്കുന്നില്ല..

പിന്നെന്ത് ചെയ്യാനാണ്….

പോരാത്തതിന് ചേട്ടത്തി പോയതിൽ പിന്നെ അമ്മയുടെ അവസ്ഥയും നീ കണ്ടതല്ലേ..

എല്ലാത്തിനും കാരണം ഞാൻ ഒരൊറ്റ ഒരാൾ ആണെന്ന് ഓർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ലെടി..

എന്നും പറഞ്ഞവൻ വിങ്ങി പൊട്ടി കരഞ്ഞു..

“”ഹാ ഡെന്നിച്ചാ.. ഇങ്ങനെ കരയാതെ..  ഒന്നും മനഃപൂർവം ചെയ്തത് അല്ലല്ലോ..

അറിയാതെ സംഭവിച്ചു പോയതല്ലേ..

“”അതെ പക്ഷേ അതൊന്നും പറഞ്ഞാൽ ചേട്ടത്തിക്ക് മനസ്സിലാവില്ലല്ലോ..

“”മനസ്സിലാവും.. ഇല്ലെങ്കിൽ മനസ്സിലാക്കിക്കണം..

നമുക്കൊന്ന് നേരിട്ട് ചെന്ന് ചേച്ചിയെ കണ്ടു സംസാരിച്ചാലോ..

“”അത് വേണോ ചേട്ടൻ അറിഞ്ഞാൽ..

“”അറിയില്ല.. ഇനി അഥവാ അറിഞ്ഞാലും ഞാൻ ഡേവിയേട്ടനോട് കാര്യം പറഞ്ഞോളാം പോരെ ..

നമ്മൾ നേരിട്ട് ചെല്ലുന്നത് തന്നെയാണ് നല്ലത്..

ഇനിയും ഇങ്ങനെ നോക്കിയിരുന്നിട്ട് കാര്യമില്ല….

ചേച്ചി ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് ഇങ്ങനൊക്കെ പെരുമാറുന്നത് എന്നാണ് എനിക്ക് തോന്നുന്നത്..

പോരാത്തതിന് ചേച്ചിയിൽ നിന്നെല്ലാം മറച്ചു പിടിച്ചതിന്റെ ദേഷ്യവും കാണും..

നമ്മൾ നേരിട്ട് ചെന്ന് സംസാരിച്ചാൽ അത് മാറും എന്ന് തന്നെയാണ് എന്റെ വിശ്വാസം..

അന്നയതു പറയുമ്പോൾ ഡെന്നിസിന്റെ മുഖത്തും പ്രതീക്ഷയുടെ തിരി വെട്ടം തെളിഞ്ഞു വന്നു …..

പിറ്റേന്ന് രാവിലെ അമ്മയോട് കാര്യം പറഞ്ഞു ഡെന്നിസും അന്നയും കൂടി ഹിമയുടെ വീട്ടിലേക്ക് പുറപ്പെട്ടു..

ഉച്ചയോടു അടുത്ത് ഡെന്നിസും അന്നയും കൂടി അവിടെത്തുമ്പോൾ ഉമ്മറത്ത് ഹരിയും ദേവികയും ഇരുപ്പുണ്ടായിരുന്നു….

“”ഹരിയേട്ടാ.. ഞങ്ങൾ ചേട്ടത്തിയെ ഒന്ന് കാണാൻ വന്നതാണ്..

“”മ്മ്മം നിങ്ങൾ കേറിവാ.. അവൾ അകത്തുണ്ട്..

എന്നും പറഞ്ഞു ഹരിയും ദേവികയും അവരെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി..

“”എന്റെ മക്കളെ ഞങ്ങൾ അവളോട് പറഞ്ഞു മടുത്തു..

അവളൊന്നും കേൾക്കാൻ പോലും കൂട്ടാക്കാതെ മുറിയടച്ചു ഒരേ ഇരുപ്പാണ്….

പോവും വഴി ദേവിക അവരോടായി പറഞ്ഞു..

“”ഹിമേ.. ഡി വാതിൽ തുറക്ക്.. ദേ നിന്നെ കാണാൻ ഡെന്നിസും അന്നയും വന്നിട്ടുണ്ട് ..

ഹരി വാതിലിൽ മുട്ടി വിളിച്ചു കൊണ്ട് പറഞ്ഞു..

അത് കേട്ടതും ഹിമ വാതിൽ തുറന്നു വന്നു..

അവളുടെ മുഖം കരഞ്ഞു വാടി തളർന്നിരുന്നു..

കണ്ണുകളിൽ പഴയ തിളക്കമില്ല..

പുഞ്ചിരിച്ചു കണ്ട ചുണ്ടുകളിൽ വിഷാദം തളം കെട്ടി നിൽക്കുന്നു..

“”ചേട്ടത്തി.. എന്തിനാ ചേട്ടത്തി ഇങ്ങനൊക്കെ പെരുമാറുന്നത്..

ഇതിന് മാത്രം എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്..

അവിടെ അമ്മയും ചേട്ടനും എത്രത്തോളം വിഷമിക്കുന്നുണ്ടെന്ന് ചേട്ടത്തിക്ക് അറിയുമോ..

ഞാൻ വേണേൽ ചേട്ടത്തിയുടെ കാല്  പിടിക്കാം..

ദയവ് ചെയ്തു ചേട്ടത്തി തിരികെ വീട്ടിലേക്ക് വരണം..

മനഃപൂർവം അല്ല അന്ന് അങ്ങനൊക്ക സംഭവിച്ചു പോയി..

അതിന് ഇനി ചേട്ടത്തി പറയുന്ന എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ചെയ്യാൻ ഞാൻ തയ്യാറാണ് ..

എന്നും പറഞ്ഞു നിറമിഴികളോടെ ഡെന്നിസ്‌ അവളുടെ മുന്നിൽ കൈ കൂപ്പി നിന്നു….

അത് കേട്ടതും ഹിമ ഒന്നും മിണ്ടാതെ മുറിയിലേക്ക് കേറി വാതിൽ അടച്ചു..

“”ചേട്ടത്തി ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..

എനിക്ക് പറ്റിയ തെറ്റിന് ചേട്ടത്തി എന്തിനാണ് എന്റെ ചേട്ടനെ ഇങ്ങനെ വേദനിപ്പിക്കുന്നത്…..

ആ പാവം ചേട്ടത്തിയെ എത്ര സ്നേഹിക്കുന്നുണ്ടെന്ന് അറിയുമോ..

പ്ലീസ് ചേട്ടത്തി.. ചേട്ടത്തി വീട്ടിലേക്ക് വാ..

ഞാൻ വേണമെങ്കിൽ അവിടുന്നു പോയി തരാം..

നിങ്ങളുടെ  കണ്മുന്നിൽ പോലും ഞാൻ വരില്ല പോരെ..

എന്നും പറഞ്ഞു ഡെന്നിസ്‌ വാതിലിൽ മുട്ടി വിളിച്ചു കൊണ്ടിരുന്നു..

“”മതി ഡെന്നിച്ചാ.. ഇനിയും ആരുടേയും മുന്നിൽ ഡെന്നിച്ചൻ ഇങ്ങനെ താഴുന്നത് കണ്ടു നിൽക്കാൻ എനിക്കാവില്ല..

അതിന് മാത്രമുള്ള തെറ്റൊന്നും എന്റെ ഡെന്നിച്ചൻ ചെയ്തിട്ടില്ലല്ലോ….

അന്ന ഡെന്നിസിന്റെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു..

“”ചേച്ചി.. ഇത്ര വാശി പാടില്ല..

ഞങ്ങൾ എല്ലാവരും ചേച്ചിയെ സ്നേഹിച്ചിട്ടേ ഒള്ളൂ..

ഞാൻ ചേച്ചിയെ എന്റെ സ്വന്തം ചേച്ചിയെ പോലാണ് കണ്ടത്..

പക്ഷേ എനിക്കിപ്പോൾ ഒരു കാര്യം മനസ്സിലായി ചേച്ചിയുടെ മനസ്സിൽ ഞങ്ങൾക്കൊന്നും ഒരു വിലയും ഇല്ലെന്ന്..

പിന്നെ ചേച്ചി ഒന്നോർത്തോ ഡേവിയേട്ടനെ പോലെ ചേച്ചിയെ സ്നേഹിക്കാൻ ഒരാൾക്കും കഴിയില്ല..

അതെനിക്ക് മനസ്സിലായതാണ്….

ആ സ്നേഹമാണ് ചേച്ചി വേണ്ടെന്ന് വെച്ച് പോന്നത്….

ഡേവിയേട്ടൻ പറഞ്ഞത് തന്നെയാണ് ശെരിയെന്ന് എനിക്കിപ്പോൾ തോന്നുന്നു….

ചേച്ചി ഇനി ഇവിടെ സ്വന്തം ഇഷ്ടത്തിന് സുഖമായി കഴിഞ്ഞോളൂ അതിന് തടസ്സമായി ഒരിക്കലും ഡേവിയേട്ടൻ  വരില്ല….

അതിന് വേണ്ടി ഡിവോഴ്സ് തരാൻ പോലും ഏട്ടൻ ഒരുക്കമാണ്..

അത് പറയാനും കൂടിയാണ് ഞങ്ങൾ വന്നത്..

അതിന് മുൻപ് ചേച്ചിയോട് ഒന്നൂടി പറഞ്ഞു നോക്കിയെന്നെ ഒള്ളൂ….

അന്നയുടെ വാക്കുകൾ ഹിമയുടെ കാതുകളിൽ തുളച്ചു കേറി..

അവളുടെ ഹൃദയത്തിൽ അത് ആഴ്ന്നിറങ്ങി മുള്ളു പോലെ തറച്ചു കൊണ്ടു….

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

5/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply